എഡിറ്റർ : എസ്. സുധീഷ്
പാഠം മാസികയിലൂടെ
പാഠം ഒന്നാം ലക്കം പത്രാധിപക്കുറിപ്പ്
എം.എൻ.വിജയൻ
പുരോഗമനകലാസാഹിത്യ സംഘം പാർട്ടിയോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക പദ്ധതിയാണ്. അത് എല്ലാവർക്കൂ മറിയാം. എല്ലാവർക്കുമറിയുന്നതു കൊണ്ട് നമുക്കും അറിയാം. ഇങ്ങനെ പാർട്ടിയുമായി ബന്ധപ്പെട്ടുനിൽക്കു ന്നതിനാലാണ് നാം ഭാവിസമുദായ ത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ പങ്കാളികളായിത്തീരുന്നത്. ചൂഷണമില്ലാത്ത മനുഷ്യസമുദായത്തെ കൊണ്ടുവരാനായി നടത്തുന്ന പ്രവർത്തനവും സിദ്ധാന്തവും തമ്മിൽ നിരന്തരം തൊട്ടുരുമ്മിപ്പോയേ പറ്റൂ. (നാം സൃഷ്ടിക്കുന്ന നവസമുദായം നാം ആഗ്രഹിക്കുന്നതുതന്നെ ആകുന്നതിന് അതാവശ്യമാണ്) നമ്മെ കാത്തുനിൽക്കാതെ നമ്മുടെ ശത്രുക്കളും പരിതഃസ്ഥിതിയും മാറുന്നു. നാം ശ്രദ്ധിക്കാതിരിക്കെ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നു. വനിതാ -ദലിത പ്രസ്ഥാനങ്ങൾ നമ്മെക്കൂടാതെ തന്നെ, നാം ശ്രദ്ധിക്കാതിരിക്കെ ഉയർന്നുവന്നു. ഇതു നമ്മുടെ വൈകിയെ ത്തലിന്റെ ഫലമാണ്. വൈകി ചെയ്യുക എന്നതിന് പിന്നാലേ നടക്കുക എന്നതാണ് അർത്ഥം. ആദിവാസിപ്രശ്‌നം ഏതോ ആളുകളുടെ പ്രശ്‌നമല്ല. സാധാരണ മനുഷ്യരുടെ പ്രശ്നമാണ്. മൂലയ്ക്കാക്കപ്പെട്ട മനുഷ്യനാണ് ആദിവാസി. നമ്മുടെ പൂർവ്വികർ ഈ മൂലയ്ക്കാക്കപ്പെട്ട മനുഷ്യരാണ് എന്നിരിക്കെ ഈ ആദിവാസി പ്രശ്നം ഇടങ്കൈ കൊണ്ടു ചെയ്യുന്ന ഒരു പ്രവർത്തനമായിക്കൂടാ. അതു നമ്മുടെ പ്രധാന പ്രവർത്തനമാകണം. വൈ കിയാൽ നാം പിന്നാലെ നടക്കേണ്ടി വരും. നാം പിന്നിൽ പെട്ടുകൂടാ. നമുക്ക് പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാ കേണ്ടതുണ്ട്. ഇച്ഛയുടെ കാവ്യരൂപമാണ് മുദ്രാവാക്യം. പഴയ മുദ്രാവാക്യങ്ങൾ ഉരുവിട്ടുനടക്കുന്നതിന്റെ അർത്ഥം നാം പുതിയതിനെ അറിയുന്നില്ല
എന്നു മാത്രമാണ്. നമുക്ക് ഇച്ഛയില്ല എന്നതാണ്. സാഹിത്യകാരന്മാർക്കു കലാകാരന്മാർക്കും, ഇച്ഛിക്കാതിരിക്കാനാവില്ല. ആദ്യം വേദനിക്കുകയും, ആദ്യം വിലപിക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാർ. പൂരോഗമന കലാസാഹിത്യസംഘം ഇങ്ങനെ ആദ്യം വേദനിക്കുകയും, ആദ്യം വിലപിക്കുകയും ചെയ്യുന്നവരുടെ സംഘടന യാണ്. കലാപ്രസ്ഥാനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ലോകത്തെ അറിഞ്ഞു കൊണ്ടിരിക്കുന്നു. അതു കലാകാരൻ നേരത്തെ വിളിച്ചു പറയുന്നു. പുതിയ സമുദായത്തിന്റെ സൃഷ്ടിക്കായി രാഷ്ട്രീയപ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യസംഘം അതുകൊണ്ട് എല്ലാ പണികളും ചെയ്യുക; നവലോകസഷ്ടിക്കായി എല്ലാ പണികളും ചെയ്യുക. നാം വലിയൊരു സ്വപ്നത്തിന്റെ കിങ്കരന്മാരാണ്. അധികാര സ്ഥാപനങ്ങളുടെ കിങ്കരന്മാരല്ല. ആശയും പ്രതീക്ഷയും, സ്വപ്നങ്ങളും നിർമ്മിച്ച് സാക്ഷാത്കരിക്കുകയാണ് നമ്മുടെ കർത്തവ്യം. അതറിയാത്തവർക്ക് അതിനായുള്ള സാഹിത്യ പ്രവർത്തനങ്ങൾ മോശമെന്ന് തോന്നാം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മോശമല്ല. എന്നാൽ പാട്ടുകൾ തെരഞ്ഞടുപ്പിന് മാത്രമുള്ളതല്ല. ഒരു പാട്ടും നേരിട്ട് ഒരു വോട്ടാവുന്നില്ല. ഓരോ പാട്ടും ഓരോ ഹൃദയത്തിലേക്ക് കടക്കുന്നു. അതു പരിവർത്ത നമായിത്തീരുന്നു. സാഹിത്യം ക്ഷിപ്രപ്രവർത്തനമല്ല.
ഓട്ടവീണ പൊൻപാത്രം ഓട്ട വീഴാത്ത മൺകലത്തേക്കാൾ മോശ മാണ്. സ്വർണ്ണം കൊണ്ടുണ്ടാക്കിയത് കലയാണെന്നും മണ്ണുകൊണ്ടുണ്ടാക്കിയത് കലയല്ലെന്നും വന്നിരിക്കുന്നു. അതു മാറണം. ഇങ്ങനെ വരുന്നത് ജീർണ്ണതയുടെ സ്വാഭാവിക നിയമമാണ്. ഈ അവസ്ഥയെ മുറിച്ചുകടക്കണം. മണ്ണു കൊണ്ടുണ്ടാക്കിയത് കലയാണ് എന്നു പറയാനു ള്ളതാണ് പുരോഗമന കലാസാഹിത്യ സംഘം. കാലമിങ്ങനെയാണ്, കാലോചിതരാവുക എന്ന് പറയുന്നത് തെറ്റാണ്. നാം കാലത്തെ അനുസരിക്കുന്നവരല്ല. കാലത്തിന്റെ ദാസന്മാരല്ല, കാലത്തെ നിർമ്മിക്കുന്നവരാണ്. നാം ഒഴുക്കിൽപെടുകയാണെങ്കിൽ കാലം നമ്മെ നിർമ്മിക്കുകയാണ് ചെയ്യുക. ഒഴുക്കിനൊപ്പം എന്നതിനർത്ഥം നാം പ്രവർത്തിക്കുന്നില്ല നാം ജീർണിക്കുന്നു എന്നും, ഒഴുക്കിനൊപ്പം പോകുമ്പോൾ നാം ഉറങ്ങുന്നു എന്നുമാണ്. ഉറങ്ങുമ്പോൾ നമ്മെ നരി പിടിക്കാം അതു നമ്മളറിയുകയുമില്ല. ഇങ്ങനെ ഉറക്കത്തിൽ നരി പിടിക്കുന്നതിൻ്റെ കാര്യമാണ് ‘പെണ്ണും പുലിയും’ എന്ന കവിതയിൽ പറയുന്നത്. ഉറങ്ങാതിരിക്കണമെങ്കിൽ, ഉണർന്നിരിക്കണമെങ്കിൽ നാം അദ്ധ്വാനിക്കണം. ശീലങ്ങൾ ആവർത്തിക്കുന്നതല്ല അദ്ധ്വാനം. ആവർത്തിക്കുന്ന ശീലങ്ങളെ പ്രവർത്തനമാണ് എന്ന് നാം തെറ്റിദ്ധരിക്കുകയാണ്. ശീലം മറ്റൊരാൾ നമ്മെ നിയന്ത്രിക്കുന്നതിന്റെ ഫലമാണ്. ശീലങ്ങളിൽനിന്ന് മുക്തരാവുക എന്നാൽ ഉണരുക. പ്രവർത്തിക്കുക എന്നർത്ഥമാണ്. തല കുമ്പിടുന്നത് നല്ല ശീലമാണെന്ന് പറയാറുണ്ട്. തല കുമ്പിടാനുള്ളതല്ല എന്ന് നാം അറിയണം. വള്ളത്തോൾ അതറിഞ്ഞിരുന്നു. വള്ളത്തോൾ ആരുടെ മുൻപിലും തല കുനിച്ചില്ല. തല കുമ്പിടാനുള്ളതാണ്. വലിയവരുടെ മുമ്പിൽ കുനിക്കാനുള്ളതാണ് എന്ന ശീലത്തെയാണ് വള്ളത്തോൾ ചോദ്യം ചെയ്തത്. വിദേശത്തുനിന്ന് വന്നത് നല്ലതാണ് എന്ന ശീലത്തെ ഗാന്ധിജി ഖദർ പ്രസ്ഥാനം വഴി മാറ്റുകയായിരുന്നു. ഇംഗ്ലണ്ടിലെ മില്ലിലെ മിനുസമുള്ള തുണിയെക്കാൾ മോശമാണ് പരുപരുപ്പുള്ള ഖദർ എന്നായിരുന്നു അന്നത്തെ പ്രചരണം. സാഹിത്യത്തിലും ഇങ്ങനെയുണ്ട്.
