
എഡിറ്റർ : എസ്. സുധീഷ്
സിദ്ധാന്തഘട്ടം എന്ന വാണിജ്യ വരട്ടുതത്വ ചിന്താഘട്ടം

പാശ്ചാത്യസൗന്ദര്യ ശാസ്ത്ര ചിന്ത, സ്വാഭാവികമായും സാഹിത്യകൃതികളുടെപഠനത്തിൽ നിന്ന് നിർദ്ധാരണം ചെയ്ത സിദ്ധാന്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് കലയുടെ മൂല്യത്തെപ്പറ്റി ഗൗരവപൂർണമായ ബോധ്യങ്ങൾ സൗന്ദര്യശാസ്ത്ര പഠിതാക്കൾക്ക് നൽകിയിട്ടുണ്ട്.എന്താണ് കല എന്നും എന്തായിരുന്നു കല എന്നും എന്തായിരിക്കണം കല എന്നും കണ്ടെത്തുന്നതിന് ആധാരമായിട്ടുള്ള പദാർത്ഥം കലാകൃതികൾ തന്നെയായിരുന്നു .കലാകൃതികളുടെ പഠനത്തിൽ നിന്നാണ് കലാസിദ്ധാന്തങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടതു.പക്ഷെ 1980 കൾകഴിഞ്ഞുഒരുദശകമെത്തുമ്പോഴേക്കും കലാ കൃതികളെ പിന്തള്ളിക്കൊണ്ടു കലാ തത്വചിന്തകന്മാരുടെപടയിളക്കമുണ്ടാവുകയും കലാ കൃതികളുടെ സാന്നിധ്യത്തെ അപ്രസക്തമാക്കുമാറ് പുതുപുത്തൻസൗന്ദര്യതത്വചിന്താപ്രബന്ധങ്ങളും അവയുടെ അനുബന്ധ- പ്രതിവ്യവഹാരങ്ങളും കലാരചനാ മേഖലയിൽ കൃത്യമായ അധിനിവേശം സ്ഥാപിച്ചെടുക്കുകയുംചെയ്തു; വ്യക്തമായും ഒരേ കൊളോണിയൽ സാമ്പത്തികരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റു താൽപര്യങ്ങൾക്കു ആശയവാദപ്രൗഢമായ പ്രച്ഛന്നങ്ങൾ നിർമ്മിക്കുക എന്ന ദൗത്യമാണ് ഈ തത്വചിന്താ വിസ്ഫോടനത്തിന്റെ വക്താക്കൾനിർവഹിച്ചതു.
സാമ്പ്രദായിക സാഹിത്യ ചരിത്ര രചനയിൽ ഓരോകാലഘട്ടത്തിലെയും എഴുത്തുകാരെയും ചരിത്രകാരൻ അതാതുകാലത്തെ സാഹിത്യവരേണ്യതാ സങ്കല്പങ്ങൾകൊണ്ട് നിർമിച്ച ഒരു അധികാര ശ്രേണിയിൽ സ്ഥാപിക്കുകയും സാഹിത്യപ്രവണതകളെയും പ്രസ്ഥാനങ്ങളെയും കുറിച്ചുള്ളവിവരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. സാഹിത്യത്തിൽ സംഭൃതമായിരിക്കുന്ന മനുഷ്യചരിത്രത്തിന്റെ പരിണാമഗതികളെ സ്പർശിക്കാതെ ഓരോകാലഘട്ടത്തിന്റെയും അധികാരവ്യവസ്ഥകൾ സാഹിത്യ കാരന്മാർക്കും പ്രസ്ഥാനങ്ങൾക്കും അനുവദിച്ചു കൊടുത്തിട്ടുള്ള പ്രമാണികതയുടെ സ്ഥിതിവിവരക്കണക്കും സാഹിത്യത്തിന്റെ ഗുണമൂല്യ മാന ദണ്ഡങ്ങൾ കാലാകാലങ്ങളിൽ എന്തായിരുന്നുവെന്നുമുള്ളവിവരണവും അതിലുണ്ടാവും. സാധാരണഗതിയിൽ സ്വത്വ –person- പ്രധാനമായ ചരിത്ര നിർമ്മിതിയിലുള്ള പരാധീനതകൾ അതിലുണ്ടാവും ഉദാഹരണത്തിന് അക്ബറിന്റെ ഭരണ കാലത്തിനു ആധാരം അക്ബർതന്നെയാവും. ജനങ്ങളോസമൂഹമോ അതിലുണ്ടാവണമെന്നില്ല മറിച്ചു ഒരു എഴുത്തു കാരനെ മുൻ നിറുത്തി സാഹിത്യ ചരിത്രമെഴുതുമ്പോൾ അയാളുടെ രചനകളിൽ സമൂഹവും ജനങ്ങളും നീതിനിയമങ്ങളും വിമർശനാത്മകമായി പ്രസാധനം ചെയ്യപ്പെടണം, എഴുത്തുകാരൻ അയാളുടെ കാലത്തെ അധികാരവ്യവസ്ഥയോടും മുൻകാല വ്യവസ്ഥക ളോടും എങ്ങനെ പ്രതികരിക്കുന്നു എന്നിങ്ങനെയുള്ള വാസ്തവിക ഭാവനകളുണ്ടാവണം; കർത്താവ് സാഹിത്യത്തിൽ അടയാളം ചെയ്യപ്പെടുന്നത് അങ്ങനെയുമാവാം .എന്നാൽ ശുദ്ധമനസ്സോടെ സാഹിത്യ ചരിത്രമെഴുതുന്നവർക്കു എന്താണ് ചരിത്രമെന്നതിനെപ്പറ്റി വ്യക്തതയില്ല; വീരസാഹസികരായ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും രാഷ്ട്രീയ ഭരണകർത്താക്കളുടെയും ചെയ്തികളാണ് ചരിത്രം എന്ന ചരിത്ര കല്പനാ രീതിയെ സാഹിത്യ രംഗത്തേക്ക് ചോർത്തിയെടുക്കുകയാണ് അവർ ചെയ്യുന്നതു. അതാണ് സാഹിത്യ ചരിത്രനിർമ്മാണത്തിലെ സാമാന്യ നടപടിക്രമം; ഒരു രചന ഒരു ഉത്പന്നം എന്ന നിലയിൽ ചരക്കുവൽക്കരിക്കപ്പെട്ടുവിപണിയിലെത്തുമ്പോൾ അതിനു ലഭിക്കുന്ന വാണിജ്യ മൂല്യത്തെയും ജനപ്രീതിയെയും നിയന്ത്രിക്കുന്ന ഘടകങ്ങൾ നമ്മുടെ തത്വചിന്തകന്മാരുടെ പ്രശ്നമേ അല്ല; ധനകാര്യമൂലധനം എങ്ങനെയാണ് സാഹിത്യവിപണിയെ അമ്മാനമാടുന്നതു എന്ന വസ്തുത പ്രസക്തമേ അല്ല; പുസ്തകമുതലാളി പ്രത്യക്ഷതാ ദൈവം എന്നൊരവസ്ഥയിൽ എഴുത്തുകാരൻ എത്തുന്നു .വേണ്ടാചരക്കുകൾ വായനക്കാരനെക്കൊണ്ട് തീറ്റിക്കുകയും പ്രചാരമാണ് ചരിത്രമല്ല രചനയുടെ മൂല്യം എന്നൊരു വിധിന്യായം അംഗീകരിക്കപ്പെടുകയും ചെയ്യുന്നു
ഇപ്പോൾ സാഹിത്യ ചരിത്രമെഴുതുന്ന ശുദ്ധബുദ്ധികൾ തമസ്കരിക്കാനാഗ്രഹിക്കുന്ന ഒരു വസ്തുത ശുദ്ധ സാഹിത്യവാദത്തിന്റെ മരണമാണ്. കെ. പി. അപ്പൻ സാറും മറ്റും ആധുനികത എന്ന സംപ്രത്യയത്തിന്റെ മറവിൽ ആഘോഷിച്ചത് സാഹിത്യ ബാഹ്യേതരമായ ഘടകങ്ങളെ ഒന്നിനെയും സാഹിത്യമൂല്യനിർണ്ണയത്തിൽ പരിഗണിക്കേണ്ടതില്ല എന്ന വാദമാണ്; പാശ്ചാത്യ കാല്പനികതാവാദത്തെ ശുദ്ധ സാഹിത്യ വാദത്തിൽ കൊണ്ട് ചെന്ന് തൊടീക്കാൻ പാശ്ചാത്യനാടുകളിൽ ചില ദുർബ്ബല ശ്രമങ്ങൾ നടന്നുവെങ്കിലും കാൽപാനികതാപ്രസ്ഥാനം പൊള്ളുന്ന രാഷ്ട്രീയ വിപ്ലവത്തിന്റെ പടിഞ്ഞാറൻ കാറ്റായിരുന്നുവെന്നു ഷെല്ലിയും, കുയിലും പ്രകൃതിയും ഈശ്വരനുമെല്ലാം ഗ്രാമീണ മനുഷ്യന്റെ പച്ചയായ ഹൃദയത്തിലേക്കുള്ള നാട്ടു ഭാഷാവരമ്പുകളാണെന്നു വേർഡ്സ്വർത്തും വിശന്നു കറുത്ത പുകക്കുഴലിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന നിഷേധമാണ് കവിത എന്ന് നെഞ്ചു കീറുന്ന ഭാഷയിൽ ഭാഷയിൽ എഴുതിപ്പിടിപ്പിച്ച വില്യം ബ്ലേയ്ക്കും സ്ഥാപിച്ചെടുത്തിട്ടുണ്ട് .യവന ചഷകത്തിനു സ്തുതിഗീതാമെഴുതിയ കീറ്റ്സ് തന്നെയാണ് ,വെന്തുമുറിഞ്ഞ ഹൃദയവുമായി രാപ്പാടിയോടു സംവദിച്ച കീറ്റ്സ് തന്നെയാണ് സാഹിത്യത്തിന്റെയും ജീവിതത്തിന്റെയും രാത്രികാലവും സന്ദേഹ സംഭ്രാന്തികളും ഉദ്വിഗ്നതകളും അറിയുവാനുള്ള കഴിവാണ് മഹത്തായ കവിത എന്നുപറഞ്ഞവച്ചിട്ടു കവി നരകത്തീയുടെ അനുഭവസാക്ഷ്യമാണെന്നു സിദ്ധാന്തിച്ചതു; കീറ്റ്സിന്റെ വിവക്ഷയിലുള്ള ജീവിതത്തിന്റെ രാത്രികാലം—നൈറ്റ് സൈഡ് ഓഫ് ലൈഫ് – തന്നെയാണ് ആധുനികതയുടെ മഹാമൃത്യു കാലത്തു ഭയാനകമായ പ്രക്ഷോഭമായി പടർന്നിറങ്ങുന്നതു. യേശുവിന്റെ ചരിത്രം ക്ഷോഭത്തിന്റെ ചരിത്രമല്ല പ്രക്ഷോഭത്തിന്റെ ചരിത്രമായിരുന്നു എന്നതുപോലെ ആധുനികതയുടെ ചരിത്രവും ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ചരിത്രമായിരുന്നുവെന്നാണ് ആന്ദ്രേ ബ്രെട്ടനും പാബ്ലൊപിക്കാസോയും പറയുന്നത്
കാല്പനികതയ്ക്കു സമാനമായ സ്ഫോടനാത്മകമായ രാഷ്ട്രീയം ആധുനികതയ്ക്കുമുണ്ടായിരുന്നു. സാഹിത്യബാഹ്യമായ യാതൊന്നിനെയും കമ്പുകൊണ്ടു പോലും തൊടുകയില്ല എന്ന് നിഷ്കർഷിച്ച അരാഷ്ട്രീയതാ വാദം മൂടോടെ പിഴുതെറിഞ്ഞിട്ടു വർഗ്ഗരാഷ്ട്രീയേതരമായ ആശയവാദ പ്രദർശനങ്ങളുമായാണ് ഉത്തരാധുനികതയുടെ കാലത്തു സാഹിത്യത്തിൽ താത്വിക-ഘട്ടം–Theory Phase-വിടർന്നു വരുന്നത്;
(മലയാളത്തിലെ pseudo ആധുനികതയിൽ സംഭവിച്ച ഫലിതം സച്ചിദാനന്ദനും ശങ്കരപ്പിള്ളയുമൊക്കെ നേതൃത്വംകൊടുത്ത കമ്മ്യൂണിസ്റ് തീവ്രവാദമായിരുന്നു …….അന്ന് മലയാളത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് മധ്യവർഗ ജനകീയ ബോധത്തെ നേരിടാൻ മാതൃ സംഭോഗമുൾപ്പടെയുള്ള അരാജക വിദ്യകളും നിശ്ശൂന്യതവാദവുമൊക്കെ ആടിത്തിമിർത്ത നീഷെമാർ നിന്ന നില്പിനു് ചിറ്റമ്മയുടെ പുടവയ്ക്കുള്ളിൽ നിന്ന് തീവ്രവിപ്ലവമായി പൊട്ടിത്തെറിക്കുകയായിരുന്നു. അനുകരണത്തിനു കണ്ടിന്യൂയിറ്റി നഷ്ടപ്പെട്ടു പോവുന്ന ഒരു പ്രതിചരിത്ര വിഭ്രമമല്ല മറിച്ചു, ആരാണ് മലയാളത്തിലെ എഴുത്തുകാരൻ എന്ന് തീരുമാനം പറയാൻ നിയുക്തനായ സാഹിത്യ ഡോൺ ആയിരുന്ന എം. ഗോവിന്ദന്റേയും ഫോർഡ് ഫൗണ്ടേഷന്റെയും കീശ മലയാളത്തിന് നിർമിച്ചുകൊടുത്ത കുരിശിന്റെ വഴി ആയിരുന്നു അത്…pseudo. ആധുനികതയ്ക്ക് അകാലചരമം സംഭവിച്ചു കഴിഞ്ഞപ്പോൾ സോഷ്യലിസ്റ്റ് മധ്യവർഗ സമൂഹത്തിൽ ജനകീയ ഇടതു പക്ഷവിരുദ്ധമായ സാഹിത്യം നിലനിർത്താൻവേണ്ടിയാണ് ഇടതുപക്ഷതീവ്ര വാദത്തിന്റെ ഉണ്ടയില്ലാത്ത സാഹിത്യ വെടി മുഴങ്ങിയതു. രാഷ്ട്രീയത്തെ അതിപുച്ഛത്തോടെ നോക്കിക്കണ്ട സർവ്വപുച്ഛ സന്ത്രാസികളായ വിജയനും സക്കറിയയും തീവ്രവാദത്തിലൊന്നും കാൽ വയ്ക്കാതെ കമ്മ്യൂണിസ്റ്റ് അധിക്ഷേപത്തിന് തുനിഞ്ഞിറങ്ങുമ്പോൾ അവർക്കും ഫോർഡ് -ഗോവിന്ദൻ രാഷ്ട്രീയത്തിൽ അഭയ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. രാഷ്ട്രീയം തൊട്ടുകൂട്ടുകയോ സാഹിത്യേതരമായ യാതൊന്നുമായി സംസർഗ്ഗപ്പെടുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്ത ആധുനികതയുടെ അരാജകവന്യതയിൽ നിന്ന് സോഷ്യലിസ്റ്റ് ജനകീയ രാഷ്ട്രീയത്തിനെതിരെ പരസ്യമായ ആക്രമണമുണ്ടാവുന്നതും ഇവിടെ നാം കാണുന്നു-ജോർജ് ഓർവെല്ലും സ്റ്റീഫൻ സ്പെൻഡറുംഒക്ടേവിയ പാസും മിലൻ കുന്ദേരയുമെല്ലാം കമ്മ്യൂണിസ്റ് ഭരണക്രമത്തിലെ ദാരുണ പീഡനങ്ങളെ തീക്ഷ്ണമായി വിമർശിച്ചത് ഫോർഡ് ഫൗണ്ടേഷന്റെ ചായ ക്കാശിന് വേണ്ടിയല്ല എൻകൗണ്ടറിന് CIA-ഫൈനാൻസിങ് ഉണ്ടെന്നറിഞ്ഞ മാത്രയിൽ പത്രാധിപച്ചുമതല വലിച്ചെറിഞ്ഞു പോയ സ്പെൻഡറുടെ കഥ ഓർക്കുക ;കമ്മ്യൂണിസത്തിൽ നിന്ന് അധികാര സ്ഥാപനങ്ങളുണ്ടായി വന്നപ്പോൾ അവിടെയും ജനവിരുദ്ധതയുടെ ക്രൂര പീഡനങ്ങൾ കണ്ടു നിഷേധത്തിന്റെ ഭാഷ സംസാരിച്ച പാശ്ചാത്യ എഴുത്തുകാരുടെ മിമിക്രി പോലുമാവുന്നില്ല വിജയനും സക്കറിയയും മറ്റു ഗോവിന്ദമാർഗ്ഗികളും)
