പാപരതി (incest)യും രതിബല ഭ്രംശ (impotence) വും രാഷ്ട്രീയ കലാ രൂപകങ്ങൾ എന്നനിലയിൽ    

Image Not Found

ഭാഗം ഒന്ന്

പാപരതി  (incest ) എന്നപോലെ ലൈംഗിക ഊഷരതയും ( impotence ) രാഷ്ട്രീയ  രൂപകമെന്ന നിലയിൽപൗരാണിക കലാകൃതികളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു ഭരണവ്യവസ്ഥയുടെ അതിക്രമപരവും അനാശാസ്യവുമായ രാഷ്ട്രീയ നൈതികാപചയത്തിന്റെ കാളിമ പുറത്തു കൊണ്ടുവരാനുള്ള സങ്കേതം എന്ന നിലയിലാണ് കൃതികളിൽ പാപരതി (incest) തീക്ഷ്ണ കലാരൂപകമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. അതെ പോലെ തന്നെ ഒരു ഭരണവ്യവസ്ഥയുടെ ഉർവ്വരതാ പരാധീനതയിൽ നിന്നുണ്ടാവുന്ന  രാഷ്ട്രീയ നൈതികാപചയത്തിന്റെ രൂപകം എന്ന നിലയിലാണ് ലൈംഗിക ബല ശൈഥില്യവും  കലാകൃതികളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്

ഫ്രോയ്ഡ് പ്രശ്നവൽക്കരിക്കുന്ന  ഈഡിപ്പസ് പാപരതി, കുടുംബാഭ്യന്തരത്തെ സംബന്ധിക്കുന്ന അഖണ്ഡവും അനന്തവുമായ ലൈംഗിക സ്ഖലിതമേ അല്ല .നാടക-ഇതി വൃത്തത്തിനുപിരിമുറുക്കമുണ്ടാക്കുന്ന യാദൃച്ഛികതയാണ്. അസാധാരണ സംഭവ്യതയാണ്. അത് നാടകകാരന്റെ കലാതന്ത്രമാണ്. കൊല്ലപ്പെട്ട  രാജാവിന്റെ ഭാര്യ, സ്വന്തം ഭർത്താവിന്റെ ചോരമണമൊഴുകുന്ന കിടക്കയിൽ, കൊലയാളിയായ പുത്തൻ രാജാവിന്റെ ഭാര്യയായി  കിടന്നു കൊള്ളണമെന്ന രാഷ്ട്രീയനിയമം, സ്ത്രീപുരുഷ ബന്ധങ്ങളെ, ലൈംഗിക ഇച്ഛയെ, അപരാധിക്കുന്നതെങ്ങനെ എന്ന് ലോകത്തിനു ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാവണം, കൊല്ലപ്പെട്ട പരാജിതൻ പിതാവും മകൻ ജേതാവുമാവുന്ന ഒരു പ്രശ്ന സന്ധി സൃഷ്ടിച്ചു  കൊണ്ട്, –അമ്മയ്ക്കു മേൽ മകൻ  രതിവേഴ്ച നടത്തുന്നതിനെ വ്യവസ്ഥവൽക്കരിക്കുന്ന പോലെയുള്ള  രാഷ്ട്രീയ ഭരണനിയമമാണ് രാജ്യത്തു നിലനിൽക്കുന്നത് എന്ന് നാടകകാരൻ. സാക്ഷ്യപ്പെടുത്തുന്നത്; സോഫോക്ളീസിന്റെ കലാകൃതി, അക്കാലത്തെ ലൈംഗിക  രാഷ്ട്രീയ ഭരണ  നിയമങ്ങളുടെ അനാശാസ്യതയ്ക്കെതിരെ ഉന്നയിക്കുന്ന അസ്ഥിപിളർക്കുന്ന വിമർശനമാണ്. ഇതേ പാപരതിയുടെ വകഭേദങ്ങൾ ഹെരോദ്-സലോമി, (പുതിയ സുവിശേഷം) ആൾവിങ്-ഓസ്വാൾഡ് -റെജീന (ഇബ്‌സൻ) Mourning Becomes Electra (ഒനീൽ) തുടങ്ങി നിരവധി വിശ്വസാഹിത്യകൃതികളിൽ വിശേഷിച്ചും ലാറ്റിൻ അമേരിക്കൻകൃതികളിൽ  കേന്ദ്ര പ്രമേയമായിട്ടുണ്ട്. ഞാൻ കാട്ടിൽ പോകാം നീ യുവരാജാവായി ഭരതനെ സേവിച്ചു അയാളുടെ അഭീഷ്ടങ്ങളെ പ്രസാദിപ്പിച്ചു അയാളോടൊപ്പം ജീവിക്കുക, സീതയെ പ്പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷെ നിന്നെപ്പോലുള്ള ഒരു സഹോദരനെ എനിക്കു ലഭിക്കുക അസാധ്യമാണ്  എന്ന് പറയുന്ന ശ്രീരാമന്റെ സമീപനത്തിലും കുടുംബാഭ്യന്തരത്തെ ബാധിക്കുന്ന പാപരതിയുടെ വിദൂര   ധ്വനിയുണ്ട്; ലേവി സ്ട്രോസ് മിത്തുകൾ അപഗ്രഥിക്കുമ്പോൾ കുടുംബാഭ്യന്തര പാപ രതിയുടെ അടയാളങ്ങൾ അവിടെക്കാണുന്നുണ്ട്. കുടുംബം, ചരിത്രത്തിൽ രൂപപ്പെടുന്നതോടെയാണ് പാപരതിയെ സംബന്ധിച്ച നിബന്ധനകൾ രൂപപ്പെടുന്നത്. കുടുംബത്തിനുള്ളിൽ  ആരൊക്കെ തമ്മിൽ രതി ബന്ധമാവാം  ആരൊക്കെ തമ്മിൽ രതിബന്ധം പാടില്ല എന്ന നിഷ്കർഷ  കുടുംബത്തിന്റെ രൂപം ആഖ്യാനം ചെയ്യുന്നതിന് അനിവാര്യമായി തീരുന്ന ഘടകമാണ് കുടുംബത്തിന്റെ രതിനിനിബന്ധങ്ങളെ കീഴ്മേൽ മറിക്കുന്ന ലൈംഗിക വിമർദ്ദങ്ങൾ മനുഷ്യനിലുണ്ട്, കുടുംബത്തിന്റെ ചരിത്രപരമായ വികാസത്തിനുശേഷം അതിന്റെ കുറ്റിയറ്റു പോയിട്ടുണ്ടോ എന്ന ഒരന്വേഷണം നടത്തി സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനു ആർക്കും അവകാശവുമുണ്ട്. പക്ഷെ കേവല ലൈംഗിക വാദത്തിലധിഷ്ഠിതമായ  ചരിത്ര-രാഷ്ട്രീയ പരിസരങ്ങളിൽനിന്നു വിടർത്തി മാറ്റിയ ഒരു സിദ്ധാന്തം  സ്ഥാപിക്കുവാൻ ഈഡിപ്പസ്‌ കൃതിയെ  ലൈംഗിക അതിവായന നടത്തുകയാണ് ഫ്രോയ്ഡ് ചെയ്തത്. മല്ലനും മാതേവനും തമ്മിൽ കൊല്ലുകയും തിന്നുകയും ചെയ്യുവാൻ മല്ലിടുമ്പോൾ ജേതാവായി യാതൊരുത്തനാണോ പുറത്തു വരുന്നത് അവനു കീഴ്പ്പെടുക എന്നതാണ് സ്ത്രീയുടെ ലൈംഗിക ധർമം എന്ന ഭരണ രാഷ്ട്രീയ ന്യായത്തെ ചോദ്യം ചെയ്യുന്ന സോഫോക്ളീസ്, ഭരണ കൂടത്തിനു സ്ത്രീയുടെ ലൈംഗിക ഇണയെ തരാതരം പോലെ തീരുമാനിക്കാൻ -അല്ലെങ്കിൽ നോമിനേറ്റ് ചെയ്യാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിന് അടിക്കല്ലിടുന്നത്, ജേതാവായ മല്ലന്റെ  സ്ഥാനത്തു മകനും, പരാജിതനായ മാതേവന്റെ സ്ഥാനത്തു ഭർത്താവും വരുമ്പോൾ മൃതനായ പരാജിതന്റെ ഭാര്യ ജേതാവിന്റെ ഭാര്യയായിത്തീരണം എന്ന നിയമം പാപരാതിയിലേക്കു മനുഷ്യനെകൊണ്ടെത്തിക്കുന്നു  എന്നൊരു കല്പനയിലൂടെയാണ്.  ഫാസിസിസ്റ്  ഭുജബലത്തിനു വിധേയമാണ് ലൈംഗികയോഗം എന്ന കാഴ്ചപ്പാടിനെ നെടുകെ മുറിക്കുന്ന കത്തിയാണ് ഈഡിപ്പസ്സിലെ പാപരതി. 

ലൈംഗിക ഇണയെ  ഇച്ഛാനുസരണം തെരഞ്ഞെടുക്കാൻ പുരുഷനെന്ന പോലെ സ്ത്രീക്കും അവകാശമുണ്ട് എന്നൊരു പ്രവചന സമ്മർദ്ദം  നാടകത്തിലുണ്ട്; ഭർതൃ ഘാതകനായ ജേതാവിനുമൊത്തു അയാളുടെ ഭാര്യയായി ജീവിക്കുക  രാജ്ഞിയുടെ ലൈംഗിക ധർമ്മമാണ്, എന്ന  രാഷ്ട്രീയ ദുരാചാരത്തിൽ, അന്ധകാരം വന്നു  നിറയുന്നതിന്റെ ഹൃദയ ഭേദകമായ രംഗങ്ങൾ  നാടകത്തിലുണ്ട്. സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിന്റെ ഗുണമൂല്യാന്വേഷണം  നടത്തുന്ന നാടകകാരൻ അധികാര ബലതന്ത്രം ലൈംഗികതയുടെ മാനവിക ഗുണ പ്രേരണയ്‌ക്കെതിരു നിൽക്കുന്നു എന്ന് പറയാതെ പറഞ്ഞു പോവുന്നു. ലൈംഗികതയിൽ മാനവിക ഗുണാവിഷ്കാരം സംഭവിച്ചിട്ടുണ്ടോ എന്നൊരു  അന്വേഷണം കേവല ലൈംഗികവാദിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ലൈംഗികബന്ധ ചരിത്രത്തിൽ, ഇച്ഛാശൂന്യമായ നിയോഗം  (chance) എന്നതിൽ നിന്ന് സ്വതന്ത്രമായി, ഇച്ഛാത്മകമായ സ്വയംകണ്ടെത്തൽ  (choice) എന്നതിലേക്കുള്ള ഗുണപരമായ മാറ്റം എത്രത്തോളം സാദ്ധ്യമാവുന്നു എന്ന  ഒരന്വേഷണത്തിനുള്ള പ്രേരണയാണ് ഈഡിപ്പസ് നാടകം. ജനാധിപത്യത്തിന്റെ തത്വവും ”ചാൻസ്”-ൽ നിന്ന് ”ചോയ്‌സി”-ലേക്കുള്ള പരിണാമമാണ്. ഭരണാധികാരി, ദൈവത്തിന്റെ നിയോഗം (nomination) എന്നനിലയിൽ തലയിൽ വന്നു വീഴുന്നവനാവാൻ പാടില്ല ജനങ്ങൾ തെരഞ്ഞെടുക്കുന്ന (selection) വനാവണം എന്നതത്വത്തിന്റെ  ധ്വനി സ്ത്രീയുടെ തലയിൽ വന്നു വീഴുന്ന ലൈംഗിക നിയമ നിയോഗത്തിന്റെ നിലവിളിയിൽ കേൾക്കാവുന്നതാണ്.  

പാപരതി ലൈംഗികതയുടെ കുടുംബ നിബന്ധങ്ങളിൽ സംഭവിക്കുന്ന അതിക്രമമാണ് (excess); എന്നാൽ  ഇമ്പൊട്ടൻസ് അതിക്രമമല്ല പ്രത്യുല്പാദന ലൈംഗികതയുടെ ന്യൂനവൽക്കരണമാണ്, അഭാവം (dearth) ആണ്. പാപരതിയും ലൈംഗികബലഭ്രംശവും ഒരേപോലെ രതിയുടെ പ്രത്യുത്പാദനധർമ്മ സാധുതയെ ഉപരോധിക്കുന്ന പ്രകൃതങ്ങളായിട്ടാണ്പുരാണകൃതികളിലും മിത്തുകളിലും  പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.

മിത്തുകളിലും പുരാണകൃതികളിലും പാപരതിയെപ്പോലെ തന്നെ നിർണ്ണായകമായി  പ്രയോഗിക്കപ്പെട്ടിട്ടുള്ള ലൈംഗിക രൂപകമാണ് ലൈംഗിക ഊഷരത (impotence). ഒരുമനശ്ശാസ്ത്ര അപഗ്രഥന ചിന്തകൻ എന്ന നിലയിൽ മനുഷ്യന്റെ പ്രാകൃത രതിയെ ഖനനം ചെയ്തു തെറ്റും ശരിയുമായ, ഒട്ടനവധി ലൈംഗികവ്യാകരണസിദ്ധാന്തങ്ങളുന്നയിച്ച ഫ്രോയ്ഡിന്റെ   ബോധാപബോധമനശ്ശാസ്ത്ര വ്യാഖ്യാനത്തിന്‌ വമ്പിച്ച ചരിത്ര പ്രാധാന്യമാണുള്ളത്എന്നു അംഗീകരിക്കുമ്പോൾത്തന്നെ…. ഫ്രോയ്ഡ്  ഈഡിപ്പസിന്റെ  ലൈംഗികാതിവായനയ്ക്കു അപബോധത്തിന്റെ (unconscious) പശ്ചാത്തലമുപയോഗിച്ചു  ഈഡിപ്പസ് തലകീഴായി വായിക്കുകയാണുണ്ടായത് എന്ന വസ്തുത വിമർശിക്കപ്പെടേണ്ടതാണ് . ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങളിൽ അബദ്ധാത്മകമായ ഒന്നിനെ സാധൂകരിക്കാൻ വേണ്ടിയാണ്   സോഫോക്ളീസ് നാടകമെഴുതിയത്എന്നും അതൊഴികെയൊന്നും ഈഡിപ്പസ്‌ നാടകങ്ങളിലില്ല എന്നും അതാണ് ഈഡിപ്പസ് നാടകങ്ങളുടെ ചരിത്രപരമായ നിലനിൽപ്പിനു കാരണം എന്നും വിശ്വസിക്കുവാൻ ഫ്രോയ്ഡിയൻമാർ തീരുമാനിച്ചു. വായനക്കാർ  കൃതിയുടെ അർഥം വിരചിച്ചു കൃതി അവരുടേതാക്കാൻ തുടങ്ങുമ്പോഴുണ്ടാവുന്ന ചരിത്രപരമായ അത്യാഹിതമാണ്ഇത്. അതുപോലെ ക്യാസ്ട്രേഷൻ ഫീയർ. പെനിസ് എൻവി, തുടങ്ങിയ കേവല ലൈംഗികതാ വാദ  നിഷ്ഠങ്ങളായ  നിരീക്ഷണങ്ങളും അവയിലെ ചരിത്ര നിരപേക്ഷത കൊണ്ട് അസംബന്ധങ്ങളായി മാറുകയായിരുന്നു; ഇദ് എന്ന അപബോധത്തെ ഊർജ്ജവൽക്കരിക്കുന്ന  ലിബിഡോ എന്ന,  ലൈംഗിക   അതിമാനവൻ, എന്നൊരു ലൈംഗിക ഫാസിസിസ്റ്  സങ്കൽപം അദ്ദേഹമുയർത്തിക്കൊണ്ടുവരുകയുണ്ടായി. (അതിമാനവൻ–overman – എന്നത്  മരണപ്പെട്ട ദൈവത്തിനു പകരക്കാരനായി നീഷേ ഉയത്തിക്കൊണ്ടിവരുന്ന ഫാസിസിസ്റ് കല്പന ) 

ഇതൊക്കെ മനുഷ്യനിൽ വരിഞ്ഞുമുറുക്കിനിർത്തിയിരിക്കുന്ന പ്രാകൃത രതിക്ക് ഉത്തേജന സ്വാതന്ത്ര്യം നൽകി എന്നതുകൊണ്ട് ഈഡിപ്പസിനെപ്പോലെ  ചരിത്രത്തെ തീപിടിപ്പിക്കുന്ന കൃതി പോലും ഫ്രോയ്ഡിന്റെ ലൈംഗികാതിമാനാവ ഫാസിസിസ്റ്റു സിദ്ധാന്തം സമർത്ഥിക്കുന്നതിനുള്ള ഉപാധി മാത്രമായി മാറി. പക്ഷെ പാപരതിയുടെ തന്നെ എതിർമുഖമായ ലൈംഗിക ഊഷരതയ്ക്കു വ്യാഖ്യാനങ്ങൾ ചമയ്ക്കാൻ ഫ്രോയ്ഡ് തയ്യാറാവാതിരുന്നതുകൊണ്ടു  ലൈംഗികഊഷരത ഒരു കലാരൂപകം മാത്രമായി പരിഗണിക്കപ്പെട്ടു. എന്തുകൊണ്ട് പ്രത്യുല്പാദനക്ഷമതയില്ലാത്ത ഊഷരതാജ്വരം പിടിപെട്ടു ഇദ് എന്ന അപബോധത്തിലെ ലൈംഗികാതിമാനവന് ബലക്ഷയമുണ്ടായി എന്നു കണ്ടെത്തുവാൻ ഫ്രോയ്‌ഡോ ഫ്രോയ്ഡിയൻമാരോ തയ്യാറായില്ല എന്നതൊരു പ്രസക്തമായ ചോദ്യമാണ്. പാപരതിയിലെ ലൈംഗിക ഇടിമുഴക്കം (ഒളിഞ്ഞുനോട്ടത്തിൽ വരെയുള്ള ത്രില്ല് ), ടെലൂസ്‌- ഗട്ടറിമാരെ വരെ  വ്യാമോഹിപ്പിക്കുകയും, അവർ ഫ്രോയ്ഡിന്റെ ഈഡിപ്പസ്‌ മാതൃക എന്ന ഫലിതത്തെ മുൻ നിറുത്തി പ്രൗഢ പ്രബന്ധങ്ങൾ വിരചിക്കുകയും ചെയ്യുമ്പോൾ  ഇമ്പൊട്ടൻസിൽ വേണ്ടത്ര തത്വ ചിന്താവ്യാപാരത്തിന് സാധ്യതയില്ല എന്നു മനസ്സിൽ കണ്ടിട്ടുണ്ടാവും.  മിത്തുകളിലും പുരാണങ്ങളിലും പ്രത്യക്ഷപ്പെടുന്ന കലാരുപകം എന്ന നിലയിൽ ഇമ്പൊട്ടൻസിനു, ഇൻസെസ്റ്റിനേക്കാൾ ഒട്ടും താഴെയല്ലാത്ത പ്രാധാന്യമുണ്ട്.

ലൈംഗികത, അത് ദാമ്പത്യത്തിന്റെ രൂപത്തിലായാലും പ്രണയത്തിന്റെ രൂപത്തിലായാലും അരാജക ലൈംഗിക വ്യതിയാനങ്ങളുടെ രൂപത്തിലായാലും  തൊണ്ണൂറുശതമാനം സാഹിത്യകൃതികളിലും കേന്ദ്രീയമായി നിൽക്കുന്നു. മനുഷ്യൻ  രൂപപ്പെടുത്തിയ  ലൈംഗിക ജീവിതപ്രമാണങ്ങളിലെ വൈരുധ്യങ്ങളിൽ അതാതു  കാലഘട്ടത്തിന്റെ മനുഷ്യനീതി സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ  ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ   ധാർമികതയെ സ്പർശിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ രചയിതാവും ലൈംഗികതയെ  സ്വാഭാവികമായും മുഖ്യ ആലംബമായിക്കാണുന്നു. പ്രാകൃത    ജൈവശാസ്ത്ര ലൈംഗികതയിൽ സംഭവിക്കുന്ന മാനവികവൽക്കരണം ലൈംഗികതയ്ക്ക് അതിന്റേതായ ചരിത്രം (history of sexuality) രൂപപ്പെടുത്തിയിരിക്കുന്നു. പ്രാകൃത പരമ – (സർവതന്ത്ര സ്വതന്ത്ര) ലൈംഗികത (promiscuity)യുടെ കാലം തൊട്ടു  കാലാകാലങ്ങളിൽ രൂപപ്പെട്ടിട്ടുള്ള ലൈംഗിക പ്രമാണങ്ങളിൽ ചരിത്രത്തിന്റെ, അധികാര രാഷ്ട്രീയത്തിന്റെ, ഉള്ളടക്കമുണ്ട്; ലൈംഗിക ആചാര നിബന്ധനകളിൽ നിന്നുൽപ്പന്നമാവുന്ന, നൈതികവികാര സംസ്കൃതി (ethos), പലപ്പോഴും  അധികാരവ്യവസ്ഥകളുടെ സംരക്ഷകനായാണ്  പ്രവർത്തിക്കുന്നതെങ്കിലും ലൈംഗിക ന്യായശാസ്ത്രത്തെ അടിസ്ഥാനപരമായി നിയന്ത്രിക്കുന്നത്  ആവശ്യത്തിന്റെ നിയമങ്ങളാണ്. കൃതികൾ ലൈംഗിക ന്യായ കേന്ദ്രീകൃതങ്ങളാവുന്നതു കൃതികൾ നീതി സ്പർശികളാവണമെന്നു എഴുത്തുകാരൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്… നീതിമാനല്ലാത്തവൻ /ത്തവൾ  കവിയല്ല  എന്ന് ഓരോ രചയിതാവും അറിയുന്നു. രചയിതാക്കളിൽ  ഒരു വിഭാഗം അധികാരവ്യവസ്ഥയെ പ്രസാദിപ്പിക്കുമാറ് വ്യത്യസ്ത ഭൗമ സാമൂഹ്യതലങ്ങളിൽ നിൽക്കുന്ന ആൺ പെണ്ണിണയെ മോഹകൗതുക പരമായി കൂട്ടി യോജിപ്പിക്കുന്നു. (ആനന്ദ്, മുട്ടത്തു വർക്കി ) അസ്തിത്വ  ദുഃഖ ഭൂതാവേശമുണ്ടായാലും ഇല്ലെങ്കിലും സ്റ്റീൽ മില്ല് മുതലാളിയും ഡ്രൈവരുടെമകളും ഒന്നുചേർന്ന് ഭൗതികവൈരുദ്ധ്യങ്ങളെ മോഹാത്മകമായി മറികടക്കുമ്പോളാണ്  കൃതി അധികാരവ്യവസ്ഥാ പ്രസാദത്തിന്റെ ആർ ഭാടമായിത്തീരുന്നത്. പ്രാകൃത ബ്രാഹ്മണ്യത്തിന്റെ പുല്ലിംഗാധിപത്യത്തിനു (phallocracy ) ഒരു ദരിദ്രഗ്രാമീണജനതയെ സാക്ഷ്യപ്പെടുത്തി അത്  വിളംബരംചെയ്യുന്നതിനു പാശ്ചാത്യ ലൈംഗികാരാജകത്വത്തിന്റെയും  പാപരതിയുടെയും (incest ) ഫ്രോയ്ഡിയൻ കൊമ്പനാനയെ എഴുന്നള്ളിക്കുന്ന  ലൈംഗിക വീരനായകനും ദർശന സങ്കടത്തിന്റെ (കെ.പി.അപ്പൻ സാറിന്റെ പ്രയോഗം) വീരാളിപ്പട്ടു പുതപ്പിച്ച കൃതിയിലൂടെ അധികാര സ്ഥാപന ചൂഷണത്തെ ആസ്വാദ്യകരമാക്കിത്തീർക്കുകയാണ് ചെയ്യുന്നത് (ഖസാക്കിന്റെ ഇതിഹാസം)….. ലൈംഗിക ക്രമാതിക്രമങ്ങളുടെ ആസ്വാദ്യത അധികാര ദാസ്യ സേവയുടെ സുഖാനുഭവമായിത്തീരുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്  ഇവ.. കൃതികളിലെ ലൈംഗിക വ്യവഹാരങ്ങൾ സാമൂഹ്യവും രാഷ്ട്രീയവുമായ അധികാരവ്യവസ്ഥയുടെ ആഖ്യാനമാവാതെ  വയ്യ.  ലൈംഗിക വ്യവഹാരങ്ങളുടെ ആഖ്യാനം ചൂഷണാത്മകമായ രാഷ്ട്രീയ  അധികാരവ്യവസ്ഥയെ   നീതീകരിക്കുമ്പോൾ  എഴുത്തുകാരൻ നീതിമാനല്ലതാവുകയും അങ്ങനെ കവിയായല്ലാതായിത്തീരുകയും ചെയ്യുന്നു;  മറിച്ചു ലൈംഗികവും   ലൈംഗികേതരവുമായ വ്യവഹാരങ്ങളുടെ ആഖ്യാനം അധികാരവ്യവസ്ഥയുടെ നെഞ്ചു പിളർന്നു  നേരിനെക്കാട്ടുമ്പോൾ കവി നീതിമാനായിത്തീരുന്നു; ആരാണ് ആദർശപുരുഷൻ എന്നചോദ്യത്തിനു നാരദമുനി നൽകുന്ന ഉത്തരമാണ് ശ്രീരാമൻ എന്നത്; ശ്രീരാമൻ നീതിമാനാണോ എന്ന ചോദ്യത്തിനുള്ള അന്വേഷണമാണ് വാത്മീകി, രാമായണ സംവാദ പരമ്പരകളിലൂടെ ആഖ്യാനം ചെയ്യുന്നത്. വാത്മീകി രാമായണം ആദ്യമുതൽ അന്ത്യം വരെയും വാദവ്യവഹാരങ്ങളുടെയും പ്രതിവാദ വ്യവഹാരങ്ങളുടെയും (discourses  and  counter  discourses) പരമ്പരയായി മാറുകയും അതിലെ ലൈംഗിക വ്യവഹാരങ്ങൾ തന്നെ ആദർശ പുരുഷന്റെ ദാർശനികാലംകൃത മസ്തകത്തിനു തീ കൊളുത്തുകയും ചെയ്യുമ്പോൾ കവി നീതിമാൻ തന്നെയാണ് എന്നും നീതിമാനല്ലാത്ത വൻ/ത്തവൾ കവിയല്ല എന്നും ബോദ്ധ്യപ്പെടുന്നു

ഭാഗം – രണ്ടു

പാപരതി -incest- എന്നത് പോലെ -ഷണ്ഡത്വവും -ക്ളീബത്വം ( male  impotence-) ഒരു   ഒരു ആവർത്തന രൂപകം പോലെ തന്നെ (motif-) പൗരാണിക കൃതികളിൽ കാണപ്പെടുന്നുണ്ട്. എന്നുള്ളതുകൊണ്ടാണ് ഈഡിപ്പസ് നാടകത്തിലെ  incest-നെ മാത്രം മുൻനിറുത്തി    ഫ്രോയ്ഡ് മൂത്രത്തിൽ പിടിച്ചു കയറുന്നതു പോലെ പിതൃ ഹത്യാ വാസനയുടെയും  മാതൃവേഴ്ചാ ത്വരയുടെയും  ജൈവശാസ്ത്ര പ്രമാണങ്ങൾ രചിക്കുന്നതിലെ അപകടം ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്നത്. മിത്തോളജിയിലോ മിത്തിലോ പൗരാണിക കലാകൃതിയിലോ ഒക്കെ ചരിത്രം പ്രതിഫലിക്കുന്നുണ്ട് എന്നതിനാൽ impotence-ഉം incest-ഉം ലൈംഗികാഖ്യാനങ്ങൾ എന്ന നിലയിൽ വ്യത്യസ്ത ഭരണാധികാര നാഗരികതയുടെ അപചയ പ്രതിസന്ധികളെയും മാറ്റത്തിന്റെ കാഴ്ചകളെയും നിർദ്ദേശിക്കുന്നുണ്ട്.

Image Not Found

പുരുഷ ഭരണാധികാരികളുടെ ലൈംഗിക ഊഷരത (impotence), ഒരു രചനാ രൂപകം എന്നനിലയിലാണ്  രാമായണത്തിലും മഹാഭാരതത്തിലും പ്രത്യക്ഷപ്പെടുന്നത്. ഉർവ്വരതയുടെ,  വിളവുകളുടെയും  വിളവെടുപ്പുകളുടെയും എല്ലാമാനങ്ങളും അപഹരിക്കപ്പെട്ടു ഉൽപ്പാദന ക്ഷമത വറ്റിയ  ധൂർത്താഡംബരത്തിന്റെ  മായക്കാഴ്ചകളിൽ ഉയർത്തിനിർത്തപ്പെട്ട കട്ട് ഔട്ട് കളാണ് ഷണ്ഡ മഹാരാജന്മാരായ ദശ രഥ–ധൃതരാഷ്ട്ര -പാണ്ഡു ബിംബങ്ങൾ. മഹാഭാരതത്തിലെയും രാമായണത്തിലെയും മൂപ്പിളമത്തർക്കത്തിലധിഷ്ഠിതമായ  രാഷ്ട്രീയ യുദ്ധക്കളങ്ങളുടെ  ലൈംഗികാകാഖ്യാനം ആരംഭിക്കുന്നത് മഹാഭാരണാധികാരികളുടെ ഇമ്പൊട്ടൻസിൽ നിന്നാണ്; ലൈംഗികകാഖ്യാനത്തിലൂടെയാണ് കെട്ടു പോയ ഭരണനാഗരികതയുടെ വമ്പൻ ശിരസ്സുകളിൽ കവികൾ ചായം കമിഴ്ത്തുന്നത്. ക്ളൈബ്യം ഇവിടെ ഒരു ശാരീരികാവശതയല്ല ; അതിനുമപ്പുറം അർത്ഥവ്യാപ്തിയുള്ള ഭരണനഗരികതയുടെ നിരുൽപാദനപരമായ അപചയത്തിന്റെ അലങ്കാര (trope) മാണ്. 

നാടും നാട്ടാരും സമ്പദ് സമൃദ്ധിയിലാറാടുകയാണ് എന്ന് സാക്ഷ്യപ്പെടുത്താൻ ഉജ്ജ്വല വിഭവമണ്ഡലങ്ങളുടെ ബൃഹദാഖ്യാനം അനുവദിച്ചു കൊടുക്കുന്ന വാല്മീകി അവാസ്തവചമത്കാരങ്ങളെ വെട്ടിവീഴ്ത്തുവാൻ കണ്ടെത്തുന്ന തീക്ഷ്ണാർത്ഥ പ്രച്ഛന്നമാണ് (trope) ഭരണായകന്റെ ഷണ്ഡത്വം. ഒരു ഭരണവ്യവസ്ഥ അതിന്റെ വൈരുധ്യങ്ങൾ കൊണ്ട് അപചയപ്പെട്ടു നിരുൽപാദനപരമായ ഊഷരതയിലേക്കു കൂപ്പുകുത്തുമ്പോൾ മഹാഭാരണാധികാരികൾ യാഗങ്ങളും ഉത്സവങ്ങളും പാട്ടാഭിഷേകവും നടത്തി പരിഹാരക്രിയ വിളംബരംചെയ്യുന്നു ഭരണാധികാരപരമായ ഷണ്ഡത്വവും അതിന്റെ അപകർഷവും മറവു ചെയ്യുന്നതിനു വറുതിയുടെ കാലത്തു പൊതുഖജനാവിന്റെ ദാരിദ്ര്യത്തിൽ നിന്ന് പണം കോരിയെടുത്തു നീന്തൽ കുളവും കാലിത്തൊഴുത്തിലും കയറ്റിറക്കു യന്ത്രവും  നവീകരിച്ചു സ്വവസതി മോടിപിടിപ്പിക്കുന്നതിന് കോടികൾ മുടിക്കുന്ന ഭരണാധികാരിക്കു മാനസിക വിഭ്രാന്തിയുണ്ടെന്നു ധരിക്കരുത്. അത് ഭരണ ഷണ്ഡത്വ അപകർഷത്തിന്റെ രോഗപീഡയാണെന്നു ശ്രീരാമപട്ടാഭിഷേകത്തിന്റെ ധൂർത്തമായ ആരവങ്ങൾക്കിടയിൽ വാല്മീകി സൂചിപ്പിക്കുന്നു. ശ്രീരാമൻ കാട്ടിൽപ്പോ എന്നാജ്ഞാപിക്കുന്ന കൈകേയി ദശരഥന്റെ ഭരണാധികാര ഷണ്ഡത്വത്തെയാണ് സ്ഥാപിക്കുന്നത്. ദശരഥൻ ക്ളീബനും നിസ്സഹായനുമായിത്തീരുന്ന സന്ദർഭമാണത്;   രാമൻ കാട്ടിൽപ്പോകണം എന്നസ്ഥിതി സന്ധി സൃഷ്ടിക്കുന്ന കവി ദേവലോകത്തു മേയോ ക്ലിനിനക്കിൽ ഈ അപകർഷത്തിനു പരിഹാരമുണ്ടെന്നു കരുതുന്നില്ല…. ഈ വന്ധ്യ നാഗരികതയെ മറികടക്കാൻ വനവാസികളുടെ ലോകവുമായി പ്രതിപ്രവർത്തിക്കുക, കാടിന്റെ സമ്പർക്കത്തിൽ നിന്ന്  പ്രകൃതിയുടെ ആർജ്ജവം തിരിച്ചു പിടിക്കുക അതാണ് ഉത്പാദന ജീർണ്ണത   സംഭവിച്ച നാഗരികതയിൽ മാനവജീവനത്തിന്റെ പുതിയ താളക്രമം കണ്ടെത്താനുള്ള മാർഗം;  കാട്ടിൽപ്പോയി പച്ച (virgin  male-)പ്പുരുഷനായ ഋഷ്യ ശ്രുംഗനെ കൊണ്ട് വരുന്നതും പഞ്ചപാണ്ഡവന്മാർ തൊട്ടു ദുഷ്യന്തൻവരെ കാട്ടിൽ പ്പോകുന്നതും ജീർണ്ണവന്ധ്യനാഗരികതയിൽ പ്രത്യുത്പാദന വീര്യം പിടിച്ചെടുത്തു കൊണ്ടുവരാൻ വേണ്ടിയാണ്; അനാഘ്രാത ലൈംഗിക ഗാത്രയായ ശകുന്തള ഋഷ്യ ശ്രുംഗന്റെ പെൺപ്രതിഭാഗമാണെങ്കിൽ (female counterpart)  ശൂർപ്പണഖ, ഇല്ല വിടില്ല   ഞാനും കൂടെ വരുന്നു എന്ന് പറഞ്ഞു ശ്രീരാമനു മേൽ  അവകാശം സ്ഥാപിക്കാൻ പിന്നാലെ ഓടുന്ന സീതയുടെ, വനവാസി പ്രതിഭാഗമാണ്(tribal  counterpart) ;   :രണ്ടുപേരും പുരുഷനോട് പറയുന്നത് ഒന്ന് തന്നെയാണ്. ശൂർപ്പണഖയ്ക്കു ശാരീരിക മുറിവുകൾ മാത്രമാണ് സംഭവിക്കുന്നതെങ്കിൽ സീത  ഉടലോടെ  ഭൂമി  പിളർന്നുപോകുന്ന നടുക്കമായിത്തീരുകയാണ് ;ശൂർപ്പണഖ സീതാദുരന്തത്തിനു ഒരു    ഉത്കാരിക -(pre-parole-)_ യാണ്  എന്ന് പറയാവുന്നതാണ്.  വാല്മീകിയുടെ ലൈംഗികാഖ്യാനത്തിന്റെ രീതി സംവാദത്തിന്റേതാണ് ; ആ രീതി  സീതാകേന്ദ്രീകൃത സംവാദങ്ങളിളിലെന്നപോലെ ശൂർപ്പണഖാ സംവാദത്തിലും മിന്നി മറയുന്നുന്നു ;

ബൗദ്ധികവും ശാരീരികവുമായ ഉർവ്വരതയുടെ പരിസ്ഥിതി നഷ്ടപ്പെട്ടുപോവുന്ന ജനത സ്വാഭാവികമായും മാറ്റങ്ങളുടെ ബൃഹദ്  രാഷ്ട്രീയ യുദ്ധങ്ങളിലേക്കും   നവീകരിക്കപ്പെട്ട ലൈംഗികാഖ്യാനങ്ങളുടെ പ്രകോപനപരമായ ന്യായ പ്രമാണങ്ങളിലേക്കും സഞ്ചരിക്കുന്നു .പിതാവിനെ ബാഹുമാനിക്കുവാൻ വേണ്ടി സ്ത്രീയെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തുന്ന ഭീഷ്മരുടെ ആത്മ ഷണ്ഡത്വകർമവും–(ബ്രഹ്മചര്യ പ്രതിജ്ഞ), പിതാവിന്റെ  വാക്കുപാലിക്കാൻ പെണ്ണിനെ വീട്ടിൽ ചവിട്ടിയിരുത്തിയിട്ടു കാട്ടിലേക്ക് പോകാൻ തയ്യാറാവുന്ന വാത്മീകിയുടെ ശ്രീരാമ ബുദ്ധിയുമെല്ലാം അച്ഛൻ വാഴ്ചാവ്യവസ്ഥയുടെ (patriarchy-)യുടെ ക്ളൈബ്യത്തെയും, അതിൽ തന്നെയുള്ള  മാതൃത്വവാഴ്ചാ നാവായി (matriarchal  tongue )ആയി നിന്നുകൊണ്ട് പിതുത്വഅധികാര ശക്തിയെ നക്ഷത്രമെണ്ണിക്കുന്ന     സത്യവതിയുടെയും കൈകേയിയുടെയും സ്ത്രൈണ ലൈംഗിക അധികാര കോയ്മയെയുമാണ് സാക്ഷ്യപ്പെടുത്തുന്നത്; രാജാവിന്റെ മൂത്തപുത്രന്മാർ ഷണ്ഡന്മാരായിത്തീരട്ടെ എന്ന ഒരു വചനം ഭീഷ്മരുടെയും യുധിഷ്ഠിരൻ്റെയും  ശ്രീരാമന്റെയും ബിംബങ്ങളെ ഗ്രസിക്കുന്നുണ്ട്. മൂപ്പുമുറപ്രകാരം രാജാവാകേണ്ടുന്ന മൂവരും ഷണ്ഡത്വത്തിന്റെ സമ്മർദ്ദത്തിലാണ് നിബന്ധിക്കപ്പെട്ടിരിക്കുന്നതു. ഒരു ഭരണ നാഗരികത ഭരണപ്രാപ്തി  നശിച്ചു      ഊഷരമാവുന്നതും രാജാവിന്റെ ഉർവരത  വീണ്ടെടുക്കാനുള്ള യാത്രയുമൊക്കെ ടി.എസ് . എലിയട്ട് ഫ്രെയ്സറുടെ  ഉർവ്വരതാനുഷ്ഠാന ബിംബങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഊഷരഭൂമിയിൽ ചേർത്തു വയ്ക്കുന്നുണ്ട്. ദശരഥനോ, ധൃത രാഷ്ട്രരോ, പാണ്ഡുവോ  ക്ളീബ  ശരീരങ്ങളെയല്ല  ക്ളീബവും ഊഷരവുമായ ജനവിരുദ്ധ ഭരണ നാഗരികതയെ ആണ് വ്യക്തമായും നിർദ്ദേശിക്കുന്നത്ഷണ്ഡത്വവും അർദ്ധ ഷണ്ഡത്വവും പിതൃ കല്പനയ്ക്കനുരോധമായി മുന്നോട്ടുകൊണ്ടു പോവുന്ന ഭീഷ്മരും ശ്രീരാമാനുമെല്ലാം വന്ധ്യ പാരമ്പര്യത്തെ നിലനിർത്താൻവേണ്ടി യുദ്ധം ചെയ്തു പരാജയപ്പെടുന്ന ഭൂതകാല   പക്ഷപാതികൾ കൂടിയാണ്;

അഭിഷേകം മുടങ്ങി കാട്ടിൽപോകാൻ പുറപ്പെടുന്ന വാല്മീകിയുടെ  ശ്രീരാമൻ നീഎന്റെ കൂടെ  വേണ്ട എന്ന് സീതയോടു  ശഠിക്കുന്ന സംവാദഭാഗം ഷണ്ഡത്വപ്രമേയത്തിന്റെ   പിന്തുടർച്ചയാണ്. ഭരതൻ രാജാവാണ് നീ അവനോടൊപ്പം ആവന്റെ  അഭീഷ്ടങ്ങളെ പ്രസാദിപ്പിച്ചു അവനു വിധേയയായി  ഇവിടെ സുഖമായി വസിക്കുക എന്ന് വാല്മീകിയുടെ രാമൻ പറയുമ്പോൾ  കവിയുടെ നയതന്ത്രസമൃദ്ധമായ ഭാഷയിൽ  മറഞ്ഞിരിക്കുന്നത് നീ അവനു കിടക്കവിരിച്ചു അവനോടൊപ്പം സുഖമായി ജീവിക്കുക  എന്ന് തന്നെയാണ്. സീതയ്ക്ക് അത് അശ്ലീലമായി തോന്നുന്നതു കൊണ്ടാണ്  എല്ലാ കഷ്ടതകളിലും ദുരിതങ്ങളിലും ഞാൻ നിന്നോടൊപ്പം ഉണ്ടാവുമെന്ന് ഭയരഹിതമായ ഭാഷയിൽ അവൾ പറയുന്നത്. നീയല്ല പിതാവിന്റെ വാക്കാണ് എനിക്ക് നിന്നെക്കാൾ വലുത് എന്ന് പറയുകയും, സീതയേക്കാൾ എത്രയോ വിലപ്പെട്ടതാണ്എനിക്കു ഭ്രാതാവായ   ലക്ഷ്മണൻ എന്ന് വിലപിക്കുകയും (”മർത്യരിൽ തേടിയാൽ കിട്ടാം /സീതയ്ക്കൊത്തൊരു പെണ്ണിനെ /കിട്ടാ പോരിൽ തുണപ്പോനാം /ലക്ഷ്മണനൊത്ത  തമ്പിയെ ” )      ചെയ്യുന്ന വാല്മീകിയുടെ രാമന്റെ ലൈംഗിക സ്വരൂപത്തിൽ ഗാഢ സങ്കീർണ്ണതകളുണ്ട്. നീ എന്റെ കൂടെവരണ്ട  എന്ന്  സീതയോടു പറയുന്നിടത്തു നിന്നു മുന്നോട്ടു പോയി നിന്നെ എനിക്ക് വേണ്ട എന്ന് രണ്ടാവർത്തികൂടി ശ്രീരാമൻപറയുന്നുണ്ട്. സീതയെ വീണ്ടെടുത്ത ശേഷം രാവണനോടൊപ്പം വസിച്ച നിന്നെ എനിക്ക് വിശ്വാസമില്ല നിന്നെ വീണ്ടെടുക്കാൻ വേണ്ടിയല്ല കുല മഹിമ  വീണ്ടെടുക്കുവാൻ വേണ്ടിയാണ് മഹായുദ്ധം  നടത്തിയത്, എനിക്ക് നിന്നെ വേണ്ട നീ ലക്ഷ്മണനോടൊപ്പമോ ഭരതനോടൊപ്പമോ  വിഭീഷണനോടൊപ്പമോ ഹനുമാനോടൊപ്പമോ ആരോടൊപ്പം വേണമെങ്കിലും കൂടിക്കൊള്ളു എന്ന് പറയുന്ന ശ്രീരാമൻ ”ആണും പെണ്ണുമല്ലാത്ത ഒരാളെയാണല്ലോ എനിക്ക്  ഭർത്താവായി ലഭിച്ചത്” എന്ന സീതയുടെ  ഭൂതകാല വിലാപത്തെ സ്ഥിരീകരിക്കുന്നുണ്ട്. ഷണ്ഡത്വത്തിന്റെ പരകോടിയിൽ നിൽക്കുന്ന ശ്രീരാമ  രൂപമാണ് ഇവിടെ വാല്മീകി വരച്ചിടുന്നത്. വീണ്ടും ഗർഭവതിയായ സീതയെ കാട്ടിലുപേക്ഷിച്ച ശേഷം,അവൾ ഒരിക്കൽക്കൂടി ശുദ്ധി തെളിയിച്ചതായി മാളോർക്കു ബോധ്യപ്പെട്ട സ്ഥിതിക്ക് ഇവളെ സ്വീകരിച്ചു കളയാം എന്ന് നാരദരുടെ ആദർശ പുരുഷൻ പറയുമ്പോഴാണ് മഹാപുരുഷനായ നിന്നെ എനിക്ക് വേണ്ടാ എന്ന്  സീത പ്രതികരിക്കുന്നത് (ആശാൻ) ഭൂമിപിളരുന്നത്.