വിദേശത്തുനിന്നും വന്നതാണ് ഇവിടെയുള്ളതിനേക്കാൾ നല്ലത് എന്ന പ്രചരണം. ഇവിടെയുള്ളതു പരുപരു പ്പുള്ളതാണ് എന്ന പ്രചരണം. കാളിദാസൻ്റെ കലാരൂപങ്ങളേക്കാൾ ഒട്ടും മോശമല്ല ആദിവാസിയുടെ ആത്മപ്രകാശനമെന്ന് തിരിച്ചറിയാനുള്ള സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. ആദിവാസിയുടെ മൺപാത്രം ചക്രമുപയോഗിച്ചുള്ള കലത്തെപ്പോലെതന്നെ കലമാണ്. ആദിവാസി മണ്ണിൽ നിന്ന് കലമല്ലാ ത്തതെല്ലാം കൈകൊണ്ട് മാന്തിക്കളയുകയാണ്. അതിനു സമയമെടുക്കും. നഗരത്തിൽ നിന്നുള്ളവർ അവന്ന് ചക്രം കൊണ്ടുപോയിക്കൊടുത്തപ്പോൾ, ഇതു മുമ്പേ കിട്ടിയാൽ മുമ്പു തന്നെ നല്ലകലമുണ്ടാക്കാമായിരുന്നു എന്ന് അവൻ പറയുന്നു. ചക്രം കൊണ്ട് കലമുണ്ടാക്കുന്നവൻ കൈകൊണ്ടു കലമുണ്ടാക്കുന്നവനെക്കാൾ കേമനാണ് എന്ന പൊതു ബോധത്തി നൊതിരാണ് ആദിവാസിയുടെ ഈ യാഥാർത്ഥ്യബോധം. പൊതുബോധം ഇന്ന് യാഥാർത്ഥ്യ ബോധത്തെ തിരസ്ക്‌കരിക്കുന്നുണ്ട്. സംഘം വലുതാവുന്നതാണ് ശരി എന്ന ധാരണയിലാണ് നമ്മൾ. എന്നാൽ സംഘബലം എന്നത് സ്ഥൂലത കൊണ്ട് ലഭിക്കുന്നതല്ല. വല്ലാതെ തടിച്ചാൽ എല്ലാം താങ്ങിക്കൊണ്ട് നടക്കാൻ പ്രയാസമാകും. ബലം ഇല്ലാ താവുകയാണ് ചെയ്യുക. തടിച്ച ജീവികൾക്കാണ് ആദ്യം വംശനാശം സംഭവിച്ചത് എന്നു നാം ഓർക്കണം. ശരീരം മെലിയുക എന്നത് അതിജീവിക്കുന്നതിൻ്റെ ഒരു രീതിയാണ്. ആരോഗ്യം രാഷ്ട്രീയ പ്രയോഗത്തിന് എപ്പോഴും ഉപാധിയായിട്ടുണ്ടല്ലോ. ബുദ്ധമതത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനപദ്ധതിയായിരുന്നു ആയൂർവേദം. രാഷ്ട്രീയ പ്രവർത്തകുന്നു ശരീരം പൂർണ്ണമായി ആരോഗ്യത്തോടെയിരുന്നാൽ തടിക്കുകയില്ല. തടിക്കുക എന്നാൽ ഒരുപാട് ചുമതല ഏല്ക്കുക എന്നർത്ഥമാണ്. എല്ലാറ്റിനെയും ചേർത്ത് ഒരുപാട് തടിച്ചാൽ ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.
നാം എന്തും ചെയ്യാൻ പുറപ്പെട്ടവരല്ല. അഥവാ നാം എന്തുംചെയ്യാ ൻ പുറപ്പെട്ടവരാണ്.
എന്തും ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഒരു സംഘമാണ് നാമെന്ന ബോധം ഇടയ്ക്കിടെ മറന്നു പോകുന്നുണ്ട് എന്നതാണ് പ്രശ്നം.
നമ്മുടെ സ്ഥൗല്യം നമ്മുടെ വളർച്ചയുടെ അടയാളമല്ല. അത് നിർലക്ഷ്യതയുടെ, നിർജ്ജീവതയുടെ, നിഷ്ക്രിയതയുടെ, നിശ്ചലതയുടെ ലക്ഷണമാണ്.
സ്ഥൗല്യം നമ്മളിൽ പ്രത്യയ ശാസ്ത്രത്തിൻ്റെ മരണമായിത്തീരുകയാണ്.
ഗൗരവമായി ഒന്നും വേണ്ടതില്ല എന്ന പുതിയൊരു ക്രമം വരികയാണ്. പ്രത്യയശാസ്ത്രമില്ലായ്മയുടെ നിഷ്ക്രിയത. നിഷ്ക്രിയതയുടെ പ്രത്യയശാസ്ത്രം വരികയാണെന്നും ആവാം. എല്ലാ ജീവിതവും, പ്രവർ ത്തനവും കളിയായാൽ മതി എന്ന ഒരു കാലം വരികയാണ്. എന്തിനെയും കളിയാക്കി മാറ്റാനാണ് ശ്രമം. അഞ്ചോ പത്തോ കൊല്ലത്തിനിടയ്ക്ക് ഇവിടെ വരുന്ന മാറ്റം അതായിരിക്കാം. അതിനെതിരെ ആശയപരമായ പ്രർത്തനം നടത്താനുള്ളവരാണ് നമ്മൾ.
പാഠം – 1
2000 സെപ്തംബർ – ഒക്ടോബർ ലക്കം
പാഠം മാസിക തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എസ്.സുധീഷ് സാറിൻ്റെ വീട്ടിൽ വച്ചു രണ്ടായിരത്തിൻ്റെ ആദ്യ മാസങ്ങളിൽ മീറ്റിംഗ് നടന്നു. അതിൽ സുധീഷ് സാറിന് പുറമേ തോമസ്, കടയ്ക്കൽ ജി. പൊന്നപ്പൻ, പാസു, ചവറയിലെ ഡി.ശ്രീകുമാർ, കുണ്ടറ ബേബി, ഷൂബ കെ.എസ്. തുടങ്ങിയവർ ഉണ്ടായിരുന്നു. വിജയൻ മാഷ് എഡിറ്ററാകും എന്ന ധാരണ ഉണ്ടായി.
2000 സെപ്റ്റംബർ – ഒക്ടോബറിലാണ് പാഠം മാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങുന്നത്.
