
എഡിറ്റർ : എസ്. സുധീഷ്
സാഹിത്യ സംപ്രത്യയ വിഭ്രാന്തികൾ

നെഗറ്റീവ് കേപ്പബിലിറ്റിക്കും , ഒബ്ജക്റ്റീവ് കോറിലേറ്റീവിനുമിടയിൽ ഒരു പാലം പണിയുന്ന അബ്‌റാംസിന്റെ മരമണ്ടൻ വിശദീകരണത്തിൽ നിന്ന്, കീറ്റ്സും വേഡ്‌സ്‌വർത്തും – ഇരുവരും പറയുന്നത് അബ്‌റാംസിനു തിരിഞ്ഞിട്ടില്ല എന്ന് വ്യക്തം; ഇംഗ്ളീഷുകാരായ കവികളെപ്പറ്റി ഇംഗ്ലീഷ്‌കാരനായ പണ്ഡിതൻ പറഞ്ഞ അബദ്ധങ്ങൾ വിഗ്രഹപൂജയ്ക്കു വിധേയമാക്കി പണ്ഡിതമന്ത്രോച്ചാരണങ്ങളോടെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്ന കർമമാണ് നമ്മുടെ ഇംഗ്ലീഷ് അധ്യാപകലോകം അനുഷ്ഠിക്കുന്നത്.
ഇംഗ്ലീഷ്-മലയാള സാഹിത്യ ഭാഷാധ്യാപനത്തിനു പ്രഥമാവലംബമായി ഉപയോഗിക്കപ്പെടുന്ന ഒരു പണ്ഡിതനാണ് അബ്രാംസ്; കൊളോണിയൽ സാഹിത്യ യന്ത്രങ്ങൾ തുപ്പുന്ന വിദേശ സാഹിത്യ-തത്വചിന്താ വ്യാഖ്യാനങ്ങൾ അതെ പടി നോട്ട് ബുക്കുകളാക്കി പകർത്തി തലമുറ തലമുറ കൈമാറുന്ന അധ്യാപനഅടിമത്ത സമ്പ്രദായത്തിന്റെ തമ്പുരാൻ സാക്ഷിയാണ് അബ്രാംസ്; സാഹിത്യകലയെയും തത്വചിന്തയെയുംഉൾക്കൊള്ളാൻ വേണ്ടുന്ന ഭാവുകത്വം, കൃതികളുടെ കലാപരമായ വിശേഷം ഉൾക്കൊണ്ടുവെന്നു സ്വയം വിശ്വസിക്കുന്ന പണ്ഡിതന്മാർക്കുണ്ടാവണമെന്നില്ല; പാണ്ഡിത്യം കാവ്യഭാവുകത്വത്തിനു ബലം വർദ്ധിപ്പിക്കുമെങ്കിലും കവിത പാണ്ഡിത്യത്തിന്റെ മുഴക്കോലിലൊതുങ്ങുന്ന ഗുണവിശേഷമല്ല; അങ്ങനെയുള്ള കേവല പണ്ഡിതനായ ഒരാൾ കീറ്റ്സ്–ന്റെ negativae capability;നിഷേധഭാവുകത്വ ശേഷി എന്നൊരു സംപ്രത്യയം വിശദീകരിച്ചു കൊണ്ട് അതിനെ എലിയട്ടിന്റെ (വികാര സമ വസ്തുനിഷ്ഠതാ വാദവുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്; വികാരങ്ങൾ ഫലപ്രദമായി പ്രകാശിപ്പിക്കുന്നതിനു, വികാര സമ വസ്തു- ബിംബാത്മകമായ ഒരു സൂത്രവാക്യം വേണമെന്നും (objective correlative) അതുമാത്രമാണ് ഫലപ്രദമായ വികാര വിന്യാസത്തിനുള്ള മാർഗ്ഗം എന്നും എലിയട്ട് പറയുന്നുണ്ട്; എലിയട്ടും മറ്റും ഉപദേശിക്കുന്ന വസ്തുനിഷ്ഠാഖ്യാന സങ്കേതവും , ജീവിതത്തിന്റെ അന്ധകാരനഴികൾ കാണുവാനുള്ള എഴുത്തുകാരന്റെ വിശേഷ ഭാവുകത്വ വൈഭവവ ത്തെ പ്പറ്റി കീറ്റ്സ് ഉന്നയിക്കുന്ന സിദ്ധാന്തവും തമ്മിൽ എവിടെയും, സംബന്ധപ്പെടുന്നില്ല; കവിമനസ്സു ദൈവസ്പർശമുള്ള ഒരു മോക്ഷസ്ഥലമാണ് എന്നും അത് കാവ്യദേവതയിൽ നിന്നുദ്ഭവിക്കുന്ന ഒരു വാങ്മയ നദീതടമാണെന്നുമൊക്കെ വിശ്വസിച്ചു പോന്നിരുന്ന ഒരു തലമുറയുടെ പിന്മുറക്കരനായ പണ്ഡിതന് വസ്തു നിഷ്ഠതാവാദം പുല്ലു പോലെ ചവച്ചിറക്കാനാവുമെങ്കിലും, നെഗറ്റീവ് കേപ്പബിലിറ്റി എന്ന കാവ്യമനോഭാവ ശേഷി എളുപ്പത്തിൽ മനസ്സിലാവുകയില്ല. എന്നാൽ നെഗറ്റീവ് കേപ്പബിലിറ്റിക്കും ,ഒബ്ജക്റ്റീവ് കോറിലേറ്റീവിനുമിടയിൽ ഒരു പാലം പണിയുന്ന അബ്‌റാംസിന്റെ മരമണ്ടൻ വിശദീകരണത്തിൽ നിന്ന് കീറ്റ്സും വേഡ്‌സ്‌വർത്തും–ഇരുവരും പറയുന്നതുമെന്തെന്നു അബ്‌റാംസിനു തിരിഞ്ഞിട്ടില്ല എന്ന് വ്യക്തം; ഇംഗ്ളീഷുകാരായ കവികളെപ്പറ്റി ഇംഗ്ലീഷ്‌കാരനായ പണ്ഡിതൻ പറഞ്ഞ അബദ്ധങ്ങൾ വിഗ്രഹപൂജയ്ക്കു വിധേയമാക്കി പണ്ഡിതമന്ത്രോച്ചാരണങ്ങളോടെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്ന കർമമാണ് നമ്മുടെ ഇംഗ്ലീഷ് അധ്യാപകലോകം അനുഷ്ഠിക്കുന്നത് അത് കൊണ്ടാണ് ക്‌ളാസ്സിസിസ്റ്വസ്തു നിഷ്ഠതാവാദം പോലെ എന്തരോ ഒന്നാണ് നെഗറ്റീവ് കേപ്പബിലിറ്റി എന്ന് അബ്രാംസ് സംശയിക്കുന്നതും (glossary) അതിന്റെ നിർവ്വചന പരിസരത്തു നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്നതും; ഒന്ന് കാവ്യാവിഷ്‌കരണ സങ്കേതത്തെക്കുറിച്ചുള്ള കല്പനയും, മറ്റേതു ജീവിതത്തിന്റെ ഇരുൾക്കാഴ്ചകളും അതിന്റെ ഉദ്വിഗ്നതകളും അറിയുന്നതിനുള്ള കാവ്യമനസ്സിന്റെ ക്രിയാ ശേഷിയുമാണ് .പ്രസാദാത്മകമായ ജീവിതാഖ്യാനത്തിൽ ഉല്ലസിക്കുന്ന കാവ്യമനോഭാവത്തിനു വിപരീതമായി, മനസ്സിൽ പ്രത്യക്ഷമായും ഗൂഢമായും കലങ്ങിക്കിടക്കുന്ന നരകത്തിന്റെ കാളിമയാണ് നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഭാവുകത്വ ബലമുള്ള കവിത പുറത്തുകൊണ്ടു വരുന്നത്:
A literary quality which shakespeare possessed so enormously, -I mean negative capability-that is when man-is capable of being in uncertainties mysteries, doubts without any irritable reaching after fact and reason എന്ന് കീറ്റ്സ് നിർവ്വചിക്കുമ്പോൾ ഷേക്ക് സ്പീയരുടെ ഹാംലെറ്റ് തന്നെയാണ് പെട്ടെന്ന് വായനക്കാരന്റെ മനസ്സിൽ കടന്നു വരുന്നത്; വികാര സംവേദനത്തിനു വികാരതുല്യ വസ്തു സൂത്രവാക്യം (objective correlative formula ) എന്ന സങ്കേതം നിർദ്ദേശിക്കുന്ന എലിയട്ട് വിക്ഷുബ്ദ്ധവികാരങ്ങളുടെ പ്രത്യക്ഷാവിഷ്കരണത്തിന്റെ പേരിൽ ഹാംലെറ്റിനെ തള്ളിപറഞ്ഞുകൊണ്ടാണ് തന്റെ വസ്തു നിഷ്ഠ സൂത്ര വാക്യ സാമഗ്രി നിർമ്മിക്കുന്നത്; വ്യക്തമല്ലാത്തതും, ദുരൂഹവും അനിശ്ചിചിതത്വത്തിന്റെ ഇരുട്ട് ബാധിച്ചതുമായ പ്രേത ശബ്ദങ്ങളും കാഴ്ചകളുമുള്ള ഒരു മാനസിക സംഗ്രാമഭൂമിയാണ് ഹാംലെറ്റിന്റെതു; പ്രത്യക്ഷ വികാരാവിഷ്കാരത്തിൽ കവിഞ്ഞു സംവേദനത്തിനു ആവശ്യമായ ബിംബ സാമഗ്രികളും ഹാംലെറ്റിലുണ്ട് ; കീറ്റ്സ് നെഗറ്റിവ് കേപ്പബിലിറ്റി എന്ന കാവ്യ മനോഭാവശേഷിയെ വിശദീകരിക്കുമ്പോൾ ഷേക്‌സ്‌പീയറിനെ പ്രത്യക്ഷത്തിലും ഹാംലെറ്റിനെ ഉള്ളടക്ക തലത്തിലും സ്പർശിക്കുന്നുണ്ട്. എലിയട്ട് ഹാംലെറ്റ് വിമർശനത്തിൽ നിന്ന് objective correlativie ന്റെ അംഗവിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രകോപനം നെഗറ്റീവ് കേപ്പബിലിറ്റി -യിൽ കീറ്റ്സ് കണ്ടെത്തുന്ന
പ്രത്യക്ഷവൈകാരിക തലം തന്നെയാണ്; കീറ്റ്സ്, നെഗറ്റീവ് കേപ്പബിലിറ്റിക്കാധാരമായി പറയുന്നവൈകാരികവിക്ഷുബ്ധതയുടെ അംഗങ്ങളെ മുൻ നിറുത്തി, അത്തരം വൈകാരികാംഗങ്ങൾ പ്രകാശിപ്പിക്കുന്നതിനു വസ്തു നിഷ്ഠമായ ഉപായങ്ങൾ വേണമെന്നും, അത്തരം വസ്തു നിഷ്ഠ സൂത്രങ്ങൾ മാത്രമാണ് വിശേഷപ്പെട്ട വികാരങ്ങൾ പ്രകാശിപ്പിക്കുന്നതിനുള്ള ഏക മാർഗ്ഗം എന്നും എലിയട്ട് പ്രഖ്യാപിക്കുന്നു:
“a set of objects, a situation, a chain of events which shall be the formula of that particular emotion” that the poet feels and hopes to evoke in the reader (“Hamlet,” 1919)
വികാര പ്രകാശനത്തിന് ഉപയോഗിക്കേണ്ടുന്ന ഈ വസ്തു നിഷ്ഠ സൂത്രവാക്യം കാണപ്പെടുന്നില്ല എന്നതാണ് ഹാംലെറ്റിന്റെ ബലഹീനതയ്ക്കാധാരം എന്ന് എലിയട്ട് പറയുമ്പോൾ, അദ്ദേഹം മരത്തിലും മാനത്തിലുമൊക്കെ കണ്ടു അസ്വസ്ഥനാകുന്നത് കീറ്റ്സ് ഷേക്സ്പീയറിന്റെ സിദ്ധി എന്ന നിലയിൽ ഹാംലെറ്റിൽ നിന്നുയർത്തിക്കാണിക്കുന്ന വൈകാരിക സംഘാതം തന്നെയാണ്. വികാരം ഏതു സങ്കേതത്തിലൂടെയാണ് ആവിഷ്കരിക്കേണ്ടത് അതിനു സൂത്രവാക്യം വേണമോ വേണ്ടയോ എന്നതൊന്നുമല്ല കീറ്റ്സിന്റെ പ്രശ്നം; ജീവിതത്തിന്റെ ഇരുണ്ട വൈകാരിക ഗർത്തങ്ങളിൽ ഇറങ്ങിച്ചെല്ലാനും നരകമിവിടെയാണ് എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവാനുമുള്ള ശേഷിയാണ്, പ്രസാദാത്മക കവിക്കും കാവ്യകാരനും ചെന്നെത്താനാവാവാത്ത ഉൽക്കണ്ഠകൾ വിന്യസിക്കാനുള്ള കഴിവാണ് ജീവിതത്തിന്റെ തിക്തതയും കാളിമയും അനുഭവിച്ചറിയാനുള്ള മനോഭാവുകത്വശേഷിയെന്ന കവിമനസ്സിന്റെ അസാമാന്യമായ ഗുണം ആണ് കീറ്റ്‌സ് ചർച്ച ചെയ്യുന്നത്; വികാരപ്രകാശനം വസ്തു നിഷ്ഠവൽക്കരിക്കുന്നതിൽ കീറ്റ്സിനു വിശേഷിച്ചു എതിർപ്പൊന്നുമില്ല; പക്ഷെ നെഗറ്റീവ് കേപ്പബിലിറ്റി ചർച്ചചെയ്യുമ്പോൾ ഷേക്‌സ്‌പീയറിന്റെ കൃതികളിലെ വികാരത്തിന്റെ ഉച്ച സ്ഥാനങ്ങളെ പരാമർശിക്കുമ്പോൾ അതിൽ വിരോധിച്ചു കൊണ്ടാണ്, 1844-ൽ മണ്മറഞ്ഞ Washington-Allston എന്ന അമേരിക്കൻ കവിയും ചിത്രകാരനും കുറിച്ചു വച്ച objective correlative എന്ന സംപ്രത്യയത്തെ എലിയട്ട് വികാരാവിഷ്കരണത്തിനുളള ഏക മാർഗ്ഗ സൂത്രവാക്യമാക്കി മാറ്റി എഴുതിയത്.
അതിവൈകാരികതയിൽ നിന്നുള്ള പ്രതിരോധത്തിന് വസ്തു ബിംബസാമഗ്രികൾ കണ്ടെത്തുന്നത്തിൽ തെറ്റില്ല. പക്ഷെ വികാരരാവിഷ്കരണത്തിനുള്ള ഏകമാർഗം വസ്തുലോക സൂത്രവാക്യമാണ് എന്ന് പറയുന്നിടത്ത്, വിശേഷിച്ചു വികാരാവിഷ്കരണത്തിനു ;സൂത്രവാക്യം എന്നിടത്തെത്തുമ്പോൾ റൂൾത്തടിയും പെൻസിലും കൊണ്ട് കളങ്ങൾ നിർമിച്ചു കവിതയ്ക്ക് രൂപനിശ്ചയം ചെയ്യുന്ന ഫോർമലിസത്തിന്റെ പഴംചാക്കു തുറക്കുന്ന ഗന്ധം പുറത്തു വരുന്നുണ്ട്. വികാരനിയന്ത്രണവും വിചാരത്തിന്റെ ഉൾപ്പിടുത്തവും കവിതയിലുണ്ടാവണമെന്നു spontaneous overflow എന്ന വാക്യ ഖണ്ഡത്തിൽ തുടങ്ങുന്ന പ്രസ്താവനയിൽ തന്നെ വേഡ്സ് വർത്തു വെടിപ്പായി പറഞ്ഞു വച്ചിട്ടുണ്ട്.
