കാലത്തിന്റെ കുറിപ്പുകൾ

നിനക്കായി നിർമ്മിക്കപ്പെട്ട തസ്തിക അപ്പമോ ചാണകമോ?

അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? ഒരു സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രി ജനങ്ങളോട് ചോദിക്കുന്ന ചോദ്യമാണ്. നിനക്കൊക്കെ ഞാൻ തിന്നാനുള്ള വക ഉണ്ടാക്കിത്തരുന്നു. അതിന്റെ കുഴി എണ്ണി നോക്കാൻ CAG മുതൽ വിജിലൻസ് വരെ ഒരുമ്പെട്ടു നിൽക്കുകയാണ്; അതിനു ഭരണഘടനാസ്ഥാപനങ്ങൾക്കെന്ന പോലെ ജനങ്ങൾക്കും അവകാശമില്ല; പ്രളയങ്ങൾവന്നു. ജനങ്ങൾ അവരുടെ ജീവിതത്തിന്റെ ഒരു പങ്കും അധ്വാനവും ശരീരവും പ്രളയ പ്രതിരോധത്തിന് നൽകി . മത്സ്യത്തൊഴിലാളികളാണ്, റിച്ചാർഡ് ഫ്രാങ്കിയുടെ പടക്കപ്പൽ അല്ല അവിടെ രക്ഷകരായി എത്തിയത്. പ്രളയ കാലത്തും കൊറോണ എന്ന ആഗോളമിത്തിന്റെ ജീവഭയ വാഴ്ചയുടെ കാലത്തും വലിയ താഴ്ചയിൽ പട്ടിണി മരണങ്ങളുണ്ടായിട്ടും കേരളം അതിജീവിച്ചത് റിച്ചാർഡ് ഫ്രാങ്കിയുടെ അപ്പൻ കനിഞ്ഞൊഴുകിയ അപ്പ പ്പുരകൾ കണ്ടിട്ടല്ല; ഹ്യൂമനിസ്റ് പാരമ്പര്യമുള്ള സാമൂഹ്യകൂട്ടായ്മയുടെ ഹൃദയമുള്ള ഒരു ജനതയായിരുന്നു ആ പ്രതിരോധത്തിന്റെ റിസോഴ്സ്സ്. സ്വർണക്കള്ളക്കടത്തുനടത്തിയും ലൈഫ് മിഷൻ കൈക്കൂലി കൈക്കൊണ്ടും മണിലാൻഡറിങ് നടത്തിയും സ്റ്റോക് എക്സ് ചേഞ്ച് ൽ പോയി മണി അടിച്ചും ഒരുത്തനും സമ്പാദിച്ച പണം കൊണ്ടല്ല കേരളം പ്രതിസന്ധിയെ അതിജീവിച്ചത്. ജീവിതത്തിന്റെ മുണ്ടു മുറുക്കി ഉടുത്തിട്ടാണ്, വലിയ പരിമിതികളിൽ ഞെരുക്കപ്പെട്ടിട്ടാണ് ആ ത്മഹത്യകളുടെയും പട്ടിണിയുടെയും ഉരുൾപൊട്ടലുകളെ കേരളം പ്രതിരോധിച്ചുകൊണ്ടിരിക്കുന്നതു. ആ പ്രതിരോധത്തിൽ ലോകമെമ്പാടുമുള്ള എല്ലാ സാധാരണക്കാരുടെയും കണ്ണീരിന്റെയും ചോരയുടെയും വിയർപ്പിന്റെയും നനവുണ്ട്. അതിൽ നിന്നാണ് അപ്പം ഉണ്ടായി വന്നത്. അതിന്റെ കുഴി എണ്ണണ്ട എന്ന് വിജിലൻസിനോടോ എൻഫോഴ്‌സ്‌മെന്റിനോടൊ മോദിയോടൊ നീ പറയ്; കരിമണലിൽ നിന്ന് നാണയ മിന്റിങ് നടത്തി അത് ബാങ്ക് അക്കൗണ്ടിലേക്കു തള്ളിക്കയറ്റുന്ന വിദ്യ കൊണ്ട് ലോകം അടക്കി വാഴാമെന്നു കരുതുന്ന കമ്മട്ടക്കാരൻ അയാളുടെ അടിമയ്ക്കു, പ്രതിമാസം ഒരു ലക്ഷം വേതനം സൗജന്യ ഭക്ഷണത്തുക നിശ്ചയിച്ചു തസ്തിക അനുവദിക്കുന്നതു കൊണ്ടല്ല ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ തന്നെകറങ്ങുന്നതു; പക്ഷെ ജനങ്ങളോട് നീയൊക്കെ അപ്പം തന്നാൽ മതി കുഴി എണ്ണണ്ട എന്ന് പറയാൻ വാഴപ്പിണ്ടി റിപ്പബ്ലക്കിന്റെ, നായക സ്ഥാനത്തിരിക്കുന്ന കിളിപോയ കാരണഭൂതന്റെ ശേവുകക്കാരന് എന്ത് അവകാശം? വെറുതെ വീട്ടിൽ തിന്നു കൊണ്ടിരിക്കുന്നതിനു അനുവദിച്ചുകിട്ടിയ വിശേഷാൽ തസ്തികകയ്ക്കു പ്രതിമാസം ലക്ഷത്തിനുമപ്പുറം വേതനം ലഭിക്കുമ്പോൾ അത് അപ്പമല്ല ചാണകമാണ് എന്ന് തിരിച്ചറിയാൻ ഇനിയും, ഇയാൾക്കു കഴിയുന്നില്ല എന്നു കാണുമ്പോഴാണ് നരനായിങ്ങനെ ജനിച്ചതു നരക വാരിധി നടുവിൽ ആണോ എന്ന് നാം ഉൽക്കണ്ഠപ്പെടുന്നത്