[ടൈപ്പ് സെറ്റിംഗ്: ശാം രാജ്, സുകന്യ, സെഡ് കംപ്യൂട്ടേഴ്സ്, കൊല്ലം
ഒറ്റ പ്രതി: 20 രൂപ
വാർഷിക വരിസംഖ്യ: 100 രൂപ (ആറ് ലക്കം)
100 പേജ്, ഫോണ്ട് വലിപ്പം:
പത്രാധിപർ: എം.എൻ.വിജയൻ
പ്രിൻ്റഡ് & പബ്ലിഷ്ഡ് ബൈ ഡി. ശ്രീകുമാർ
സുജിലി കളർ പ്രിൻ്റേഴ്സ്, ചാത്തന്നൂർ ]
വെളുത്ത പ്രതലത്തിൽ ചുവന്ന വിരലടയാളമായിരുന്നു കവർ ചിത്രം. കവറിൽ പത്രാധിപരുടെ പേരും ഉണ്ടായിരുന്നു. അതു കഴിഞ്ഞുള്ള ഒന്നാമത്തെ താളിൽ ഇങ്ങനെ കാണാം:
“പുരോഗമന കലാസാംസ്ക്കാരിക പ്രവർത്തകരുടെ പ്രസിദ്ധീകരണമാണ് പാഠം. ആ നിലയിൽ പാഠത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ നിലപാട് പാഠത്തിൻ്റെ ഉള്ളടക്കത്തിൽ പ്രതിഫലിക്കുമെന്നുള്ള കാര്യത്തിൽ വിട്ടുവീഴ്‌ചയുണ്ടായിരിക്കില്ല.എന്നാൽ അതേസമയം പുരോഗമന കലാപ്രവർത്തകർക്കിടയിലെ വീക്ഷണവൈരുദ്ധ്യങ്ങൾക്കും പുരോഗമന കലാചിന്തയ്ക്ക് ബാഹ്യമായ ആശയങ്ങൾക്കും കാഴ്‌ചപ്പാടുകൾക്കും പാഠത്തിൽ സ്ഥലം നൽകുന്നതാണ്. മാധ്യമസ്ഥാപനത്തിൽ നിലനില്‌പിന്റെ സ്ഥലം ലഭിക്കാത്ത എഴുത്തുകാർക്കു വേണ്ടിക്കൂടിയാണ് പാഠം പ്രസിദ്ധീകരിക്കുന്നത്. നാം മാദ്ധ്യമ സ്ഥാപനത്തിൻ്റെ ആശ്രിതരല്ല. അതുകൊണ്ട് എഴുത്തുകാർ അവർക്കു വേണ്ടി നിർമ്മിക്കുന്ന മാധ്യ മം കൂടിയാണ് പാഠം എന്ന കാഴ്‌ചപ്പാടോടെ രചനകൾ നൽകി സഹകരിക്കുക.”
എം. എൻ.വിജയൻ എഴുതിയ പത്രാധിപക്കുറിപ്പിന് പുറമേ, ‘പട്ടികജാതിക്കാരുടെ രക്ഷ നാട്ടുകാരുടെ രക്ഷയിൽ നിന്നും വേറെയല്ല.‘(ഇ.എം.എസ്.), ‘സ്വാതന്ത്യം തന്നെ ജീവിതം’ (എം.എൻ. വിജയൻ) ‘റാഞ്ചപ്പെട്ട വിമാനത്തിലെ യാത്രക്കാർ ( കെ.എസ്.ഷൂബ), ‘അറിവും അധികാരവും ‘(രാഘവൻപയ്യനാട്), ‘ജനപ്രിയസംസ്ക്കാരവും… (ഡി. റോബിൻ), ‘കാടിൻ്റെ ഭാഷ’(വി.ആർ.സുധീഷ്), ‘സ്ത്രീ പരിചരണം
മലയാളസിനിമയിൽ ‘ (എ.സി. സുഹാസിനി),ഫാസിസത്തിന്റെ ദൃശ്യപരവതാനികൾ ‘ (വി.കെ.ജോസഫ്),ശ്രീനാരായണ പ്രസ്ഥാനത്തിനു വഴിതെളിച്ച വിപ്ലവകാരി’ (എം.എൻ രാജൻ), ‘താലിബാനും ഹിന്ദുത്വവും’ (കെ.എസ് ഹരിഹരൻ ),ചരിത്രമാലിന്യങ്ങളും നമ്മളും (കെ.ജി.രവികുമാർ), ‘ഡി.പി.ഇ.പി-ഒരു വിയോജനക്കുറിപ്പ്’ (വി.പി.വാസുദേവൻ), ‘കാലത്തിൻ്റെ കുറിപ്പുകൾ’ (എസ്.എസ്.), ‘പുരോഗമനകലാസാഹിത്യ പ്രസ്ഥാനം‘ (ചർച്ചാ പ്രബന്ധം) എന്നീ ലേഖനങ്ങളാണ് ആദ്യ ലക്കത്തിൽ ഉണ്ടായിരുന്നത്.
പുരോഗമന കലാകാരന്മാർ പാർട്ടിയോട് സഹകരിക്കുന്നതെന്തുകൊണ്ട്? കലാകാരന്മാർ അധികാരത്തിൻ്റെ കിങ്കരന്മാർ ആകാതിരിക്കേണ്ട ആവശ്യം എന്ത്? വനിതാ – ദളിത് പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് വന്നു? അതിനെ എങ്ങനെ സമീപിക്കണം? എന്തായിരിക്കണം പുരോഗമന കലാസാഹിത്യകാരൻ്റെ കലയോടുള്ള സമീപനം, പുരോഗമന കലാസാഹിത്യ സംഘം ആൾക്കൂട്ടമായി മാറുമ്പോൾ സംഭവിക്കുന്നതെന്ത്? വരാൻ പോകുന്ന ഉത്തരാധുനിക സിദ്ധാന്തങ്ങളെ എങ്ങനെ സമീപിക്കണം? ഇതെല്ലാം പാഠം ആദ്യ ലക്ക പത്രാധിപക്കുറിപ്പിൽ എം. എൻ. വിജയൻ വിശദീകരിക്കുന്നു. പത്രാധിപക്കുറിപ്പിൻ്റെ സംക്ഷിപ്തം:
പുരോഗമന കലാസാഹിത്യ സംഘം പാർട്ടിയോട് ചേർന്നു നിൽക്കുന്നത് ഭാവി സമുദായത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ കലാകാരന്മാർ പങ്കാളികളാണ് എന്ന അർത്ഥത്തിലാണ്. നവലോകസൃഷ്ടിക്കായാണ് എല്ലാ പണികളും ചെയ്യേണ്ടത്. നാം വലിയ സ്വപ്നത്തിൻ്റെ കിങ്കരന്മാരാണ്. അധികാരസ്ഥാപനത്തിൻ്റെ കിങ്കരന്മാരല്ല. നമ്മുടെ പാട്ടുകൾ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ളതല്ല. സാഹിത്യം ക്ഷിപ്രപ്രവർത്തനമല്ല. ഹൃദയത്തിൽ പരിവർത്തനമായി മാറുകയാണ്.വനിതാ – സ്ത്രീ പ്രസ്ഥാനങ്ങൾ നമ്മെ കൂടാതെ ഇപ്പോ ഉയർന്നു വന്നിരിക്കുന്നു. ഇതു നമ്മുടെ വൈകിയെത്തലിൻ്റെ ഫലമാണ്. ആദിവാസി പ്രശ്നം ഏതോ ആളുടെ പ്രശ്നമല്ല. മൂലയ്ക്കാക്കപ്പെട്ട മനുഷ്യനാണ് ആദിവാസി. ആദിവാസി പ്രശ്നം ഇടെങ്കെ കൊണ്ട് ചെയ്യുന്ന ഒരു പ്രവർത്തനമായി കൂട.
“ഓട്ടവീണ പൊൻപാത്രം ഓട്ട വീഴാത്ത മൺകലത്തേക്കാൾ മോശമാണ്.സ്വർണ്ണം കൊണ്ടുണ്ടാക്കിയത് കലയാണെന്നും മണ്ണുകൊണ്ട് ഉണ്ടാക്കിയത് കലയല്ല എന്നും വന്നിരിക്കുന്നു. അത് മാറണം”
“കാളിദാസന്റെ കലാരൂപങ്ങളെക്കാൾ ഒട്ടും മോശമല്ല ആദിവാസിയുടെ ആത്മപ്രകാശനം എന്നു തിരിച്ചറിയാനുള്ള സംഘടനയാണ് പുരോഗമന കലാസാഹിത്യ സംഘം “
നാം ഉണർന്നിരിക്കയാണ് വേണ്ടത്.അല്ലാതെ വലുതാകുകയല്ല.
“സംഘം വലുതാവുന്നതാണ് ശരി എന്ന ധാരണയിലാണ് നമ്മൾ. എന്നാൽ സംഘബലം എന്നത് സ്ഥൂലത കൊണ്ട് ലഭിക്കുന്നതല്ല വല്ലാതെ തടിച്ചാൽ എല്ലാം താങ്ങിക്കൊണ്ടു നടക്കാൻ പ്രയാസമാകും. ബലം ഇല്ലാതാവുകയാണ് ചെയ്യുക. തടിച്ച ജീവികൾക്കാണ് ആദ്യം വംശനാശം സംഭവിച്ചത് എന്നും നാം ഓർക്കണം.”