(ആ വാക്യം പൂർണ്ണമായി വായിച്ചെത്തുന്നതിനു മുൻപ് തന്നെ വിറ കയറി കാവ്യപാത്രം നിറയാനുള്ള നീരൊഴുക്ക് വേർഡ്‌സ് വർത്തിന്റെ കാവ്യ പാത്രത്തിൽ ഇല്ല പിന്നെയല്ലേ കവിഞ്ഞൊഴുകുന്നത് എന്നൊക്കെ എഴുതി അജ്ഞതയുടെ ആനന്ദാനുഭവം ആസ്വദിക്കുന്നതും ഇതേ പണ്ഡിതർ തന്നെയാണ്; കവിത വികാരത്തിന്റെ വെള്ളപ്പൊക്കമാണ് എന്ന് വേർഡ്‌സ് വർത്ത് ഒരു നിർവചനവുമെഴുതിയിട്ടില്ല. നിങ്ങൾക്ക് അനിയന്ത്രിയതമായ കോപമോ, ഭയമോ, ദുഖമോ, ലൈംഗികാനുരാഗമോ ഉണ്ടാകാം . അതിരു മുറിക്കുന്ന വൈകാരികത കവിതയുടെ ഉള്ളടക്ക സമ്മർദ്ദമാണ് എങ്കിലും അതിനെ വിചാര ഘടനകൊണ്ട് രൂപനിയന്ത്രിതമാക്കാൻ കഴിയുന്നില്ലെങ്കിൽ അത് കവിതയാകുന്നില്ല എന്ന് പറയുന്ന കവി വാക്യത്തിന്റെ ആദ്യഭാഗത്തെ മുറിച്ചെടുത്തു ഇതാ വികാര വെള്ളപ്പൊക്കമാണ് കവിത എന്ന് വേർഡ്‌സ്‌വർത് നിർ വചിച്ചിരിക്കുന്ന എന്ന് ഉദ്ഘോഷിക്കുന്ന പ്രവണത ഒരു തരം മാനസികപകർച്ചവ്യാധിയായി ഇംഗ്ലീഷ് സാഹിത്യ പഠനത്തെ നിർദ്ദയം ഭരിച്ചു കൊണ്ടിരിക്കുന്നു. വികാരവിചാരസംശ്ലേഷണത്തിന്റെ രൂപമാണ് കവിത എന്ന് പറയുന്ന വാക്യത്തുടക്കത്തിലെ ഒരു മെറ്റഫോർ പറിച്ചെടുത്തു അതാണ് കവി പറഞ്ഞതിന്റെആദിയും അന്തവുമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. കവിതയ്ക്കു നിയോ ക്‌ളാസ്സിസിസം നിർമ്മിച്ചു കൊടുത്ത യാന്ത്രിക നിർമ്മാണവിദ്യയെ തള്ളിക്കളയാൻവേണ്ടിയാണ് വികാരങ്ങളുടെ അതിശക്തമായ അതി പ്രവാഹം എന്നൊരു രൂപകം കാവ്യ ശാസ്ത്രകാരൻ പ്രയോഗിക്കുന്നത്. ആ രൂപകത്തിൽ കടന്നു പിടിച്ചു കൊണ്ട് സൂത്രവിദ്യകളിക്കുന്നവർ ആ വാക്യം മുഴുവൻ വായിക്കാൻ തയ്യാറാവാത്ത സ്ഥിതിക്ക് ആവാക്യമുൾക്കൊള്ളുന്നനാട്ടു ഗീതികൾക്കു ഒരു മുഖവുര എന്ന ഹിസ്റ്റോറിക് ആയ, ചരിത്രനിർമ്മിതി പരമായ പ്രബന്ധം പൂർണ്ണമായും വായിച്ചെത്താൻ സാധ്യതയില്ല . കവിത , കവി എന്ന് ധരിച്ചു കാവ്യദേവതാപൂജ ചെയ്യുന്നവന്റെ മണ്ട പിളർന്നു കാവ്യദേവത കോരിയൊഴിച്ചു കൊടുക്കുന്ന ഇൻസ്പിറേഷൻ ആണെങ്കിലും ആ കവിത നിർമ്മിക്കുന്നതിനുള്ള ചതുരവും വൃത്തവും മട്ട ത്രികോണവും ഒക്കെ നിർമ്മിക്കുന്നു ഒരു ഫോർമുലയും ഇൻസ്ട്രുമെന്റ് ബോക്സുംഒക്കെ വേണമെന്ന് പറഞ്ഞത് ക്ലാസ്സിസ്റ്റുകളാണ്.വേർഡ്‌സ്‌വർത്തിന്റെ അതി പ്രവാഹിയായ വികാരജലത്തിനു, കാവ്യദേവത ഒഴിച്ചു കൊടുക്കുന്ന ദൈവികമായ സ്കോച്ച് വിസ്കിയുടെ ആധ്യാത്മിക ലഹരിയുണ്ടാവില്ല. ആ ലഹരിയിൽ നിന്ന് കവിത നിർമ്മിക്കുന്നതിന് സൂത്രവാക്യവും റൂൾത്തടിയും വേണം എന്ന് പറയുന്നതിനേക്കാൾ ലളിതമായിട്ടാണ് വികാരതിസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് ഒരു പ്രജ്ഞാപരമായ ഇടപെടലുണ്ടാവണമെന്നു കവി പറഞ്ഞത് ; ഒരിക്കൽ ഉണ്ടായ നേരനുഭവങ്ങളെ മനസ്സു ശാന്തമാവുമ്പോൾ ഓർമ്മത്തിരുത്തലിനു വിധേയമാക്കുന്ന പ്രവർത്തനമാണ് കവിത എന്ന് കൂടി കവി പറയുന്നുമുണ്ട്. ഗദ്യവും പദ്യവുമൊക്കെ ചേരും പടി ചേർത്ത നാടകമാണ് ചെക്കാ കവിത എന്ന് ഇന്ത്യയിലോ അതോ ഭാരതത്തിലോ ഏതാണ് സ്ഥലമെന്നു തീരുമാനമായിട്ടില്ല — ജീവിച്ചിരുന്ന പൗരാണികർ സാഹിത്യ അക്കാഡമി അധ്യക്ഷൻ സത്ചിദാനന്ദനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ് ! ഇക്കാര്യം തന്നെ എപ്പിക്കിനെയും നാടകത്തെയും മുൻ നിറുത്തി പൗരാണികനായ അരിസ്ടോട്ടിലെന്ന പാശ്ചാത്യ ഭൗതിക വാദ കാവ്യ ശസ്ത്രകാരനും പറയുന്നുണ്ട്. അതായതു കവിത പദ്യം എന്നഭാഷാക്രമത്തിലൂടെ എന്നപോലെ ഗദ്യം എന്ന ഭാഷാക്രമത്തിലുമാവാം, ഗദ്യം പദ്യം എന്ന വേർ തിരിവ് കവിതയിൽ പ്രസക്തമല്ല എന്ന ഈ പഴയ കാര്യം ഇംഗ്ലീഷ് സാഹിത്യത്തിൽ ശക്തമായി പറഞ്ഞു വച്ചതും വേർഡ്‌സ് വർത്ത് ആണ്; ഗദ്യത്തോടടുത്തു നിൽക്കുന്ന ബ്ലാങ്ക് വേഴ്‌സിനേക്കാൾ ഗദ്യാത്മകത വേഡ്സ് വർത്തു കവിതകളിലുണ്ട് ;അപ്പോഴാണ് ഒരാൾ കരകവിഞ്ഞു കുതിച്ചൊഴുകുന്ന കാവ്യജലം അളന്നെടുക്കാൻ പാത്രവുമായി നിൽക്കുന്നത് !സായിപ്പു എന്നതിന് പുറമെ പണ്ഡിതൻ കൂടിയായ ഒരു ദേഹം ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ കൈ അടിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പരമമായ ധർമം ;; കവിത ദേവദൂത വദനങ്ങളിൽ നിന്നൊഴുകുന്ന പൂങ്കണ്ണീരല്ല മനുഷ്യന്റെ അസ്ഥിയും ചോരയുമാണ് എന്ന് നാട്ടു ഗീത മുഖവുരയിൽ എഴുതി വച്ചതും വേർഡ്‌സ് വർത്ത് തന്നെയാണ്. നിരക്ഷരനായ ഗ്രാമീണന്റെ ഭാഷയുംഉടലും തൊഴിലുമാണ് കവിത എന്നും വൃദ്ധനായ കുളയട്ടപിടുത്തക്കാരന്റെ ജീവിതമാണ് നേരായ കാവ്യ പ്രമേയമെന്നും പറഞ്ഞുകൊണ്ട് കൊണ്ട് നവ റിയലിസത്തിന്റെ മരം ഇംഗ്ലീഷുകാരന്റെ ഭാഷയിൽ നട്ടു പിടിപ്പിച്ചതും വേർഡ്‌സ് വർത്താണ്; ഇതൊക്കെ തമസ്കരിച്ചു കൊണ്ടാണ് ഏതോ വിക്രമാദിത്യൻ കഥയിലെ വേതാളത്തിന്റെ വായയിൽ നിന്ന് ഇറങ്ങി വരുന്ന ആധ്യാത്മിക മിസ്റ്റിസത്തിന്റെ അവതാരമാണ് വേർഡ്‌സ് വർത്ത് എന്നൊരു വാദം നമ്മുടെ പാഠശാലകളിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതു; – necessity of atheism – എന്നൊരു രേഖ പ്രസിദ്ധം ചെയ്തതിന്റെ പേരിൽ സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട ഷെല്ലിയുടെ പടിഞ്ഞാറൻ കാറ്റിന്റെ പ്രമേയവും പ്രമേയ ഭാഷയും പ്രത്യക്ഷത്തിൽ തന്നെ തീ പിടിക്കാൻ കാത്തു നിൽക്കുന്ന രാഷ്ട്രീയ വിപ്ലവത്തിന്റേതാണ് എന്ന് എത്ര അധ്യാപകർ വിദ്യാർത്ഥികളോട് തുറന്നു പറഞ്ഞിട്ടുണ്ട് ? ബ്രിട്ടിഷ് കൊളോണിയലിസം എന്നു കടൽക്കിഴവൻ തൊണ്ടയിൽ കുടുങ്ങിക്കിടക്കുമ്പോൾ അയാളുടെ ശബ്ദത്തിൽ സംസാരിക്കുന്ന ഭൂതത്താന്മാരാണ് കുട്ടികൾക്കുവേണ്ടി കാവ്യാർത്ഥ വിവരണ പുസ്തകങ്ങൾ തരപ്പെടുത്തുന്നത് എന്നതിൽ അദ്‌ഭുതത്തിനു വകയില്ല. റീയലിസവും തുടർന്ന് വരുന്ന റിയലിസത്തിന്റെ വകഭേദങ്ങളുമെല്ലാം ജനാധിപത്യ കാലത്തു, മനുഷ്യനെ തിരുത്തി എഴുതിക്കാണിച്ചു; — ഈ തിരുത്തലിന്റെ തീവ്രത പസോളിനി കാന്റർബറി റ്റെയിൽസിനെയും ഈഡിപ്പസ് -നെയും, തെരുവിലെ കൂട്ടിക്കൊടുപ്പുകാരന്റെ ജീവിതവൃത്തത്തെയുമൊക്കെ ആവിഷ്കരിക്കുന്നിടത്തു ഉണ്ട്; അയാൾക്ക് പകരം വയ്ക്കാൻ മറ്റൊരു ചലച്ചിത്രകാരനെ കണ്ടെത്താനാവുമോ?— ഇതൊക്കെയും കാണാൻ കഴിയാത്ത കേരളത്തിലെ ഇടതു പക്ഷ സൈദ്ധാന്തികർ അൽത്തൊസ്സറും ഗ്രാംഷിയും ഈഗ്ൾട്ടനും റെയ്മോണ്ടുമില്ലാതെ ഒന്നും ചെയ്യാൻ പറ്റുകയില്ല എന്ന് പറഞ്ഞു അവിടെയുമിവിടെയും കടിച്ചു നടക്കുന്നത് കൗതുക കരമായ കാഴ്ചയാണ്; ഫ്രോയ്ഡ്, കവിതയുടെ ഉറവ മനസ്സിന്റെ അപബോധമാണ് എന്ന് പറഞ്ഞതിനെ ഏറ്റുപിടിച്ചുകൊണ്ടാണ് ലക്കാൻ എന്ന പേരിലറിയപ്പെടുന്ന ഭാഷാ ജിംനാസ്‌റ്റിക്‌സ് വിദഗ്ധൻ അപബോധത്തിൽ നിന്ന് വരുന്ന ഭാവനാത്മക ഭാഷ പെണ്ണാണെന്നും ബുദ്ധിയുടെ പരുക്കൻ ഭാഷ, ഗദ്യ ഭാഷ ആണാണെന്നുമൊക്കെ പറയാൻ താൽ പര്യപ്പെട്ടതും ഏഡ്രിയെൻ റീച്. ലൂസി ഇരിഗാരി, ഹെലൻ സീക്കൂ തുടങ്ങിയ പെണ്ണെഴുത്ത് ഗവേഷകർ ഗദ്യം ആണ് ആണെന്നും നൈസർഗ്ഗികവുംപ്രജ്ഞാപരമായ യുക്തിയുടെ കലർപ്പില്ലാതെ ശുദ്ധമായി ഈടാർന്നു പ്രവഹിക്കുന്ന കവിതയുടെ ഭാഷ പെണ്ണാണെണെന്നുമൊക്കെ പറഞ്ഞു ഉന്മാദിക്കാൻ ശ്രമിച്ചത്. മലയാളത്തിൽ തടസ്സങ്ങളിലല്ലാതെ പദങ്ങൾ ഒന്ന് മറ്റൊന്നിനുമേൽ ലയിച്ചു ഒഴുകിയെയെത്തുന്ന പദ്യരൂപ കവിതയെഴുതിയിട്ടുള്ളത് നാരായണഗുരുവും, ചങ്ങമ്പുഴയും, കുഞ്ഞിരാമൻ നായരും,കുമാരനാശാൻ , ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവരും സ്ത്രീപക്ഷത്തു നിന്ന്ഏറ്റവുമൊടുവിൽ ആര്യാ ഗോപി യുമാണ് ; അവരുടെയൊക്കെ ഭാഷ പെണ്ണാണെന്നും ഗദ്യകവിതാരൂപത്തിൽ കവിതയെഴുതിയ രാജലക്ഷ്മിയുടെ ഭാഷ ആണാണെന്നുമൊക്കെ പറഞ്ഞു കളഞ്ഞാൽവിദ്യാർത്ഥികളുടെ തലവിധി എന്ന് പറഞ്ഞു ലക്കാനെ സ്തുതിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.പറയുന്ന കാര്യങ്ങളൊക്കെ വിവാദാത്മകമാ ണെങ്കിലും പറഞ്ഞതിൽ പാതിയും അസംബന്ധങ്ങളാണെങ്കിലും നമ്മെ ഞെട്ടിക്കുന്ന നേരിന്റെ പ്രഹര ശേഷിഫ്രോയ്ഡിന്റെ നിരീക്ഷണങ്ങളിലുണ്ട്. കേരളാ സർവകലാശാല ഇംഗ്ലീഷ് എം .എ .യുടെ ചോദ്യക്കടലാസിൽ- FRAUD- എന്നൊരു പേരു കണ്ടു പരീക്ഷ എഴുതാൻ തുടങ്ങുന്ന വിദ്യാർത്ഥി ഹാളിൽ എണീറ്റുനിന്നു ഇതാരാണ് സാറേ എന്ന് എന്നോട് ചോദിച്ചു.