ഈ ഷണ്ഡത്വ വിക്രിയകളൊക്കെയും പിതൃ ഹിതത്തെയും ജനഹിതത്തെയും പ്രസാദിപ്പിക്കാനാണ് ഞാൻ ചെയ്യുന്നത് എന്ന് അവകാശപ്പെടുന്ന  രാമ പൗരുഷ പ്രമാണത്തിനു  ക്ഷേത്രം പണിയുന്നതിന് തുനിയുന്നവർ വാല്മികുടെ കാവ്യം കണ്ടിട്ടുണ്ടാവില്ല. വാല്മീകിയുടെ ശ്രീരാമാഖ്യാനത്തിന്റെ  തീവ്ര രാഷ്ട്രീയം ഉത്പാദനക്ഷമത നഷ്ടപ്പെട്ടുപോയ നാഗരികതയിലെ  ആഡംബരവിഭാ വനകളുടെ തൊലി പൊളിക്കുന്നു.

വാല്മീകിയുടെ ലൈംഗികാഖ്യാനം സങ്കീർണ്ണവും ഗൂഢാർത്ഥ  നിക്ഷിപ്തവുമായിത്തീരുന്നത്    ഊർമിള എന്ന പെണ്ണിനെ കളത്തിന് പുറത്തു നിർത്തുന്ന ലക്ഷ്മണ-രാമ-സീതാ  ത്രയത്തിന്റെ ബാന്ധവത്തിലാണ് .പ്രണയം ഒരണലിപ്പാമ്പു പോലെ പതിയിരിക്കുന്നു എന്ന ആശാന്റെ വരിക്കു സീതാരാമ ലക്ഷ്മണത്രയ ബാന്ധവത്തിൽ വലുതായ പ്രസക്തി ഉണ്ട് ; male -bonding- തുടങ്ങി  ഒരേവക്തിത്വത്തിന്റെ ഭിന്ന ദ്വന്ദങ്ങൾ, പിതൃ  ദാസ്യത്തിന്റെയും  പിതൃ ഹത്യാ പ്രഖ്യാപനത്തിന്റെയും വൈരുധ്യങ്ങൾ എന്നിവയൊക്കെയും ഈ ബാന്ധവത്തിന്റെ വിശേഷ ഖണ്ഡങ്ങളായിത്തീരുന്നു.

ഭാഗം  മൂന്നു

Image Not Found

സീതാലക്ഷ്മണരാമത്രയത്തിലെ രാമലക്ഷ്മണ ബന്ധത്തിൽ സ്വവർഗ ബന്ധനം ആരോപിക്കുന്നത് , ഒരു അതിവായനയാണ് .നീയില്ലെങ്കിൽ സീതയും വേണ്ടാ  രാജ്യവും വേണ്ടാ നീയാണ് സർവസ്വവും സീതയെപ്പോലെ ഒരു പെണ്ണിനെ  എവിടെയും കിട്ടും പക്ഷെ യുദ്ധവീര്യം   കൊണ്ട് എന്നെ നിലനിർത്തുകയും ജീവിപ്പിക്കുകയും ചെയ്യുന്ന നീയില്ലെങ്കിൽ  ഞാനില്ല എന്നുപറയുന്ന രാമന്റെ സീതാലക്ഷ്മണ താരതമ്യം ഞെട്ടിക്കുന്നതാണ് . സീതയോടൊപ്പം രതിജീവിതത്തിന്റെ ഉന്മാദ സുഖം ആസ്വദിച്ചിട്ടു സ്ത്രീയിൽ നിന്ന്  ലഭിക്കാവുന്ന സർവ്വഐന്ദ്രിയ ഗുണങ്ങളും അനുഭവിച്ച രാമനാണ് സീതയിൽ നിന്നുലഭിച്ച സുഖങ്ങളും ഗുണങ്ങളും  ഏതൊരുത്തിയിൽ നിന്നും കിട്ടും എന്ന് പറയുന്നത്… ലക്ഷ്മണൻമൃതനായി  എന്നആശങ്കയിൽ ലക്ഷ്മണനെ മഹത്വപ്പെടുത്തുന്നതോടൊപ്പം സീതയെ ഇകഴ്ത്തുമ്പോൾ രാമലൈംഗികതയുടെ ക്രൗര്യം  അവിടെ പ്രത്യക്ഷമാണ് .പെണ്ണിന്റെ മൂല്യത്തെ നിസ്സാരവൽക്കരിക്കുക മാത്രമല്ല സീതയെ ലക്ഷ്മണനോടൊപ്പം ചേർത്ത് നിർത്തുക കൂടി ചെയ്യുമ്പോൾ  രാമൻ (voyeuristic temptation)–സംഭോഗ നിരീക്ഷണ രസ വൈകൃതത്തിന്റെ ഏറ്റവും നീചമായ ആൾ രൂപമായി  മാറുന്നുണ്ട് ; സ്വന്തം ഭാര്യ  അന്യനുമൊത്തു രമിക്കുന്നതായുള്ള  വിഭാവന സംഭോഗനിരീക്ഷണ  വൈകൃതത്തിന്റെ തന്നെ ഏറ്റവും വികലമായ  രസ ഭാവനയാണ്. കാട്ടിലേക്ക് പുറപ്പെടാൻതുടങ്ങുന്ന സീതയോട്    നീ രാജാവാവായ   ഭരതന്റെ ഇച്ഛകളെ പ്രസാദിപ്പിച്ചു അവനോടൊപ്പം വസിച്ചു കൊള്ളൂ എന്ന് പറയുന്ന  രാമൻ  ലക്ഷ്മണനും സീതയും  തമ്മിലൊരു താരതമ്യത്തിന് മുതിരുമ്പോൾ ,,ലക്ഷ്മണനെ സീതയോടു ചേർത്ത് നിർത്തുന്നത് സീതയെ ഭരതനോട് ചേർത്ത് നിർത്തുന്നതിന്റെ പിന്തുടർച്ചയാണ് .വലിയ ഒരു യുദ്ധം ചെയ്തു സീത എന്ന ഹെലെനെ വീണ്ടെണ്ടെടുക്കുന്നതു , ദേശീയാഭിമാനത്തിന്റെ പേരിൽ അല്ലെങ്കിൽ വംശീയാഭിമാനത്തിന്റെ പേരിലാണെന്നും സീതയോടുള്ള താല്പര്യം നിമിത്തമല്ലെന്നും പ്രഖ്യാപിക്കുന്ന രാമന്, സീത ലക്ഷ്മണനോടൊ ഹനുമാനോടോ  ഭരതനോടോ വിഭീഷണനോടോ  ഒത്തു ജീവിക്കുന്നതിൽ സന്താപമില്ല. രാവണനോടൊത്തു  സീത  ജീവിക്കുന്നത് പോയിട്ട് അവന്റെ ദുഷ്ടമുഖ ദർശനം കൊണ്ട്  തന്നെ നീകളങ്കിതയാണെന്നു കരുതുന്ന രാമൻ  നിനക്ക് വിഭീഷണനോടൊ   വാനരനോടോ ഒത്തു ജീവിക്കാമെന്ന് പറയുമ്പോൾ വംശീയ വൈരം  മറന്നു ഏതു അപകൃഷ്ട  വംശീയപുരുഷനിലും നിനക്ക് രമിക്കാം  എന്ന് സിദ്ധാന്തിക്കുന്നു.. അവിടെ സ്ത്രീയെ ചവിട്ടിയരയ്ക്കുന്നതു  നിനക്ക് ലൈംഗിക ജീവിതത്തിനു  ഇനി വംശീയത പോലും  പ്രശ്നമാവുന്നില്ല എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ; അഗ്നിപ്രവേശ സങ്കേതത്തിലൂടെ  സീത അതിജീവിതയായിത്തീരുമ്പോഴും   സ്വന്തം ഭാര്യ അന്യപുരുഷന്മാരുമൊത്തു രമിക്കുന്നതിന്റെ  ക്രൂര വിഭാവരസം രാമനിൽ നിന്ന് വിട്ടുമാറുന്നില്ല; അഗ്നി പ്രവേശം ഒരു  കാവ്യസങ്കേതമാണ് എന്നത് പോലെ പിതൃഹിതവും ജനഹിതവും രാമന്റെ ജനിതക പരാധീനതയെ മറയ്ക്കുവാൻ കവി കണ്ടെത്തുന്ന  സാങ്കേതിക സൂത്രങ്ങളാണ്. അതി പ്രതാവാനും ഗുണവാനുമായ ആദർശ  പുരുഷന്റെ ഘന ഗംഭീര സ്വാർത്ഥത്തെ സംരക്ഷിച്ചു നിർത്തിയില്ലെങ്കിൽ അയാളുടെ സംസ്കാര  സങ്കടങ്ങൾക്കു  പിരിമുറുക്കം ഉണ്ടാവില്ല ; ലോകം കണ്ട ഏറ്റവും വലിയ നീതിമാൻ ഇയാൾ  ആണെന്ന്  ഉറപ്പിച്ചു കൊണ്ടാണ് ഇയാളുടെ ലൈംഗിക ഭീരുത്വത്തിന്റെയും വൈചിത്ര്യത്തിന്റെയും രംഗങ്ങൾ  വാല്മീകി   ചിത്രീകരിക്കുന്നത്. ഒരു മഹാരഥൻ അയാളുടെ ലൈംഗിക പരാധീനതയാൽ സംശയാലു ആവുകയും  സംശയാവാർത്തനപരമ്പരയ്ക്കു   കാരണം ജനം ആണ് എന്ന് സ്ഥാപിക്കുകയും അതിന്റെ സന്താപഭാരം സഹിയാഞ്ഞു തലയറഞ്ഞു സങ്കടപ്പെടുകയും ചെയ്യുന്ന പാരനോയിക് ആയി മാറുകയാണ് ; ഇവിടെ ജനഹിതം എന്നത് അലക്കുകാരൻറെ സ്വകാര്യതയിൽ നിന്ന് ചാരന്മാർ ചൂണ്ടിയെടുക്കുന്ന രഹസ്യമായി ചുരുങ്ങിപ്പോവുന്നു;പെണ്ണിനെ കാട്ടിലുപേക്ഷിക്കുമ്പോൾ  ആ രഹസ്യ ദുരന്ത ദുശ്ശങ്ക രാജ്യമാകെ പരസ്യമാവുകയും സീത പിഴയാളി എന്നൊരു തീർപ്പു ജനങ്ങളിലാകെ പ്രചരിക്കുകയും ചെയ്യുന്നു ! നിന്നെഞാനുപേക്ഷിക്കുന്നു  എന്ന് സീതയെ വീണ്ടെടുക്കുമ്പോൾ തന്നെ രാമൻ പറഞ്ഞു കഴിഞ്ഞതാണ് .പിന്നെയും സീതയ്ക്ക് പ്രതികൂലമായ  ഒരു രഹസ്യ  ന്യായംചുരണ്ടിയെടുത്തു ഗർഭ വതിയായ  സീതയെ അവൾ ഉപേക്ഷിക്കപ്പെടുന്നു  എന്ന വസ്തുത തന്നെയും മറച്ചു വച്ച് കൊണ്ട് ദോഹദ സുഖ  മോഹ ന്യായം പറഞ്ഞു കാട്ടിൽ പറഞ്ഞു  വിടുന്ന രാമൻ സ്ത്രീയെ കഴുത്തുമുറിച്ചുകൊല്ലുന്ന പ്രാകൃതത്വത്തെ, രാഷ്ട്ര   ന്യായ മീമാംസയുടെ മാന്യ  തന്ത്രങ്ങൾ കൊണ്ട് പ്രച്ഛന്നവൽക്കരിക്കുകയാണ്. തരുണിയും പാദജനും ഒരേ ശതപഥ ന്യായത്താൽ പീഡിപ്പിക്കപ്പെടുന്നു എന്നു ആശാൻ വ്യക്തമായും പറയുന്നുവെങ്കിലും ശംബൂകന്റെ കഴുത്തു മുറിക്കുന്നതു   പോലെ, സീതയുടെ കഴുത്തു മുറിച്ചു സംശയ ഭൂതാവിഷ്ടൻറെ പ്രതികാരം നിർവഹിക്കുവാൻ രാമന് കഴിയുകയില്ല ;  അഴലിന് മൃഗാദിജന്തുവിൽ മനുഷ്യനെപ്പോലെ തന്നെ പഴുതു കളുണ്ട് എന്ന് ആശാൻ പറയുന്നുണ്ട്; മരണമുൾപ്പടെ അഴലിന്റെ എല്ലാവിധികളും മൃഗങ്ങൾക്കുമുണ്ട്. എന്നാൽ മൃഗങ്ങൾക്കില്ലാത്ത ഒരു പീഡ മനുഷ്യനുണ്ട്. അത് മാനഭംഗത്തിന്റെ പീഡയാണ്. രാവണനിൽ നിന്ന് വീണ്ടെടുക്കപ്പെട്ട സീതയെ വാനര —  രാക്ഷസ- മാനവ വംശത്തിലെ ഏതു പുരുഷനുമായും നിനക്ക് ഇണചേർന്ന്  ജീവിതമാവാം, പക്ഷെ നിന്നെ എനിക്കു വേണ്ടാ എന്ന് പറഞ്ഞു ജനമദ്ധ്യത്തിൽ വച്ച് രാമൻ മാനഭംഗപ്പെടുത്തുന്നുണ്ട് .ഗർഭവതിയായ സീതയെ കാട്ടിലേക്കിറക്കിവിട്ടു  രാമൻ വീണ്ടും ജനമധ്യത്തിൽ അവളെ   മാനഭംഗപ്പെടുത്തുന്നുണ്ട്; ഏറ്റവുമൊടുവിൽപൊതു സദസ്സിലൊരിക്കൽ കൂടി അമ്മയായ ഇവൾ ഇവളുടെ സത്യം തെളിയിക്കട്ടെ എന്ന് മഹാപുരുഷൻ പറയുമ്പോൾ കഴുത്തിൽ മുറുകുന്ന കൊലക്കത്തിയേക്കാൾ മൂർച്ച മാനഭംഗ പീഡനത്തിനുണ്ട് എന്ന് സീത സാക്ഷ്യപ്പെടുത്തുന്നു; ; ,ശംബൂക ഹിംസയെപ്പോലെ  ക്രൂരമായ നര ഹത്യയാണ് സ്ത്രീമാനഹത്യ എന്നതുകൊണ്ടാണ് ഭൂമി പ്പിളർപ്പിൽ ഒരു സ്വയം മരണത്തിന്റെ പാഠം അവൾ പതിപ്പിക്കുന്നത് … സംശയത്തിന്റെ നിരന്തര മാനഭംഗ  പരീക്ഷകൾ കൊണ്ട് പെണ്ണിനെ എങ്ങനെ കൊല്ലാം എന്നതിന് മാതൃക കാട്ടുന്ന ആദർശവാനും പരിശുദ്ധ ഹൃദയനുമായ മഹാരഥനാണ് വാല്മീകിയുടെ ശ്രീരാമൻ .. ഇതെല്ലാം ജനനന്മയ്ക്കുവേണ്ടിയും ഭരണ മണ്ഡല പവിത്രത സംരക്ഷിക്കുന്നതിന് വേണ്ടിയും ദുരന്തനായക പ്രഭു   സഹിക്കുന്ന സങ്കടങ്ങളാണ് എന്ന് പണ്ഡിതന്മാർ പറയുമ്പോൾ രാമാ നീ ഹീനരിൽ വച്ച്  ഹീനനെപ്പോലെ സംസാരിക്കുന്നു എന്ന് ആരോപിക്കുന്ന സീതയുടെ ശബ്ദം  വാല്മീകിരാമായണത്തിൽ  ഒരു ഇടിമുഴക്കം പോലെ പടർന്നു വീണു കിടക്കുന്നു  !

രാമലൈംഗികതയിലെ ഈ ക്രൂര വികലനങ്ങൾക്കു പ്രായശ്ചിത്തമായി രാമൻ സീതാവിരഹദുഃഖ ക്രീഡകൾ ചെയ്യുന്നതിനെ വ്യാജസ്തുതിബദ്ധ വിരുദ്ധോക്തി പരമ്പരയുടെ കാവ്യമായ ആശാന്റെ ”ചിന്താവിഷ്ടയായ  സീത” വ്യംഗ്യമായി പരിഹസിക്കുന്നുണ്ട് . ഭാര്യാ വിരഹ  വിലാപത്തിന്റെ ചരിത്ര  ശബ്ദമായ അജൻറെ  കുല പാരമ്പര്യം നില നിർത്താനുള്ള ശ്രമത്തിന്റെ പ്രേരണയാണോ ഈ വിരഹ ദുഃഖാനുഷ്ഠാനം, രാജന്റെ  ഹാസ്യാനുകരണം  –മിമിക്രി  ആണോ രാമാ ഇത് എന്നാണ് ആശാന്റെ സീതചോദിക്കുന്നതു … വിരഹദുഃഖാചരണത്തിന്റെ ആത്മാർത്ഥതയിൽ സംശയം ജനിപ്പിക്കുന്ന പീഡനാനുഭവങ്ങൾ സീതയ്ക്ക് നൽകിയ ശേഷം, ആഘോഷിക്കപ്പെടുന്ന  വിരഹസങ്കടം  ഒരു ആചാരം  തന്നെയല്ലേ എന്ന് സംശയിക്കുന്നതിനു യുക്തിഭദ്രതയുണ്ട്. ഭൂതകാല പിതാക്കന്മാരുടെ വഞ്ചനാത്മകമായ വഴി കണിശമായി പിന്തുടരുന്ന രാഘവൻ, ,രാജകിരീടത്തിൽ    കൊതിചേർത്ത ശേഷം പുത്രനെ   ജടിയുടെ വനവാസത്തിനുവിധിക്കുന്ന പിതാവിന്റെ പുത്രൻ, ദോഹദമാർന്ന പത്നിയെ കാട്ടിൽ വെടിയുന്നത് പാരമ്പര്യഗുണമാണ്. സീതയെ വീണ്ടെടുത്ത ശേഷം ജനമധ്യത്തിൽ വച്ച്  സീതാവിരക്തി   വെളിവാക്കിയിട്ടു സ്വന്തം പ്രജാമധ്യത്തു ആവിരക്തി ഒളിവിൽ കൊണ്ട് നടന്ന രാമൻ വീണ്ടും മനസ്സിൽ പറ്റിയിരിക്കുന്ന ചെളി  കോസലവാസികൾക്കു  മുന്നിൽ  പരസ്യപ്പെടുത്തി സ്വയം കഴുകിയെടുക്കുകയാണ് . അങ്ങനെ ഒരു അകം ഒളിവിൽ കൊണ്ട് നടക്കുന്ന നൃപൻ പ്രജാമധ്യത്തു അത് വെളിപ്പെടുത്തിയതിനുശേഷം  വിരഹദുഃഖചടങ്ങുകൾ അനുഷ്ഠിക്കുന്നത്  അജ രാജനെ ആദരിക്കുന്നതിനുവേണ്ടിയാണോ എന്ന ചോദ്യത്തിന്റെ , (ആശാന്റെ വിരുദ്ധോക്തി പ്രയോഗത്തിന്റെ) മുള്ളു രാമ  പൗരുഷത്തിന്റെ നെഞ്ചിൽ   ചെന്ന് തറയ്ക്കുന്നുണ്ട്.; ഏകയുഗ്മദാമ്പത്യ പ്രണയത്തിന്റെ ദുഃഖം, ചരിത്രത്തിന്റെ തോട് പൊട്ടിച്ചു പുറത്തു വരുന്നതിന്റെ തുടക്കമാണ് അജവിലാപം. അതി പാവനമായ വിവാഹത്തെ മാനിക്കുന്നസീതയും ഏകയുഗ്മ ദാമ്പത്യ പ്രണയത്തിനുവേണ്ടി സ്ത്രീ നടത്തുന്ന പോരാട്ടമാണ് … സീതയുടെ വിധേയത്വസന്നദ്ധതയുടെ, നിന്റെമുളളും കല്ലുമുള്ള വഴികളിൽ എല്ലാം ഞാനുമുണ്ട് എന്ന് പറയുന്ന സീതയുടെ, പ്രണയ ബന്ധനത്തിന്റെ അടയാളമാണ് അതി പാവനമായ വിവാഹം; (വിവാഹം പ്രണയ നിരോധിയായ ബന്ധനം എന്ന നിലയിൽ” ലീല ”യിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും സീതയിൽ അത് അത് ഏകയുഗ്മ പ്രണയത്തിന്റെ ചരിത്രപരമായ ഉല്പത്തിയുടെ വിശിഷ്ട  രേഖയും  സ്ത്രീക്ക് പുരുഷനുമേലുള്ള പ്രണയത്തിന്റെ സ്പന്ദിക്കുന്ന അടയാളവുമാണ് ;അത്  സ്ത്രീ പുരുഷ ബന്ധത്തിന്റെ ലക്ഷ്മണ രേഖ കൂടിയാണ് എന്ന് സീതാ- രാമ- ലക്ഷ്മണത്രയത്തിന്റെ ബന്ധം എന്ന പ്രഹേളികയിൽ ചെന്ന് എത്തുമ്പോൾ അനുഭവപ്പെടുന്നു; സീതയുമൊത്തുള്ള രതി സുഖം പരമാവധി അനുഭവിക്കുകയും സീതയുടെ അപഹാര കാലത്തു അവളുടെ സംഭോഗ  മാദകത്വം ലക്ഷ്മണനെ വിസ്തരിച്ചു കേൾപ്പിക്കുകയും ചെയ്യുന്ന ശ്രീരാമന് ലങ്കയിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ശേഷം അവൾ സ്വീകാര്യയല്ലാതായിത്തീരുന്നു;  ഗർഭാവസ്ഥയിൽ  അവളെ പ്രജാമധ്യത്തിൽ വീണ്ടും മാനഭംഗപ്പെടുത്തുമ്പോൾ സീത വഞ്ചനയുടെ, ഷണ്ഡദുസ്സംശയത്തിന്റെ വേട്ടമൃഗമായിത്തീരുകയാണ്. ഷണ്ഡത്വം ശരീരമാത്രമല്ല; അത് പ്രജാപാലനത്തിന്റെയും ചെങ്കോലിന്റെയും രാഷ്ട്രീയ ധർമ ഭാഷണമാവുമ്പോഴാണ് ഏറ്റവും ദുസ്സഹമാവുന്നതു. ദശരഥനെയും ധൃതരാഷ്ട്രരെയും പാണ്ഡുവിനേയും ശ്രീരാമനെയും കേന്ദ്രീകരിച്ചുള്ള ധർമ ഭാഷണങ്ങൾ ഷണ്ഡത്വത്തിന്റെ അന്തർദ്ധാരകൾ കൊണ്ട് മലീമസമാക്കപ്പെട്ടിരിക്കുന്നു .അതുകൊണ്ടാണ് വിരഹാനുഷ്ഠാനം അജൻറെ അനുകരണാനുഷ്ഠാനമാണോ എന്ന്  എന്ന് സീത ചോദിക്കുന്നത്. ഒരു കാക്കയോട് (ജയന്തൻ) കയർത്തു കൊണ്ട് യുദ്ധത്തിനിറങ്ങിയ വനും   പെരുംകാനനത്തെ മരുഭൂവാക്കിയവനുമായ വ്യാഘ്രപുരുഷനായ  നീ തന്നെയാണോ നിന്റെ സ്ത്രീയോട് ഇങ്ങനെ ചെയ്തത് എന്ന് ചോദിക്കുന്ന സീത, കാക്കയോടുള്ള കയർപ്പും  വ്യാഘ്രപൗരുഷവും ഒരേ തലത്തിൽ നിബന്ധിക്കുമ്പോൾ അത് രാമബിംബത്തെ തല്ലുന്ന ആക്ഷേപ ഹാസ്യമായിത്തീരുന്നുണ്ട്.. വിടപറയുമ്പോൾ പോലും  അജ പൗത്ര ! എന്ന അഭിസംബോധനയുടെ കുന്തമുന കൊണ്ട് രാമനെ സീത പ്രഹരിക്കുകയും മൃത്യുവിന്റെ വഴി കാണിച്ചു കൊടുത്തു കൊണ്ട്  ഇന്ദുമതിയെ അനുഗമിക്കുന്ന അജൻറെ   വിപരീതം എന്ന നിലയിൽ രാമനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.

ഭാഗം  നാല്

വാല്മീകി രാമായണ പാഠത്തിലേക്കു കടക്കുന്നതിനു മുൻപ് സെക്സ് എങ്ങനെയാണ് രാമായണ രാഷ്ട്രീയത്തെ  ആകെ സംഗ്രഹിക്കുന്ന രൂപകമായിത്തീരുന്നത് എന്നു വെളിപ്പെടുത്താനാണ് ഇമ്പൊട്ടൻസിനെ കേന്ദ്രീകരിക്കുന്ന രാമ ഭരണ ക്രീഡയെ വിവരിച്ചു പോയത് .ദശരഥന്റെ  വന്ധ്യത പുത്രന്മാരിലേക്കു പകരുമ്പോൾ രാമൻമാനസികവും രാഷ്ട്രീയവുമായ  ഊഷരതയെ പ്രജാക്ഷേമതാല്പര്യം കൊണ്ടാണ് മറവു ചെയ്യുന്നത്; സീത ചാരിത്രവതി അല്ല  എന്ന ചിന്ത പ്രജകളുടെ മന:പീഡയ്ക്കു   കാരണമാവുന്നുവെന്നാരോപിച്ചു കൊണ്ടാണ് ശ്രീരാമൻ ഇമ്പൊട്ടൻസിന്റെ ഭരണയന്ത്രം  തിരിക്കുന്നത്; ജനങ്ങൾക്ക് ഉണ്ണാനും ഉടുക്കാനുമുണ്ടോ ശംബൂകന്റെ ശിരസ്സറ്റ ഉടലിനുസുഖംതന്നെയല്ലേ എന്ന ചോദ്യത്തിനു എല്ലാം മനോഹരമായിരിക്കുന്നു സാർ, പക്ഷെ പ്രജകൾക്കു രാജപത്നിയുടെചരിത്രത്തിൽ ആശങ്ക ഉണ്ടാവുക നിമിത്തം ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് വത്സൻമാരായ ചാരന്മാർ റിപ്പോർട്ട് ചെയ്യുന്നത്; പ്രജാക്ഷേമതാല്പര്യം മുൻ നിറുത്തിയാണ്, പിതൃ ഭക്തിയെ, അല്ലെങ്കിൽ പിതൃ ദാസ്യത്തെ മുൻ നിറുത്തിയാണ് സ്ത്രീയെ തുടർച്ചയായി ആക്രമിക്കുന്നത് എന്ന് മഹാരാജാവ് അവകാശപ്പെടുമ്പോൾ കാലത്തിന്റെ മസ്തിഷ്ക വന്ധ്യതയാണ് ഭരണ ഭാരമേൽക്കുന്നതു എന്നൊരു വ്യംഗ്യം അതിലുണ്ട് .ദശരഥന്റെ ശാരീരികമായ ഇമ്പൊട്ടൻസ് ഒരു ബൃഹത്തായ രാഷ്ട്രീയ ധർമ്മമായി മാറുന്നതിന്റെ  ദുരന്തദൃശ്യമായിത്തീ രുകയാണ്  രാമൻ;    രാമന്റെഅർദ്ധഭാഗ മായിനിർമ്മിക്കപ്പെട്ടിരിക്കുന്നലക്ഷ്മണന്റെ കൂടി താങ്ങില്ലാതെ രാമനെ വ്യാഖ്യാനിക്കാനാവില്ല .സീതയുടെ പിന്നാലെകൂടി രാമനെ നിവർത്തിനിർത്തുന്ന ലക്ഷ്മണൻ, കൊട്ടാരക്കെട്ടിലെവിടെയൊചുരുട്ടിയെറിയുന്ന ഊർമ്മിള, ഇമ്പൊട്ടൻസ് ലക്ഷ്മണനിലും    അപ രതിയായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാവാം. നിവർത്തിക്കപ്പെടുന്ന രതിയെക്കാൾ ആസ്വാദ്യക രമാണ് രാജ പത്നിയോടുള്ള ഗുപ്ത രതി, ഭാര്യ അത്ര പോരാ, രാജ പത്നീ സാമീപ്യത്തിൽ നിന്നുകിട്ടുന്ന പ്രച്ഛന്ന രതി സുഖം ഭാര്യാ  സുഖത്തെക്കാൾ ശ്രേയസ്കരമാണ്എന്ന് ലക്ഷ്മണൻ കരുതുന്നുണ്ടോ? മന്ദനായ രാമനെ ഒരു മൂലയ്ക്കിരുത്തിയിട്ടു ഒരു യുദ്ധ കാഹളമായി തുടക്കത്തിലേ പ്രത്യക്ഷപ്പെടുന്ന ലക്ഷ്മണന്റെ സീതാ നുഗായിത്വം  ദശരഥന്റെ, രാമന്റെ ,  രാഷ്ട്രീയ അസാധുത്വത്തിനെതിരെയുള്ള കലാപം കൂടിയാണ്; ഇന്ദുമതിക്കു പിന്നാലെ ഞാനും വരുന്നുവെന്ന് മരണത്തോട് പറയുന്ന അജൻറെ ശബ്ദമാണ് രാമൻ ഒഴിവാക്കാൻ ശ്രമിക്കുന്ന സീതയെഅനുഗമിക്കുന്ന ലക്ഷ്മണൻ .. രാമലക്ഷ്മണന്മാരെ  ഒന്നിപ്പിക്കുന്ന അതിശയ ബലം സീത തന്നെയാണ്   . ഭരണപരമായ ഊഷരതയുടെ അനിവാര്യതയാണ് അല്ലെങ്കിൽ ആവശ്യമാണ് യുദ്ധം.  .യുദ്ധം ആർക്കുവേണ്ടി എന്നുചോദിച്ചാൽ എളുപ്പം ലഭിക്കുന്ന ഉത്തരമാണ് പെണ്ണിനുവേണ്ടി എന്നത്  .പെണ്ണ് യുദ്ധത്തെ രതി സങ്കീർണ്ണതകൊണ്ട് ആസ്വാദ്യകരമാക്കുന്നതോടൊപ്പം   രാഷ്ട്രീയ വന്ധ്യതയുടെ ചാവുനിലങ്ങളെ പിളർക്കുകയും ചെയ്യുന്നു .വാല്മീകിയുടെ രാമായണത്തിൽ ശ്രീരാമ പാട്ടാഭിഷേകം മുടങ്ങുന്നു എന്നുകേട്ടപാടേ ലക്ഷ്മണൻ പിതാവിനും ദൈവത്തിനുമെതിരെ യുദ്ധം പ്രഖ്യാപിക്കുന്നുണ്ടു ; പ്രത്യക്ഷത്തിൽ പെണ്ണ്  അല്ല ഭരണപരമായ ഇമ്പൊട്ടൻസ്ആണ് യുദ്ധപ്രഖ്യാപന ഹേതു .ശൂർപ്പണഖയാണ് യുദ്ധ കാരണംഎന്ന  അദ്ധ്യായം  തുറക്കുന്നതിനു മുൻപ് തന്നെ ഒരു യുദ്ധത്തിന്റെ ഇരമ്പം   ലക്ഷ്മണന്റെ സിരകളിൽ ജ്വലിക്കുന്നു ണ്ടു ; പിതാവിനെയും ഭ്രാതാവിനെയും കൊന്നു രാമനെ രാജാവായി വാഴിക്കുമെന്നു ലക്ഷ്മണൻ പ്രഖ്യാപിക്കുമ്പോൾ യുദ്ധം ആരുടെ ആവശ്യമാണ് എന്നൊരു ചോദ്യം വാല്മീകി ഉന്നയിക്കുന്നുണ്ട് .രാഷ്ട്രീയ വന്ധ്യതാപരിഹാരത്തിനു വേണ്ടി നിലവിളിക്കുന്ന പുരുഷ ഭരണാധികാരിയുടെ അവസാനത്തെ ആശ്രയമാണ് യുദ്ധം .എന്തുകൊണ്ട്  സുമിത്രയുടെ പുത്രനായ  ലക്ഷ്മണൻ കൈകേയിയുടെ  പുത്രനെതിരെകൗസല്യയുടെ പുത്രനു വേണ്ടി വാളെടുക്കുന്നു എന്ന ചോദ്യം വളരെ സങ്കീർണ്ണമാണ്  .അത് സീതാകാന്തനായ രാമനെ രാജാവായിക്കാണാനാഗ്രഹിക്കുന്നഅനുജന്റെ രൗദ്രമാണ് !ഊർമ്മിളയെ വിസ്മരിച്ചു കൊണ്ട്  രാമപത്നീസേവയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന ലക്ഷ്മണന്റെ ആഗ്രഹങ്ങളെ  വാല്മീകി അസാധാരണമായ രചനാകൗശലത്തോടെ  ഗൂഢ സംയമനത്തിൽ അമർത്തുകയാണ്.  .ലക്ഷ്മണന്റെ പോർവിളിയിൽ ഒരു പകുതി  രാമനു ദാസ്യപ്പെടുന്ന   ഉപരിപ്ലവമായ ഷണ്ഡത്വവും മറുപകുതി  സാമ്പ്രദായിക ഭരണവ്യവസ്ഥയെയും  പിതൃ -ദൈവ വിധേയത്വത്തെയും കീഴ്മേൽ മറിക്കുന്ന മാറ്റത്തിന്റെ ഉൾവിളിയു മാണ് .സീത ക്ഷുബ്ധവും നിശ്ശബ്ദവുമായ ആഗ്രഹത്തിന്റെ ഇരമ്പം കൂടിയാണ്   .വാല്മീകിവരയ്ക്കുന്ന  ലക്ഷ്മണ രേഖ  ബാഹ്യാർത്ഥത്തിൽ സീതയ്ക്കുള്ള വിലക്കും അതെ സമയം ലക്ഷ്മണനും സീതയ്ക്കുമിടയിൽ മുറുകുന്ന ആഗ്രഹ പ്രതിരോധത്തിന്റെ അടയാളവുമാണ്  ;ഇത്  വലിയൊരതിർത്തിവരെ രാമായണത്തിന്റെ ഊഷര രാഷ്ട്രീയ ധാർമ്മികതയിൽ പിരിമുറുക്കം   സൃഷ്ടിക്കുന്നുമുണ്ട്. ഒരു യുദ്ധകാഹളമായി പിതാവിനെയും ദൈവത്തെയും വെല്ലുവിളിക്കുന്ന ലക്ഷ്മണൻ ഒരു മൂപ്പിളമതർക്കത്തിന്റെ മധ്യത്തിൽ ഉടവാളെടുക്കുമ്പോൾ യുദ്ധം രാജ്യത്തിന് നൽകുന്ന ശ്രേയസ്സ് എന്ത് എന്ന രാഷ്ട്രീയചോദ്യം അവിടെ ഉദ്ഭവിക്കുന്നു;  ഭരണ വ്യവസ്ഥയുടെ ആത്മവന്ധ്യതയ്ക്കുള്ള പരിഹാരമായിത്തീരുമോ യുദ്ധം എന്നചോദ്യം  ലൈംഗികാഭിമാന പരിണതികളുമായി സമന്വയിക്കുമ്പോൾ  ‘’വാല്മീകി രാമായണം’ ഒരു ഉജ്ജ്വല മാനവ ചരിത്രാഖ്യായിക ആയിത്തീരുന്നു.