ഗൗരവമായി ഒന്നുമില്ല, എല്ലാ ജീവിതവും പ്രവർത്തനവും കളിയായാൽ മതി എന്ന കാലം വരികയാണ്. അഞ്ചോ പത്തോ കൊല്ലത്തിന്നിടയിൽ വരുന്ന മാറ്റം അതായിരിക്കും. അതിനെതിരെ ആശയപരമായ പ്രവർത്തനം നടത്താനുള്ള വരാണ് നമ്മൾ.
ഇങ്ങനെ പറഞ്ഞു കൊണ്ടാണ് എം എൻ വിജയൻ പത്രാധിപക്കുറിപ്പ് അവസാനിക്കുന്നത്.
‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന ലേഖനത്തിൽ എം.എൻ. വിജയൻ അടിയന്തിരാവസ്ഥക്കാലത്ത് കവിതയെഴുതിയതിന് ജയിലിൽ പോയ എം. കൃഷ്ണൻകുട്ടി എന്ന കവിയെ ഓർക്കുന്നു. ഞാനാരാണെന്ന് അറിയാൻ നിങ്ങളും നിങ്ങളാരെന്ന് ഞാനും അറിയാൻ ശ്രമിക്കുന്ന ഒരു സംശയത്തിൻ്റെ ലോകമാണ് ഇന്നിപ്പോൾ പടർന്നു കൊണ്ടിരിക്കുന്നതെന്നും ഇതുപോലെ ഭയത്തിൻ്റെ അന്തരീക്ഷം ഭരിച്ചു കൊണ്ടിരുന്ന കാലത്ത് കവിതയെഴുതുകയും താനെഴുതിയത് കവിതയാണ് എന്നു തെളിയിക്കുകയും ചെയ്ത കവിയാണ് കൃഷ്ണൻകുട്ടി എന്നു ഈ ലേഖനത്തിൽ നിരീക്ഷിക്കുന്നു. വി. ടി. എഴുതിയത് നാടകമാണെന്നു മനസിലാകുന്നത് അത് അഭിനയിക്കാൻ തുടങ്ങിയപ്പോൾ നാടകത്തിൻറെ ഓലപ്പുര കത്തിക്കപ്പെട്ടതു കൊണ്ടാണ്.
നിങ്ങൾ ആരെയും പൊള്ളിക്കുന്നില്ല എങ്കിൽ നിങ്ങൾക്കും പൊള്ളലേൽക്കുന്നില്ല എങ്കിൽ നിങ്ങൾ മിക്കവാറും മരിച്ചിരിക്കുന്നു എന്നാണ് അർത്ഥം. ഭഗവത് സിങ്ങിനെ തൂക്കിലേറ്റിയപ്പോൾ പ്രതിഷേധയോഗത്തിന് അധ്യക്ഷനാകാൻ ആരെയും കിട്ടിയില്ല.നഗരം മുഴുവൻ പ്രസംഗിക്കുന്ന സിംഹങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു. പക്ഷെ അധ്യക്ഷനാകാൻ സമ്മതിച്ചത് പ്രസംഗം അറിയാത്ത ഒരു കേസരി ബാലകൃഷ്ണപിള്ള മാത്രമായിരുന്നു. ഇങ്ങനെ ജീവിതവുമായി സമരവുമായി ചരിത്രവുമായി ഉരസുമ്പോൾ മാത്രമേ നമ്മുടെ യാഥാർത്ഥ്യം പുറത്തുവരികയുള്ളൂ. നമ്മുടെ പിച്ചള പുറത്തു വരുകയുള്ളൂ, നാം ആരാണെന്ന് ആളുകൾ അറിയുകയുള്ളൂ. മറ്റെല്ലാ സമയങ്ങളിലും നാം സാധാരണ മനുഷ്യനായിട്ട് ഇരിക്കുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ഉരച്ചു നോക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നത്. കുമാരനാശാൻ സ്വാതന്ത്രസമരത്തിൽ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് ചോദിക്കുമ്പോൾ സ്വാതന്ത്ര്യസമരം എന്താണ് സ്വാതന്ത്ര്യം എന്താണ് എന്നുള്ളതിനെ കുറിച്ചുള്ള പരിമിതമായ ബോധമേ നിങ്ങൾക്കുള്ളൂ എന്ന് സ്പഷ്ടനാകുന്നു. അയ്യങ്കാളിയെ കുറിച്ച് ഇപ്പോൾ ഒരുപാട് പ്രസ്താവനകൾ പുറത്തുവരുന്നുണ്ട്. മൂന്നു തലമുറയ്ക്ക് മുമ്പ് കേരളത്തിലെ പത്രത്തിൽ തിരുവിതാംകൂർ മഹാരാജാവിനോട് അന്നത്തെ പത്രപ്രവർത്തകൻ ചോദിച്ച ചോദ്യം രാജാവേ നിങ്ങളുടെ മുമ്പിൽ ഒരു ബ്രാഹ്മണ ഉദ്യോഗസ്ഥൻ കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോൾ അയാളോട് ഇത് തൊഴിലാളി നേതാവായ അയ്യങ്കാളി ഇരുന്ന കസേര ആണെന്നും അതിൽ ഇരിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്നും ചോദിക്കുവാനുള്ള ധൈര്യം തിരുവിതാംകൂർ രാജാവിനുണ്ടോ എന്നാണ്. ഇങ്ങനെ 1930കളിൽ ഒരു പത്രപ്രവർത്തകൻ ഇവിടെ എഴുതിയിരുന്നു. ഇന്ന് അയ്യങ്കാളിയെ ഓർക്കുന്ന നാം തണുത്ത ചോറുണ്ടു കൊണ്ടിരിക്കുന്നു. ജെ ബി എസ് ഹാൾഡയിൻ ഖനിത്തൊഴിലാളികൾക്ക് വേണ്ടി കുപ്പായം ഉണ്ടാക്കിയപ്പോൾ ആ കുപ്പായം ഇട്ട് ഖനികളിൽ ഇറങ്ങിപ്പോയാൽ എന്ത് സംഭവിക്കും മരിക്കുമോ ജീവിക്കുമോ എന്ന് പരീക്ഷിക്കാൻ തന്നെത്തന്നെയാണ് തെരഞ്ഞെടുത്തത്. അതുകൊണ്ടാണ് ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിൽ അദ്ദേഹം മറ്റൊരു ശാസ്ത്രജ്ഞനായി മാറിയത്. തെങ്ങിൻ എന്താണ് രോഗം എന്ന് അന്വേഷിക്കുവാൻ ശാസ്ത്രജ്ഞന്മാർ തെങ്ങിൽ കയറുന്ന തൊഴിലാളിയാണ് അന്വേഷിക്കുന്നത്. അയാളുടെ റിപ്പോർട്ട് പി. എച്ച്. ഡി.പ്രബന്ധമായി മാറുന്നു. ജീവിതത്തിൻ്റെ ഡാറ്റ, സമരത്തിൻ്റെ ഡാറ്റ എവിടെയാണ് പൊള്ളുന്നത് എന്നറിയുന്ന ഡേറ്റ, എന്താണ് സ്വാതന്ത്ര്യം എന്ന് അറിയിക്കുന്ന ഡാറ്റ അതു കൈവശപ്പെടുത്തുന്നത് മറ്റുള്ളവരാണ്. മേലെ നിന്ന് വിളിച്ചു പറയുന്ന ഈ ഡേറ്റ കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കുന്ന ആളുകൾ ഇപ്പോൾ നാടാകെ ഭരിച്ചുകൊണ്ടിരിക്കുന്നു. ആരാണ് ഗവേഷണം നടത്തിയത് എന്ന് ആരാണ് അതിൻ്റെ മുകളിൽ കയറിയത് എന്ന് ആരാണ് ഉയരങ്ങളിലേക്ക് കയറുന്നത് എന്ന് ആരാണ് അനുഭവങ്ങളുടെ എത്തിച്ചേരുന്നത് കാര്യം നമ്മൾ ഓർക്കാറില്ല. അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യം നമുക്ക് ആരൊക്കെയോ വാങ്ങിത്തന്ന ഒന്നാണ് എന്നും ഇങ്ങനെ വാങ്ങിത്തന്നവരെ അനുസ്മരിക്കണമെന്നും അവരുടെ ചിത്രങ്ങളും രൂപങ്ങളും പൂജിക്കണമെന്നും നാം തീർച്ചയാക്കിയിരിക്കുന്നു.