ചോദ്യക്കാരൻ ഉദ്ദേശിച്ചത്- FREUD-എന്ന മറ്റൊരുവനാണ് എന്ന് ഉറപ്പു കൊടുത്തതിനു ശേഷമാണ് വിദ്യാർത്ഥി സമചിത്തത വീണ്ടെടുത്തത്; ലക്കാൻ അന്ന് അത്രയ്ക്ക് പ്രഖ്യാതനായിരുന്നില്ല; സിലബസ്സിൽ കയറിയിട്ടുമില്ല എന്നാണ് ഓർമ്മ; അങ്ങനെ ആയിരുന്നെങ്കിൽ ചോദ്യകർത്താവ് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് എളുപ്പത്തിൽ പറയാൻ ഗായത്രി ചക്രവർത്തി സ്പിവാക്കിനോ ലോഗോസെൻട്രിസം പാശ്‌ചാത്യ തത്വചിന്തയിൽ മാത്രമുള്ള അദ്‌ഭുതമാണെന്നു കണ്ടു പിടിച്ച ദെറിദയ്ക്ക് പോലുമോ പറയാൻകഴിയുമായിരുന്നില്ല; ഓംകാരമായ പൊരുളിന്റെ ഫൊണെറ്റിക് ലിപി കണ്ടു പിടിച്ച പുണ്യ പുരാണ ഭൂമിയിൽ നിന്ന് കൊണ്ട്, ആദിയിൽ വചനമുണ്ടായി എന്ന കിഴക്കൻ ഹീബ്രു പരിഭാഷാകേട്ടു ശീലിച്ച ,എല്ലാ പുലരികളിലും ബിഗ്ബാങ്ശബ്ദം കേട്ടുണരുന്ന ഇസ്‌റോവിന്റെ നാട്ടിലെ പാഠ ശാലകളിലാണ് ഈ ദേറിദിയൻ അബദ്ധത്തെ കൂലംകുഷ കുതൂഹലം കുടയു മെടുത്തു ചർച്ച ചെയ്തു ശുശ്രൂഷിക്കുന്നതു . ഈ ഭൂമിയിൽ ആദിയും അന്തവുമില്ലാത്ത ഒന്നേയുള്ളൂ. അത് കൊളോണിയൽ മാനസിക ദാസ്യ വൃത്തിയാണ്; കൊളോണിയലിസം ആഭ്യന്തരമായാലും വൈദേശികമായായാലും മുതലാധിപത്യ പരമായാലും ഫാസിസിസ്റ് സാങ്കേതികവിദ്യാധിപത്യപരമായാലും അല്ലെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം പോലുമില്ലാതെ നാം അതിനെ സേവിച്ചിരിക്കും. സേവനത്തിന്റെ വാസ്തു വിദ്യ ദുരൂഹമായിരിക്കും എന്നാണ് ആദായ നികുതി കാര്യഗ്രാഹി സംഘം നമ്മെധരിപ്പിച്ചിരിക്കുന്നതു; പാഠശാലാദാസ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞു കാടു കയറിയതാണ് നമുക്ക് പ്രധാന പ്രമേയത്തിലേക്കു മടങ്ങി വരാം)
if poetry comes not as naturally as the Leaves to a tree it had better not come at all; എന്ന് പറയുന്ന കീറ്റ്സ് , വികാരത്തിന് തുല്യമായ ബിംബ സൂത്രവാക്യനിർമ്മിതിക്കു വസ്തുക്കളെയോ , സ്ഥിതിസന്ധികളെയോ, സംഭവങ്ങളുടെ ശ്രുംഖലയെയോ ഉപയോഗപ്പെടുത്തണമെന്ന് പറയുന്ന വസ്തു നിഷ്ഠതാ വാദശാലയിൽ എത്തിനിൽക്കുന്നു എന്ന് പറയുന്നത് അസാമാന്യമായ വിവരക്കേടാണ് . ഇത് സായ്വിന്റെ ഭാഷ ഇത് സായ്വിന്റെ സാഹിത്യം ഇത് സായ്വിന്റെ തന്നെ വ്യാഖ്യാനം എന്നൊക്കെ പറയാമെങ്കിലും എലിയട്ട് ഷേക്ക് സ്പീയറേയും കീറ്റ്സ്നെയും ആക്രമിക്കാൻ വേണ്ടി മുന്നോട്ടു വയ്ക്കുന്ന വാദങ്ങളെ ചോദ്യം ചെയ്യാനും വിമർശിക്കാനുമുള്ള അവകാശം ഏതു രാജ്യത്തെ ഏതു ഭാഷ സംസാരിക്കുന്ന വായനക്കാരനുമുണ്ട്. ദെറിദയെന്നോ ബാർത്തെന്നോ ഡെല്യൂസ്ഉം ഗതാരിയുമെന്നോ കേട്ടാൽ പേടിച്ചു വിറച്ചു സാഷ്ടാംഗ പ്രണാമം ചെയ്യാനല്ലാതെ അവരുടെ രാഷ്‌ടീയ വിദ്യാ കൗശലത്തെ വിമർശിക്കാനോ ചോദ്യം ചെയ്യാനോ മലയാളിയായ സാഹിത്യകുശലന്മാർക്കും കുതുകികൾക്കും കഴിയാതെ പോവുന്നത് ബൗദ്ധിക കൊളോണിയൽ അടിമത്ത മനസ്ഥിതിമൂലമാണ്. നെഗറ്റീവ് കേപ്പബിലിറ്റി സിദ്ധാന്തത്തെ, അതെന്തു എന്നതിനെപ്പറ്റി അങ്കും പുങ്കുമില്ലാത്ത ഒരു പണ്ഡിതൻ സംക്ഷിപ്‌തരൂപത്തിൽ പ്രസ്താവനപുറപ്പെടുവിക്കുമ്പോൾ അയാളുടെ ഭാവുകത്വ പരിമിതികളെ വിമർശിക്കാനുള്ള ഔചിത്യം പോലും നമ്മുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല; വികാരസമഭാഷ്യമാവുന്ന വസ്തു ബിംബങ്ങളും, സംഗത സ്ഥിതികളും,സംഭവശ്രുംഖലകളും കവിതയിൽ ഉണ്ടാവാൻ പാടില്ല എന്ന് കീറ്റ്സ് എവിടെയും പറയുന്നില്ല ; അതൊക്കെയും കവിതയിൽ പ്രവേശിച്ചു വികാര സഹബന്ധി ആവുന്നത് ഒരു കൗശലമോ സൂത്രവാക്യവിദ്യയോ അയിട്ടല്ലമരത്തിൽ ഇലകൾ ഉണ്ടാവുന്നത് പോലെ യാണ് എന്ന് അദ്ദേഹം കാണുന്നു. അങ്ങനെ മരത്തിൽ ഇലകൾപോലെ അത് കവിതയിൽ വിടർന്നു വീശുന്നില്ല എങ്കിൽ ,എങ്കിൽ കവിത തന്നെ ഇല്ലാതിരിക്കുന്നതാണ് നല്ലതു എന്ന് പറയുന്ന കീറ്റ്സ് ന്റെ കാവ്യമനോഭാവുകത്വ സിദ്ധാന്തത്തിൽപോലും വസ്തു ബദ്ധകാവ്യരചനാനിഷ്ഠയുടെ സൂത്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത് കീറ്റ്സ് പറയുന്നത് എന്തിനെക്കുറിച്ചാണെന്നു മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണ് എങ്കിലും , അബ്‌റാംസിന്റെ സാഹിത്യ സംപ്രത്യയ സംക്ഷേപവേദപുസ്തകത്തെപ്പോലും വിമർശന ബുദ്ധിയോടെ പരിശോധിക്കാൻ നാം തയ്യാറാവുന്നില്ല.
ജീവിതത്തിന്റെ ഇരുണ്ടരാത്രിഭാഗത്തെ (നൈറ്റ് സൈഡ് ഓഫ് ലൈഫ് എന്ന് ഫ്രോയിഡിനെ മുൻ നിറുത്തി ട്രില്ലിങ്) തീക്ഷ്ണമായി അറിയുവാനുള്ള ഭാവുകത്വശേഷി,—നെഗറ്റിവ് കേപ്പബിലിറ്റി — എല്ലാ കവികളിലും (അതും ഒരേ തോതിൽ) ഉണ്ടാവണമെന്നില്ല; ചിലരിൽ അത് കവിത്വത്തിന്റെ മുഖ്യ ഭാവുകത്വകാണ്ഡം ആയിരിരിക്കും. ചിലരിൽ അതിന്റെ നേർത്ത സമ്മർദ്ദങ്ങളുണ്ടായി എന്ന് വരാം .ചിലരുടെ കവിത അത് ഉൾക്കൊള്ളാൻ ശേഷിയില്ലാത്തവിധം ഫോർമലിസ്റ് ആയ പരിതൃപ്തിയുടെ ആനന്ദ പ്രകാശനമായിരിക്കാം . (പരിതൃപ്തി (complacence) യുടെ അഭാവമാണ് കവിത എന്ന് വാലസ് സ്റ്റീവൻസ് പറയുന്നു ;അതുകൊണ്ടാണ് അരബിന്ദഘോഷ് കവിയേ അല്ല എന്ന് പറയേണ്ടിവരുന്നതു ആനന്ദ ലബ്ധിക്കിനിയെന്തുവേണം എന്നുചോദിക്കുന്ന എഴുത്തുകാരന് അപ്രാപ്യമായ ഒരു ഭാവുകത്വ വിശേഷമാണ് അത് ;ഇരുണ്ട ഭാവുകത്വപ്രേരണകളുള്ള ദസ്തെയെവ്സ്കിക്കു , ഒരിക്കലും അങ്ങനെ ചോദിയ്ക്കാൻ കഴിയുമായിരുന്നില്ല; അധികാര വ്യവസ്ഥാനിഷേധത്തിന്റെ കരി രചനയുടെ രക്തത്തിൽ ഇല്ലാത്ത, വ്യവസ്ഥാ നീതി സംതൃപ്തനായ — കോൺഫോർമിസ്റ് ആയ, കവിക്ക് ഈ നിഷേധാനുഭവ ശേഷി ഉണ്ടാവുകയില്ല ;പ്രാണ നാഥനെനിക്ക് നൽകിയ പരമാനന്ദവും താരാട്ടും സങ്കീർത്തനവുമെഴുതിശീലിച്ച വിരലുകളെ വിറപ്പിക്കുന്ന ഒരു ഭാവുകത്വ ഗഹനത ആണ് അത്(എങ്കിലും തമ്പിക്ക് സമാനമായ പരമാനന്ദ ത്തിലെത്താൻ അരബിന്ദോയുടെ പരമാനന്ദ പ്രഹസനങ്ങൾക്കു പോലും കഴിയുന്നില്ല); തമ്പിയുടെ സുകുമാരഗുണത്തെ ഇകഴ്ത്തു കയല്ല മറിച്ചു യഥാർത്ഥ കവിത മറ്റൊന്നാണ് ,യമുനാതീരത്തു ഗോപികമാരെ ഇക്കിളിപ്പെടുത്തുന്ന ചഞ്ചല കരയുഗ ശാലിത്വമാണ് മഹാകവിത്വമെന്നു പറയുന്ന കൂട്ടരോട് അതും കവിതയാണ് എന്ന് സമ്മതിക്കാമെങ്കിലും അതിനു താഴെ ഒരു നരകമുണ്ട് എന്നതിന്റെ അറിയിപ്പായിരുന്നു നെഗറ്റിവ് കേപ്പബിലിറ്റി സിദ്ധാന്തം (നരകമിവിടെയാണ് ഹന്ത, കഷ്ടം! എന്ന് കവി.) മലയാളത്തിൽ തന്നെ ഇത്തരമൊരു ഭാവുകത്വ വിശേഷം തീവ്രമായി രേഖപ്പെടുത്തുന്ന കവികൾ ശ്രീനാരായണഗുരുവും – (ചിജ്ജഡ ചിന്തനം) -കുമാരനാശാനുമാണ് -(ലീല കരുണ) ഗദ്യത്തിൽ ഈ നിഷേധ ഭാവുകത്വം തീവ്രമായി പ്രവർത്തിക്കുന്നത് വി.കെ. എന്നിന്റെ രാഷ്ട്രീയ കൃതികളിലാണ് ;ഹാസ്യം ജീവിതത്തെ നിഷേധാത്മകമായി കാണുന്ന ഒരു സമീപനമാണ് എങ്കിലും അതിനു ജീവിത ഗരിമാ മണ്ഡലത്തിന്റെ മസ്തകത്തെ പിളർക്കാനുള്ള ശേഷി ഉണ്ടാവുമ്പോഴാണ് അവിടെ ചിരി വിനാശകരമാവുന്നതു ; ബഷീറിന്റെ ശബ്ദങ്ങൾ മുതൽ മതിലുവരെയുള്ള കൃതികളിൽ നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഭിന്ന ശ്രേണികളുണ്ട് ; പൂന്താനത്തിന്റെ കൃഷ്ണ കൃഷ്ണാ എന്ന ഭക്തിസാന്ദ്രമായ നിലവിളിക്കു ശേഷം കാണുന്നതൊക്കെയും നിഷേധഭാവുകത്വമാർന്ന കവിതയുടെ ധാർമിക രോഷ മർമ്മരങ്ങളാണ് ; ഹാസ്യത്തിൽ ഈ നിഷേധാത്മക ഭാവനയുടെ നിഴലാട്ടം കണ്ടിട്ടാണ് കേസരിബാല കൃഷ്ണപിള്ള കുഞ്ചൻ എഴുത്തച്ഛനെക്കാളും തീക്ഷ്ണമായി ജീവിതത്തെ അറിഞ്ഞ കവി ആണ് എന്ന് മലയാളത്തോട് പറഞ്ഞത്; ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം എന്നൊക്കെ ജീവിതത്തിന്റെ വിഫല നാടകത്തെ കാണുന്ന എഴുത്തച്ഛൻ, കെ.സി. കേശവപിള്ളയെപ്പോലെ അലംഘനീയമാണ് വിധി മഹിമ എന്ന് കരുതുന്നതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഇരുണ്ട നിറമുള്ള ഉദ്വിഗ്നതകൾ അദ്ദേഹത്തിന് അപ്രാപ്യമാണ് . ബ്രാഹ്മിണിക് ഐഡിയോളോജിക്കൽ കോൺഫോർമിസത്തിന്റെ കവിത negative capability-യെ -ആവേശപൂർവം ഉപരോധിക്കുന്നത് കൊണ്ടാണ് എഴുത്തച്ഛൻ കവിയോ അതോ ജനകീയ ഭക്തിഗായകനോ – എന്ന് ഒരു കോൺഫോർമിസ്റ് വിമർശകനാകാൻ ശ്രമിച്ചു പരാജയപ്പെട്ട മാരാർ പോലും സന്ദേഹിച്ചതു. വിധി മഹിമയുടെ കഥ പറഞ്ഞു മനുഷ്യ ജീവിയെ പ്രാർത്ഥനാനിരതനാക്കുന്ന എഴുത്തച്ഛനും, ഈ മഹിമ ഇത്തിരി കഷ്ടം തന്നെയല്ലേ എന്ന് ചോദിക്കുന്ന കെ.