തിയറി ഘട്ടത്തിന്റെ ആരംഭം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സുസ്സൂർ അവതരിപ്പിയ്ക്കുന്ന ചില ഭാഷാ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഘടനാവാദത്തിൽ നിന്നാണ്. ഭാഷ സ്വതന്ത്രമായി അർഥങ്ങൾനിര്മിക്കുന്നുവെന്നും ഭൗതിക വസ്തുക്കളും മനുഷ്യമനസ്സും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ നിന്നല്ല അർഥം ജനിക്കുന്നതുമെന്നുള്ള മര മണ്ടൻ ആശയവാദമാണ് സുസ്സൂർ മുന്നോട്ടു വക്കുന്നത്. ഭൗതിക പദാർത്ഥം ഒരു വസ്തുവായിത്തീരുന്നത് മനുഷ്യൻ കല്പനചെയ്യുന്ന കാലത്തിന്റെയും സ്ഥലത്തിന്റെയും മാനങ്ങൾ കൊണ്ട് അതിനു ഒരു രൂപമുണ്ടാകു മ്പോഴാണ്…. പദാർത്ഥത്തിൽ നിന്ന് മനുഷ്യൻ നിർമിക്കുന്ന വസ്തു വ്യത്യസ്ത സ്ഥല -കാലങ്ങളുമായി പ്രതിപ്രവർത്തിച്ചുകൊണ്ടു വ്യത്യസ്തമായ അർത്ഥബോധങ്ങൾ നിർമിക്കുന്നു . ഈ അർത്ഥബോധങ്ങൾ സംവേദിക്കുന്നതിനുള്ള കോഡ് കളാണ് .ചിഹ്നങ്ങളാണ് ഭാഷയെ രൂപപ്പെടുത്തുന്നത്.കോഡ്, ചിഹ്നം ഒരു വിശേഷ സമൂഹത്തിനു പൊതുവായുള്ളതാണ് .ഉദാഹരണത്തിന് CAT-ഇംഗ്ലീഷ് സമൂഹം ഒരു മൃഗത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് .മലയാളികൾ അതെ മൃഗത്തെ വിശേഷിപ്പിക്കാൻ പൂച്ച എന്ന ചിഹ്നം ഉപയോഗിക്കുന്നു .അല്ലാതെ ആദിയിൽ പൂച്ച എന്ന ശബ്ദമുണ്ടായി. തുടർന്ന് ആശ്ബ്ദത്തിനു അർഥം ഉൽപാദിച്ചു കൊണ്ട് പൂച്ച എന്നമൃഗമുണ്ടായി എന്നും വാദിക്കാവുന്നതാണ് ! (ആദിയിൽ ഓംകാരവും വചനവുമുണ്ടായി അതിൽ നിന്ന് ഭൗതിക പ്രപഞ്ചമുണ്ടായി എന്ന് ആശയവാദം)…. അശോക ഹോട്ടൽ ഒരു ഹോട്ടൽ ആകുന്നതു അവിടെ അശോക ഹോട്ടൽ എന്നെഴുതിവയ്ക്കുന്നതു കൊണ്ടാണ്. ആ എഴുത്തുമാറ്റി അശോകന്റെ ചെരിപ്പുകട എന്നെഴുതിവച്ചാൽ ആ കെട്ടിടവും അതിനുള്ളിലെ സംവിധാനങ്ങളും നിന്ന നിലയ്ക്ക് ചെരിപ്പുകടയാവും അവിടെ ചെരുപ്പ് വേണമെന്നില്ല;ഇതൊക്കെയാണ് സെൽഡാന്റെ വാദം ;വസ്തുവുമായുള്ള പ്രതിപ്രവർത്തനമല്ല ഭാഷ നിർമിക്കുന്നത് ഭാഷയിൽ നിന്നാണ് ”വസ്തു”ഉണ്ടാവുന്നത് എന്നതാണ് ഇതിന്റെ ചുരുക്കം. ഭാഷാ ചിഹ്നം വസ്തുവിന് മുൻപ് ഉണ്ടാവുന്നു sign /code-precedes object എന്ന പഴഞ്ചരക്കാണ് കാലോചിതമായി പരിഷ്കരിച്ചു പുതിയ കുപ്പിയിൽ വയ്ക്കുന്നത് ;വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഭൗതിക വസ്തുവിന് വരുന്ന പ്രാമാണികതയെ നിരസിക്കുവാനുള്ള പാഴ്വേലയാണ് ഇവിടെ കാണുന്നത് ,ഭൗതിക വസ്തുവിന്റെ ഗുണപരമായ മാറ്റത്തെ അധികാരവ്യവസ്ഥയെ തള്ളുന്ന വിപ്ലവവുമായി താരതമ്യം ചെയ്യുന്ന സിദ്ധാന്തത്തിനെതിരെയുള്ള ഒളിപ്പോരാണ് ഇവിടെ ആരംഭിക്കുന്നതു. മാറ്റം ഭൗതിക വസ്തുവിലല്ല,ആശയത്തിന്റെ മേൽക്കൂരയിലാണ് സംഭവിക്കുന്നത് എന്ന വാദത്തിന്റെ ആവർത്തനം ! ആദ്യം മേൽക്കൂര നിർമിക്കുകയും അതിനൊപ്പിച്ചു അടിത്തറയും ചുമരുകളും നിർമ്മിക്കുകയും ചെയ്യുന്ന സമ്പ്രദായം നവസാങ്കേതിക വിദ്യയിൽ ഉണ്ടോ എന്നറിയില്ല; ആശയം എപ്പോഴും മനുഷ്യമനസ്സും ഭൗതിക പരിസരവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ നിന്നാണ് രൂപപ്പെടുന്നത് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയാലും തലച്ചോറ് എന്ന ഭൗതിക പദാർത്ഥത്തിന്റെ കോപ്പിയിങ് ഇല്ലാതെ സാധ്യമാവുകയില്ല .കസ്റ്റമർ എന്നത് ഉപഭോഗത്തിനു ആധാരമായ ഇര ആവണമെങ്കിൽ ഉപഭോഗത്തിനായി എന്തെങ്കിലും പദാർത്ഥവസ്തു ഉണ്ടായേ മതിയാവൂ .ഉപഭോഗവസ്തുവിന്മേലുള്ള വാണിജ്യ ബുദ്ധിപ്രയോഗവും കൃത്രിമ ബുദ്ധിപ്രയോഗവും തമ്മിലുള്ള അന്തരം തികച്ചും സാങ്കേതികമാണ്
അടിസ്ഥാനഘടനാനിർധാരണത്തിലൂടെ കണ്ടെത്തുന്ന langue-ഉം പരോളും-(ഭാഷ്യവും) തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചു പറയുമ്പോഴും langue- വ്യാകരണം– രൂഢ മൂല ഘടന- പരമ പ്രധാനമാണ് – ഭാഷ്യം –(പരോൾ) മൂലഘടനയുടെ പ്രകടനം മാത്രമാണ് എന്ന മട്ടിലാണ് ഘടനാവാദം പ്രാരംഭഘട്ടത്തിൽ സംസാരിച്ചു തുടങ്ങുന്നത്. പ്രകടനം-performance- നന്നാവണമെങ്കിൽ മൂലഘടനയിൽ നല്ല പിടുത്തം competence ഉണ്ടായിരിക്കണം .വിത്ത് -seed സൂക്ഷ്മ ഘടനയും മരം -tree- ഭാഷ്യവുമാണെന്നിരിക്കട്ടെ…. ഭാഷ്യത്തിന്റെ വളർച്ചയ്ക്ക് വളവും വെയിലും മഴയുമൊക്കെ അതിന്റെ പങ്കു വഹിക്കുന്നു വിത്തിന്റെ .ആരോഗ്യം ഒന്ന് കൊണ്ട് മാത്രം ഭാഷ്യത്തിന്റെ പ്രകാശനം നന്നാകണമെന്നില്ല .പാറപ്പുറത്തു വിതച്ചവിത്തിന്റെ പെർഫോമൻസ് വളരെ മോശമായിരിക്കും; സീഡ് ചരിത്രഭാഗമായിരിക്കുമ്പോൾ തന്നെ വൃക്ഷവും വിത്തും സമൂഹത്തെ ബാധിക്കുന്നതു രണ്ടു തരത്തിലാണ്; വൃക്ഷം മറിഞ്ഞു വീണു മനുഷ്യൻ മരിക്കാം .പക്ഷെവിത്തിൽ നിന്ന് അങ്ങനെ സംഭവിക്കുന്നില്ല സൂക്ഷ്മവും സ്ഥൂലവും വസ്തുവിന്റെ വിന്റെ രണ്ടു മാനങ്ങളാണ് ;അവയെ തമ്മിൽ ബന്ധിപ്പിക്കുന്നചരടാണ് ചരിത്രം .ഭ്രൂണമാണോ മുതിർന്നമനുഷ്യനാണോ മുഖ്യ പരിഗണന എന്ന ചോദ്യം മൗഢ്യമാണ് രണ്ടും ചേരുന്ന ഒരു പ്രക്രിയ ആണ് മനുഷ്യൻ. ഭാഷ്യവും മൂലഘടനയും/-വ്യാകരണവും – തമ്മിലുള്ള സംബന്ധ ക്രിയ ആണ് ഭാഷ; അത് കൊണ്ട് നിർധാരണം ചെയ്തു കണ്ടെത്തുന്ന ഘടന/ langue ഖനനം ചെയ്തെടുക്കുന്ന ചരിത്ര മൂലമാണ്. അത് ശുദ്ധ ഭാഷാരോപമല്ല മറിച്ചു ഓരോസ്ഥല -കാലത്തിലും മനുഷ്യൻ വസ്തുലോകത്തോട് പ്രതിപ്രവർത്തിച്ചതെങ്ങനെ എന്നതിന്റെ ചരിത്രപരമായ ചുരുൾ ആണ്.
രാവണൻ മരം മുറിച്ചു എന്ന് പറയുന്നിടത്തു പ്രവൃത്തിചെയ്യുന്നയാൾ പ്രഥമസ്ഥാനത്തും മാവ് രണ്ടാം സ്ഥാനത്തും ക്രിയ മൂന്നാം സ്ഥാനത്തും വരുന്നു . ഇക്കാര്യം തന്നെ ഇംഗ്ലീഷിൽ Ravana cut the tree എന്ന് പറയുന്നിടത്തു പ്രവൃത്തി ചെയ്യുന്ന ആൾ പ്രഥമ സ്ഥാനത്തും ക്രിയ മധ്യ ഭാഗത്തും വസ്തു മൂന്നാം സ്ഥാനത്തും വരുന്നു. മലയാളത്തിൽ കർത്താവ് ആദ്യവും കർമം രണ്ടാമതും ക്രിയ മൂന്നാമതും വരുന്നു. ഇംഗ്ലീഷിൽ കർത്താവ് ആദ്യ ഭാഗത്തും ക്രിയ കേന്ദ്ര ഭാഗത്തും വസ്തു മൂന്നാമതും വരുന്നു. ഇംഗ്ലീഷ് സമൂഹം ക്രിയാ കേന്ദ്രീകൃതമായിരിക്കുമ്പോൾ മലയാളിസസമൂഹം ക്രിയക്ക് മൂന്നാം സ്ഥാനം നൽകുന്നു .ആര് ആരെ എന്നതിനെ അടിസ്ഥാനമാക്കി ക്രിയയെ നിരൂപണം ചെയ്യുന്ന ഒരു സമൂഹവും, ക്രിയ ആരുചെയ്തു ആരുടെ മേൽ എന്നതിനേക്കാൾ പ്രാധാന്യം ക്രിയയ്ക്കു നൽകുന്ന ഒരു സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ ഉണ്ട്; മലയാളത്തിൽ തന്നെ ക്രിയാത്മകം, നിഷ്ക്രിയത്വം എന്നീ പ്രയോഗങ്ങളിൽ ക്രീയയുടെ പ്രാധാന്യം പ്രതിഫലിക്കുന്നുണ്ട്. ആക്ട്/ -ക്രിയ -നു ഉല്പാദനപരമായമാനം നൽകുമ്പോഴാണ് creative- creativity–തുടങ്ങിയ പദങ്ങൾ ഇംഗ്ലീഷിലുണ്ടാവുന്നതു.
Death of the author എന്ന സങ്കല്പനം വരുമ്പോൾ, മരണം ഇച്ഛാപരമായ പ്രവർത്തനമല്ല; കർത്താവ് അവിടെ കർമ്മമായി മാറുകയാണ്. വായനക്കാരൻ / വിപണിമുതലാളി പാഠങ്ങൾ നിർമിക്കുമ്പോൾ കർത്താവ് മരണപ്പെടുന്നു; കൊല്ലപ്പെടുന്നു.. ഈ വ്യാകരണ ഘടനകളെ langue-ആയി പരിഗണിക്കുമ്പോൾ എല്ലാ langue-/ വ്യാകരണ ഘടനകളും സ്ഥലകാലങ്ങൾക്കനുസരിച്ചു അതിന്റെ രാഷ്ട്രീയ ഭാഷ്യങ്ങളെ ഉല്പാദിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും .കർത്തരി പ്രയോയോഗത്തിന്റെയും കർമ്മണിപ്രയോഗത്തിന്റെയും ഘടനകൾ പ്രധാനമാണ് എങ്കിലും പരോളുകളിൽ/ഭാഷ്യങ്ങളിൽ ഘടന മാറിമറിയുന്നു; active-voice-ൽ ആക്ഷൻ/ ക്രിയ പ്രധാനവും പാസ്സീവ് വോയ്സിൽ ആക്ഷൻ/ക്രിയ ദുർബ്ബലവുമായിരിക്കും .ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു എന്ന വാർത്തയിൽ കർമം /ഒബ്ജക്റ്റ് ആണ് പ്രധാനം .ആര് ചെയ്തു എന്ന ചോദ്യം താരതമ്യേന ദുർബ്ബലമാവുകയും ക്രിയ തന്നെയും ഒബ്ജെക്ടിന്റെ പ്രാധാന്യത്താൽ പാസ്സീവ് അല്ലെങ്കിൽ കർമ്മണി ആവുകയും ചെയ്യുന്നു; death of the author-ലും ക്രിയ കർമകേന്ദ്രീകൃതമാണ്; കർത്താവിന്റെ മരണം കർമ്മണിക്രിയയുടെ ഉല്പന്നമാണ്; സാധാരണ മലയാളത്തിൽ ജനിക്കുക മരിക്കുക എന്നീ ക്രിയകകൾ കർത്തരി -active-വോയിസ് /ആണ് .പക്ഷെ ഇംഗ്ലീഷിൽ അനിച്ഛാത്മാകമായ മരണത്തെ died എന്ന് ആക്റ്റീവ് ക്രിയ ആയി പ്രയോഗിക്കുമെങ്കിലും ജനിച്ചു എന്നത് അനിച്ഛാത്മാകമായതു കൊണ്ട് അതിനു ആക്റ്റീവ് ക്രിയാരൂപമില്ല; was-born എന്ന പാസിവ് ക്രിയാരൂപമേ ഉള്ളൂ; വ്യാകരണ ഘടന എല്ലാ ഭാഷ്യങ്ങൾക്കും — അടിസ്ഥാനമായി വർത്തിക്കുന്നുണ്ട് എങ്കിലും അവയിൽ സ്ഥല -കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എല്ലാ ഭാഷാസമൂഹങ്ങളും അവയെ ഒരേ ഘടനയിൽ നിലനിർത്തുന്നില്ല എന്നത് കൊണ്ട് വ്യത്യസ്ത ഭാഷാസമൂഹങ്ങളുടെ ജീവിത പരിസരങ്ങളുംപ്രകൃതങ്ങളും ഘടനാ രൂപീകരണത്തിൽ പ്രസക്തമാണ് എന്ന് വരുന്നു; ഘടന പരമമല്ല –absolute- അല്ല ആപേക്ഷികമാണ് –റിലേറ്റീവ്- ആണ് എന്നാണ് ഇപ്പറഞ്ഞതിനർത്ഥം; പരോൾ തലത്തിൽ ശബ്ദാർത്ഥരൂപീകരണം ആപേക്ഷികമാണ് എന്ന് സുസൂർ പറയുന്നുണ്ട് എങ്കിലും ഘടന പരമമായ സത്യമാണ് എന്ന നിർബന്ധത്തിൽ നിന്ന് നിന്ന് യാഥാസ്ഥിതിക ഘടനാവാദികൾ പിന്മാറുന്നില്ല.
കർത്താവിന്റെ മരണം പുരോഗമനപരമാണ് എന്ന് കരുതുന്ന ഇടതുപക്ഷബുദ്ധിജീവികൾ സ്ഥാനവലുപ്പത്തിന്റെയും പ്രഭുതയുടെയും സജ്ജാതിയുടെയും വംശത്തിന്റെയും മറ്റു സാമർഥ്യങ്ങളുടെയും സ്വത്വം (person ) എന്ന നിലയിൽ ആണ് കർത്താവിനെ കാണുന്നത്; കർത്താവു സംശ്ലേഷണപ്രക്രിയയെ ത്വരിപ്പിച്ചു സ്വയം ഇല്ലാതാവുന്ന രാസ ത്വരകം ആണ് എന്ന് ടി .എസ് .എലിയട്ടും പറയുന്നുണ്ട് .അതും കർത്താവിന്റെ കാല്പനിക മരണമാണ്; മാർക്സിസം വ്യക്തിയുടെ കോയ്മ അംഗീകരിക്കുന്നില്ല എന്ന് പറയുമ്പോൾ വ്യക്തി, സമൂഹത്തിന്റെ തന്നെ ഏകകം ആണ് എന്ന് കൂടി കാണുന്നുണ്ട് വ്യക്തി എന്നത് സ്വത്വം–person– അല്ല. ക്രിയ ചെയ്യുന്നയാൾ ആണ്…. വിളവുത്പാദിപ്പിക്കുന്ന ക്രിയ ചെയ്യുന്ന ആൾ കൃഷി എന്ന തൊഴിൽ ചെയ്യുകയും തൊഴിൽ അയാളുടെ വ്യക്തിത്വത്തിന്റെ ആധാരമാവുകയും അതിൽ നിന്ന് കർഷകൻ എന്ന വ്യക്തിത്വം രൂപപ്പെടുകയും ചെയുന്നു. വിളവിനു, ധാന്യത്തിനു പല പാഠഭേദങ്ങളുമുണ്ടാവാം പക്ഷെ എമേഴ്സൺ പറയുന്നത് പോലെ ഞാറുനടാൻ പാടത്തു മുട്ടുകുത്തിനിൽക്കുന്ന കർഷകനു, കർത്താവിനു മരണമില്ല; തൊഴിൽ-വ്യക്തിത്വത്തിന് മരണമില്ല; വ്യക്തിത്വത്തെ നിർണ്ണയിക്കുന്നത് ജന്മമോ കുലമോ അല്ല; സ്വത്വം –person–ജനിക്കുന്നു. അത് കോൺജനിറ്റൽ ആയ ജന്മദത്തമായ ഏകകം ആണ്; അതിനെ സാമൂഹ്യക്രിയയുമായി സംശ്ലേഷിക്കുമ്പോൾ ഉണ്ടാവുന്ന ആർജ്ജിത- acquired- രൂപമാണ് ഏകവചന വ്യക്തിത്വം. ബഹു വചനസമൂഹവും ഏകവചന വ്യക്തിത്വവും തമ്മിലുള്ള ഉദ്ഗ്രഥനമാണ് റീയലിസം എന്ന് വില്യംസ് പറയുന്നത് ശ്രദ്ധിക്കുക.