ആരാണ് ഈ വഴിയിൽ കൂടി നടക്കുവാൻ അർഹൻ എന്ന ചോദ്യം ചോദിച്ചു കൊണ്ട് നിരത്തിൽ കൂടി സഞ്ചരിക്കുകയല്ല വണ്ടിയിൽ സഞ്ചരിച്ച ഒരാളെയാണ് അയ്യങ്കാളി എന്ന് പറയുക. അയ്യങ്കാളിയായിരുന്നില്ല വാസ്തവത്തിൽ ആദ്യത്തെ പുലയ നേതാവ്. അയ്യങ്കാളിയുടെയും ഗുരുനാഥന് പുലപ്പാട്ട് എഴുതിക്കൊടുത്ത മറ്റൊരാൾ ഉണ്ടായിരുന്നു അദ്ദേഹത്തെ മുല്ലൂർ പത്മനാഭ പണിക്കർ എന്നാണ് പറയുക. പത്തനംതിട്ടക്കാരനായ ധർമ്മപദം തർജ്ജമ ചെയ്ത, ബുദ്ധമത പ്രസ്ഥാനക്കാരനായ മുല്ലൂർ പത്മനാഭ പണിക്കരാണ് അയ്യങ്കാളിയുടെയും ഗുരുവിന് പുലപ്പാട്ട് എഴുതിക്കൊടുത്തത് . അദ്ദേഹമാണെന്ന് ആദ്യ വിദ്യാലയങ്ങൾ സ്ഥാപിച്ചത്.വിദ്യാലയങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ കേന്ദ്രമായിരുന്നു.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം മാത്രമാണ് യഥാർത്ഥ സമരം എന്നു പറഞ്ഞ് നവോത്ഥാനത്തിൽ നടന്ന യഥാർത്ഥ സ്വാതന്ത്ര്യ സമരങ്ങളെ വിസ്മരിച്ചിട്ടുണ്ട്. ചിരബന്ധനമാർന്ന പക്ഷി സ്വന്തം ചിറകിൻ്റെ ശക്തി മറന്നു പോകാം. ദളിതനും സ്ത്രീയും സ്വന്തം ചിറകുകൾ അടിക്കുകയും കൂട്ടിലാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു. ഒരു പക്ഷി ചിറകടിക്കുമ്പോൾ ആ ചിറകുകൾ കമ്പികളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന അനുഭവമെന്തോ അതിനെയാണ് ഒരു സ്വാതന്ത്ര്യ സമരം എന്നു പറയുക .ഇത്തരത്തിലുള്ള പക്ഷിയായിരുന്നു ഗ്രാമവൃക്ഷത്തിലെ കുയിലായിരുന്നു കുമാരനാശാൻ.
ഹരിജനങ്ങളെ സ്വാതന്ത്ര്യസമരത്തിന് പ്രോത്സാഹിപ്പിക്കാൻ കാരണം ഹരിജനങ്ങളും കൂടി വന്നാൽ ഇന്ത്യൻ ബൂർഷ്വാസിക്ക് വേഗം സ്വാതന്ത്ര്യം കിട്ടുമല്ലോ എന്നുള്ളതുകൊണ്ടാണ്. അതുപോലെ പെണ്ണുങ്ങളും കൂടി വന്നാൽ പെണ്ണുങ്ങൾ സാധാരണ സമരവേദിയിൽ നിന്ന് പിന്മാറാത്ത ആളുകൾ ആയതുകൊണ്ട് അവരെ കൂടി കൂട്ടിയാൽ നമുക്ക് സ്വാതന്ത്ര്യം വേഗം കിട്ടുമല്ലോ എന്നുള്ളതാണ് സ്വാതന്ത്ര്യസമരത്തിൽ മുലയൂട്ടുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും പങ്കെടുപ്പിക്കാൻ ഉണ്ടായ പ്രധാനകാരണം. പുരുഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കുറച്ചുകൂടി ഭംഗിയായി ചെയ്യാൻ കഴിയുന്ന മറ്റൊരു വർഗ്ഗത്തെയാണ് സ്ത്രീ എന്ന് പറയുന്നത്. അങ്ങനെ മനസ്സിലാക്കിയ സ്ത്രീയുടെ പേരാണ് ബംഗാളിലെ സരളാദേവി എന്നത്. വലിയ പ്രാസംഗികയായിരുന്നു സരളാദേവി സരളാദേവിതൻ വാഗ്വിലാസം എന്ന് വിസി അദ്ദേഹത്തിൻ്റെ വിലാപത്തിൽ പറയുന്നു.
ഒരു പശുവിന്റെ വിചാരം അതിനു സ്വാതന്ത്ര്യം ഉണ്ട് എന്നാണ്. പക്ഷേ അറ്റത്തുള്ള ഒരു പുല്ല് കടിക്കാൻ ശ്രമിച്ചാൽ അറിയാം തന്റെ കഴുത്തിൽ എന്തോ കുടുങ്ങിയിട്ടുണ്ട് എന്ന്. ഇത് അമർത്ത്യാ സെൻ അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യത്തെകുറിച്ചുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ പറയുന്നുണ്ട്. കാരണം നിങ്ങളുടെ റിസോഴ്സ്, നാട്ടിലെ റിസോഴ്സ് അനുഭവിക്കാൻ ഒരു ജനതയ്ക്ക് കഴിയാതെ വരികയും ഒരു റിസോഴ്സ് ഉണ്ടാവുകയും ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യമില്ല എന്ന ബോധം വരിക. വീട്ടിൽ ധാരാളം ഭക്ഷണം ഉണ്ടാക്കുകയും മാമന്മാരായ പുരുഷന്മാർ എല്ലാം ഉണ്ട് പോവുകയും അവസാനം കഞ്ഞി മാത്രം ബാക്കിയാവുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ അവസ്ഥയിലും ഇതാണ് കാണുന്നത്.
പുരുഷന്മാർ ഇല്ലാത്ത ലോകത്ത് ജീവിക്കാമെന്ന് ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ചുകൊണ്ട് തെളിയിച്ച സ്ത്രീയാണ് സരസ്വതി. സരസ്വതി തനിച്ച് ഒരു വീട്ടിൽ ആണ് താമസിച്ചത്. വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീക്ക് എന്തൊക്കെയോ അത് അവർക്ക് കിട്ടിയിരുന്നു. പഠിക്കുന്ന കാലത്ത് ആ നാട്ടിലെ ഏറ്റവും അധികം അശ്ലീല പ്രചരണം നടന്നിരുന്നത് അവരെപ്പറ്റിയാണ് മഹാ സാഹിത്യകാരന്മാരൊക്കെ സരസ്വതിയമ്മയെപ്പറ്റി ഗോസിപ്പ് പറയുന്നതിൽ വളരെ വിദഗ്ദ്ധന്മാർ ആയിരുന്നു. അത് കേട്ട് ചിരിക്കാൻ ആയിട്ട് വലിയ സദസ്സും എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോൾ നാം സരസ്വതിയമ്മയെ ആദരിക്കുന്നു. കാരണം അവരുടെ ഓർമ്മകൾ വളരെ തണുത്തു പോയിരിക്കുന്നു. പുരുഷന്മാർ ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കാമെന്ന് മാർഗരറ്റ് മീഡ് എന്ന നരവംശശാസ്ത്രജ്ഞ ഒരിക്കൽ കണ്ടു പിടിച്ചപ്പോഴാണ് നരവംശ ശാസ്ത്രത്തിൽ സ്ത്രീപ്രസ്ഥാനം ആരംഭിക്കുന്നത്. ആസ്ട്രേലിയയുടെ സമീപപ്രദേശങ്ങളിൽ ഡ്രോബറി എന്റർ ദ്വീപുകളിൽ തോണിയിറക്കുകയും അവിടെ ചെന്നപ്പോൾ അവിടെ സ്ത്രീകൾ ആരുമില്ല എന്ന് കണ്ടുപിടിക്കുകയും ചെയ്തു. അവർ വളരെ വിഷമിച്ചു കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നോക്കി. എന്താണ് അതിന് കാരണം എങ്ങനെയാണ് പുരുഷന്മാർ പ്രസവിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് അവർ മറുപടി കൊടുത്തത് സ്ത്രീകളെല്ലാം തോണിയെടുത്ത് കടലിൽ മീൻ പിടിക്കാൻ പോയിരിക്കുകയാണ് ഞങ്ങൾ കുട്ടികളെ നോക്കി ഇവിടെ ഇരിക്കുകയാണ്. അതിൻ്റെ അർത്ഥം ഇന്നുണ്ടാക്കിയിട്ടുള്ള ലോകം പുരുഷന്മാർ കൃത്രിമമായി ഉണ്ടാക്കിയിട്ടുള്ള ഒരു പുരുഷാധിപത്യത്തിന്റെ ലോകമാണ് എന്നാണ്.കടൽ വെള്ളത്തിന് സ്ത്രീകളോട് പകയില്ല എന്നും അത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ ഭക്ഷിക്കാറില്ല എന്നും അറിയാവുന്നതുകൊണ്ട് സ്ത്രീകൾ കടലിൽ പോകുകയും മീൻ പിടിക്കുകയും ചെയ്തു. ഇത് ഒരു ചെറിയ സംഭവമാണെങ്കിലും സ്ത്രീകൾ കടലിൽ പോകുകയും പുരുഷന്മാർ കുട്ടികളെ നോക്കുകയും ചെയ്യുന്ന ഒരു സാമുദായം ഉണ്ടാകാം എന്നുള്ള ബോധം തീർച്ചയായിട്ടും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു വലിയ സങ്കൽപത്തിലേക്ക് നരവംശശാസ്ത്രത്തെ കൊണ്ടുവരുന്നുണ്ട്.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വികൃതമായിട്ടുള്ള ഒരു ക്ഷേത്രം അരുവിപ്പുറത്തെ ക്ഷേത്രമാണ്. പക്ഷേ അതിൻ്റെ ചുമരിൽ എഴുതി വെച്ചിട്ടുള്ളത് ലോകത്തിൽ ഇന്നോളം ഉണ്ടായിട്ട് വെച്ച് ഏറ്റവും മനോഹരമായ മുദ്രാവാക്യമാണ്. ജാതിഭേദം ഇല്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃസ്ഥാനമാണിത് എന്ന മുദ്രാവാക്യം. അത് ലോകത്തിൽ മറ്റ് ഒരു ലോകം സൃഷ്ടിക്കാനുള്ള ഇക്വേഷൻ ആയിരുന്നു എന്ന് നാം പതുക്കെയാണ് അറിയുന്നത്. ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള ഈ ഒരു സങ്കല്പം അങ്ങനെ സങ്കൽപ്പമുണ്ടാക്കുന്ന ആളുകളെയാണ് കവികൾ എന്ന് പറയുക.