സിക്കുമപ്പുറമുള്ള നീച ഭൂതലത്തിൽ നിന്ന് കൊണ്ടാണ്, സാമൂഹ്യനിയമങ്ങളെയും വിധിനിയമങ്ങളെയും ലംഘിക്കുന്ന ഭയ -ശോക- രാഗസംകുലയായ ലീല, വിദയ നിയതി, ദുസ്തരൗഘയായ ഒരു നദിയാണെന്നും ആനദിയെ എതിർത്തൊരു ജന്തു നീന്തുമോ എന്നും ചോദിക്കുന്നത്; ദക്ഷിണ്യമില്ലാത്ത കാരുണ്യവാനായ ദൈവത്തെ വിദയൻ എന്ന് ആക്ഷേപിച്ചു കൊണ്ടാണ് ആ വിദയ ഘോര നദിക്കെതിരെ നീന്തിക്കയറുമോ എന്ന് മനുഷ്യഗണത്തില്പെട്ട ലീല എന്ന പെൺ ജന്തു എന്ന് ചോദിക്കുന്നത് ; ചക്ഷു ശ്രവണ ഗളസ്ഥമാം ദർദ്ദുരം എന്ന അവസ്ഥ സങ്കടകരമാണെങ്കിലും ആ അവസ്ഥയുടെ ഉടയവനായ ദൈവം നീതിമാനാകയാൽ ഭക്ഷണ ത്തിന്റെ പരാതി പിൻവലിച്ചു ആധ്യാത്മിക വൃത്തിയിലേർപ്പെട്ടു മോക്ഷം കരസ്ഥമാക്കണമെന്നു എന്ന് പറയുന്ന കവിയും നീതിമാനല്ലാത്ത ദൈവവിധിക്കെതിരെ നീന്തിക്കയറുമോ എന്ന ചോദ്യത്തിലൂടെ വിധി മഹിമയെ പ്രശ്നവൽക്കരിക്കുന്ന കവിയും ഭാവുകത്വത്തിന്റെ വിരുദ്ധ മണ്ഡലങ്ങളിലാണ് നിൽക്കുന്നത് . വിധി മഹിമയുമായുമായി പോരാട്ടത്തിനിറങ്ങുന്ന ഭയ ശോക രാഗസങ്കുലമായ മനസ്സിൽ, കീട്സ്, നെഗറ്റീവ് കേപ്പബിലിറ്റിയെപ്പറ്റി പറഞ്ഞതെല്ലാമുണ്ട്. മോക്ഷം എന്ന ആധ്യാത്മികതയ്ക്കു സ്റ്റീവൻസ് നൽകുന്ന ഭൗതിക പര്യായ പദമാണ് complacency — പരിസംതൃപ്തി; പരിസംതൃപ്തി എന്ന കവിത്വവിരുദ്ധതയെ ആധ്യാത്മിക ബിംബാവലികൊണ്ടു പരമാനന്ദ ചരിതമാക്കുന്ന അരബിന്ദ് ഘോഷിന്റെ അത്ര ഉയരമുള്ള കവിത പാശ്ചാത്യ നാടുകളിൽപ്പോലും കണ്ടിട്ടില്ല എന്ന് സായ്‌വ് പറഞ്ഞപാടെ അത് അപ്പാടെ വിഴുങ്ങി കവിതയെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ട ജനതയാണ് നാം; മലയാളത്തിലെപുരോഗന സാഹിത്യ സച്ചിദാനന്ദങ്ങൾക്കു സനാതന ധർമവാദിയായ അരബിന്ദോയ്ക്കപ്പുറം ഘ്രാണശക്തിയുള്ള ഒരു കവിയെയും ഇത: പര്യന്തം കണ്ടെത്താനായിട്ടില്ല . ഈ സച്ചിദാനന്ദത്തിന്റെ നേർവിപരീതമാണ് നെഗറ്റീവ് കേപ്പബിലിറ്റി. നെഗറ്റീവ് കേപ്പബിലിറ്റിയെക്കുറിച്ചുള്ള വിശദമായ ചർച്ച പിന്നീടാവാം; ഇത് ഒരു ഉപക്രമം മാത്രമാണ് ഇനി objective correlative എന്തെന്ന് ഒരു പ്രാഥമിക പരിശോധന ആവാം ; അതിലേയ്ക്കുപ്രവേശിക്കുന്നതിനുമുമ്പ്, personality (സ്വത്വം) subjectivity(ആത്മനിഷ്ഠത) objectivity (വസ്തു നിഷ്ഠത) എന്നിവ തമ്മിലുള്ള വ്യത്യയം വിശദീകരിക്കേണ്ടിവരുന്നു ; സ്വത്വം ആത്മനിഷ്ഠ പരിസരങ്ങളും വസ്തു നിഷ്ഠ പരിസരങ്ങളുമായി പ്രതിപ്രവർത്തിച്ചു ആർജ്ജിക്കുന്ന വിശേഷരൂപമാണ് വ്യക്തി (individual) എന്നതും സന്ദർഭത്തിൽ പ്രസക്തമാണ്; സാഹിത്യത്തിൽ ,സ്വത്വം (person )എന്നത് പ്രാഥമികമായി ജന്മപരിബദ്ധ (congenital) ഘടകങ്ങൾക്കുള്ള മേൽക്കൈ ഉള്ള പ്രകൃതമാണ്. ഒരു കുഞ്ഞു വളരുന്തോറും അത്, അതിനെ കേന്ദ്രീകരിക്കുന്ന ജന്മപരിസരത്തിനു പുറത്തേക്കു വ്യാപരിക്കുകയാണ് ; വളർച്ച ഒരു ഘട്ടത്തിലെത്തി ഭൂമിയുടെ ഉപരിതലത്തിൽകാണപ്പെടുന്ന അനന്ത കോടി മനുഷ്യരിലൊരാൾ മാത്രമാണ് താൻ എന്നതിരിച്ചറിവിലെത്തുമ്പോഴും തന്റെ ജന്മസിദ്ധ മണ്ഡലത്തിൽ നിന്ന് കൊണ്ട്, ആസന്ന പരിസരങ്ങളിൽ തന്റെ കോയ്മ നില നിർത്താൻ സ്വത്വം പല മാർഗ്ഗങ്ങളും അവലംബിക്കുന്നു . അതിലൊന്നാണ് കലയുടെ പേരിൽ നടക്കുന്ന ഭാഷാനാട്യങ്ങൾ ;പൊതു പരിസരത്തിൽ അഹം കോയ്മ (egotism) സ്ഥാപിക്കുവാൻ വേണ്ടി സ്വത്വത്തെ പ്രത്യയശാസ്ത്രപരമായ വിശേഷങ്ങൾ അണിയിച്ചൊരുക്കി പ്രസാധനം ചെയ്യുന്ന സാഹിത്യത്തെ ആണ് സ്വത്വ പ്രധാന (personal literature) സാഹിത്യം എന്ന് പറയുന്നത്; അഹം എന്ന് വിശേഷിപ്പിക്കാറുള്ള ഞാൻ എന്ന ബോധത്തെ, അതിന്റെ ഗരിമയെ പ്രസാധനം ചെയ്യുന്ന പ്രവർത്തനമല്ല കവിത. എന്റെ കോയ്മ വായനക്കാർക്കുമേൽ സ്ഥാപിക്കുന്ന കൃതി ഉത്തമപുരുഷസർവ്വ നാമ കേന്ദ്രീകൃതമായിക്കൊള്ളണമെന്നില്ല; എന്റെ അടിമയെയും, കീഴാളരെയും മുൻ നിറുത്തിയും എന്റെ മഹിമ സ്ഥാപിക്കാവുന്നതാണ്; ഖസാക്കിലെ ഞാൻ എന്ന – ആസ്ട്രോ -ഫിസിക്സ് ബ്രാഹ്മിണിക് വേദാന്തിയായ രവി, അഹംകോയ്മയുടെ പ്രച്ഛന്ന നാമമാണ്; അവിടെ രവി, കീഴാളർക്കുമേൽ സ്ഥാപിക്കുന്നസാമാന്യമായ പാണ്ഡിത്യ കോയ്മയും വിശേഷാൽ ലൈംഗികമേൽക്കോയ്‌യും പ്രസാധനം ചെയ്യുന്നത് എഴുത്തുകാരന്റെ സ്വത്വ ത്തെ തന്നെയാണ്; ego-യ്ക്ക് അഹംബോധം എന്ന് പരിഭാഷ നൽകാമെങ്കിൽ egotism എന്നതിന് അഹംകോയ്മാതുരത്വം എന്നും പരിഭാഷ ആകാവുന്നതാണ്. ഈഗോയുടെ ഗർവിഷ്ഠമായ ഇക്കിളിയാണ് ഈഗൊറ്റിസം; ഖസാക്കിലെ രവി. വായനക്കാരന്റെ അഹം കോയ് (egotist ego) മാതുരത്വത്തെ ഇക്കിളിപ്പെടുത്തുന്നതു അതിലെ ആൺ പോരിമയും അധീശതത്വചിന്താ ഗരിമയുടെ ദുഃഖാഭിനയവും കൊണ്ടാണ്.. ഈ ഇക്കിളി നീണ്ടകാലം നിലനിൽക്കുന്ന ഒരു ദുരിതമാക്കിത്തീർക്കാൻ ആയാസകരമായ ധനകാര്യ പ്രവർത്തനങ്ങൾ നടക്കുകയും വിദ്യാ സമ്പന്നർ എന്ന് സ്വയം അറിയുന്ന കൂട്ടർ അതിന്റെ ഇരകളായി തീരുകയുംചെയ്യുന്നത് നാം കാണുന്നു ; കേരളത്തിലെ വൻകിട ആണെഴുത്തുകാർ ഒക്കെയും ഇതിന്റെ ആൺഇരകളായപ്പോൾ വൻകിട ഫെമിനിസ്റ്റുകളോ എഴുത്തുകാരികളോ അടങ്ങുന്ന വലിയ ഒരു പെണ്ണിര സമൂഹം ഇതിനുണ്ടാവുന്നില്ല എങ്കിലും ആൺ പോരിമയെ ആരാധിക്കുന്ന ഒരു ഒരു സൗന്ദര്യവൽകൃത ഫെമിനിസ്റ്റും അതിലെ അഹം കോയ്മയെ പോയിട്ട് ആൺ പോരിമയെപ്പോലും വിമർശിക്കാൻ തയ്യാറായിട്ടില്ല എന്നതും കൗതുക കരമാണ്. അഹം കോയ്മയുടെ വിരുതും ആൺ ലാവണ്യ കോയ്മയുടെ വിലാസ ചാതുര്യവുമാണ് ഇവിടെ സാക്ഷ്യപ്പെടുന്നത്. പെണ്ണിനെ കീഴ്പ്പെടുത്താൻ ശിവന്റെ വില്ലൊടിക്കാൻ പോകണ്ടാ ,ആസ്ട്രോ ഫിസിക്‌സും ഉപനിഷത്തും വാറ്റുചാരായവുംമുന്തിയ തരംസ്കോച്ച് വിസ്കിയും ചേർത്ത് ഒരു വലി വലിച്ചാൽ മതി എന്നാണ് ഖസാക്കിലെ പണ്ഡിത പുണ്യ സ്വരൂപിണി പറയുന്നത് ; വൈദേശിക-ആഭ്യന്തര കൊളോണിയൽ മൂല്യങ്ങളെസമന്വയിപ്പിച്ചു കൊണ്ടാണ് അടിമ മനസ്സിന്റെ ഈഗോയെ എഴുത്തുകാരൻ ഇവിടെ ഇക്കിളിപ്പെടുത്തുന്നതു .അടിമയുടെ മനസ്സിന് ഈ ഇക്കിളിയെ പ്രതിരോധിക്കാനാവില്ല. അഹം കോയ്മയുടെ ആൺസ്വരൂപവുമായി താദാത്മ്യം പ്രാപിക്കുക എന്നതാണ് അടിമയുടെ വിമർശക പുരുഷ ധർമം. നവ സാഹിത്യ മാനസികാടിമത്തത്തിന്റെ അൻപതാം വാർഷികാഘോഷത്തിനു മുൻപ് തന്നെ ഒരു ഗ്രാമക്കര കണ്ടെത്തി അവിടെയാണ് ആണൊരുത്തന്റെ അഹംകോയ്മ ലൈംഗിക വിളയാട്ടം നടത്തിയത് എന്ന് , ഇവിടെയായിരുന്നു കുപ്പുവച്ചന്റെ വീട് , ഇവിടെ വച്ചാണ് ദിവ്യ ദർശന സങ്കട വര്യന്റെ മടിയിലിരുന്ന് കുഞ്ഞാമിന ഋതുവായപെണ്ണിന്റെഅയിത്തം വിന്യസിച്ചതു എന്നൊക്കെയടയാളപ്പെടുത്തുന്ന ഒരു എലുക കൂടി റെവന്യൂ അധികൃതർ പുറത്തിറക്കിയാൽ അദ്‌ഭുതമില്ല . ദർശന ദുഃഖ നാടക കഥാപാത്രത്തൽ വ്യഭിചരിക്കപ്പെട്ട ഗ്രാമം ഇതായിരുന്നുവെന്നും ദൈവ പുരുഷനുമൊത്തു രാസക്രീഡനടത്തിയതിലൊരു പെൺ പിറന്നോൾ വകയിൽ രവിയുടെ ചിറ്റമ്മയുടെ പ്രപിതാമഹി ആയിരുന്നുവെന്നുവെന്നും റെവന്യൂ മേലധികാരികളുടെ പ്രഖ്യാപനമുണ്ടായി കര അളന്നു തിട്ടപ്പെടുത്തി പോക്കുവരവ് നടത്തിയാലും അദ്‌ഭുതമില്ല . രാമ ക്ഷേത്രനിർമ്മാണം പോലെ ഇതും ഒരു രാഷ്ട്രീയ മാനസിക രോഗമാണ് !എന്തിനു ഭാരത ധരേ കരയുന്നു. ഇവിടമാണ്, ആൺകോയ്മ( phallocracy )യുടെ അവതാര പുരുഷൻ കീഴാളപ്പെണ്ണുങ്ങൾക്കുമേൽ വിളയാടിനടന്നതു എന്ന് ഒരു ഗ്രാമത്തെ ചൂണ്ടി പറയുവാനുള്ള അധീശവർഗ്ഗാധികാരത്തെ ഭേദിക്കുവാൻ ആർക്കും കഴിയില്ല. നിങ്ങൾക്ക് ഒരെഴുത്തുകാരന് സ്മാരകമുണ്ടാക്കി ആദരവുപ്രകടിപ്പിക്കണമെങ്കിൽ അയാൾ ഉടലോടെ ജീവിക്കുകയും അധിവസിക്കുകയും മരിക്കുകയും ചെയ്തസ്ഥലങ്ങളിലൊക്കെ അതാവാം; അതിനു പകരം നോവലിൽ പറയുന്ന അയാളുടെ തിരുട്ടു ലൈംഗികതയുടെ സ്ഥലം ഇതായിരുന്നുവെന്നു പ്രഖ്യാപിച്ചു ടൂറിസം വ്യവസായത്തിലൂടെ പത്തു കാശുണ്ടാക്കാൻ ശ്രമിക്കുന്നവർ ജീവിച്ചിരിക്കുന്ന ഒരു ഗ്രാമത്തോടുചേയ്യുന്ന പാതകം ഹൃദയ ഭേദകമാണ് ആത്മ നിഷ്‌ഠമോ, വസ്തു നിഷ്‌ഠമോ അല്ലാത്ത , സ്വത്വ പ്രസാധന പരമായ അഹംകോയ്മയുടെ വിലാസത്തെ ഇവിടെ വേർതിരിച്ചു കാണിച്ചത് വസ്തു നിഷ്ഠ കലയിലോ ആത്മ നിഷ്ഠ കലയിലോ അഹം കോയ്മാ സ്പർശമുണ്ടാവില്ല എന്ന വസ്തുതസൂചിപ്പിക്കാൻ വേണ്ടിയാണ്. വെള്ളപ്പൊക്ക&;ത്തിലെ പട്ടിയോ; ശബ്ദിക്കുന്ന കലപ്പ യിലെ മണിയൻ കാളയോ മനുഷ്യന്റെ പരിമിതികളെക്കുറിച്ചുള്ള ദുഃഖമാണ്, ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ ആണ് പ്രസാധനം ചെയ്യുന്നത് ; ഇവിടെ രചന ആത്മനിഷ്ഠമായ / കർത്തൃ നിഷ്ഠമായ (subjective) ഒരു കാർഷിക-ഗ്രാമീണ വൈകാരിക പരിസരത്തിന്റെ ആഖ്യാനമായിത്തീരുന്നു ;ഇവിടെ എഴുത്തുകാരന്റെ സ്വത്വം പ്രസാധനം ചെയ്യപ്പെടുന്നില്ല; മറിച്ചു എഴുത്തുകാരന്റെ കർത്തൃ നിഷ്ഠമായ/ആത്മനിഷ്ഠമായ (subjective) ജീവിത പരിസരത്തെ ആഖ്യാനം ചെയ്യുന്നതിനുള്ളവസ്തുക്കൾ (objects) എന്ന നിലയിൽ കലപ്പയും കാളയും നായയും (മരത്തിൽ ഇലകൾ എന്നപോല-കീറ്റ്സ്) പ്രത്യക്ഷപ്പെട്ടു ക്രിയാത്മകമായിതീരുന്നു ; ഇവിടെ വസ്തുക്കൾ ആഖ്യാനോപകാരണങ്ങളും കർത്താവിന്റെ (subject) സ്വത്വപ്രധാനേതരമായ ജീവിതാഖ്യാനം എന്ന ക്രിയയുടെ ഭാഗവുമായി തീരുന്നു; അപസ്വത്വീകരണം (depersonalization) എന്നത് ഇവിടെ സംഭവിക്കുന്നു; ടി.