Image Not Found

ഇമ്പൊട്ടൻസ്  കേന്ദ്രീകരിച്ചു രാമായണ രാഷ്ടീയത്തെ ആഖ്യാനം ചെയ്യുമ്പോൾ,അതിന്റെ വിപരീതാതിക്രമം എന്ന് പറയാവുന്ന  ഇൻസെസ്റ്റിനും കലാ രൂപകം  എന്നനിലയിൽ  ആധിപത്യ സ്ഥാപനത്തിന്റെ രാഷ്ട്രീയ അപചയത്തെ പ്രസാധനം ചെയ്യാൻ കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും . രഘുവംശ  ചരിത്രത്തിൽ സ്ത്രീ -പുരുഷ ലൈംഗികതയിൽ പ്രണയഛായ പടർത്തുന്ന അജനും ഇന്ദുമതിയും ഒരു മുനമ്പിൽ നിൽക്കുന്നു വെങ്കിൽ മറു മുനമ്പിൽ  രഘുരാജവംശത്തിനു  അന്ത്യം കുറിക്കുന്ന   അഗ്നി വർണ്ണ മഹാരാജൻ രാജയഷ്മാവ്–സിഫിലിസ് – പിടിപെട്ടാണ് മരിക്കുന്നതു .ഒരു മഹാരാജവംശത്തിന്റെ അപചയത്തെആഖ്യാനം ചെയ്യുന്ന രൂപകമായി ഇവിടെയും സെക്സ് പ്രയോഗിക്കപ്പെടുന്നുണ്ട് . ഇമ്പൊട്ടൻസ്   എന്നപോലെ സെൽഫ് കാസ്ട്രേഷനും ,—ഉദാഹരണം ഭീഷ്മ ബ്രഹ്മചര്യത്തിന്റെ(self -castration )ശൗര്യംസാക്ഷാൽക്കരിക്കാനായി അയാൾ അനുജന്മാർക്കുവേണ്ടി കൂട്ടത്തോടെ പിടിച്ചുകൊണ്ടുവന്ന കുമാരികളിൽ ഒരുത്തി,  ഇരയായ പെണ്ണ് ,ശിഖണ്ഡിയായി ജന്മമെടുത്തു,നിന്റെ ബ്രഹ്‌മചര്യ വീര്യം       ശിഖണ്ഡിത്വത്തിന്റെ നിന്റെ തന്നെ മുഖമാണ് എന്ന് പറയുന്നു — ഗംഗാദത്തനെവധിക്കാൻ ആയാളുടെബ്രഹ്മചര്യ ശിഖണ്ഡിത്വത്തിന്റെ ആത്മപ്രതിഛായ തന്നെവേണ്ടിവരുന്നു എന്നു പറയുന്നത് മഹാഭാരതത്തിലെ മഹാവിരുദ്ധോക്തി ആണ്   .ആണുംപെണ്ണുംകെട്ടവനെന്നു   വാല്മീകിയുടെ സീത രാമനെ വിളിക്കുന്നുണ്ട്. രാമായണത്തിൽ കൈകേയിക്ക് പിതാവ് നൽകിയ വാക്കു പാലിക്കാനായാണ് രാമൻ സീതയെ   വെടിഞ്ഞു വനവാസത്തിനു തയ്യാറാവുന്നതെങ്കിൽ (അയാൾ കൈകേയിയുടെ നാവിനെയും .പ്രജകളുട സംശയത്തെയും  ഒരേ പോലെഭയക്കുന്ന കർമ്മ ഭീരുത്വത്തിന്റെ സാക്ഷ്യമാണ്.)ഗംഗാദത്തൻ അയാളുടെപിതാവ് സത്യവതി എന്ന മറ്റൊരു കൈകേയിക്ക് നൽകിയ വാക്കിന്റെ സത്യാഭിമാനം    സംരക്ഷിക്കാനാണ് സെൽഫ്‌ കാസ്‌ട്രേഷൻ പ്രഖ്യാപിക്കുന്നതു! രാഷ്ട്രഭരണാധിപനായ ശന്തനു  മൂത്തപുത്രന് രാജ്യാവകാശം എന്ന രാഷ്ട്രീയ കീഴ്വഴക്കത്തെയും മൂപ്പിളമ മൂല്യത്തെയും  സത്യവതിയെ പ്രാപിക്കുവാൻ വേണ്ടി അടിയറവയ്ക്കുമ്പോൾ, സത്യവതിയുടെ  പരമ്പരയ്ക്കു രാജ്യാവകാശമെന്ന നിബന്ധനയ്ക്കു കീഴടങ്ങുമ്പോൾ, പ്രത്യക്ഷത്തിൽവിഷയാസക്തി കാരണമായി മഹാരാജാവ്  രാഷ്ട്ര പരിപാലന ധാർമികതയെ അസാധുവൽക്കരിക്കയാണ്   . രാഷ്ട്രീയാധികാരം ദൈവദത്തമാണ് എന്ന നീതിവിശ്വാസം രാമായണ –  മഹാഭാരത കാലത്തു വേണ്ടത്രപ്രാബല്യത്തിൽ വന്നിരുന്നില്ല . കുരുക്ഷേത്ര യുദ്ധത്തിൽ അധികാര നിർണയത്തിന്റെ ഇടനിലക്കാരൻമാത്രമാണ്  ഭഗവാൻ;രാമായണത്തിൽ  ദൈവത്തിന്റെ അധികാര നിർണ്ണയം പാർശ്വ വൽക്കരിക്കപ്പെടുന്നുണ്ട്. -ദൈവം രാഷ്ട്രീയാധികാര നിർണ്ണയത്തിൽ ഇടപെട്ടാൽ   ദൈവത്തെ തുലച്ചുകളയും എന്നാണു വാല്മീകിയുടെ ലക്ഷ്മണൻപ്രഖ്യാപിക്കുന്നതു.

പിതാവായ മഹാരഥൻ ഭരണമര്യാദയെയും പിന്തുടർച്ചാവകാശ നിയമത്തിന്റെ തന്നെ ധാർമ്മികതയെയും ഒറ്റുകൊടുക്കുന്നതു   ലൈംഗികാതിക്രമം നടത്തിയെടുക്കുന്നതിനുവേണ്ടിയാണ് .പിതാവിന്റെ ലൈംഗികാതിക്രമഉടമ്പടി നിമിത്തം തനിക്കുണ്ടാകാവുന്ന അധികാരഭ്രംശപ്രതിസന്ധി പരിഹരിക്കാനാണ് മകൻ സ്വന്തംലൈംഗികജീവിതത്തെ തന്നെ വരിഞ്ഞുമുറുക്കി വകവരുത്തുന്നത്.പിതാവിന്റെ ലൈംഗികാതിക്രമത്തെ മകൻ , ആത്മ ലൈംഗിക ധർമ്മ  നിരാസത്തിലൂടെ, പ്രതിസന്ധി രഹിതമാക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഗംഗാദത്തന്റെ ബ്രഹ്മചര്യ വീര്യത്തിനു ഇരയാക്കപ്പെട്ട പെണ്ണ്  നീ ഭുജബലംകൊണ്ടു എന്നെ അപകടപ്പെടുത്തിയത് നിമിത്തം  എന്റെകാമുകൻ എന്നെയുപേക്ഷിച്ചുപോയിരിക്കുന്നു.നിനക്ക്എന്നെ  നിന്റെ സ്ത്രീ ആയി സ്വീകരിക്കാൻ കഴിയുമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ബ്രഹ്മചര്യമഹത്വം   ജനിതക ഇമ്പൊട്ടൻസിനേക്കാൾ കുറ്റകരമാണ് എന്നു സ്ഥാപിക്കുന്നത്. (സമാനമായ കുറ്റാരോപണം ഈസ്കിലസിന്റെ ക്ലിറ്റം നിസ്ട്ര അഗമെംനോനെതിരെയുയർത്തുന്നുണ്ട്: ”നീ നിന്റെ ഭുജബലം കൊണ്ട് എന്റെകാമുകനെ വധിച്ചു എന്നെ നിനക്ക് വിധേയയാക്കി .. എന്റെ മാറിൽ നിന്ന് എന്റെ കുഞ്ഞിനെ പറിച്ചെടുത്തു നിന്റെ യുദ്ധവിജയത്തിനായി ബലികൊടുത്തു”–ക്ലിറ്റമിൻസ്ട്ര,  അഗമെംനോൺ എന്ന വീരനായകനെ ചതിവിൽ കൊല്ലുന്ന ദുഷ്ടകഥാപാത്രമായാണ് പരസ്യപ്പെട്ടുകിടക്കുന്നതു എങ്കിലും പ്രാചീന ഗ്രീസിലെ സ്ത്രീ അവളുടെഇച്ഛയുടെ ശബ്ദം പുറപ്പെടുവിക്കുന്നത് എങ്ങനെയെന്ന് ഈസ്കിലസ് വിശദമാക്കുന്നത്  ക്ലിറ്റംനിസ്ട്രയിലൂടെയാണ് .)

പിതാവായ മഹാരാജാവ് , അയാളുടെ വിഷയാസക്തിക്കു സുഖകരമായ ശമനമുണ്ടാക്കിയ സ്ത്രീക്ക് നൽകിയ വാക്കാൽകരാർ  വിനാശാതീതമാണെന്നു      തീർച്ചപ്പെടുത്താൻവേണ്ടിയാണ്    മൂപ്പുമുറ പ്രകാരം തന്റെ തലയിൽവന്നുവീഴുമായിരുന്ന അധികാരം ഗംഗാദത്തൻ വലിച്ചെറിയുന്നത്. ഇന്ത്യൻ പിതൃ വാഴ്ചാ വ്യവസ്ഥയെ നിശിതമായി കീറുന്ന   വിരുദ്ധോക്തി (irony ) ആണ് ഗംഗാദത്തന്റെ വീരാത്മകമെന്നു വാഴ്ത്തപ്പെടുന്ന ആത്മ വന്ധ്യംകരണ പ്രതിജ്ഞ. പിതാവിനോടുള്ള ഭയംകൊണ്ടല്ല ഭക്തികൊണ്ടാണ് ശ്രീരാമനും ഗംഗാദത്തനും തലയിൽ വന്നു  വീഴുന്ന  അധികാരത്തെ തട്ടിമാറ്റി ആത്മനിരാസത്തിന്റെ വഴി തേടുന്നത് .( ഇത്  ഫ്രോയ്ഡിന്റെ   കാസ്‌ട്രേഷൻ ഭയ സിദ്ധാന്തത്തിന്റെ നേർവിപരീതമാണ് . പിതാവ് തന്നെ കാസ്ട്രേറ്റ്   ചെയ്യുമെന്നഭയം ഗംഗാദത്തനില്ല; പിതൃ ഭക്തികൊണ്ടു അയാൾ സെൽഫ് കാസ്ട്രേഷന് തയ്യാറാവുകയാണ് .പുരുവും  അത് തന്നെയാണ് ചെയ്യുന്നത് .അധികാരത്തിന്റെ  ഒരു പുരുഷായുസ്സുമുഴുവൻ വിഷയാസക്തിയിൽഹോമിച്ച യയാതി വീണ്ടും തന്റെ വിഷയാസക്തമായ അധികാര ജീവിതം തുടരുവാൻ മകനായ പുരുവിന്റെ യൗവ്വനം ഇരന്നു വാങ്ങുകയും പുരു പിതാവിന് തന്റെ യൗവനം ദാനം ചെയ്യുകയും പിതാവിന്റെ വാർദ്ധക്യം തന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയുമാണ് ചെയ്യുന്നത് ; പിതാവിന്റെ അമിതാധികാര ആസക്തിക്കു    ദീർഘായുസ്സുണ്ടാക്കാൻ ആത്മത്യാഗം ചെയ്യുന്ന ഈ യുവാക്കൾ ആണ് ഭാരതീയ പൗരാണിക പാട്രിയാർക്കിയുടെ ആദ്യത്തെ  കുരുതി മൃഗങ്ങൾ ( ഈഡിപ്പസും  ഒസ്വാൾഡും കിഴവന്മാരുടെ ജീവിതവേട്ടയുടെ ഇരകളാണ്; ഈഡിപ്പസിൽ അത് യാദൃച്ഛികവും ഒസ്വാൾഡിൽ അത് ആസൂത്രിതമായ വഞ്ചനയുമാണ് . തന്റെ അധികാര ഭ്രംശത്തിനു കരണക്കാരനായിത്തീരുന്ന പുതുജന്മത്തിന്റെ തലകളന്വേഷിച്ചു  പടയാളികളെ വിന്യസിക്കുന്ന കംസൻ  ഹെരോദ് തുടങ്ങിയഭരണാധികാരികളും യയാതിയും, ദശരഥനും,ശന്തനുവും പുതുജന്മത്തെ, യുവതലമുറയെ ആണ് ഭയക്കുന്നത് .ഇത് ഭരണകൂട രാഷ്ട്രീയത്തിലെ സമസ്യയാണ്… ഇവിടെപുത്രൻമാർനടത്തുന്ന ആത്മനിരാസത്തിനുകാരണം ക്യാസ്ട്രേഷൻ ഫീയർ (ഫ്രോയ്ഡ്) അല്ല .പിതാവിന്റെ   ലോക ബഹുമാനം തിരിച്ചുപിടിച്ചു കുലമഹിമാ പരിത്രാണനം നടത്തുന്നതിന് വേണ്ടിയാണ് രാമൻ സീതയെ വീണ്ടെക്കുന്നതു ;രാവണ സവിധത്തിൽ ഏറെ നാൾ ജീവിച്ച സീതയോടുള്ള താല്പര്യം കൊണ്ടല്ല കുലമഹിമ സ്ഥാപിച്ചെടുക്കാനാണ് മഹായുദ്ധം നടത്തിയത്  എന്ന് വാല്മീകിയുടെ രാമൻ പറയുന്നുണ്ട് .കുലമഹിമയുടെ ദുരന്തപാശത്തിൽ  സ്വയം ഹത്യാ സമാനമായ   പ്രച്ഛന്നജീവിതം നയിക്കുന്നവീര നായകന്മാർ  പിതാവിന്റെ വാക്കിന്റെ വിലയും അതിലടങ്ങുന്ന രാഷ്ട്ര യശസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാൻ ചെയ്ത വീരകൃത്യങ്ങൾ അന്നും   ഇന്നും പ്രഹസനാത്മക ദുരന്തങ്ങൾ തന്നെയാണ് .ഒരിക്കൽ വീരാത്മകമായിവാഴ്ത്തപ്പെടുന്നവ  പിന്നീട് പ്രഹസനാത്മകമായി ചരിത്രത്തിനു പുറത്തേക്കു പോകും എന്ന മാർക്സിന്റെ നിരീക്ഷണം ശരിതന്നെയാണ്. പക്ഷേ ഇന്നിന്റെ വീരാത്മകതയിൽ  നാളെയുടെ പ്രഹസനാത്മകത അമർന്നിരിക്കുന്നു  എന്നൊരു പ്രവചനാത്മക ദർശനം ഇതിഹാസങ്ങളിലുണ്ട്. വാല്മീകിയുടെസീതയുടെ ഭാഷയിൽ പറഞ്ഞാൽ ഹീനന്മാരിൽഹീനരാണ് രാമൻ; ഗംഗാദത്തനും അങ്ങനെതന്നെ. .അതുകൊണ്ടാണ് മഹാത്മജിയുടെ രാമരാജ്യത്തിൽ ചോരചൊരിഞ്ഞു പണിത   രാമ ജന്മഭൂമി ക്ഷേത്രം ചരിത്രത്തിന്റെ ഹൃദയത്തിൽ ഉയർന്ന ഏറ്റവുംഭയാനകവും  രക്തപങ്കിലവുമായ  കോമാളി ഗോപുരമായിത്തീരുന്നത്

രാഷ്ട്ര ഭരണാധികാരം നിർണ്ണയിക്കേണ്ടത് ആര്   എന്ന ചോദ്യത്തിന് മഹാരാജശൂരന്മാരായ  ദശരഥനോ  ശന്തനുവിനോ ന്യായനിഷ്ഠമായ മറുപടി ഇല്ല . അവരുടെ   അസ്തിത്വം കൈകേയിയുടെയും സത്യവതിയുടെയും തൊണ്ടയിൽകുടുങ്ങിക്കിടക്കുകയാണ്  .വാഴ്ച പിതാവിന്റേതാണെങ്കിലും പിൻതുടർച്ചാനിർണ്ണയാവകാശത്തിൽ   ”മാട്രിആർക്കൽ” ഇടപെടൽ ഉണ്ടാവുന്നു ,അത് സത്യവതിയോ കൈകേയിയോ നിർണ്ണയിക്കുന്നു എന്നതാണ് പൗരാണിക    ഇന്ത്യൻ പാട്രിയാർക്കിയിലെഒരു വൈരുദ്ധ്യം .യുവാവിന്റെ  ,അതോടൊപ്പം യുവതിയുടെ, ഇച്ഛ തകർക്കുവാൻ അധികാരനിർണ്ണയത്തിന്റെ ലൈംഗികാവകാശത്തെ ഉപയോഗപ്പെടുത്തുന്ന  മാതാവും പിതാവുമൊന്നുചേരുന്ന ഒരു പാട്രോ-മാട്രിയാർക്കൽ കോംപ്ലക്സ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്.

മഹാഭാരതവും  രാമായണവും രണ്ടു മഹാരാഷ്ട്രീയ യുദ്ധങ്ങളെ   ആവിഷ്കരിക്കുന്ന രാഷ്ട്രീയ കൃതികളാണ്  .അധികാരത്തോടുള്ള  ആദരവും  ആയുധബലവുംകൊണ്ട് ഒരു രാവണനോ ഗംഗാദത്തനോ പെൺകുട്ടികളെ പിടിച്ചുകൊണ്ടു പോവുന്നു .  ബലവാനായ പുരുഷന്റെ അധികാരമുഷ്കിന് നേരിടേണ്ടിവരുന്ന വെല്ലുവിളി  എന്ന നിലയിലാണ് സ്ത്രീ ലൈംഗികത ഈ മഹാകൃതികളിൽ വിന്യസിക്കപ്പെടുന്നത്. വിശേഷിച്ചും മഹാഭാരതത്തിലെ ഇമ്പൊട്ടൻസിന്റെ പരമ്പരയ്ക്കു വ്യത്യസ്ത തലങ്ങളാണുള്ളതു് . ഇവിടെ  ഇമ്പൊട്ടൻസ് കേവലംധൃതരാഷ്ട്രരിലും പാണ്ഡുവിലും ഒതുങ്ങുന്നില്ല. അഞ്ചു ഭർത്താവുള്ള ഒരുത്തിയെ ധർമ്മപുത്രരും വിഖ്യാത വീര പരാക്രമികളായ അനുജന്മാരും ചേർന്ന് ചൂതുകളിക്കു പണയം വയ്ക്കുമ്പോഴാണ് ആണിന്റെ ഇമ്പൊട്ടൻസ് ഭീകരാവസ്ഥയായിത്തീരുന്നത് .മറ്റൊരുത്തൻ  പണയ വസ്തുവായപെണ്ണിനെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ അഴിഞ്ഞു   വീണ മുടിക്കെട്ടു അക്രമിയുടെ രക്തത്തിൽ കുതിർത്തിട്ടു ഉറങ്ങാൻ കിടന്നവളെക്കുറിച്ചു നീളത്തിൽ ഉപന്യസിക്കുന്ന  പി .കെ. ബാലകൃഷ്ണന്റെ ആഖ്യായിക ഒരു മെലോഡ്രാമയാവുന്നതു , പെണ്ണുങ്ങളെ പിടിച്ചുകെട്ടിക്കൊണ്ടുവരുന്ന ഗംഗാദത്തന്റെയോ, പെണ്ണിനെ വച്ച് ചൂതാട്ടം നടത്തുകയും അവൾപൊതുസദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെടുമ്പോൾ അത് കണ്ടുനിൽക്കുന്നഭർത്താക്കന്മാരുടെയോ  ഭീഷ്മ സദസ്സിന്റെയോ ഇമ്പൊട്ടൻസിനേക്കാൾ മലീമസമായ ജീർണ്ണത ദുശ്ശാസനനുണ്ടെന്നു വിശ്വസിച്ച പെണ്ണിന്റെ അബദ്ധ പാണ്ഡവ വിധേയത്വത്തെ പൊലിപ്പിച്ചെടുക്കാൻ ബാലകൃഷ്ണൻ ശ്രമിക്കുന്നതുകൊണ്ടാണ് .വിരുദ്ധോക്തി (പുറമെ പറയുന്നതിനെ പരിഹസിക്കുന്ന വിപരീതാർത്ഥം -irony )യുടെ സങ്കീർണ്ണ സിരാപടലമുള്ള, മിത്തും   യാഥാർഥ്യവും കൂടിക്കുഴയുന്ന, ഒരു കൃതിയെ ഒരു സാമ്പ്രദായിക വായന കൊണ്ട് അളന്നെടുക്കാനാവില്ല… പെണ്ണിന് മേൽ അക്രമം പ്രവർത്തിച്ചു,  ബ്രഹ്മചര്യ മാഹാത്മ്യത്തിനു തുടക്കം കുറിച്ച ഭീഷ്മ മഹാശയൻ യുദ്ധത്തിൽ ആരുടെ പക്ഷത്തു ,എന്തുകൊണ്ട്,എന്നത് മറുപടി ലഭിക്കാത്ത ചോദ്യമാണ്  –അയാളെ”ധർമയുദ്ധ”ത്തിൽ    മരണപ്പെടുത്താൻ അയാളുടെ അക്രമത്തിനു വിധേയയായപെണ്ണ്  ശിഖണ്ഡിയായി പുനർജ്ജനിക്കുന്നതിലെ വിരുദ്ധോക്തി— അഞ്ചുഭർത്താക്കന്മാർ നൽകുന്ന  സുരക്ഷിതത്വത്തിൽ  അഗാധമായി വിശ്വസിച്ചു വിലപിക്കുന്ന  കൃഷ്ണയ്ക്ക്  പ്രശ്‌നമാവണമെന്നില്ല . പുരുഷ ബീജ സ്പർശമില്ലാതെ, പാണ്ഡുവിന് വിശേഷ ദേഹണ്ഡത്തിനു അവസരം നൽകാതെ   അവിഹിതസന്തതി  ഉൾപ്പടെആറു യുദ്ധവീരന്മാരെ   ഉത്പാദിപ്പിച്ചു  ധന്യയായ കുന്തി,   .സ്ത്രീകൾഗർഭം ധരിക്കുന്നതു പുരുഷബീജത്താലാണെന്ന തിരിച്ചറിവ് മാനവകുലത്തിന്   വ്യക്തമായുമുണ്ടാവാത്ത അതിപൂർവസ്‌ഥല കാലങ്ങളെ സംബന്ധിച്ച ചിത്തസംഘാപബോധത്തിലെ ഓർമയുടെ അവക്ഷിപ്തത്തെ( യുങ്)  ഇളക്കിക്കൊണ്ടു വരുകയാണ്; പക്ഷെ അമ്മായി അമ്മയെപോലെതന്നെ ചാരിത്രവതിയായ കൃഷ്ണ   അഞ്ചു ഭർത്താക്കന്മാരും പുരുഷ ബീജ സന്നിധാനങ്ങളാണെന്നു തിരിച്ചറിയുന്നുണ്ട്  .അവളിൽ നിന്നു പ്രണയത്തിന്റെ കല്യാണസൗഗന്ധികം പുഷ്പിക്കുമോ എന്നൊരന്വേഷണവും മഹാഭാരതകാരൻ നിർവഹിക്കുന്നുണ്ട്…. .സ്ഥല കാലവൈരുധ്യങ്ങളുടെ  ബൃഹത്തായ ഒരു ക്യാൻവാസിൽ യുദ്ധവീര്യമൂല്യത്തിന്റെയും സമ്പദ് – അധികാരത്തിന്റെയുംലൈംഗിക ചൂതാട്ടത്തിന്റെയും മുറകൾ മാറിമറിയുന്നതിന്റെ ചിത്രം മഹാഭാരതത്തിലുണ്ട് . പക്ഷെ ദുശ്ശാസനന്റെ ചവിട്ടുനാടകത്തിനു മുൻപിൽ അഞ്ചു ഭർത്താക്കന്മാരും ഷണ്ഡത്വത്തിന്റെ  പടുകൂറ്റൻ  പാഴ്മരങ്ങളും കൂട്ടിക്കൊടുപ്പുകാരുമായി  മാറുകയാണ് ;  ദുശ്ശാസനനും  രാവണനുമെതിരെയുള്ള കുറ്റപത്രമല്ല ഖൽ നായക ക്രൗര്യത്തിൻന്റെ ആഴക്കടൽപര്യവേഷണമല്ല ഇതിഹാസകൃതികളുടെ ദൗത്യം; ആദർശനായകന്മാരായ ഗംഗാദത്തന്റെയും രാമന്റെയും നയവിധികളിൽ പൊതിഞ്ഞു  വച്ചിരിക്കുന്ന പ്രതിനായകത്വപരമായ അപമാനവികതയെ പിളർന്നുകാട്ടുക എന്നതാണ് ഇതിഹാസ കൃതികളുടെ ദൗത്യം; കൃഷ്ണയ്ക്കോ,ഭർത്താവിനെ വാക്കുകൾകൊണ്ട് മുറിച്ചു വയ്ക്കുന്ന സീതയ്ക്ക് പോലുമോ രാമനെക്കാൾ ശ്രേഷ്ഠനല്ല രാവണൻ എന്നോ ഗംഗാദത്തനെക്കാൾ ശ്രേഷ്ഠനല്ല ദുശ്ശാസനൻ എന്നോ  പറഞ്ഞുവയ്ക്കേണ്ടകാര്യമില്ല; എന്നാൽ അധികാരസ്ഥാനിയെ നിർണ്ണയിക്കുന്നത് ലൈംഗിക വിലപേശൽ ആണ് എന്നു,  കൃഷ്ണയ്ക്കും     സീതയ്ക്കുമപ്പുറം അവരുടെ സ്‌ത്രീന്യായത്തിന്റെ   വിരുദ്ധ മുനമ്പിൽ നിന്ന് ഒരു മറുവാക്യം  കൈകേയിയും സത്യവതിയും ചരിത്രത്തിൽ എഴുതിച്ചേർക്കുന്നു.

അധികാര ബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം .ഭരണ കൂടവും ജനങ്ങളും തമ്മിലുള്ള അധികാര ബന്ധംപോലെ ,സ്ത്രീയും പുരുഷനും തമ്മിലുള്ള അധികാരബന്ധവും യുവത്വവും വാർദ്ധക്യവും തമ്മിലുള്ള അധികാരബന്ധവും പ്രശ്നാത്മകങ്ങളായിത്തീരുന്നതും അവ വൻ യുദ്ധങ്ങൾക്കുവഴി ഒരുക്കുന്നതും  ഇതിഹാസ കൃതികളിൽ നാം കാണുന്നു   . ഈ ത്രിതല അധികാരബന്ധങ്ങൾ ഉയർത്തുന്ന പ്രതിസന്ധികൾ മാനവിക ഗുണമൂല്യ പരിവർത്തനത്തിനു ഹേതുക്കളായി ത്തീരുന്നു ”അമ്മ” വാക്കിന് വഴങ്ങി മനശ്ശാസ്ത്രപരമായി  കാസ്‌ട്രേറ്റ് ചെയ്യപ്പെടുന്ന  യുവാക്കന്മാരാണ് ശ്രീരാമനും ഗംഗാദത്തനും; ശന്തനു അമിതവിഷയാസക്തി മൂലം മകന്റെ യുവതയുടെ ഇന്ദ്രിയത്തെ അസാധൂകരിക്കുന്നതിലൂടെ അയാളുടെ മനശ്ശാസ്ത്രപരമായ വന്ധ്യതയാണ് സ്ഥാപിച്ചെടുക്കുന്നതു. ദൈവമല്ല അമ്മസ്ഥാനിയായ സ്ത്രീയാണ് ,സത്യവതിയും കൈകേയിയുമാണ് മഹാഭാരത രാമായണങ്ങളിൽ അധികാരനിർണ്ണയം നടത്തുന്നത്. പിതാക്കന്മാർ മൂപ്പു മൂല്യശ്രേണിയിൽ രണ്ടാമതൊമൂന്നാമതോ അതുമല്ലെങ്കിൽ ശ്രേണിക്ക് പുറത്തോ നിൽക്കുന്ന സ്ത്രീകൾക്ക് നലകിയ വാക്കുകളിൽ കുടുങ്ങിക്കിടക്കുമ്പോൾ പുത്രന്മാർ പിതാക്കന്മാർക്കു വേണ്ടി  നടത്തുന്ന രക്ഷ പ്രവർത്തനമാണ് സീതയെമറികടന്നു കാട്ടിൽപോവാനുള്ള ശ്രീരാമന്റെ തീരുമാനവും ഗംഗാദത്തന്റെ ബ്രഹ്മചര്യപ്രതിജ്ഞയും. ഈ രക്ഷാപ്രവർത്തനത്തിന്റെ ഭ്രൂണത്തിൽ നിന്നാണ്  നിന്നാണ് രണ്ടു ഇതിഹാസങ്ങൾക്കും ജീവൻ  വയ്ക്കുന്നത്

ഭാഗം അഞ്ചു          

ഈഡിപ്പസ് കോംപ്ലക്സ് അബദ്ധജടിലമായ ഒരു സങ്കൽപനമാണെന്നു നൂറാവർത്തി പറയേണ്ടി വരുന്നത് അങ്ങനെയൊരു സങ്കല്പനം എഴുത്തുകാർക്കിടയിൽ അയുക്തികമായ   ആസ്വാദ്യത അനുഭവിക്കുന്നുണ്ട്  എന്നതിനാലാണ്; മാനസ്കികാപഗ്രഥനശാസ്ത്രമണ്ഡലത്തിൽ സ്വാധീനം ചെലുത്തിയ  ഒരു കിടിലൻ മിത്ത് ആണ് അത്. മകന് മാതാവിനോടുണ്ടാവുന്ന താൽപര്യത്തിൽ ലൈംഗികതയുടെ ലുപ്ത ധാരയുണ്ടാവുന്നതും   മകൾക്കു പിതാവിനോടുള്ള  താൽപര്യത്തിൽ ലൈംഗികതയുടെ ലുപ്തധാരയുണ്ടാവുന്നതും സഹോദരന് സഹോദരിയോടും മറിച്ചും തോന്നുന്ന താൽപര്യത്തിൽ ലൈംഗികതയുടെ ലുപ്ത ധാരയുണ്ടാവുന്നതും അവരൊക്കെയും ആണിൻെറയും പെണ്ണിന്റെയും പരിണാമശ്രേണികൾ ആവുന്നത് കൊണ്ടാണ് … ആണിനും പെണ്ണിനുമിടയിൽ ലൈംഗികേതരമായ സ്ഥായീ ബന്ധങ്ങൾ രൂപപ്പെടുന്നതിനുമുമ്പ് ജന്തുവിലുണ്ടായിരുന്ന ലൈംഗികത, നാഗരിക ഘട്ടത്തിൽ എത്തുമ്പോൾ  അധോ ഗർഭങ്ങളിൽ   ഒതുക്കപ്പെടുന്നെങ്കിലും ചില ജീർണ്ണ സന്ദർഭങ്ങളിൽ ലൈംഗികേതര ബന്ധങ്ങളെ അട്ടിമറിച്ചുകൊണ്ട്  ജന്തുപ്രേരണകൾ വ്യവസ്ഥാ പതനത്തിന്റെ ദുരന്ത നിലങ്ങളിലേക്കു ഇടിഞ്ഞിറങ്ങുന്നതിന്റെ ചിത്രീകരണങ്ങൾ കലാകൃതികളിലുണ്ട്; അവിടെ പരസ്പരവിപരീതങ്ങളായ ഇൻസെസ്റ്റും– ഇമ്പൊട്ടൻസും, രാഷ്ട്രീയ സാമൂഹിക അപചയത്തിന്റെ രൂപകങ്ങൾ എന്നനിലയിൽ   ആഴമുള്ള  ദുരന്താനുഭവപകോപനങ്ങളായി കാണപ്പെടുന്നു 

കാമം  ജന്തു സഹജമായ അനിയന്ത്രിത പ്രകൃത മാണ്… അതിനെ ഉപരോധിച്ചു കൊണ്ട് സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിൽ നിന്ന്  അനിവാര്യമായും ഉല്പന്നമാവുന്ന,  കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആണിക്കല്ലുകളാണ് ലൈംഗികേതര സ്ത്രീ പുരുഷ ബന്ധങ്ങൾ. മനുഷ്യൻ നാഗരികതയുടെ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ,  ഭരണ കൂടവും കുടുംബവും, ചരിത്ര പരമായ അനിവാര്യതയും പിന്നീട് സൃഷ്ടിപരമായ ആവശ്യവും ആയിത്തീരുന്നു .അതായത് ലൈംഗികേതരമായ സ്ത്രീപുരുഷ ബന്ധങ്ങൾ — അമ്മയുടെയും അച്ഛന്റെയും  -ലൈംഗികജീവിതംകേന്ദ്രസ്ഥാനത്തു നിൽക്കുന്ന കുടുംബത്തിന് രൂപം നൽകുന്നു .ലൈംഗികേതരവും ലൈംഗികവുമായസ്ത്രീ പുരുഷ  ബന്ധ  സമന്വയം പൊതു മണ്ഡലത്തിലും അംഗീ കരിക്കപ്പെടുന്നു .വിവാഹം അല്ലെങ്കിൽ ദാമ്പത്യം ഒരു വ്യവസ്ഥയായി ആൺപെൺ ബന്ധത്തിന് അതിരുകൾ ഇടുന്നു ;  ദാമ്പത്യം പലപ്പോഴും അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു ബന്ധനമാവുന്നു എന്നത് പോലെ ഇഷ്ടപെട്ട ഇണയോടൊപ്പം  ജീവിക്കുന്നതിനുള്ളസ്വാതന്ത്ര്യവും രക്ഷയുമായിത്തീരുന്നുമുണ്ടു. പ്രാകൃതത്തിൽ  ഏതു പെണ്ണിനും ഏതു ആണിനോടും മറിച്ചും  ഉണ്ടാവുന്ന ആസക്തി കാമത്തിന്റേതുമാത്രമായിരുന്നു ; .കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായതാണു  മനുഷ്യൻ എന്നത് പോലെ, സ്ത്രീപുരുഷ കാമത്തെ തന്നെ ഭേദഗതിചെയ്തു കൊണ്ടുണ്ടായതാണ് കാമേതരമായ സ്ത്രീ പുരുഷ ബന്ധങ്ങൾ. പെണ്ണ് സാമൂഹ്യജീവിതത്തിലൂടെ സ്ത്രീയായും സുഹൃത്തായും അമ്മയായും സഹോദരിയായും  സാമൂഹ്യവൽക്കരിക്കപ്പെടുമ്പോഴും കുടുംബവൽക്കരിക്ക പ്പെടുമ്പോഴും പുരുഷന്റെ  കാമ സംപൂർത്തിക്കുതകുന്ന സഹജീവിക്കുമപ്പുറമുള്ള മൂല്യങ്ങളവൾക്കുലഭിക്കുന്നു .മറിച്ചുപുരുഷനും  ചേർപ്പ് കാള     എന്ന അവസ്ഥയിൽ നിന്ന് വിട്ടുമാറി വൈവിധ്യമാർന്നസാമൂഹ്യ വ്യവഹാരങ്ങളിലൂലൂടെ  പുരുഷനും അച്ഛനും സഹോദരനും  മകനുമൊക്കെയായി മാറിവരുന്നുണ്ട് .ആൺ പെൺ ശരീരങ്ങളിൽ ലൈംഗികേതരമായ മൂല്യങ്ങളുടെ അടരുകൾ പറ്റിച്ചേർന്നു ഉടമ്പിന്റെ തന്നെ ഭാഗമാകുമ്പോൾ ലൈംഗികതയിൽ ഒരു ന്യൂനീകരണ വിഭജനമുണ്ടാവുകയും അത് ലൈംഗികതയുടെ  ഗുണപരമായ തൂക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു .നിർദ്ദിഷ്ടലൈംഗിക പരിധികൾ ഭേദിച്ച് കൊണ്ട് ക്രമവിരുദ്ധമായി ലൈംഗികാനുഭവത്തിനുവേണ്ടിയുള്ള പ്രേരണ ആൺ പെൺ ശരീരങ്ങളിലുണ്ടാവും .ആദികാല പിതൃ വാഴ്ചാവ്യവസ്ഥയിൽ ബഹു ഭാര്യത്വത്തിനും  മാതൃ വാഴ്ച്ചാ വ്യവസ്ഥയിൽ ബഹുഭർതൃത്വത്തിനും ‘സമ്മതി’ ഉണ്ടായിരുന്നതുപിന്നീടുമാറിവരുന്നുണ്ട്  .ആൺപെൺ വേഴ്ചയ്ക്കു അതിൽ ഏർപ്പെടുന്നവരുടെ സമ്മതിമാത്രമാല്ല സാമൂഹ്യമായ സമ്മതികൂടിവേണമെന്ന നിലയിൽ ലൈംഗികത സാമൂഹ്യവൽക്കരിക്കപ്പെടുമ്പോഴാണ് വൈവാഹിക ദാമ്പത്യ സ്ഥാപനം ഉണ്ടായി വരുന്നത് .ലൈംഗികത തീർത്തും ഒരു സ്വകാര്യ പ്രശ്നനമാണെങ്കിലും ലൈംഗിക അരാജകത്വം ഒരു സാമൂഹ്യ  പ്രശ്നമായി   മാറുന്നു എന്നതും വംശവർദ്ധനവിനും പിന്തുടർച്ചാവകാശ നിശ്ചയങ്ങൾക്കും കുടുംബം ആവശ്യമായി വരുന്നുവെന്നതും   ദാമ്പത്യസ്ഥാപന നിർമ്മിതിക്ക് കാരണമായിത്തീരുന്നു .