എന്നാൽ ഒന്നും ചെയ്യാതിരിക്കുക വെറുതെ സംഗീതം കേട്ടു കൊണ്ടിരിക്കുക എന്നതുണ്ട്. വ്യായാമശാസ്ത്രം കലയിലേക്ക് കൊണ്ടുവരുന്നതാണ്. വെറുതെ സുഖിക്കുക, വെറുതെ പാട്ടു കേട്ടുക്കൊണ്ടിരിക്കുക, പാടിക്കൊണ്ടിരിക്കുക എന്നത്. സ്ത്രീ പുരുഷ ബന്ധത്തെ, രതിയെ ഒരു ആസ്വാദന പ്രവർത്തനമാക്കി മാറ്റുക എന്നതാണ് രതി വ്യവസായത്തിൽ ഉള്ളത്. ച്യൂയിംഗം പോലെ വെറുതെ ചവച്ചു കൊണ്ടിരിക്കുക. തിന്നാൻ ആഗ്രഹമുള്ളവർക്ക് വയറ്റിൽ സ്ഥലം ഇല്ലാത്തതു കൊണ്ട് നാലും കൂട്ടിമുറുക്കി കൊണ്ടിരിക്കുക. കവിതയും ഇങ്ങനെ ചവച്ചുകൊണ്ടിരിക്കണമെന്നാണ് പറയുന്നത്. ഉത്തരാധുനികതയുടെ സിദ്ധാന്തവും ഇതാകാം. എല്ലാം ഒരു കളിയാണ് ശങ്കരാചാര്യർ ജീവിതം എന്നുള്ളത് കളിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഇരിക്കുമ്പോൾ നമ്മൾ പോക്കറ്റ് അടിക്കപ്പെട്ടത് എവിടെ വച്ചാണെന്നു മറന്നു പോകും. നമ്മുടെ സ്വാതന്ത്ര്യത്തെ മോഷ്ടിക്കുവാൻ തയ്യാറായി ഒരു സംഘം നമ്മുടെ ഭക്തന്മാരുടെ കൂട്ടത്തിൽ തന്നെയുണ്ട് എന്ന് നാം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പത്രാധിപക്കുറിപ്പിന് ശേഷം ഇ.എം.എസ്സിൻ്റെ ലേഖനമാണ്. കൊച്ചി പുലയ മഹാസഭയുടെ ആഭിമുഖ്യത്തിൽ പതിനായിരത്തോളം പുലയർ പങ്കെടുത്ത സമ്മേളനത്തെ കുറിച്ചു പറഞ്ഞു കൊണ്ടാണ്, ‘പട്ടികജാതിക്കാരുടെ രക്ഷ നാട്ടുകാരുടെ രക്ഷയിൽ നിന്നു വേറെയല്ല’’ എന്ന ലേഖനം ആരംഭിക്കുന്നത്. ഇത് 1946 മാർച്ച് 8 ന് ദേശാഭിമാനിയിൽ വന്ന ലേഖനത്തിൻ്റെ പുന:പ്രസിദ്ധീകരണമാണ്.സാമുദായികമായി ജനങ്ങൾ സംഘടിക്കാൻ കാരണം സാമുദായികാടിസ്ഥാനത്തിലുള്ള അവശതകളാണെന്നും അതിനെ പിന്തിരിപ്പൻ സംഘടനകളായി കാണുന്നില്ലെന്നും ഇതിൽ ഇ. എം. എസ് പറയുന്നു. ഈ സമരം വിജയിക്കണമെങ്കിൽ സാമൂഹികവും രാഷ്ട്രീയവുമായ പട്ടികജാതിക്കാർക്കുള്ള അവശതകൾക്കെതിരായി പോരാടിയാൽ മാത്രം പോരാ, തൊഴിലാളികളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യങ്ങൾക്കു കൂടി പോരാടണം എന്നു കൂട്ടിച്ചേർക്കുന്നു.
‘അറിവും അധികാരവും’ എന്ന ലേഖനത്തിൽ ഡോ.രാഘവൻപയ്യനാട് അറിവ് നിഷ്കളങ്കമല്ലെന്നും അറുപതുകളിലെ ആധുനികതാവാദവും ഇപ്പോഴത്തെ ഉത്തരാധുനികതയും തുറന്നു വന്ന വഴികളിലൂടെയാണ് മുതലാളിത്തവും മറ്റാധിപത്യങ്ങളും കടന്നു വന്നത് എന്നും നിരീക്ഷിക്കുന്നു. തൊഴിലാളികളെ എങ്ങനെ ചൂഷണം ചെയ്യാം എന്നത് പഠിപ്പിക്കുന്ന പ0ന പദ്ധതിയാണിവിടെ ഉള്ളത്. ഇന്ത്യയിൽ ജനാധിപത്യം രാഷ്ട്രീയ വ്യവസ്ഥയായി നില നിൽക്കുന്നുണ്ടെങ്കിലും മുതലാളിത്ത അധിപത്യമാണ് നിലകൊള്ളുന്നത്, അതിനനുസൃതമായിട്ടാണ് ഇവിടെ അറിവുല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും.
‘റാഞ്ചപ്പെട്ട വിമാനത്തിലെ യാത്രക്കാർ‘ (കെ.എസ്.ഷൂബ) എന്ന ലേഖനത്തിൽ ‘എനിക്ക് ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലയോ’ (സിവി കുഞ്ഞിരാമൻ ), ‘വെള്ളപ്പൊക്കത്തിൽ ‘ (തകഴി), ‘ശേഖൂട്ടി ‘(ടി.പത്മനാഭൻ), ‘പക്ഷിയുടെ മണം. (മാധവിക്കുട്ടി), ‘കടൽത്തീരത്ത് ‘(ഒ.വി.വിജയൻ), ‘ആർക്കറിയാം’ (സക്കറിയ) എന്നീ കഥകളിലെ ആധിപത്യ -വിധേയത്വ പ്രശ്നങ്ങൾ പഠിച്ചു കൊണ്ട് മലയാളിയുടെ മാനസിക ചരിത്രത്തെ അന്വേഷിക്കുന്നു. വിമാനറാഞ്ചികളോട് റാഞ്ചപ്പെട്ടവർക്ക് തോന്നുന്ന സ്നേഹ (സ്റ്റോക്ക് ഹോംസിൻഡ്രോം) മാണ് വിധേയത്വത്തെ സൗന്ദര്യവത്കരിക്കുന്നതിൻ്റെ മനശ്ശാസ്ത്രം എന്നു വിശദീകരിക്കുന്നു. സക്കറിയയുടെ കഥയിൽ കാണും പോലെ രക്ഷകന്മാർ ചോരയും കൊണ്ടാണ് വരുന്നത് എന്നറിഞ്ഞില്ലെങ്കിൽ സങ്കല്പ വായു വിമാനത്തിലേറി രാമരാജ്യത്തിലെത്തപ്പെടുമെന്നു പറഞ്ഞു ലേഖനം അവസാനിക്കുന്നു.
