എഡിറ്റർ : എസ്. സുധീഷ്
സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു
ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടു
നിനക്ക് നക്കിപ്പൈസ കിട്ടിയോ?
ഒരു തലവെട്ടുന്നതിനു പത്തുകോടിയും
സനാതനധർമ്മ ജ്ഞാനപീഠവും
ഇനാം പ്രഖ്യാപിച്ചിരിക്കുന്ന
പ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽ
ഒരു വ്യാഘ്രമായി പുനർജനിച്ചു
കരിമണൽ ഖനനത്തിലേർപ്പെടുക !
കോടികളുടെ അച്ചുകൂടത്തിൽ നിന്ന്
ഭരണം വെന്തിറങ്ങുന്നതു കാണുക !
മരങ്ങൾ മുറിച്ചു വീഴ്ത്തപ്പെട്ട കാടുകളിൽ
നിനക്കു ഛേദിച്ചു വീഴ്ത്താൻ പാകത്തിൽ
ഒരുത്തിയും,
പതിഞ്ഞമൂക്കും
നിറഞ്ഞമാറിടവും ഒരുക്കി നിർത്തി
നിന്നെ കാത്തിരിക്കുന്നില്ല !
ജപ്തി ചെയ്യപ്പെട്ട കുടുംബങ്ങളുടെ
ആത്മഹത്യാ ലിഖിതങ്ങളിൽ നിന്ന്
സ്വപ്‌നങ്ങൾ പിളർന്നു വീഴുമ്പോൾ
കൈയൊപ്പും കൈത്തലവും
വെട്ടിവീഴ്ത്തപ്പെട്ട പാഠപുസ്തകങ്ങൾ
അജ്ഞതയുടെ ശൂന്യ ഗർഭങ്ങളിൽ
വീണുടയുമ്പോൾ
അമാനുഷ പ്രതികാരത്തിന്റെ
ടയറുകളിൽ അരഞ്ഞു രക്തം സ്രവിക്കുന്ന
പതിന്നാലുകാരന്റെ
ചവിട്ടിക്കുഴയ്ക്കപ്പെട്ട ഹൃദയം
എന്റെ കരകളിലേക്കു ഇഴഞ്ഞിറങ്ങുന്നു !
ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ട
അഞ്ചുവയസ്സുകാരിയുടെ കണ്ണുകൾ
എന്റെ ആയുസ്സിന്റെ ജലത്തിൽ ഇളകിവീഴുന്നു !
നിന്റെ പ്രാർത്ഥനയുടെ ലൈംഗിക –
ഘടികാര സൂചികൾ
കബന്ധങ്ങളെ പ്രാപിക്കുന്ന കാഴ്ച കാണാൻ
ശംബൂകന്റെ രക്തം സംസാരിച്ചു
തുടങ്ങുന്നതിനു മുൻപ്
നീനിന്റെ രാമരാജ്യത്തിലേക്കു
പിന്തിരിഞ്ഞു നടക്കുക.