ഘടനാവാദത്തെപിന്തുടരുകയാണ് എങ്കിൽപ്പോലും ഘടനയിൽ (inherent structure) നിന്ന് ഉത്പന്നവുന്ന ഭാഷ്യ (parole) ത്തിന്റെ രൂപങ്ങളിൽ ഒന്നാണ് സാഹിത്യം എന്നതിനാൽ സാഹിത്യത്തിനു ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ധാരകളെ ഒഴിവാക്കിക്കൊണ്ട് നില നില്പില്ല; മനുഷ്യ ചരിത്രം രാഷ്ട്രീയ -സാമ്പത്തിക അധികാരവ്യവസ്ഥകളുടെ കൂടി ചരിത്രമാണ്; അതുകൊണ്ടു ഒന്നുകിൽ സാഹിത്യ കൃതി അധികാരവ്യവസ്ഥാനുഗായി ആയിരിക്കും; അല്ലെങ്കിൽ അടിത്തറയിലെ നീതി ഹിംസയ്ക്കെതിരെയുള്ള കലാപത്തിൽ പങ്കെടുത്തുകൊണ്ട് മേൽക്കൂരയ്ക്ക് തീകൊളുത്തുന്ന ക്രിയാത്മകതയായിരിക്കും. ബ്രെക്ത്നഗരം കത്തണം എന്നുപറയുമ്പോൾ അധികാരവ്യവസ്ഥയുടെ ആശയ കോയ്മയ്ക്കെതിരെയുള്ള കലാപമാണ് സാഹിത്യം എന്ന് അതിനു അർത്ഥമുണ്ട്
സർവ്വനാമങ്ങൾ മൂല ഘടനകളാണ്. അതിന്റെ തന്നെ വിശേഷ രൂപങ്ങളാണ് ഉത്തമ പുരുഷ സർവ്വനാമവും മധ്യമ പുരുഷ സർവ്വനാമവും; ഓരോ സർവ്വനാമ ഇനത്തിനും അതിന്റെ ഭാഷ്യങ്ങൾ -parole- ഉണ്ട്. അഹം, ആത്മൻ എന്നിങ്ങനെ തുടങ്ങി ജനാധിപത്യ രാഷ്ട്രീയ മാനക ഭാഷ്യമായ ഞാൻ – എന്നിടത്തു ചെന്ന് നിൽക്കുന്നഉത്തമ പുരുഷ സർവ്വനാമരൂപത്തിനു പല കാലങ്ങളിൽ പലസ്ഥലങ്ങളിൽ വ്യത്യസ്ത ഭാഷ്യങ്ങളുണ്ട് യേൻ,അടിയൻ, ഈയുള്ളവൻ,ഈയുള്ളവൾ ഞാൻ ,നോം എന്നിവയൊക്കെയും രാഷ്ടീയഅധികാര ശ്രേണിയിൽ ഉത്തമപുരുഷ സർവ്വനാമ ത്തിനു സംഭവിക്കുന്ന ഭാഷ്യ ഭേദങ്ങളാണ്. ആരവിടെ ?എന്ന് രാജാവ് അലറുമ്പോൾ അടിയൻ എന്ന് ഉത്തരം .ഇന്ന് ഉന്നതനായപോലീസ് ഉദ്യോഗസ്ഥൻ ടെലി ഫോണിൽ കീഴുദ്യോഗസ്ഥനോട് സംസാരിക്കുമ്പോൾ മേലുദ്യോഗസ്ഥന്റെ ഓരോവാക്യവും അവസാനിക്കുമ്പോൾ കീഴുദ്യോഗസ്ഥൻ സർ, സർ എന്നിങ്ങനെ ആവർത്തിക്കാറുണ്ട് .അവിടെ സർ എന്നതു അടിയൻ എന്ന ശബ്ദത്തിന്റെ തന്നെ കാലിക പരിണാമമാണ്. ഇംഗ്ലീഷിൽ, യൂ എന്ന സർവ്വനാമത്തിനു ഉയരമുള്ള അധികാരസ്ഥാനങ്ങളിൽ ചില ആർഭാടങ്ങളുണ്ടെങ്കിലുംഅച്ഛനെയും അമ്മയെയും മുതിർന്നവരെയും ഇളയവരെയും അധികാര സ്ഥാനീയനെയും കീഴാളനെയും എല്ലാം യൂ എന്ന പദം കൊണ്ട് സാമാന്യമായി സംബോധന ചെയ്യാനാവും…. മലയാളത്തിലാവട്ടെ അത് നീ നിങ്ങൾ താങ്കൾ അങ്ങ് അവിടുന്ന് തിരുമനസ്സുകൊണ്ട് എന്നിങ്ങനെ അധികാരശ്രേണീബഹുലമായിരിക്കുന്നു . ഹ്രസ്വ ജാതീയ ഉൾപ്പിരിവുകളുള്ള നമ്മുടെ ജാതി മത വംശീയതയിൽ പാശ്ചാത്യരുടേതിനേക്കാൾ സങ്കീർണമായ ഒരു അധികാരശ്രേണിയുടെ വളവുകളും തിരിവുകളുമുണ്ട് എന്നതുകൊണ്ടാണ് സർവ്വനാമങ്ങൾക്കു ഇത്രയധികം വൈവിധ്യങ്ങൾ ഉണ്ടാവുന്നത്; ഞാൻ ,നീ എന്നീ വ്യാകരണരരൂപങ്ങളുടെ ഭാഷ്യങ്ങൾ—paroles- സാഹിത്യമൂല്യ നിർണ്ണയത്തിൽ പ്രസക്തമാണ്; ഘടന അധികാരാനുഗായിയായ നീതിഭാഷ്യത്തിനു വഴിപ്പെടുന്നതും അധികാര നീതിവിരുദ്ധമായ പ്രക്ഷേഭമായി തീരുന്നതുംനാം സാഹിത്യത്തിൽ കാണുന്നു ;ശ്രീരാമൻ ശംബൂകനെ വധിച്ചു എന്ന് പറയുന്നിടത്തു ശ്രീരാമനും ശംബൂകനും കർത്താവിന്റെയും കർമത്തിന്റെയും ഭാഷ്യങ്ങളാണ് ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു വീഴ്ത്തി എന്ന് പറയുന്നിടത്തും കർത്താവും കർമവും ചരിത്രത്തിന്റെയും അധികാരത്തിന്റെയുംസ്പർശംകൊണ്ടു മൂല ഘടനകളിൽ ഗുണാത്മകമായ ചലനം സൃഷ്ടിക്കുന്നു; രാമ ലക്ഷ്മണന്മാരുടെ ക്രീയകൾ കൊണ്ട് അവർ കൂടുതൽ വിശുദ്ധരും കോമളന്മാരുമാകുന്നു എന്ന സൗന്ദര്യ സങ്കല്പത്തെ നിയന്ത്രിക്കുന്നത് ”വർഗ്ഗ” വികാരമാണ്. മറിച്ചു ഈ ക്രീയകൾ അവരെ വിരൂപരാക്കിത്തീർക്കുന്നുവെന്നസൗന്ദര്യ സങ്കല്പനം അതിനു വിപരീതമായ വർഗ്ഗവികാരത്തിന്റെ ഉല്പന്നമാണ്. നീതിയുടെ, നൈതികതയുടെ ബോധമാണ് സൗന്ദര്യാനുഭവത്തിന്റെ അടിത്തറ. ഭാഷയുടെ ഘടനകളിൽ നൈതികതയുടെ ഇന്ധന സഞ്ചാരം സാധ്യമാക്കാൻ ഭാഷ്യങ്ങൾക്കു കഴിയുന്നു എന്നാണ് അതിന്റെ അർഥം.
പാശ്ചാത്യ വിമർശനസാഹിത്യത്തിലെ theory phase ആശയവാദപരമാണ് ;അത് കൊണ്ട് തന്നെ അത് പ്രതിലോമപരവുമാണ്; പക്ഷെ വൈരുധ്യ ഭൗതിക ചിന്തകരായ മാർക്സിന്റേയും ഫ്രോയിഡ് ന്റേയുമൊക്കെ സിദ്ധാന്തങ്ങളിൽ കടന്നു പിടിച്ചുകൊണ്ടാണ് സിദ്ധാന്ത ഘട്ടക്കാർ ഭാഷാശാസ്ത്രപരമായ ബല പ്രയോഗങ്ങൾ നടത്തുന്നത്; ശുദ്ധ കലാവാദത്തെ അറിഞ്ഞിട്ടില്ല എന്ന നാട്യത്തിൽ കലയുടെ രാഷ്ട്രീയത്തെയും ചരിത്രത്തെയും പറ്റി അവർ സംസാരിക്കുന്നു;നവചരിത്രവാദം ശുദ്ധകലാവാദത്തിനെതിരും എന്നാൽ ചരിത്രത്തിന്റെ ബഹുകാലികതയെ നിരസിക്കുന്നതു മഹാകാര്യമെന്ന പ്രതീതി പരത്തുകയുംചെയ്യുന്നു. നവചരിത്രത്തിലെ ഏക കാലികത ചരിത്രത്തെത്തന്നെഅംഗപരിമിതമാക്കുന്നു. സ്ഥലം കാലം എന്നിവ മനുഷ്യജീവിതത്തെ രൂപ കല്പന ചെയ്യുന്നതിനാധാരമായരണ്ടുഗണനകളാണ് സ്ഥലം സ്ഥിതീയം (static), കാലം ചലനപരം (dynamic), എന്നീരണ്ടു ശാസ്ത്രീയപ്രകൃതങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തെ ആധാരമാക്കി മനുഷ്യൻ നിർമിച്ച രണ്ടു ഗണനകളാണ് സ്ഥലവും കാലവും .ഇതിലൊന്നിനെ നിഷേധിച്ചിട്ടു മറ്റൊന്നിനുമാത്രമായി നിലനില്പില്ല . ഒരേ കാലത്തു ബഹുസ്ഥലങ്ങളിൽ എഴുത്തിന്റെ രംഗത്തു പലവിശേഷങ്ങളുമുണ്ടാവാം . അവ പഠിക്കുന്നതിലും തെറ്റില്ല .പക്ഷെഅതിനെ നവചരിത്രവാദം എന്ന സംപ്രത്യയമുപയോഗിച്ചു വിവരിക്കുന്നത് അശാസ്ത്രീയമാണ്. ഏകകാലത്തിൽ ബഹുസ്ഥലങ്ങളിലുണ്ടാകുന്ന കൃതികളെന്നപോലെ, ബഹുകാലങ്ങളിൽ ഏകസ്ഥലത്തു എഴുതപ്പെടുന്ന കൃതികളിലുംചരിത്രത്തിന്റെ ധാരകളുണ്ടാവും. വ്യത്യസ്തകാലങ്ങളിൽ കേരളത്തിൽ (ഏകസ്ഥലത്തു) ഉണ്ടായിട്ടുള്ള സാഹിത്യേതരസാഹിത്യകൃതികളിൽ കേരളത്തിന്റെ മാത്രം അല്ല ഇന്ത്യയുടേയോ ലോകത്തിന്റെതന്നെ ചരിത്രം അടയാളപ്പെട്ടിരിക്കുമെന്നിരിക്കെ, ഏകകാലത്തു ബഹുസ്ഥലങ്ങളിൽ എഴുതപ്പെടുന്നത് മാത്രമാണ് ചരിത്രം എന്നു വാദിക്കുന്നത് വിപണിയുടെ ആവശ്യമായിരിക്കാം
നവചരിത്രവാദം ഒരേകാലത്തു ഒരു ചിഹ്നത്തിന് പലസ്ഥലങ്ങളിൽ പല അർത്ഥങ്ങളുണ്ടാവുന്നു എന്ന ചിഹ്നകേന്ദ്രീകൃതമായ ഭാഷാവാദത്തെ സ്ഥൂലീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ചിഹ്നം സ്വേച്ഛാപരമായി അർഥങ്ങൾ നിർമിക്കുന്നു എന്ന നിലപാട് ഇവിടെ ചുരുണ്ടു പോവുന്നു; ഏക കാലം ബഹുസ്ഥലങ്ങളിൽ ഭിന്ന ഭാഷ്യങ്ങൾ നിർമിക്കുന്നു .സാഹിത്യ ഭാഷ്യങ്ങളെ വിലയിരുത്തുന്നതിന് അതെ കാലത്തെ ഭിന്ന സ്ഥലി കളായ സാഹിത്യേ തര ഭാഷ്യങ്ങളെക്കൂടി പരിഗണിക്കാം എന്ന് നവചരിത്രവാദം പറയുമ്പോൾ സാഹിത്യ ബാഹ്യമായ യാതൊന്നും സാഹിത്യമൂല്യ ഗണനയ്ക്കു സ്വീകരിക്കാൻ പാടില്ല –സാഹിത്യ ഭാഷ്യങ്ങളുടെ സാങ്കേതികത്വത്തിനു അപ്പുറമുള്ളതൊന്നും സാഹിത്യ ഭാഷ്യത്തിൽ പരിഗണിക്കേണ്ടതില്ല എന്ന ന്യൂ ക്രിട്ടിസിസം തന്നെ ഒരു അസാധുവായ ഓർമയായി തീരുന്നു….. .ഏകകാലികതയെ അംഗീകരിക്കുകയും ബഹുകാലികതയെ പുറന്തള്ളുകയും ചെയ്യുമ്പോൾ ചരിത്രത്തിനു അതിന്റെ പൂർണ്ണത നഷ്ടപ്പെടുന്നു.ചരിത്രം ബഹുസ്ഥലീയവും ബഹുകാലികവുമാണ്.