‘ഫാസിസത്തിൻ്റെ ദൃശ്യപരവതാനികൾ ‘ (വി.കെ.ജോസഫ്) എന്ന ലേഖനത്തിൽ,മനുഷ്യരുടെ പോരാട്ടങ്ങളുടെ എല്ലാ ഓർമ്മകളും ചരിത്രവും മായിച്ച് കളയുന്ന പുതിയ വിദ്യകൾ ദൃശ്യമാധ്യമങ്ങളായ സിനിമകളിലൂടെയും, ടി.വി. യിലൂടെയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടുന്നു. ചൂഷിതരും നിന്ദിതരുമായ മനുഷ്യർ യഥാർത്ഥത്തിൽ അനുഭവിച്ച നിന്ദയുടേയും, മർദ്ദനങ്ങളുടേയും ഓർമ്മകൾ മായ്ക്കപ്പെടുകയും, സാങ്കൽപികമായ ഫ്യൂഡൽ സൗഭാഗ്യങ്ങളുടേയും ജന്മിമാരുടേയും, നാടുവാഴികളുടേയും, കാരുണ്യത്തിന്റേയും, പ്രജാവാത്സല്യത്തിന്റേയും, കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ട് നിരവധി സിനിമകൾ ഇവിടെ അരങ്ങേറുകയാണ്. ധ്രുവം, ദേവാസുരം, ആര്യൻ, അദ്വൈതം, ആറാം തമ്പുരാൻ തുടങ്ങിയ നിരവധി സിനിമ കളിലൂടെ സവർണ്ണജാതികളുടേയും മറ്റ് നാടുവാഴിതമ്പുരാക്കൻമാരുടെയും സാങ്കൽപിക നന്മകൾ ഓർമ്മകളിലേക്ക് കെട്ടിയെഴുന്നള്ളിക്കുകയാണ്. ആധുനികമായ എല്ലാ ഭൗതികസൗകര്യങ്ങളും അനുഭവിച്ചു കൊണ്ട് മനുഷ്യസമുദായത്തെ കൂടുതൽ വൈദികവൽക്കരിക്കുക എന്ന ആത്മീയതന്ത്രം മാന്യമാവുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.
പൈതൃകം, ദേശാടനം, അഗ്നിസാക്ഷി തുടങ്ങിയ സിനിമകളുടെ പ്രത്യയ ശാസ്ത്ര പരിസരം ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
മലയാള സിനിമയുടെ പ്രമേയ പരിസരങ്ങളിൽനിന്നും കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളും വിശിഷ്യാ, മതനൂനപക്ഷങ്ങൾ, ദളിത വിഭാഗങ്ങൾ എങ്ങനെയോ ഒഴിവാക്കപ്പെടുകയാണ് എന്നും കൂട്ടിച്ചേർക്കുന്നു. എന്നാൽ, സത്യത്തിൻ്റെ ഭീഷണമായ മുഖം കാണിച്ചു കൊണ്ട്, നാം നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് കള്ളപ്പരവതാനികളെ വൃത്തികേടാക്കുന്ന ധർമ്മം ‘ഗർഷോം ‘ എന്ന സിനിമ നിർവ്വഹിക്കുന്നു എന്നു വിശദീകരിക്കുന്നു.
‘സ്ത്രീ പരിചരണം മലയാള സിനിമയിൽ ‘ (സുഹാസിനി എ.സി.) എന്ന ലേഖനത്തിൽ അയാൾ കഥയെഴുതുകയാണ് തുടങ്ങിയ സിനിമ സ്ത്രീവിരുദ്ധമാകുന്നതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഫയർ എന്ന സിനിമ സ്വവർഗ്ഗാനുരാഗത്തെ മാതൃകയാക്കുകയല്ല, കാണാതെ പോകുന്ന സ്ത്രീ പ്രശ്നത്തെ കൈകാര്യം ചെയ്യുകയാണ് എന്നു നിരീക്ഷിക്കുന്നു.
‘ശ്രീ നാരായണ പ്രസ്ഥാനത്തിന് വഴികാട്ടിയ വിപ്ലവകാരി ‘ (ഡോ.എം.എൻ.രാജൻ) എന്ന ലേഖനത്തിൽ വൈകുണ്ഠസ്വാമിയെ പരിചയപ്പെടുത്തുന്നു.
താലിബാനും ഹിന്ദുത്വവും (കെ.എസ്.ഹരിഹരൻ ) എന്ന ലേഖനത്തിൽ, പരസ്പരം പോഷിപ്പിച്ചു വളരുന്ന മത രാഷ്ട്രീയത്തിന് താലിബാനും ഹിന്ദുത്വ ശക്തികളുമാണ് ഏഷ്യയിലെ ഉദാഹരണം എന്നു നിരീക്ഷിക്കുന്നു. പഞ്ചാബിലെയും കാശ്മീരിലെ ന്യൂനപക്ഷ ഭീകരവാദത്തിന്റെ ചെലവിലാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വവാദം വളർച്ച പ്രാപിച്ചത് എന്നും കൂട്ടിച്ചേർക്കുന്നു.
ഡി.പി.ഇ.പി – ഒരു വിയോജനക്കുറിപ്പ് (വി.പി. വാസുദേവൻ) എന്ന ലേഖനം ഡി.പി.ഇ.പി.യുടെ സൈദ്ധാന്തിക – പ്രയോഗികതലങ്ങളെ വിമർശിക്കുന്നു. ലോകബാങ്കിൻ്റെ രേഖയിൽ മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നത് നോൺഗവൺമെൻ്റ് ഓർഗനൈസേഷൻ വഴിയാണെന്നു പറയുന്നുണ്ട്. അത്തരം ഒരു സംഘടനയായ, തൊഴിലാളി വർഗ്ഗരാഷ്ട്രീയമില്ലാത്ത ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഡി. പി. ഇ. പി. യുടെ പ്രണേതാക്കൾ. കാണാതെ പഠിക്കുക, അതാ വർത്തിക്കുക എന്നത് പഠനത്തിനാവശ്യമായ പരിശീലനവും അച്ചടക്കവും ഉണ്ടാകാനും അനന്തരകാല ജീവിതത്തിൽ സ്വയം പഠിച്ച് കൂടുതൽ വിജ്ഞാനം സമ്പാദിക്കാനും ആവശ്യമാണെന്ന് ഗ്രാംഷി പറയുന്നുണ്ട്. ഗ്രാംഷി എതിർത്ത മുസ്സോളനിയുടെ കാലത്തെ ഇൻസ്ട്രമെൻ്റൽ വിദ്യാഭ്യാസ രീതിയെയാണ് ഡി.പി.ഇ.പി. പിൻതുടരുന്നത്. പഴയ പാഠ്യപദ്ധതിയുടെ ഗുണങ്ങൾ നിലനിർത്തി വേണം പരിഷ്കരിക്കാൻ എന്ന നിർദ്ദേശം ലേഖനത്തിൽ മുന്നോട്ട് വയ്ക്കുന്നു.
