ഷണ്ഡൻറെ അമർഷം

ആയിരത്തി തൊള്ളായിരത്തി ഏഴുപതുകളുടെ ഒടുവിൽ ഷണ്ഡൻറെ അമർഷം എന്ന എം. ടി. യുടെ പ്രയോഗത്തിൽ നിന്നു തന്നെ എം .ടി .എന്ന എഴുത്തുകാരനെ സംഗ്രഹിക്കുമ്പോൾ, മരുമക്കത്തായത്തിലെ അധികാര ബന്ധങ്ങൾക്കെതിരെയുള്ള അമർഷത്തിന്റെ പുകയും കരിയും വരികളിൽ അമർന്നു കിടന്നിരുന്നു . അധികാര ബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം . എല്ലാ സൗന്ദര്യശാസ്ത്ര രചനകളുടെയും പ്രമേയം രാഷ്ട്രീയമാണ് . സ്ത്രീ പുരുഷ അധികാര ബന്ധങ്ങളുടെ ആഖ്യാനത്തിലേക്കു രാഷ്ട്രീയം സാന്ദ്രീകകരിക്കുമ്പോൾ അത് ഉള്ളുലയ്ക്കുന്ന സൗന്ദര്യ തിക്താനുഭവമായിത്തീരുന്നു എം ടി. സ്ത്രീപുരുഷ ബന്ധങ്ങളുടെ ആഖ്യാനം നടത്താൻ തുടങ്ങുന്നതു മരുക്കത്തായത്തിൽ നമ്പൂതിരി സംബന്ധത്തിലൂടെ ശോഷിച്ചു നിൽക്കുന്ന ബഹുഭർതൃത്വത്തിന്റെ ശേഷ ക്രിയാ കാലത്താണ്‌. കൗമാരത്തിലെത്തുന്ന പുരുഷൻ, അച്ഛൻ ഒരു നിഴലായിത്തീരുന്നതും, അമ്മ കോട്ട പോലത്തെ ഒരു വീടായിത്തീരുന്നതും, ഒരു ആളോഹരിക്കു മാത്രം അവകാശമുള്ള കാരണവർ വ്യർത്ഥമായ അലർച്ചയായി തീരുന്നതും, ഇന്നു വേണമെങ്കിൽ ഇൻസെസ്റ് എന്ന് പറയാവുന്ന മുറപ്പെണ്ണ്, പ്രണയത്തിന്റെ മനോഹരമായ സാന്ത്വനമായിത്തീരുന്നതും തകരുന്ന തറവാടിന്റെ തിരു ശേഷിപ്പുകൾ എന്ന നിലയിലാണ് . ബഹു ഭർതൃത്വത്തെ അതിന്റെ ചരിത്രപൂർണ്ണതയിൽ ആഖ്യാനം ചെയ്‌യുമ്പോഴാണ് കല്യാണ സൗഗന്ധിക പ്രണയിയായ ഭീമൻ മറ്റു ഭർത്തൃമ്മന്യന്മാരിൽ നിന്നു വ്യതിരിക്തതതയാർജ്ജിക്കുന്നതു. ബഹു ഭാര്യാ- ഭർതൃ കാലത്തു തന്നെ ഒരു അജൻ പ്രണയമായി ചരിത്രത്തിൽ കാണപ്പെടുന്നുണ്ട്. ഭീമൻ വെറും രണ്ടാമൂഴക്കാരൻമാത്രമല്ല, പ്രണയി ആയിരുന്നിട്ടുകൂടി, പൊതു സദസ്സിൽ വച്ച് പ്രണയിനിയുടെ തുണി പറിച്ചെറിയുമ്പോൾ കർമ്മ സാക്ഷിയായി നിന്നു കൊടുക്കുന്നുണ്ട്. അവിടെ ഷണ്ഡൻറെ അമർഷം ചരിത്രമായിമാറുകയാണ്. അധികാര രാഷ്ട്രീയ ചതുരംഗപ്പലകയുടെ നീതിശാസ്ത്രത്തെ ഭേദിക്കുവാൻ കഴിയാത്തതു നിമിത്തം ഇണയോട് നീതി ചെയ്യാൻ കഴിയാത്ത പുരുഷന്റെ അവസ്ഥയാണ് ഷണ്ഡൻറെ അമർഷം . പ്രണയം ഇച്ഛയുടെ വൈകാരിക നിർമ്മിതിയാണ്.സ്ത്രീ നിരാസത്തിന്റെ ,ആത്മ ഷണ്ഡത്വ നയത്തിന്റെ -selfcastration-ബൃഹദാഖ്യാനമായ ഭീഷ്മർ തൊട്ടു എം .ടി.യുടെ സേതു വരെ ഷണ്ഡൻറെ അമർഷത്തിനുള്ള രാഷ്ട്രീയാഖ്യാനങ്ങളായിത്തീരുന്നു . കൈവന്നണയുന്ന സുഖഭോഗ പശ്ചാത്തലത്തിൽ സ്വന്തം ഇണയോടുള്ള നീതിയെ അപരാധിക്കുന്ന വിഷയാസക്തിയെ ആഘോഷമാക്കിത്തീർക്കുന്ന ധനകാര്യ കോയ്മയ്ക്കു , ഷണ്ഡൻറെ അമർഷം എന്ന തീവ്ര ചരിത്രാനുഭവത്തെ തമസ്കരിക്കാനാവില്ല. ഇണയോടുള്ള നീതി ഒരു ആത്മവഞ്ചനാ സൂക്തം മാത്രമോ എന്നതു, ധനകാര്യ കോയ്മയുടെ കോംപ്ളെക്സുകൾ ജീവിതത്തിൽ ആക്രമിച്ചു കയറുമ്പോൾ പ്രശ്നാത്മകമായിത്തീരുന്നു എന്ന് എം .