കാഫ്ക യൂറോപ്പിൽ ആധുനികതയ്ക്കു തുടക്കമിടുമ്പോൾ മലയാളത്തിൽ ആശാൻ വീണ പൂവും നളിനിയുമെഴുതി കാല്പനികതാ ധാരയ്ക്കു തുടക്കം കുറിക്കുന്നതേയുള്ളു .ടി .എസ് .എലിയട്ട് തരിശു ഭൂമി എഴുതുമ്പോൾ ആശാൻ സോഷ്യൽ റീയലിസത്തിന്റെ വീണ്ടെടുപ്പ് തുടങ്ങുകയായിരുന്നു . ഈ പ്രസ്ഥാനങ്ങളൊക്കെ,പലസ്ഥലങ്ങളിൽ ഒരു കാലത്തു രൂപപ്പെടുന്നു എന്നത് കൊണ്ട് അവ ഏകകാലികമാണ് എന്ന് പറയാം.. ഒരു കാലം കഴിയുമ്പോൾ ഒരു പ്രസ്ഥാനം ഇല്ലാതാവുന്നു എന്നത് കൊണ്ട് ഏകകാലികം എന്ന സങ്കല്പനം അനുവദിച്ചു കൊടുക്കാവുന്നതേയുള്ളൂ .സോഷ്യൽ റീയലിസവും ഫ്രഞ്ച് റീയലിസവും ഉണ്ടായി വരുന്നതിനുമുമ്പ് റീയലിസത്തിന്റെ രണ്ടു ധാരകളെയും അതി സമർത്ഥമായി സംശ്ളേഷിച്ച ചോസറെ ഒരു കാലത്തിന്റെയും കള്ളിയിൽ ഒതുക്കാനാവില്ല എന്നതിന് സാക്ഷ്യമാണ് പസോളിനിയുടെ canterbury tales– രാമാനന്ദ സാഗറിന്റെ രാമായണവും എഴുത്തച്ഛന്റെരാമായണപരിഭാഷയും ശാന്തരാമിന്റെകൃതിയുംചിന്താവിഷ്ടയായ സീതയും ഏകകാലികവും ബഹുസ്ഥലീയവുമാണ്.പക്ഷെ മറ്റൊരു കാലത്തിൽ നിൽക്കുന്ന വാല്മീകി രാമായണത്തെ കണക്കിലെടുക്കാതെ ഈഭാഷ്യങ്ങൾക്കു എന്ത് ചരിത്രപ്രസക്തിയാണുള്ളത് ? അദ്ധ്യാത്മ രാമായണത്തെയും മറ്റു പല രാമായണങ്ങളെയും മറികടന്നു വാല്മീകിരാമായണത്തിൽ ചെന്നെത്താതെ ചിന്താവിഷ്ടയായ സീത വായിച്ചെടുക്കാനാവില്ല; അത് കൊണ്ട് ഏകകാലികത ഒരു നിശ്ചിത കാലയളവിൽ ഒതുങ്ങുന്ന സാഹിത്യ പ്രസ്ഥാനങ്ങളുടെ ഫ്രെയിം എന്ന നിലയിൽ സ്വീകാര്യമാണ് എങ്കിലും സാഹിത്യമൂല്യനിർണയത്തിന് ബഹുകാലികത ആവശ്യമായിവരുന്നു. ഒരു കാലം ഒരു പ്രസ്ഥാനം എന്നനിലയിൽ ഏകകാലികവാദത്തിന്റെപരിമിത സമർത്ഥനം സാധ്യമാവുമെങ്കിലും അവിടെ സാഹിത്യവും സാഹിത്യ ചരിത്രവും വികലമാവുകയാണ്’ ചരിത്രമെന്നത് ആർക്കിയോളജി അല്ല എന്ന് എലിയട്ട് പറയുന്നുണ്ട്. ചരിത്രം എന്നത് ക്രോണോളജിയുമല്ല .അത് കൊണ്ട് synchronic (ഏകകാലികം) , diachronic (ബഹുകാലികം ) എന്നിങ്ങനെ ചരിത്രത്തെയും സാഹിത്യചരിത്രത്തെയും വിഭാഗീയവൽക്കരിക്കുന്നതു ക്രിയാത്മകമായ ഒരു ചരിത്ര സമീപനമാണെന്നു കരുതുക വയ്യ
സാഹിത്യേതരമായ കൃതികളെയും ചരിത്രത്തെയുംസാഹിത്യ കലയുമായി സന്ധിപ്പിക്കുന്ന നവചരിത്രവാദം .സാഹിത്യത്തെ അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ടു ,മൂല്യനിർണ്ണയം അസാദ്ധ്യമാണ് എന്ന നിലപാടിലേക്കുള്ള വാതിൽ ആണ് .എഡ്വേഡ് സെദ്ദ് രാഷ്ട്രീയാധിനിവേശക്രിയയെ /കോളോണിയലിസത്തെ സാഹിത്യ പഠനത്തിന്റെ മുഖ്യ മാനദണ്ഡമാക്കിത്തീർത്തു കൊണ്ട് പോസ്റ്റ് -കൊളോണിയലിസത്തിന്റെ സിദ്ധാന്തം ആവിഷ്കരിക്കുമ്പോൾ സാഹിത്യമൂല്യനിർണ്ണയം പൂർണമായും രാഷ്ട്രീയവൽക്കരിക്കപ്പെടുക്കപ്പെ ടുകയാണ് .കൊളോണീകരിക്കപ്പെട്ടജനത കോളോണിയൽ ഭരണസ്ഥാപനങ്ങൾ അഴിച്ചുമാറ്റപ്പെട്ട post-കോളോണിയൽഘട്ടത്തിലും /അധിനിവേശാനന്തരഘട്ടത്തിലും, കൊളോണിയൽമൂല്യ അധീശത്വത്തിൽനിന്നു /-hegemony യിൽ നിന്ന് വിമുക്തരാവുന്നില്ല എന്നാണ് സെദ്ദ് പറയുന്നത് .ഗ്രാംചിയുടെ റൂൾ – – ഹെജിമണി ദ്വന്ദ്വത്തെ ആധാരമാക്കിയാണ് അധിനിവേശാനന്തരകാലസാഹിത്യ രാഷ്ട്രീയചിന്താപ്രസ്ഥാനം രൂപമാർജ്ജിക്കുന്നതു.ഒരു കൊളോണിയൽ ഭരണസ്ഥാപനം അതിന്റെ ഭൗതികപദാർത്ഥ സജ്ജീകരണം/റൂൾ അഴിച്ചുമാറ്റി ജനതയെ അധിനിവേശ വിമുക്തമാക്കിയ ശേഷവും അധിനിവേശാനന്തര കാലത്തും അധിനിവേശ മൂല്യസംഹിതയുടെ ആധിപത്യം/ഹെജിമണി അധിനിവേശിത സമൂഹത്തിലുണ്ടായിരിക്കും .നൈതിക മൂല്യസംഹിത ഭരണസ്ഥാപനത്തിന്റെ അടിത്തറയിൽ നിന്ന് ഉണ്ടായി വരുന്നതാണ് എങ്കിലും മറ്റൊരുരാഷ്ട്രീയവ്യവസ്ഥയിലേക്കു കൊളോണിയൽ ജനത സ്വാതന്ത്രരാവുമ്പോഴും പൂർവകാല അധിനിവേശമൂല്യങ്ങളുടെ സംഘാതം- അതിൽ നന്മയുടെയും തിന്മയുടെയും ഘടകങ്ങളുണ്ടാവാം–ജനതയ്ക്കുമേൽ സ്വാധീനം ചെലുത്താം ( ഇതിനു ഏതാണ്ട് നേർ വിപരീതമാണ് ഇ. എം. ഫോസ്റ്ററുടെ കൃതി-അധിനിവേശിത കിഴക്കൻ രാജ്യത്തോട് പാശ്ചാത്യന് തോന്നുന്ന ആകർഷണീയതയെ ഫോസ്റ്റർ ചിത്രീകരിക്കുമ്പോൾ കിഴക്കു പടിഞ്ഞാറന്റെ ”അപരൻ” ആയി ത്തീരുന്നില്ല.മാറബർ ഗുഹകളും അഡലായും അസ്സീസും മിസ്സിസ് മൂറുമൊക്കെ കാല്പനികമായിഅധിനിവേശരാഷ്ട്രീയത്തെ മറികടക്കാൻ ശ്രമിക്കുകയാണ് എങ്കിലും അത് അധിനിവേശരാഷ്ട്രീയത്തിന്റെ അനിവാര്യതയെ അവഗണിക്കുന്ന മറ്റൊരു രീതിയാണ്, സെദ്ദ്ന്റെ സിദ്ധാന്തമനുസരിച്ചു അധിനിവേശം നൈതിക പ്രത്യയ ശാസ്ത്രതലത്തിൽ അധിനിവേശാനന്തര കാലത്തും തുടരും .അടിമത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും അധിനിവേശമൂല്യങ്ങൾ ആവ്യവസ്ഥകളിലെന്നപോലെ അവയ്ക്കു ശേഷവും കൊളോണീകരിക്കപ്പെട്ട ജനതയ്ക്കുമേലുണ്ടാവും. ഉദാഹരണത്തിന് പൗരാണിക ജാതിമതവംശീയത മുതൽ ബ്രിട്ടീഷ് പബ്ലിക് സ്കൂൾ വരെ ഇപ്പോഴും ഇന്ത്യൻ ജീവിതത്തെ സാംസ്കാരികമായി നിർവചിക്കുന്നുണ്ട്. മതം ഭാഷ വിദ്യാഭ്യാസം എന്നിവയൊക്കെ അധിനിവേശ ഭരണസ്ഥാപനങ്ങളുടെ, അധികാര സ്ഥാപനത്തിന്റെ ഹെജിമണിക് ഉപകരണങ്ങളാണ് .ഇന്നും സംസ്കൃതത്തിനും ഇംഗ്ലീഷിനും ഇന്ത്യൻ മന:ശാസ്ത്രത്തിൽ അധികാരത്തിന്റെ ഉദാരമായ അടയാളങ്ങൾപതിപ്പിക്കാൻ കഴിയുന്നുണ്ട് എന്നത്ഇതിനുദാഹരണം.
അധിനിവേശ രാഷ്ട്രീയത്തിലെ മുഖ്യ വൈരുധ്യം കിഴക്കും പടിഞ്ഞാറും തമ്മിലുള്ളതാണ് എന്ന് സെദ്ദ് സിദ്ധാന്തിക്കുന്നു. ഇത് ചരിത്രപരമായ വീക്ഷണത്തിൽ ശരിയാണ്എന്ന് തോന്നാം. മുഖ്യ വൈരുധ്യം വർഗ്ഗപരമല്ല എന്നൊരു രാഷ്ട്രീയ ബൗദ്ധിക തന്ത്രം ഇവിടെയുണ്ട്. യൂറോപ്പ്, ഏഷ്യൻ ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അധിനിവേശം സ്ഥപിച്ചു ലോക കൊളോണിയലിസത്തിന്റെ ഭൂഖണ്ഡമായി ആധ്യപത്യമുറപ്പിച്ചു എന്ന വസ്തുത സെദ്ദ്നു പിൻബലമായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തോടെ യൂറോപ്യൻ ഭരണസ്ഥാപനങ്ങൾ അവരുടെ കോളനികളിൽനിന്നു പിൻവാങ്ങിയെങ്കിലും കൊളോണിയലിസത്തിന്റെ ആശയ-നൈതിക സമുച്ചയം കോളിനി ജനതയ്ക്കുമേൽ പതിപ്പിച്ച അദ്ധിപത്യമുദ്രകൾ അധിനിവേശാനന്തര കാലത്തും അതിജീവിക്കുന്നു എന്നാണ് സെദ്ദ് പറയുന്നത്. അധിനിവേശാനന്തര കാലത്തെ മുഖ്യ പ്രശ്നം അധിനിവേശത്തിന്റെ ഹെജിമണിക് തിരു ശേഷിപ്പുകളാണ് എന്ന വാദം പൂർണ്ണമായി തള്ളിക്കളയാനാവില്ല. അധിനിവേശഭരണകൂടങ്ങൾ സ്ഥലമൊഴിഞ്ഞു കൊടുത്തിട്ടും ഭരണ പരമായിത്തന്നെ അവരുടെ വിദൂര നിയന്ത്രണത്തിൽ നിന്ന് മുക്തരാവാൻ അവരുടെ മുൻകാല കോളനികൾക്കു കഴിഞ്ഞിട്ടില്ല .ഇത് അധിനിവേശാനന്തരകാലം എന്ന് സെദ്ദ് പറയുമ്പോൾ അധിനിവേശത്തിനു രണ്ടാലോകമഹായുദ്ധം അന്ത്യം കുറിച്ചു എന്ന ബോധത്തിലാണ് നിൽക്കുന്നത്. എന്നാൽ അധിനിവേശത്തിനു മുൻകാലത്തിൽനിന്നു വേർതിരിഞ്ഞു നിൽക്കുന്ന തുടർച്ചയുണ്ട് എന്നും നവകൊളോണിയലിസം റൂളിനും ഹെജിമണിക്കും പുത്തൻ സങ്കേതങ്ങൾ കണ്ടെത്തിയിരിക്കുന്നുവെന്നും പൂർവകാല അധിനിവേശത്തെ കടന്നു നിൽക്കുന്ന ക്രൗര്യത്തിന്റെ കൊമ്പുകൾ അതിനുണ്ട് എന്നുമുള്ള വസ്തുത പിന്തള്ളപ്പെട്ടുകൂടാ. മാർക്കറ്റ് എക്സ്പാൻഷനിസത്തിന്റെയും ധനകാര്യത്തെ മുഖ്യ ആയുധമായി ഉപയോഗിച്ച് കൊണ്ടുള്ള ധനകാര്യ കോളോണിയലിസത്തിന്റെയും കാലത്തു പൂർവകാല അധിനിവേശത്തിന്റെ മൂല്യങ്ങൾ – അതിനെയാണ് അധിനിവേശാനന്തര മൂല്യങ്ങൾ എന്ന് സെദ്ദ് വിളിക്കുന്നത് —തന്ത്രപൂർവം പ്രയോഗിക്കുവാൻ വിപണന മുതലാളിത്തത്തിന് കഴിയുന്നുണ്ട്. വിപണിയിന്മേലുള്ള സർവാധിപത്യം നില നിർത്തുന്നതിനു ഹെൻകോ, ഇത് ജർമ്മൻ ഫോർമുല ഉപയോഗിച്ച് നിർമ്മിച്ചത് എന്ന പ്രസ്താവനയിൽ ഒരു യൂറോ ഹെജിമണിക് ഇമ്പമുണ്ട് .ബ്രാഹ്മിൻ’സ് പൽപ്പൊടിയിലും ഇന്ത്യൻ ആഭ്യന്തര കൊളോണിയൽ ഹെജിമണിയുടെ ഇമ്പമുണ്ട്. പതിനെട്ടു പത്തൊമ്പതു നൂറ്റാണ്ടുകളിൽ ലോകത്തെ വിഴുങ്ങിയത് യൂറോ കൊളോണിയലിസം തന്നെയാവാം; പക്ഷെ അതുമാത്രമാണ് കൊളോണിയലിസം എന്ന് തീർത്തു പറയാനാവില്ല.
സെദ്ദ് കൊണ്ട് വരുന്ന ‘അപരൻ’ അധീശവർഗത്തിനു വശപ്പെടുന്ന വിധേയ വർഗ്ഗത്തിന്റെ രാഷ്ട്രീയ ചിഹ്നമാണ്. പടഞ്ഞാറൻമാർക്കു കിഴക്കൻമാരും ജൂതന്മാരും അറബികളുമൊക്കെ അപരന്മാരാരായിത്തീരുന്നുവെന്നു സെദ്ദ് കരുതുന്നു. അപരൻ പ്രാകൃതനും ബുദ്ധിവൈരൂപ്യമുള്ളവനും നാഗരികന്റെ എതിർരൂപവുമാണ്. പക്ഷെ അധീശനും അപരനും തമ്മിലുള്ള ഈ വൈരുദ്ധ്യത്തെ യൂറോ ഹെജിമണിയുടെ ഉത്പന്നം എന്ന നിലയിൽ കാണുന്നത് ശരിയാവില്ല; ഓട്സ് ഇംഗ്ലണ്ടിൽ കുതിര തീറ്റിയാണ്, പക്ഷെ അത് സ്കോട്ലൻഡിൽ മനുഷ്യ ജീവൻ നില നിർത്തുന്ന ഭക്ഷണമാണ് എന്ന് ജോൺസൻ വാക്കർത്ഥമെഴുതുമ്പോൾ ബ്രിട്ടനുള്ളിൽ അപരന്മാരുടെ ഒരു സ്കോട്ലണ്ട് ഉണ്ട് എന്ന് വ്യക്തമാവുകയാണ്; ബ്രിട്ടനിൽ നിന്ന് വിട്ടു സ്വാതന്ത്ര്യം, എന്ന ആവശ്യത്തെ സംബന്ധിച്ച ഹിത പരിശോധന നടക്കുകയാണ് സ്കോട്ലൻഡിൽ; ബ്രിട്ടനെതിരെ പൊരുതുന്ന അയർലൻഡും ബ്രിട്ടനോട് ചേർന്ന് നിൽക്കുന്ന അയർലണ്ടും ഭൂലോകാധിനിവേശ ശക്തിയായിരുന്ന ബ്രിട്ടന്റെ തന്നെ ആഭ്യന്തരപ്രശ്നമാണ്. ഷേക് സ്പീയറിന്റെ നാടകപ്രസ്ഥാനത്തിൽ മൽവോലിയോയും ഷൈലോക്കും കാലിബാനും മാത്രമല്ല ഒഥെല്ലോയും അപരന്മാരായിത്തീരുന്നുണ്ട്; അപരന്റെ ലക്ഷണമൊത്ത പ്രതിരൂപമാണ് ഇന്ത്യൻ ആഭ്യന്തരകോളോണിയലിസത്തിൽ നിന്ന് ഉണ്ടായിവന്ന അയിത്തക്കാരൻ; അവനോളം പോന്ന അവളോളം പോന്ന ഒരു അപരൻ സെദ്ദ് ന്റെ ഭാവനയ്ക്കുമപ്പുറമാണ്;അങ്ങനെയൊരു അപര നിർമിതിയിൽ യൂറോ ഹെജിമണിക്കു യാതൊരു പങ്കുമില്ല — പോസ്റ്റ് കോളോണിയലിസ്റ്റുകൾ തെരയുന്ന sub-altern-ന്റെ തുടിക്കുന്ന ഉടലാണ് ഇന്ത്യയിലെ അപരൻ. ആധുനിക റിമോട്ട് കൊളോണിയലിസം ഇന്ത്യൻ അപരത്വത്തിന്റെ സ്രഷ്ടാവായ ഹിന്ദുത്വത്തെ ഒരു രാഷ്ട്രീയ സിദ്ധാന്ത വികാരമായി ഉയിർപ്പിച്ചു പയോഗിച്ചു കൊണ്ടാണ് നവമുതലാളിത്തത്തിന്റെ ആധിപത്യം ഇവിടെ സ്ഥാപിക്കുന്നത്… അധിനിവേശാനന്തര ഹെജിമണിക് മൂല്യങ്ങളെ രാഷ്ട്രീയ പ്രയോഗങ്ങളാക്കാൻ കഴിയുന്ന ഒരു എക്കണോമിയുടെ പിടിയിലമർന്നു അധിനിവേശ വായ്പയുടെ ആഴക്കിണറിൽകുടുങ്ങിയ ജനസമൂഹങ്ങളുടെ നിലവിളിയിലാണ് നവ കൊളോണിയലിസത്തിന്റെ സാമർഥ്യം ആഘോഷിക്കപ്പെടുന്നത് ; ഹെജിമണിയല്ല എക്കോണമിയാണ് സാമ്പ ത്തിക കോളനീകരണത്തിനു വിധേയമായ അപരന്മാരുടെ രാഷ്ട്രീയ പ്രശ്നം; പ്രശ്നം സാമ്പത്തികചൂഷണത്തിന്റേതാണ് അതിനാൽ വൈരുധ്യം ചൂഷകനും ചൂഷിതനും തമ്മിലാണ്; മുൻകാല അധിനിവേശത്തിന്റെ മൂല്യങ്ങൾ പുത്തൻ സാമ്പത്തിക കൊളോണിയലിസത്തിന്റെ സാഹചര്യത്തിലും ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതുകൊണ്ടു നാം അധിനിവേശാനന്തര കാലത്താണ് ജീവിച്ചുകൊണ്ടിരിക്കുന്നതു എന്ന് പറയുന്നതിലർത്ഥമില്ല