വിശപ്പ് എന്നതിനെ  പോലെ  കാമത്തെയും  രൂപഭദ്രമാക്കുന്ന രണ്ടു ഘടകടകങ്ങളിൽ ഒന്ന് അളവിന്റേതാണ് .  രണ്ടാമത്തേത്  യദൃച്ഛ (chance ) യുടെയും ഇച്ഛയുടെയും (choice )  വൈരുധ്യമാണ്; പ്രകൃതിയിൽ ഏതോ ഇച്ഛയിൽ നിന്നെന്ന പോലെ, സംഭവിക്കുന്നതൊക്കെയും അനുഭവിക്കുമ്പോൾ, സംഭവിക്കുന്നതെന്തിനും  ലഭിക്കുന്നതെന്തിനും ചില അളവുകൾ വേണ്ടിവരുന്നു. അളവുകൾ അനന്ത (infinite) മായതിനെ  – പരിച്ഛിന്ന ( finite )മാക്കുന്നു   .രൂപഘടനാ ബദ്ധമാക്കുന്നു, ജ്യാമിതിയും-(geometry ). അവയവാനുപാതമിതിയും (symmetry ) കൊണ്ടു വ്യതിരിക്തമാക്കുന്നു . ലൈംഗികവും ലൈംഗികേതരവുമായ സമന്വയ നിർമ്മിതി സംഭവിക്കുമ്പോഴുണ്ടാവുന്ന  കുടുംബത്തിൽ,  ബന്ധങ്ങളുടെ ഒരു symmetry  രൂപ പ്പെടുന്നു

ലൈംഗിക ബന്ധങ്ങൾ യദൃച്ഛ ( chance -casual )സംഭവിക്കുന്നതും ,എന്നാൽ ഇച്ഛയാൽ തെരഞ്ഞെടുക്കപ്പെടുന്നതുമായി(choice ) തീരുന്നുന്നുണ്ട്. ഒരു ഫ്രീലാൻസെർ ആയ പരാശരനോ വിശ്വാമിത്രനോ എല്ലാം യദൃച്ഛയായിരുന്നു .ശകുന്തളയോ വ്യാസനോ  ശിശുവിന്റെ പിൻവിളിയോ  അവർക്കു പ്രശ്നമായിരുന്നില്ല .ശിശുവിന്റെ ജനനം ലൈംഗികതയെ പ്രശ്നാത്മകവും സങ്കീർണ്ണവുമാക്കുന്നതോടെയാണ്‌  പ്രാകൃത അരാജകലൈംഗികതയ്ക്കു രൂപനിഷ്ഠതയുണ്ടാവുന്നതു..ഒന്നും പകരം വേണ്ട ബ്രാഹ്മണന്റെ വിത്ത് മാത്രം മതി എന്ന് പറയുന്ന എഴുത്തച്ഛന്റെ പിറവിക്കഥയിലെ ശാന്തിമുഹൂർത്തതല്പരയായ സ്ത്രീയും,  വേഴ്ചയ്ക്ക് തയ്യാറാവണമെങ്കിൽ എന്റെ മകന് കിരീടാവകാശം നൽകണമെന്ന് ആവശ്യപ്പെടുന്ന  സത്യവതിയും  ദാമ്പത്യ വിലപേശൽ നടത്തുന്ന കൈകേയിയും  പുരുഷനിൽ നിന്ന് ആവശ്യപ്പെടുന്നത് അധികാരമാണ് .എഴുത്തച്ഛൻ കഥയിൽ ബ്രാഹ്മണബീജം   തന്നെ അധികാര ധനമാണു ; സത്യവതിക്കഥയിൽ  അധികാരത്തിനു രാജാധികാര രൂപമുണ്ടാവുന്നു; ഇവിടെ രണ്ടിടത്തും അധികാരം ലൈംഗിക സമ്മതിക്കുള്ള മാനദണ്ഡമായിത്തീരുന്നതും യദൃച്ഛയാ സംഭവിക്കുന്നതിനെ, ചാൻസിനെ, ചോയ്സ് ആയി പരിവർത്തിപ്പിക്കുന്നതും കാണാം. സ്വയം വരത്തിൽ തെരഞ്ഞെടുപ്പിനാധാരം പെണ്ണിന്റെ ഇച്ഛയാണ്, ജനാധിപത്യത്തിലെ സമ്മതിദാനം സമ്മതിദായകന്റെ ഇച്ഛയാണ് എന്ന്പറയുന്നത് പോലെയുള്ള ഒരു ഫലിതമാണ് അത് .ഉദാഹരണം സീതാ സ്വയംവരം തന്നെ .രാമന് സീതയോടോ, ലക്ഷ്മണന് ഊർമ്മിളയോടൊ താല്പര്യമുണ്ടായിട്ടു അവർ തെരഞ്ഞെടുക്കുന്നത്എന്നതിനേക്കാൾ യദൃച്ഛയാ സംഭവിക്കുന്നതാണ്  സ്വയം വരം. ശൈവവിശേഷത്തിന്റെ വില്ലു വിഷ്ണുവിന്റെ അവതാരമായി പിന്നീട് എഴുതപ്പെടുന്ന രാമൻ മുറിക്കുന്നു എന്നതാണ്സ്വയം വരത്തിനു ഹേതു വായിത്തീരുന്നത് .ഇവിടെ ലൈംഗികബന്ധങ്ങൾക്ക് മേൽ സ്വയംവരത്തിന്റെ ഇച്ഛ  ആരോപിക്കുമ്പോൾ തന്നെ ഇച്ഛ യെ രൂപപ്പെടുത്തുന്നത് പുരുഷന്റെ പേശീബലവും ആയോധന സാമ ർത്ഥ്യവും  അധികാര ശക്തിയും ആണ് എന്ന് കാണാം

ഇൻസെസ്റ് കലാകൃതികളുടെ അതി ശക്തമായ രാഷ്ട്രീയ രൂപകമാണെന്നും ഈഡിപ്പസ് , ചോയ്സിൽ നിന്ന് — ഇച്ഛയിൽ നിന്ന്, ചാൻസിലേക്കു യദൃച്ഛവിധിയിലേക്കു മടങ്ങിവീഴുന്ന ഒരു ജന സമൂഹത്തിന്റെ ദുരന്തത്തെയാണ് ആഖ്യാനം ചെയ്യുന്നത് എന്നും നിർദ്ദേശിക്കുമ്പോൾ   സെക്സിന്റെ ചരിത്രപരമായ പരിണാമങ്ങളെ അധികാരം എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന് വിശദീകരിക്കേണ്ടിവരുന്നു .ചാൻസിൽ   നിന്ന്  ചോയ്സിലേക്കുള്ള സ്വാതന്ത്ര്യം എന്ന നിലയിലാണ് പ്രണയം തന്നെ വ്യാഖ്യാനിക്കപ്പെടുന്നതെങ്കിലും സ്ത്രീയോ പുരുഷനോ പ്രണയിക്കപ്പെടുന്നതിനുള്ള പ്രധാന മാനദണ്ഡം  അധികാരം, ആയോധന -ബൗദ്ധിക –അഭിനയ സാമർഥ്യം അഴക് തുടങ്ങിയവയാണ്; അവനോ അവളോ നീതിമാനോ നീതിമതിയോ ആയതു കൊണ്ട് പ്രണയിക്കപ്പെട്ടു എന്ന് നള ദമയന്തി ക്കഥയിലോ കണ്ണകി കോവിലൻ കഥയിലോ എടുത്തു പറയാനാവുകയില്ല; നീതിയുടെ സൗന്ദര്യ ശാസ്ത്രം രൂപപ്പെടുത്താൻ പുറപ്പെടുന്ന   കലാകൃതികൾ സൗന്ദര്യത്തിന്റെ മുൻവിധികളെ തകർത്തുകൊണ്ടു സമുദായ-രാഷ്ട്രീയനീതിയെയും ലൈംഗികനീതിയെയും ചേർത്ത് പിടിച്ചുകൊണ്ടു സൗന്ദര്യത്തിന്റെ അർത്ഥതലത്തെ തിരുത്തി എഴുതുകയാണ്…. പഴകിയരാഷ്ട്രീയ  നീതിബന്ധങ്ങൾ സ്വാർത്ഥവും ചൂഷണാത്മകമാണെന്ന് വെളിപ്പെടുമ്പോൾ നിങ്ങൾ പ്രാകൃത രതിയുടെ  ലൈംഗിക നീതിരാഹിത്യത്തിലേക്കു മടങ്ങി വീണിരിക്കുന്നു എന്ന് എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു .ഈഡിപ്പസിലും രാമായണത്തിലും രാഷ്ടീയ സമുദായത്തിൽ സംഭവിച്ചിരിക്കുന്ന അപചയത്തെ രേഖപ്പെടുത്തുന്ന അതിശക്ത രൂപകമായി പ്രയോഗിക്കപ്പെട്ടിരിക്കുന്നതു ലൈംഗിക നീതിയുടെ വിച്ഛിന്നാവസ്ഥയാണ്; നീതിരഹിതമായ ലൈംഗികാപചയത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ രൂപകങ്ങളായാണ് ഇമ്പൊട്ടൻസും ഇൻസെസ്റ്റും വരയ്ക്കപ്പെടുന്നത്. ആക്രമണ ത്വര ജന്തു വാസനയാണ് . പക്ഷെ നിങ്ങൾ നീതിരഹിതമായി ഒരാളെ ആക്രമിച്ചു കൊല്ലുമ്പോൾ നിങ്ങൾ വന്യമൃ ഗീയതയിലേക്കു തിരിച്ചെത്തുകയാണ്. ലൈംഗികതയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്; അത് ഒരു ജന്തു പ്രേരണയാണ്. നിങ്ങൾ   മനുഷ്യ ലൈംഗിക മണ്ഡലത്തെ ഛിദ്രീകരിച്ചുകൊണ്ടു ഇമ്പൊട്ടൻസിലേക്കോ  ഇൻസെസ്റ്റിലേക്കോ ചിതറിവീഴുമ്പോൾ നിങ്ങൾ വന്യവും മൃഗീയവുമായ ഊഷരതയിലേക്കു ചിതറിവീഴുകയാണ്. ലൈംഗിക നീതിയുടെ പരാജയത്തെ രാഷ്ട്രീയ നീതിയുടെ പരാജയത്തോടു ചേർത്തു പിടിക്കുന്ന കലാപരമായ കർമമാണ് വാല്മീകിയും സോഫോക്ളീസും  നിർവ്വഹിക്കുന്നത്;

ഒന്നാം ലോകമഹായുദ്ധ രാഷ്ട്രീയക്കളത്തിൽ നിന്ന് ടി.എസ്.എലിയട്ടു ഉർവ്വരത തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഊഷര പുരുഷ ഭരണാധികാരിയെ ചിത്രീകരിക്കുന്നുണ്ട്. ഊഷര ഭൂമിയിൽ കിങ്ഫിഷർ പ്രധാന രൂപകമാണെങ്കിലും  കവിതയിൽ ഉടനീളം ലൈംഗികനീതി നിഷേധിക്കപ്പെട്ട പെണ്ണിന്റെ വിലാപം ഭിന്ന സ്ത്രീരൂപങ്ങളിലൂടെ വരയ്ക്കപ്പെടുന്നുന്നുണ്ട് . ലൈംഗികനീതി ഭേദിക്കപ്പെട്ട പെണ്ണിന്റെ വിലാപപരമ്പരയാണ് എലിയട്ടിന്റെ ഊഷരഭൂമി എന്ന് തീർത്തും പറയാവുന്ന തരത്തിൽ രാഷ്ട്രീയ മഹായുദ്ധം അവശേഷിപ്പിച്ചു പോയ ശിഥില   ഖണ്ഡങ്ങളെ   ഒരുമിച്ചു തുന്നിച്ചേർക്കുന്ന നാഡീപടലമായി ലൈംഗികനീതിഭേദനത്തിന്റെ ദുഃഖം, കാവ്യത്തിന്റെ സർവാംഗങ്ങളെയും മുറുകെപ്പിടിച്ചിരിക്കുന്നു .ഇമ്പൊട്ടൻസും രാഷ്ട്രീയ മഹായുദ്ധവും ലൈംഗികനീതി ഭേദനവും ,ജീവിതാവസ്ഥയുടെ സർവ്വ  നാശത്തെ പ്രതിപാദിക്കുന്ന കവിതയിൽ കെട്ടു പിണഞ്ഞു കിടക്കുന്നുഎന്നതിന്റെ കൃത്യമായ ദൃഷ്ടാന്തമാണ് ഈ കാവ്യം;

നീ നീതിമാനായിരുന്നോ എന്നൊരു ചോദ്യം പ്രണയിനികളായ സ്ത്രീകൾ  അധികാരത്തിലെത്തുന്നപുരുഷനോട് ചോദിക്കുന്ന സന്ദർഭങ്ങൾ ഇല്ലാതില്ല  ;അധികാരം  ആസൂത്രിതമായോ പിന്തുടർച്ചാവകാശനിമിത്തമായോ, പിന്തുടർച്ചാവകാകാശം മാനിപുലേറ്റ്   ചെയ്തു സമ്പാദിക്കുന്നതോ  ആയ പുരുഷന്മാരുടെ  നേർക്ക് ലൈംഗിക       നീതിയുടെ  ചോദ്യം ഉയർന്നു വരുന്നുണ്ട്; ആൺ പെൺ  ലൈംഗികപങ്കാളിത്തത്തിനുമപ്പുറമുള്ള , പ്രണയത്തിന്റെ ഇച്ഛ ചരിത്രത്തിൽ രൂപപ്പെടുന്നതിന്റെ ഹൃദയസങ്കടമാണ്  ഞാൻ, ചരിത്രമാണ് എന്നെ അതിനു പ്രേരിപ്പിക്കുന്നത് എന്ന് ദാവീദ് പറയുമ്പോഴാണ് നീ നീതിമാനാണോ എന്ന ചോദ്യം നഥാൻ ഉന്നയിക്കുന്നത് (ആ മനുഷ്യൻ നീ തന്നെ) നീതിമാനല്ലെങ്കിൽ അയാൾ ദൈവവുമല്ല എന്നാണ് മിൽട്ടന്റെ ഈവ് ആദമിനോടു പറയുന്നത്. നീതിമാനല്ലെങ്കിൽ നീ പ്രണയിയോ നീതിമതിയല്ലെങ്കിൽ  നീ പ്രണയിനിയോ അല്ല  എന്നൊരു  നീതി ഭാഷ്യം കൃത്യമായുംചരിത്രത്തിൽ രൂപപ്പെട്ടു വന്നിട്ടുണ്ട് എന്ന് പറയാനാവില്ല  .പ്രണയത്തിന്റെ ലളിതമായ നിർവചനംഇണയോടൊപ്പമുള്ള ലൈംഗിക നീതികേന്ദ്രീകൃതമായ ജീവിത പ്രയത്നം എന്നാണ്.  ലൈംഗിക -ലൈംഗികേതര  ആൺ പെൺ ബന്ധങ്ങളുണ്ടാവുമ്പോഴാണ് ലൈംഗികതയുടെ ഇടം എവിടെ വരെ എന്നും ഇണയോടുള്ള നീതി എങ്ങനെ നിർവ്വഹിക്കാ മെന്നുമുള്ള  ചോദ്യങ്ങളുയരുന്നത്. ഒരു സ്വയംവരം / വിവാഹം ഇണയോട് നീതിചെയ്യുന്നതിനുള്ള അവസരമാവുന്നുണ്ടോ? വിവാഹം ലൈംഗിക നീതിക്കു അവസരമൊരുക്കുന്നുണ്ടോ ? വിവാഹം  ഇണയോടുള്ള ലൈംഗിക നീതിയെ അവ്യക്തമായും അബോധമായും ലക്ഷ്യം വയ്ക്കുന്ന സാമൂഹ്യാനുമതിയുടെ  സമ്പ്രദായങ്ങളാണ്;  ബഹുഭാര്യാത്വ വ്യവസ്ഥയിൽ സാമ്പ്രദായിക ദാമ്പത്യത്തിനുമപ്പുറമുള്ള ലൈംഗിക നീതിയുടെ വിളി കേൾക്കുന്നത് കൊണ്ടാണ് താൻ  ബത്ശെബയെ ആഗ്രഹിക്കുന്നത് എന്നാണ് സി .ജെ .യുടെ ദാവീദ് അവകാശപ്പെടുന്നത്   ;      സ്വന്തം പടത്തലവനെ കൊലയ്ക്കു കൊടുത്തിട്ടു  അയാളുടെ ഭാര്യയെ കൈവശപ്പെടുത്തുന്ന ദാവീദ് , കൊട്ടാരത്തിലെ ദുരാഗ്രഹികളായ ഭാര്യമാരിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുന്ന ആർദ്രത   , കൊലയ്ക്കു കൊടുത്തവന്റെ ഭാര്യയിൽ കാണുന്നുവെന്നും, അതുകൊണ്ടു അവന്റെ ചോരയിലൂടെ  ബത്ശെബയുടെ ശരീരത്തിലേക്ക്  നീന്തിക്കയറുന്നിടത്തു പ്രണയത്തിന്റെ ദുരന്തം ഉത്പത്തിയെടുക്കുന്നുവെന്നുമാണ് വാദിക്കുന്നത് (സി .ജെ . യുടെ ദാവീദ്). ഇവിടെ കൊലയ്ക്കു വയ്ക്കപ്പെട്ട ഊറിയാവിന്  നിഷേധിക്കപ്പെടുന്ന ലൈംഗിക നീതിയിൽ നിന്ന് മറ്റൊരുവന് പ്രണയം സാധ്യമാവുമോ എന്ന ചോദ്യമാണ് നഥാൻ  മുന്നോട്ടു വയ്ക്കുന്നതെങ്കിലും ബഹുഭാര്യാ ദാമ്പത്യത്തെ കീഴ്മേൽ  മറിക്കുന്ന ഇച്ഛയുടെ (choice )പ്രേരണ എന്ന ദുരന്തത്തെ സി.ജെ..യുടെ നാടകം സാക്ഷ്യപ്പെടുത്തുന്നുണ്ട്  ;കുടുംബം  എന്ന സ്ഥാപനത്തെ മുറിച്ചു കൊണ്ടുള്ള ഒരു ലൈംഗിക നീതി നിർവഹണം സാധ്യമാണോ   എന്ന പ്രശ്നമാണ്  സാഷയുടെ,കൊച്ചു മകന്റെ , ശബ്ദത്തിനു  മുന്നിൽ നിന്ന് വിറയ്ക്കുന്ന  അന്നയുടെ ടോൾസ്റ്റോയ്  ഉന്നയിക്കുന്നത് ;ഒരു അമ്മയ്ക്ക് ലൈംഗികനീതിയുടെ പുതിയ സമ്പർക്കങ്ങൾക്കവകാശമുണ്ടോ എന്നതാണ് അവിടത്തെ പ്രശ്നം; ഒരു രാജാവിനെ  കാമക്കോന്തൻ എന്നനിലയിൽ നിർദ്ദയം തൊലിയുരിച്ചുകൊണ്ടാണ് കാളിദാസൻദുഷ്യന്തന്റെ  പ്രണയത്തെ യദൃച്ഛയുടെഅത്യാഹിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി  ചിത്രീകരിക്കുന്നത് ;ബഹുഭാര്യാ ദാമ്പത്യത്തിൽ ശകുന്തളയ്ക്കു കൂടി അംഗത്വം നൽകുന്നു  എന്നതാണ് ദുഷ്യന്ത ഗാന്ധർവത്തിന്റെ  ലൈംഗിക നീതി; ചിന്താവിഷ്ടയായ സീത’യുടെ   ഓർമ്മകളുടെ  ഓരോ മുനമ്പും  അവളുടെ പുരുഷൻ നീതിമാനായിരുന്നില്ല എന്ന ദുരന്തവിമർശനത്തിലാണ് ചെന്നവസാനിക്കുന്നതു .പിതാവിനോട് നീതിചെയ്യുന്നവൻ എന്നഖ്യാതി സമ്പാദിച്ചവനായ രാമനോട്  . ജനാഭിലാഷങ്ങൾക്കും ദുസ്സംശയങ്ങൾക്കും അതെ ക്കാളേറെയും ക്രൂരമായ സ്വന്തംപൗരുഷത്തെ സംബന്ധിക്കുന്ന  ദുസ്സംശയങ്ങൾക്കും അറുതി വരുത്തി നീതിമാൻ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന രാമനോട്  നീ എനിക്ക് സാമൂഹ്യഅഭിമാന നീതിയും ,ലൈംഗികാഭിമാന നീതിയും തന്നില്ല എന്ന് ആശാന്റെ  സീത പറയുന്നുണ്ട്   .മറ്റു ജന്തുക്കൾക്കിടയിൽ ഇല്ലാത്തതും മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ടതുമായ നീതിയെ , ലൈംഗിക ഇണയോടുള്ള നീതി യെ, ലൈംഗികാഭിമാന നീതിയെയാണ് നീ മുറിപ്പെടുത്തിയത് എന്ന് സീത പറയുമ്പോൾ നൈതികമായ  വന്ധ്യത,ഇൻസെസ്റ്റിനേക്കാൾ ഭയാനകമാണ് എന്ന് ആശാന്റെ കവിത  സന്ദേഹിക്കുന്നുണ്ട്  . രാഷ്ട്രനീതി ഭേദനവും ലൈംഗിക നീതിഭേദനവും ചേർത്ത്   വായിക്കപ്പെടുന്നു എന്നതുകൊണ്ടാണ് വാല്മീകി രാമായണത്തിന്റെ ഉടമ്പ് എല്ലാ കാലങ്ങളുടെയും ഹൃദയത്തിൽപിടഞ്ഞു കൊണ്ടിരിക്കുന്നതു . എല്ലാ ജന്തുക്കളിലും ദുഖത്തിന് പഴുതുകളുണ്ട് .എന്നാൽ ലൈംഗികാഭിമാനവ്യഥ മനുഷ്യകുലത്തിന്റേതു  മാത്രമായ  ദുഖമാണ് എന്ന് നിന്ദിതയായ സ്ത്രീ ഭർത്താവിനോട് പറയുമ്പോൾ,ആദുഖഃത്തിന്റെ തീവ്രത അറിയാത്ത  നീ ഒരു മൃഗമാണ്   എന്നൊരർത്ഥം കൂടി മാ നിഷാദാ എന്ന ശബ്ദത്തിൽ   വന്നു പതിക്കുന്നു. രാമൻ നീതിശാലിയായിരുന്നോ ,പെണ്ണിനെ പണയം വച്ച് കൂത്താടുന്ന  അര്ജുനനോ ഭീമനോ നീതിശാലിയായിരുന്നോ എന്നിടത്തുനിന്നാണ് അവർക്കിടയിൽ പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യം ഉണ്ടായിവരുന്നത് … പ്രണയിനി ആയിരുന്ന സ്ത്രീ ശിഖണ്ഡിയുടെ ജന്മമെടുത്തു വന്നു ഭീഷ്മരോട് ചോദിക്കുന്നതും  നീ നീതിമാനാണോ എന്ന ചോദ്യമാണ്.ലോകത്തെ സംഹരിക്കുന്ന ഒരു മഹായുദ്ധത്തിനു കാരണമായ സ്വയം  ഷണ്ഡകാരനായ ഗംഗാദത്തനോട് അവൾ ചോദിക്കുന്ന ചോദ്യംചെന്നലയ്ക്കുന്നതു  പിന്തുടർച്ചയിലെ ഊഷരതയിലാണ് ; അനുജന്മാർക്കു കൊടുക്കുവാവാൻ വേണ്ടി വേണ്ടതിലുമധികം സ്ത്രീകളെ  രാജ്യങ്ങളെഎന്നപോലെ  കീഴടക്കുന്നഷണ്ഡ സമ്രാട്ടിനോടാണ് ; ബ്രഹ്മചര്യത്താൽ ഷണ്ഡത്വ നിഷ്ഠ വച്ച് പുലർത്തുന്ന ഭീഷ്മരുടെ രണ്ടാം മുറയിലെ പിന്തുടർച്ചാശാസ്ത്ര വൈരുധ്യത്തിൽ നിന്നുൽ പ്പന്നമായമഹായുദ്ധത്തിന്റെയും നായകസ്ഥാനത്തു ഗംഗാദത്തൻ നിൽക്കുമ്പോൾ ,ലൈംഗിക നീതി  അപഹരിക്കുന്നതിന്റെ തുടക്കം അയാളായിരുന്നു എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് അംബ, ശിഖണ്ഡിയുടെ രൂപത്തിൽ  അയാൾക്ക് മരണവുമായി എത്തുന്നത്. ഇന്ത്യൻ മിത്തോളജിയിലെ ഗ്രേറ്റ് ഐറണി യായി ഭീഷ്മർ മാറുന്നത് അധികാര ധർമശാസ്ത്രവും –(പിതാവ് സത്യവതിക്കു നൽകിയ അധികാരവാഗ്ദാനം മുതൽ) –  ലൈംഗിക നീതിനിഷേധവും തമ്മിലുള്ള യുദ്ധക്കളത്തിൽ  വച്ചാണ്.അംബയിൽ തുടങ്ങി കൃഷ്ണയിൽ ചെന്ന് നിൽക്കുന്ന ലൈംഗിക വസ്ത്രാക്ഷേപത്തിന്റെ സാക്ഷിയാണ് ഭീഷ്മർ .ഇതിനിടെ  ഏകഭർതൃ ദാമ്പത്യത്തിൽ   പ്രവേശിച്ചു പരപുരുഷശക്തികളിൽ നിന്ന് കുട്ടികൾ ജനിക്കുന്നതിനു മുൻപ് കന്യകയായ കുന്തി കർണ്ണനെ ഈഡിപ്പസിനെ എന്നപോലെ ഉപേക്ഷിക്കുന്നുണ്ട് . ബഹുഭർ തൃത്വ ദാമ്പത്യത്തിലെ ലൈംഗിക നീതി എന്തായിരുന്നു എന്നതിന്റെ സാക്ഷ്യമായിവസ്ത്രാക്ഷേപം  ചെയ്യപ്പെട്ട  കൃഷ്ണനിൽക്കുമ്പോൾ അംബയുടെ ശപഥം രാഷ്ട്ര ധർമ്മനീതിയുടെ വിമർശനമായി  ഉയർന്നു വരുന്നുണ്ട്. ഇണകളിലൊന്നിന്റെ ലൈംഗിക നീതി നിഷേധം ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ ഊഷരതയ്ക്കും പതനത്തി നുമുള്ള  രാഷ്ട്രീയ രൂപകമായി മാറുന്നു എന്നതാണ് പ്രധാനം…

മനുഷ്യന് ലൈംഗികതയുടെ ഒരു നീതിശാസ്ത്രം  ഉൽപ്പാദിപ്പിക്കാനുള്ള പ്രവണത ഉണ്ടാവുന്നത് മനുഷ്യൻ ആനിമാലിററിയിൽ (മൃഗത്വം)  നിന്ന് ഹ്യൂമാനിറ്റി  (മാനവികത)യിലേക്കു യിലേക്കു മാറിവരുന്നതോടെയാണ്.ശിശുക്കളുടെ സംഖ്യാപരമായ ബാഹുല്യവും അനാഥത്വവും നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമായി ത്തീരുന്നതോടെ മാതൃത്വവും പിതൃത്വവും സ്ഥിരീകരിക്കപ്പെടുകയും ലൈംഗികതയ്ക്ക് വിലക്കു കളും അതിരുകളും നിര്ണയിക്കപ്പെടുകയും ചെയ്തു .പ്രജനന  വിരുദ്ധമായ സ്വവർഗ്ഗരതിക്കു തന്നെയും വില ക്കുകളുണ്ടായി .promiscuous   എന്ന് വിശഷിപ്പിക്കപ്പെടുന്ന പ്രാകൃതവും സാർവത്രികവും അപനാഗരികവുമായ രതിക്ക് വിലക്കുകളുണ്ടാവേണ്ടത് മനുഷ്യ രാശിയുടെ ആവശ്യമായി തീർന്നു. സാർവത്രിക  രതി നിരോധം പൊടുന്നനെ ഒറ്റ രാത്രി കൊണ്ടുദിച്ച  വിവേചന രതിശാസ്ത്രമല്ല . കാടത്തത്തിന്റെ ഘട്ടം കഴിഞ്ഞു പ്രാകൃതത്വത്തിന്റെ ഘട്ടമെത്തുമ്പോഴും ഗോത്രങ്ങളുടഞ്ഞു ഭരണകൂട നാഗരികത രൂപപ്പെട്ട ശേഷവും പ്രാകൃതരതിയുടെ സമ്മർദ്ദങ്ങൾ മനുഷ്യ സമുദായത്തിൽ നില നിന്നിരുന്നു .അമ്മയും മകനും അച്ഛനും മകളും തമ്മിലുള്ള രതിക്ക് വിലക്ക് വീണ ശേഷവും ഉടപ്പിറന്നവനും ഉടപ്പിറന്നവളും തമ്മിലുള്ള രതി ദീർഘകാലം നില നിന്നിരുന്നു .തമിഴകത്തെ മാമനാർ കല്യാണവും നമ്മൾ അടുത്ത കാലം വരെ ഓമനിച്ചിരുന്ന മുറപ്പെണ്ണ് സമ്പ്രദായവുമൊക്കെ ചരിത്രത്തിൽ നിന്ന് മാഞ്ഞു പോയ ഇൻസെസ്റ്റിന്റെ ദുർബ്ബലമായ പിന്തുടർച്ചകളാണ് .ഇൻസെസ്റ് നിരോധം   ലൈംഗികേതരമായ ആൺ പെൺ ബന്ധങ്ങൾക്ക് അതിന്റേതായ സൗന്ദര്യ ശാസ്ത്രം രൂപപ്പെടുത്തി.കുടുംബത്തിനുള്ളിലെന്ന പോലെ കുടുംബ  ബാഹ്യമായ സമൂഹത്തിലും ലൈംഗികേതര  ആൺപെൺ ബന്ധങ്ങൾ അനിവാര്യമായിത്തീർന്നു;                 

സർവതന്ത്ര സ്വതന്ത്ര ലൈംഗികതയിൽ   ജനസംഖ്യാപരമായ പെരുപ്പവും ശിശുക്കളുടെ അനാഥത്വവും ഗോത്ര പ്രശ്നങ്ങളാവുന്നുണ്ട്   ലൈംഗികേതരമായി   നിബന്ധിക്കപ്പെട്ടിരിക്കുന്ന ഏതു ബന്ധവും തുടൽ  പൊട്ടിച്ചു ലൈംഗികമായി തീരുന്നിടത്തു പ്രാകൃത രതി (incest)  സംഭവിക്കാം ;അമ്മയും മകനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല മറ്റു ലൈംഗികേതര ബന്ധങ്ങളിലും ഈ അപചയവും (aberration) അതിന്റെ ആഘാത പ്രത്യാഘാതങ്ങളുമുണ്ടാവാം….. അതിൽ അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ മുൻനിറുത്തി ഒരു നിഗ്രഹ താല്പര്യ കഥയും വന്ധ്യംകരണ   ഭയ സിദ്ധാന്തവുമൊക്കെ രൂപപ്പെടുത്തുമ്പോൾപ്രാകൃതരതിക്കു (incest) ചരിത്രപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങളിൽ നിന്നുണ്ടായ അർത്ഥ രാസപരിണാമങ്ങളെ ഉൾക്കൊള്ളാനുള്ള വൈമനസ്യമോ അപ്രാപ്തിയോ ആണ് ഫ്രോയിഡിനെ വികല ചിത്തനാക്കുന്നതു . സ്വാർത്ഥമായ ഒരു സിദ്ധാന്ത നിർമ്മിതിയെ സ്ഥാപിക്കാൻ വേണ്ടി വാശിപിടിക്കുന്ന  ഫ്രോയ്ഡ് ചരിത്രത്തെ വിഴുങ്ങുകയും ഈഡിപ്പസ് -ലെ രാഷ്ട്രീയ നൈതിക സംഘർഷത്തെ തമസ്കരിക്കുകയും ചെയ്യുന്നു ;

ഗോത്രജീവിത കാലത്തുതന്നെ അന്യഗോത്രങ്ങളുമായുള്ള ആൺപെൺ ബന്ധങ്ങൾ (exogamy ) അംഗീകരിച്ചു കൊണ്ടുള്ള  സാമൂഹ്യ മൂലരൂപങ്ങൾ ഉണ്ടായിവരുന്നുണ്ട് . ആൺപെൺ ലൈംഗികബന്ധങ്ങൾ സ്വഗോത്രത്തിൽ നിന്നുമാത്രം അല്ലെങ്കിൽ സ്വകുടുംബത്തിൽ നിന്ന് മാത്രം , എന്ന്  നിഷ്കർഷിക്കുന്ന ഉൾഗോത്രബാന്ധവ (endogamy )ത്തി ലൂടെ  നിലനിൽക്കാനാവില്ല എന്ന് വരുമ്പോഴാണ് അന്യ ഗോത്രങ്ങളിൽ നിന്നോ കുടുംബങ്ങളിൽ നിന്ന്  ബാന്ധവങ്ങൾ  രൂപപ്പെടണം എന്ന നിഷ്കർഷ ഉണ്ടായി വരുന്നത്. ആൺപെൺ ബന്ധങ്ങൾ അന്യ കുടുംബങ്ങളുമായിത്തന്നെയാവണം എന്ന നിലവന്നപ്പോളാണ്  കുടുംബാംഗങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം നിഷിദ്ധമായി തീരുന്നതു .കേരളത്തിലെ കൂട്ട് കുടുംബങ്ങളിലെ മുറപ്പെണ്ണ് മുറച്ചെറുക്കൻ സമ്പ്രദായം പ്രാകൃത രതിയുടെയും (incest )  ഇൻ ബ്രീഡിങ്ങിന്റെയും (ഉൾ രതി) അവശിഷ്ടമായി ഇന്നും  നമ്മുടെ സാമൂഹ്യ ജീവിതത്തിൽ കുടുങ്ങിക്കിടപ്പുണ്ട് ; അതെ സമയം ‘അമ്മ മകൻ ലൈംഗിക ബന്ധം  (-inbreeding)   മഹാപാപമാണെന്നു കണ്ടു കാളയെപ്പോലെ കരയുന്ന ഖസാക്കിലെ രവി, താണ ജാതിക്കാരുമായി ബന്ന്ധപ്പെട്ടു  ബഹിർബാന്ധവങ്ങളിലൂടെ (exogamy) അന്യവർഗ്ഗരതിചൂഷണത്തിന്റെ  ജീർണ്ണ സാമ്രാജ്യം  സൃഷ്ടിക്കുകയും പുല്ലിംഗാധിപത്യ (phallocracy )  വേദാന്തത്തിലൂടെ   നിരാനന്ദത്തിന്റെ ചിരിയിലെത്തിച്ചേരുകയും ചെയ്യുന്നതായി നിരൂപകശ്രേഷ്ഠർ പറയുന്നു .ലൈംഗികനീതി എന്നത് അവിടെ ഒരു പ്രശ്നമേ ആകുന്നില്ല .നിന്റെ ലൈംഗിക ഇണയോട്  നീ നീതി പുലർത്തിയോ എന്ന് ചോദിക്കുവാൻ അവിടെ ആരുമുണ്ടായിവരുന്നില്ല. പ്രാകൃത രതി  (incest)  ഉൾഗോത്ര രതിയുടെ (endogamy ) യുടെ അവ്യവസ്ഥിത  പ്രാകൃത പൂർവ്വകാലമാണ്; പ്രാകൃത രതി  എന്ന് ഇന്ന് നമ്മൾ വ്യവഹരിക്കുന്ന ഇൻസെസ്റ്റിനു  അനുവദനീയമായ ഒരു കാലം പ്രാകൃത കാലത്തുണ്ടായിരുന്നു. കുടുംബത്തിനുള്ളിൽ   തന്നെയുള്ളലൈംഗിക ബന്ധങ്ങൾ കൊണ്ട് കുടുംബത്തിനും ഗോത്രങ്ങൾക്കു തന്നെയുമോ നില നിൽക്കാനാവില്ല എന്ന് വന്നപ്പോഴാണ് ബഹിർ ബാന്ധവം (exogamy) ഒരു ആവശ്യമായിത്തീരുകയും കുടുംബത്തിൽ ”അച്ഛൻ ‘അമ്മ മകൻ മകൾ ‘തുടങ്ങിയ ലൈംഗികേതരമായ ബന്ധങ്ങൾ അനിവാര്യമാണെന്ന നില വന്നു ചേരുകയും ചെയ്തത് .അതോടെ പ്രാകൃത രതി (incest), സ്വവർഗരതിയും അതിൽ ഉൾപ്പെടും , മകൻ അമ്മയെയും അച്ഛൻ മകളെയും സഹോദരൻ സഹോദരിയെയും പ്രാപിക്കുന്നത്— നിഷിദ്ധമാണെന്നു വ്യവസ്ഥ സ്ഥാപിക്കപ്പെടുന്നു. ഒരു വ്യവസ്ഥ ഉണ്ടായിക്കഴിഞ്ഞാൽ അത് ദൈവത്തിന്റെ വാക്കാണെന്നും അതിന്റെ നിഷേധം പാപമാണെന്നുമുള്ള ധാരണ ഗോത്രങ്ങളിൽ അന്ന് സാധാരണമായിരുന്നു ;പ്രോമിസ്ക്യൂറ്റി യുടെ കാലം കഴിയുമ്പോൾ ഉടയവരില്ലാതെ   പെറ്റു വീണു കിടക്കുന്ന കുട്ടികളുടെ കരച്ചിൽ കേൾക്കാതിരിക്കാൻ ആണിനോ പെണ്ണിനോ കഴിയാതെ പോവുകയും, കരയുന്ന കുഞ്ഞിന്റെ ജന്മത്തിനു ഉത്തരവാദികൾ കണ്ടെത്തപ്പെടുകയും ചെയ്യുന്നു.അപ്പോഴാണ് ആണും പെണ്ണും  നരനും നാരിയുമായിത്തീർന്നു മാനവികത രൂപപ്പെടുന്നത്; ഈ ഉത്തരവാദിത്വം ഒരു ധർമ്മമായി  അംഗീകരിക്കപ്പെടുന്നതോടെയാണ്  ശിശുക്കൾ അനന്തമായി കാട്ടുമ്പുറങ്ങളിൽ  കിടന്നു വളരുകയോ മരിക്കുന്ന അവസ്ഥ ഇല്ലാതായിത്തീരുന്നത്ത്; ശിശുക്കൾക്ക് രക്ഷാകർത്തൃത്വമുണ്ടാകാതെ മനുഷ്യസമുദായത്തിനു  മുന്നോട്ട് പോകാൻ കഴിയാത്ത നില ആവശ്യമായി വരുന്നതോടെ കുടുംബം എന്ന സ്ഥാപനം രൂപപ്പെട്ടു വന്നു . ശിശു എന്റെ ആരുമല്ല എന്ന് പറഞ്ഞുകൊണ്ട് അതിനെ ജനിപ്പിച്ചവർക്കു എവിടെയും മറഞ്ഞിരിക്കാൻ കഴിയാത്തവിധത്തിൽ ശിശുക്കളുടെ സംഖ്യ   വളർന്നു വരുകയും ശിശുക്കൾ  ഉച്ചത്തിൽ കരയുകയും കരഞ്ഞുമരിക്കുകയും ചെയ്യന്നത് കണ്ടു നില്ക്കാനാവാത്ത അവസ്ഥ വന്നു ,സമൂഹം കുറേക്കൂടി പരിഷ്കൃതമാവുമ്പോഴും ശിശുക്കളെ ഒഴിവാക്കുകയെന്ന തന്ത്രം സാമൂഹ്യഅപബോധത്തിൽ കുരുങ്ങിക്കിടക്കുന്ന കൊണ്ടാവാം ദൈവപ്രീതിക്കായി ശിശുക്കളെ ബലികൊടുക്കുന്ന അനുഷ്ഠാനം പിന്നീട് വളരെക്കാലവും നിലനിന്നത്; കുടുംബം നിലനിൽക്കണമെങ്കിൽ കുടുംബത്തിൽ ലൈംഗികേതര ബന്ധങ്ങളും വൈകാരികമൂല്യങ്ങളും  അനിവാര്യമാണ് എന്ന് വന്നു. കുടുംബത്തിനുള്ളിലെ ലൈംഗിക തയ്ക്കു അതിർ വരമ്പുകളുണ്ടായി…. ശിശുക്കൾ ഉണ്ടായിവരുമ്പോൾ അവർ കാട്ടിലോ നദിയിലോ  ഉപേക്ഷിക്കപ്പെട്ടു പോവാതെ ആദ്യം ശിശുവിന് മാതാവും പിന്നീട് പിതാവുംഉണ്ടായി വന്നു; തുടർന്ന് സഹോദരനും സഹോദരിയും അമ്മയും അച്ഛനും ആൺകുഞ്ഞിന്റെയും പെണ്കുഞ്ഞിന്റെയും ലൈംഗികേതര വൈകാരിക സ്ഥാനങ്ങളായി .

കുടുംബം ശിശു കേന്ദ്രീകൃതമാവുകയും മാതൃ -ശിശു –പിതൃ ബന്ധങ്ങളുടെ രൂപ ഘടനകൂടാതെ സമൂഹത്തിനുമുന്നോട്ടു പോവാനാവില്ല എന്നൊരവസ്ഥ ഉണ്ടായിവരുകയും ചെയ്യുന്നതോടെയാണ് കുടുംബം മനുഷ്യ സമൂഹത്തിന്റെ ആവശ്യത്തിന്റെ നിയമമായി തീരുന്നതു. പ്രകൃതിയുടെ നിയമമായ പ്രാകൃത ലൈംഗികതയ്ക്ക് (ഇൻസെസ്റ്റിനു) കുടുംബത്തെ ശിഥിലീകരിക്കാനാവും എന്നതുകൊണ്ടാണ് ഇൻസെസ്റ് ഉപരോധിക്കപ്പെടുകയും  അത് മഹാപാപമായിത്തീരുന്ന ഒരു വൈകാരിക കാലം രൂപപ്പെടുകയും ചെയ്യുന്നത് .എല്ലാ ജന്തുജാലങ്ങളിലുംആർക്കും ആരുമായും വേഴ്ചയാവാം എന്ന പ്രാകൃതരതിയുടെ പ്രേരണകളുണ്ട് എങ്കിലും കുടുംബമണ്ഡലത്തിലും സാമൂഹ്യ മണ്ഡലത്തിലും പ്രാകൃത രതിക്ക് ഗുണപരമായ മാറ്റം സംഭവിക്കുകയും ലൈംഗികവും ലൈംഗികേതരവുമായ വികാര പരിണാമങ്ങളുണ്ടാവുകയും ചെയ്യുന്നു. മനുഷ്യൻ ഒരു സാമൂഹ്യജീവിയായിമാറുന്നതോടെ രതിമാത്ര പ്രധാനമായ വീക്ഷണം ദുർബ്ബ ലപ്പെടുകയും   രതി, വിശിഷ്ടവും  ഔചിത്യപൂർണവമായ ഒരു മണ്ഡലമായി ഉൽക്കർഷപ്പെടുകയും അതിനു മാനവിക സൗന്ദര്യാനുഭവത്തിന്റെ നൈതികാന്തരങ്ങളുണ്ടാവുകയും ചെയ്യുന്നു; പ്രകൃതിയുടെ പ്രാകൃത  നിയമങ്ങളെ ആവശ്യങ്ങളുടെ നിയമങ്ങൾക്കു കീഴ്ത്തപ്പെടുത്തി മനുഷ്യൻ രൂപപ്പെടുത്തുന്ന നാഗരികതയുടെ ഭാഗമാണ് ഇത് ;ലൈംഗിക ലൈംഗികേതര ബന്ധങ്ങളുടെ മാനവ കുടുംബവും  അതിന്റെ ഭ്രൂണത്തിൽ നിന്ന് മനുഷ്യൻ രൂപപ്പെടുത്തുന്ന ഭരണകൂടങ്ങളും.