എസ് എലിയട്ട് ആഗ്രഹിക്കുന്ന മാതൃകയിൽ തന്നെയാണ് അത് സംഭവിക്കുന്നത്. അവിടെ സ്വത്വം ക്രിയയിലൂടെ ആഖ്യാതാവായി മാറി മറിയുകയും ആഖ്യാനത്തിൽ സ്വത്വ നിരാസമുണ്ടാവുകയും ചെയ്യുന്നു; അഹം കോയ്മയുടെ ദുരാഗ്രഹങ്ങൾക്കു അവിടെ സ്ഥലം കണ്ടെത്താനാവുന്നില്ല .ഇവിടെ പുരപ്പുറത്തു നിൽക്കുന്ന നായയോ മണിയൻകാളയോ ഒരു ലാവണ്യകാരന്റെയും ഈഗോയെ ഇക്കിളിപ്പെടുത്തുന്നില്ല; ഒരു ലാവണ്യനിരൂപകനും നായയുമായി, കാളയുമായി താദാത്മ്യം പ്രാപിച്ചു ഇക്കിളി പ്പെടുന്നുമില്ല, ഞാൻ എന്റെ പരിധിയിലെ സമഷ്ടി പരിസരവുമായിപ്രതിപ്രവർത്തിച്ചു ഒരു സഹവാസാനുഭവത്തിന്റെ വൈരുധ്യങ്ങളിലേക്കു വികസിക്കുമ്പോൾ അതിൽ അഹം കോയ്മ തേഞ്ഞു തേഞ്ഞു ഇല്ലാതെ പ്പോവുകയും ആത്മനിഷ്ഠമായ ആഖ്യാനം സാധ്യമാവുകയും ചെയ്യും . കവിതയ്ക്കിടയിലോ നാടകത്തിനിടയിലോ കർത്താവ് നേരിട്ട് കടന്നു വന്നാൽപ്പോലും അത് പൊതു ജീവിതത്തിന്റെ ആഖ്യാന സഹായി ആകുന്നുവെങ്കിൽ അവിടെഅഹം കോയ്മ ഇല്ല അത് കൊണ്ട് രചയിതാവിന്റെ സ്വത്വത്തിന്റെ പ്രസാധനവുമില്ല. ഇവിടെ പ്രകൃതി ദുരന്തം കൊണ്ടോ , ധന കാര്യാധികാരവ്യവസ്ഥ കൊണ്ടോ മനുഷ്യനുസംഭവിക്കുന്ന അപരവൽക്കരണമാണ് കാവൽക്കരനോ വിളവെടുപ്പിന്റെ കൂട്ടാളിയോ ആയ മൃഗം കർഷകനിൽ നിന്ന്,ഗ്രാമീണനിൽ നിന്ന് വിഭജനപ്പെടുമ്പോൾ സംഭവിക്കുന്നത് . മണിയൻ കാള തൊഴിലെടുപ്പിനെയും വിളവെടുപ്പിനെയും നിയന്ത്രിക്കുന്ന ധനകാര്യ വ്യവസ്ഥയിൽ സംഭവിക്കുന്ന സാമൂഹ്യജീവബന്ധ പിളർപ്പിനെയാണ് സൂചിപ്പിക്കുന്നത് .കലപ്പ ശബ്ദിക്കുന്നു; കലപ്പയുടെ ശബ്ദവും മണിയന്റെ ഉടലും ഇഴുകിച്ചേർന്നതാണ് ആ ജീവിതം . തൊഴിലാളിയും തൊഴിലിന്റെ കൂട്ടാളികളായ കാളയും കലപ്പയും ഒരുമിച്ചു ശബ്ദിക്കുന്ന പ്രവർത്തനമാണ് കർഷകന്റെ ജീവിതം. തൊഴിലാളിയിൽ നിന്ന് അവന്റെ തൊഴിലുപകരണങ്ങൾ പറിച്ചുമാറ്റപ്പെടുമ്പോഴുണ്ടാവുന്ന അപരവൽക്കരണമാണ് ഇവിടെ രചനാ പ്രമേയം. മാർക്സിന്റെ അന്യവൽക്കരണ ദർശനത്തോട് അടുത്തു നിൽക്കുന്ന ഒരു അന്യവൽക്കരണമാണിത്. ഗോപികമാരുടെ ഉരുണ്ടു തടിച്ച പായോധരങ്ങളെ മർദ്ദിക്കുമ്പോഴുണ്ടാവുന്ന സുഖാനുഭവ വർണ്ണനയ്ക്കപ്പുറം കലാരചനയ്ക്കു ഒരു മാനം ഉണ്ട് എന്ന് വ്യക്തമാക്കുന്ന രചനയാണിത് ; പ്രകൃതി ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിന്റെ ദാർശനിക പീഡനാനുഭവങ്ങൾ രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് തകഴി ; വെള്ളപ്പൊക്കത്തിൽഎഴുതിയത് . ഒരുപ്രകൃതി ദുരന്തത്തിൽ നിന്ന് കുടുംബം മുഴുവൻ രക്ഷ തേടുമ്പോൾ കുടുംബത്തിന്റെ തന്നെ വൈകാരിക ഭാഗമായ വീട്ടുനായ ഉപേക്ഷിക്കപ്പെടുകയും, വെള്ളപ്പൊക്കത്തിന്റെ മുനമ്പിലും വീട്ടുനായ ഒരു കാവൽക്കരനെപ്പോലെ പുരപ്പുറത്തു കാത്തിരിക്കുകയും ചെയ്യുന്ന ചിത്രം ഗ്രാമ ജീവിതത്തിൽ സംഭവിക്കുന്ന അപരവൽക്കരണത്തിന്റെ മറ്റൊരു ദൃശ്യമാണ്. മനുഷ്യന്റെ – ആവാസ – അധിവാസ ഇടങ്ങളിൽ സംഭവിക്കുന്ന പാരിസ്ഥിതിക ഭഗ്‌നം (schism) എന്ന പ്രമേയം വർക്കിയും തകഴിയും വൈകാരികമായ സങ്കീർണ്ണതയോടെ ആവിഷ്കരിക്കുമ്പോൾ അതിനു സമശീർഷമായ വസ്തു പൂരകങ്ങൾ (objective correlatives) എന്ന നിലയിലാണ് കാളയും നായയും കഥകളിലെത്തുന്നത്; രചനയിൽ വൈകാരികമായ അപചയം സംഭവിക്കാതെ വസ്തു ബിംബങ്ങൾ കൊണ്ട് രചനയെ ബല ഭദ്രമാക്കാൻ നായയും കാളയുംശബ്ദിക്കുന്ന കലപ്പയും പ്രയോജനപ്പെടുന്നു ; പാരിസ്ഥിതിക ഭഗ്നത്തിന്റെയും അപരവൽക്കരണത്തിന്റെയും വൈകാരിക സങ്കീർണ്ണതയെ ഫലപ്രദമായി വിന്യസിക്കാൻ കഴിയുന്ന correlatives ആയി ഈ ജീവ വസ്തു ബിംബങ്ങളെ പരിഗണിക്കാം; ഇതിനപ്പുറം സങ്കീർണ്ണ വൈകാരികസംയുക്തങ്ങൾക്കു പകരം വയ്ക്കാൻ പോകുന്ന വൈകാരിക സൂത്രവാക്യം എന്ന നിലയിൽ objective correlativve സിദ്ധാന്തത്തിനു എലിയട്ട് അവകാശപ്പെടുന്ന മഹാ സാധ്യതകൾ ഉണ്ടെന്നു പറയാനാവില്ല.ടി എസ് . എലിയട്ട് സങ്കീർണ്ണവും തീകഷ്ണവുമായ വൈകാരികാനുഭവങ്ങൾ കവിതയിൽ ആവിഷ്‌കരിക്കുമ്പോൾ അത് വൈകാരിക പ്രലപന വിക്ഷോഭമായി ആവിഷ്കരിക്കുന്നതിനു പകരം (ഷേക്‌സ്‌പ്പീയറിന്റെ ഹാംലെറ്റിലെ പ്രത്യക്ഷ തീവ്ര വൈകാരികാ വിഷ്കാരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ്എലിയട്ട് ഇത് പറയുന്നത്) കവിത ബലയുക്തമാവുന്നതിന് അത്തരം തീവ്ര സങ്കീർണ്ണതകൾ അതേ പത്തിൽ തുറന്നു വിടാതെ അവയുടെ സങ്കീർ ണതകൾക്കു സമതുലനമായ വസ്തുരൂപങ്ങളെയോ സംഗത സ്ഥിതികളെയോ (situations) സംഭവശ്രുംഖലയെയോ ഉപയോഗിച്ച് വൈകാരികതയ്ക്കു ഒരു സൂത്രവാക്യം നിർമ്മിക്കുന്നതാണ് കേമം എന്നാണ് സിദ്ധാന്തിക്കുന്നത് . ആധുനികതയിൽ കാല്പനികതയ്‌ക്കെതിരെ വൈകാരിക സംയമനത്തിന്റെ ആദർശാവസ്ഥ രൂപപ്പെടുത്തുന്നതിനായി എലിയട്ട് കൊണ്ട് വന്ന ഈ സൂത്രവാക്യനിർമ്മാണ സിദ്ധാന്തം തരിശു ഭൂമിയുടെ വൈകാരികമായ ഉടലിൽ എലിയട്ട് പണിതു കയറ്റിയ മിത്തിക്കൽ പരാമർശങ്ങളും ,ദാർശനിക ചിഹ്നങ്ങളും പുരാവൃത്ത സൂത്രങ്ങളെയുമൊക്കെയും കാവ്യ ഗാത്രബലം വർദ്ധിപ്പിക്കുന്നു എന്ന് സ്ഥാപിക്കുവാൻ വേണ്ടി നിർമ്മിച്ചതാണ് . ഇപ്പറഞ്ഞ സൂതവാക്യനിർ വചനത്തെ വിശദമായി പരിശോധിക്കുന്നതിനു മുൻപ് വെള്ളപ്പൊക്കത്തി ലെയും ശബ്ദിക്കുന്ന കലപ്പയിലെയും കാളയും നായയും സൂത്രവാക്യമാകാതെ തന്നെ പരിസ്ഥിതിഭഗ്നത്തിന്റെയും അപരവൽക്കരണത്തിന്റെയും വൈകാരിക പ്രതിസന്ധിയെ ഫല പ്രദമായി സംവദിക്കുന്നത് വ്യക്തമാവുന്നുണ്ട്. ആത്മനിഷ്ഠതയുടെ പേരിൽ കാല്പനിക കവികൾ വിമർശനമേറ്റു വാങ്ങിയിട്ടുണ്ട്; കവിതയെഴുതാനുള്ള കളവും റൂൾ തടിയുമല്ല ഉള്ളിൽ നിറയുന്ന സംഘർഷമാണ് കവിത എന്ന് പറഞ്ഞു കൊണ്ട് ഗദ്യത്തോടടുത്തു നിൽക്കുന്ന ബ്ലാങ്ക് വേഴ്‌സിനെയും മറികടക്കുന്ന അച്ചടക്ക ലംഘനമാണ് കവിത എന്ന് അറിഞ്ഞുകൊണ്ട് ഗദ്യത്തിലും പദ്യത്തിലും ഒരേ അളവിൽ കവിത പ്രസാദിച്ചിരിക്കുന്നു എന്ന് പറയുന്ന അരിസ്റ്റോ ട്ടിലിനെ ഏറ്റെടുക്കുന്നവരാണ് കാല്പനികർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാർ. പിൽക്കാലത്തു വിറ്റ് മാനും പറഞ്ഞത് ഇത് തന്നെയാണ്. കാവ്യപ്രമേയമായി മഹാ മനുഷ്യരുടെ മഹാധർമ്മസങ്കടങ്ങൾ ,വേണ്ട ഒരു പുൽക്കൊടിത്തുമ്പ് ഹൃദയത്തിൽ തട്ടിയാലും കവിതയുണ്ടാവുമെന്നു പറഞ്ഞ വേർഡ്സ് വർത്തിനപ്പുറമൊന്നും ആധുനികതയുടെ തുടക്കക്കാരനായ ആഘോഷിക്കപ്പെടുന്ന വിറ്റ് മാന്റെ ലീവ്സ് ഓഫ് ഗ്രാസ് എന്ന ജാനാധിപത്യക്കാഴ്ചയിലും ഇല്ല സ്വത്വത്തെയും, അത്മനിഷ്ഠതയെയും അനായാസമായി കൂട്ടിക്കുഴയ്ക്കുന്ന ഒരു വ്യാപാരം സായ്‌വ് സംഭാവന ചെയ്തിട്ടുണ്ട്. സായ്‌വ് അങ്ങനെ കൂട്ടിക്കുഴച്ചാൽ നമ്മളും കൂട്ടിക്കുഴയ്ക്കണം എന്നതാണ് കൊളോണിയൽ പ്രകൃതിനിയമം. ഒരു സ്വത്വത്തിന്റെ പ്രതി പ്രവർത്തനത്തിനായി അതിന്റെ പരിധിയിൽ സാധ്യമാവുന്ന പ്രദേശമാണ് അതിന്റെ കർത്തൃ നിഷ്ഠതയുടെ സ്ഥലം . ആ സ്ഥലത്തിനുമേൽ സ്വത്വത്തിനു പ്രതിപ്രവൃത്തിച്ചുകൊണ്ടു അതിനെ തന്റെ അഹം കോയ്മയുടെ സ്ഥലമാക്കാം. ജന്മിത്വം മുതൽ സാമ്രാജ്യത്വം വരെ ഈ അഹം കോയ്മാരാഷ്ട്രീയത്തിലൂടെയാണ് സ്ഥാനമുറപ്പിക്കുന്നതു; മറുഭാഗത്തുഭൂമി ഒരു ഉരുണ്ടഗോളമാണ് എന്ന ഒബ്ജക്റ്റീവ് ട്രൂത് അറിയുന്ന ഒരു സ്വത്വം, ഉത്പാദകനായ തൊഴിലാളി, ഭൂമിയിൽ കൃഷി ഇറക്കുന്നത് അവന്റെ ആത്മനിഷ്ഠമായ കാഴ്ചാ പരിധിയില്പെട്ട പരന്ന ഭൂമിയിലാണ്. ഇവിടെ ഉത്പാദകനായ കർത്താവിനെ സംബന്ധിച്ചിടത്തോളം ഭൂമി ഉരുണ്ടിരിക്കുന്നു എന്ന വസ്‌തു നിഷ്ഠ യാഥാർഥ്യം ഉൾക്കൊള്ളുമ്പോൾ തന്നെ അയാൾക്ക് കൂടുതൽ പ്രസക്തമാവുന്നത് അയാൾക്ക് പ്രതിപ്രവർത്തിക്കാനുള്ള ഭൂമി പരന്നിരിക്കുന്നു എന്ന ആത്മനിഷ്ഠ യാഥാർഥ്യമാണ്; യാഥാർഥ്യത്തിനു വസ്‌തു നിഷ്ഠതയുടെയും കർത്തൃ-ക്രിയാ ബദ്ധമായ ആത്മനിഷ്ഠതയുടെയും രണ്ടു തലങ്ങളുണ്ടു; രണ്ടിന്റെയും സമന്വയമാണ് യാഥാർഥ്യം .ഇതിൽ ഏതൊരു ഭാഗമാണു മറ്റേ തിനേക്കാൾ മുന്തിയത് എന്ന ചോദ്യം ഉദിക്കുന്നില്ല .