‘കാലത്തിൻ്റെ കുറിപ്പുകൾ’ എന്ന പംക്തി സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള താണ്.എം.എൻ.വിജയൻ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പ്രസിഡൻറ് സ്ഥാനം രാജിവച്ചതിനെ സംബന്ധിച്ചാണ് ലേഖനം. “രാജി ഒരു പിൻമാറ്റമല്ല, ഏറ്റുമുട്ടലിൻ്റെ സ്വാതന്ത്ര്യം അന്വേഷിക്കുന്ന സാംസ്കാരിക പ്രവർത്തകനെ ഒത്തുതീർപ്പിൻ്റെ ചങ്ങലകൾ കൊണ്ട് വരിഞ്ഞുമുറുക്കാനാവില്ല. ചങ്ങലകളെ മുറിക്കുന്ന പ്രതിഷേധ സ്വരം രാജിയിലുണ്ട്.” ഇ.എം.എസിനെ അധിക്ഷേപിക്കാൻ ഇടം നൽകുന്ന മെഴ്സിനറി ബുദ്ധിജീവിയെയും എസ്.എഫ്.ഐ.ഏരിയാ സെക്രട്ടറിയെക്കുറിച്ച് കള്ളരേഖ പ്രസിദ്ധീകരിച്ച മനോരമ പത്രത്തെയും ഇതിൽ വിമർശിക്കുന്നു. ‘പുരോഗമന കലാസാഹിത്യ പ്രസ്ഥാനം‘ എന്ന പേരിലുള്ള ചർച്ചാ പ്രബന്ധത്തിൻ്റെ ആദ്യ ഭാഗവും ഇതിലുണ്ട്. എന്താണ് മനുഷ്യൻ്റെ മൂല്യം എന്നതാണ് പുരോഗമന ചിന്തകൻ്റെ പ്രധാന പ്രമേയമെന്നും ജന്മമോ പണമോ അല്ല അധ്വാനമാണ് മനുഷ്യൻ്റെ മൂല്യമെന്നു മാർക്സിസം കണ്ടെത്തി എന്നും ചൂണ്ടിക്കാട്ടുന്നു. ഉപനിഷദ് ചിന്തകളും ചർവ്വാക സ്കൂളും യോഗ-സാംഖ്യ – വൈശേഷിക ആസ്തികേ തര ദർശന പ്രസ്ഥാനങ്ങളും ബൗദ്ധ പ്രസ്ഥാനവും പുരോഗമനാത്മകമായിരുന്നു എന്നു സൂചിപ്പിക്കുന്നു.
വർണ്ണ സിദ്ധാന്തത്തിന്റെ പേരിൽ ഭൂരിപക്ഷ ജനസമൂഹത്തിന്റെ മനുഷ്യാവകാശങ്ങളുടെ കൈകാലുകൾ മുറിച്ചെടുത്ത ഫാസിസ്റ്റ് ബലപൂജ പ്രമാണങ്ങൾക്ക് എതിരെ സംസാരിച്ച ചിന്തയുടെ തലച്ചോറും കലയുടെ മനസ്സും ഇന്ത്യൻ ചരിത്രത്തിൽ ഉണ്ട്. എഴുത്തച്ഛനും ഭക്തി പ്രസ്ഥാനവും പാദ ദാസ്യത്തെ ചരിത്ര ശീലമാക്കി.നവോത്ഥാന പ്രസ്ഥാനമാണ് മാറ്റങ്ങൾ സൃഷ്ടിച്ചത്.ആശാൻ്റെ കൃതികൾ, സരസ്വതീ വിജയം നോവൽ, തുടങ്ങിയവ ചൂണ്ടിക്കാട്ടുന്നു.
“ദൈവത്തിൻ്റെ ഇന്ദ്രിയലീ ലകളും മഹാരാരാജാവി ൻ്റെ അനുബന്ധലീലകളു മടങ്ങുന്ന ശ്രേഷ്ഠവും ഗം ഭീരവുമായ കളിയല്ല കല എന്നും, അതു മനുഷ്യചരി ത്രത്തെ പരിവർത്തിപ്പിക്കു ന്ന കാര്യത്തിൻ്റെ കരിയാ ണ് എന്നും പുരോഗമനന വോത്ഥാനകാല മലയാള ത്തെ ഓർമ്മപ്പെടുത്തി.” എന്നു രേഖപ്പെടുത്തുന്നു.
“തുക്കിടിസായിപ്പ് എന്നത് നവോത്ഥാനപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്ന ചരിത്രപ്രേരണയല്ല മറിച്ച് വൈദികാധികാരത്തെ നിഷേധിക്കാനുള്ള മാർഗ്ഗം മാത്രമായിരുന്നു. തുക്കിടി സായിപ്പാവാൻ വേണ്ടിയല്ല നവോത്ഥാന മോചന ചിന്തകൻ വൈ ദികാധികാരത്തെ ഭഞ്ജിച്ചത്. മറിച്ച് മനുഷ്യജീവിതം ഒരു സഹോദര പ്രസ്ഥാന മാണെന്ന് ഒരു രാഷ്ട്രീയ തീസിസ് രൂപപ്പെടുത്തുവാൻ വേണ്ടി സ്വയം പുലയനായിതീരുകയും, പുലയനായിരുന്നുകൊണ്ട് ആദ്യം വൈദികനേയും, പിന്നീട് തുക്കിടിസായി പ്പിനെയും അയാൾ നിഷേധിക്കുകയും ചെയ്‌തു. കേരളീയനവോ ത്ഥാന പ്രസ്ഥാനം ബൂർഷ്വാ പ്രസ്ഥാനമാണെന്നു പറയുമ്പോൾ തുക്കിടി സായിപ്പായി മാറുന്ന മാധവനെ മാത്രമേ കാണുന്നുള്ളു. ഈഴവനായി മാറുന്ന ശിവനേയും, ദളിതനായി സ്വയം കണ്ടെത്തുന്ന കുമാരനാശാനേയും കുഞ്ഞമ്പുവിനേയും, അയ്യപ്പനേയും കാണുന്നില്ല. സൂരിനമ്പൂതിരിപ്പാടിനെ പരാജയ പ്പെടുത്തുവാനുള്ള മാർഗ്ഗം എന്ന നിലയിൽ മാത്രമാണ്, മാധവൻ തുക്കിടി സായിപ്പായി വേഷ മിടുന്നത് അതു കൊണ്ട് നവോത്ഥാന വിപ്ലവം ബൂർഷ്വാവിപ്ലവ മാണന്നു പറയുന്നത് വളരെ പരിമിതികളുള്ള ശരിയാണ്.”
നാട്ടുനടപ്പ് (ഗ്രേസി),അദൃശ്യം (എസ്.ശ്രീകുമാർ), പെരുമീനുദിക്കുന്നതിനു മുമ്പ് (അജിത്ത് ) എന്നീ കഥകൾ ഉണ്ടായിരുന്നു.
ശൈത്യജാലകം (വി. മണികണ്ഠൻ നായർ ), തണൽ (വാക്കനാട് രാജീവൻ), നിശ്ചല നടനം (ജോർജ്ജ്), ഫിൽ ദി ബ്ലാങ്ക്‌സ് (എ.എസ്. സുധീർ ), സമകാലികം (കുഞ്ഞപ്പ പട്ടാന്നൂർ), എല്ലാദിക്കുകളിൽ നിന്നും… (ഒക്ടേവിയോ പാസ് ), മാനവീയം (എസ്. സുധീഷ്), വേലി (ഉർവ്വശി) എന്നീ കവിതകൾ പാഠം ആദ്യ ലക്കത്തിൽ കാണാം.
‘മാനവീയം’ എന്ന കവിതയിൽ നിന്നും:
ദുരിതങ്ങളിൽ ചുട്ടു പഴുത്ത മദ്ധ്യാഹ്നമാണ് എൻ്റെ മനസ്സ്.
നാവു മരവിച്ച കാലത്തിൻ്റെ ദയനീയ നിശ്ശബ്ദതയിൽ നിന്ന്,
കലാപത്തിന്റെ ഭാഷാഗ്രന്ഥികളിൽ നിന്ന്
ഇരുമ്പിൻ്റെ നാരായമുനകൊണ്ട് ഞാൻ വാക്കുകൾ കൊത്തിയെടുക്കുന്നു.
ധ്യാനമല്ല പ്രകോപനമാണു കവിത എന്ന് ഞാൻ ലോകത്തോട് പറയുന്നു…
ആത്മവഞ്ചനയുടെ ആൾബലത്തിനെതിരെ
അധോലോക ദുർമന്ത്രങ്ങൾക്കെതിരെ
ഒറ്റപ്പെടലിനും ഒറ്റപ്പെടുത്തലിനുമെതിരെ
സ്നേഹവിവശമായ എന്റെ മണ്ണ് എനിക്ക് ചുറ്റും ആൾക്കൂട്ടപ്പെടുന്നു.
അഴുകുന്ന ചകിരിത്തുണ്ടുകളിൽ നിന്ന്
കയറിന്റെ സംഘഗീതം നെയ്തെടുക്കുന്ന മണ്ണ്
കലിതുള്ളുന്ന കടലിൻ്റെ കോപാവേശത്തിനെതിരെ
അത്യാഹിതങ്ങളുടെ തോണികളിൽ
മത്സ്യങ്ങളും നക്ഷത്രങ്ങളുമായി കുതിച്ചെത്തുന്നവരുടെ മണ്ണ്.