ഫ്രോയ്ഡിന്റെ ഈഡിപ്പസ്  സിദ്ധാന്തം  പ്രാകൃത രതിയെ (ഇൻസെസ്റ്)-നെ സംബന്ധിക്കുന്ന സാമൂഹ്യശാസ്ത്രപരവും ജന്തുശാസ്ത്രപരമവുമായ   അപക്വ വായനയാണ്; ഓരോ ആൺകുട്ടിയും അച്ഛനെ കൊന്നു അമ്മയെ വേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് സി ദ്ധാന്തിക്കുവാൻ  ഫ്രോയ്ഡ് എന്തുകൊണ്ട് ഒരു യവന രാജകുടുംബത്തിന്റെ കഥ സാക്ഷ്യമായി എടുത്തു.  നിർധന കുടുംബത്തിലെ  മകൻ  നിർദ്ധനനായ അച്ഛനെ കൊന്നു അമ്മയെ കൈവശപ്പെടുത്തുന്ന കഥ അദ്ദേഹത്തിന് കണ്ടെത്താൻ കഴിയുമായിരുന്നെന്നെങ്കിൽ അങ്ങനെ ഒരു സിദ്ധാന്തത്തെ സാമാന്യവൽക്കരിക്കാൻ കഴിയുമായിരുന്നു .അധികാരമാണ് ഈഡിപ്പസ് നാടകത്തിലെ പ്രശ്നഹേതു ;  അധികാരയുദ്ധക്കളത്തിൽ ശിശുവിനോടോ , ഹതനായ ഭരണാധികാരിയുടെ പെണ്ണിനോടോ നീതി പുലർത്താൻ കഴിയുമോ എന്നതാണ് ഈഡിപ്പസ് നാടകം ഉന്നയിക്കുന്ന നൈതിക പ്രശ്നം;ഈ പ്രാഥമിക നൈതികപ്രശ്നം ഉൾക്കൊള്ളാനാവാത്ത ഒരാൾ ലൈംഗികതാ മാത്രപ്രധാനമായ ജീവിത നിരീക്ഷണം നടത്തുന്ന ഒരാൾ, അയാൾ ആഗ്രഹിക്കുന്ന മാതൃകയിലുള്ള സിദ്ധാന്തത്തിന്റെ  സാക്ഷ്യമാണ് ഈ പ്രപഞ്ചം എന്ന് സാക്ഷ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അതു  നാടക കലയെ   അപരാധിക്കുന്ന കൃത്യമായിത്തീരുന്നത്.   

ശിശു ലൈംഗികവേഴ്ചയിലേർപ്പെടുന്ന സ്ത്രീപുരുഷന്മാർക്കു തള്ളിക്കളയാനാവാത്ത ബാധ്യതയായി തീർന്നസാഹചചര്യത്തിലാണ് കുഞ്ഞിന് തീറ്റികൊടുക്കേണ്ടേ എന്ന പ്രശ്നം ഉണ്ടായി വരുന്നത് .അതോടൊപ്പം തന്നെ ശിശു കേന്ദ്രീകൃതമായ കുടുംബത്തിൽ സ്വത്തു (പ്രോപ്പർട്ടി)  ആവശ്യമായിത്തീരുന്നതു;   ഗോത്രം ,കുടുംബം .സമൂഹം എന്നതിൽ നിന്ന് രാഷ്ട്രം (state) രൂപപ്പെടുന്ന നാഗരികതയുടെ ഘട്ടത്തിലെ അധികാരത്തിന്റെയും അധികാരവ്യവസ്ഥയുടെയും സാഹചര്യത്തിലാണ് സോഫോ  ക്ളീസ് ഒരു ഈഡിപ്പസ് പ്രതിസന്ധി ആവിഷ്കരിക്കുന്നത് .ഒരു കുടുംബത്തിൽ തന്നെയുള്ള ഇൻ ബ്രീഡിങ്ങിൽ നിന്ന് ഗോത്രപരമായ endogamy-യിലേക്കും അവിടെ നിന്ന് exogamy-യിലേക്കുമാണ് ലൈംഗികതയുടെ ചരിത്രം മുന്നോട്ടു നീങ്ങുന്നത് എങ്കിലും പ്രാകൃതത്വത്തിന്റെ എല്ലാ   ഉൾത്തള്ള ലുകളും   അവയുടെ സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദങ്ങളും മനുഷ്യ ജന്തു ശരീരരത്തെ സംഘർഷ സാന്ദ്രമാക്കുന്നുണ്ട്,സോഫോക്ളീസും , ഏയ്സ്കിലസും  മാത്രമല്ല മഹാഭാരരതവും രാമായണവും സെമിറ്റിക് പ്രമാണങ്ങളുമെല്ലാം  ഇന്ന് നാം പാപമായി എണ്ണുന്ന ലൈംഗിക അപഭ്രംശങ്ങളുടെ ചരിത്രങ്ങൾ വിസ്തരിക്കുന്നുണ്ട് . പ്രാചീന കാവ്യ- നാടക രചയിതാക്കൾ   ഇൻസെസ്റ്റിനെ മാത്രമല്ല ഇമ്പൊട്ടൻസിനെയും മഹാ പാപവും ശാപവുമായി ചിത്രീകരിച്ചിട്ടുണ്ട് .ഇൻസെസ്റ്  പോലെ പൗരാണിക കലാകൃതികളിൽ ആവർത്തിക്കപ്പെടുന്ന മോട്ടിഫ് ആണ് ഇമ്പൊട്ടൻസ്. ദശരഥനും ധൃതരാഷ്ട്രരും പാണ്ഡുവുമെല്ലാം വന്ധ്യന്മാരാവുന്നത്   പോലെതന്നെയുള്ള സങ്കീർണ്ണമായ ഒരുരാഷ്ട്രീയ  പ്രതിസന്ധിയാണ് ഈഡിപ്പസിലെ ഇൻസെസ്റ് നാടകവൽക്കരിക്കുന്നതു .ഇൻസെസ്റ്റിലായാലും ഇമ്പൊട്ടൻസിലായാലും ശിശുവിന്റെ അസാന്നിധ്യമോ പ്രശ്നാത്മകമായ ഉത്പത്തിയോ  തന്നെയാണ് പ്രതിസന്ധികൾക്ക് കാരണമായിത്തീരുന്നത്. പുരാണങ്ങളിലെ ഇമ്പൊട്ടൻസ് എന്നത് പോലെ തന്നെ ഇൻസെസ്റ്റും കാലത്തിന്റെ സ്ഥലത്തിന്റെ രാഷ്ട്രീയ   സാംസ്കാരിക വ്യവസ്ഥയുടെ വിമർശനമായിത്തീരുന്ന കലാരൂപകമാണ് .പൗരാണിക കൃതികളിൽ ആവർത്തിക്കപ്പെടുന്ന ഏതു മോട്ടീഫും സ്ഥല കാലങ്ങളുടെ പരിസ്ഥിതിയുമായി  ബന്ധപ്പെട്ടു തന്നെയാണ് വൈകാരിക സംവേദനം നടത്തുന്നത്; തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ ലൈംഗിക വ്യവഹാര ആഖ്യാനത്തിലൂടെയാണ് എഴുത്തു കാരൻ മാനവികാവസ്ഥയെ  വ്യാഖ്യാനിക്കുന്നത് .അത് ഏതെങ്കിലും ജൈവശാസ്ത്ര പ്രമാണം സ്ഥാപിച്ചെടുക്കാനുള്ള ഉപകരണമായി വെട്ടിച്ചുരുക്കുന്നതു ലൈംഗികമായ അതിവായനയാണ് .ലൈംഗികതയ്ക്ക്  അതിൽ തന്നെ പൂർണ്ണമായ ജന്തു പ്രേരണ എന്നതിൽ   നിന്ന് ഗുണപരമായ മാറ്റമുണ്ടാവുകയും പ്രത്യുല്പാദനധർമവും ശിശു സംരക്ഷണവും ആകസ്മികം എന്നതിൽ നിന്ന് ആവശ്യത്തിന്റെനിയമങ്ങളിലൊന്നായി അതിനെ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട് .  ഒരർത്ഥത്തിൽ പ്രകൃതിപരമായ അനിവാര്യ തയും   അതിനുവിപരീതമായിപൊരുതുന്ന മാനവിക  ഇച്ഛയുടെ  നീതിബോധവും തമ്മിലുള്ള സംഘർഷമാണ് ഈഡിപ്പസിൽ ആവിഷ്ക്കരിക്കപ്പെടുന്നത് ;അരിസ്റ്റോട്ടിലിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രകൃതിയുടെ നിയമങ്ങളും ആവശ്യത്തിന്റെ നിയമങ്ങളും തമ്മിലുള്ള സംഘർഷം.

പസോളിനി ഈഡിപ്പസിന് ചലച്ചിത്രാ ഖ്യാനം നൽകുമ്പോൾ  ടൈർസിയസ്    ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് ; വിധിയെ അതി ലംഘിക്കുന്ന സംഗീതം  നിനക്ക് ഉല്പന്നമാക്കുവാൻ കഴിയുമോ എന്ന്  .എല്ലാ ജന്തുവാസനകളെയും  അധികാരവാസനകളെയും മറികടന്നു പുതിയ കാലത്തിലെത്തുന്ന പസോളിനിയുടെ ഈഡിപ്പസ് ഏഞ്ജെലോയോട് ചോദിക്കുന്നു. ഇവിടെ എന്തെല്ലാമുണ്ട്? പച്ചപ്പാടങ്ങളും   അരുവികളും മരങ്ങളും കാണാം എന്ന് കേൾക്കുമ്പോൾ  ഈഡിപ്പസ് പ്രതിവചിക്കുന്നു എങ്കിൽ എന്റെ കണ്ണുകൾക്ക് പ്രകാശം സംഭവിക്കട്ടെ!  .ഉർവരതയുടെ തരിമ്പുപോലുമില്ലാത്ത ഊഷര ദുരിതങ്ങളുടെ വഴികളിലൂടെ  സഞ്ചരിച്ചു ഉർവ്വരതയുടെ ഭൂമിയയിലെത്തുമ്പോൾ, സ്വയം നഷ്ടപ്പെടുത്തിയ കണ്ണുകളുടെ പ്രകാശം ആവശ്യമായി വരുന്ന ഒരു ജീവിതാവസ്ഥയിലേക്കാണ് പസോളിനിയുടെ ഈഡിപ്പസ് ആഖ്യാനം അവസാനിക്കുന്നത്  അവസാനിക്കുന്നത്. 

പസോളിനി സോഫോക്ളീ സിന്റെ  ഈഡിപ്പസ് എന്നയുവത്വരൂപകത്തെ  ചരിത്രത്തെ പിടിച്ചുലയ്ക്കുന്ന ഉദ്വിഗ്നതയുടെ തീക്ഷ്ണാനുഭവമാക്കുകയാണ്; ഈഡിപ്പസ് -നെ   രാഷ്ട്രീയ സ്ഥാപനവും ലൈംഗിക നീതിയും സാമൂഹ്യാചാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രശ്നസന്ധിയായി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഫ്രോയ്ഡ് ഒരു പ്രാകൃത രതിസിദ്ധാന്തത്തെ സാക്ഷ്യപ്പെടുത്തുവാൻ ഈഡിപ്പസ് നെ ആക്രമിക്കുമ്പോൾ സ്ഫിങ്ക്സും   രാജാവും രാജ്ഞിയും ആചാരാനുഷ്ഠാന വിശ്വാസങ്ങളുമെല്ലാം അടർത്തി മാറ്റി അച്ഛൻ മകൻ ‘അമ്മ എന്ന കുടുംബ  ത്രികോണത്തിലേക്കു  നാടകത്തെ സങ്കോചിപ്പിക്കുകയാണ്. നിഗ്രഹിക്കപ്പെട്ട രാജാവിന്റെ പത്നിയെ  ഇണയായി സ്വീകരിക്കണമെന്ന മനുഷ്യനിർമ്മിതമായ പ്രമാണമാണ്  ഈഡിപ്പസ്നെ ഹതനായ രാജാവിന്റെ പത്നിയുടെ   ഭർതൃ സ്ഥാനത്തെത്തിക്കുന്നതു. അങ്ങനെ ഒരു രാഷ്ട്രീയ പ്രമാണമില്ലാത്തിടത്തു കൊല്ലപ്പെട്ടവന്റെ ഭാര്യയുടെ കിടക്കയിലേക്ക് യുവാവുചെന്നെത്തണമെന്നില്ല. പിതാവിനെ വധിക്കുന്നതും പിതാവ് രാജാവ് ആണെന്നതും യദൃച്ഛയാണ് ; പക്ഷെ നിഗ്രഹിക്കപ്പെട്ട രാജാവിന്റെ പത്നി ഭർതൃ ഘാതകന് വഴങ്ങണമെന്നത് യദൃച്ഛയോ (chance); ഇച്ഛയോ (choice) അല്ല മറിച്ചു രാഷ്ട്ര നീതിയാണ് ;ആ രാഷ്ട്രനീതിയും ഇണകൾക്കവകാശപ്പെട്ട    ലൈംഗിക നീതിയും  തമ്മിലുള്ള വൈരുദ്ധ്യത്തെ തീവ്രവൽക്കരിക്കുന്നതിനുള്ള രചനാതന്ത്രം എന്ന നിലയിലാണ് വധിക്ക പ്പെടുന്നവൻ നിന്റെ അച്ഛനും രാഷ്ട്രനീതി പ്രമാണപ്രകാരംനീ  വരിക്കുന്നതു നിന്റെയമ്മയുമാണെങ്കിൽ  എന്ന പ്രതിസന്ധി  ജേതാവിനെതിരെ ഉയർന്നു വരുന്നത് …പുരാണ ഗ്രീക്കുനാടകങ്ങളിൽ,chorus എന്ന   ശബ്ദിച്ചു കൊണ്ടിരിക്കുന്ന ജനസഞ്ചയമുണ്ട് ; പകർച്ചവ്യാധികളുണ്ട്; പട്ടിണിമരണങ്ങളുണ്ട് . വിധി വിശ്വാസങ്ങളുണ്ട് .രാഷ്ട്രീയ ലൈംഗിക  പ്രമാണങ്ങളുണ്ട് ; ഇതൊക്കെ ചേർന്നതാണ് ഈഡിപ്പസ് ലെ നൈതിക പ്രതിസന്ധി ; അതിൽ നിന്ന് പ്രാകൃത രതിയുടെ ഒരു അടര് ചികഞ്ഞെടുത്തു എല്ലാ പുത്രന്മാരും അച്ഛനെ കൊന്നു അമ്മയുമൊത്തു കിടക്കാൻ ആഗ്രഹിക്കുന്നുവെന്നൊരു മണ്ടൻ  സിദ്ധാന്തം പ്രചരിപ്പിക്കുന്നിടത്തു ഫ്രോയിഡിന് നാടകം മാത്രമല്ല അധികാര രാഷ്ട്രീയ പ്രമാണങ്ങളും ലൈംഗിക ബന്ധപ്രമാണങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ചരിത്രവും ഉൾക്കൊള്ളാനാവില്ല എന്ന് വ്യക്തമാവുകയാണ് .അല്ലാഹുവിൽ വിശ്വസിക്കുന്നത് പോലെ വിഷ്ണുവിൽ വിശ്വസിക്കുന്നത് പോലെ യേശുവിൽ വിശ്വസിക്കുന്നതുപോലെ നിങ്ങൾക്ക് ഈഡിപ്പസ് കോംപ്ലെക്സിലും വിശ്വസിക്കാം. അത് ആധുനിക മനശ്ശാസ്ത്രഅപഗ്രഥനത്തിൽ നിന്നുൽപ്പന്നമായ ഒരുകിടിലൻ  അന്ധവിശ്വാസമാണ്   

ഏതു പുതു പിറവിയും ഭരണാധികാരസ്ഥാനത്തിനു ഭീഷണിയാവുന്നു എന്ന ഭയ ബോധമാണ് നരബലിക്കും പുരാണങ്ങളിലെ ശിശു ഹത്യയ്ക്കും കാരണമായി തീരുന്നതു.ഈഡിപ്പസ്സും     കർണ്ണനും പിറന്നപാടേ തിരസ്കരിക്കപ്പെടുന്നിടത്തും അധികാരവ്യവസ്ഥാ നിഷേധത്തെ സംബന്ധിച്ച  ഈ ഭയമുണ്ട് ; പുതു പിറവികളെ നിഗ്രഹിക്കാൻ ശ്രമിക്കുന്ന   ഭരണാധികാരികൾ ഒരു ചരിത്രനിയമംപോലെ പൗരാണിക കൃതികളിൽ കാണപ്പെടുന്നുണ്ട് .ഹെറോദുരാജാവും കംസനും ശിശു നിഗ്രഹത്തിനു ഉൽക്കണ്ഠപ്പെടുന്നത് ഇതിനുദാഹരണമാണ് ; കൃഷ്ണൻ അമ്മാവനായ കംസനെ കൊല്ലുന്നിടത്തു മാതൃ വാഴ്ചാ വ്യവസ്ഥയുടെ പ്രതിനിധിയായ മാതൃ സഹോദരനാണ് കൊല്ലപ്പെടുന്നത്. ഈ പരിസരത്തിൽ  അമ്മാവനെ കൊന്നു അധികാരം പിടിച്ചെടുത്തു അമ്മായിയെ പ്രാപിക്കാനുള്ള ത്വര എല്ലാ ആൺകുഞ്ഞുങ്ങളിലുമുണ്ട് ,അമ്മായിക്ക് സബ്സ്റ്റിട്യൂട് ആയിട്ടാണ് അമ്മായിയുടെ മകളെ പ്രണയിക്കുന്നത് എന്ന് വേണമെങ്കിൽ ഒരു സിദ്ധാന്തം ഫ്രോയ്ഡിയൻ ശൈലിയിൽ പറഞ്ഞു വയ്ക്കാവുന്നതേയുള്ളൂ.അച്ഛനോ  അമ്മാവനോ അധികാരസ്ഥാനത്തിരിക്കുന്നു എന്നുള്ളതാണ് അച്ഛനും അമ്മാവനും യുവാക്കൾക്ക് ശത്രുക്കളായിത്തീരുന്നത്തിന്റെ രാഷ്ട്രീയ സാഹചര്യം  .അധികാരം എന്നതാണ് ഇവിടത്തെ മുഖ്യ പ്രശ്നം. ഹതനായ അധികാരിയുടെ സ്ത്രീയെ ജേതാവ് അനുഭവിച്ചു കൊള്ളണമെന്നുള്ള ലൈംഗികാനുശാസനമാണ് ഈഡിപ്പസ് നാടകത്തിൽ പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്  .അത് പ്രകൃതിയുടെ നിയമമോ ആവശ്യത്തിന്റെ നിയമോ അല്ല. പിതൃ വാഴ്ചാവ്യവസ്ഥയും മാതൃവാഴ്ചവ്യവസ്ഥയും  തമ്മിലുള്ള അധികാരത്തർക്കത്തിന്റെ ഇടനാഴികൾ ചരിത്രത്തിലുണ്ട്.  പുത്രനെ മറികടന്നു അനന്തരവൻ അധികാര സ്ഥാനത്തെത്തുന്നതിന്റെ ചരിത്രം മാർത്താണ്ഡവർമ്മയിൽ തന്നെയുണ്ട് .ജേതാവായ പുത്രനുമേൽ ഫ്രോയ്ഡ് ആരോപിക്കുന്ന ആഗ്രഹം ജേതാവായ അനന്തരവനുമേലും  ആരോപിക്കാവുന്നതേയുള്ളൂ. കേരളത്തിലേക്ക് പിതൃവാഴ്ച കൊണ്ട് വരുന്ന ബ്രാഹ്മണ ചിഹ്നമായ പരശുരാമൻ  അമ്മയുടെ ജാരനായ രാജാവിനെ വധിച്ചു അധികാരം പിടിച്ചെടുത്ത ശേഷം അമ്മയെ പ്രാപിക്കുകയല്ല അമ്മയെ വധിക്കുകയാണു ചെയ്യുന്നതു; ഫ്രോയ്ഡിന്റെ  അതിലൈംഗികതയുടെ പ്രമാണങ്ങൾ കണ്ടെത്താൻ മിത്തും കലാകൃതികളും പരിശോധിക്കുമ്പോൾ ഫ്രോയ്ഡിയൻവെളിപാടിനെ സാമാന്യവൽക്കരിക്കുക ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇതൊക്കെ പറയേണ്ടിവരുന്നത്; ജീർണ്ണമായ രാഷ്ട്രീയ ഭയ ബോധത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ –അത് കർണ്ണനെയാവാം ഈഡിപ്പസിനെയാവാം- ബോധപൂർവം നഷ്ടപ്പെടുത്തുന്ന ഭരണ സ്ഥാപനം നാട്ടിൽ വറുതിയും പകർച്ചവ്യാധിയും സൃഷ്ടിച്ചു  പൊതു ജീവിതത്തെ ദുരിതാകുലമാക്കുന്നു എന്നത് ഒരു രാഷ്ട്രീയ വിമർശനമാണ്…. ഭരണ സ്ഥാപനം പ്രാകൃത രതിയുടെ അന്തമറ്റ വിഷയാസക്തിയിലേക്കാണ്  രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നതു .അധികാരവ്യവസ്ഥാ  സുരക്ഷയ്ക്കുവേണ്ടിയാണ് കുന്തി കർണ്ണനെ ഒഴുക്കിക്കളയുന്നതു .വിവാഹം എന്ന സാമൂഹ്യ സമ്മതി ലഭിച്ചതിനു ശേഷം അവളെ പ്രാപിക്കാനാവാത്തഭർത്താവുമൊത്തു ജീവിക്കുമ്പോൾ അവൾക്കുണ്ടായ ആൺകുഞ്ഞുങ്ങളുടെ അന്തക സൈന്യത്തിന്റെ നായകസ്ഥാനത്തു  കർണ്ണൻ പ്രത്യക്ഷപ്പെടുന്നുവെന്നതും ഒരു തീവ്രവൈരുദ്ധ്യ പാതം ആണ്.

പ്രാകൃത കാലത്തു (savagery, ഭാഗികമായി barbarism എന്നീ ഘട്ടങ്ങളിൽ) ദുരന്തമല്ലാതിരുന്ന മാതൃ രതിയും പിതൃ ഹത്യയും നാഗരികതയുടെ (civilization) കാലത്തു ഭയാകുലമായ ദുരന്തമായി തിരിച്ചു വരുമ്പോഴുണ്ടാവുന്ന ഹൃദയശൈഥില്യമാണ് നാഗരിക ഭരണസ്ഥാപനത്തിന്റെ ഉൽക്കടവിനാശ വ്യംഗ്യമായി   സോഫോ ക്ളീസ് അവതരിപ്പിക്കുന്നത്; – പ്രാകൃത വന്യ ഗോത്രങ്ങളിൽ  സാധാരണമായിരുന്ന, സ്വാഭാവികമായിരുന്ന പിതൃഹത്യയും മാതൃ വേഴ്ചയും നാഗരികതയുടെ സ്ഥലകാലങ്ങളിലേക്കു ഇടിത്തീ പോലെ വന്നുവീഴുമ്പോഴുണ്ടാവുന്ന ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്നചോദ്യമാണ് സോഫോ ക്ളീസ്  ഉന്നയിക്കുന്നത് ; അതിൽ നിന്നാണ് പകർച്ച വ്യാധിയും വരൾച്ചയും പട്ടിണി മരണങ്ങളുമുണ്ടാവുന്നതു. പ്രാകൃതത്തിൽ സമ്മതമായിരിക്കുന്ന അധികാരനീതിയും ലൈംഗിക നീതിയുമല്ല നാഗരികതയുടേത്. നൈതിക പ്രമാണങ്ങൾ മാറിവരുമ്പോഴും,  ബീജരക്തവും അധികാരതൃഷ്ണയും കൂടിചേർന്നുനടത്തുന്ന ഉപജാപങ്ങൾക്കു അവസാനമുണ്ടാവുന്നില്ല .

ഒസ്വാൾഡിന്റെ പിതാവ്  ന്യൂറോസിഫിലിസിൻറെ രോഗ ബീജ ദാനമാണെന്നു വെളിപ്പെടുത്തിക്കൊണ്ടു  ദയാമയനായ പിതൃ ഭൂതത്തെ തകർക്കുന്ന  ഇബ്സൻ, പിതൃ സ്ഥാപനാധികാര ശ്രേഷ്ഠതയ്ക്കു തീ കൊളുത്തുകയാണ് . എനിക്ക് സൂര്യനെ തരൂ എന്ന് വിലപിച്ചു കൊണ്ട് തകർന്നു വീഴുന്ന ഓസ്വാൾഡ്  പച്ചപ്പാടങ്ങളും അരുവികളും മരങ്ങളും വന്നു നിറയുന്ന ഭൂതലത്തിലെത്തുമ്പോൾ എനിക്ക് കാഴ്ച സംഭവിക്കട്ടെ എന്ന് പറയുന്ന  പസോളിനിയുടെ   ഈഡിപ്പസ് വ്യാഖ്യാനത്തോട് ഒന്നു ചേരുന്നു . ഒനീലിന്റെ മാനോൺ ഭവനം ഫ്യൂഡൽ വാഴ്ച്ചയുടെ ശൈഥില്യ രംഗമായിത്തീരുമ്പോൾ അധികാരദുരാഗ്രഹത്തിന്റെ രക്തവും ഇൻസെസ്റ്റിന്റെ രക്തവുംസംഘർ ഷാത്മകമായി ഇടകലർന്നൊഴുകിയിറങ്ങുന്നതിന്റെ ദുരന്തമാണ് ആഖ്യാനം ചെയ്യപ്പെടുന്നത്;ഇവിടെയൊക്കെയും  ഇൻസെസ്റ് അതിശക്തമായ പ്രാകൃത  ലൈംഗിക രൂപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

നീതിമാനായ ദാവീദ് ആരാണ് ആ കൊടിയ കുറ്റകൃത്യം ചെയ്തത് എന്ന് രോഷാകുലനായി ചോദിക്കുമ്പോൾ ആ പാതകം ചെയ്തത് നീതന്നെ എന്ന് നഥാൻ പറയുന്നു .പസോളിനിയുടെ ഈഡിപ്പസ്  ഹതനായരാജാവിന്റെ പത്നിയെ സ്വീകരിക്കുന്നത് സ്വാഭാവികമായ രാജനീതി എന്ന നിലയിലാണ്;ഹതനായ രാജാവിന്റെ പ്രജകളാണ് ഈഡിപ്പസ് -നെ  കണ്ടെത്തി നവരാജാവായി അവരോധിക്കുന്നതു.  പക്ഷെ ആരോ ചെയ്ത കൊടും പാതകത്തിന്റെ  ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത് എന്ന് വചനമുണ്ടാവുമ്പോൾ  ആ കൊടും  പാതകിയെ കണ്ടെത്താൻ ഈഡിപ്പസ് മുഴുവൻ ഭരണ  സങ്കേതങ്ങളുമുപയോഗിക്കുന്നു ; അതിതീവ്രമായ അന്വേഷണത്തിന്റെ ഒടുവിലാണ് ആ പാതകി  താൻ തന്നെയാണ് എന്ന അറിവ് അയാളെ തകർക്കുന്നത്. അജ്ഞത ആരുടെ കാഴ്ച ശക്തിയെ ആണ് നശിപ്പിച്ചത്?. ദാവീദ് എല്ലാമറിഞ്ഞിരുന്നു. എന്നാൽ ഈഡിപ്പസ് ഒന്നുമറിഞ്ഞിരുന്നില്ല. ദാവീദ് പ്രണയത്തിന്റെ ആദ്യലിഖിതം കുറിക്കാനാണ് ഹിത്യനായ ഊറിയാവിനെ വധിച്ചു  ഊറിയാവിന്റെ പത്നിയിൽ പ്രവേശിക്കാൻ തയ്യാറാവുന്നത്;മൊണാർക്കിയുടെ –രാജഭരണ വ്യവസ്ഥയിൽ  ജേതാവായ ഭരണാധികാരി സ്വയം  നിർമ്മിച്ച നിയമമാവാം ഹതനായരാജാവിന്റെ പത്നി തന്റെ ഭാര്യയായി ക്കൊള്ളണമെന്നത് ;പിന്നീട്   അത് രാഷ്ട്ര ഭരണനീതിയാവുന്നു; സ്ത്രീകൾ രാജ്ഞിമാർ ഒരുസ്വഭാവിക നീതിയായിപിൽക്കാലത്തു അതിനെ  സ്വീകരിക്കുന്നുവെങ്കിലും സ്ത്രീ പക്ഷത്തു നിന്നുനോക്കുമ്പോഴും ഹതനായ രാജാവിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴും അതിനെസുഖകരമായ  സ്വാഭാവിക നീതിയായി ഉൾക്കൊള്ളാൻ  കഴിയുകയില്ല. ഒരു ഗെർട്രൂഡോ ഹെരോദ്യയോ ഭർതൃ സഹോദരനോടൊപ്പം ഉപജാപം നടത്തി ഭർത്താവിനെ വധിച്ചശേഷം കിരീടാവകാശിക്കൊപ്പം ശയിക്കുന്നത്  തികച്ചും സ്വാഭാവികമാണ്; എന്നാൽ വീര ശൂര പരാക്രമിയായ ഒരുവൻ വന്നു തന്നെ പിടിച്ചു കെട്ടിക്കൊണ്ടു പോവുമ്പോൾ അയാൾ പറയുന്നവന്റെ ഭാര്യയായിരിക്കാൻ അംബ വിസമ്മതിക്കുന്നു   .തന്റെ കാമുകനെ കൊലപ്പെടുത്തുന്നവന്റെ ഭാര്യയാവുക  എന്ന രാഷ്ട്രീയനീതിക്കുവഴങ്ങി അയാളുടെ ഭാര്യയായിരുന്നുകൊണ്ടു തന്നെ ക്ലിറ്റെംനെസ്ട്രാ വീരനായ ഭർത്താവിനെ ക്രൂരമായി വഞ്ചിച്ചു  പകവീട്ടുന്നു; ഹതനായ രാജാവ് അല്ലെങ്കിൽ യോദ്ധാവ് വധിക്കപ്പെട്ട ശേഷം അയാളുടെ പത്നി  എന്ത് ചെയ്യണം എന്നത്  ലൈംഗികനീതിയെ സംബന്ധിച്ച  വിഷമ സന്ധിയാണ്. ഉടന്തടിചാട്ടം ഒരു  ഇന്ത്യൻ പരിഹാരമായിരുന്നു;  ഭർതൃ ഘാതകനായജേതാവുമൊത്തു, വധിക്കപ്പെട്ട രാജാവിന്റെ ഭാര്യയ്ക്ക് ശയിക്കാവുന്നതാണു  എന്ന് നിശ്ചയിക്കുന്ന രാഷ്ട്രീയ നീതിയിൽ കൊല പാതകത്തിന്റെ ചോരയും ലൈംഗികതയുടെ ബീജസ്രവവും ഒന്നു ചേരുന്നുഎന്ന ദുരന്തത്തിലേക്കാണ് സോഫോക്ളീസ് വിരൽ ചൂണ്ടുന്നത്   .ജേതാവിന്റെ സ്ഥാനത്തു വരുന്ന ആണിന്റെ  വന്യമായ അധികാരക്കാമവും       അയാളുടെ ഭാര്യയായി പടം പൊഴിച്ച് വരുന്ന സ്ത്രീയുടെ ഉടലും    തമ്മിലുള്ള വേഴ്ച്ചയിൽ ലൈംഗികനീതി ആഴത്തിൽ ഭേദ്യം ചെയ്യപ്പെടുന്നു എന്നത് സാമൂഹ്യ  രാഷ്ട്രീയാപബോധത്തിന്റെ അന്ധകാരത്തിൽ നിന്ന്  പുറത്തേയ്ക്കു തള്ളുന്ന ഭയാനകമായ ഭരണനീതി ഖണ്ഡനമാണ് ;ജേതാവിന്റെ സ്ഥാനത്തു പുത്രനും    വധിക്കപ്പെടുന്നവന്റെ സ്ഥാനത്തു പിതാവുംവരാതിരിക്കുന്നിടത്തോളം  ഭർതൃ ഘാതകനുമൊത്തു  കിടപ്പറയിലേക്ക് പോകുന്ന രാജ്ഞി പൊതു സമ്മതി ലഭിച്ച ഭരണനീതിയായിരുന്നു; ബലവാന്റെ സ്ത്രീജിതത്വം ഭദ്രമായ ഭരണ നീതിയായിരുന്നു; അതിൽ ഇൻസെസ്റ്റിനു തുല്യമായ  ഹൃദയ ഭേദകമായ താഴ്ചകളുണ്ട് എന്ന് പേഗനിസത്തിന്റെ കാലത്തു തന്നെസന്ദേഹങ്ങളുണ്ടായിരുന്നു എന്നാണ് സോഫോ ക്ളീസിന്റെ നാടകം സാക്ഷ്യപ്പെടുത്തുന്നത് .ജേതാവിന്റെ സ്ഥാനത്തു പുത്രനും വധിക്കപ്പെടുന്നവന്റെ  സ്ഥാനത്തു പിതാവും വന്നു വീഴുമ്പോൾ ജേതാവിനു അവകാശപ്പെട്ടവളാണ് സ്ത്രീ എന്ന ഭരണനീതി , ബലവാനിൽ നിന്ന് മധുരമുണ്ടാവുന്നുവെന്ന സൗന്ദര്യ പ്രമാണം ഇൻസെസ്റ്റിനോളം ഹൃദയ ശൂന്യമാണ് എന്ന് വരുന്നു ; മാത്രവുമല്ല സ്ത്രീ എന്നപോലെ നവജാതശിശുവും ഭരണ കൂടത്തിന്റെ ബലിമൃഗമാണ് എന്ന യാഥാർത്ഥ്യവും നാടകത്തിന്റെ ചരിത്രമണ്ഡലത്തെ സംഘർഷഭരിതമാക്കുന്നു .ഭരണനീതിയിൽ അമർന്നിരിക്കുന്ന  ദുരാഗ്രഹം ജനജീവിതം ദുസ്സഹമാക്കുന്ന രാഷ്ട്രീയ പരിസരം കൂടിയാണ് എന്ന് സമർത്ഥി ക്കുന്നതിന് ഇൻസെസ്റ്റിനെ ഉള്ളു കാളുന്ന ഒരു രൂപകമായി പ്രയോജനപ്പെടുത്താനും സോഫോക്ളീസിനു കഴിയുന്നുണ്ട്; നാടകത്തിന്റെ സംഘർഷ തിക്തമായ ചരിത്രമണ്ഡലത്തിൽ   ഫ്രോയ്ഡിന്റെ സിദ്ധാന്തത്തിനു നുഴഞ്ഞു കയറാൻ ഇടമുണ്ട്എന്നവാദം നിലനിൽക്കത്തക്കതല്ല ; പ്രാകൃതത്വത്തിൽ നിന്ന് പേഗൻ ഭരണ നാഗരികതയുടെ മണ്ഡലത്തിലേക്ക് ഇൻസെസ്റ്റിനെ കടത്തിക്കൊണ്ടു വരുമ്പോൾ സമകാലീനമായ ഭരണ നീതിയിൽ പ്രാകൃതത്വത്തിന്റെതന്നെ ഭയാനകമായ  അനാശാസ്യതകളുണ്ട് എന്നാണ് നാടകം ധ്വനിപ്പിക്കുന്നതു.