ബൃഹത്തായ വസ്തുനിഷ്ഠതയുടെ തന്നെ ഭാഗമാണ്, അതിന്റെ തന്നെ ഹ്രസ്വമായ സ്ഥലകാല ഭാഗമാണ് ,കർത്തൃ-ക്രിയാ ബദ്ധമായ ആത്മനിഷ്ഠത ; ഒരു ഉരുണ്ട ഗോളത്തിനു മുകളിൽകലപ്പയേയും മണിയൻകാളയെയും വലിച്ചു കയറ്റാൻ കർഷകൻ ഗഗാറിനോ ആം സ്ട്രോങ്ങോ അല്ല .അതായതു കർത്താവ് —subjecet,- one who acts — എന്നനിലയിൽ മൂവരുടെയും ആത്മനിഷ്ഠതയുടെ സ്ഥലവും കാലവും വ്യത്യസ്തമാണ് ; തനിക്കുമുകളിൽസൂര്യനും മഴയും കാറ്റും മേഘ വിസ്ഫോടനവും ഒക്കെ അടങ്ങുന്ന വസ്തുനിഷ്ഠതയുടെ ഉരുൾപൊട്ടലുകൾ ഉണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് കർഷകൻ അവന്റെ ആത്മനിഷ്ഠമായ ഉൽപ്പാദന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്; മൂവരും വസ്തുനിഷ്ഠമായ ഭൂമിയെ ഉപജീവിച്ചു കർത്തൃ നിഷ്ഠതയുടെ ആത്മനിഷ്ഠതയുടെ പരിധിയിൽ പ്പെടുന്ന പ്രവർത്തനമാണ് നിർവഹിക്കുന്നത്. ഇവിടെ എവിടെയും ജന്മിത്വ കൈവശാവകാശത്തിന്റെയോ impearialism-ന്റെയോ അഹം കോയ്മാ താല്പര്യങ്ങൾ ഇല്ല – ഉണ്ടാവാൻ പാടില്ല. കാരണം അത് കർത്താവായ ഉത്പാദകന്റെ ആത്മനിഷ്ഠമായ പ്രവർത്തനമാണ്; ഈ ആത്മനിഷ്ഠമായ കർത്തൃത്വ പ്രവർത്തനത്തിലൂടെസ്വത്വം –person- സമൂഹത്തിനു ആവശ്യമായ ഭക്ഷണമുൽപ്പാദിപ്പിച്ചു കർഷകൻ എന്ന വ്യക്തി ആയിത്തീരുന്നു. സ്വത്വം വ്യക്തിയായായിത്തീരുന്നത് അഹം കോയ്മാനിരപേക്ഷമായ കർത്തൃ നിഷ്ഠമായ പ്രവർത്തനത്തിലൂടെയാണ്. സച്ചിദാനന്ദൻ എന്ന് പേരുള്ള സ്വത്വം വക്തിയായി തീരുന്നതു അധ്യാപനപ്രവർത്തനത്തിലൂടെ അയാൾ ആർജിച്ചെടുക്കുന്ന വ്യക്തിത്വത്തിലൂടെയാണ്; സ്വത്വം ജന്മചരടുകളാൽനിർണ്ണയിക്കപ്പെടുന്ന (congenital) ഒരു മനുഷ്യാവസ്ഥയും സ്വത്വനിരപേക്ഷമായ ആത്മനിഷ്ഠമായ പ്രവർത്തനത്തിലൂടെ അയാൾ നേടുന്നത് ആർജ്ജിതമായ-acquired- വ്യക്തിത്വവുമാണ്; സ്വത്വത്തിൽ നിന്ന് individual-വ്യക്തി രൂപപ്പെടുന്നത് ആത്മ നിഷ്ഠമായ കർത്തൃത്വ പ്രവർത്തനത്തിലൂടെയാണ്. വ്യക്തി എന്നത്, കൃതിയുടെ രചയിതാവ് എന്നത്, ഉരുണ്ടഭൂമിയിൽ ഒരിടത്തു പരന്നതായിക്കണ്ട സ്ഥലത്തു മനുഷ്യൻ പതിപ്പിച്ച അടയാളമാണ്. അത് കൊണ്ട് കൃതിയുടെ അടയാളത്തിനു എത്ര പാഠങ്ങളും പാഠഭേദങ്ങളും ഉണ്ടായാലും കർത്താവ് മരിക്കുന്നില്ല . മരിക്കുന്നതുകർത്താവും തൊഴിലാളിയുമായ ഉത്പാദകനെ ചരിത്രത്താളുകളിൽ നിന്ന് മായ്ച്ചു കളയാൻ ശ്രമിക്കുന്ന ബാർത്തിന്റെ അഹം കോയ്മാ വിഭ്രാന്തികളാണ്; നാടകത്തിന്റെ ഉന്നം അത് പ്രേക്ഷക സമൂഹത്തിൽ സൃഷ്ടിക്കുന്ന വൈകാരികവും നൈതികവുമായ ആഘാതമാണ് എന്ന് അരിസ്റ്റോട്ടിൽ പറയുമ്പോൾ തന്നെ കല അഹം കോയ്മാ പ്രവർത്തനമല്ല ഒരു സാമൂഹ്യ പ്രവർത്തനമാണ് എന്ന് വ്യക്തമാവുന്നുണ്ട്; അതിനു വായനക്കാരന് വായിൽ തോന്നിയത് എന്ന വ്യാഖ്യാനം ചമയ്ക്കുന്നിടത്തു മുതലാളിത്ത അരാജകവാദമാണ് പീലിവിടർത്താടുന്നത് വിശേഷ വികാരത്തിന്റെ ഫല പ്രദമായ സംവേദനം വസ്തു രൂപങ്ങളിലൂടെയാവണം എന്ന് എലിയട്ട് പറയുന്നു; കവിതയിൽ അവർണ്ണ്യവും വർണ്ണ്യവുമുണ്ടെന്നതു പഴക്കത്തഴക്കമുള്ള ഒരു അലങ്കാര വചനമാണ്; അവർണ്യം അമൂർത്തമായ അനുഭവ ബിംബമോ, ആശയബിംബമോ മൂർത്തമായ വസ്തു ബിംബമോ ആവാം (രക്ത ദാഹംഎന്ന പ്രയോഗത്തിൽ രക്തം എന്നത് മൂർത്തബിംബവും ദാഹം എന്നത് എന്നത് അമൂർത്ത ബിംബ (abstract image) വുമാണ്); ഭരണകർത്താവിന്റെമുഖം ചന്ദ്രനെ പ്പോലെ പ്രകാശിക്കുന്നു എന്ന് പാർത്ഥന്റെ ജ്യേഷ്ഠൻ ഭീമൻ പറയുകയാണെങ്കിൽ ചന്ദ്രൻ ഭരണകർത്താവിനോടുള്ള ഭക്തി പ്രകാശിപ്പിക്കുന്നതിന്റെ വാച്യവും പ്രത്യക്ഷവുമായായവസ്തുബിംബമാണ് എന്ന് വ്യക്തമാണ്; എന്നാൽ ഭക്തി, വചനേതരമായ ഒരു നിശ്ചല ശരീര രൂപമായി ആൾക്കൂട്ടത്തിനുമുന്നിൽ എഴുന്നേറ്റു നിൽക്കുമ്പോൾ ഒരു നിശ്ശബ്ദ ചിഹ്നം എന്ന നിലയിൽ അത് സൂത്രവാക്യത്തോടടുക്കുന്ന correlative–ന്റെ അവസ്ഥയിലാവുന്നു ;ചന്ദ്രനെപ്പോലെ എന്ന വാച്യസ്തുതി-യെക്കാൾ ഫലപ്രദമായി ഭക്തിവികാരം പ്രകടിപ്പിക്കാൻ നിശ്ചല ശരീരത്തിന്റെ -correlative-നു– (വികാര സമ ബന്ധ സൂത്രത്തിനു)- കഴിയുന്നുണ്ടു എന്നാണ് എലിയട്ടിന്റെ വാദം. പഴഞ്ചൻ സ്തുതി വാക്യമോ അതോ ശരീര പ്രദർശനമോ ഏതാണ് ഭക്തി ഫല പ്രദമായി പ്രസരിപ്പിക്കുന്നതു അല്ലെങ്കിൽ ഏതാണ് കൂടുതൽ അപഹാസ്യം എന്നതിന് ഒരേ ഉത്തരം ലഭിക്കണമെന്നില്ല .വാച്യ പ്രക്ഷോഭത്തെ ക്കാൾ ഉചിതമാണ് പ്രക്ഷോഭ സമ ബന്ധി സൂത്രവാക്യമെന്നത് ചിലയിടത്തു ശരി എന്ന് വന്നേക്കാം; എന്നാൽ അതിനെ ഒരു സാമാന്യ തത്വമായിക്കാണാനാവില്ല; അങ്ങനെയും ഒരു വഴിയുണ്ട് എന്ന് പറയാമെങ്കിലും അത് മാത്രമാണ് ഫല പ്രദമായ വിശേഷ വികാര പ്രകാശനത്തിനുള്ള ഏകമാർഗം എന്നും പറയേണ്ട കാര്യമില്ല; അതെ സമയം -was this the face-that-launched thousand ships and burnt the topless towers of ilium– എന്ന് മാർലോ പറയുന്നിടത്ത് objective correlaitve ലെ ഒട്ടു മിക്ക ഘടകങ്ങളെല്ലാമുണ്ടെങ്കിലും അത് അമിതമായ ലൈംഗികഭക്തി എന്ന വികാരം പ്രകടിപ്പിക്കുന്നതിനുള്ള ബിംബ സംഭവ പരമ്പരയായി മാറുകയാണ്. അത് ഒരു സൂത്രവാക്യമായി മാറുന്നുവെന്ന് പറയാനാവില്ല .ഇവിടെ ഭാഷയിലും ബിംബഘടനയിലും സ്ഫുരിക്കുന്ന തീക്ഷ്ണതയാണ്, വസ്തു -ബന്ധങ്ങളെയുംവസ്തു ബന്ധ സംഭവങ്ങളെയുംകാൾ ലൈംഗിക ഭക്തിയെ ഉച്ചസ്ഥമാക്കുന്നതു. ആയിരം വള്ളങ്ങൾ വെള്ളത്തിൽ മുക്കിയ മോന്തയല്ലേ ഈ മോന്ത എന്ന് ഇതിനെ പരിഭാഷപ്പെടുത്തുമ്പോൾ ഇതേ ബിംബങ്ങളും സംഭവ പരമ്പരകളും, ഏതാണ്ട് അതെ പോലെ രണ്ടാമത് പറഞ്ഞതിലുണ്ട് എങ്കിലും മാർലോയുടെ വരികളുടെ മിമിക്രി എന്ന നിലയിൽ അത് പരാജയപ്പെടുകയാണ്. ഉത്താന പാദന്റെ ഭാര്യമാർ ചട്ടീ- കലങ്ങൾ കൂടിപ്പകുത്തു (കുഞ്ചൻ) എന്ന് പറയുന്നതിലെ നിഷേധമ മനസ്സ് ഭാഷകൊണ്ട് മൊണാർക്കിക്കു നേരെ നടത്തുന്ന കല്ലേറ് മുൻപറഞ്ഞ മിമിക്രിയുടെ ഭാഷയിൽ ഇല്ല. അഹോ! ഹെലൻ മഹാശ്ചര്യം! .നമുക്കും കിട്ടണം പണം എന്ന് പറഞ്ഞാൽ, സാമ്രാജ്യത്വ ധനമാണ് ഹെലെനോടുള്ള ലൈംഗിക ഭക്തിയുടെ അന്തർദ്ധാര എന്നാണ് അതിന്റെ അർഥം.
Objective correlative നേക്കാൾ സങ്കീര്ണമായ ബിംബ രൂപമാണ് കഥാപാത്രം; കാമപരവശത കൊണ്ട് വിദൂഷകനായ ദുഷ്യന്തനും നേർ ബോധമുള്ള മാണ്ഡവ്യനും കാമത്തിലെ പ്രതിസന്ധിയെയാണ് ആഖ്യാനം ചെയ്യുന്നത് . ;ഫാൾസ്റ്റഫ് ഒരു ഫോർമുലയല്ല.ജീവിതത്തെ അത്യന്തം പരിഹസിക്കുന്ന ഉന്മാദിയയായവടവൃക്ഷമാണ് ;പെരി ഞ്ചക്കോടൻ ഒരു ഫോർമുലയല്ല.ഇലകളും കാണ്ഡങ്ങളുമുള്ള മരമാണ് .പക്ഷെ അനന്തപദ്മനാഭനും ഭ്രാന്തൻ ചാന്നാനും ഒരു ഫോർമുലയാണ്; അടിയൻ ലച്ചിപ്പോം എന്ന ഫോർമുല .ആൺ കരുത്തിന്റെ സ്തുതിക്കാരനായ ധർമ്മ ഭടന്മാർ അടിയൻ ലച്ചിപ്പോം എന്ന ഇതേ ഫോർമുല തന്നെയാണ് തിരുനാമത്തെ പ്രണമിച്ചു കൊണ്ട് നിവേദിക്കുന്നതു-നമുക്കും കിട്ടണംപണം എന്നതാണ് ഇതിന്റെയൊക്കെ സാരാംശം; ഈ സൂത്ര വാക്യത്തെയാണ്, പിന്നീട് സൊഷോ എന്നാണ് ശരിയായ ഉച്ചാരണം എന്ന് ജീവിച്ചിരുന്നെങ്കിൽ കൃഷ്ണൻ നായർ സാർ കണ്ടെത്തുമായിരുന്ന സസ്സൂർ എന്ന ഭാഷാശാസ്ത്രജ്ഞന്റെ ചുവടു പിടിച്ചു പാശ്ചാത്യദേശത്തിലെ മേൽത്തരം ബുദ്ധിജീവികൾ ഘടനയും ഘടനാവാദവും ഘടനാനന്തര മഹോൽസവുമൊക്കെ ആക്കിത്തീർത്തത്ത്; ഇതൊക്കെ കാണുന്നതിന് മുൻപ് എലിയട്ട് മരിച്ചു പോവുകയും ചെയ്തു. ഇവിടെ വ്യക്തമാക്കാൻ കഴിയുന്നതു ഇത്രമാത്രമാണ്. സാഹിത്യത്തിന്റെ അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്ന ഒരു സൂത്രവാക്യവും ഭാഷാ തന്ത്രങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നതല്ല. ഗണിത ശാസ്ത്രത്തിൽ ഇത്തരം ചിഹ്നങ്ങളുടെ സൂതപ്പണിയുണ്ട് ,നാമ പദത്തെ ഒരക്ഷര സൂത്രമായ ഇനിഷ്യൽ ആക്കി മാറ്റുന്നത് പോലുള്ള ഒരു ബൗദ്ധിക വിദ്യയാണതു ;അൽജിബ്ര ഒരു ചിഹ്നശാസ്ത്രമാണ്; സാഹിത്യകലയിൽ പക്ഷെ അത് ഭൂമിക്കടയിൽ മറഞ്ഞിരിക്കുന്ന അധികാര ശാസ്ത്ര സൂത്രമാണ്; അധികാര വ്യവസ്ഥ നിർമിക്കുന്ന നൈതികതയുടെ രഹസ്യചിഹ്നമായി മറഞ്ഞിരുന്ന മനുഷ്യന്റെ കാലുകളെ കുഴി ക്കുക എന്നതാണ് അതിന്റെ ജോലി ; ഈ സൂത്രവാക്യങ്ങളെ മാർലോയുടെ കടലിൽ നിന്ന് നിർധാരണം ചെയ്തെടുക്കുന്ന കലയാണ് വിമർശനം. പണ്ടുമുതലേ നോൺകോൺഫോർമിസ്റ് ആയ നിരൂപകർ ചെയ്തുകൊണ്ടിരിക്കുന്നത് ഇത് ആണ്. ഇതേ ഫോർമുലയെ, ഘടനയെ കണ്ടെത്താൻ വേണ്ടിയാണ് രചനയെ അഴിച്ചുപിരു ക്കണമെന്ന് ദെറിദ അദ്യം, പറയുന്നത് ;അതത്രെ മഹത്തായ deconstruction ! ദെറിദ അദ്യം, അത് പറയുമ്പോൾ ഒരു കുഴിത്തുരുമ്പ് ബുദ്ധി അതിലുണ്ട്. ഈ ഫോർമുല, അത് ഏതു എത്നിക് പരിസരത്തിലേതായാലും, അതിൽ ഒരു ഉടയാളൻ -അടിമ ബന്ധത്തിന്റെ കൊരുത്തുണ്ടാവും .