സാഹിത്യ ചിന്തയെ സമൂലം രാഷ്ട്രീയവൽക്കരിക്കുന്ന പോസ്റ്റ് കോളോണിയലിസത്തിലും അധിനിവേശത്തിന്റെ അടിത്തറ സാമ്പത്തിക കോയ്മയാണ് എന്ന വസ്തുത മറച്ചു വയ്ക്കപ്പെടുന്നു; നവ സാമ്പത്തിക അധിനിവേശ ശക്തികൾ ബഹുമത വിശ്വാസികളുടെയും ഏകമതവിശാസികളുടെയും രാഷ്ട്രങ്ങളെ ശകലീകരിക്കുവാൻ മതം എന്ന ഹെജിമണിക് തന്ത്രത്തെ പ്രയോജനപ്പെടുത്തുന്നു, ഘടനവാദാനന്തരം, അധിനിവേശാനന്തരം, ആധുനികതാനന്തരം – ഒടുവിൽ സത്യാനന്തരം എന്നിങ്ങനെ അനന്തരങ്ങളുടെ ഒരു ലീലയാണ് ഇപ്പോൾ പാശ്ചാത്യസാഹിത്യ തത്വ ചിന്താവിമര്ശനം; ഇക്കൂട്ടത്തിൽപ്പെട്ട ഒരു അനന്തരവൻ ഫ്യൂക്കോ അപരന് മറ്റൊരു നിർവചനം ഒരുക്കി; ജെയിലിനുള്ളിലെ ക്രിമിനൽ, ആശുപത്രിയിലെ രോഗി, സാനറ്റോറിയത്തിലെ ഭ്രാന്തൻ ഇവർമൂവരും അപരന്മാരാണ് എന്ന് പറഞ്ഞു; (അപ്പോൾ ഇന്ത്യയിലെ അയിത്തക്കാരനോ, യൂറോ–യൂ എസ് പ്രദേശങ്ങളിലെ നീഗ്രോയോ?) അധികാര വ്യവസ്ഥയ്ക്കനുരൂപമായ ജീവിതവും അതിനനുരൂപമല്ലാത്ത അപരത്വവും തമ്മിലുള്ള വൈരുദ്ധ്യത്തെ അതിശക്തമായി അവതരിപ്പിക്കുകയും അധികാര സ്ഥാപനത്തിന്റെ ഫാസിസിസ്റ് ക്രൗര്യത്തിന്റെ ഇരകളാണ് അപരന്മാർ എന്ന ഉൾക്കനമുള്ള വാദം അവതരിപ്പിക്കുകയും സർവെയ്ലൻസ് –മറഞ്ഞിരുന്നു കൊണ്ടുള്ള നിരീക്ഷണം അധികാര സ്ഥാപനത്തിന്റെ സർവ്വ ശക്തമായ തന്ത്രമാണ് എന്ന്ഫ്യൂക്കോ പ്രഖ്യാപിക്കുകയുംചെയ്തു .സർവെയ്ലൻസ് എന്ന ക്രിയയെക്കുറിച്ച അദ്ദേഹം അന്ന് പറഞ്ഞത്, പിൽക്കാലത്തെ തന്ത്രപരമായ അധികാര പ്രയോഗത്തെ സംബന്ധിച്ച രാഷ്ട്രീയ പ്രവചനമായി മാറി. വിപണിയുടെ ആധിപത്യമുള്ള നമ്മുടെ ജീവിതത്തിൽ നിങ്ങൾ ക്യാമെറാ നിരീക്ഷണത്തിലാണ് എന്നവാക്യം സർവ്വവ്യാപിയായ മന്ത്രോച്ചാരണമായി മാറുമ്പോൾ ഫ്യൂക്കോ സർവെയ്ലൻസിനെ അപരവൽക്കരണ ഭരണകൂടപ്രയോഗമായി അവതരിപ്പിച്ചതിന്റെ സാംഗത്യം വ്യക്തമാവുന്നു. പക്ഷെ ഒടുവിൽ ഈ അനന്തരവൻ നിയോലിബറൽ ക്യാപിറ്റലിസത്തിനു തുറന്നപിന്തുണ പ്രഖ്യാപിക്കുമ്പോൾ ആധുനികാനന്തര സൈദ്ധാന്തികൻ ഉള്ളിലൊതുക്കിയ രാഷ്ട്രീയ അജണ്ട പരസ്യമാവുകയാണ്. ഫാസിസിസ്റ് ധനകാര്യ പ്രയോഗത്തിന്റെ കാലത്തു എങ്ങനെയാണ് ക്രിമിനലുകളും രോഗികളും ചിത്ത വിഭ്രാന്തരും ഉണ്ടാവുന്നതെന്നു പറയുമ്പോൾ ഹെജിമണിയേക്കാൾ പ്രധാനമാണ് ഇക്കോണമി എന്ന വസ്തുത തമസ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ് അതിന്റെ അർഥം. രോഗം ധനകാര്യ ചൂഷണത്തിന്റെ മേഖലയാണ് എന്നതിന് ജൈവാണുരോഗപരീക്ഷണത്തിന്റേയും മരുന്നുവ്യവസായത്തിന്റെയും ലാബുകളിൽനിന്നും വിപണികളിൽ നിന്നും തെളിവെടിപ്പുകൾ വേണ്ടിവരും
ആധുനികാനന്തരത്തിന്റെ മറ്റൊരു അനന്തരവനായ ബോദ്റിലാദ്, ഭൗതികമായ ഒറിജിനൽ ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് ലോകത്തെ ഞെട്ടിച്ചത് സത്യം ഭൗതികമായ വസ്തുവിന് മുന്നാലെ ഉണ്ടാവുന്നു എന്നാണ് പ്രാചീന ആശയ വാദം പറഞ്ഞത്; മേശയെ സംബന്ധിച്ച ആശയം ആദ്യം ഉണ്ടാവുന്നു പിന്നീട് അതിൽ നിന്ന് മേശയെന്ന ഭൗതിക വസ്തു ഉണ്ടാകുന്നു എന്ന പഴയ വാദത്തിനു നേരെ വിപരീതമായാണ് ബി. എന്ന അനന്തരവൻ സഞ്ചരിക്കുന്നത് . ഭൗതികവസ്തുവിനെ നിങ്ങൾ സത്യ/ട്രൂത് മായിക്കാണുന്നുവെങ്കിൽ, സത്യാനന്തരമായിരിക്കും യാഥാർഥ്യം/ റിയാലിറ്റി ഉണ്ടാവുക. ഗൾഫ്-ഇറാൻ-ഉക്രൈൻ-ഇസ്രായേൽ യു -എസ് യുദ്ധം നടക്കുന്നു. നാശനഷ്ടങ്ങൾ ഉണ്ടാവുന്നു, മരിക്കുന്നു, കൊല്ലുന്നു, അഭയാർഥിക്കൂട്ടങ്ങൾ ഉണ്ടാവുന്നു .ഇതെല്ലം ഷൂട്ടിങ്ങിനുവേണ്ടുന്ന അഭിനയം പോലെ അയാഥാർത്ഥമാണ് .പക്ഷെ ഇതിനെയെല്ലാം നിങ്ങളുടെ കാമറ ഒരു പരിപ്രേക്ഷ്യത്തിൽ നിന്ന് കൊണ്ട് ലോകത്തെ കാണിച്ചു കൊടുക്കുന്നു .സാങ്കേതികവിദ്യഉപയോഗിച്ച് ചിത്രീകരിക്കുന്നതിനു മാത്രമേ നിലനില്പുള്ളൂ .യുദ്ധം എന്ന ഒറിജിനലിന്റെ ആയുസ്സു യുദ്ധം അവസാനിക്കുന്ന നാൾ വരെ മാത്രം നിലനിൽക്കുന്നതാണ് .പക്ഷെ നിങ്ങളുടെ കാമറ, ഇല്ലാതായിമാറുന്ന ഒറിജിനലിൽ നിന്ന് പകർത്തിയ സത്യാനന്തരചിത്രങ്ങൾ എക്കാലവും യാഥാർഥ്യമായി നിലനിൽക്കും; നിങ്ങൾ അഭിനയിക്കുന്ന നിങ്ങളുടെ വിവാഹം അഭിനയത്തോടെ ഇല്ലാതാവുന്നു; ഒറിജിനൽ ഇല്ലാതായ ശേഷവും നിങ്ങളുടെ വിവാഹം നില നിൽക്കുന്നത് വിവാഹ ആൽബത്തിലൂടെയാണ്. നിങ്ങൾ ജനിച്ചതും നിങ്ങളുടെ ആദ്യത്തെ കരച്ചിലുമല്ല നിങ്ങളുടെ ജനന രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് നിങ്ങളുടെ ജനത്തിന്റെ സാക്ഷ്യം .മരണസെർട്ടിഫിക്കറ്റ് എന്ന രേഖ ഉണ്ടാവുന്നത് കൊണ്ട് നിങ്ങൾ മരിക്കുന്നു .മരണത്തിനു ഒറിജിനൽ ഇല്ല മരണം സംഭവിക്കുന്നതോടെ മരണം ഇല്ലാതാവുന്നു .നിങ്ങളുടെ മരണത്തെ അനശ്വരമാക്കുന്നതു മരണ സെർട്ടിഫിക്കേറ്റ് അല്ലെങ്കിൽ നിങ്ങളുടെ പ്രതിരൂപവും അതോടൊപ്പം അച്ചടിക്കപ്പെട്ടവിവരണവുമാണ്. ഒറിജിനൽ അയഥാർത്ഥമാണ് എന്നതിന് ഇതിൽക്കൂടുതൽ എന്ത് തെളിവ് വേണം? നിങ്ങൾജീവിച്ചു അനുഭവിക്കുന്ന ജീവിതമല്ല അതിന്റെ ഫോട്ടോകോപ്പി ആണ് യാഥാർഥ്യം! നിങ്ങൾ/നിങ്ങളല്ല നിർമിത ബുദ്ധിയാണ് എന്നുകൂടിപറഞ്ഞാൽ ബോദ്റില്ലാദിന്റെ വാദം കുറെകൂടി ശുഭകരമാവും!! ഇത്തരം ആശയവാദ തർക്കശാസ്ത്ര പ്രമാണങ്ങളെ തത്വ ചിന്തയുടെ ഉന്നതങ്ങളായി പരിഗണിക്കുന്ന മൗഢ്യത്തിന്റെ ലോകമാണ് നമ്മൾ
ഒരു സംഭവമുണ്ടാവുന്നു എന്നത് സംഭവത്തോടെ അവസാനിക്കുന്നു, എന്നാൽ അതിന്റെ ആഖ്യാനം നിലനിൽക്കുന്നു എന്ന വാദം, ശബ്ദമോ ലിപിയോ ചിത്രമോ കൊണ്ട് നിങ്ങൾ സംഭവത്തിന് നൽകുന്ന ആഖ്യാനത്തിനു മാത്രമേ നിലനില്പുള്ളൂ എന്ന നിലപാടിൽ ചെന്നെത്തിനിൽക്കുന്നു
സൊസ്സൂറിനെ വിശദീകരിക്കുന്ന ആധുനികാനന്തരത്തിന്റെ ഗൈഡിൽ—(രാമൻ സെൽടൻ), ഒന്നും എഴുതപ്പെടാതെ, ശൂന്യമായി കിടക്കുന്ന കിടക്കുന്ന രണ്ടു മുറികളിലെ ചുമരുകളിൽ സ്ത്രീ -പുരുഷൻ എന്നെഴുതിയാൽ അവ ടോയ്ലറ്റ് കളായി മാറുന്നു .എന്ന് പ്രസ്താവിച്ചു കാണുന്നുണ്ട്.എഴുതപ്പെടുന്ന എന്നുള്ളതുകൊണ്ടാണ് മുറികൾ ടോയ്ലെറ്റുകൾ ആയിത്തീരുന്നത് ; ചുവരിലെ എഴുത്തു അല്ലെങ്കിൽപ്രസ്താവന അല്ലെങ്കിൽ പ്രതിരൂപമാണ് ഭൗതികവസ്തുവിന് അർഥം നൽകുന്നത് എന്നതിന്റെ തന്നെ പിന്തുടർച്ചയാണ് ,–ആഖ്യാനമാണ് യാഥാർഥ്യം ;ആഖ്യാനത്തിന്റെ ഒറിജിനൽ നില നിൽക്കുന്നില്ല എന്ന കല്പനയിലുള്ളത് .വസ്തുവിനേക്കാൾ പ്രധാനം അതിന്റെ വാണിജ്യവില/കോസ്റ് ആണ് എന്നൊരു വീക്ഷണം പണ മുതലാളിത്തം പ്രയോഗത്തിൽവരുത്തിയിട്ടുണ്ട്; മുതൽ മുടക്കി ഉല്പാദനോപകാരണങ്ങൾപ്രയോഗിച്ചു വേതനം നൽകി ഒരു ഉത്പന്നത്തെ നിർമ്മിച്ച് ,അത് ചരക്കാക്കി മാറ്റുമ്പോഴുണ്ടാകുന്ന മിച്ചമൂല്യം ലാഭം വലുതായിരിക്കും .പക്ഷ മിച്ചമൂല്യത്തെ കറൻസിയുടെ രൂപത്തിൽ പലിശയ്ക്കുകൊടുക്കുമ്പോൾ വ്യാവസായിക മുതൽ മുടക്കും ഉല്പാദന ചെലവുമില്ലാതെ പണത്തിൽ നിന്ന് തന്നെ ലാഭമുണ്ടാക്കാൻ കഴിയുന്നു .ഇങ്ങനെ ധനകാര്യത്തെ വ്യാപാരം ചെയ്തുകൊണ്ട് പലിശഎന്ന മിച്ചമൂല്യം സമ്പാദിക്കുന്നതിനു വേണ്ടി മുതൽ നിക്ഷേപിക്കുമ്പോൾ മിച്ചമൂല്യത്തിന്റെ കാര്യത്തിൽ സമ്പത്തിന്റെ കാര്യത്തിൽധനകാര്യ മുതലാളിത്തത്തിന് വ്യാവസായിക ഭൗതികോല്പാദനമുതലാളിത്തത്തെ അപേക്ഷിച്ചു ലാഭത്തിൽ മുൻകൈ ഉണ്ടാവുന്നു .സോസോറിൻറെ ഭാഷയിൽ പറഞ്ഞാൽ പണം ഒരു ചിഹ്നമാണ് .പത്തുലക്ഷം റുപ്പികഎന്ന വില signifier-ഉം === ഒരു ഭൗതിക വസ്തു അതിന്റെ signified-മാണ് ;പത്തുലക്ഷം ഉറുപ്പിക നിങ്ങൾ പലിശയ്ക്ക് കൊടുക്കുമ്പോൾ signified മിച്ചമൂല്യമാണ്; ഈ വ്യാപാരം പുരോഗമിക്കുന്തോറും signifier തന്നെ sign ആയി മാറുകയും മിച്ചമൂല്യത്തിൽ വൻ കുതിപ്പുണ്ടാവുകയും ചെയ്യുന്നു .പണം ഭൗതിക വസ്തുവിന്റെ ചിഹ്നമാണെങ്കിലും ധനകാര്യവ്യാപാര രംഗത്ത് അത് പ്രഥമ signified അല്ലാതായി മാറുന്നു .ഈ വ്യാപാരത്തിൽ ഈടിന്റെ രൂപത്തിൽ ഒരു വസ്തുവിന്റെ ആധാരമോ നിബന്ധനകളോ ഉണ്ടാവാമെങ്കിലും, പണത്തിന്റെ signified വസ്തുവല്ല പണം എന്ന signifier തന്നെ ആവുന്നു. ചുമരിന്മേലുള്ള പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്ന signifier-ക്കു ചുമർ /കെട്ടിടം എന്ന signified ഉണ്ട് എങ്കിൽ ഇവിടെ signifier അതിൽ തന്നെ പൂർണമായ sign ആയി മാറുന്നു. ഒരു ലക്ഷം കോടി രൂപ കൊണ്ട് നിങ്ങൾക്ക് ഹെലികോപ്റ്ററോ ബ്രോഡ് ഗേജൊ സീറോ ഗേജൊ വാങ്ങാം; ധനകാര്യ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം പണം തന്നെയാണ് സൃഷ്ടിയും സൃഷ്ടിജാലവും. signifier കൊണ്ട് വരുന്ന അധീശപത്രവുംമുതലും പലിശയും തന്നെയാണ് signifier-ഉം signified-ഉം; വിശേഷിച്ചു ഒരു signified- അവിടെ ഇല്ല.
പണത്തിനു ഭൗതികോത്പാദനത്തിനു മേൽ ആധിപത്യമുണ്ട് എന്നതിനാലാണ് കൂലി നെല്ലായി വേണോ പണമായി വേണോ എന്ന് സർ ചാത്തുനായർ ചോദിക്കുന്നതു. ആപേക്ഷികമായി പണത്തിനു മൂല്യം കൂടുതലുണ്ട് എന്ന വസ്തുത ധ്വനിപ്പിക്കുന്ന ചോദ്യമാണത്. നെല്ലിന് പാഠഭേദങ്ങളുണ്ടാവാം. പക്ഷെ പണത്തിന്റെ വ്യയ വൈവിധ്യം അതിനെ കൂടുതൽ മൂല്യമുള്ളതാക്കിത്തീർക്കുന്നു…. കറങ്ങിത്തിരിഞ്ഞ് വരുമ്പോൾ ഭൗതികോത്പാദനമില്ല എങ്കിൽ നെല്ല് ഇല്ല; നെല്ല് ഇല്ല എങ്കിൽ പണവുമില്ല അതാണല്ലോ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി. അതുകൊണ്ടു പണത്തിൽ നിന്ന് പണം കൊയ്തെടുക്കുന്ന മുതലാളിക്കു മൂല്യ ഹേതുവായി ചരക്കായി മാറ്റപ്പെടുന്നഉല്പന്നവും അതിനു demand-ഉം ഉണ്ടാവണം. ഡിമാൻഡ് ഉണ്ടായാൽപ്പോര വാങ്ങാൻ ആളുകളുടെ കൈയിൽ പണവും വേണം എന്ന് തോമസ് ഐസക്ക് പറയാറുണ്ട്. പണമില്ലാത്തത്കൊണ്ട് വായ്പയെടുത്തു നാം വിപണിയെ ജീവിപ്പിക്കുന്നു. വായ്പയെടുത്തവൻ ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നു. ഉത്പന്നം എന്ന signified-ന്റെ സുരക്ഷിതത്വത്തിനു ഊന്നൽ നൽകാത്ത വിപണിയെ നിയന്ത്രിക്കുന്നത് പണമുതലാളിത്തമാണ്.