കണ്ണകി പറയുന്നത്:

ഒരു ആൾക്ക് അസ്വാഭാവിക മരണം സംഭവിച്ചാൽ. അത് കൈകാര്യം ചെയ്യുന്ന പോലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ കൃത്രിമങ്ങളുണ്ട് എന്ന് ബോധ്യമുള്ള കുടുംബത്തിന് അതിന്മേൽ പരാതി ഉന്നയിക്കാനും പരാതി പരിഹരിക്കുന്നതിന്‌ കോടതിയെ സമീപിക്കാനും സ്വാഭാവികമായ അവകാശമുണ്ട്. അവരുടെ ദുഖങ്ങൾക്കുമേൽ ആശങ്കകൾക്കും മേൽ തർക്കം ഉന്നയിക്കാൻ ഗവണ്മെന്റിനു അവകാശമില്ല. പോലിസ് എല്ലായിടങ്ങളിലുമെന്നപോലെ ഇവിടെയും കുറ്റമറ്റരീതിയിൽ പ്രവൃത്തിക്കുന്നുണ്ട് പറയാൻ ആഭ്യന്തരവകുപ്പു കൈകാര്യംചെയ്യുന്ന പി. ശശിപോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. നവീൻബാബുവിന്റെ മരണവാർത്ത പുറത്തു വരുന്നതിനു മുൻപ് ഭരണ കക്ഷി നേതാവ്, യാത്ര അയപ്പ് സമ്മേളനത്തിൽ ഇടിച്ചുകയറി ബാബുവിനെ നന്നായി ഒന്ന് ചേർത്ത് നിർത്തിയതാണ്…. പിന്നീട് ജീവനറ്റു കിടക്കുന്ന നവീൻ ബാബുവിന്റെ ഉടലിനെ, വിവരമറിഞ്ഞെത്തിയ ഭരണ കക്ഷി സഖാക്കൾ അഹമഹമികയാ കുതിച്ചു വന്നു നെഞ്ചോട് ചേർത്ത് നിർത്തി; പോസ്റ്മോർട്ടം ടേബിളിലും ബാബുവിന്റെ ഉടലിനെ നെഞ്ചോട് ചേർത്ത് നിർത്തിയിട്ടാണ് എല്ലാം ഭദ്രമായി ചെയ്തു തീർത്തിട്ടുണ്ട് എന്നുള്ളവിവരം പത്തനംതിട്ടയ്ക്കു കൈമാറിയത്. പത്തനംതിട്ട സഖാക്കൾ മറ്റൊരു ചേർത്ത് നിർത്തലിന്റെ കണ്ണീർ പന്തലിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവിനെ സ്വീകരിച്ചിരുത്തി ഈ ചേർത്ത് നിർത്തൽ ധൃതരാഷ്ട്രരെ അതിശയിപ്പിക്കുന്ന ഭീകരാനുഭവമായിത്തുടരുമ്പോഴാണ് ബാബുവിന്റെ ആത്മഹത്യ ഒരു പെരും നുണയാണെന്നു മഞ്ജുഷ ബാബുവിന് ഉറപ്പായത്.