ടി .സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിൽ ജൈവശാസ്ത്രപരമായ യാഥാർഥ്യം ഉണ്ട് . എം .ടി .വളരെ പാടു പെട്ട് ഒരു misogynist ആക്രമണകാരിയായി തീരാൻ ശ്രമിക്കുന്നതിനൊക്കെയും കാരണം ഷണ്ഡൻറെ പരാജയ ബോധമാണ്; ഒരു ഉണ്ണിയാർച്ചയോ കൃഷ്ണയോ ഹവ്വയോ ഒക്കെ അവസരവാദപരമായ വഞ്ചന നടത്തുന്നുവെന്ന് പരസ്യപ്പെടുത്തിക്കൊണ്ടു ഒരു സ്ത്രീ രോഷ സിദ്ധാന്തം സ്ഥാപിച്ചെടുക്കാൻ എം ടി. ക്കെന്നല്ല മിൽട്ടന് പോലും കഴിയുന്നില്ല. ഇച്ഛയുടെ കർതൃസ്ഥാനത്തു നില്ക്കാൻ പുരുഷന് എന്ന പോലെ സ്ത്രീക്ക് അവസരങ്ങൾ ലഭിക്കാത്തത്തിനു കാരണം അതാതു കാലത്തെ രാഷ്ട്രീയ ധർ മശാസ്ത്രമാണ്. നീ വാ നമുക്ക് ഒരു പായയിലു റങ്ങാം എന്ന് ചാത്തനോട് പറയുന്ന സാവിത്രിഎന്നതും പഴകിയ തരുവല്ലിയെയും പുഴയൊഴുകും വഴിയെയും മാറ്റിമറിക്കുന്ന സ്ത്രൈണമായ ഇച്ഛാ ശക്തി എന്നതും ക്ഷണികമായ ഒരു നവോത്ഥാന കല്പനയാണ് .എം . ടി ആ കല്പനയെ നീറ്റലോടെ പുറന്തള്ളിയിട്ടു നിർദ്ദയമായ യാഥാർഥ്യബോധത്തോടെ വ്യവസ്ഥയുടെ ദാസനും ഷണ്ഡനുമായ പുരുഷനിലേക്കു തിരിച്ചെത്തുന്നു. സ്ത്രീയും പുരുഷനും അവരുടേതായ ലൈംഗിക ഇച്ഛകൾ സ്വയം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന കാലം നമുക്ക് അന്യമായിരിക്കുന്നു. സ്ത്രീക്കും പുരുഷനും വേണ്ടി അവരുടേതെന്നു അവർ തെറ്റിദ്ധരിച്ചിരിക്കുന്ന ഇച്ഛകളെ നിർമിച്ചു കൊടുക്കുന്ന അധികാര ബന്ധവ്യവസ്ഥയാണ് നമ്മുടെ കാലത്തിന്റേതു; അത് കൊണ്ട് ഷണ്ഡൻറെ അമർഷം എന്ന സ്വയം വിമർശനം ഇപ്പോൾ കൂടുതൽ പ്രസക്തമായിത്തീരുംന്നു . ആണിന്റെയും പെണ്ണിന്റെയും തൊണ്ടയിൽ ആരോ ഇറക്കിവെച്ച് കൊടുത്ത ഇച്ഛകൾ സ്വയം വിഴുങ്ങണോ പുറത്തേക്കു തുപ്പണോ എന്നതാണ് ഈ നായ്ക്കളുടെ കാലത്തിന്റെ പ്രശ്നം ; സഹിക്കാനാവുന്നില്ല സഖാവെ ,വാതുറന്നു വേണ്ടിടത്തേക്കു തന്നെ വിമർശനം നടത്തിയാൽ പിന്നെ ബാക്കിയുണ്ടാവില്ല എന്ന് പറയുന്ന പാർട്ടി ഡെലിഗേറ്റിന്റെ തൊണ്ടയും ഷണ്ഡൻറെ അമർഷമാണ് . അതുകൊണ്ടു വിഷയാസക്തിയിൽ അഭയം പ്രാപിക്കുക എന്ന കാലത്തിന്റെ ന്യായം സഹിച്ചു – സച്ചിദാനന്ദമാകാൻ കഴിയാത്ത വർക്ക്‌ , എം ടി. യുടെ ഷണ്ഡൻറെ അമർഷം എന്ന സ്വയം കണ്ടെത്തൽ കൃത്യമായ രാഷ്ട്രീയ വിമർശനമാണ് അനുഭവപ്പെട്ടെന്നിരിക്കും

Leave a Reply

Your email address will not be published. Required fields are marked *