പണത്തേക്കാൾ ബലവാനാണ് ഡാറ്റാ എന്ന് ഘടനാനന്തര-അധിനിവേശാന്തര- അപനിർമ്മിതി വാദിയായ ഗായത്രി സ്പിവാക് പ്രസ്താവിക്കുന്നുണ്ട്. കേരളാ നിയമസഭയിൽ ബാലഗോപാലൻ മന്ത്രി ഇനി നമ്മൾ വിവര വിജ്ഞാനം ഉപയോഗിച്ച് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ പോവുകയാണ് എന്നും തലയ്ക്കു കനം ഉണ്ടെന്നു തോന്നുന്നകുട്ടികളെ തെരഞ്ഞു പിടിച്ചു സാങ്കേതികവിദ്യാവ്യവസായ ശാലകളിലേക്കു തള്ളിക്കയറ്റി കൃത്രിമ ബുദ്ധിശക്തി ഉപയോഗിച്ചും നേർ ബുദ്ധി ഉപയോഗിച്ചും ഡാറ്റാ പ്രോസസ്സിംഗ് വിദഗ്ദ്ധരാക്കുമെന്നും
അങ്ങനെ ഒരു ജ്ഞാന സമ്പദ് വ്യവ സ്ഥയിലേക്കു കുതികൊള്ളുമെന്നും പ്രസ്താവിക്കുകയുണ്ടായി ബി. അനന്തരവൻ പറഞ്ഞ പോലെ ഗായത്രി അനന്തരവൾ പറഞ്ഞതും പ്രത്യക്ഷത്തിൽ നമ്മെ ഹരം കൊള്ളിക്കുന്നു.സെൽഡന്റെ fable പിന്തുടർന്നാൽ കെട്ടിടവും ശൂന്യമായ ചുമരും അർത്ഥരഹിതമായി മരിച്ചു കിടക്കുകയാണ്. അതിന്മേൽ രണ്ടു ഭാഗത്തായി സ്ത്രീകൾ എന്നും പുരുഷന്മാർഎന്നും വിവരജ്ഞാന/ഡാറ്റാ വാക്യങ്ങൾ പ്രത്യക്ഷപ്പെടുകയും അവ ടോയ്ലെറ്റുകളായി മാറുകയും തുടർന്ന് പണപ്പിരിവിനായി ഒരു മേശയും പിരിവുകാരനും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വിവരജ്ഞാനരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന signifier ആണ് ഇവിടെ ജ്ഞാനത്തിൽ നിന്ന് പണമുണ്ടാവുന്നതിനു കാരണമായിത്തീരുന്നതു; സമ്പദ് വ്യവസ്ഥയ്ക്ക് കാരണമാവുന്നത് .വിവരജ്ഞാന രേഖ ഉണ്ടെങ്കിൽ പണം, ഇല്ലെങ്കിൽപിണം ഇതാകുന്നു ജ്ഞാനസമ്പദ് വ്യവസ്ഥ;സ്ത്രീകൾ -പുരുഷന്മാർ എന്ന് മലയാളത്തിൽ എഴുതുകയാണെങ്കിൽ എഴുതുന്നതിനു മുൻപ് അത് ഉപയോഗിക്കുന്നത് ഏതു ഭാഷാ സമൂഹമായിരിക്കും എന്നതിന്റെ ഡാറ്റാ ശേഖരിച്ചിരിക്കണം. നിങ്ങൾ ജീവാണു രോഗവ്യാപനത്തിന്റെ മരുന്ന് കച്ചവടത്തിൽ നിന്ന് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവാണുക്കളുടെയും അവയുടെ രോഗവ്യാപനശേഷിയെയും അവയുടെ ജനിതക ഭേദങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരിക്കണം. ജീവാണുക്കൾപ്രയോഗിക്കപ്പെടുന്ന സമൂഹത്തിന്റെ ജീവശാസ്ത്രപരവും ജനിതകവുമായ സവിശേഷതകളെപ്പറ്റിയുള്ള ഡാറ്റാ ശേഖരിച്ചിരിക്കണം . ഡച്ചുകാരനായ സായ്വ് വന്നു ഇവിടത്തെ ഔഷധ സസ്യങ്ങളെപ്പറ്റി ഇട്ടിഅച്യുതനോട് വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കിയതിനെയാണ് വിവര ജ്ഞാന ശേഖരണം എന്ന് പറയുന്നത്. സായിപ്പിന്റെ pharmaceutical industry-ക്ക് ഇത്തരത്തിലുള്ള വിവരവിജ്ഞാനശേഖരം ആവശ്യമായി വരുകയും സായ്വ് ഡാറ്റാ പ്രോസസ്സ് ചെയ്തു മരുന്നുണ്ടാക്കുകയും അതിന്റെ കുത്തക-/പേറ്റന്റ് കൈവശപ്പെടുത്തുകയും ചെയ്യുന്നു.. വിവരവിജ്ഞാനത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈവിധ്യവൽക്കരിച്ചു ഒരുഉത്പന്നത്തിന്റെ തന്നെ രുചി ഭേദങ്ങളുണ്ടാക്കാനുള്ള ഫോർമുല വിൽക്കുന്ന വിവരവിജ്ഞാനവ്യവസായ ശാലകളുടെ ഭാഗമായിത്തീരുവാൻ കഴിവുള്ള വിദ്യാർത്ഥികളെ ഉൽപ്പാദിപ്പിക്കുന്ന സമ്പ്രദായത്തെയാണ് ഭാവിയിൽ നമ്മൾ ഉന്നതവിദ്യാഭ്യാസം എന്ന് വിളിക്കുന്നത് .ഉപയോഗത്തെ ഉപഭോഗമായുയും ആവശ്യത്തെ ഡിമാൻഡ് ആയുംപരിവർത്തിപ്പിക്കുന്ന വിപണി, ഉത്പന്നങ്ങളുടെ മേൽ നടത്തുന്ന ലോഭ പ്രയോഗത്തെ/fetish യാണു മാർക്സ് വിമർശിക്കുന്നത്; (വസ്തുക്കളുടെ ലൈംഗിക ലോഭനീയതയെ ആണ് ഫ്രോയിഡ് ഫെറ്റിഷ് എന്ന് വിശേഷിപ്പിക്കുന്നത്. ആവശ്യത്തെ/ഉപയോഗത്തെ ഐന്ദ്രിയാനുഭൂതിപരമായ ലോഭനീയതയിലേക്കു മാറ്റിയെഴുതുമ്പോഴാണ് ഉപയോഗം ഉപഭോഗമായി തീരുന്നതു;
ജ്ഞാനമായാലും –knowledge- വിവരജ്ഞാനമായാലും അതിന്റെ ധർമം വസ്തുവിനെ വിലോഭനീയമാക്കിത്തീർക്കുകഎന്നുള്ളതല്ല…. വസ്തുവിന്റെ ഉള്ളടക്കത്തെയും രൂപത്തെയും അറിയുക എന്നതാണ്. വിവര വിദ്യാവ്യവസായം /ഡാറ്റാ ഇൻഡസ്ടറി അറിവിന്റെ ധർമത്തെ അട്ടിമറിക്കുകയും സാമ്പത്തിക ചൂഷണോപാധി ആക്കിത്തീർക്കുകയും ചെയ്യുന്നു.
മറ്റൊരു ആധുനിക അനന്തരവനായ ലിയോത്താർ ബൃഹദാഖ്യാനങ്ങളോട് ശത്രുത പ്രദർശിപ്പിച്ചിട്ടു ഹ്രസ്വആഖ്യായികകളോട് അമിതവാത്സല്യം ആവശ്യപ്പെടുന്നതിൻറെ ചരിത്രപരവും രാഷ്ട്രീയവുമായ ദൗത്യം എന്താണ്? ലഘു ഭാവഗീതം, എപിക്, നാടകം നോവൽ ചെറുകഥ മഹാകാവ്യം ഖണ്ഡകാവ്യം സിനിമ ഹ്രസ്വ ചലച്ചിത്രം തുടങ്ങി മെഗാ സീരിയലിൽവരെ എത്തിനിൽക്കുന്ന ആഖ്യാന വേദിയിൽ ഇനി ഹ്രസ്വആഖ്യായികൾ മതി എന്നൊരു ഉൾവിളി ഉണ്ടണ്ടായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്; മാർക്സിസവും ക്രിസ്തുമതവും ബൃ ഹദാഖ്യാനങ്ങളാണ് ഇനി അവയ്ക്കു നിലനില്പില്ല എന്ന് പറയുമ്പോൾ അവയ്ക്കും ഹ്രസ്വമായ ഉൾപ്പിരിവുകളുണ്ട് എന്ന്കാണുന്നില്ല. രാഷ്ട്രീയത്തിലെ ബൃഹദാഖ്യായിക സാമ്രാജ്യത്വ അധിനിവേശ മഹാ ദേശമാണ്; ഒന്നാം ലോക മഹായുദ്ധത്തിനുശേഷം കൊളോണിയൽ ബൃഹദാഖ്യാനങ്ങളിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു രൂപപ്പെട്ട nation states /ദേശരാഷ്ട്രങ്ങളെ ആകെ ആഗോളഗ്രാമം എന്ന ബൃഹദാഖ്യായികയിൽ ലയിപ്പിക്കണമെങ്കിൽ രാഷ്ട്ര ദേശീയതയെ വിഘടിപ്പിച്ചു പ്രാദേശിക വംശീയ-ethnic- ഗ്രൂപ്പുകളാക്കണം എന്നത് ആഗോളവൽക്കരണ മഹാഖ്യാനത്തിൽ ഒളിപ്പിച്ചു വച്ച രഹസ്യമാണ് .അത് കൊണ്ടാണ് അധികാര വികേന്ദ്രീകരണത്തിന്റെ തീസിസിൽ ദേശ രാഷ്ട്രങ്ങളുടെ ശകലീകരണമാണ് അധികാരവികേന്ദ്രീകരണത്തിന്റെ ലക്ഷ്യം എന്ന് വ്യക്തമായി എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു.ആഗോള ഗ്രാമവും .ആഗോളകമ്പോളവും ബൃഹദാഖ്യാനങ്ങളാണെങ്കിലും അവ എത്നിക് ശകലങ്ങളുടെ സമാഹാരങ്ങളാണ്; വംശീയവും,മതവിഭാഗപരവും, ജാതീയവും, പ്രാദേശീയ വും, പ്രാകൃത ഭാഷാപരവും,ഗോത്രപരവും ആയ അനന്യതകളുടെ/ identity-അടിസ്ഥാനത്തിലുള്ള എത്നിക് കൂട്ടായ്മകൾ കൊണ്ട് ദേശരാഷ്ട്രസ്ഥലത്തെ വിഘടിപ്പിക്കുക എന്ന ദൗത്യമാണ് എൽ. അനന്തരവന്റെ ഹ്രസ്വആഖ്യായികാ സിദ്ധാന്തത്തിലമർന്നിരിക്കുന്നതു .ക്രിസ്ത്യാനിറ്റിയെ ബൃഹദാഖ്യായികയായി അംഗീകരിക്കുന്ന എൽ. അനന്തരവൻ കാതോലിക്കാ— ഓർത്തഡോൿസ് പക്ഷങ്ങളെ ഹ്രസ്വാഖ്യായികകൾ എന്ന നിലയിൽ സ്വാഗതം ചെയ്തെന്നിരിക്കും. ഏകമത വിശ്വാസികളുടെയും ബഹുമതവിശ്വാസികളുടെയും രാജ്യങ്ങളിൽ മതങ്ങളുടെയും മതങ്ങളുടെ ഉൾപ്പിരിവുകളുടെയും ജാതികളുടെയും ഹ്രസ്വ ദേശങ്ങളുടെയും പേരിൽ നടക്കുന്ന വിഘടനാ ഭീകരവാദ യുദ്ധങ്ങൾ എത്തിനിക് ഹ്രസ്വആഖ്യായികകൾക്കു വേണ്ടിയുള്ള ദേശ രാഷ്ട്ര ശകലീകരണത്തിന്റെ ഭാഗമാണ് .എന്തുകൊണ്ട് ബൃഹദാഖ്യായികൾവേണ്ട എന്ന് ഹ്രസ്വാഖ്യായികകൾ മതി എന്നുമുള്ളതിനു സൗന്ദര്യ ശാസ്ത്രപരമായ ഒരു വിശദീകരണവും ഇല്ല. ജെ. ദെറിദ എന്നമറ്റൊരു അനന്തരവൻ ഉയർത്തിക്കൊണ്ടുവരുന്ന എത്നോസെൻ ട്രിസത്തിലേക്കും പിന്നീട് ഉണ്ടായി വരുന്ന എത്നിക് ഐഡന്റിറ്റിയിലേക്കും തുടർന്ന് പ്രഖ്യാതമായി ത്തീരുന്ന ഐഡന്റിറ്റി രാഷ്ട്രീയത്തിലേക്കും അന്തിമമായി പിങ്ക് ക്യാപിറ്റലിസത്തിലേക്കുമുള്ള ചവിട്ടു പടിയാണ് ലിയോത്താർ എന്ന് പറയാവുന്നതാണ്.
ഹ്രസ്വആഖ്യായികാ ഭ്രമം സ്വാഭാവികമായും ദേശരാഷ്ട്രങ്ങളെ മുറിച്ചു അതിൽനിന്നു പ്രാദേശികതയുടെയും, ഗോത്രത്തിന്റെയും, വംശത്തിന്റെയും, ഭാഷയുടെയും പേരിൽ വിഭിന്നങ്ങളായ പ്രാങ്മൂല/ethnic സമൂഹങ്ങളെ വേർതിരിച്ചു പ്രാങ്മൂല അനന്യതയുടെ / ethnic identity യുടെ സംഘാതങ്ങളെ സൃഷ്ടിക്കുന്ന നവകമ്പോള മുതലാളിത്തത്തിന്റെ രാഷ്ട്ര തന്ത്രമാണ്. ദെറിദയുടെ പ്രാങ്മൂലകേന്ദ്ര വാദം / ethnocentrism രാഷ്ട്ര ശകലീകരണത്തിലൂടെ സാധ്യമാവുന്ന ഹ്രസ്വആഖ്യായികകളെ ത്തന്നെയാണ് ലക്ഷ്യമാക്കുന്നത്….. ലോകമെങ്ങും പ്രാദേശികതയുടെയും മതങ്ങളുടെയും മതപ്പിരിവുകളുടെയും ഗോത്രങ്ങളുടെയും വംശീയതയുടെയും ഭാഷയുടെയും പേരിൽ വിഘടനയുദ്ധങ്ങൾ നടക്കുമ്പോൾ എത്നിക് ഐഡന്റിറ്റിയെ മുൻനിറുത്തി എത്നിക് ഗ്രൂപ്പുകൾ ലോകമാകെ മനുഷ്യക്കുരുതികൾ നടത്തുമ്പോൾ എത്നോ – സെൻട്രിസത്തിന്റെ തത്വകാരൻ നിയോകോളോണിയലിസത്തിന്റെ അറവുകാരൻ ആണ് എന്ന് കൂടി വെളിപ്പെടുന്നുണ്ട്. എത്നിക് ഐഡന്റിറ്റിക്കു വേണ്ടി നടത്തുന്ന വിഘടനായുദ്ധങ്ങളിൽ നിന്ന് രൂപപ്പെടുന്ന ഓരോസമൂഹവും നവ മുതലാളിത്തത്തിന്റെ കോളനികളായി മാറുകയും അങ്ങനെ കോളനികളുടെ ഹ്രസ്വആഖ്യാനങ്ങളായി ദേശരാഷ്ട്രങ്ങൾ ചിതറിപ്പോവുകയും ചെയ്യുന്നു.ഹ്രസ്വആഖ്യായി കളായി ചിതറിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് ഇന്ന് ഇസ്ലാമിക രാഷ്ട്രങ്ങക്കുള്ളിൽ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന യുദ്ധങ്ങൾ. ഇറാനും ഇസ്രയേലും അറബിരാജ്യങ്ങളും പലെസ്തീനുമെല്ലാം ഹ്രസ്വാഖ്യായികാ നിർമ്മാണം എന്നപദ്ധതിക്കു വിധേയമായിത്തീരുന്നചരിത്രത്തിന്റെ നടപ്പുമാതൃകകളാണ്. യു എസ് ,ബ്രിട്ടൺ തുടങ്ങിയബൃഹദാഖ്യായികൾപോലും ജനങ്ങളാൽ എഴുതിത്തള്ളപ്പെട്ടു സൈബർ കോർപറേറ്റുകളുടെ ആജ്ഞാനുവർത്തികളായി ചുരുങ്ങിപ്പോയിരിക്കുന്നു.വൈവിധ്യവുംവൈചിത്ര്യവുമാണ് വിപണിയുടെ അനു ദിന ചരക്കു വ്യാപാരത്തിന്അവശ്യമായി വരുന്നതന്ത്രമാണ്. അതുകൊണ്ടു ഭാഷ വംശം ഗോത്രം മതം തുടങ്ങിയഇനങ്ങളിലേക്കു രാഷ്ട്ര ജനതയെ വിഘടിപ്പിക്കുമ്പോൾ അതിനനുസരിച്ചു ചരക്കുവിപണിയിൽ പുത്തൻ രൂപമാതൃകകൾ വിന്യസിച്ചുകൊണ്ടിരിക്കാം എന്ന് മാത്രമല്ല ബൃഹദ് ദേശരാഷ്ട്രങ്ങളുടെ ഇക്കോണമി തകർന്നു അവ ശിഥിലീകരിക്കപ്പെട്ടാൽ ലോകമാർകെറ്റിങ് ശക്തിക്കു അവയിലൂടെയെല്ലാംവൻ തീരുവ പ്രതിരോധങ്ങളെ ദുർബ്ബലപ്പെടുത്തിക്കൊണ്ടു കയറി ഇറങ്ങാം GST വന്നപ്പോൾ ചെക്ക് പോസ്റ്റുകളുടെ ന്യൂനീകരണം അനുവദിച്ചുകൊടുത്തതു ഓർക്കുക. എല്ലാരാജ്യങ്ങളെയും ഭരിക്കുന്ന ആഗോളസമ്പദ് സാമ്രാജ്യമായി വിപണിക്ക് വളരാൻ ഈഹ്രസ്വാഖ്യായികാവൽക്കരണം ആവശ്യമായി വരുന്നു എന്നതാണ് ഇതിൻറെഅന്തിമസാരം.
ദെറിദയുടെ മെറ്റാഫിസിക്കൽ ഗിമ്മിക്ക്കുകൾക്കുള്ളിൽ അമർന്നു കിടക്കുന്ന എത്നിക് ഐഡന്റിറ്റി രാഷ്ട്രീയത്തോടൊപ്പം അയാൾ ലിപി ആണ് ശബ്ദത്തിനു മുൻപ് സംവേദന ചിഹ്നമായി ചരിത്രത്തിൽ രൂപപ്പെടുന്നത് എന്നും മറ്റുമുള്ള വാദങ്ങൾ മുന്നോട്ടു കൊണ്ട് വരുന്നുണ്ട് .ആദ്യം ചിത്രങ്ങൾ പിന്നീട് ചിത്ര -ലിപി സംയുക്തങ്ങൾ അതിനു ശേഷം ലിപി, അനന്തരം ലിപിക്കുള്ള ശബ്ദ ചിഹ്നങ്ങൾ എന്നിങ്ങനെ എഴുത്തിൽ നിന്നാണ് ശബ്ദ ഭാഷരൂപപ്പെടുന്നത് എന്ന് പറയുമ്പോൾ അയാൾ സൊസ്സൂറിനെ തല തിരിച്ചു നിർത്തുകയാണ് .പൂച്ച എന്ന ശബ്ദത്തിൽ നിന്ന് അതിന്റെ സിഗ്നിഫൈഡ് ആയ മൃഗം തിരിച്ചറിയപ്പെട്ടു എന്ന് പറയുന്ന സോസോറിൻറെ വിപരീതമാണ് ദെറിദയുടെ വാദം എന്ന് തോന്നാമെങ്കിലും ദെറിദയുടെ വാദമണ്ഡലത്തിലും signified ആയ ഭൗതിക വസ്തു പ്രശ്ന കാരകനാകുന്നില്ല .ലിപിയും ശബ്ദവും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിൽ രണ്ടിനും ആധാരമായ ഭൗതിക വസ്തുവും അതിന്റെ ഇന്ദ്രിയജ്ഞാനവുമാണ് സംവേദനത്തിനായി വരയോ ശബ്ദമോ ആയി പ്രയോഗിക്കുന്നത് എന്ന വസ്തുത മറച്ചു വയ്ക്കപ്പെടുന്നു….. വരയും ശബ്ദവും ഭൗതികമായ ഇന്ദ്രിയാനുഭവത്തിന്റെയോ ജ്ഞാനത്തിന്റെയോ signifier- ആണ്. ചിഹ്നത്തിന് ഒരു ഉള്ളടക്കമുണ്ടു എന്നും ഉള്ളടക്കത്തെ പ്രകാശനം ചെയ്യുന്നതിനുള്ള ഉപാധിയാണ് വര / ശബ്ദമെന്നുമുള്ള വസ്തുതയെ പിന്തള്ളിക്കൊണ്ടു ആണ് വ്യർത്ഥമായ ഈ മൂപ്പിളമത്തർക്കം പുരോഗമിക്കുന്നത് .ദെറിദയെ മൃഗശാലയിൽ നിന്ന് പുറത്തു ചാടിയ ഒരു പുലി ആക്രമിക്കാൻ വരുമ്പോൾ അയ്യോ എന്ന് നിലവിളിച്ചു കൊണ്ടോടുകയോപുലിവരുന്നേ എന്ന് ആദ്യം കാണുന്ന ചുവരിൽ എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്യാം . ഒരു തീരുമാനത്തിലെത്തുമ്പോഴേക്ക് പുലി ദെറിദയെ തിന്നു കഴിയും. ദെറിദയെ ഒരു പട്ടികടിക്കാൻ വരുമ്പോൾ പട്ടിയുടെ നേരെ ഒരു കല്ലെടുത്തു എറിയുകയുമാവാം. അവിടെ പ്രതിരോധത്തിന്റെ ഭാഷ ലിപിയോ ശബ്ദമോ ആയിരിക്കണമെന്നില്ല… തുടക്കത്തിൽ signifier ആയ കല്ല് ക്രിയയിലൂടെ signified ആയിത്തീരുകയാണ്. ക്രിയ, ചിഹ്നം എന്ന നിലയിൽ ആക്രമണം എന്ന ആശയം സംവേദിക്കുകയും ചെയ്യുന്നു. ക്രിയാകേന്ദ്രീകൃതമാണ് ഇവിടെ ചിഹ്നം. വാമൊഴിഭാഷാ വഴക്കമുള്ളവർക്കെല്ലാം വരമൊഴിജ്ഞാനമില്ലാതെ പോയത് എന്തുകൊണ്ടാണ് എന്ന് അറിയുന്നവർക്ക് എന്ത് കൊണ്ടാണ് മുതിർന്നവർക്കുവേണ്ടി സാക്ഷരതാ പ്രസ്ഥാനം വേണ്ടിവരുന്നത് എന്നറിയുന്നവർക്കു ഇപ്പറഞ്ഞ മൂപ്പിളമയെക്കുറിച്ചു വ്യക്തത ഉണ്ടാവാൻ തീസിസുകൾ വേണ്ട സാമാന്യ ബുദ്ധി മതി. എത്രബാലിശമായ വാദത്തെയും ആശയക്കുഴപ്പത്തിന്റെ ഭാഷയിൽ അവതരിപ്പിച്ചു ബുദ്ധിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്ന ഈ താർക്കിക പരിവേഷത്തിനുള്ളിൽ നിന്ന് നവമുതലാളിത്തത്തിന്റെ കൊളോണിയൽ രാഷ്ട്രീയം വലിച്ചു പുറത്തേക്കിടാൻ വലിയ മാനസിക ദണ്ഡനങ്ങളൊന്നും വേണ്ടിവരില്ല
വർഗ്ഗപരവും സാമ്പത്തികവുമായചൂഷണം എന്ന മാർക്സിയൻ സാമ്പത്തിക രാഷ്ട്രീയവാദത്തെ പിന്തള്ളുന്നതിന് വേണ്ടിയാണ് ഈ താത്വിക അനന്തരവന്മാരെല്ലാം രാഷ്ട്രീയത്തിന്റെ കുപ്പായമെടുത്തണിയുന്നതു ;ഒടുവിൽ നിയോലിബറലിസത്തിലും ഐഡന്റിറ്റി രാഷ്ട്രീയത്തിലും പിങ്ക് ക്യാപിറ്റലിസത്തിലുമൊക്കെ ചേക്കേറുന്ന സാംസ്കാരിക– -മാനവികതാ ഹത്യയിൽ ഇവർ എത്തിച്ചേരുകയും ചെയ്യുന്നു ;ദെറിദയുടെ അപനിർമിതിവാദം ലിയോത്താറിന്റെ ഹ്രസ്വആഖ്യായികാവാദത്തിന്റെ തന്നെ’ അനന്തരം” .ആകുന്നു . അപനിർമ്മിതി എന്നത് വായനയിലൂടെ ഒരു കൃതിക്ക് ഭിന്നാർത്ഥം നിർമിക്കുന്ന കർമം എന്ന നിലയിലാണ് മലയാളത്തിൽ സാമാന്യമായി പ്രയോഗിക്കപ്പെടുന്നത് , എന്നാൽ ദെറിദയ്ക്ക് മുൻപ് മലയാളത്തിൽ ശരിയായ അപനിർമ്മിതി പ്രയോഗങ്ങൾ ഉണ്ടായിട്ടുണ്ട് ആ അപനിർമ്മിതികളെ ദെറിദയുടെ ദുരുദ്ദേശ സങ്കലിതമായ അപനിർമ്മിതിയുമായി കൂട്ടിക്കുഴയ്ക്കാൻ പാടുള്ളതല്ല.ഉദാഹരണത്തിന്,
മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാവും
അർത്ഥങ്ങളില്ലെന്നൊരുഭേദമുണ്ട്
ഭാഗവതം എന്ന വിശുദ്ധ ഗ്രന്ഥത്തെ അതിന്റെകാലത്തെ, ശ്ലേഷാലങ്കാര പ്രയോഗത്തിന്റെ സമർത്ഥമായ വിരുദ്ധോക്തി വാദ്യം കൊണ്ട് രാഷ്ട്രീയമായി തകർത്തുകളയുന്ന സാമ്പത്തിക അപനിർമ്മിതിയാണ് ഇത് . ഇതുകലയാണ്.എന്നാൽ ദെറിദയുടെ അപ നിർമ്മിതി സിദ്ധാന്തത്തിന് കലയുമായി യാതൊരു ബാധ്യതയുമില്ല.ഒരുഭാഷ്യം അഴിച്ചുനോക്കി അതിന്റെ ഘടനാധാരം കണ്ടെത്തുന്ന ഘടനവാദത്തിന്റെതന്നെ വേറിട്ടൊരുപതിപ്പാണ് ദെറിദയുടെഅപനിർമ്മിതി. ഏതെങ്കിലുംനിർമ്മിതിക്കുപുത്തൻവ്യാഖ്യാനമോ വ്യത്യസ്ത ഭാഷ്യമൊ ചമയ്ക്കുന്ന പ്രവർത്തനമല്ല ദെറിദയുടെ അപനിർമ്മിതി .ഗജമുഖ വാഹന രിപു നയന എന്നപ്രയോഗത്തിന്റെ അടിത്തട്ടിൽ നിന്ന്’ പൂച്ചക്കണ്ണാ’ എന്നൊരു സമസ്യ കോരിയെടുക്കുകയും അതിന്റെ വംശീയ എത്നിക് പര്യവേഷണംനടത്തുകയുമാണ് ദെറിദയുടെ അപനിർമ്മാണപ്രമാണരീതി.
. ശബ്ദത്തിൽ നിന്ന് ഭാഷ ഉല്പന്നമാവുന്നു എന്ന സോസോറിൻറെ വാദത്തെ ലിപിയാണ് ആദ്യമുണ്ടായത് എന്ന വാദം കൊണ്ട് അപനിർമ്മിക്കുന്നു എന്ന അർത്ഥത്തിലാണ് അപനിർമ്മിതി സാമാന്യമായി ഉപയോഗിക്കുന്നത് . സോസുറിന്റെഅഭിപ്രായംനിർമ്മിതിയല്ല ആദ്യം ശബ്ദം പിന്നെ അതിന്റെ രേഖാരൂപങ്ങൾ എന്നത് സർവ കാലബോദ്ധ്യമുള്ള സാമാന്യ ധാരണയാണ് . അത് സൊസ്സൂറിന്റെനിർമ്മിതിയല്ല .അത് നിർമ്മിതി അല്ലാത്തത് കൊണ്ട് ദെറിദയുടെ ബൗദ്ധിക കസർത്ത് അപനിർമ്മിതിയുമല്ല..അതേസമയം ശബ്ദത്തിൽനിന്നു പദാർത്ഥരൂപങ്ങളുണ്ടായി എന്നപൂർവ്വകാല ആശയ വാദത്തെ കൃത്രിമബുദ്ധികൊണ്ടു(വചനം രൂപമായി എന്ന ആശയവാദപഴഞ്ചാക്കിനെ) ചമൽക്കാരഭരിതമാക്കാൻ സൊസ്സൂർ/സോഷോ, ശ്രമിക്കുന്നുണ്ട്. ദെറിദയുടെ അപനിർമ്മിതി അർത്ഥം തിരുത്തിപ്പറയലല്ല .പ്രാങ്മൂല / എത്നിക് കേന്ദ്രീകൃതമായ അപഗ്രഥനമാണ്.ഒരു നിർമ്മിതിയെ അഴിച്ചുനോക്കി അതിന്റെ ഉള്ളിൽ നിന്ന് വംശീയ വിധേയത്വത്തിന്റെയും വംശീയകോയ്മയുടെയും ക്രമങ്ങൾ കണ്ടെത്തുക വംശീയ ഐഡന്റിറ്റിയുടെ രൂപങ്ങൾ കണ്ടെത്തുക ,ഇതേമാതൃകയിൽ കൃതിയിൽ അടക്കം ചെയ്തിരിക്കുന്ന ഗോത്രപരമായ ഐഡന്റിറ്റിയുടെ ഉള്ളടക്കം കണ്ടെത്തുക ഭാഷാപരമായ ഐഡന്റിറ്റിയുടെ രൂപങ്ങൾ കണ്ടെത്തുക ,പ്രാദേശീയമായ ഐഡന്റിറ്റിയുടെ ഉള്ളടക്കം കണ്ടെത്തുക—-ഇത്തരം എത്നിക് ബലാബലങ്ങളുംഎത്നിക് ഹ്രസ്വആഖ്യാനങ്ങളും കണ്ടെത്തി ബൃഹദ് ദേശീയതയെ പൊളിക്കുക എന്ന രാഷ്ട്രീയ ധർമ്മ മാണ് അപനിർമ്മിതി നിർവഹിക്കുന്നത്. ഇന്ദുലേഖ അപനിർമ്മിച്ചിട്ടു നായർ ഐഡന്റിറ്റിയാണ് അതിന്റെ മർമ്മം എന്ന് പറയാം ; നമ്പൂ തിരി നായർ സങ്കരത്തിൽ രണ്ടിന്റെയും എത്നിക് ഐഡന്റിറ്റി നഷ്ടപ്പെടുന്നുവെന്നു വാദിക്കാം .എത്നിക് ഐഡന്റിറ്റി എന്നത് അതിൽ തന്നെ പൂർണമായ ഒന്നല്ല; ആപേക്ഷികമാണ് ;നമ്പൂതിരിക്കോയ്മയും നായർ വിധേയത്വവും പരസ്പരാപേക്ഷികങ്ങളാണ് . വിവാഹാവകാശം നഷ്ടപ്പെട്ട് നഷ്ടപ്പെട്ടു നായർ തറവാടുകളെ ലൈംഗികാവലംബമായിക്കാണുന്ന അപ് ഫന്മാരും അന്തർജനങ്ങളും നമ്പൂരിത്തത്തിന്റെ എത്നിക് ഐഡന്റിറ്റിയുടെ തനതു രൂപങ്ങളാണോ ?ഒരു നമ്പൂതിരി കുടുംബത്തിൽ തന്നെ, ഒരു നായർ കുടുംബത്തിൽ തന്നെ ഒരു കൊളോണിയൽ മിനിയേച്ചർ ഉണ്ട്. നായർ ഐഡന്റിറ്റി എന്നത് മേൽജാതിക്കും കീഴ്ജാതിക്കുമിടയിൽ രൂപംകൊള്ളുന്നതാണ്; ജന്മിത്ത ചൂഷണ വ്യവസ്ഥയിൽ ഭൂമിയിന്മേൽ അധികാരം സ്ഥാപിക്കുന്നവരും ഭൂമിയിൽ പണിയെടുക്കുന്നവരും തമ്മിലുള്ള വർഗ്ഗപരമായ വൈരുധ്യത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന വർഗപരമായ ബൃഹദ് ഐഡന്റിറ്റി—- അതോടൊപ്പംവരുന്ന മതജാതിനിരപേക്ഷതാ രാഷ്ട്രീയം—- ഇതൊക്കെ മിഥ്യയാണ് എന്ന് സ്ഥാപിക്കുന്ന എത്നിക് അപനിർമ്മിതിയിൽനിന്നു നിങ്ങൾ ഒരു സുന്നി ഐഡന്റിറ്റിയോ സിയാ ഐഡന്റിറ്റിയോ അഹമ്മദീയ ഐഡന്റിറ്റിയോ പുനരുദ്ധരിക്കുന്നതുകൊണ്ടാണ് നരഭോജികളുടെ നാട് എന്ന് അഡോണിസ് വിശേഷിപ്പിക്കുന്ന സിറിയ ഉണ്ടാവുന്നത് …. .മതേതര ബൃഹദാഖ്യായികയിൽ നിന്ന് രാമ വംശീയഐഡന്റിറ്റിയിലേക്കുള്ള തിരിച്ചു പോക്കാണു മോഷണം ആരോപിച്ചു ദളിതരെ വധിക്കുന്നതിനു കാരണമായിത്തീരുന്നത്. അപനിർമ്മിതിയുടെ യിലൂടെ ദെറിദ വയ്യാകരണൻ നിർമ്മി തികളെഅഴിച്ചുമാറ്റി അതിൽ നിന്ന് എത്നിക് ഹ്രസ്വ ഘടകങ്ങളെ കണ്ടെത്തുകയും അവയുടെ തനിമ ആഘോഷിക്കുകയുമാണ് ചെയ്യുന്നത്. ആപൽക്കരമായ ശവം തീനി രാഷ്ട്രീയത്തിന്റെ വെടിമരുന്നു അതിൽ ഉള്ളടക്കം ചെയ്തിരിക്കുന്നു