യാതൊരു കാരണവശാലും അനുമതിനൽകാൻ പാടില്ലാത്ത വ്യാജരേഖകളുടെ പിൻബലത്തിൽ, സ്വന്തം പേര് പോലും എന്തെന്ന് നിശ്ചയമില്ലാത്ത, മണിക്കൂറ് മണിക്കൂറിനു സ്വന്തം കൈയൊപ്പ് മാറിക്കൊണ്ടിരിക്കുന്ന ഒരുവന്റെ അധോലോക വ്യാപാരത്തിനു കൈയൊപ്പ്‌ വച്ച് കൊടുത്തില്ലെങ്കിൽ നശിപ്പിച്ചു കളയും എന്നൊരു ഭീഷണിക്കുവഴങ്ങി കള്ള പ്രമാണ രേഖകൾക്കു താഴെ അനുമതി സാക്ഷ്യം നൽകാൻ നിർബന്ധിതമായ ന്യായ ബോധമുള്ള ഒരു സർക്കാർ ജീവനക്കാരന്റെ മാനസിക സമ്മർദ്ദം, മനുഷ്യ ഹൃദയ പരിചയമുള്ളവർക്ക് മനസ്സിലാക്കാവുന്നതാണ് . ഇരട്ടചങ്കും ഊരിപ്പിടിച്ച വാളുകളുടെ സിരാ വ്യൂഹവുമുള്ള ഒരു ഭരണസ്ഥാപനത്തിനു അഴിമതി നടത്തിയെടുക്കാൻ കൂട്ട് നിന്നില്ലെങ്കിൽ കൈകൂലികേസിൽ പെടുത്തി അവമാനിക്കുമെമെന്നോ, പെൺ കേസിൽ പെടുത്തുമെന്നോ, കൊല്ലുമെന്ന് തന്നെയോ ഉള്ള ഒരു ഭീഷണിയുടെ വാൾമുനത്തുമ്പിലായിരുന്നു ബാബുവിന്റെ ജീവൻ. ഭീഷണികൊണ്ടു ബാബുവിനെ തകർക്കാൻ ശ്രമിക്കുന്ന വമ്പന്മാരുടെ തലയോടുകൾപിളർക്കാൻ കഴിയുന്ന രേഖകൾ ബാബുവിന്റെ കൈയിലുണ്ടാവുമെന്ന ഭയമാവാം, ബാബുവിനെ അസ്വാഭാവികമരണത്തിന്റെ ഇരയാക്കിമാറ്റിയതു. ആത്മഹത്യ ചെയ്ത ആളുടെ ഉടയോർ സ്ഥലത്തെത്തുന്നതിനു മുന്പു മൃത ശരീരത്തിനു മേൽ യാതൊരു സ്വകാര്യ അവകാശമോ വൈകാരിക അവകാശമോ ഇല്ലാത്തവർചേർന്നു സ്ഥാപിതനടപടിക്രമങ്ങൾ ലംഘിച്ചു കൊണ്ട് മിന്നൽവേഗത്തിൽ പോസ്റ് മോർടെം നടത്തിയതിന്മേൽ മരണപ്പെട്ടയാളുടെ കുടുംബം വ്യക്തമായി പരാതി ഉന്നയിക്കുമ്പോഴും ന്യായത്തിന്റെ കാതുകൾ ബധിരമാണെന്നുറപ്പിച്ചു കൊണ്ടു കൊലപാതക സഹവർത്തിയായ പൊലീസിന് ഹസ്തദാനം ചെയ്യുന്ന വിധികർത്താവിന്റെ ദൈന്യത കണ്ടിട്ടാവാം കർത്താവിന്റെ മരണം എന്നൊരു വിവാദം ചരിത്രത്തിൽ രൂപംകൊണ്ടത്! നീതിന്യായ സ്ഥാനത്തിരിക്കുന്നവരും സാധു മനുഷ്യരാണ്. അധികാര സ്ഥാപനത്തിന്റെ ദണ്ഡനങ്ങൾക്ക് വിധേയമാവാത്ത സ്വച്ഛന്ദ മൃത്യു ആഗ്രഹിക്കുന്ന ഒരുന്യായവിധികർത്താവും ഊരിപ്പിടിച്ച വാളുകളുടെ സിരാകൂടമുള്ള ഭരണ ചക്ര താല്പര്യത്തിനെതിരെ വിധിയെഴുതുകയില്ലെങ്കിലും അരി ആഹാരം കഴിക്കുന്നതോ അല്ലാത്തതോ ആയ ശരാശരി മനുഷ്യന്റെ സാമാന്യബുദ്ധിക്ക് യുക്തികൊണ്ട് ഉൾക്കൊള്ളാനാവാത്ത കരാളമായ ദുരൂഹതയുടെ സാമർഥ്യം ബാബുവിന്റെ ഉടലിനു ലഭിച്ച മരണാനന്തര ശുശ്രൂഷയിൽ പതിഞ്ഞു കിടപ്പുണ്ട്. മരണമടഞ്ഞത് എന്റെ ഹൃദയത്തിന്റെ പകുതിയും എന്റെ കുഞ്ഞുങ്ങളുടെ സ്നേഹവുമാണ് എന്നത് കൊണ്ട് എന്റെ ന്യായമായ സംശയങ്ങൾക്കു പരിഹാരമുണ്ടാവണം എന്ന് ആവശ്യപ്പെടുന്നത് വിഫലമാണ് എന്ന് വന്നാൽപ്പോലും ഞാൻ അത് ചോദിച്ചുകൊണ്ടിരിക്കും എന്നത് സ്ത്രീയുടെ നിശ്ചയ ദാർഢ്യമാണ്; ചെയ്യാത്ത കുറ്റത്തിനു എന്റെജീവിത പങ്കാളിക്ക് നിങ്ങൾ ശിക്ഷ വിധിച്ചുവെങ്കിൽ എന്റെ മാറു മുറിഞ്ഞചോരകൊണ്ട് ഞാൻ പൊരുതുമെന്നും അത് നിങ്ങളുടെ പുരകൾക്കും പുരങ്ങൾക്കും തീ കൊളുത്തുമെന്നും കണ്ണകി പറഞ്ഞിരുന്നു. ഒരു നഗരത്തിൽ ഒരു രാത്രി ഒരു അനീതി സംഭവിച്ചാൽ പിറ്റേന്നു പുലർച്ചയ്‌ക്ക്‌ മുൻപ് നഗരം വെന്തു വീണിരിക്കണം എന്ന് മലമുനമ്പിലെ കൊട്ടാരത്തിലെ യന്ത്രക്കോവണിയും കാലിത്തൊഴുത്തിലും നീന്തൽക്കുളവും കത്തിച്ചാമ്പലാവണമെന്നു പറഞ്ഞത്‌ ബെർതോൾഡ് ബ്രെക്ത് ആണ്.