ഭാഗം ആറു

മിത്തോളജിയിലോ മിത്തിലോ പൗരാണിക കലാകൃതിയിലോ ഒക്കെ ചരിത്രം പ്രതിഫലിക്കുന്നുണ്ട് എന്നതിനാൽ impotence-ഉം  incest-ഉം ലൈംഗികാഖ്യാനങ്ങൾ എന്ന നിലയിൽ വ്യത്യസ്ത ഭരണാധികാര നാഗരികതകളുടെ അപചയ പ്രതിസന്ധികളെയും മാറ്റത്തിന്റെ കാഴ്ചകളെയും നിർദ്ദേശിക്കുന്ന വ്യംഗ്യ പ്രത്യയങ്ങളായി — tropes- ആയി മാറുന്നുണ്ട് എന്ന് സൂചിപ്പിച്ചു കഴിഞ്ഞു

ഈഡിപ്പസ്സിലെ അപകർമ്മ രതി പ്രത്യയം രാജകീയ ദാമ്പത്യ ദുരന്തപാശത്തിനെതിരെയുള്ള ആക്രമണം എന്ന നിലയിലാണ് സോഫോക്‌ളീസ്  ആഖ്യാനം ചെയ്യുന്നത്. ഒരുവൻ മറ്റൊരുവനെ കൊന്നു രാജാവായാൽ വധ്യന്റെ പത്നി, പിടിച്ചെടുത്ത രാജ്യത്തോടൊപ്പം വിജയിക്ക് സമ്മാനിതമാവുന്ന   ട്രോഫി ആയിത്തീരുന്നു; പെണ്ണ് (ധനകാര്യ തുല്യമായ-cash prize പോലെ)  ട്രോഫി ആയിത്തീരുന്നതിന്റെ ദുരന്ത വ്യംഗ്യ പ്രത്യയത്തിലാണ് സോഫോക്‌ളീസ്  ദാമ്പത്യമൂല്യത്തിന്റെ ഹൃദയ ഭേദനം കണ്ടെത്തുന്നത്  ;ഇന്ത്യൻ മിത്തുകളിൽ സ്വയവരം എന്ന ദൃശ്യ കലാ സമ്പ്രദായത്തിൽ (വ്യർത്ഥ ഫലിതമാണെന്നിരിക്കിലും)  സ്ത്രീഅവളുടെ ഇച്ഛ അനുസരിച്ചു പുരുഷനെതിരഞ്ഞെടുക്കുന്നു എന്നു ഒരു ഉൽപ്രേക്ഷയുണ്ട്. രാമൻ വില്ലൊടിക്കുമ്പോൾ കുമാരന്റെ പേശീ ബലത്തിനോ  വീര മാനസത്തിനോ  കിട്ടുന്ന ട്രോഫി ആണ് സീത എന്നുള്ളത് കൊണ്ടാണ് ഞാൻ നിങ്ങളുടെ ആരാണ് നിങ്ങൾ എനിക്ക് കല്പിച്ചിരിക്കുന്നു അർത്ഥമെന്താണ് എന്ന ഒരു ചോദ്യം ദാമ്പത്യ കാലത്തു  കുമാരനാശാന്റെ  സീതയുടെ ഓരോ വാക്കിലും വരിയിലും നിഴൽ യുദ്ധം നടത്തുന്നത്; മറിച്ചു  വാല്മീകിയുടെ സീത,ഉരച്ചു മുന കൂർപ്പിക്കാത്ത  ഭാഷയുടെ പരുഷമായ കല്ലുകളാണ്  ശ്രീരാമനു നേർക്കു  വലിച്ചെറിയുന്നത് (ഉദാ: ഹീനരിൽ ഹീനൻ ; ആണും പെണ്ണുമല്ലാത്തോൻ)  രാജാക്കന്മാരുടെ വില്ലുകുലയ്ക്കൽ ടൂർണമെന്റിൽ പങ്കെടുത്തു രാമൻ സദസ്യരെ ഞെട്ടിച്ചതിൽ സംപ്രീതനായി  ജനകൻ സ്വയംവരത്തെ ഒരു  ഫുൾ  മാട്രിമോണി പാക്കേജ് ആയി വി കസിപ്പിച്ചു; അനുജത്തിമാരെക്കൂടി രാമന്റെ അനുജന്മാർക്കുള്ള ട്രോഫികളായി പ്രഖ്യാപിച്ചു ! അമ്പെയ്ത്ത് ടൂർണമെന്റിൽ പക്ഷിയുടെ കറങ്ങുന്ന കണ്ണ് മുറിച്ചു വിജയി ആകുന്ന അർജ്ജുനന്   സമ്മാനിതമാവുന്ന ട്രോഫി യും ഒരുത്തിയെ അഞ്ചാൾ ചേർന്ന് പങ്കു വയ്ക്കുന്ന മാട്രിമോണി പാക്കേജായി യായി മാറുന്നുണ്ട് .പ്രാചീനമായ അധികാര രാഷ്ട്രീയ വ്യവസ്ഥയിൽ ബഹു ഭാര്യാത്വവും ബഹു ഭർത്തൃത്വവും അനന്തരാവകാശികളെ സംബന്ധിച്ചുള്ള സങ്കീർണ്ണ പ്രശ്നങ്ങൾ രൂപപ്പെടുത്തുമ്പോൾ തന്നെ  വില പേശൽ വൈഭവവും ബ്ലാക്ക് മെയിലിംഗ് സാമർഥ്യവും (ഇന്നത്തെ മി ടൂ പോലെ –മഹാഭാരത ശാകുന്തളത്തിൽ വർഷങ്ങൾക്കുശേഷം സർവ്വ ദമനനെയും   കൈക്കു   പിടിച്ചു കൊണ്ട്  ശകുന്തള ദുഷ്യന്തനോട് അവകാശം/ നഷ്ടപരിഹാരം ആവശ്യ പ്പെടുന്നിടത്തു ഒരു മി ടൂ ബ്ലാക്ക് മെയിലിംഗിന്റെ ആദിരൂപ പ്രതി ഛായ ഉണ്ട്; കാളിദാസ ശകുന്തള അനുഭവിക്കുന്ന ദീർഘകാല ”trauma”, ഇതിഹാസോപാഖ്യായികയിലെ ശകുന്തളയ്ക്കന്യമായതു കൊണ്ടാണ് ഭാരത ശകുന്തളയെ അപേക്ഷിച്ചു കാളിദാസ നാടകത്തിലെ  രഹസ്യ ഭാര്യ താരതമ്യതലത്തിൽ ദുർബ്ബലയും ഗർഭിണിയുമാണ്എന്ന് മുണ്ടശ്ശേരിപറയുന്നതു) രാജകീയ പശ്ചാത്തലമില്ലാത്ത സ്ത്രീക്ക് യുദ്ധവീരന്റെ ഭാര്യാസമുച്ചയത്തിലുള്ള സ്ഥാനം ഒരിഴജന്തുവിന്റേതായിരുന്നു എന്നറിയുന്ന ആശ്രമവാസികൾ  ,  ശകുന്തളയ്ക്കു ഭാര്യമാരി ലൊരുത്തിയായി കൊട്ടാരത്തിൽ ഒരിടം ലഭിക്കുമെന്ന ആഗ്രഹത്തോടെയാണ്   ഗർഭിണിയായ ശകുന്തളയുമായി കാളിദാസ ദുഷ്യന്തന്റെ  രാജസദസ്സിലേക്ക്‌ചെല്ലുന്നതു;  അർജ്ജുനൻ ദ്രൗപദിക്കേറ്റവും അഭിമതനായ ഭർത്താവായിരിക്കുമ്പോൾ തന്നെ, സ്വയംവരക്കുരുക്കിൽപ്പെടാതെ   അപഹരിച്ചു കൊണ്ടു വന്നസുഭദ്രയ്ക്കാണ് ഏറ്റവും പ്രിയപ്പെട്ട ഭാര്യ എന്ന പരിഗണന വില്ലാളിവീരൻ നൽകിയത്  .സ്ത്രീകൾ കളിപ്പാവകളോ( പാവയോ ഞാൻ ,എന്ന് ആശാന്റെ സീത) അധികാരകചൂതാട്ട പ്രണയ വസ്തുക്കളോ , ആയുധ വിദ്യാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളോ ആയിത്തീരുകയും അതെ സമയം അവർ പുരുഷനുമൊത്തു ശയനം നടത്തി സന്തത്യുത്പാദനം നടത്തുകയും ചെയ്യുന്നു,

പൗരാണിക  ഗ്രീസിൽ വധ്യനായ രാജ്യാധികാരിയുടെ  വിധവ അവളുടെ വൈധവ്യത്തെ, ഭർതൃ ഘാതകന്റെ മണിയറയാക്കിത്തീർക്കണമെന്ന  രാഷ്ട്രീയ നിയമം ആചരിക്കപ്പെട്ടു പോന്നിരുന്നത് ഇതോടു ചേർത്തു വായിക്കാവുന്നതാണ്  . ലൈംഗിക ന്യായ  പ്രമാണങ്ങൾക്ക് വിധേയമാവുക  എന്നതിനപ്പുറം ഹതനായ രാജാവിനും  അയാളുടെ പത്നിക്കുമിടയിൽ വൈകാരിക-നീതിബന്ധത്തിനൊരിടം   അനുവദിച്ചിരുന്നെങ്കിൽ, ഇണയുടെ മരണത്തിന്റെ പിറ്റെന്നാൾ ഇണയുടെ കൊലയാളിക്കൊപ്പം കിടപ്പറ പങ്കു  വയ്ക്കണമെന്ന   ലൈംഗിക ന്യായ  നിഷ്കർഷ രാഷ്ട്രീയാധികാര സ്ഥാപനത്തിന് ആവശ്യത്തിന്റെ നിയമം എന്ന നിലയിൽ മുന്നോട്ടു വയ്ക്കാനാവുമായിരുന്നില്ല . വീഴുന്നവൻറെ  ഭാര്യ വാഴുന്നവനുള്ളത് എന്ന  ഈ നിബന്ധനയോടു ലൈംഗിക  ബന്ധത്തിന്റെ ഹൃദയമെന്തെന്നറിയുന്ന കലാകാരൻ കലഹിക്കുമ്പോഴാണ്,  ഈഡിപ്പസ് എന്ന  ദുരന്തം  സോഫോക്‌ളീസിന്റെ രചനയാണ് പുറത്തു വരുന്നത്. സോഫോ ക്ളീസ് നാടകത്തിൽ തിരിഞ്ഞു മറിയുന്ന  പ്രമേയത്തിന്റെ ചുരുക്കം ഇതാണ്: വീഴുന്നവന്റെ ചോരക്കിടക്കയിൽ അവന്റെ പത്നിയുമൊത്തു, ‘വാഴുന്നവൻ’  ലൈംഗിക വേഴ്ച നടത്തുന്നത്, പാപരതിയെക്കാൾ ഹൃദയ ഹീനവും ഭയാനകവുമായ കുറ്റ കൃത്യമാണ്. പിതാവിനെ വധിച്ചു മാതാവിനെ ഭാര്യയാക്കുമെന്നു പ്രവചനമുണ്ടായ സ്ഥിതിക്ക്  അതങ്ങു നടത്തിക്കളയാമെന്നു തീരുമാനിക്കുന്ന കർത്തൃത്വമല്ല (actor) നാടകത്തിൽ ഈഡിപ്പസ്;  താൻ  വധിച്ചത് രാജാവിനെ ആണ് എന്നോ, ആ രാജാവ് അയാളുടെ പിതാവായിരുന്നെന്നോ ഈഡിപ്പസ്  അറിയുന്നില്ല  . അവിടെ ”വിധി” actor-ടെ സ്ഥാനത്തും, ഈഡിപ്പസ് വിധിയുടെ ഇര (victim ) എന്നസ്ഥാനത്തും നിൽക്കുന്നു.  എന്നാൽ വീഴുന്നവന്റെ ഭാര്യയെ അവളുടെ ശരീരത്തോടെ ഭാര്യയാക്കണമെന്നത്  ”വിധി”യുടെ അനിവാര്യമായ നിയമമല്ല. വിധി ഇച്ഛയ്ക്കുമപ്പുറമുള്ള  യാദൃച്‌ഛികത്വമാണ്. അതിനു വഴങ്ങുന്ന ഇരയുടെ  ഇച്ഛ റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. അതേ സമയം വീഴുന്നവന്റെ വിധവയെ ഭാര്യയാക്കണമെന്നത്,വിധിയല്ല  മനുഷ്യ നിർമ്മിതമായ രാഷ്ട്രീയ ഭരണ സ്ഥാപനത്തിന്റെ നിബന്ധമാണ്. അതും ഈഡിപ്പസിന്റെ ഇച്ഛയല്ല. ഈഡിപ്പസ് അനുഷ്ഠിക്കേണ്ടുന്ന രാജകീയമായ ആചാരമാണ്.  അധികാരമണ്ഡലത്തിന്റെ പൂർവ്വ നിശ്ചിതമായ തീരുമാനമാണ് .മത്സരത്തിൽ, യുദ്ധത്തിൽ ജേതാവുന്നവന്റെ ട്രോഫി ആണ് സ്ത്രീയുടെ പിടയുന്ന ലൈംഗിക ശരീരം. ഈഡിപ്പസ്  ഇൻസെസ്റ്റിൽ  ചെന്ന് പതിക്കുന്നതിനുള്ളകാരണം വിധിയോ, പ്രവചനമോ അല്ല. അങ്ങനെയൊരു പ്രവചനം അധികാരത്തിനുവേണ്ടി മകൻ തന്നെ നിഗ്രഹിക്കുമെന്നു ഭയപ്പെടുന്ന പിതാവിന്റെ ഉൾപ്പേടിയുടെ രഹസ്യതന്ത്രമാവാം ,ചോരക്കുഞ്ഞിനെ കാഴ്ചവട്ടത്തു നിന്നുഒഴുക്കിക്കളയുന്നതിനുമാതാവിനോ പിതാവിനോ അവരുടേതായ കാരണങ്ങളുണ്ടാവാം.

അധികാരത്തിനു വെല്ലുവിളിയാകാതിരിക്കാൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട മകൻ   പിതാവിന്റെ മുൻ കരുതലുകൾ തകർത്തുകൊണ്ട് പിതൃ നിഗ്രഹം നടത്തുന്നത് യാദൃച്ഛികതയാണ് .ഇച്ഛയല്ല ; വിധിനിപാതമാണ്. പക്ഷെ നാടകത്തിലെ” ഇൻസെസ്റ് പ്രതിസന്ധിക്കു” കാരണം വിധിയോ അനിവാര്യ ജന്തു പ്രകൃതമോ അല്ല വീഴുന്ന രാജാവിന്റെ പത്നി ജേതാവായ പുത്തൻ ഭരണാധികാരിയുടെഭാര്യയായി കൊള്ളണമെന്ന മനുഷ്യ നിർമിതമായ അധികാര നിയമമാണ് .നിഗ്രഹവും പരിഗ്രഹവും വിധിയുടെ അടിച്ചേൽപ്പിക്കലാണ് എന്ന വിശ്വാസം, മനുഷ്യനിർമ്മിതമായ അധികാരനിയമത്തിന്റെപാപം വിധിയുടെ തലയിൽ നിക്ഷേപിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ്;       ആയുധവിദ്യയിൽ മറ്റുള്ളവരെ തോൽപ്പിച്ചു കന്യകകളെ സ്വന്തമാക്കുകയും അപഹരിക്കുകയും ചെയ്യുന്നവീര   ശൂരന്മാർക്കവകാശപ്പെട്ടതാണ് തോൽപ്പിക്കപ്പെട്ടവന്റെയും വധിക്കപ്പെട്ടവന്റെയും സ്ത്രീ  — എന്ന നിയമത്തിൽ പതിയിരിക്കുന്ന ലൈംഗിക പാതകത്തിനു ഇൻസെസ്റ്റിനെ ക്കാളും താഴ്ചയുണ്ടെന്നു സമർത്ഥിക്കുവാനാണ് തുടക്കത്തിൽ  ഒരു ഇൻസെസ്റ് വിധി പ്രവചനവും ഒടുക്കത്തിൽ ഒരു ഇൻസെസ്റ് ട്വിസ്റ്റും നാടകത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. രാഷ്ട്രീയ ഭരണശാസ്ത്രത്ത്തിന്റെയും കീഴ്വഴക്കത്തിന്റെയും ആചരണമാണ് ഈഡിപ്പസ്സിന്റെ രാജ പത്നീ പരിണയം. വധിക്കപ്പെട്ട രാജാവിന്റെ പത്നിയെ, രാജാവിനെ വീഴ്‌ത്തുന്ന  ജേതാവ് ഭാര്യയായി ഏറ്റെടുത്തു കൊള്ളണമെന്ന രജനീതിനിയമത്തെ നിഷ്കളങ്കമായി അനുസരിക്കുക മാത്രമാണ് ഈഡിപ്പസ് ചെയ്യുന്നത്. പക്ഷെ വധിക്കപ്പെട്ട രാജാവിന്റെ പത്നി ജേതാവായ യുവരാജാവിന്റെ മാതാവായി തിരിച്ചറിയപ്പെടുന്നതു  അത്യപൂർവ്വങ്ങളിൽ അത്യപൂർവമായ ആകസ്മികതയാണ്; അതല്ല, ഫ്രോയ്ഡ് പറയുന്നത് പോലെ  മാതൃ പരിണയാസക്തി സാർവത്രികമായ പ്രകൃതി വാഞ്ഛയാണെങ്കിൽ   ആഗ്രഹസാഫല്യം എന്നനിലയിൽ  ഈഡിപ്പസ് ഹർഷോന്മാദിയോ ആഗ്രഹ പരിതൃപ്തനോ ആകേണ്ടതാണ്   .പക്ഷെ ശയന മുറിയിൽ തന്നോടൊപ്പം വന്നു പെട്ടിരിക്കുന്നത് അമ്മയാണ്  എന്ന തിരിച്ചറിവിൽ ഈഡിപ്പസ് രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചു കൊണ്ട്, ഈ തിരിച്ചറിവില്ലായ്മയുടെ അന്ധത മനുഷ്യനിർമ്മിതി യാണ് എന്ന ഒരു പ്രതീക ബോദ്ധ്യം സൃഷ്ടിക്കുകയാണ്. ഇങ്ങനെയൊരു അപൂർവ പ്രതിസന്ധിക്കു നാടകത്തിൽ ഹേതു വായിത്തീരുന്നത് വിധിയല്ല, തലയിലെഴുത്തല്ല വീഴ്ത്തപ്പെട്ടവന്റെ സ്ത്രീയെ വീഴ്ത്തിയ ജേതാവ് അനുഭവിച്ചു കൊള്ളണമെന്ന മനുഷ്യനിർമിതമായ രാഷ്ട്രീയ ധർമ്മ നിയമമാണ്; ദാമ്പത്യത്തിന്റെ ലൈംഗിക പ്രണയാവകാശത്തെ വാൾമുനയുടെ സാമർത്ഥ്യത്തിനു കീഴ്പ്പെടുത്തുന്ന ലൈംഗികാധികാര   ബന്ധ ന്യായത്തിലമരുന്ന ഹൃദയ ശൂന്യത, പാപരതിയുടെ ഭീകരാനുഭവത്തിനുമപ്പുറമാണ്‌  എന്ന്  സാർവത്രികമായ ഊഷരതയുടെയും പകർച്ചവ്യാധികളുടെയും കൂട്ട മരണങ്ങളുടേയും സാക്ഷ്യത്തിലാണ്  സോഫോക്ളീസ്  എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു; കൊല്ലപ്പെട്ടവന്റെ   ചോരക്കിടക്കയിൽ അവന്റെ സ്ത്രീ  കൊലയാളിയുമൊത്തു  ലൈംഗിക ശയനം നടത്തണം  എന്നു നിഷ്കർഷിക്കുന്ന    രാജ രാഷ്ട്രീയ ന്യായമോ, യദൃച്ഛാ/ഇച്ഛയാലല്ലാതെ ആകസ്മികമായി  സംഭവിക്കുന്ന പാപ രതിയോ ഏതാണ് മാനവിക നീതി ഭദ്രതയെ ശിഥിലമാക്കുന്നക്കുന്നത്  എന്നൊരു ചോദ്യമാണ് നാടകകാരൻ ഉന്നയിക്കുന്നത് . മാനവിക (humanist) നീതിബോധ ഭദ്രതയെ ശിഥിലമാക്കുന്ന  ലൈംഗികാധികാര  ബലപ്രയോഗങ്ങളെയെല്ലാം  പൂർവ്വനിശ്ചിത ജന്മവിധി എന്ന വിശ്വാസ വാക്യം കൊണ്ടോ / പ്രാകൃത ജന്തു പ്രേരണകളുടെ  അനിവാര്യത എന്ന മനശ്ശാസ്ത്ര പ്രച്ഛന്നം കൊണ്ടോ(ഫ്രോയ്ഡ്) നിസ്സംഗമായി ഏറ്റു വാങ്ങുവാനാവുമോ    എന്നചോദ്യമാണ് പൗരാണിക നാടകകാരൻ ആധുനിക സമൂഹത്തിനു മുന്നിൽ ഉന്നയിക്കുന്നത്;ഫ്യൂഡലിസത്തിന്റെ ”ദൈവ വിധിയുടെ അനിവാര്യത” എന്ന നിയമത്തെ തള്ളിക്കളയുന്ന ഫ്രോയ്ഡ് ,,,,,പ്രാകൃത ജന്തുത്വ പ്രേരണകളുടെ ”അപ്രതിരോധ്യതയ്ക്കു” ശാസ്ത്രീയ പാഠം  രചിച്ചു കൊണ്ട് മാനവികമായ ഇച്ഛാശക്തിക്കുമപ്പുറമാണ് അത് എന്നൊരു പ്രതീതി ജനിപ്പിക്കുന്നുണ്ട് . കൊല്ലപ്പെട്ടവന്റെ സ്ത്രീ കൊലയാളിയുടെ ലൈംഗിക ഇര എന്ന രാജ നീതിശാസനത്തിന്റെ വിമർശനമാണ് നാടകകാരൻ  ഉന്നയിക്കുന്നത്. ബല പക്ഷപാതിയായ ആ മനുഷ്യനിർമ്മിതരാജനീതി   വിധിവിശ്വാസ ശാസനയെക്കാളും, അന്ധജന്തു പ്രേരണയെക്കാളും അപമാനവികമാണ് എന്നൊരു  അർത്ഥഗതി ഈഡിപ്പസ് പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ പറഞ്ഞ ദൈവവിധി വിശ്വാസത്തെ തള്ളിപ്പറയുന്ന ഫ്രോയ്ഡ്, ജന്തു ലൈംഗിക ചിത്തശാസ്ത്ര വിധിയെ ദൈവശാസ്ത്ര പരാശക്തി  വിധി വിശ്വാസത്തെക്കാൾ യാഥാർഥ്യ സമ്പുഷ്ടമായ  ജന്തു ശാസ്ത്രനിശ്ചയ വാദ വിധി (biological determinist  dictum) എന്ന നിലയിൽ സമാശ്ലേഷിക്കുവാനാണ് ഒരുമ്പെടുന്നത്; ലൈംഗിക ബന്ധങ്ങളും അധികാര ബന്ധങ്ങൾ തന്നെയാണ് എന്നും ലൈംഗികേതര സാമൂഹ്യ അധികാരബന്ധങ്ങളുടെ തന്നെ   സാന്ദ്രീകൃതമായ(concentrated-) രാഷ്ട്രീയരൂപകം എന്നൊരു മാനം  കലാരചനകളിലെ  ലൈംഗികാധികാര  ബന്ധങ്ങളിലുണ്ട്  എന്നും കാണുന്നതിൽ ഫ്രോയിഡിന് വീഴ്ചസംഭവിക്കുന്നു; അതുമല്ല ഫ്രോയ്ഡിന്റെ മനശ്ശാസ്ത്ര വെളിപാടുപ്രകാരം ,അറിഞ്ഞു കൊണ്ടായാലും അല്ലാതെയായാലും പിതാവിനെ കൊല്ലുകയും മാതാവിനെഅനുഭവിക്കുകയും ചെയ്യാൻ  ഒരുമ്പെടുന്ന അപ്രതിരോധ്യ തൃഷ്ണയുടെ കർത്താവായ ആഗ്രഹകാരൻ, മകൻ, തൃഷ്ണയുടെ ക്രിയാകാരൻ (actor), ആണ്; പക്ഷെ സോഫോ ക്ളീസിന്റെ  നാടകത്തിൽ മകൻ ക്രിയാകാരൻഅല്ല. വിധിയുടെ എന്നപോലമനുഷ്യനിർമ്മിതമായ ഭരണ നീതി പദ്ധതിയുടെയും ഇര (victim )യാണ്.  ഫ്രോയ്ഡ് സോഫോക്ളീസിന്റെ നാടകം തലതിരിച്ചു പിടിച്ചു  വായിച്ചു എന്നത് കൊണ്ടാണ് കർത്താവും (subject-actor) കർത്താവിന്റെ ഫലം അനുഭവിക്കുന്ന ഇരയും( object-victim) കീഴ്മേൽ മറിഞ്ഞു പോയത്. ഇവിടെ കർത്താവ് മനുഷ്യനിർമ്മിതിയായ ലൈംഗികനിഷ്കർഷയാണ്‌ .മാതാപിതാക്കന്മാരും അതിന്റെ ഇരകളാ ണെങ്കിൽപ്പോലും അവർ  മനുഷ്യനിർമ്മിതമായ  ആ ലൈംഗികാധികാര ബന്ധ നിഷ്കർഷയുടെ വക്താക്കൾ കൂടിയാണ്. എന്നാൽ, ഈഡിപ്പസ്, രാജഭരണസ്ഥാപന   ലൈംഗികബന്ധ നിഷ്കർഷയുടെ കർത്താവോ (actor) പ്രേഷകനോ (agent) അല്ല ഇര മാത്രമാണ് .ഈ രാജഭരണ നീതി, മനുഷ്യ നിർമ്മിതമായ അന്ധകാരമാണ് എന്നുതിരിച്ചറിയുന്നതു കൊണ്ടാണ് മനുഷ്യ നിർമ്മിതമായ അന്ധകാരത്തിന്റെ സാക്ഷ്യം എന്നനിലയിൽ തന്നെതന്നെ അടയാളപ്പെടുത്തി, ഈഡിപ്പസ്, തന്റെ ഇച്ഛ, വ്യക്തിത്വം പ്രകാശിപ്പിക്കുന്നത്; വിധിനിയമത്തിന്റെ പേരിലും പ്രകൃതി നിയമത്തിന്റെ പേരിലും അനുഷ്ഠിക്കപ്പെടുന്ന ലൈംഗികാധികാരരാഷ്ട്രീയ നിശ്ചയ വാദത്തിനെതിരെയുള്ള ,മാനവികേച്ഛാ നിർമ്മിതിയുടെ  കലാപമാണ് ഈഡിപ്പസ്. ഈ കലാപത്തിന്റെ അന്ധകർതൃത്വത്തിൽ നിന്നുകൊണ്ടാണ്  ഈഡിപ്പസ്  വ്യക്തിത്വമാർജ്ജിക്കുന്നത്. വിധിനിയമമതാണെങ്കിൽ രാജ നീതി അതാണെങ്കിൽ ഇതാ ഞാൻ  എന്റെ കണ്ണുകൾ  കുത്തിപ്പൊട്ടിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതു സ്വയം പീഡന (self penance) പാപ   മോചനത്തിനുള്ള അപേക്ഷയല്ല. സ്വയംവരിക്കുന്ന ഈ അന്ധത  ലോകാന്ധതയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. അത് അന്ധതയ്ക്കും ഊഷരതയ്ക്കുമപ്പുറത്തുള്ള പ്രകാശ സമ്പന്നമായ ഉർവ്വരതയിലേക്കുള്ള കാഴ്ചയാണ് എന്ന് പസോളിനിയുട ഈഡിപ്പസ് ചിത്രം പറയുന്നു .സ്വയാർജ്ജിതമായ ഇച്ഛയുടെ അന്ധതയിൽ എത്തിനിൽക്കുന്ന ഈഡിപ്പസ് ഉപദർശിക്കുന്ന ഊഷ്മള പ്രകാശത്തെയും, ഉർവ്വരതയുടെ വിത്തു പാടങ്ങളെയും ജീവന്റെ മണം പരത്തുന്ന ഹരിതങ്ങളെയും  പ്രസാധനം ചെയ്തു കൊണ്ടാണ് മനുഷ്യ ചരിത്രത്തിന്റെ ഉള്ളും ഉടലും   ചലച്ചിത്രകലയിലൂടെസൂക്ഷ്മമായി പ്രകാശിപ്പിക്കാൻ കഴിഞ്ഞ അപൂർവ കലാകാരൻ പസോളിനി ഈഡിപ്പസ് ചിത്രം അവസാനിപ്പിക്കുന്നത്.

 ഫ്രോയ്ഡിന്റെ സ്വപ്ന വ്യാഖ്യാന വിപ്ലവം പുറത്തു വരുന്നതിനു രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപാണ് ഈഡിപ്പസ്സിനെ പൂരിപ്പിച്ചു കൊണ്ട്   1881-ൽ ഹെൻറിക്  ഇബ്‌സെന്റ’ ഭൂതങ്ങൾ ‘ പുറത്തുവരുന്നത് ( മലയാളത്തിൽ സി .ജെ . എന്ന എഴുത്തുകാരനോട് അത്യാദരവ് തോന്നുന്നത് അദ്ദേഹം പരിഭാഷയ്ക്കു തെരഞ്ഞെടുത്ത ക്‌ളാസ്സിക്കുകളുടെ നിര കാണുമ്പോഴാണ്.അദ്ദേഹത്തിന്റെ സ്വന്തം കൃതിയായ  ”ആ മനുഷ്യൻ നീ തന്നെയാണ്” എന്ന നാടകവും പഴയ സുവിശേഷത്തിലെ ലൈംഗികാധികാര ബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ള താണ്. ഇത്രയ്ക്കു സർഗ്ഗാത്മക ഭാവുകത്വമുള്ള ഒരു നാടകകാരൻ–, പാശ്ചാത്യ -സെമിടിക് ക്ലാസ്സിക്കുകളുടെ  ഉള്ളുതൊട്ടറിയുന്ന ഒരെഴുത്തുകാരൻ  മലയാള സാഹിത്യത്തിൽ അക്കാലത്തുണ്ടായി എന്നത്   ആശ്ചര്യമാണ് ) രക്തമൊഴുകുന്ന  കണ്ണുകളിൽ നിന്ന് ഈഡിപ്പസ് പരിദേവനം ചെയ്യുന്ന  പൗരാണികമായ അന്ധതാ പരിസ്ഥിതി സഹസ്രാബ്ദങ്ങൾക്കുശേഷം പൂരിപ്പിക്കപ്പെടുന്നത് ഇബ്‌സന്റെ ഓസ്വാൾഡ് ”എനിക്ക് സൂര്യനെ തരൂ” എന്ന് ലോകത്തോട്  വിളിച്ചു പറയുമ്പോഴാണ്; ഓസ്വാൾഡ് പ്രണയിക്കാനാഗ്രഹിക്കുന്ന ,ആൾവിങ് ഭവനത്തിന്റെ പരിചാരികയായ റെജിനയുടെ പിതാവ്  ഒസ്വാൾഡിന്റെ പിതാവായ ആൾവിങ് പ്രഭുതന്നെയാണെന്ന നടുക്കുന്ന വസ്തുത   തിരിച്ചറിയുമ്പോഴാണ് ; ഇത് ഈഡിപ്പസ്സിൽ സംഭവിക്കുന്ന ലൈംഗിക പ്രണയത്തിന്റെ തന്നെ തലമറിയലാണ്  (reversal ). ജീവകാരുണ്യ ഗോപുരം എന്നനിലയിൽ സമൂഹമാകെ ആദരിക്കുന്ന ആൾവിങ് പ്രഭു ചൂഷണത്തെയും ദാരിദ്ര്യത്തേയുംജീവകാരുണ്യ   ശുശ്രൂഷ കൊണ്ട് സാന്ത്വനപ്പെടുത്തുന്ന മുതലാളിത്ത പാപ പരിഷ്കർത്താവാണ്, തന്റെ പ്രണയം അപകർമ്മ രതിയുടെ   പാതയിലാണ് എന്നു     തിരിച്ചറിയുന്ന ഓസ്വാൾഡ് മുൻതലമുറയുടെ രഹസ്യ ബീജ സന്ധാരണത്തിന്റെ  ജനിതക ശിക്ഷ ഏറ്റുവാങ്ങുകയാണ്. നാടുവാഴിത്ത– മുതലാളിത്ത  സന്മാർഗ്ഗ ത്തിന്റെ  വേദപുസ്തക ഗ്രന്ഥികളിൽ നിന്ന് , ന്യൂറോ സിഫിലിസ്, വഞ്ചനാത്മകമായ ഒരു അധികാര രാഷ്ട്രീയ രഹസ്യ   നിബന്ധം  പോലെ കടന്നു വന്നു ചിത്രകാരനായ യുവാവിന്റെ കണ്ണുകളെ കലക്കിക്കളയുകയാണ്  .ഒസ്വാൾഡും റെജിനയും  നാടുവാഴിത്ത -മുതലാളിത്ത ധർമ്മ സംയുക്തത്തിന്റെ കുരുതി മൃഗങ്ങളാണ് .റജീനയാവട്ടെ ലൈംഗികാധികാര ബന്ധങ്ങളിൽ അമർന്നിരിക്കുന്ന വർഗ്ഗപരമായചൂഷണത്തിന്റെ ഉത്പന്നം കൂടിയാണ്.അമിത  ലൈംഗികാസക്തിയുടെ അന്ത്യത്തിൽ രാജയഷ്‌മാവ്‌     പിടിപെട്ടു മരിക്കുന്ന രാമ രാജകുലത്തിന്റെഅവസാന കണ്ണിയായ അഗ്നിവർണ്ണന്റെ കഥ ഓർമ്മയിൽ നിൽക്കുമ്പോൾ  ന്യൂറോ സിഫിലിസ് എന്നതു സനാതന  ഭാരത ധർമ്മത്തിന് ഒരുഅപരിചിത ഭാവനയല്ല.അപകർമ്മരതി അമിതലൈംഗികാധികാര പ്രതാപത്തിന്റെയും വർഗ്ഗപരമായ ലൈംഗിക ചൂഷണത്തിന്റെയും അടയാളം എന്ന നിലയിലാണ് കലാ രചനകളിൽ പ്രത്യക്ഷപ്പെടുന്നത് .ഇബ്‌സന്റെ തന്നെ മാസ്റ്റർ ബിൽഡറിലും യുവാവ് പിതാവിന്റെ അമിതാധികാരാസക്തിയുടെ ബലിമൃഗമാവുകയാണ് ; യുവത, മുൻതലമുറയുടെ ന്യായ നിശ്ചയങ്ങളുടെ കുരുതി മൃഗങ്ങളാവുന്നു എന്നതാണ് ‘ ‘ഈഡിപ്പസും” ”ഭൂതവും” വെളിപ്പെടുത്തുന്ന ചരിത്രപരമായ പൊതു യാഥാർഥ്യം; സോഫോക്ളീസിലും ഇബ്‌സെനിലും കുരുതി മൃഗമായിത്തീരുന്ന യുവതയെ മുൻ  നിറുത്തി നിർദ്ധാരണം ചെയ്തെടുക്കാവുന്ന പൊതുഘടകം  പിതൃ ഹത്യാ മാതൃ വേഴ്ചാ വേദാന്തമല്ല,ഈഡിപ്പസ് കോംപ്ലക്സ് അല്ല ,,,,അധികാരവ്യവസ്ഥയുടെ അമിത ഭോഗത്വരയിൽ നിന്നുൽപ്പന്നമാവുന്ന പെരുന്തച്ചൻ കോംപ്ലക്സ് ആണ്         

ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങൾ അവയുടെഅബദ്ധാത്മകതയോടെ തന്നെ ലോകത്തെ       വലിയൊരു ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുകയും മനുഷ്യനെ സംബന്ധിച്ച ഒരു പുനഃ പരിശോധനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. കുടുംബാനാന്തര (post family) ചരിത്ര ഘട്ടത്തിലും മനുഷ്യാർദ്ധത്തി ൽ   നിലനിൽക്കുന്ന ലൈംഗികജന്തുത്വത്തിനെ വിശേഷിപ്പിക്കുവാനാണ്  അദ്ദേഹം         അപകർമ്മരതിയുടെയും പിതൃ നിഗ്രഹവാസനയുടെയും മാതൃസംഭോഗത്തിന്റെയുംതെളിവുകൾ  കണ്ടെത്താൻ ശ്രമിച്ചത്. അതിനു അദ്ദേഹത്തിന് ലഭിച്ച ഏക രേഖാപ്രമാണം ഒരു പൗരാണിക ഗ്രീക്കു   നാടകത്തിലെ  കഥാ പ്രമേയമായിരുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ചിത്ത ശാസ്ത്ര പര്യവേഷണത്തിന്റെ പരിമിതി എന്നത് പോലെ അദ്ദേഹത്തിന്റെ സാഹിത്യവായനാഭാവുകത്വത്തെ വികലമാക്കിയ പ്രമാണ നിയമ വിധേയത്വവും (dogmatism)  ആയിരുന്നു. നാടകത്തിന്റെ അല്ലെങ്കിൽ കലയുടെ ദൗത്യം, പ്രാകൃത ജന്തുത്വ പ്രേരണകളെ മാറ്റമില്ലാത്ത നിയമങ്ങളായി പ്രഖ്യാപിക്കുക എന്നതല്ല   മറിച്ചു പ്രകൃതിയുടെയും ആവശ്യത്തിന്റെയും നിയമങ്ങളെ പ്രകോപിപ്പിക്കുകയും ഗുണപരമായി  പരിവർത്തിപ്പിക്കുകയുംചെയ്യുക എന്നതാണ്. കലാരചന  ഒരു നിയമ നിർമ്മാണ പ്രവർത്തനമോ . നിയമ ന്യായീകരണ പ്രവത്തനമോ, നിയമ സ്ഥിരീകരണ  പ്രവർത്തനമോ അല്ല.ആവശ്യത്തിന്റെയും പ്രകൃതിയുടെയും നിയമങ്ങളെ സമന്വയിക്കുന്ന, അധികാരവ്യവസ്ഥ, വികസിച്ചു വരുന്ന മാനവിക ഇച്ഛയെ ഞെരുക്കുന്ന ബന്ധനമാവുമ്പോൾ അതിനെ ഘടനാപരമായും ഗുണപരമായും മാറ്റിമറിക്കുന്ന    പ്രവർത്തനമാണ്; ഫ്രോയ്ഡിന്റെ ഈഡിപ്പസ് വായന അബദ്ധമായിരുന്നെങ്കിലും അതിന്റെ ഇരുട്ടിൽ അദ്ദേഹം ഉയർത്തിക്കൊണ്ടു വന്ന പ്രമാണങ്ങൾ വ്യാജ സന്മാർഗ്ഗത്തിന്റെ വിക്ടോറിയൻ അഹങ്കാരത്തിനു മേൽ പതിച്ച ആഘാതമായിരുന്നു. ദൈവ വിശ്വാസത്തിന്റെ പാറയിൽ   പതിച്ചു വച്ചിരുന്ന സന്മാർഗ്ഗ നീതി സമുച്ചയത്തെ സ്രഷ്ടാവോ സംഹാരകനോ അല്ലാതാക്കി മാറ്റിയ ഡാർവിന്റെ പരിണാമ ശാസ്ത്രന്യായങ്ങളും യുക്തിസമൃദ്ധമായ തെളിവുകളും  ദൈവത്തിനെ വിശ്വാസത്തിന്റെ പാറയിൽ നിന്നിറക്കിവിട്ടു, മനുഷ്യ ജീവിതത്തിനു പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു .ദൈവത്തിനെ കുടിയിറക്കിയ വിശ്വാസ പ്രതിച്‌ഛായാ പരിസരത്തിന്റെ ആനുകൂല്യമുള്ള പാറയിൽ ചിത്തശാസ്ത്രാപാപബോധത്തിലെ രതിഗർഭത്തെ(libido-)സംസ്ഥാപിക്കുന്ന പ്രവർത്തനമാണ് ഫ്രോയ്ഡ് നടത്തിയത് . ഈഡിപെസ്  നാടകമേ തുണ   എന്ന ന്യായത്തിന്മേൽ  പടത്തുയർത്തിയ      ഈ രതി നായക സാമ്രാജ്യത്തിൽ ബയോളോജിക്കൽ യാഥാർഥ്യത്തിന്റെ അർദ്ധ ഭാഗമുണ്ടു എന്നത് കൊണ്ടും ,  ഓരോ മനുഷ്യ ജീവിക്കും, ശരീരത്തിലും ശരീരത്തിന്റെ   ഭാഷയായ മനസ്സിലും പതിയിരിക്കുന്ന ലൈംഗിക പ്രേരണകൾ   നിശ്ചിത സന്മാർഗ്ഗ വരുതിയിൽ   നിർത്താനാവാത്തവണ്ണം അനിയന്ത്രിതമാണ് എന്ന ബോധ്യമുണ്ടായിക്കുന്നു എന്നതു  കൊണ്ടും, ഫ്രോയിഡു പ്രചരിപ്പിച്ച ചിത്താപഗ്രഥന  രതിശാസ്ത്ര മിത്ത് ,മറ്റേതു മിത്തിനെയും കാൾ അതിവേഗം ബഹുദൂരം സഞ്ചരിച്ചു ലോകമകകെ ഇളക്കിമറിച്ചു .ദൈവത്തിനു സംഭവിച്ച സ്ഥാന ഭ്രംശം നാടു വാഴിത്തത്തിനു ബലക്ഷയമുണ്ടാക്കിയെങ്കിലും ദൈവത്തിന്റെ സ്ഥാനത്തു നവ കാന്താര മൻമഥ  മന:ശാസ്ത്രം   സ്ഥാപിക്കപ്പെടുന്നതു മുതലാളിത്ത ത്തിന്റെ ലാഭാധിഷ്ഠിത അസാന്മാർഗ്ഗികതയ്ക്കും അതിന്റെ അധികാര വിളയാട്ടത്തിനും  ഉത്തേജകമായിത്തീർന്നു ; മുതലാളിത്തം ഫ്രോയിഡിനെ മറികടക്കാൻ ഈലോകത്തു ഇന്ന്  മറ്റൊരു പ്രമാണമില്ല എന്ന മട്ടിൽ ഫ്രോയിഡിനെ അത്യാഡംബരവസ്തുവായി ആഘോഷിച്ചു;  ഈഡിപെസ്  , ഫ്രോയിഡിന് സോഫോക്ളീസ് വിലയാധാരം ചെയ്തു അവകാശമൊഴിഞ്ഞു കൊടുത്ത പ്രമാണം ആണെന്ന ഉറച്ച വിശ്വാസത്തിൽ ത്വചിന്താ പരിവേദകരരായ ഡെല്യൂസി, ഗുട്ടറി(anti- oedipus!!) എന്നിങ്ങനെ രണ്ടു പേർചേർന്നു ചോരയൊഴുകുന്ന കണ്ണുകളുമായി എനിക്ക് സൂര്യനെ തരൂ  എന്ന് വിലപിക്കുന്ന സോഫോക്ളീസിന്റെ ഈഡിപ്പസ് എന്ന ലൈംഗികാധികാര ദുരന്ത  ഭാഷ്യത്തെ, അത്  ഫ്രോയ്ഡ് കളിമണ്ണിൽമെനഞ്ഞെടുത്ത     കളിപ്പാട്ടമാണെന്ന ധാരണയിൽ,   വിഭ്രാമക  ഭാഷാഡംബര ശുശ്രൂഷയ്ക്കായി  ഉപയോഗിക്കുന്നത് ഇപ്പോഴും നാം കണ്ടു കൊണ്ടിരിക്കുന്നു; നാടുവാഴിത്തത്തിന്റെ ദൈവം  തലയറ്റുവീണ ഭൂതാവേശമായി ബാക്കി നിൽക്കുമ്പോഴും മുതലാളിത്തത്തിന്റെ ബൗദ്ധികാധികാരവ്യവസ്ഥയ്ക്കു ലൈംഗിക സംഭ്രമത്തിന്റെ ദൈവം കൂടുതൽ പ്രയോജനം ചെയ്യുമെന്നുള്ളതുകൊണ്ടു ,ദൈവാധിഷ്ഠിത   ആശയവാദത്തിനു പിന്തുടർച്ചയായി ലൈംഗിക  ആശയവാദത്തിന്റെ തത്വചിന്താവിപണിയെ ഉയർത്തി നിർത്താൻ, അതിനെ   വൈവിധ്യമാർന്ന ന്യൂന ലൈംഗികപ്രമാണങ്ങളുടെ ചരക്കുകൾ കൊണ്ട് നിറയ്ക്കാൻ മുതലാളിത്ത അധികാര വ്യവസ്ഥയ്ക്ക് കഴിഞ്ഞു .പഞ്ചഭൂത – പഞ്ചേന്ദ്രിയ സംയുക്തമായ  ശരീരത്തിന്റെ ഭാഷയാണ് മനസ്സ് . ശരീരത്തിനെന്നല്ല  മനസ്സിനുതന്നെയും അതിരുകളില്ലാത്ത  നിർണ്ണയ പ്രവർത്തന മണ്ഡലമില്ല .ആവേണ്ടത്,ആകാവുന്നതു, അരുതാത്തതു എന്നിങ്ങനെയുള്ള സാമൂഹ്യ ഭൗതികാധികാര   നിബന്ധങ്ങൾ  മനുഷ്യനീതി സങ്കോച ഹേതു വാകുന്നിടത്തു  ശരീരവും അതിന്റെ ഭാഷയും  നിബന്ധങ്ങൾക്കെതിരെ  പൊരുതിക്കൊണ്ടിരിക്കും. ഇത് ചരിത്രത്തിലെ ഒരു തുടർനാടകവും   യുവതലമുറ  ഇതിന്റെ കുരുതി സാക്ഷ്യങ്ങളുമായിത്തീരുന്നു;   അടിമയുടെ പെണ്ണ് ഉടമയുടെ കാമ  സംപൂർത്തിക്കുള്ള പിണ്ഡമാണ് എന്ന് ഉടമ കരുതുന്നെങ്കിൽ അത് ഭൗതികാധികാര മണ്ഡലത്തിന്റെ കല്പനയാണ് . എന്നാൽ അടിമയുടെ ശരീരം   അധികാരകുലത്തിലെ ബ്രഹ്മമാന്യ സ്ത്രീയെ പ്രാപിച്ചാൽ അവന്റെ ഇന്ദ്രിയം  ച്ഛേദിക്കണമെന്നോ അവന്റെ വരിയുടയ്ക്കണമെന്നോ അധികാര ശാസ്ത്രകല്പനയുള്ളതു കൊണ്ട് (സനാതന സ്മൃതി-ശ്രുതിസമുച്ചയം) അടിമത്തകാലം മുതൽ ക്യാസ്ട്രേഷൻ ഫീയർ(വന്ധ്യംകരണഭയം ) മനുഷ്യ പംക്തിയിലുണ്ടായിരുന്നു.ഈ ലൈംഗിക ശരീര ഭാഷാവ്യാകരണത്തെ   അച്ഛൻ– ഉടമ, മകൻ– അടിമ എന്നനിലയിൽ അടിമത്താനന്തര നാഗരികതയിലെ കുടുംബ നിഘണ്ടു വിലേയ്ക്ക്പ്ര വേശിപ്പിക്കുമ്പോൾ അവിടെ അടിമയുടെ പ്രതികാര നിർവഹണ വാഞ്ഛ കുടുംബ ലൈംഗികാ ധികാര ബന്ധങ്ങളുടെ നിഷേധ വാഞ്ഛയായിത്തീരുന്നു .അടിമയു മുടമയും തമ്മിലുള്ള അധികാര ബന്ധത്തിലെ ശത്രുതാപരമായ വൈരുധ്യം കുടുംബത്തിലെ ലൈംഗികാധികാര മണ്ഡലത്തിലേക്കു പ്രവേശിക്കുമ്പോഴുണ്ടാവുന്ന തീവ്ര നൈതിക പ്രതിസന്ധി യാണ്  സോഫോ ക്‌ളീസ് ആവിഷ്കരിക്കുന്നതു .ബഹു ഭർതൃത്വത്തിൽ നിന്നും ബഹു ഭാര്യത്വത്തിൽ നിന്നും ഏക ഭർത്തൃദാമ്പത്യത്തിലേയ്ക്ക് സ്ത്രീ സ്ഥിരീകരിക്കപ്പെടുന്ന ലൈംഗിക നാഗരികന്യായങ്ങളുടെ സവിശേഷ കാലവും സ്ഥലവുമാണ് ഈഡിപ്പസ് നാടകത്തിന്റെ ഭൗതികമായ പരിസരം;  അടിമ ഉടമ ബന്ധത്തിലെ  രാഷ്ട്രീയാധികാരന്യായത്തെ ഭേദിക്കുവാനാണ് പിതൃ വധത്തിന്റെയും മാതൃ പരിണയത്തിന്റെയുംഅനിവാര്യത , ആകസ്മികത,  നിലവിലിരിക്കുന്ന ലൈംഗികാധികാര ബന്ധങ്ങൾക്കെതിരെയുള്ള നെഞ്ചു പിളർക്കുന്ന ശിക്ഷാവിധിപോലെ നാടകകൃത്തു ആവിഷ്ക്കരിക്കുന്നതു .അടിമയുടെ ,യുദ്ധത്തിൽ വീഴ്ത്തപ്പെട്ടവന്റെ, പെണ്ണിനെ ഉടമയ്ക്ക്  അല്ലെങ്കിൽ ജേതാവിനു അനുഭവിക്കാൻ അനുവദിക്കുന്ന ന്യായ ശാസ്ത്രം കുടുംബകേന്ദ്രീകൃത പിതൃ പുത്ര മാതൃ  മൂല്യ  വ്യവസ്ഥയ്‌ക്കെതിരെ സോഫോക്ളീസ് തിരിച്ചു നിർത്തുന്നു  ;  കുടുംബ മണ്ഡലത്തിലെത്തുമ്പോൾ  അധികാര ഹീനനായ പുത്രൻ അടിമയും പിതാവ് ഉടമയുമായി മാറുന്നു .അടിമയുടെ സ്ഥാനത്തുനിൽക്കുന്ന പുത്രൻ ആകസ്മികമായി ഉടമയെ നിഗ്രഹിക്കാനിടയായാലുണ്ടാവുന്ന നൈതിക വിനാശസാക്ഷ്യത്തിലൂടെ  അടിമയ്ക്ക് അർഹതപ്പെട്ട    പ്രതികാര നിർവഹണത്തിന്റെ   സ്ഥിതി വിശേഷമാണ് സോഫോക്ളീസ്  ആവിഷ്കരിക്കുന്നത് .നൂറ്റാണ്ടുകളായി അടിമകൾക്കിടയിലെ   ആൺപെൺ ബന്ധങ്ങൾക്ക്‌ മേൽ കുതിരയോട്ടം  നടത്തുന്ന  ഉടയാള വർഗ്ഗത്തിനത്തിനെതിരെ പ്രതികാര നിർവഹണത്തിന് അടിമയ്ക്കു അവസരമൊത്തു വന്നാൽ, അധീശവർഗ്ഗത്തിനുണ്ടാവാനിടയുള്ള  പൊറുതികേടിന്റെ   തീവ്ര വ്യംഗ്യമാണ്‌ പിതൃ നിഗ്രഹത്തിന്റെയും മാതൃ പരിണയത്തിന്റെയും സന്മാർഗ്ഗ ദുരന്ത വിക്ഷോഭമായി നാടകത്തിലൂടെ പുറത്തു വരുന്നത്;കാലത്തിന്റെ ബലാധിപത്യാനുകൂലമായ ലൈംഗികാധികാര വ്യവസ്ഥയ്‌ക്കെതിരെയുള്ള കുറ്റപത്രം കൂടിയാണിത് . ഈഡിപ്പസ്‌സിലെ  ലൈംഗികാധികാര പ്രശ്നാത്മകത സാമാന്യമല്ല ;   സവിശേഷമായ  കാല സ്ഥിതിവിശേഷമാണ്  .അതിനെ സാമാന്യവൽക്കരിക്കുന്നതു ഒരു അബദ്ധപ്രമാണക്രിയയാണ് .മാതൃ സംഭോഗവും പിതൃ നിഗ്രഹവും പുത്രനും പിതാവും തമ്മിലുള്ള ശത്രുതാപരമായ  വൈരുധ്യവും സവിശേഷമല്ല മനുഷ്യകുലത്തിന്റെയാകെ കാല സ്ഥലാതീതമായ  സാമാന്യ   നിയമമാണെങ്കിൽ സർവ്വ ദമനൻ    എന്ന ദുഷ്യന്ത പുത്രൻ ദുഷ്യന്തനെ വധിച്ചു ശകുന്തളയെ അല്ലെങ്കിൽ ശകുന്തള  ഉൾപ്പടെ ദുഷ്യന്തന്റെ മൂന്നു ഭാര്യമാരെയും പരിണയിക്കേണ്ടതാണ്. പിതാവിന്റെ അടിമ എന്നത് ഒരു വിശിഷ്ട ഗുണമാണെന്നു ആവർത്തിച്ചു പ്രഖ്യാപിക്കുന്ന ശ്രീരാമൻ  ചുരുങ്ങിയ പക്ഷം ദശരഥനെയെങ്കിലും വധിച്ചു ദശരഥന്റെ മൂന്നു ഭാര്യമാരെയും പരിണയിക്കേണ്ടിവരും ; ഗംഗാദത്തൻ ശന്തനുവിനെ വധിച്ചു  ഗംഗയും  സത്യവതിയുമൊത്തു ശയിക്കണം;  ഭാര്യമാരാക്കാൻ ആഗ്രഹിക്കണം ; പുരു, യയാതിയെ വധിച്ചു  ശർമിഷ്ഠയെയും  ദേവയാനിയെയും ഭാര്യമാരാക്കണം . പൗരാണിക ഇതിഹാസങ്ങളിലോ നാടകങ്ങളിലോ വേദഗ്രന്ഥങ്ങളിലോ —ഉദാഹരണത്തിന്  പഴയ സുവിശേഷ നിയമ പുസ്തകം–   കുടുംബ കേന്ദ്രീകൃതമായ ലൈംഗിക  സമ്മതികളുടെയും അരുതായ്മകളുടെയും വേർതിരിവിനെ  ഭേദിക്കുന്ന  പ്രാകൃതവും വൈവിദ്ധ്യാത്മകവുമായ   ലൈംഗികാഖ്യാനങ്ങളുണ്ടാവും ;  ദാമ്പത്യത്തിന്റെയും കുടുംബ ഘടനയുടെയും വ്യത്യസ്തഭാഷ്യങ്ങളുണ്ടാവും . ഉദാഹരണത്തിന് ദാമ്പത്യാധിക (extramarital) രതി അനുവദിക്കപ്പെട്ടിരുന്ന കേരളീയ സമൂഹത്തിൽ  ഒരു  ബാലഹൃദയത്തിന്റെ നീറ്റലെന്തു എന്നറിയുന്നതിനു മന്നത്തു പദ്മനാഭന്റെ ജീവിത കഥ വായിച്ചാൽ മതിയാവും .ലൈംഗികതയുടെ സമ്മർദ്ദനം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതിന്റെ അന്ധകാര പ്രമാണങ്ങളിലൊന്നുമാത്രമായ പാപ രതിയും അതിന്റെ വകഭേദങ്ങളും  പഴയനിയമ പുസ്തകത്തിൽ തന്നെ സമൃദ്ധമായുണ്ട് എന്നിരിക്കെ മാതൃ സംഭോഗവും പിതൃ നിഗ്രഹവും ഈഡിപ്പസ്സിൽ നിന്ന് വകഞ്ഞെടുത്തു അത് മാനവ ലൈംഗിക ജീവിതത്തിന്റെ പൊതു നിയമമാണെന്ന്സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബാലിശമാണ്.

ഫ്രോയ്ഡ്   ആശയ വാദ നിരപേക്ഷമായ ജൈവ പദാർത്ഥാധിഷ്ഠിതമായ ഭൗതികവാദമാണ് അവതരിപ്പിച്ചതെങ്കിലും  ലൈംഗിക പരമാധികാരം എന്ന സങ്കൽപനത്തിൽ നിന്ന് പുതിയൊരു മതം പ്രചരിപ്പിക്കാനും അതിൽ നിന്ന്പുത്തൻ ആശയവാദത്തിന്റെ പ്രഹേളികകൾ ഉൽപ്പാദിപ്പിക്കാനും  മുതലാളിത്ത തത്വചിന്തകർക്കു കഴിഞ്ഞു  .ഭൗതിക പദാർത്ഥമല്ല ശബ്ദത്തിന്റെ ചീളുകളാണ് , അല്ലെങ്കിൽ ലിപികളോ ഛായാചിത്രണങ്ങളോആണ് അർത്ഥവും യാഥാർഥ്യവും നിർണ്ണയിക്കുന്നത് എന്ന നിലപാടിന് തുടക്കം കുറിക്കുന്ന പുത്തൻ ആശയവാദം ചരിത്രത്തിൽ പ്രാമാണികതയാർജ്ജിക്കുന്നതു ഘടനാവാദ ഭാഷാ ശാസ്തതോടൊപ്പ മാണ്  എങ്കിലും അതിന്റെ ഭാഷാന്തരങ്ങൾ ഒരു മസ്തിഷ്ക രോഗപ്പകർച്ച എന്ന നിലയിൽ ഇപ്പോഴും ഉപജീവിക്കുന്നതു പ്രധാനമായും  ഫ്രോയ്ഡിന്റെ ലൈംഗിക മനശ്ശാസ്ത്രവാദത്തെയാണ്. ഭൗതിക   പദാർത്ഥത്തെ ഉപജീവിച്ചുഫ്രോയിഡു രചിച്ച സിദ്ധാന്തങ്ങളിൽ ”മനസ്സ് ” വലിയൊരു  ആശയവാദ മേൽക്കൂരയായി ഉയർന്നു പൊന്തിവന്നു. ചിത്തും ജഡവും തമ്മിലുള്ള  വൈരുദ്ധ്യാത്മക സംഘർഷത്തെ പരിഗണിക്കാതെ യാണ് ,കുടുംബത്തിന്റെ ഉത്പത്തികാലത്തിനു മുൻപും പിമ്പുമുള്ള  പദാർത്ഥ ഭൗതിക സാഹചര്യത്തെ പരിഗണിക്കാതെയാണ് ,സോഫോക്ളീസിന്റെ നാടകനിർമ്മിതിയുടെ കാലവും സ്ഥലവും പരിഗണിക്കാതെയാണ് ശാശ്വതമൊന്നേ സത്യം അത് ചിത്തശാസ്ത്രരാജ്യഭാരം നിർവ്വഹിക്കുന്ന അപബോധ രതിഗർഭമാണ് (libido) ആണ് എന്ന്  അദ്ദേഹം  സിദ്ധാന്തിച്ചതു.ലോകത്തെ ഇളക്കി മറിച്ച  അപബോധം എന്നചിത്ത സംഭരണി കണ്ടു പിടിച്ചത് ഞാനല്ല റൊമാന്റിക് കാലഘട്ടത്തിലെ  സാഹിത്യ രചയിതാക്കാളാണ് എന്ന് പറയുമ്പോഴും അദ്ദേഹം ഉപജീവിക്കുന്നതു സാഹിത്യകൃതിക ളിലെ  കഥാപാത്രങ്ങളുടെ മാനസിക ജീവിതത്തെയാണ്  .ഈഡിപ്പസ് കോംപ്ലക്സ് എന്ന മനശ്ശാസ്ത്രതത്വം സ്ഥാപിച്ചെടുക്കുന്നതിനു അദ്ദേഹം ഉപജീവിക്കുന്നതു പൗരാണിക ഗ്രീസിലെ ഭൗതിക രാഷ്ട്രീയ ലൈംഗികാധികാര പരിസരങ്ങളെയല്ല – സോഫോ ക്ളീസിന്റെ  നാടകത്തിലെ ഒരേ ഒരു  കഥാപാത്രത്തെയാണ്.  മറിച്ചു ചിത്ത രോഗ ചികിത്സയ്ക്കായി ചിത്താപഗ്രഥനം നടത്തുമ്പോൾ ആദ്യമായും അവസാനമായും അദ്ദേഹം പരിഗണിച്ചത് രോഗിയുടെ ഭൗതിക പാദാർത്ഥിക പരിസരത്തെയാണ്;ചിത്തരോഗി നിർമ്മിക്കുന്ന കഥകളെയല്ല . എന്നാൽ ഈഡിപ്പസ് കോംപ്ലക്സ് തത്വം  നിർമ്മിക്കുക്കുമ്പോൾ നാടകത്തിലെ സംഭാവാത്മക ഇതിവൃത്തഭാഗത്തിന്റെ പകർപ്പെടുപ്പു   നടത്തുന്ന പ്രവർത്തനമാണ് അദ്ദേഹം നിർവഹിക്കുന്നത്; നാടകത്തിലെ കഥ/ ഇതിവൃത്തത്തെ  പോലുമല്ല ഇച്ഛാ പ്രാപ്തിയിലെത്താത്ത  ഒരു കഥാപാത്രത്തെ ( character-)  മാത്രമാണ്  അദ്ദേഹം,  പ്രമാണമായെടുക്കുന്നത് ; കഥയുടെവൈരുദ്ധ്യാത്‌മകവും ഭൗതികവുമായ ചരിത്ര പരിസരത്തെയും അധികാര വ്യവസ്ഥയെയും അദ്ദേഹം പരിഗണിക്കാൻ വിസമ്മതിക്കുന്നു ; എന്നാൽ ചിത്തരോഗ  അപഗ്രഥനം നടത്തുമ്പോൾ രോഗി പറഞ്ഞകഥയെ അല്ല , ആ കഥയെ ഉൽപാദിപ്പിച്ച ഭൗതിക ജീവിത സാഹചര്യത്തെയാണ് രോഗ ഹേതുവായി അദ്ദേഹം കണ്ടെത്തുന്നത് .  രോഗിയുടെ ജനിതകമോ ജനനാനുബദ്ധമോ(congenital-)ആയ ഘടകങ്ങൾക്ക് പോലുമോ  ഭൗതിക സാമൂഹ്യ സാഹചര്യങ്ങൾക്ക് സമമായ  മുന്തിയ പരിഗണന അദ്ദേഹം നൽകുന്നില്ല ; ഭാഷാപ്രയോഗത്തിൽ  അബോധപരമായി സംഭവിക്കുന്ന തിരിമറികൾ( parapraxis– aphasia-etc ) പോലും സവിശേഷ ഭൗതിക ജീവിത പരിസരത്തെ  മുൻ നിർ ത്തിയാണ് അദ്ദേഹം വിശദീകരിക്കുന്നത്. അവിടെ അദ്ദേഹം  പ്രകടമാക്കുന്ന ശാസ്ത്രീയ വിവേകം, അപ ബോധരതിഗർഭത്തെ അതിശയോക്തിപരമായി പ്രമാണവൽക്കരിക്കുന്ന  ലൈംഗിക ആശയവാദ വ്യവഹാരങ്ങളിൽ  കാണാനാവില്ല.              

കുടുംബം എന്ന ഘടന ചരിത്രത്തിൽ ഉണ്ടാവുന്നതിനു മുൻപുള്ള  മനുഷ്യ ജീവിതാവസ്ഥയിലെ  ലൈംഗിക അവ്യസ്ഥിതത്വത്തിന്റെ ശീലങ്ങൾ, കുടുംബം ചരിത്രത്തിൽ രൂപ പ്പെട്ട ശേഷവും കുടുംബ ലൈംഗിക നിബന്ധനകളുടെ അതിരുകൾ മുറിക്കുന്നു എന്നൊരു വാദം സ്ഥാപിച്ചെടുക്കാനാണ്  ഫ്രോയ്ഡ് ഉദ്യമിച്ചതു ; കുടുംബം ഉണ്ടാവുന്നതിനു മുൻപ്  മുൻപ് മാതാവും പിതാവും പുത്രനും പുത്രിയുമില്ലാതിരുന്നതുകൊണ്ടു ആ പ്രാകൃത ലൈംഗികതയിൽ പാപ  രതി (incest ) അപ്രസക്തമാണ് .കുടുംബ  ലൈംഗിക കർമ്മ ഘടനയിലെ അപചയമാണ് അപരതി;അത് കുടുംബാ നന്തര ഘട്ടത്തിലെ( post  family  phase) ഒരു ലൈംഗിക നിബന്ധ പ്രശ്നമാണ് ; ചരിത്രത്തിൽ ,പ്രത്യുത്പാദനത്തിന്റെ രക്ഷാബന്ധനം  എന്ന നിലയിൽ, ”കുടുംബം” ഉണ്ടാകുന്നു എന്നത് കൊണ്ടാണ് ഇൻസെസ്റ് ഒരു രക്ഷാ ഭേദന പ്രശ്നമായി തീരുന്നത് . കുടുംബം എന്നൊരു construct  ഉണ്ടായാലേ അതിനെ deconstruct  ചെയ്തു   അപ കർമ്മ രതിയുടെ ശകലങ്ങളാക്കാൻ കഴിയുകയുള്ളൂ ; കുടുംബം ഉണ്ടായത് കൊണ്ടാണ് കുടുംബത്തെ മുറിക്കുന്ന ഇൻസെസ്റ്റിനു അർത്ഥാ-നർത്ഥാഘാതങ്ങളുണ്ടാക്കാൻ കഴിയുന്നത്; ഇൻസെസ്റ്റിന്റെന്റെ പ്രേരണകൾ അർദ്ധമൃഗമായ മനുഷ്യനിൽ നിലനിൽക്കുന്നു എന്നത് കൊണ്ട് കുടുംബം ഒരു മായ ( ഇല്ല്യൂഷൻ)യും രതി പരമവും അപ്രതിരോധ്യവുമായ അതി ശക്തിയുമെന്ന  മട്ടിലാണ് ഫ്രോയ്ഡിയൻമാർ ചിന്തിച്ചു പോയത് ; ഫലത്തിൽ ആശയവാദ വിരുദ്ധ തയിൽ തുടങ്ങി , പരമമായ സത്യം എന്നതിന് പകരം പരമശക്തനായ രതി എന്നിടത്താണ് ഫ്രോയ്ഡിയൻമാർ   എത്തിച്ചേർന്നത് ; നാടു വാഴിത്തത്തിലായാലും  മുതലാളിത്തത്തിലായാലും ഹേതു -പദാർത്ഥ പ്രാഭവ (cause-effect) പാരസ്പര്യത്തിന്റെ മാനവിക ശീർഷത്തെയും  ധിഷണയെയും കീഴ്പ്പ്പ്പെടുത്തുന്ന ഒരു  അന്ധപരാശക്തി -പരമ സത്യമായായാലും പരമ രതിശക്തിയായാലും അധികാര സ്ഥാപനത്തിന് ആവശ്യമായിവരുന്നു ;.പരമ രതിശക്തിയുടെ തന്നെ ഉല്പന്നമാണ്  പരമ സത്യവിശ്വാസമെന്നും,  ഭക്തി , ലൈംഗികാസക്തിയുടെ തന്നെ ഭാഷാഭേദമാണെന്നും ഫ്രോയ്ഡ് പറഞ്ഞു. അത്  അദ്ദേഹത്തിന്റെ മനശ്ശാസ്ത്രഅപഗ്രഥനത്തിൽ നിന്ന് പുറത്തു വരുന്ന അർത്ഥഭദ്രമായ  തിരുത്തൽ പ്രമാണം   തന്നെയാണ് ;  .പരമ സത്യവും   ശക്തിയുമായ ലൈംഗികാസക്തിയുടെ ആൾ മാറാട്ടമാണ്   ഭക്തി എന്നഫ്രോയ്ഡിന്റെ കണ്ടെത്തലിൽ ആത്മീയ ആശയവാദത്തിന്റെ മേൽക്കൂര തകർത്തു  കളയുന്ന  നേരിന്റെ ഗംഭീര  സാന്നിധ്യം ഉണ്ട്.  സാഹിത്യരചനകളിൽ നിക്ഷിപ്തമായിരിക്കുന്നലൈംഗിക  മാനസഗർഭസ്ഥലംആണ് അപബോധം എന്ന് അദ്ദേഹം സിദ്ധാന്തിച്ചു ; സൗന്ദര്യാനുഭവ പഠനത്തിന്റെ   മേഖലയിൽ അപബോധത്തിന്റെ  ശാസ്ത്രീയ സാധ്യതകൾ വികസിപ്പിച്ചെടുക്കുന്നതിൽ  ഫ്രോയ്ഡ് നൽകിയ സംഭാവന അതുല്യമാണ്. സാഹിത്യത്തിന് ബഹിർയാഥാർഥ്യത്തിന്റെ  ഒരു വിമർശനാത്മകതലം ഉണ്ട്  എന്നിരിക്കിലും   മാനസിക രതിഗർഭത്തിൽ (ibido) നിക്ഷിപ്തമായിരിക്കുന്ന യാഥാർഥ്യവും ബാഹ്യതല യാഥാർഥ്യവും തമ്മിലുള്ള വൈരുദ്ധ്യാത്മകതയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു യാഥാർത്ഥ്യ നിർവചനം   അംഗ പരിമിതമാണ് എന്ന് സ്ഥാപിച്ചെടുക്കുവാനും ഫ്രോയിഡിന് കഴിഞ്ഞു;             അദ്ദേഹത്തിന്റെ ഈഡിപ്പസ് കോംപ്ലക്സ്, ക്യാസ്ട്രേഷൻ  ഫീയർ എന്നിവചരിത്രബോധ രാഹിത്യത്തിന്റെ പിഴവുകളായിരുന്നുവെങ്കിലും ഈഗോ (ego)യും  ഇദ്ദും (id ) അധിബോധവു ( super  ഈഗോ) മടങ്ങുന്ന   മനശ്ശാസ്ത്ര പീഠിക സൗന്ദര്യ മനശ്ശാസ്ത്രപഠനത്തിന്റെ ആധാര   ഭാഗമായിത്തീർന്നിട്ടുണ്ട്.ഫ്രോയ്ഡ് , ചിത്ത രതിഗർഭത്തിനു( ibido ) നൽകിയ    അമിത  വാത്സല്യം വിവാദാത്മകമാവുന്നുണ്ട് ; അതെ സമയം ”ബലവാന്റെ   അതിജീവനം” എന്ന പരിണാമ ജന്തുവാസന, അധികാരത്തിന്റെ ആകാരമാർജ്ജിച്ചു ,  ഭൗതിക  ലൈംഗികജീവിതത്തിൽ കരുപ്പിടിപ്പിച്ച ലൈംഗികാധികാര ബന്ധങ്ങളെ   സംബന്ധിച്ചു അദ്ദേഹം  പ്രദർശിപ്പിച്ച അജ്ഞത കുറ്റകരമാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയമെന്നത് അധികാരബന്ധങ്ങളുടെ ആഖ്യാനമാണ്; .എല്ലാ ബന്ധങ്ങളിലും അധികാരത്തിന്റേതായ സമതുലനത്തിന്റെയും അധി തുലനത്തിന്റെയും  ഋണതുലനത്തിന്റെയും ചരടു പിടുത്തങ്ങളുണ്ട്… ഈ ചരടു പിടുത്തങ്ങൾ ഏറ്റവും  പ്രശ്നാത്മകമാവുന്നതു  ലൈംഗികാധികാര ബന്ധങ്ങളുടെ മണ്ഡലത്തിലാണ് .ഈഡിപ്പസിലെ പൊതു രാഷ്ട്രീയ നിബന്ധങ്ങൾ ,ലൈംഗികാധികാര ബന്ധങ്ങളെ ,നിർവചിക്കുമ്പോഴുണ്ടാവുന്ന മാനവിക അപഭ്രംശത്തിന്റെ ദുരന്തത്തെകാണാൻ തയ്യാറാവാതെ താൻ   മാനത്തു കണ്ട ലൈംഗിക ചിത്താപഗ്രഥന  സിദ്ധാന്തങ്ങൾ സോഫോക്‌ളീസ് മരത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു എന്ന് സമർത്ഥി ക്കാനാണ്‌  അദ്ദേഹം ശ്രമിച്ചത്  . ഈ ലൈംഗിക ചിത്താപഗ്രഥന പ്രമാണങ്ങളിൽ സ്വാഭാവികമായും മുറുകി നിൽക്കുന്ന  ലൈംഗികാധികാര ബന്ധങ്ങളെ  വെളിപ്പെടുത്തുവാൻ  അദ്ദേഹത്തിനു കഴിയാതെ പോവുന്നു .കുടുംബ തലത്തിലും കുടുംബ ബാഹ്യതലത്തിലുമുള്ള അധികാരബന്ധങ്ങളുടെ പിരിമുറുക്കം  ലൈംഗികാധികാര ബന്ധങ്ങളിലുമുണ്ടെന്ന തിരിച്ചറിവിലേക്ക്  അദ്ദേഹം  സഞ്ചരിക്കുന്നില്ല .അറുപതുകളിലെ വാണിജ്യ  സിനിമയിൽ ബലാൽ സംഗവും സ്റ്റണ്ടും കാബറെനൃത്തവും ഉണ്ടാവുമെന്നുറപ്പുള്ള പ്രേക്ഷകൻ ചിര പ്രതീക്ഷിത  രംഗങ്ങളെല്ലാം  കഴിയുമ്പോൾ തീയേറ്ററിൽ നിന്നിറങ്ങിപ്പാവുന്നതു പോലെ ഗ്രീക്ക് നാടകത്തിൽ ഇൻസെസ്റ്റിന്റെയും   പിതൃ ഹത്യയുടെയും മാതൃ പരിണയത്തിന്റെയും രംഗങ്ങൾ കണ്ടു കഴിയുമ്പോൾ ഫ്രോയ്ഡ്  തീയേറ്റർ വിട്ടിറങ്ങുകയാണ് . ഇപ്പറഞ്ഞതിന്റെയെല്ലാം ഭൗതികവും സാമൂഹ്യവും രാഷ്ട്രീയവു മായ   ആഘാത പ്രത്യാഘാതങ്ങളുടെ ചരിത്രം അദ്ദേഹത്തെ സ്പർശിക്കുന്നതേയില്ല .ഈഡിപ്പസ്സിന്റെ കണ്ണുകളിലെ രക്തം കാൽ ചുവടുകളിലേക്കു ഒലിച്ചിറങ്ങുമ്പോഴും ഈഡിപ്പസ്സിന്റെ മനസ്സിലോ നാടകത്തിലോ  തെളിയിക്കപ്പെടാത്ത മാതൃ സംഭോഗാസക്തി എന്ന പ്രമാണവുമായി അദ്ദേഹം തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടുകയാണ്  ; ഒരു മന ശ്ശാസ്ത്ര തത്വം  സാഹിത്യകൃതിയിൽ നിന്ന് ചികഞ്ഞെടുക്കാൻ വായനക്കാരന് അവകാശമുണ്ട് .മനശ്ശാസ്ത്രനിയമം ചരിത്രപരമായി ശരിയോ തെറ്റോ ആവാം ;പക്ഷെ വേണ്ടത് കിട്ടിക്കഴിഞ്ഞാൽ വായന മുഴുമിക്കാതെ പുസ്തകത്തിൽ നിന്നിറങ്ങിപ്പോവുന്നതു കുറ്റകരമാണ് .

ഈഡിപ്പസ്സിനെ മുൻനിറുത്തി ഫ്രോയ്ഡ്  ഒരു മനശ്ശാസ്ത്ര സിദ്ധാന്തം വിഭാവന ചെയ്യുമ്പോൾ  ചുരുങ്ങിയ പക്ഷം യവനേതിഹാസങ്ങളിലും യവന നാടകങ്ങളിലും സമാനമായ പ്രമേയങ്ങൾ  എങ്ങനെ ആഖ്യാനം ചെയ്തിരിക്കുന്നു  എന്ന് പരിശോധിക്കേണ്ടതായിരുന്നു ;യവന ഇതിഹാസകാരനായ   ഹോമറിന്റെ ഈഡിപ്പസ് കഥയിൽ നിന്നാണ്   സോഫോക്ളീസ് മനുഷ്യ ബോധമണ്ഡലത്തെ നടുക്കുന്ന ഒരു നാടകക്കളം  രചിച്ചത്. അഭിജ്ഞാന ശാകുന്തളം ശരിക്കും അറിയുന്നതിന് മഹാഭാരത ശാകുന്തളം കൂടി അറിഞ്ഞിരിക്കണം .പ്രത്യക്ഷമായ ഒരു വിലപേശലിലൂടെ  ലൈംഗിക ശയനം   സാധ്യവുമാവുന്ന രാജാഭരണാധികാരികൾക്കു, പിൽക്കാലത്തു  കുല നയാനുവാദമില്ലാത്ത സമ്പർക്കങ്ങൾക്കു ഗാന്ധർവ്വമുൾപ്പടെയുള്ള രഹസ്യ ഭാര്യാ   സമ്പ്രദായങ്ങൾ ആവശ്യമായിവരുന്നു വെന്നും ,  പ്രണയം അഭിജ്ഞാന ഘട്ടത്തിൽ  അത്യന്ത സുരതാഭിനിവേശത്തെ  അതികാല്പനീകരിക്കുന്ന   ചാഞ്ചല്യമായിരുന്നെന്നും , കണ്ടെത്തുന്നുന്നതിനു ഇരു കൃതികളും തമ്മിലൊരു താരതമ്യം വേണ്ടിവരും . മഹാഭാരതത്തിൽ സുരതസമ്മതി  അനായാസമായ ഒരു ഉടമ്പടിയായിരുന്നു . അഭിജ്ഞാന  ശാകുന്തളത്തിലാവുമ്പോൾ  കാട്ടിലെആശ്രമ വാസിയായ പെണ്ണിന്  concubine( പച്ച മലയാളത്തിൽ വെപ്പാട്ടി) എന്നതിനുമപ്പുറം കൊട്ടാരത്തിൽ രാജ്ഞിമാരിലൊരുത്തിയായി അംഗീകാരം ലഭിക്കുമോ  എന്നതാണ് മുനിസമുദായത്തെ അലട്ടുന്ന അഭിമാന  പ്രശ്നം; അക്കാര്യത്തിൽ യാതൊരു ഉറപ്പും ഖണ്ഡിതമായി സ്ഥാപിക്കാൻ കഴിയാത്ത ഒരു എസ്‌കേപിസ്ററ്  യാത്രാതന്ത്രത്തിനു മധ്യേയാണ് സൂത്രധാരൻ   നാടകാന്ത്യത്തിൽ തിരശ്ശീലതാഴ്ത്തുന്നത്

അത് പോലെ തന്നെ ഹോമറിന്റെ ഈഡിപ്പസ് കഥയിൽ സോഫോക്ളീസ് പ്രവേശിക്കുമ്പോൾ ഹോമർ ആഖ്യാനം ചെയ്ത കഥയ്ക്കുള്ളിലെ ലൈംഗികാധികാര  പ്രശ്നാത്മകതയുടെ  തിരശ്ശീല പിളർന്നു കൊണ്ട് മറ്റൊരു മാനസിക  ആന്ധ്യം പ്ലേഗിന്റെയും മരണപ്പകർച്ചകളുടെയും ഉഴവുകാരന്റെയും ഊഷരമായ മണ്ണിന്റെയും  രംഗങ്ങൾക്ക്   മദ്ധ്യേ   പിതൃ വധത്തിന്റെയും മാതൃ പരിണയത്തിന്റെയും പിന്തുടർച്ചയയായ ഒരു മൃത്യു കാലത്തിന്റെ ആവിഷ്കാരത്തിലേക്കു  മാറി മറിയുകയാണ് .ഹോമറിന്റെ ഈഡിപ്പസ് കഥയിൽ ഈഡിപ്പസ് സ്വയമറിയാതെ പിതൃ ഹത്യയുടേയും മാതൃ പരി ണയത്തിന്റെയും   അപരാധം ചെയ്യന്നു .പാതകങ്ങൾ തിരിച്ചറിയപ്പെടുമ്പോൾ  ‘അമ്മ     യോകാസ്റ്റ ആത്മഹത്യ ചെയ്യുന്നു വെങ്കിലും ആത്മ പീഡാകുലനായ ഈഡിപ്പസ് ജീവിതാന്ത്യം വരെയും തീബ്സിന്റെ ഭരണകർമം നിർവഹിക്കുന്നു !സോഫോക്ളീസ് നാടകത്തിലെന്നപോലെ  സ്വയം നാടുകടത്തപ്പെട്ടു , കണ്ണുകൾ മുറിച്ചു ജ്ഞാനാന്ധകാരത്തിന്റെ സാക്ഷ്യമായി മാറുന്നില്ല ; .അറിയാതിരിക്കൽ, അജ്ഞത,അപരാധത്തിനുള്ള ഒഴിവുകഴിവല്ല .ഇരുട്ടിൽ നിന്നിറങ്ങിവരുന്ന വിധി വിശ്വാസങ്ങൾക്കും രാഷ്‌ടീയ ദാമ്പത്യ നിർവ്വച നങ്ങൾക്കുമെതിരെഎനിക്ക്  സൂര്യനെ തരൂ( ഇബ്‌സൻ) എന്ന് വിലപിച്ചു കൊണ്ടുള്ള യാത്രയിലേക്കാണ് ഈഡിപ്പസ് ചെന്നെത്തുന്നത് .  സ്വയം  പീഡനാത്മകമായ വിമോചന യാത്രഹോമറിൽ  ഇല്ല .ഹോമറി ന്റെ    ഈഡിപ്പസ് രാജ്യഭരണം തുടരുകയാണ് ;  പിതൃ ഹത്യ, മാതൃരതി , മാതാവിന്റെ ആത്മഹത്യ എന്നിവ മൂന്നും ഹോമറിന്റെയും   സോഫോ ക്ളീസിന്റെയും  രചനകളിലെ പൊതു ഘടകങ്ങളാണ് . സോഫോക്ളീസ് , ഹോമറിന്റെ കഥ ഒരു നാടക ത്രയത്തിലേക്കു വികസിപ്പിച്ചു ആന്റിഗണിയിലെത്തുമ്പോൾ ഈഡിപ്പസ് മൂന്നുതലമുറകളുടെ ചരിത്രമായി മാറുകയാണ് ;ലയസ്സും യോക്കസ്റ്റയുമടങ്ങുന്ന ആദ്യ തലമുറ .പുത്രനാൽ വധിക്കപ്പെടുന്ന പിതാവിന്റെയും  പുത്രനാൽ ഭേദിക്കപ്പട്ടിരിക്കുന്നുവെന്നറിഞ്ഞു സ്വയം മരണത്തിന്റെ കുരുക്കിൽപിടഞ്ഞുമറയുകയും ചെയ്യുന്ന യോക്കസ്റ്റയുടെയും തലമുറ, ഒരു  മൃത്യു കാലമാണ് . ഈമൃത്യു കാലത്തിൽ രാഷ്ട്രീയ വിധിനിയമങ്ങളുടെ പാവക്കൂത്തിലകപ്പെട്ടുപോയ യോക്കസ്റ്റ ഹതനായ ഭർത്താവിനെ ലയസ്സിനെ ഓർത്ത് വിലപിച്ചു കൊണ്ടാണ് മരണത്തിലേക്ക്‌ചെന്നടിയുന്നതു . ഫ്രോയ്ഡ്   ചിത്ത ഗർഭത്തിൽ   നിന്നു കുഴിച്ചെടുക്കുന്ന   അപരതികർമ്മത്തിന്റെ അപ്രതിരോധ്യത എന്ന മിഥ്യയെ, പിന്തള്ളുന്ന ദാമ്പത്യ പ്രണയത്തിന്റെ ഉൽക്കടമായ അടയാളവാക്യം എന്ന നിലയിലാണ് യോക്കസ്റ്റ  മരണത്തിലേക്ക് പ്രവേശിക്കുന്നത് . മാതൃത്വം ഭേദ്യം ചെയ്യപ്പെട്ട  ലൈംഗികാപചയത്തിന്റെ കിടക്കയിൽ നിന്നു ദാമ്പത്യ പ്രണയത്തിന്റെ പ്രതിരോധം ഉയർത്തിക്കൊണ്ടാണ് യോക്കസ്റ്റ  സ്വയം മരണത്തെആശ്ലേഷിക്കുന്നതു .ഈഡിപ്പസ് സ്വയം വരിക്കുന്ന അന്ധകാരം യോക്കസ്റ്റയുടെ   സ്വയം ഹത്യയുടെ പിന്തുടർച്ച കൂടിയാണ് ;   ഏകാന്തനായി തനിക്കെതിരെ    തന്നെ യുദ്ധം ചെയ്തു  മറയുന്നുവെങ്കിലും ഈഡിപ്പസ്  നാലുകുട്ടികൾക്കു ജന്മംകൊടുക്കുന്നമൃതി -ജന്മകാരണസന്ധിയുടെ, പ്രജനനത്തിന്റെയും  സ്വയംഹത്യയുടേയും   സങ്കലന കാലമാണ്    ;  ആത്മ മൃതിയുടെ അന്ധകാരവും അതിനപ്പുറമുള്ള   തിരിച്ചറിവിന്റെ അനിവാര്യതയുമാണ്   ഈഡിപ്പസ് ഉപദർശനം ചെയ്യുന്നത് .ലയസ്സും ഈഡിപ്പസും   രണ്ടു വ്യത്യസ്ത സ്ഥല കാലങ്ങളുടെലൈംഗികാധികാര രാഷ്ട്രീയസംഘർഷത്തിൽ  നിന്നുൽ പ്പന്നമാവുന്ന മാനവികചരിത്രത്തിന്റെ  ആഴമുള്ള  മുറിവിനെയാണ്   തുറന്നു വയ്ക്കുന്നത്  ;

കുടുംബംഎന്നതു , ശിശുവിന്റെ ജീവിതഭദ്രതയും ജീവിത ഭാവിയും, ആവശ്യത്തിന്റെ നിയമമായി തീരുമ്പോഴുണ്ടാവുന്ന  ചരിത്രോത്പന്നമാണ്… ശിശുവിനെ ബാധ്യതയായിക്കണക്കാക്കാതെ നിർദ്ദിഷ്ട  സുരതക്രിയ ഭംഗിയായി നിർവഹിക്കുന്ന ഫ്രീലാൻസെർമാരായ വിശ്വാമിത്ര -മേനകമാരുടെ  കർമ്മ ഫലമായി, കാട്ടിൽ പിറന്നു  വീണു കിടന്ന ശിശുവിന്, ദുഷ്യന്തന്റെ ഭാര്യമാരിലൊരുത്തിയായി രാജകുടുംബത്തിൽ സ്ഥലം ലഭിക്കുമോ എന്ന ചോദ്യത്തിന് കാളിദാസൻ വ്യക്തമായ മറുപടി നൽകുന്നില്ല ;കുടുംബംബാഹ്യമായി ഉൽപ്പാദിപ്പിക്കപ്പെട്ട കുഞ്ഞു, ദേവകന്യക (?) യുടെയും പ്രൗഢ രാജ -ബ്രഹ്മജ്ഞാനിയുടെയും സന്തതി ആയാൽപ്പോലും ദുഷ്യന്തന്റെ ബഹുഭാര്യാകുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവളാണോ  എന്ന ചോദ്യം കാളിദാസൻ  ഉന്നയിക്കുന്നുണ്ട് ; ഈ ചോദ്യം ചരിത്രപരമാണ് എന്നും അതിന്റെ ഉത്തരം ചരിത്രം പൂരിപ്പിക്കേണ്ട ഒന്നാണ് എന്നും  കാളിദാസൻ പറയുന്നു .