എത്നിക് ഐഡന്റിറ്റി പൊളിറ്റിക്സിന് (പ്രാങ്മൂല അനന്യതാരാഷ്ട്രീയത്തിനു ) മലയാളത്തിൽ സ്വത്വ രാഷ്ട്രീയമെന്നു പരിഭാ ഷനൽകാറുണ്ട്. person-/സ്വത്വവും വ്യക്തിത്വവും തമ്മിലുള്ള വൈരുദ്ധ്യം മുൻപ് വിശദീകരിച്ചതാണല്ലോ. ആഗോള ഗ്രാമത്തിൽ സ്വത്വങ്ങളുടെ പ്രാങ്മൂലാധിഷ്ഠിത /ethnic- ഹ്രസ്വ സമുദായങ്ങൾ മാത്രമേ ഉള്ളൂ .ജനപ്പരപ്പിൽ എവിടെയും ഈ എത്നിക് സമുദായങ്ങൾ കാണപ്പെടുമെങ്കിലും അവ ഹ്രസ്വ ഘടനകളായിരിക്കും. സ്വത്വമെന്നത് മുൻപ് സൂചിപ്പിച്ചതുപോലെ ജന്മ- ജന്മപരിസരാനുബദ്ധമായ/ congenital ആയ അനന്യതയാണ്. സാമൂഹ്യ പ്രതിപ്രവർത്തനത്തിലൂടെ സ്വത്വത്തിനു സംഭവിക്കുന്ന ആർജ്ജിത പരിണാമത്തെ പൊളിച്ചുമാറ്റി തനതു സ്വതാത്മകതയിലേക്കു നിങ്ങളെ മടക്കിക്കൊണ്ടു വന്നു ബൃഹദ്മാനവികതയിൽ നിന്ന് അടർത്തിമാറ്റുന്ന ഒരു രാഷ്ട്രീയം ഇവിടെയുണ്ട് .നമ്പൂതിരിയെ മനുഷ്യാനാക്കാൻപരിശ്രമിച്ച ഒരു രാഷ്ട്രീയത്തിൽ നിന്ന് നമ്പൂതിരിയെ അവന്റെ ജന്മാനുബദ്ധ സ്വത്വത്തിലേക്കു മടക്കിക്കൊണ്ടു പോവാൻ, മനുഷ്യനെ നമ്പൂതിരി ആക്കാൻ ശ്രമിക്കുന്ന ശ്രമിക്കുന്ന ബ്രാഹ്മിൻസ് പാൽപ്പൊടിയും, നമ്പൂതിരിമുതൽ നായാടിവരെയുള്ള എത്നിക് ഹ്രസ്വാഖ്യായികകളുടെ കൊടിപിടിച്ചു നടക്കുന്ന വെള്ളാപ്പള്ളി നടേശനും ദെറിദയും മനുഷ്യൻ എന്ന സാമൂഹ്യനിർമിതിയെ അപനിർമ്മിക്കുകയാണ് ചെയ്യുന്നതു. അപനിർമ്മിതിയിൽ നിന്ന് എത്നിക് യുദ്ധത്തിന്റെ രക്തമൊഴുകുമ്പോഴും അതൊരു വ്യാപാര സാധ്യതകൂടിയാണ്. ഒനീലിന്റെ എമ്പറർ ജോൺസ് അച്ചീബിയുടെ things falls apart തുടങ്ങിയ കൃതികൾ വായിക്കുന്നിടത്തു വംശീയ തനിമയുടെ കോൺജനിറ്റലിസത്തിന്റെ എത്നിസിറ്റിയുടെ പരിമിതികൾ നാം മനസ്സിലാക്കുന്നുണ്ട്; നീഗ്രോയ്ഡ് ഭാഷകൊണ്ട് പാശ്ചാത്യ കോളോണിയലിസത്തെ പ്രതിരോധിക്കാമെന്നു വാദിച്ച എഴുത്തുകാരുടെ ഭാഷാവംശീയത ആരെയും എവിടെയും കൊണ്ടെത്തിച്ചില്ല ;ഒനീലിന്റെ എമ്പറർ ജോൺസിനും എലക്ട്ര നാടകത്തിലെ നാടുവാഴി ഭവനത്തിനും സംഭവിക്കുന്നപതനത്തിലും വംശശീയ വൈരുധ്യങ്ങൾക്കൊപ്പവും അതിനതീതമായും ഉന്നയിക്കപ്പെടുന്ന പ്രശ്നം അധികാരത്തിന്റേതാണ്; മുതലാളിത്തത്തിന്റെ അധിനിവേശത്തിൽതകർന്നു നാടുവാഴിത്തത്തിന്റെ അധികാരമാണ് ഇലക്ട്രയിൽ ഇൻസെസ്റ് ആയും ഭ്രാന്ത് ആയും പൊഴിഞ്ഞു വീഴുന്നത്. പ്രാദേശിക ഭാഷയോ പ്രാദേശിക പരിസരമോ എഴുതിത്തള്ളപ്പെടണമെന്നല്ല ഇപ്പറഞ്ഞതിനര്ഥം. ജന്മവും ജന്മാനുബദ്ധ പരിസരവും വിസ്മരിക്കപ്പെടണമെന്നുമല്ല അതിന്റെ അർഥം വിപണിയുടെ താല്പര്യത്തിനുവേണ്ടി ജന്മാനുബദ്ധ പരിസരങ്ങളിലേക്ക് മനുഷ്യനെ വെട്ടിച്ചുരുക്കുമ്പോൾ നിങ്ങൾ എഡ്വേഡ് സെദ്ദിന്റെ ഭാഷയിൽ പറഞ്ഞാൽ സമൂഹത്തിനു അപരനായിത്തീരുകയാണ്. ഇങ്ങനെയൊരു അപരവൽക്കരണമാണ് എത്നോസെൻട്രിക് ആയ അപനിർമ്മിതിയിൽ സംഭവിക്കുന്നതു. ഐഡന്റിറ്റി പൊളിറ്റിക്സിൽ സംഭവിക്കുന്നത്.
വർഗപരമായ വൈരുധ്യത്തിന്റെ മണ്ഡലത്തോടപ്പം സമൂഹത്തിൽ നിലനിൽക്കുന്ന പല തരം അധീശ -വിധേയ വൈരുധ്യങ്ങളെയും മാർക്സിസം പരിഗണിക്കുന്നുണ്ട് അതിൽ മുഖ്യമായ ഒന്നാണ് പുരുഷാധിപത്യത്തിന്റേതു ;പുരുഷാധിപത്യത്തിന്റെ ഒരു രൂപം മാത്രാണ് പാട്രിയാർക്കി. അവിടെ ഉണ്ണിനമ്പൂതിരിയും അന്തർജ്ജനവും ശബ്ദമില്ലാത്തവരാണ് . സ്ത്രീപുരുഷ വൈരുദ്ധ്യവും അവിടെ പ്രശ്നമാണ് എങ്കിലും പുരുഷമാരിൽ ഇള മക്കാർ സ്ത്രീകളെ പ്പോലെതന്നെ അവകാശ ഭ്രഷ്ടരായിത്തീരുന്നു..രാമനും പുരുവുംഭീഷ്മരും ഒന്നിലധികം ഭാര്യമാരുള്ള പിതാവിനുവേണ്ടി യൗവനവും ലൈംഗിക ജീവിതവും മാറ്റിവയ്ക്കുന്നവരോ ഉപേക്ഷിക്കുന്നവരോ ആണ് .പിതാവ് പുത്രന്മാർക്കുമേൽ hegemonic ആയ വിജയം നേടുന്നു എന്നതാണ് പാട്രിയാർക്കിയുടെ മുഖ്യ അടയാളം ; ഇളമക്കാരെയും സ്ത്രീകളെയും ഒരേപോലെ ചവിട്ടടിയിലമർത്തുന്ന പിതൃത്വഅധികാര ശക്തിയും-പുരുഷാധിപത്യവും രണ്ടാണ്. ഇതേ പാട്രിയാർക്കിയുടെ ഉൽപ്പന്നമായ സംബന്ധക്കാരൻ നനമ്പൂതിരി/രാമൻ പട്ടര് മരുമക്കത്തായ തറവാട്ടിലെ ദുർബ്ബലമായ പിതാവും കാരണവരൊഴികെയുള്ള പുരുഷന്മാർ അവിടത്തെ ദുർബ്ബലരായ പുരുഷന്മാരുമാണ്. നമ്പൂതിരി പാട്രിയാർക്കിയിൽ അന്തർജ്ജനത്തിനു മാത്രമല്ല ഇളമക്കാരൻ നമ്പൂതിരിക്കും മരുമക്കായത്തിൽ ഔദ്യോഗിക ഭർത്താവായ ആണിനും ഒക്കെ ലഭിക്കുന്നത് പട്ടിയുടെ ജന്മമാണ്. പാട്രിയാർക്കി പുരുഷമേൽക്കോയ്മയുടെ സങ്കീർണ്ണ രൂപമമാണ് .അത് സ്ത്രീ വിരുദ്ധമെന്നപ്പോലെ യുവത്വ വിരുദ്ധവുമാണ്. പുരുഷാധിപത്യത്തിൽ /-male supremacy യിൽ സ്ത്രീയും യും പുരുഷനും തമ്മിൽ അടിമ ഉടമാബന്ധത്തിന്റെ മങ്ങിയ നിഴൽപ്പാടുകളുണ്ട്. കുടുംബത്തിന് പുറത്തു പോയി ജീവിത വരുമാനം കൊണ്ട് വരുന്നതിനുള്ള കായിക ബലവും,സ്ത്രീയെപ്പോലെ ഗർഭധാരണം പ്രസവം കുട്ടിയെ വളർത്തൽ എന്നിങ്ങനെ പ്രത്യക്ഷ ബാധ്യതകളുമില്ലാത്തതുമായ ഒരു അവസ്ഥ സ്ത്രീക്കുമേൽ പുരുഷന് ആധിപത്യമുണ്ടാവുന്നത്തിനു കാരണമായിത്തീരുന്നുണ്ടു; ഇത് സ്ത്രീ -പുരുഷ വിവേചനത്തിന്റെ അവസ്ഥ കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കി; ബഹുഭാര്യത്വത്തിന്റെയും ഭർതൃത്വത്തിന്റെയും അവസ്ഥമാറി മോണോഗമിയിലെത്തുമ്പോൾ സ്ത്രീ കുടുംബവൽക്കരിക്കുന്നതോടൊപ്പം സാമൂഹ്യവൽക്കരിക്കപ്പെടുകയും ചെയ്തു .പെൺപള്ളിക്കൂടങ്ങൾ നാമ മാത്രമാവുകയും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇടങ്ങളുണ്ടാവുകയും ചെയ്തു ;മൈക്രോഫിനാൻസ് വായ്പാ പെൺ പറ്റങ്ങളുണ്ടാകുന്നതുവരെയും സ്ത്രീക്കുമേലുള്ള പുരുഷന്റെ ആധിപത്യത്തിന് അയവു സംഭവിച്ചു കൊണ്ടിരുന്നു .കേരളത്തിൽ സ്ത്രീപുരുഷതുല്യതയ്ക്കുവേണ്ടിയുള്ള നിരവധി സമരങ്ങൾ നടന്നു – മാറ് മറയ്ക്കാനുള്ള അവകാശ സമരത്തിൽ തുടങ്ങി ഏറ്റവുമൊടുവിൽക്രിസ്ത്യൻ സ്വത്തവകാശം . ഷാബാനുകേസ്. ശബരിമലസമരം ഇതെല്ലാം കേരളത്തിലെ സ്ത്രീ സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. ഇതെല്ലാംകേരളത്തിൽ നടക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ എത്നിക് ഐഡന്റിറ്റി വാദത്തിനു മുന്നോടിയായി പെണ്ണുടൽ വാദവും –ഫ്രഞ്ച് ഫെമിനിസവും ഹോമോലൈംഗികതാവാദവും ശക്തിപ്പെടുകയും അതിന്റെ ബൗദ്ധിക അലകൾ കേരളത്തിൽ ആഞ്ഞു വീശുകയും ചെയ്തിട്ടുണ്ട്; (പെണ്ണുടൽ വാദത്തിന്റെ വിപരീതമായ ആണിന്ദ്രിയ മേധാവിത്വത്തിന്റെ, ഫല്ലോക്രസിയുടെ മഹത്വൽക്കരണമാണ് ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി) ഇൻസെസ്റ് നിരോധം കുടുംബ രൂപീകരണത്തിന്റെ അടിത്തറയാണ് എങ്കിൽ കുട്ടികൾ ഇല്ലാത്ത ,കുടുംബവും, അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഉണ്ടാവാത്ത ഹോമോദാമ്പത്യം ഫലത്തിൽ ഇൻസെസ്റ് തന്നെയാണ്. തുടർന്നു നിയോ ക്യാപിറ്റലിസത്തിന്റെ ആശീർവാദത്തോടെ പെൺഹോമോ കമ്മ്യൂണിറ്റികളും ആൺ ഹോമോ കമ്മ്യൂണിറ്റികളുമുണ്ടായി; ഈ ഹോമോ പ്രവണതകകൾക്കു കോൺജനിറ്റൽ എന്നതുപോലെ സാമൂഹ്യ പരിസര സമ്മർദ്ദങ്ങളും /stress കാരണവുമാവുന്നുണ്ട്; അതുപോലെ ലൈംഗികതയുടെ ഭിന്നരൂപങ്ങളോട് ട്രാൻസ് ജൻഡർ. Bisexual paedophile ഇനങ്ങളോട് സഹകരിച്ചു കൊണ്ട് ഒരു പിങ്ക് കമ്മ്യൂണിറ്റി /rainbow കമ്മ്യൂണിറ്റി ഹോമോകമ്മ്യൂണിറ്റി കളെ കേന്ദ്രീകരിച്ചു രൂപപ്പെടുകയുണ്ടായി ;മുതലാളിത്തം/മാർക്കറ്റ് ഇക്കോണമി ഈ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരം ഏറ്റെടുത്തെങ്കിലും പിങ്ക് കമ്മ്യൂണിറ്റിയുടെ എക്കണോമിയെ ആൺ ഹോമോകൾ അവരുടെ നിയന്ത്രണത്തിലമർത്തിയിരിക്കുന്നു എന്ന വിമർശനമാണ് ഏറ്റവും ഒടുവിൽ ശ്രദ്ധയിലെത്തുന്നത്.ലൈംഗികമായ aberrations- ഒരാളുടെയും കുറ്റകൃത്യമല്ല; അപകർഷങ്ങൾ ഒഴിവാക്കി അവരെയും ജീവിതത്തിന്റെ മുഖ്യധാരയിൽ പ്രവേശിപ്പിക്കേണ്ടതാണ് .പക്ഷെ മാനവികതയുടെ ചരിത്രത്തെ തന്നെ കോൺജനിറ്റൽ എത്നിസിറ്റിയുടെ അടിസ്ഥാനത്തിൽ വിഘടിപ്പിക്കുന്ന മുതലാളിത്തത്തിന്ങ്ങനെയൊരു സമീപനമുണ്ടാവേണ്ടകാര്യമില്ല.
1970-കളിൽ ആരംഭിക്കുന്ന തത്വ ചിന്താഘട്ടത്തിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളാണ് ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളത് ക്കപ്പെട്ടിട്ടുള്ളത്; താത്വിക ആകാരം മുതലാളിത്തത്തിന്റെ അധികാര ദശാപരിണാമങ്ങൾക്കു ദാസ്യവേലചെയ്യുന്ന പ്രച്ഛന്നമാവുന്നതു എങ്ങനെയെന്നതിന്റെ കാഴ്ചകളാണ് കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ തത്വചിന്താന്തരങ്ങളിലേക്കും അനന്തരങ്ങളിലേക്കും കടന്നു ചെല്ലുമ്പോൾ കാണാൻ കഴിയുന്നത്; .ഭീകരവാദത്തിന്റെയും രാഷ്ട്ര ശകലീകരണത്തിന്റെയും കുടുംബശകലീകരണത്തിന്റെയും കുരുതിക്കൾക്കു ജന്മാനുബദ്ധമായ പ്രാങ്മൂല യുക്തി കണ്ടെടുക്കുന്നിടത്താണ് — എത്നിക് ഐഡന്റിറ്റി രാഷ്ട്രീയത്തിലാണ് ഈ താത്വികാനന്തരങ്ങൾ എത്തിച്ചേരുന്നത്; സാമ്പത്തിക ചൂഷണത്തിന്റെ അടിസ്ഥാനത്തിലുണ്ടാവുന്ന, സാമ്പത്തിക വർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ തമസ്കരിക്കുന്നതിനായാണ് എത്നിക് ഐഡന്റിറ്റി രാഷ്ട്രീയത്തിന്റെ പുത്തൻ പതിപ്പുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജസിന്റെ കാലത്തു മനുഷ്യരാശിയെ മാനസികവും ശാരീരികവുമായ വൈരൂപ്യങ്ങളുടെ ഭിന്ന പ്രകൃതികളായ ഹ്രസ്വ സമുദായങ്ങളാക്കിത്തീർക്കാനാണ് മുതലാളിത്തം ലക്ഷ്യമിടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.