ഗോത്രകാലം മുതൽ ഇന്ന് വരെയും കുഴിച്ചെടുത്തിട്ടുള്ള ജ്ഞാന ശാസ്ത്രസൂത്രവാക്യങ്ങളിൽ ഒക്കെയും അടിയാളന്റെ ഭയാനകമായ പരതന്ത്ര്യത്തെ ഉദാത്തവിധേയത്വമായി നീതീകരിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് ഭക്തി എന്ന വികാര സൂത്രം കണ്ടു പിടിച്ചിട്ടുള്ളതു എന്ന് പറഞ്ഞാൽ ഇടതു പക്ഷ തീവ്രവാദിയും മത സ്പർശമേശാത്ത ആത്മീയവാദിയുമായ ഏതു ജ്ഞാനിയും കലഹിക്കും.ഭക്തി, ഭയാനകമായ പാരതന്ത്ര്യത്തിന്റെ മഹാവൃക്ഷമാണ്. അതിന്റെ പ്രവർത്തനോർജ്ജവും ജനിതക സൂത്രങ്ങളും അപബോധത്തിൽ നിന്ന് പ്രജ്ഞയുടെ മേലറ്റം വരെ എത്തുന്നുണ്ട്.നാരായണഗുരു മനുഷ്യ ചരിത്ര കാണ്ഡത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭക്തിയുടെ ജ്ഞാന സൂത്രമായ, ഘടനയോടാണ്, ദൈവത്തോടാണ് നിരന്തരമായി യുദ്ധം ചെയ്തുകൊണ്ടിരുന്നത്. അതിനു കവിക്കു വീര്യം പകർന്നു കൊടുത്തത് ജീവിതം ഒരുമഹാനാടകമാണ് എന്ന് പറയുന്ന ജനനിയും,കാളിയും, മുറയ്ക്ക് മിന്നിമറയുന്ന, കവിയുടെ ഉയിരുണ്ണുന്ന പെണ്ണിന്റെ കണ്ണും വിശപ്പുകൊണ്ട് പേപ്പട്ടിയെപ്പോലെ തലയുരുട്ടുന്ന മനുഷ്യന്റെ ഉടലുടഞ്ഞുയരുന്ന, ദൈവമേ ഇതാണോ നിന്റെ കൂറ് എന്ന് നിലവിളിക്കുന്ന ചോദ്യവുമാണ്. ദെറിദ ഒരു കൃതി അഴിച്ചുപിരുത്തു നോക്കിയാലും. നാം ജീവിതം കുഴിച്ചു നോക്കിയാലും അടിയൻ ലച്ചിപ്പോം എന്ന അസംബന്ധ സൂത്രവും (ഇത് തന്നെയാണ് പള്ളിയെ ഇടിമിന്നലിൽ നിന്നുരക്ഷിക്കാൻ വച്ചിരിക്കുന്ന കാന്തത്തെ നോക്കി നമ്മെയെല്ലാം കർത്താവ് രക്ഷിക്കട്ടെ കർത്താവിനെ കാന്തം രക്ഷിക്കട്ടെ എന്ന് പറയുന്ന നാറാണത്തു ഭ്രാന്തന്റെ സ്തോത്രത്തിലെ കൊല്ലുന്ന നിസ്സംഗതയും) അതിനെ നീതിവൽക്കരിക്കുന്ന ജ്ഞാനവുമാണ് പ്രശ്നകാരിയായി നിൽക്കുന്നത്; ഒരു ഘടനാവാദിയും ഘടനാനന്തര ആന്റി ഈഡിപ്പസും നിയോ ക്യാപിറ്റലിസത്തിന്റെ സാഹിത്യകല കീഴ്ഘടനയെ സംബന്ധിച്ചുള്ള ദിവ്യ ദർശന വൈവിധ്യങ്ങൾക്കു ദാർശനിക ചമൽക്കാരങ്ങൾ നിർമ്മിക്കുകയല്ലാതെ, സാമുവേൽ ബെക്കറ്റിനെപ്പോലെ ഇതാ അടിമയും ഉടമയും എന്നൊരു ചിത്രത്തെ ദാർശനിക വിഹ്വലതകൾക്കുള്ളിൽ നിന്ന് ഖനനം ചെയ്തു കാണിക്കുന്നില്ല . സാഹിത്യമെഴുത്തുകാർ അത് നിരന്തരം ചെയ്യുന്നുണ്ട് എങ്കിലും theory phase എഴുത്തിന്റെ അധികാരിയായ ശേഷം, സാഹിത്യ രചയിതാവ് കാണിച്ചു തരുന്ന നേരിനെ തത്വചിന്തയുടേതെന്നു എന്ന് അവകാശപ്പെടുന്ന സംജ്ഞാന ബഹുലതകൊണ്ട് കലക്കിക്കളയുക എന്ന ദൗത്യമാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
വികാരത്തെ വസ്തു വൽക്കരിക്കുന്നത്തിനും, അത് സൂത്രവൽക്കരിക്കുന്നതിനുമൊരു ദാഹരണം പുതിയ സുവിശേഷത്തിലുണ്ട്;യേശുവിന്റെ കാര്യത്തിൽ അന്തിമവിധി പുറപ്പെടുവിക്കാൻ ബാധ്യസ്ഥനായസീസറിന്റെ പ്രതിനിധിയായ പീലാത്തോസ് ”ഈ രക്തത്തിൽ എനിക്ക് പങ്കില്ല” എന്ന വൈകാരിക വാച്യത്തിനു ഒരു -demonstration-ഒരു ഡെമോൺസ്ട്രേഷൻ- അവതരിപ്പിക്കുന്നുണ്ട് .ഒരു പാത്രത്തിൽ ജലം കൊണ്ട് വന്നിട്ട് കൈകൾ കഴുകി നീതിരഹിതമായ രാഷ്ട്രീയ നരഹത്യയുടെ പാപം കഴുകിക്കളയുന്നതു എങ്ങനെയെന്നുള്ളതിന്റെ പാഠവും സൂത്രവാക്യവുമാണ് അത് .എലിയട്ട് പറയുന്ന ഒബ്ജക്റ്റീവ് കോറിലേറ്റീവിന്റെ തനിത്തങ്കമാണത്; ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന ആത്മനിഷ്ഠമായ പ്രസ്താവനയുടെ അന്തരംഗ സമബന്ധിയാണ് പീലാത്തോസിന്റെ കൈക്രിയ .പക്ഷെ ആത്മനിഷ്ഠമായ വാച്യത്തിൽ മുറുകി നിൽക്കുന്ന വികാരം അയഞ്ഞുപോവുകയും അതിന്റെ രാഷ്ട്രീയം സാത്വികവല്ക്കരിക്കുകയും ചെയ്യുന്ന ഈ സൂത്ര വാക്യ കൈകൃതി രാഷ്ട്രീയ വിദ്യ എന്നനിലയിൽ നരഹത്യയുടെവികാരവിക്ഷോഭത്തെ നിർവീര്യമാക്കി ഒട്ടൊന്നു ജനസമ്മതമാക്കുകയാണു ചെയ്യുന്നതു. അതൊരു രാഷ്ട്രീയ മാനിപുലേഷൻ ,കൈകാര്യതന്ത്രം, എന്ന നിലയിൽ ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന പ്രസ്താവനയിൽ എന്തെങ്കിലും വികാരസത്യസന്ധതയുണ്ടെകിൽ അതിന്റെ മറു പുറ മായിത്തീരുകയും കുറ്റബോധത്തെസാമ്രാജ്യത്വശരീര പരി രക്ഷയിലേക്കു മാറ്റിയെഴുതുകയുമാണ് ചെയ്യുന്നത്; പൗരോഹിത്യം അവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുമ്പോൾ ക്രൂശിക്കുക എന്നകൃത്യത്തിനു ഭരണാനുമതി നൽകുന്ന സീസർ (പീലാത്തോസ്) സാമ്രാജ്യത്വധികാരത്തിന്റെമുഖം സുരക്ഷിതവും ജനസമ്മതവുമാക്കുന്ന ഒരു ക്രിയയാണ് ഇവിടെ നിർവഹിക്കുന്നത്. എനിക്ക് ഈരക്തത്തിൽ പങ്കില്ല എന്നവാച്യത്തിലെ വികാരതീക്ഷ്ണതയാണ് കഴുകിക്കളയപ്പെടുന്നത്. ഇവിടെ കുറ്റബോധവികാരത്തെ തീക്ഷ്ണമാക്കാനുള്ള ഉപാധിയല്ല മറിച്ചു സാമന്തരാജാവും പൗരോഹിത്യവും ചേർന്ന് നടത്തുന്ന നരഹത്യയ്ക്ക് മുകളിൽ വിളങ്ങിനിൽക്കുന്ന സാമ്രാട്ടിന്റെ വൈശിഷ്ട്യമാണ് സമർത്ഥ-നം ചെയ്യപ്പെടുന്നത് .മറിച്ചു പാണ്ഡവന്മാരുടെമാനക്കേടോ നിവൃത്തികേടോ പരസ്യപ്പെടുത്തുന്നതിനു ദുശ്ശാസനൻ നടത്തുന്ന വസ്ത്രാക്ഷേപ പരിശ്രമവും ഒരു ഒബ്ജക്റ്റീവ് കോറിലേറ്റീവ് ആയി മാറുന്നരാഷ്ട്രീയ സൂത്രമാണ്. അവിടെ ഒരുവൈകാരിക പ്രതിസന്ധികൂടുതൽ രൂക്ഷതരമാക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ദുശ്ശാസനൻ മാനിപുലേറ്റ് ചെയ്തു അവതരിപ്പിക്കുന്നതു .ഈ ആൺ മാനഭഗ്നപ്രതിസന്ധിയുടെ ഘടന, സീതാപഹരണത്തിലും ഹെലന്റെ ഒളിച്ചോട്ടത്തിലും ശൂർപ്പണഖയുടെ നേരെ നടക്കുന്ന ശാരീരികാക്രമണത്തിലുമൊക്കെയുണ്ട്. ഇത് ഒരു ഘടന എന്നനിലയിൽ സൂത്രവാക്യം എന്നനിലയിൽ കുഴിച്ചെടുക്കുമ്പോൾ അത് വികാരാവിഷ്കരണത്തിനുള്ള രചനാതന്ത്രമല്ല, മറിച്ചു പൗരാണിക സാമ്രാജ്യാധികാര വ്യവസ്ഥയിൽ സ്ത്രീയുടെ രാഷ്ട്രീയമായ അർഥം എന്താണ് എന്ന് തീരുമാനിക്കുന്ന നൈതിക വ്യാകരണഗ്രന്ഥ വരികൾക്കെതിരെയുള്ള യുദ്ധസാമഗ്രിയാണ്. പ്രണയം ആണിന്റെയും പെണ്ണിന്റെയും ആഗ്രഹങ്ങളെ ഉന്മാദ ഭരിതമാക്കുന്ന അനുഭവമാണ്; പക്ഷെ ബഷീറിന്റെ പെണ്ണ് പുട്ടിൽ കോഴി മുട്ട ഒളിപ്പിച്ചു കൊടുക്കുന്നത് പ്രണയ സംവേദനത്തിനു ഒബ്ജക്റ്റീവ് കോറിലേറ്റീവ് കണ്ടെത്തുമ്പോഴാണ് .മുന്തിരിക്കുലകൾ പൂത്തു വിടരുന്നേരം പുലരിയിൽ ഞാൻ എന്റെ പ്രണയം നിന്നോട് പറയും എന്നിടത്തെ വാച്യ ബിംബങ്ങളളുടെ മോഹനവൈകാരികതയിൽ നിന്ന് വ്യതിരിക്തമായ ഒരു നാടൻ ചങ്കിന്റെ പരിമളം, ഹൃദ്യത, പുഴുങ്ങിയ കോഴിമുട്ടപ്രയോഗം എന്ന ഒബ്ജക്റ്റീവ് കോറിലേറ്റീവ്-ൽ ഉണ്ട്. എന്നാൽ പഴയ സുവിശേഷത്തിലെ വാച്യമായ പ്രണയാവിഷ്കാരത്തിന്റെ തുടിപ്പ് കോഴി മുട്ടയിലുണ്ട് എന്ന് പറയുന്നത് അതിശയോക്തി ആയിരിക്കും
എലിയട്ട് -evening is like an etherized patient- (ലവ് സോങ് ഓഫ് സർ ആൽഫ്രഡ് പൃഫ്രോക്ക്)എന്നൊരു പ്രസ്താവത്തിലാണ്, മനസ്സിന്റെ ഭീതിദമായ മടുപ്പും മരവിപ്പും ഫലപ്രദമായി വിന്യസിക്കുന്നതിനു, ഒരു വികാര തത്തുല്യ വസ്തു ബിംബ രംഗം കണ്ടെത്തുന്നത്; പക്ഷെ ആധുനികതയുടെ ഭീതിദ വിശേഷം പ്രമാദമാവുന്നതിനു മുൻപ് കീറ്റ്സ് – my herat aches and a numbness pains-എന്നെഴുതുമ്പോൾ വാച്യമാവുന്ന – numbness – അതിന്റെ തീവ്രത, സായാഹ്നവും -etherise- ചെയ്യപ്പെട്ട രോഗിയും ഭദ്ര ബിംബരൂപകങ്ങളാണെങ്കിൽ പ്പോലും എലിയട്ടിന്റെ വരികളിലുണ്ട് എന്ന് പറയാനാവുമോ?; അത് പോലെ- i fall uppon the thorns of life, i bleed എന്ന ഷെല്ലിയുടെ വാച്യത്തിനു പകരം നില്ക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഒരു വസ്തു ബിംബ ശ്രുംഖല യും അവതരിച്ചതായി കണ്ടിട്ടില്ല. ആ വരികളുടെ പിൻപുറത്തു ധ്വനിക്കുന്ന യേശുവിന്റെ തലയിൽ തറച്ച മുള്ളുകളും, ഉടൽ മുറിവുകളിൽ നിന്നൊഴുകുന്ന രക്തവും വരാനിരിക്കുന്ന ഒരുപടിഞ്ഞാറൻ കൊടുങ്കാറ്റിന്റെ, വിപ്ലവത്തിന്റെ ചരിത്ര സൂചിതങ്ങൾ കൂടിയാണ്. യേശുവിന്റെ ക്ഷോഭ കാലത്തെയും ഷെല്ലിയുടെ കാലത്തെയും ബന്ധിപ്പിക്കുന്ന പീഡിത മാനവികതയുടെ ചരിത്രവും ഷെല്ലിയുടെ വാച്യത്തിൽ മുറുകി നിൽക്കുന്നുണ്ട്. ഇവിടെ വാച്യത്തിലെ പിരിമുറുക്കത്തിനും ചരിത്ര ധ്വനിക്കും പകരം വയ്ക്കാവുന്ന വസ്തു ബിംബശ്രുംഖല ആരും കണ്ടെത്തിയതായി അറിവില്ല.