 അടച്ചിട്ടമുറിയിൽ (കുടുംബം) ചികിത്സതേടുന്ന ലഘു ചിത്തരോഗിയെക്കാളും ഉദാത്തമാണ്  വെളിപ്പറമ്പുകളിൽ   പാറിപ്പറന്നു നടക്കുന്ന ഉന്മാദിയും  (സ്ക്രിസോഫ്രേനിക്)സുരത സംസക്തനുമായ  വിശ്വാമിത്രൻ എന്നാണ് ഡെല്യൂസ് –  ഗുട്ടറി ഇരട്ടക്കുട്ടികൾ പറയുന്നത്. വിശ്വാമിത്രനെ, മേനക റിപ്രെഷനിൽ നിന്ന് മോചിപ്പിച്ചു സുരതസന്നദ്ധനായ നടോടിയാക്കുന്നതോടെ അയാൾ ദാർശനിക  ഇരട്ടക്കുട്ടികൾ ഉപദർശനം ചെയ്യുന്ന ലക്ഷണമൊത്ത ഉന്മാദിയാത്തീരുന്നു .കുടുംബത്തിന്റെ  പ്രാങ്രൂപ കാലം മുതൽ   ആധുനിക ഘട്ടം വരെയുള്ള ചരിത്രം പഠിക്കുന്നവർക്ക്   നിരന്തര സംഘർഷത്തിലൂടെ മനുഷ്യരാശിയിൽ ഉല്പന്നമാവുന്ന വിശേഷബന്ധങ്ങളുടെ ജ്യാമിതിയാണ് –geometry- ആണ് കുടുംബം എന്ന് മനസ്സിലാകും. രണ്ടു മണ്ടന്മാർ ചേർന്ന്” ഈഡിപ്പസ്” എന്നത് പപ്പയും മമ്മിയും മകനുമടങ്ങുന്ന ത്രികോണമാണ് എന്നും അത് റിപ്രെഷന്റെ ജ്യാമിതിയാണെന്നും പ്രഖ്യാപിക്കുമ്പോൾ സായിപ്പ് ബോധ പൂർവ്വം ഉരുട്ടിയെടുക്കുന്ന മുതലാളിത്ത ലാഭസംഭോഗസൂക്തങ്ങൾ വെള്ളം തൊടാതെ വിഴുങ്ങി പാണ്ഡിത്യം അപ്ഡേറ്റ് ചെയ്യുന്നവർ യാന്ത്രിക ആശയ വാദത്തിന്റെ  ബൗദ്ധിക അധിനിവേശത്തിൽ ഹരം കൊള്ളുകയാണ്.

മനുഷ്യാവയവസംയോഗം എന്നത് യന്ത്ര  -യന്ത്രാനുബന്ധങ്ങളുടെ  സംഘാതമാണെന്നു കുട്ടന്മാർ പറയുന്നതിന് കാരണം മോണിറ്റർ ചെയ്തുവച്ചിരിക്കുന്ന യന്ത്രം പോലെ മനുഷ്യാവയ സംയുക്തം പ്രവർത്തിക്കുന്നത് കൊണ്ടാണ് .ഇങ്ങനെയൊരു ബൗദ്ധിക ഹിതത്തിൽകുട്ടന്മാർ എത്തിച്ചേരുന്നതിനുള്ള  ഹേതു ”സാദൃശ്യ ”മാണ്‌   ;സാദൃശ്യത്താൽ സ്മൃതിയും അത്  താൻ  അല്ലയോ ഇത് എന്ന സന്ദേഹവും (വി)ഭ്രാന്തിയുമുണ്ടാവുമെന്നാണ്   നമ്മുടെ ജ്ഞാനികളായ ആലങ്കാരികന്മാർ പറഞ്ഞുവച്ചിട്ടുള്ളത് .  .താൻ നിർമ്മിക്കു വാൻ ആഗഹിക്കുന്നതും തനിക്കു നിർമ്മിക്കാൻ കഴിയാത്തതുമായ ബിംബവും തനിക്കു ഉച്ചരിക്കാൻ ആഗ്രഹമുള്ളതും എന്നാൽ ഉച്ചരിക്കാൻ കഴിയാത്തതുമായശ്രാവ്യമോ കണ്ടതും കേട്ടതുമായി ശരിക്കും സംഭവിച്ചിരിക്കുന്നു എന്ന ഭ്രാന്തിയ്ക്കാധാരം കണ്ടതിന്റെയും കേട്ടതിന്റെയും സാമ്യ ബോധംതന്നെയാണ്(ഇതായിരിക്കണമല്ലോ സ്കിസോ അപഗ്രഥനത്തിനാധാരമായ സ്കിസോ   ഫ്രേനിയ എന്ന  ഭ്രാന്തിമാൻ). ടെലൂസ്‌ —ഗുട്ടരി എന്നിങ്ങനെ രണ്ടു കുട്ടന്മാർ മനുഷ്യാവയവ സംഘാതത്തിന്റെ പാരസ്പര്യവും പ്രവർത്തനക്ലിപ്തതയും  ഒരു യന്ത്ര സമുച്ചയത്തിന് സദൃശമെന്നു കണ്ടറിഞ്ഞ   ഭ്രാന്തിയിൽ മനുഷ്യൻ ഒരു റൊബോട്ട് അല്ലെങ്കിൽ അതിനേക്കാൾ പ്രവർത്തന തന്ത്രമറിയുന്ന ഒരു ഡിജിറ്റ ൽ / നോൺ ഡിജിറ്റൽ യന്ത്രം തന്നെയെന്ന് കല്പന ചെയ്തു ഉദ്ദണ്ഡിക്കുന്നു

സാദൃശ്യം തന്നെയാണ് പ്രശ്നം . അച്ഛൻ   വലിയവീട്  പണിഞ്ഞു  വച്ചിരിക്കുന്നത് കണ്ടു അതിനു സദൃശമായ  മേൽക്കൂര  പണിയുന്ന കൊച്ചുങ്ങളെപ്പോലെ നമ്മുടെ കുട്ടന്മാർ ഫ്രോയിഡിന്റെ  സാദൃശ്യത്താലുണ്ടാവുന്ന  പ്രതിയോഗി രൂപങ്ങളെആകാശത്തിലേക്കു പറത്തിവിട്ടിരിക്കുന്നു. ഫ്രോയിഡിന്റെ ” ന്യൂറോസിസ്;” നിർവ്വചനത്തിനു   സദൃശ പ്രതിയോഗിയായി ”സ്കിസോഫ്രേനിയ” ;ഫ്രോയ്ഡിന്റെ സൈക്കോ അനാലിസിസിനു പ്രതിയോഗിയായി സ്കിസോ അനാലിസിസ് എന്ന സദൃശ ഭ്രാന്തി ;ഫ്രോയ്ഡിന്റെ ഈഡിപ്പസ്‌സിനു പ്രതിയോഗിയായി ആന്റി  ഈഡിപ്പസ് ; ഫ്രോയ്ഡ്     മനസ് എന്ന കരണത്തെ (apparatus ) പ്രവർത്തിപ്പിക്കുന്ന ഊർജ്ജമാണ് , ഇന്ധനമാണ്   ആഗ്രഹംഎന്ന് പറയുമ്പോൾ കുട്ടന്മാർ മനുഷ്യകർമ്മ  പിണ്ഡത്തെ  ഡിസൈറിങ് മെഷീൻ എന്ന് വിളിക്കുകയും,  ആഗ്രഹത്തിന്റെ ഇന്ധനം  ലൈംഗിക എണ്ണ ആകാവുന്നതാണ് എന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു . ചുരുക്കത്തിൽ ഫ്രോയ്ഡ് ഇല്ലായിരുന്നെങ്കിൽ ഇവന്മാർ എന്ത് ചെയ്യുമായിരുന്നു എന്ന് ആരും ചോദിച്ചു പോവും  .അതുക്കും മേലെയാണ്, മനുഷ്യശരീരം യന്ത്രാനുയന്ത്ര ശ്രുംഖലയുടെ    പ്രവർത്തനകാണ്ഡമാണെന്നുള്ള പ്രസ്താവന . ഇവിടെ മാലോപമ എന്ന സാദൃശ്യഅലങ്കാരം കൈവെടിഞ്ഞ്, മനുഷ്യജൈവഗാത്രത്തിലെ വ്യൂഹങ്ങളുടെ ക്രിയാ പാരസ്പര്യങ്ങൾക്കും ബന്ധാനുബന്ധങ്ങൾക്കും യന്ത്ര സാമഗ്രി കൂടത്തിലെ യന്ത്രാനുയന്ത്ര പാരസ്പര്യത്തിനും തമ്മിൽ   തമ്മിൽ അഭേദം കല്പിച്ചിരിക്കുന്നു; അലങ്കാരം രൂപകം . റോബോട്ടുകളുടെ  കാലവും കഴിഞ്ഞു ഡിജിറ്റവൽക്കരണം ഉച്ചസ്ഥായിൽ നിൽക്കുമ്പോഴാണ് മനുഷ്യ ശരീരത്തിലെ ഓരോ അവയവും വിളിച്ചാൽ പരസ്പരം വിളി കേൾക്കുമെന്നും അവകൂടിചേരുമ്പോഴുണ്ടാവുന്ന ക്രിയാ സ്വരൂപവും   യന്ത്ര സംഗ്രാഹിയും തമ്മിൽ ഭേദങ്ങളില്ല  എന്നും  ഇരട്ടക്കുട്ടന്മാർ ചൊല്ലുന്നത്. ശരീരം  ഒരു യന്ത്രത്തെപ്പോലെയാണ്, (എന്നാൽ നൈസർഗ്ഗികമായി ) പ്രവർത്തിക്കുന്നത് എന്ന് നാട്ടിൽ സർവ്വസാധാരണമായ അറിവാണ്; നാട്ടിൽ, ചൊല്ലുള്ളതിൽ കവിഞ്ഞു ഒന്നും കുട്ടന്മാർ കണ്ടെത്തുന്നില്ല എന്നതിനാൽ തെല്ലും ഇതിൽ അതിശയോക്തി ഇല്ല . മനുഷ്യ ശരീര ശാസ്ത്രം പഠിച്ച പത്താം ക്ലാസ്‌കാരനുപോലും, പോലും യന്ത്ര ഭാഗങ്ങൾ സംയോജിതമായി പ്രവർത്തിക്കുന്നതിനേക്കാൾ സൂക്ഷ്മവും സമയബദ്ധവുമായ നൈസർഗ്ഗികതയോടെ മനുഷ്യ  ശരീരം  പ്രവർത്തിക്കുന്നുണ്ട് എന്ന് അറിയാവുന്നതാണ്. ചോദ്യം ഒന്നേയുള്ളു കുട്ടന്മാർ മനുഷ്യ ശരീരത്തെ ഡിസൈറിങ് മെഷീൻ എന്ന് വിളിക്കുമ്പോൾ ആഗ്രഹിക്കുക എന്ന ക്രിയ അനുഷ്ഠിക്കുന്ന യന്ത്രമാണ് മനുഷ്യ ശരീരം എന്നാണോ അർത്ഥമാക്കുന്നത്?  നെല്ലുപൊടിക്കുന്ന ക്രിയ ചെയ്യുന്ന യന്ത്രത്തിന്റെ ആഗ്രഹമാണ് നെല്ല് പൊടിക്കുക എന്നത്,  എന്നു  വേണമെങ്കിൽ വാദിക്കാം…. കൊല്ലത്തു നിനിന്നു അഞ്ചുതെങ് കോട്ടയിലേക്കോടുന്ന കാറിന്റെആഗ്രഹമാണ് അഞ്ചുതെങ് കാണുക എന്നും  കാറു അതിന്റെ ആഗ്രഹമാണ് ഓട്ടം എന്ന ക്രിയയിലൂടെ നിർവ്വഹിക്കുന്നത് എന്നും വാദിക്കാം . മനുഷ്യ ശരീരവും മനുഷ്യനിർമ്മിതമായ യന്ത്രവും ക്രിയാ സ്വഭാവത്തിൽ ഒന്നു തന്നെയാണ് എന്നും യന്ത്രത്തിലെ lack (അസാന്നിധ്യം) ആണ് ആഗ്രഹം എന്നും അത് യന്ത്രത്തോടു ചേർത്ത് വച്ചാൽ യന്ത്രവും മനുഷ്യ ശരീരവും   തമ്മിൽ അഭേദം കല്പിക്കാമെന്നുമാണ്   ഇരട്ടക്കുട്ടികൾ   വാദിക്കുന്നതു  …മനുഷ്യനെ യന്ത്രവൽക്കരിക്കുക എന്നത് പഴയ കാവ്യ ഫോർമലിസത്തിന്റെയെന്നല്ല അധികാരവ്യവസ്ഥ നിബന്ധിച്ചിരിക്കുന്ന  രാഷ്ട്രീയ ഫോർമലിസത്തിന്റെയും   ആവർത്തനമാണ്; മനുഷ്യനും യന്ത്രവും തമ്മിലുള്ള അഭേദ്യം എവിടെക്കൊണ്ടെത്തിക്കാം എന്നത് ഒരു രാഷ്ട്രീയ അജണ്ടയാണ്;  ഇത് ഫ്രോയ്ഡിന്റെ അജണ്ടയല്ല മറിച്ചു ടെക്നോക്രസിയിൽ ഒരു നിലപാടുതറ  സ്ഥാപിക്കാൻ  ശ്രമിക്കുന്ന വിപണി മുതലാളിത്തത്തിന്റെ അപമാനവീകരണ മുറയാണ് ; ഫ്രോയ്ഡ് എല്ലാവിധ  ഫോർമലിസത്തിനും എതിരെയുള്ള  കാല്പനികമായ പൊട്ടിത്തെറി എന്ന നിലയിലാണ് എല്ലാ സാമൂഹ്യനൈതികാചാരങ്ങളെയും ബന്ധങ്ങളുടെ ജ്യാമിതിയെയും തകർത്തുകളയുന്ന ലൈംഗികതയുടെ ഗുപ്ത വിക്ഷോഭത്തെ ഉയർത്തിക്കൊണ്ടു വന്നത് . അതെ സമയം നിർവചനദുഷ്ക്കരം  എന്നു പറയാവുന്ന  ചിത്ത സങ്കേത ദുരൂഹതകൾ വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം അവ്യക്തതകളുടെ ഒരു മണ്ഡലം രൂപപ്പെടുത്തുകയാണുണ്ടായത്. ഫ്രോയ്ഡ് നിമ്മിച്ച അവ്യക്തതകളുടെ സ്പേസിൽ വ്യോമാഭ്യാസം നടത്താനാണു   പിൽക്കാലത്തുപ്രത്യക്ഷപ്പെടുന്ന  ആശയ വാദ നിരാലംബൻമാർ ചിത്ത ദേഹണ്ഡം  ചെയ്തു കൊണ്ടിരിക്കുന്നത്.  ആഗ്രഹത്തെ തൃഷ്ണ എന്ന നിലയിൽ ഫ്രോയ്ഡ്  പരിഗണിക്കുന്നുണ്ടോ എന്നു അദ്ദേഹത്തിന് തന്നെയും ഉറപ്പില്ല. സാധ്യമാവാത്ത ഒന്നിനെ മോഹിക്കുകയും അത് സാധ്യമാവുന്നതായിരിക്കുകയും  ചെയ്യുന്ന മിഥ്യാത്മക (illusory) മോഹപൂരണമാണ്(wish fulfilment) ആണ് കല എന്നു, കലയ്ക്കു  അബദ്ധാത്മകമായ ഒരു  അർഥം ഫ്രോയ്ഡ് കുറിച്ചുവയ്ക്കുന്നുണ്ട് (കലയ്ക്കു അങ്ങനെയും ഒരു ഉപരിപ്ലവതലമുണ്ട് എന്ന് കോൾറിഡ്ജ്  ഫാൻസി സിദ്ധാന്തത്തിൽ മുൻപുതന്നെ പറഞ്ഞു കഴിഞ്ഞതാണ്)… പിന്നീട് കവിതയുടെ പ്രഭവം അപബോധമാണ് (id) എന്നു പറയുമ്പോൾ ഫ്രോയ്ഡ് ഉന്നയിച്ച മോഹപൂരണ കാര്യക്ഷമത തന്നെ തകിടം മറിയുകയാണ്;…. പിന്നീട് കവിതയുടെ പ്രഭവം അപബോധമാണ് (id) എന്നു പറയുമ്പോൾ ഫ്രോയ്ഡ് ഉന്നയിച്ച മോഹപൂരണ കാര്യക്ഷമത തന്നെ തകിടം മറിയുകയാണ്  ഫ്രോയ്ഡ്, ഫ്രോയിഡിനെ തന്നെ മാറ്റി എഴുതുകയാണ്;    

ഇരട്ടക്കുട്ടന്മാരും ലക്കാനുമൊക്കെ മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുതയുണ്ടു. ഫ്രോയ്ഡ് മുന്നോട്ടു വച്ചതു  പുതിയ  മനോവിജ്ഞാനീയ പ്രശ്നങ്ങളായിരുന്നു; അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ      നേരിനായിരുന്നോ  പതിരിനായിരുന്നോ മുൻ‌തൂക്കം എന്നതു  വിധിക്കേണ്ടത് ചരിത്രമാണ്   . പക്ഷെ അദ്ദേഹം പറഞ്ഞതൊക്കെയും ശ്രദ്ധാലുവായ   വായനക്കാരനു സുഗ്രഹമായിരുന്നു   . സുഗ്രഹമാക്കാൻ വേണ്ടിയാണ്  നിരീക്ഷണങ്ങൾ അദ്ദേഹം വിശദീകരിച്ചത് ;ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ ശ്രമിച്ചത് . അദ്ദേഹം സാദൃശ്യമോ (ഈഡിപ്പസ് തുടങ്ങിയ പിഴവുകൾ ഉണ്ടായിരിക്കെത്തന്നെ ) അഭേദമോ   കണ്ടെത്താൻ ശ്രമിക്കുകയല്ലായിരുന്നു .ചിത്ത വിശ്ലേഷണം ആയിരുന്നു  അദ്ദേഹത്തിന്റെ  പദ്ധതി  ;  (മൂലഘടകങ്ങളെ അന്വേഷിക്കുന്ന ദെറിദയുടെ അപനിർമ്മിതിയും ഇപ്പറഞ്ഞ   വിശ്ലേഷണ പദ്ധതിയുടെ തന്നെ തുടർച്ചയും ഇടർച്ചയുമാണ്) മൂർത്തമോ   അമൂർത്തമോ ആയ ഒരു ഘടന, വൈരുധ്യങ്ങളുടെ സംശ്ലേഷണമാണ് . ഫ്രോയ്ഡ് അച്ഛൻ, മകൻ, ‘അമ്മ തുടങ്ങിയ   സാമൂഹ്യ സംശ്ളേഷിതരൂപങ്ങളെ പിളർന്നു നോക്കുമ്പോൾ   പ്രഭാവി  (dominant)യും അപ്രഭാവിയും  (recessive-) തമ്മിലുള്ള വൈരുദ്ധ്യാത്മക  സംശ്ലേഷണമാണ് ഉല്പന്നമാവുന്ന ഘടന എന്ന വസ്തുത പരിഗണിക്കുന്നില്ല . മനുഷ്യനിൽ തന്നെ നിക്ഷിപ്തമായിരിക്കുന്ന  ലൈംഗികത  പ്രത്യുല്പാദനം എന്ന പ്രകൃതി നിയമത്തിന്റെ –law of nature- എന്നപോലെ ആവശ്യ നിയമത്തിന്റെയും -law  of  necessity-നിർവഹണത്തിന് അനിവാര്യമായി തീരുന്ന ജൈവ ഗുണവിശേഷമാണ്. കാടത്തത്തിന്റെ കാലത്തു പ്രത്യുത്പാദനം പ്രകൃതി ബദ്ധമായ സംഭവം എന്ന നിലയിൽ ക്രമരഹിതമായിരുന്നു. പിൽക്കാലത്തു പ്രത്യുല്പാദനത്തിൽ നിന്നുണ്ടാവുന്ന ശിശുവിന്റെ സംരക്ഷണം ഒരു ചരിത്രപരമായ ആവശ്യമായിമാറുന്നു. അപ്പോൾ പ്രത്യുത്പാദനത്തിന്റെ അളവ് നിയന്ത്രിക്കപ്പെടേണ്ടി വരുന്നു . പ്രത്യുത്പാദനം പ്രകൃതിപരമായ സംഭവം എന്നിരിക്കെത്തന്നെ ശിശു എന്ന ജൈവോത്പന്നത്തിന്റെ സംരക്ഷണം എന്ന ആവശ്യത്തിന് പ്രാമാണികത ഉണ്ടായി വരുകയും  അങ്ങനെ ലൈംഗികത പ്രകൃതിയുടെയും ആവശ്യത്തിന്റെയും സമന്വയത്തിനു  വിധേയമായി ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു ;പ്രകൃതിയുടെയും ആവശ്യത്തിന്റെയും നിയമസംയുക്തമായ ഒരു ലൈംഗിക ജീവിതക്രമം ഉണ്ടായി വരുമ്പോൾ ചില സ്ഥാനങ്ങളിൽ ലൈംഗികത ഉപരോധിക്കപ്പെടുകയും കാലാന്തരത്തിൽ       അവ നിഷിദ്ധമായിമാറുകയും  ചെയ്യുന്നു .വിവാഹം എന്ന സ്ഥാപനവും ദാമ്പത്യജീവിതവും ശിശു എന്ന ഭാവിയെ മുൻ നിറുത്തിയുള്ളതാണ് എന്നത് കൊണ്ടാണ് അത് ഭാവനാത്മകമായിത്തീരുന്നത്, എന്നാൽ അത് ഔപചാരികവും യാന്ത്രികവുമായ അനുഷ്ഠാനമായിത്തീരുമ്പോൾ ശിശുവിനെ പിതാവിന്റെ അധികാരത്തിന്റെ ശത്രു സ്ഥാനത്തു നിർത്താൻ പിതാവ് എന്ന അധികാരസ്ഥാനം നിർബന്ധിതമായിത്തീരുന്നു .ഉണ്ണിയേശു ഉണ്ണികൃഷ്ണൻ ഈഡിപ്പസ് കർണ്ണൻ തുടങ്ങിയ  ആൺപിറവികൾ  അധികാര സ്ഥാന ത്തിനുള്ള വെല്ലുവിളികളാകുമെന്നുള്ള ഉൽക്കണ്ഠ നിമിത്തമാണ്  പിതൃ-ആൺ-അമ്മാവൻ അധികാരവ്യവസ്ഥകളിൽ ആൺകുട്ടി പിതാവിന്റെ ശത്രുവായിത്തീരുന്നത് .(ഈ ശത്രുത   ഭാരതീയ  മിത്തിൽ പുത്രൻ, പിതാവിന്റെ  ലൈംഗിക ഉടമ്പടികൾക്കു വേണ്ടി സ്വയം നിരാസം നടത്തിയാണ് പരിഹരിക്കുന്നത്) പിതാവിന്റെ അധികാരത്തിന്റെ ഭാഗമായി പിതാവ്  ലൈംഗികമായി കൈവശം വച്ചനുഭവിക്കുന്ന സ്ത്രീയാണ് ശിശുവിന്റെ ‘അമ്മ . പിതാവിനെ നിഗ്രഹിച്ചു പിതാവിന്റെഅധികാരം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്ന പുത്രൻ  തന്റെ അധികാരഭാഗമായ  ഭാര്യയെ പ്രാപിക്കാനാഗ്രഹിക്കുന്നു എന്നത് അധികാരസ്ഥാനീയനായ പിതാവിന്റെ അല്ലെങ്കിൽ ആണിന്റെ അധികാര നഷ്ടത്തെക്കുറിച്ചുള്ള ലോഭബദ്ധമായ  ഭയ സങ്കീർണ്ണകം (fear complex) ആണ് .അതിലഭ്യതയോടുള്ള ആർത്തിയാണ് ലോഭം ( fetish ).ഈ ഭയത്തിനാധാരം പ്രകൃതിപരമായ ലൈംഗിക തൃഷ്ണ ആണെന്ന് തോന്നുമെങ്കിലും ഇത് കുടുംബത്തിന്റെ ആവശ്യനിയമങ്ങൾ  ബലഹീനമാവുമ്പോൾ പ്രകൃതിനിയമങ്ങൾക്ക് ആവശ്യനിയമങ്ങൾക്കു മേൽ മുൻകൈ ഉണ്ടാവുമ്പോഴുള്ള പ്രതിലോമപരമായ (regression) പ്രതിസന്ധി ആണ്. ലൈംഗികാധികാരസ്ഥാനത്തിരിക്കുന്ന ആണിന്റെ  ഈ ലൈംഗിക ആധിയെയാണ് ഫ്രോയ്ഡ് ഈഡിപ്പസ്സിന്റെചുമലിൽ ഇറക്കിവയ്ക്കുന്നതു . ലൈംഗികതൃഷ്ണയുടെ  മേൽക്കൈ എന്നവാദം ഫ്രോയ്ഡ് മുന്നോട്ടു വയ്ക്കുന്നുണ്ട് എങ്കിലും അതിന്റെ സ്ഥലപരവും സമയപരവുമായ പരിസ്ഥിതി  വിശദീകരിക്കുന്നില്ല ..അഭിരുചിരൂപീകരണം   ഉചിതമായതിനെ     സ്വീകരിക്കുകയും വേണ്ടാത്തതിനെ നിരസിക്കുകയും ചെയ്യുന്ന ,,ഔചിത്യ ( rationality ) ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള  തെരഞ്ഞെടുപ്പിന് മനുഷ്യനെ പ്രാപ്തനാക്കുന്നുണ്ട് ..ഡാർവിന്റെ പ്രകൃത്യാത്മക  തെരഞ്ഞെടുപ്പ് സിദ്ധാന്തം (theory  of  natural  selection)   നൈസർഗ്ഗികവും അനി ച്ഛാത്മകവുമായ കൊള്ളലിനെയും തള്ളലിനെയുമാണ് നിർദ്ദേശിക്കുന്നത് ; അവിടെ അതിജീവനത്തിന്റെ  മാനദണ്ഡം വലിയൊരളവോളം ബലം (force) ആണ്; പക്ഷെ പ്രകൃതി നിയമങ്ങളും ആവശ്യത്തിന്റെ നിയമങ്ങളും സന്തുലനപ്പെടുന്നവ്യവസ്ഥയിൽ natural selection അല്ല,  ആവശ്യാധിഷ്ഠിതമായ – (-rational selection-) ,ഔചിത്യാധിഷ്ഠിത തെരഞ്ഞെടുപ്പ്- (-rational selection-, (ഉചിതമായതിനെ കൊള്ളുകയും അനുചിതമായതിനെ തള്ളുകയും ചെയ്യുന്ന ക്രിയ) പകൃതിബദ്ധമായ തെരഞ്ഞെടുപ്പിന്റെ തന്നെ തുടർച്ചയും എന്നാൽ അതിന്റെ ഉയർന്ന ക്രിയാ മണ്ഡലവുമായി മാറുന്നുണ്ട്; മാതൃ -പുത്ര  പിതൃ- പുത്രീ സഹോദര- സഹോദരീ രതിബന്ധങ്ങളും   സ്വവർഗ രതിബന്ധങ്ങളും    അപകർമ്മ രതി (incest ) എന്ന നിലയിൽ നിരോധിതമാവുന്നതു , അത്  പ്രത്യുത്പാദനത്തിന്റെ ആവശ്യാധിഷ്ഠിത  മൂല്യ രൂപീകരണത്തെയും .ശിശുവിന്റെ രക്ഷാ ബന്ധങ്ങളുടെ കൂട് ( nest )ആയകുടുംബത്തെയും അതിൽ രൂപം കൊള്ളുന്ന വൈവിധ്യമാർന്ന വൈകാരിക ബന്ധങ്ങളെയും വിച്ഛിന്നമാക്കുന്നു   എന്നത് കൊണ്ടാണ് ; . പ്രകൃതി പ്രേരണാപരമായ തെരഞ്ഞെടുപ്പിൽ ഔചിത്യത്തിന്റെ മേൽക്കൈ  ഇല്ല; അത് റേഷനാലിറ്റിയെ മറികടക്കുന്ന തൃഷ്ണയുടെ , ഭോഗത്തിന്റെ ,ഉപഭോഗത്തിന്റെ വഴിക്കുമനസ്സിനെ നയിച്ചു കൊണ്ട് പോകുന്നു.ഉപയോഗവാദത്തിനു (utilitarianism )അതിന്റേതായ വൈരസ്യം(dullness ) ഉണ്ടെങ്കിലും ലഭ്യ യാഥാർഥ്യത്തിനുമതീതമായതിനോടുള്ള ആർത്തിയും തൃഷ്ണയുമാണ്  ഉപഭോഗത്വരയ്ക്ക്  വഴിമരുന്നിടുന്നത് എന്നതു കൊണ്ടാണ് ഉപഭോഗാഭിമുഖ്യം  ലോക സമുദായത്തിന്റെ വിനാശത്തിനു കാരണമായിത്തീരുമെന്നു എറിക് ഫ്രോമ്മിന്റെ പഠനങ്ങൾ  പറയുന്നത് ;

മനുഷ്യനിൽ കാടത്തത്തിന്റെ (savagery) കാലത്തും പ്രാകൃതഗോത്രകാലത്തും (barbarism) ജന്മാനുബദ്ധമായ(congenital പ്രകൃതി പ്രേരണകളാണ് മനുഷ്യനെ നിയന്ത്രിച്ചിരുന്നത് .ഭോഗിക്കുക   തിന്നുക ഹിംസിക്കുക ഗോത്രത്തിന്റെ പൊതുഉടമസ്ഥതയിൽപെട്ട കുഞ്ഞുങ്ങളെ വമ്പൻ വിളവെടുപ്പിനായി ബലികൊടുക്കുക ,ഹിംസിക്കുക എന്നതിൽ കവിഞ്ഞ ന്യായങ്ങളില്ലാതിരുന്ന കാലത്തു തന്നെയും പ്രത്യുത്പാദനം പ്രശ്ന ഗർഭമായ അപരിഹാര്യതയായിരുന്നു  .മനുഷ്യന്റെ പ്രത്യുത്പാദനം എന്നു  കേൾക്കുമ്പോൾ പഴയ സുവിശേഷത്തിലെ ദൈവത്തിനു ഹാലിളകുന്നതു    ലൈംഗികാസക്തി പൂരണത്തിൽ നിന്നുൽപന്നമാവുന്ന   ശിശുവും ശിശുക്കളുടെ എണ്ണത്തിലുണ്ടാവുന്നവർധനവും പ്രശ്ന ഹേതുവാകുന്നു എന്നത് കൊണ്ടാണ്.പ്രത്യുത്പാദനേതരമായ ഉത്പാദനത്തിന്റെ സ്ഥല സമയനിർമ്മിതിയിലൂടെ ജന്തുത്വവസ്ഥയിൽ (animality )നിന്ന് മാനവികം (human ) എന്നു  വിവരിക്കാവുന്ന അവസ്ഥയിലേക്ക്  ജന്തു പരിണാമപ്പെടുമ്പോൾ പകൃത്യാത്മകവും അനിച്ഛാത്മകവുമായ( involuntary _ _ തെരഞ്ഞെടുപ്പിന്റെ സ്ഥാനത്തു ഇച്ഛാത്മകവും ഔചിത്യ  നിർദ്ദേശിതവുമായ തെരഞ്ഞെടുപ്പ് രൂപപ്പെടുന്നു .ഇച്ഛ (will) എന്നതിൽ നൈസർഗ്ഗികതയുടെ വേരോട്ടമുണ്ടായിരിക്കുകയും അതെ സമയം  അത് ജന്മാനുബദ്ധ ബയോളജിക്കൽ( congenital  biological ) പ്രേരണകളെക്കാൾ സ്ഥല കാലാർജ്ജിത(accquired) ഔചിത്യനീതി ബോദ്ധ്യങ്ങൾക്കു മുൻ‌തൂക്കം കൊടുക്കുകയും  ചെയ്യുന്നു .  ഫ്രോയ്ഡ് തൃഷ്ണയ്ക്കു , ആഗ്രഹത്തിന് , നിർവചനം കൊടുക്കുമ്പോൾ ഔചിത്യ നീതിയിൽ നിന്ന് ഉല്പന്നമാവുന്ന ആവശ്യത്തിന്റെ നിയമങ്ങളെ പരിഗണിക്കുന്നില്ല . ആകാവുന്നതു    , ആകാൻ  പാടില്ലാത്തതു , കൊള്ളാവുന്നതു , തള്ളാവുന്നതു ഉചിതമായതു അനുചിതമായതു ,തെറ്റായതു ശരിയായത് എന്നിങ്ങനെയുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന വിവേചന പ്രാപ്തി (discretion acquisition) പ്രകൃതി പ്രേരണകളിൽ ഇല്ല ; മനുഷ്യന്റെ ചരിത്രം ഇച്ഛകൾ തമ്മിലുള്ള സംഘട്ടനമാണ്; അധികാര  സ്ഥാനത്തു എത്തിച്ചേരാനുള്ള താല്പര്യത്തെ ആഗ്രഹം എന്നല്ല ഇച്ഛ എന്നാണ് (will to power )മനശ്ശാസ്ത്രകാരന്മാർ   വിശേഷിപ്പിക്കുന്നത്;  കാമമാണ് മനുഷ്യജന്തുവിന്റെ അടിസ്ഥാന ആസക്തി എന്ന് ഫ്രോയിഡും .കാമമല്ല അധികാരമാണ് മനുഷ്യന്റെ അടിസ്ഥാന ആസക്തി എന്ന് അഡ്ലെരും യുങ്ങും അഭിപ്രായപ്പെടുന്നുണ്ട് . ഇവിടെ കാമാസക്തിക്കു വിൽ ടൂ സെക്സ് എന്നോ , അധികാരത്തിനു വിൽ ടൂ പവർ എന്നോ പറയുന്നത് കൃത്യമാവില്ല. കാമം എന്നത് അടിസ്ഥാന ജന്തു പ്രേരണ എന്നത് പോലെ സഹജീവികൾക്കുമേൽ അധികാരം സ്ഥാപിക്കാനുള്ള ആസക്തിയും ജന്തു സഹജമാണ്. ഏറ്റവും സമർത്ഥമായതിന്റെ അതിജീവനം എന്ന ഡാർവിന്റെ   നിഗമന ശാസ്ത്രീയതയിൽ സഹജീവിക്കുമേൽ മുൻകൈ   എന്ന പ്രേരണ അടങ്ങിയിരിക്കുന്നു; ജന്തുവിന്റെ ജീവശാസ്ത്ര ത്വരകൾ യദൃച്ഛങ്ങളാണ്.അവസരങ്ങളിൽ ഒത്തു വരുന്ന ആകസ്മികതയാണ് –chance- ആണ്. പരിസ്ഥിതിപരമായ  ശരി തെറ്റുകൾ  പരിശോധിച്ച് .ഇത് ഉൾക്കൊള്ളാവുന്നതു  . ഇത് പുറന്തള്ളപ്പെടേണ്ടത് ,ഇത് മാറ്റിവയ്ക്കാവുന്നതു എന്നൊരു (rational ) ഔചിത്യപൂർണമായ, seletive   ആയ തീരുമാനം     എടുക്കുന്നതിനു മനുഷ്യൻ പ്രാപ്തനാവുന്നിടത്താണ് വിൽ ഓഫ് ഗോഡ്  പരമവും ചോദ്യം ചെയ്യപ്പെടാത്തതുമാവുന്നു  എന്ന  നില മാറി മറിഞ്ഞു, വ്യക്തി ഗതവും  ജനകീയവുമായ  ഇച്ഛ രൂപപ്പെടുന്നത് .പൗരൻ അയാളുടെ ഇച്ഛയ്ക്കനുസരിച്ചു സമ്മതിദാനം നൽകി ദൈവത്തിന്റെ ഇച്ഛയെ ഒഴിവാക്കുന്നത്. സ്വേച്ഛയനുസരിച്ചു ഇണകളെ തെരഞ്ഞെടുക്കുന്ന സ്ത്രീയും പുരുഷനും ഉണ്ടാവുന്നത് . ഇച്ഛക്ക് വിദൂരപൂർവികതയിൽ ജന്തു  പ്രേരണ എന്നോ ദൈവങ്ങളുടെയോ നക്ഷത്രങ്ങളുടെ വിധി എന്നോ അർത്ഥമുണ്ടായിരുന്നു .പക്ഷെ അത് നീതിബോധത്തിന്റെ ഉരകല്ലിൽ   തെളിച്ചടുത്ത മാനവികമായ ഇച്ഛ എന്ന നിലയിൽ വളർച്ചപ്രാപിച്ചെത്തുമോ ? തിയറി ഓഫ് നാച്ചുറൽ സെലെക്ഷൻ   എന്നതിൽ നിന്ന് ഔചിത്യപൂർണ്ണമായ (rational )  ഹ്യൂമൻ സെലെക്ഷൻ എന്ന  അർത്ഥ പ്രാപ്തിയിൽ എത്തിച്ചേരാൻ  ഇച്ഛ (will) എന്ന  സങ്കൽപനത്തിനു എത്ര നൂറ്റാണ്ടുകൾ പിന്നിടേണ്ടിവരും!ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇച്ഛയുടെ വഴി മുടക്കുമോ?                                                                                                   

.

Leave a Reply

Your email address will not be published. Required fields are marked *