സ്വാമിയേ ! സ്വർണ്ണമയ്യപ്പാ!!

അയ്യപ്പൻ കാട്ടിൽ വളർന്ന, മാതാപിതാക്കന്മാർ ആരെന്നറിയാത്ത ഒരു യുവാവായിരുന്നു. വിഷ്ണുവിന് മോഹിനിയായായി മാറാൻ ശസ്ത്രക്രിയ ആവശ്യമില്ലാതിരുന്നകാലത്തു,സ്വയം ഒരു ട്രാൻസ് ജൻഡർ ആകുന്നതു എങ്ങനെ എന്നതിന് ലോകത്തിനു മാതൃക കാണിച്ചതിന്റെ ഉല്പന്നമായിരുന്നു അയ്യപ്പൻ എന്നാണ് ദൈവജ്ഞ മതം. മതം ഒരിക്കലും മിസ് ജൻഡറിങ്ങിനു എതിരുനിന്നിട്ടില്ല എന്ന് മാത്രവുമല്ല അങ്ങനെ ഒരു മിസ് ജൻഡറിങ്ങിനു വിഷ്ണു തയ്യാറായിരുന്നില്ല എങ്കിൽ സുരലോകം നാമാവശേഷമാകുമായിരുന്നുവെന്നു മഹാപുരാണം പറയുമ്പോൾ എലോൺ മസ്ക് മിസ് ജൻഡറിങ്ങിന്റെ ലോക-വിനാശ- രക്ഷകളുടെ തീസിസ് വൈഷ്ണവ വീര ചരിതം രണ്ടാം വാല്യത്തിൽ നിന്ന് അടിച്ചുമാറ്റിയതാണ് എന്ന് സസ്യാഹാരം കഴിച്ചിട്ടുള്ള ആരുംതന്നെനിഷേധിക്കാനിടയില്ല. മതം എക്കാലവും ട്രാൻസ്ജെൻഡറുകളെ ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ എന്നതിനുള്ള അലംഘനീയമായ തെളിവും വിഷ്ണുവിന്റെ മോഹിനീപ്രവേശത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്; മോഹിനിയാട്ടം എന്ന കേരളീയ തനതു നൃത്തകല തന്നെ രൂപം കൊണ്ടത് ഈ മഹാസംഭവത്തിൽനിന്നാണ്

ആഗോള അയ്യപ്പഭക്തിസംഗമത്തിൽ പങ്കെടുത്ത എല്ലാ നിക്ഷേപകർക്കും ഭക്തി ഒരു വ്യാവസായിക നിക്ഷേപമാണെന്നു ബോധ്യപ്പെട്ടത് ഒരു ആഗോള വിദ്യാഭ്യാസ നിക്ഷേപകനും കവിയുമായ വെള്ളാപ്പള്ളി നടേശൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ഒരുശിങ്കിടിയുടെ അകമ്പടിയോടെ നിക്ഷേപക സദസ്സിനു മുൻപിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്… വാഴക്കുല എന്നമഹാകാവ്യമെഴുതിയതു വെള്ളാപ്പാള്ളി നടേശനാണ് എന്നും അതല്ല വൈലോപ്പിള്ളി ഭാസ്കരമേനോനാണെന്നും ഒരു തർക്കമിപ്പോഴും പാർട്ടി സഖാക്കൾക്കിടയിലുണ്ട് . തർക്കം മൂർച്ഛിച്ചു പാർട്ടി രണ്ടായി പിളരുന്നതിനുമുന്പ് എന്റെ പാർട്ടി ഉടലോടെ ബിജെപി യിൽ ലയിക്കുന്നതാണ് എന്നുഉറപ്പുനൽകുവാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു….. ശിങ്കിടി, സ്വാഗത പ്രസംഗത്തിൽപറഞ്ഞു. ഉദ്യോഗാർത്ഥികൾ ആരെക്കണ്ടാലുംഅവരുടെ സങ്കടമാരറിവൂ എന്ന പ്രശ്നം ജ്ഞാനദൃഷ്ടിയാൽ പരിഹരിച്ചു വത്സാ ഒരുപോസ്റ്റിനു ഒരുകോടി രൂപ. സംഭാവനായയായി നല്കിക്കൊള്ളൂ എന്നുപദേശിക്കുന്ന വിദ്യാഭ്യാസവ്യാപാരിവ്യവസായിയായ വെള്ളാപ്പള്ളി നടേശൻ ആകുന്നു നമ്മുടെനാവോത്ഥാന നായകൻ. പണം എവിടെയുണ്ടോ അവിടെനടേശനുണ്ട് എന്ന മഹദ്‌വചനം ഇന്ന് ലോകമാകെയുള്ള തസ്‌കര പ്രമാണിമാരെ നടേശ ഗുരുവിന്റെ പാദപൂജയ്ക്കു പ്രാപ്തരാക്കിയിരിക്കുന്നു. ശബരിമല ഒരു സ്വർണ്ണ ഖനി ആയിരിക്കെ വഴിപാടു ഭക്തന്മാർക്ക് ഗതാഗത സൗഖ്യത്തിനായികാണിച്ചുകുളങ്ങരയിൽ ഒരു ശബരിമല ശാഖ നിർമ്മിക്കുവാനുള്ളസ്ഥലവും കെട്ടിടവും നവോത്ഥാന നായകനായ നടേശ ഗുരു ഇതിനകം വാഗ്ദാനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ഈ യുഗത്തിൽ ഒരു അയ്യപ്പപ്പഭക്ത ജന ശാഖ പെരുന്നയിൽക്കൂടി ആരംഭിക്കാവുന്നതാണ് എന്നൊരു നിർദ്ദേശവും നടേശ ഗുരു മുന്നോട്ടു വച്ചിട്ടുണ്ട്. പെരുന്നയിലെ നായരും നവോത്ഥാന നായകതസ്തികയിൽ ഇപ്പോഴും വിലസുന്നമറ്റൊരു മഹാഗുരു ആണല്ലോ.