വസ്തു ബിംബശ്രുംഖലയുടെ architechture ആണ് തരിശുഭൂമിയുടെ മഹിമ എന്ന് എലിയട്ട് അവകാശപ്പെടുന്നെങ്കിലും തരിശു ഭൂമിയിൽ ആദ്യാവസാനം സ്പന്ദിക്കുന്നതു പീഡിതയായ പെണ്ണിന്റെ വൈകാരിക രോദനത്തിന്റെ സംഭവ പരമ്പരയാണ് .വായനക്കാരന്റെ മനസ്സിനെ പീഡിപ്പിക്കുന്ന ആസ്ത്രീ രോദന ശ്രുംഖല മഹായുദ്ധതകർച്ചയുടെ architechture-മായി ശരിക്കും ഉദ്ഗ്രഥിക്കപ്പെടുന്നുണ്ട്എന്നുതോന്നുന്നില്ല objective correlative സിദ്ധാന്തത്തിന്റെ അവതാരകനായ കവി വിശ്ലഥ ബിംബങ്ങളുടെ കൂമ്പാരത്തെ വാരിക്കൂട്ടുന്നു എന്നവകാശപ്പെടുമ്പോൾ, അവിടെ എങ്ങനെയാണ് കോറിലേറ്റീവിന്റെ archithecture പ്രയോജനപ്പെടുന്നതു എന്നതും പ്രശ്നമാണ് ; എങ്ങനെയാണ് പുരാവൃത്ത ബിംബ ശ്രുംഖലയെ വൈകാരിക വാച്യപ്രയോഗം മറികടക്കുന്നത് എന്ന് കാണാൻ തരിശുഭൂമിയിലെ എന്താണ് ഇടിമുഴക്കം പറഞ്ഞത്? എന്ന ഖണ്ഡം പരിശോധിച്ചാൽ മതി . ഉപനിഷത്തിൽ ദത്ത -ആത്മദാനം – എന്ന സിദ്ധാന്ത ഭാഗം കൈകാര്യംചെയ്യുമ്പോൾ –and friend blood-shaking – my- heart, –an awful moment of daring-selfsurrender- എന്നിങ്ങനെയുള്ള വാക്കുകൾ വികാരത്തിന്റെ ഉജ്ജ്വല വാച്യമാണ്; അതിനു ഏതു അലൂഷന്റെ പിൻതലമുണ്ട് എങ്കിലുംഇല്ലെങ്കിലും ഉപനിഷത്തിൽ ദാർശനികമായി വന്നു വീഴുന്ന മുഴക്കത്തിനു വൈകാരിക ഭാഷ കണ്ടെത്തുകയാണ് എലിയട്ട് ചെയ്യുന്നത്! അതിന്റെ തീവ്രത ദയധ്വം ഖണ്ഡത്തിൽ കോരിയലെനസ് കഥയെ ഉപജീവിക്കുന്നിടത്തു ഇല്ല; ആ, ഭാഗം ഒബ്ജക്റ്റീവ് ആയ ആഖ്യാനമാവുമ്പോൾ അത് സെന്റിമെന്റൽ ആയിത്തീരുന്നു എന്നതാണ് അതിലെ വൈരുധ്യം. എലിയട്ട് ഉദ്ധരിക്കുന്ന കൊറിയലെനസ് കഥാസംഭവത്തിനു ദയധ്വത്തിന്റെ ദാർശനിക മുഴക്കത്തെ ഉൾക്കൊള്ളാനാവുന്നുമില്ല. ഓതും മൊഴി (അരുൾ) ഓതും മൊഴിയിലെ, അരുളിലെ ഭാഷാസംവേദനത്തിൽ നിന്ന് ആർജിക്കുന്ന അൻപ്, അൻപിൻറെ തന്നെ സാമൂഹ്യ വിന്യാസമായ അനുകമ്പ(ശ്രീനാരായണ ഗുരു)അങ്ങനെയൊരു സമഗ്ര ദാർശനിക ബിംബമാണ് ദയധ്വം; അത് കൊറിയലെനസ് സെന്റിമെന്റിലേക്കു വെട്ടിച്ചുരുക്കുമ്പോൾവികാരത്തെ വസ്തു ബിംബവൽക്കരണം കൊണ്ട് തുടിപ്പിച്ചെടുക്കുക എന്നപദ്ധതി മാത്രമല്ല അനുകമ്പയുടെ സാമൂഹ്യവും ദാർശനികവുമായ അർത്ഥസങ്കീർണ്ണതയും നഷ്ടപ്പെടുന്നു. ദൈവ കാരുണ്യം എന്ന സങ്കൽപനത്തെതിര സ്കരിച്ചു അതിനെ ഓതും മൊഴിയിലൂടെ (ഭാഷയിലൂടെ, അരുളിലൂടെ) പകരുന്ന സ്നേഹസംവേദനവും മനുഷ്യന് മനുഷ്യനോട് തോന്നുന്ന സാമൂഹ്യാനുകമ്പയുമാക്കി മാറ്റുന്ന ഗുരു ദൈവരൂപങ്ങളെ അവരുടെ കാരുണ്യങ്ങളുടെ ഉയരങ്ങളിൽ നിന്നിറക്കി സാമൂഹ്യ സഹാനുഭൂതിയുടെ രൂപങ്ങകളാക്കിത്തീർക്കാനാവുമോ എന്ന ചോദ്യമാണ് അനുകമ്പാദശകത്തിൽ ഉന്നയിക്കുന്നത്. ദയധ്വം ഭൂത ദയയിൽ നിന്നാരംഭിച്ചു മനുഷ്യന്റെ സാമൂഹിക സഹാനുഭൂതിയിലേക്കു വികസിക്കുന്നു. എലിയട്ടിന്റെ ദയധ്വം – objective architechture-ന്റെ ഭാഗമായാണ് എലിയട്ട് കൊണ്ട് വരുന്നത്; ലോകമഹായുദ്ധത്തിന്റെസാഹചര്യത്തിൽ അദ്ദേഹത്തിന്റെ കോരിയലേനസ് കഥയ്ക്ക് പ്രസക്തിയുമുണ്ട്. അത് അനുകമ്പാദർ ശനവുമായി തട്ടിച്ചു നോക്കുമ്പോൾ ഭാഗിക ന്യൂന മായിപ്പോവുന്നു; തുടർന്നു ദമ്യത എന്ന് പറയുന്നിടത്തു ലൈംഗികമായ ആത്മനിയന്ത്രണത്തെ രാജ്യ പരിപാലന ക്രമ നിയന്ത്രണ ഭംഗിയോട് കവി ബന്ധിപ്പിക്കുന്നുണ്ട്. നല്ലൊരു വ്യാഖ്യാനമാണ് അത് . അതിലെ ബോട്ടിന്റെ രൂപകവും അത് സുരക്ഷിതമായ കൈകളിലാവുമ്പോഴുണ്ടാവുന്ന ഉർവ്വരതയുടെ ആനന്ദവും ക്രമഭംഗം സംഭവിച്ചു വിച്ഛിന്നബിംബക്കൂമ്പാരമായ യുദ്ധാനന്തര ജീവിതത്തിൽ ക്രമം തിരിച്ചുവരണം എന്നതാത്പര്യമാണ് പ്രക്ഷേപിക്കുന്നത്; അതിനു നിയന്ത്രണശേഷിയുള്ളഭരണ കേന്ദ്രം പുനഃസ്ഥാപിക്കേണ്ടിവരുമെന്നും ഒരു റൊമാൻസ് ആയിത്തീരുന്നു ബോട്ടിന്റെ രൂപകത്തിലൂടെ എലിയട്ട് ധ്വനിപ്പിക്കുന്നുണ്ട്; പക്ഷെ ദമ്യതയുടെ രാഷ്ട്രീയമായ അർഥം ദുർമ്മോഹ (അംബിഷൻ) ത്തെ സ്വയം പ്രതിരോധിക്കലാണ്; കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാൽ ലൈംഗികതലത്തിലും രാഷ്ട്രീയ തലത്തിലുമൊക്കെയുള്ള അഹം കോയ്മാ വാസനയുടെ നിയന്ത്രണമാണ് ദമ്യതയുടെ ചരിത്രപരമായ അർഥം; അതിന്റെ ഉള്ളു സ്പർ ശിക്കുവാൻ എലിയറ്റിനുകഴിയുന്നില്ല ;എലിയട്ടിന്റെ objective architechture-കൂടുതൽ അർത്ഥപുഷ്ടിയും സാമർ ഥ്യവുമുള്ള വികാരാവിഷ്കരണത്തിനു ,അപൂർവ്വമായെങ്കിലും പ്രയോജനപ്പെടുന്നുണ്ട്; പക്ഷെ വികാരത്തിന് പകരം നിൽക്കുന്ന വസ്തുബിംബ പരമ്പര എന്ന് പറയുമ്പോൾ, പകരം നിൽക്കുന്നത് എപ്പോഴും മൗലികമായതിനെ അതിശയിക്കുമെന്ന വാദത്തിൽ വലിയ വാസ്തവ വിരോധങ്ങളുണ്ട്; ,
പുതിയ സുവിശേഷത്തിൽ ചീഞ്ഞളിഞ്ഞു കിടക്കുന്ന ഒരു പട്ടിയെ നോക്കി ശിഷ്യന്മാർ മൂക്കുപൊത്തുമ്പോൾ യേശു ആ മൃഗത്തെ നോക്കി എങ്കിലും അവന്റെ കണ്ണുകളെ നോക്കൂ അത് എത്ര മനോഹരമായി തിളങ്ങുന്നു. എന്ന് പറയുന്ന ഒരു സാരോപദേശ കഥയുണ്ട് ;ഏതു ദാരിദ്ര്യത്തിന്റെ അഴുകലിലും മനുഷ്യന്റെ തിളക്കം കണ്ടെത്തുന്ന ഈ ദർശന മനോഭാവത്തെ പോസിറ്റീവ് കേപ്പബിലിറ്റി എന്ന് പറയാവുന്നതാണ്; ആശാന്റെ കരുണയിൽ വാസദത്തയുടെ ശരീരാംഗങ്ങൾ നടപ്പുസമ്പ്രദായമനുസരിച്ചു വിശദമായി ആഖ്യാനം ചെയ്യുന്നില്ലെങ്കിലൂം കവിതയിൽ നിറഞ്ഞു നിൽക്കുന്നത് ആകോമളശരീരം തന്നെയാണ്. ബൗദ്ധ കാലത്തു സ്ത്രീകൾക്ക് ചങ്ങലകളില്ലാതിരുന്ന സാഹചര്യത്തിൽ ധനികയായ ഗണികയ്ക്കു ബഹുമാന്യമായ സാമൂഹ്യ അംഗീകാരം ലഭിച്ചിരുന്നു .ഈ ഒരു സാഹചര്യത്തിലാണ്അവന്റെ ഉടലല്ല പ്രണയമാണ് എനിക്കുവേണ്ടത്എന്ന് പറഞ്ഞു ഉപഗുപ്തന്റെ അടുത്തേക്ക് സന്ദേശമെത്തിക്കാൻ വാസ ദത്ത ധൈര്യപ്പെടുന്നത്; ചുടലക്കാട്ടിൽ കരചരണങ്ങൾ മുറിഞ്ഞു കിടക്കുന്ന വാസവദത്ത മൂല കഥയിൽ നിന്ന് ആശാന്റെ കവിതയിലെത്തുമ്പോൾ ആശാൻ കവിതയിലെ നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഭയാനക ചിത്രമായി മാറുന്നു ;ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ കാണാനെത്തുന്ന ഉപഗുപ്തനോട്, നിർ വ്വാണത്തിന്റെ വഴി ഉപേക്ഷിച്ചു മനുഷ്യന്റെ വഴി തേടാൻ കവി ഉപദേശിക്കുന്നുണ്ട്. ഇതിനു കവിക്ക് ധൈര്യം നൽകുന്നത് ജീവിതത്തിന്റെ ഭയാനകവും ദാരുണവും മലീമസവുമായ ഇരുണ്ട ചുടലകളെ കാണാൻ കഴിയുന്ന കവിക്ക് അതിനിടയിലും ഉള്ളു പിടിച്ചുലയ്ക്കുന്ന ജീവിതത്തുടിപ്പു പോലെയുള്ള രണ്ടു കണ്ണുകൾ കാണാൻ കഴിയുന്നത് കൊണ്ടാണ്
ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരൽമീൻപോലെ
യേശു അവന്റെ കണ്ണുകളിലേക്കു നോക്കൂ എന്ന് പറയുന്നത് പോലെ ജീവിതത്തിന്റെ സമസ്ത ക്രൗര്യവും ജീർണ്ണതയും കാണുന്ന കവിയുടെ നെഗറ്റീവ് കേപ്പബിലിറ്റിയുടെ സാക്ഷ്യമായി മരണം കാത്തു കിടക്കുന്ന കവിതയിൽ, ഉപഗുപ്തനല്ല , ഈനാലുവരികളിൽ തുടിക്കുന്ന കണ്ണു കളാണ് ഉപഗുപ്തന്റെ നിർവാണ–ബ്രഹ്മചര്യ താല്പര്യം തുടങ്ങി എല്ലാ നിഷേധ കുറ്റകൃത്യങ്ങളെയും മറികടന്നു കവിതയെ ആകെത്തന്നെ സൃഷ്ട്യുന്മുഖമായ ഒരു ജീവിതഗീതത്തിലേക്കു ഉദ്ഗ്രഥിക്കുന്നതു; യേശു പറഞ്ഞതിനുമപ്പുറം ജീവിതത്തിന്റെ സമസ്താനീതി- നീതികളെയും സംഗ്രഹിക്കുന്ന ഈ കണ്ണു കളാണ് കരുണ എന്നമഹാകാവ്യത്തിന്റെ ചാലക ഭ്രമണ കേന്ദ്രം
ആത്മവന്ധ്യംകരണം -self castration- ബ്രഹ്മചര്യം എന്നത് ആത്മീയ വാശികളുടെ ആഭ്യന്തര പ്രേരണ കളുള്ള പുരുഷന്റെ നെഗറ്റീവ് കേപ്പബിലിറ്റിയാണ്. ഈ ഒരു നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഉദ്വിഗ്നതകളും സാധൂകരണയുദ്ധങ്ങളുമാണ് ചിജ്ജഡ ചിന്തനത്തിലും ചിജ്ജഡചിന്തകത്തിലും കാണുന്നത് ;പെണ്ണുങ്ങളെ ഇകഴ്ത്തിക്കൊണ്ടു യുദ്ധത്തിൽ വിജയം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പെണ്ണ് വിശേഷിച്ചും അവളുടെ കണ്ണുകൾ ബ്രഹ്മചര്യ മോഹത്തെ ചെറുക്കുന്ന സ്ത്രൈണ യുദ്ധ സാമഗ്രിയായി തീരുന്നതുഗുരു വിന്റെ കവിതകളിൽ കാണാം. വൈരാഗ്യം എന്ന നെഗറ്റീവ് കേപ്പബിലിറ്റിയും പെണ്ണും തമ്മിലുള്ള ഒരു യുദ്ധം കവിയുടെ വൈരാഗ്യ ദശകം കാവ്യത്തെ ഒരു ചടുല സമരഭൂമിയാക്കിത്തർക്കുന്നു
ഈവരികൾ നോക്കുക: കണ്ണുകൾ തന്നെയാണ് ഇവിടെ കാവ്യ പ്രമേയം
മിഴിമുനകൊണ്ട് മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി
പുരുഷനെ മിഴിമുന കൊണ്ട് മയക്കി നാഭിയാകും കുഴിയിലുരുട്ടി എന്ന വരിയിൽ മിഴിമുനകൊണ്ട് മയക്കി എന്നത് സാധാരണം എന്ന് പറയാമെങ്കിലും പുരുഷന്റെ ഉയിരിനെ, ഉള്ളിനെ അവളുടെ നാഭിയാകും കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി എന്ന് പറയുന്നിടത്തു, നാടൻ വാഗ്വിശേഷം — അസാധാരണമായ ഒരു സ്ത്രീ ശക്തി പ്രതിരോധമോ അക്രമമോ ആയി മാറുകയാണ്; ഇവിടെ ഭാഷണങ്ങളില്ല. എല്ലാം കണ്ണ് എന്ന് ഇന്ദ്രിയത്തെ കേന്ദ്രീകരിക്കുന്നു .കണ്ണിനു ഒരു ഭാഷയുണ്ട്; അത് ആശാനെക്കാൾ ഒട്ടും തീവ്രത കുറയാതെ,ഉയിരിന്റെ സംഘർഷ ഭാഷയാക്കി ഗുരു കുറിച്ചിട്ടിരിക്കുന്നു
ഈ വരികൾ നോക്കുക; പുഷന്റെ നെഗറ്റീവ് കേപ്പബിലിറ്റി ആയ വൈരാഗ്യത്തെ പെണ്ണ് തകർക്കുന്നത് ഇങ്ങനെയാണ്; പെണ്ണിനെ ഒരു നെഗറ്റീവ് നിഷേധാത്മക ജന്തുവായി, കാണാനുള്ള പരിശ്രമമാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ!
ഇരു കൊങ്കയുമിളക്കി പുരുഷന്റെ ഉയിരുണ്ണും പിണങ്ങളാണ് പ്രേത ശരീരങ്ങളാണ് സ്ത്രീകൾ എന്ന് പറയുന്നത് സ്ത്രീ നിരാസത്തിന്റെ കടുത്തഭാഷയാണ്. പുരുഷന്റെ ഉയിരുണ്ണുന്നു എന്ന പ്രയോഗത്തിന്റെ ഭൗതികാർത്ഥ തലം നാഭിക്കുഴിയി ലുരുട്ടി എന്ന് പറയുന്നതിനെ ക്കാൾ കടുത്തതാണ് ;സ്ത്രീ പിണമാണ് എന്ന യോഗിയായ സാധുവിനിണങ്ങാത്ത ഭർത്സനം വൈരാഗിയുടെ സ്വയം തോൽവിയാണു;പരോക്ഷമായ സ്വയം നിന്ദനമാണ് .പിണങ്ങളോട് പേടി പെരു തായുണ്ടാകുന്നു എന്നത് ഒരു നെഗറ്റീവ് ആയ ഭയ ഭാവനെയേക്കാൾ ഉള്ളുലയ്ക്കുന്ന രോദനമാണ്; ഈ വരി കൾകൂടി നോക്കുക അത് വൈരാഗിയുടെ പരാജയമാണ്
മുറയ്ക്കു മുറ മിന്നിമറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്കൊടി ചെറുത്തടിയിലാക്കി
മറുത്തുവിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തുവരുവാനെഴുതി നിന്തിരുവടിക്കായ്
മിന്നി മറിയും മിഴിയിളക്കി—ത്തെറിക്കുമൊരു മൊരു പെൺകൊടി എന്നെ ചെറുത്തു എന്റെ ഉയിരിനെ അവളുടെ കാൽ കീഴിലാക്കി മറുത്തു വിളയാടുന്ന നേരങ്ങൾ ജീവിതത്തിൽ നിന്ന് റദ്ദുചെയ്യപ്പെടണമെന്നാണ് ഇവിടത്തെ സന്യാസ ദീക്ഷകരാറിന്റെ ആദ്യവ്യവസ്ഥ .വെറുക്കാൻ കഴിയണമെന്ന പ്രാർത്ഥനയ്ക്ക് ചുവട്ടിൽ, ഓർമ്മകളുണ്ടായിരിക്കരുത് എന്ന നിബന്ധനയ്ക്കു താഴെ വൈരാഗിസ്കൂളിലെ അപേക്ഷാ ഫോറത്തിൽ ഹൃദയത്തിന്റെ മഷികൊണ്ട് എഴുതി ഒപ്പു വയ്ക്കുന്ന ആളാണ്, പിന്നീട് സ്നേഹിക്കുക എന്ന മഹാശബ്ദമായി ചരിത്രത്തിൽ മുഴങ്ങുന്നത്, ഈ സ്നേഹത്തിന്റെ ഉള്ളു പെണ്ണിൽ നിന്ന് കിട്ടിയതാണ് — വൈരാഗി എന്ന അവസ്ഥയിലെത്താനുള്ള ഗുരു വിന്റെ ശ്രമങ്ങളെ ചെറുക്കുന്നത് പെണ്ണിന്റെ കണ്ണുകളുടെ ഭാഷയാണ്. ആ ഭാഷയുടെ തീവ്രതയാണ് ജനനീ നവര്തനമഞ്ജരിയിലും കാളീനാടകത്തി ലുമെത്തുമ്പോൾ വൈരാഗിയുടെ പ്രായശ്ചിത്തമായിത്തീരുന്നത്ത്. ആ കണ്ണുകൾ സൃഷി സംഹാരശേഷിയുള്ള പെണ്ണിന്റെ അംഗങ്ങളുടെ വിസ്താരവും അംഗചലനങ്ങളുടെ ഭയ—രതി—സൗന്ദര്യ വിന്യാസവുമായിത്തീരുമ്പോഴാണ് കാളീ നാടകം എന്ന മലയാളത്തിലെ ഏറ്റവും മഹത്തായ കവിത സംഭവിക്കുന്നത്.