ഈ നിക്ഷേപക സംഗമത്തിൽ ഉയർന്നു വരുന്ന മറ്റൊരു സങ്കീർണ്ണ പ്രശ്നം 18നും 60നും ഇടയ്ക്കുള്ള സ്ത്രീകളുടെ അയ്യപ്പ സന്നിധി പ്രവേശമാണ്. ഈയിടെ യുവാവായ ഒരു രാഷ്ട്രീയ നേതാവിന് പോലീസ് നൽകിയ കുറ്റാനുഭവ പത്രികയിൽ പറയുന്നത് താങ്കൾക്ക് പതിനെട്ടിനും അറുപതിനും ഇടയ്ക്കുള്ള ഏതൊരു സ്ത്രീയുടെയും ദർശനം അനുഭവിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് നിയമം അനുശാസിക്കുന്നതിനാൽ ആഗണത്തിൽപ്പെട്ട ഏതൊരു സ്ത്രീയാണ് ക്രമ സമാധാന പ്രശ്നമുണ്ടാക്കിയത് എന്ന് നമ്മുടെ പോലീസ് ജാഗരൂകമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. മുൻപറഞ്ഞ രാഷ്ട്രീയ നേതാവിന് അറുപതിനും പതിനെട്ടിനും ഇടയ്ക്കുള്ള സ്ത്രീകളുടെ ദർശനം ഭരണഘടന ഉറപ്പു പറയുമ്പോൾ അതെ ഭരണഘടന ഉറപ്പു പറയുന്ന സ്ത്രീ ദർശനാവകാശം പമ്പാവാസിയും കാനനവാസനും ആയ അയ്യപ്പന് നിഷേധിക്കുന്നത് അയ്യപ്പൻ ആദിവാസിഗോത്രക്കാരനായതുകൊണ്ടാണോ?

അഥവാ വെള്ളാപ്പള്ളി ശിങ്കിടിയായ ഞാൻ നയിക്കുന്ന പാർട്ടി ബിജെപി യിൽ ലയിക്കുകയും ബിജെപി നിലവിലുള്ള കേരള പാർട്ടി ഘടകത്തെ പിരിച്ചയച്ചു എന്റെ പാർട്ടിയെ ബി.ജെ.പി.യുടെ കേരളാഘടകമായിപ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുൻപ് ഒരു പാർട്ടിസമ്മേളനം കൂടി ആവശ്യമായിവന്നാൽ, ആ സമ്മേളനം ആരംഭിക്കുന്നത്, ഉണരുണരുവിൻ പട്ടിണിയുടെ തടവുകാരെ നമ്മൾ എന്ന് തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് അന്തർദ്ദേശീയ ഗാനത്തിന്റെ സ്ഥാനത്തു ഹരിവരാസനം വിശ്വമോഹനം എന്ന ഗാനത്തോടെ ആയിരിക്കും.

”എന്ന് മുഷ്ടിചുരുട്ടി വിളിച്ച ശേഷം ശിങ്കിടി സദസ്സിലേക്കുനോക്കുമ്പോൾ ഒഴിഞ്ഞ കസേരകളുടെ മായാജാലം! ഇതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന അയ്യപ്പ ഭക്തിഗാനമാലപിച്ചു കൊണ്ടു ഗോവിന്ദൻ മാഷ് പ്രവേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *