എഡിറ്റർ : എസ്. സുധീഷ്
വിശുദ്ധിയുടെ അപശകുനങ്ങൾ
വില്യം ബ്ലേക്ക്
(നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ
നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക.
ബ്ലേക്കിന്റെ കവിതയുടെ ഗൂഢ സൗന്ദര്യത്തിന്റെ ഇന്ധനം ഈ പീഡിത വർഗ്ഗ പക്ഷപാതമാണ് )
പ്രപഞ്ചത്തെ
ഒരു മണൽത്തരിയിൽ
പറുദീസയെ ഒരു കാട്ടുപൂവിൽ
അനന്തതയെ നിന്റെ
കൈവെള്ളയ്ക്കുള്ളിൽ
അനശ്വരതയെ
ഒരു നാഴികയ്ക്കുള്ളിൽ
ഒതുക്കുമ്പോൾ,
-നെഞ്ചിൽ ചുവപ്പടയാളം വീണ
കുഞ്ഞു കുരുവി
ഒരു കൂട്ടിനുള്ളിൽ
അടയ്ക്കപ്പെട്ടിരിക്കുന്നു
അത്
എല്ലാ അത്യുന്നതങ്ങളെയും
പിടിച്ചുലയ്ക്കുന്നു.
പെൺ ചിറകുകളും ആൺചിറകുകളും
കൊത്തിപ്പിണയുന്ന
പ്രാവിൻ കൂടുകൾ
എല്ലാ നരക മുഖങ്ങളെയും
വിറകൊള്ളിക്കുകയാണ്.
യജമാനഹർമ്മ്യത്തിന്റെ കാവൽ നായ
വിശന്നുവെന്ത നാവുകൊണ്ട്
ഭരണകൂടത്തിന്റെ വിനാശം
പ്രവചിക്കുന്നു
തെരുവിൽ മുറിവേറ്റുകിടക്കുന്ന
പീഡിതനായ കുതിര
മനുഷ്യ രക്തത്തിനായി.
സ്വർഗസ്ഥാനങ്ങളെ നോക്കി
അലറി വിളിക്കുകയാണ്
വേട്ടയാടപ്പെട്ട
മുയൽക്കൂട്ടങ്ങളിൽ നിന്ന്
പൊട്ടിത്തെറിക്കുന്ന
ഓരോ മൃത്യു രോദനവും
ശരീരത്തിൽ അള്ളിപ്പിടിക്കുന്ന
സിരാപടലത്തിന്റെ വേരുകളെ
ചിതറിച്ചു കളയുന്നു;
ചിറകുകൾ മുറിച്ചു വീഴ്ത്തപ്പെട്ട
വാനമ്പാടി;
മാലാഖക്കുഞ്ഞുങ്ങളുടെ സംഗീതത്തെ
അതിശയിക്കുന്നു
ചിറകുകൾ വരിഞ്ഞു
ആയുധമണിയിച്ചു
യുദ്ധത്തിനായി ഇറക്കിവിട്ട
പോരുകോഴി
ഉദയ സൂര്യനെ
ഭയവിവർണ്ണമാക്കുന്നു
ഗർജ്ജിക്കുന്ന
ഓരോ ചെന്നായയും സിംഹവും
നരകത്തിൽ നിന്ന്
ഒരു മനുഷ്യാത്മാവിനെ ഉയിർപ്പിക്കുന്നു
കാട്ടിൽ അതുമിതും കടിച്ചു
ചുറ്റിത്തിരിയുന്ന കലമാൻ
മനുഷ്യാത്മാവിനു
ഭയ രഹിതമായ സഞ്ചാരങ്ങളുടെ
വനസ്ഥലികൾ കാണിച്ചു കൊടുക്കുന്നു
അയിത്തവൽക്കരിക്കപ്പെട്ട
ആട്ടിൻകുട്ടിയിൽ നിന്ന്
കലഹങ്ങൾ പ്രജനനം ചെയ്യപ്പെടുന്നു;
എന്നാൽ അറവുകാരന്റെ കത്തിക്ക്
പാപ മോക്ഷം ലഭിക്കുന്നു.
സായാഹ്നമൊടുങ്ങുമ്പോൾ
ചിറകടിച്ചു മറയുന്ന കടവാതിൽ
അവിശ്വാസത്തിന്റെ മസ്തിഷ്കഭാരത്തോടു
വിട പറഞ്ഞിരിക്കുന്നു;
രാത്രികാലസന്ദർശകനായ കൂമൻ
അവിശ്വാസികളുടെ ആകസ്മിക
ഭയവ്യാകുലതകളെപ്പറ്റി
സംസാരിക്കുന്നു.
ചെറു കിളികളെ
കൊന്നു വീഴ്ത്തുന്നവൻ
പുരുഷന് അഹിത്യനാവുന്നു;
വണ്ടിക്കാളയുടെ വരിയുടയ്ക്കുന്നവനു
സ്ത്രീയുടെ പ്രണയം അസാധ്യമാവുന്നു;
തുമ്പികളെ കൊല്ലു ന്ന വികൃതിചെക്കൻ
ചിലന്തികളുടെ ആക്രമണത്തെ
ഭയക്കുന്നു;
പ്രേതച്ചിറകുകളുമായി
അസ്വസ്ഥനായിമുരളുന്ന കരിവണ്ടിന്റെ
നിദ്രാരഹിതമായ രാത്രി,
ഒടുവിൽ,
അവനു ഒരു രതിശയനതല്പം
ഒരുക്കിവച്ചിരിക്കുന്നു.
ഇലത്തളിരിലെ ചിത്രശ ലഭപ്പുഴു
നിന്നോട്
നിന്റെ അമ്മയുടെ ദുഃഖങ്ങൾ
ആവർത്തിച്ചു
പറഞ്ഞു കൊണ്ടിരിക്കുന്നു
മുട്ടയെയോ പുഴുവിനെയോ കൊല്ലരുത്
എന്തെന്നാൽ,
അന്തിമ വിധിയുടെ ദിവസം
ആസന്നമായിരിക്കുന്നു;
യുദ്ധത്തിനായി
സ്വന്തം കുതിരയെ തയ്യാറെടുപ്പിക്കുന്നവൻ
ഒരിക്കലും
ധ്രുവക്കരടിയെ വീഴ്ത്തുന്നില്ല ;
യാചകന്റെ പട്ടിയും
വിധവയുടെ പൂച്ചയും :
അവയെ തീറ്റുക;
നിങ്ങളുടെ ശരീരം തഴച്ചു വളരും.
ഈയാം പാറ്റകളുടെ
വേനൽക്കാല ഗീതങ്ങളിൽ
അപവാദങ്ങളുടെ
വിഷം പുരണ്ട നാവുകൾ;
വിഷപ്പാമ്പും തേളും
അസൂയയുടെ കാലുകളിൽ
മന്ത് പിടിപ്പിക്കുന്നു
കവിയുടെ അസൂയ
രാജകുമാരന്റെ അലങ്കാരവസ്ത്രങ്ങളും
ധനവാന്റെ നാണയ ക്കുടത്തിലെ
വിഷക്കുമിളുകളുമാവുന്നു;
അത് നിങ്ങൾ നിർമിക്കുന്ന
പെരും നുണകളെക്കാൾ നീചമാവുന്നു;
അത് അങ്ങനെ ആകണം
എന്നതാണ് ശരി.
എന്തെന്നാൽ മനുഷ്യൻ
സുഖ- ദുഃഖ സങ്കലനമായി
ഭൂമിയിൽ സംഭവിച്ചിരിക്കുന്നു
ഇക്കാര്യം നാം
ശരിക്കും ഉൾക്കൊള്ളുമ്പോൾ
ലോകജീവിതം
അപായരഹിതമായിത്തീരുന്നു
ആനന്ദവും സന്താപവും കൊണ്ട്
അഴകായി ഇഴതുന്നിയ
ഉടുവസ്ത്ര മാണ്
ദൈവികാത്മാവിന്റേത്;
ഓരോ ദുരിതത്തിനും
സ്വപ്നഭംഗത്തിനും
താഴെ
ആനന്ദത്തിന്റെ കസവു നൂലിഴ
തുന്നിപ്പിടിപ്പിച്ചിരിക്കുന്നു
ഈ മാനവിക ഭൂതലത്തിൽ
വെളിപ്പെടുന്ന ശിശു
അതിനെ അണിയിക്കുന്ന
പട്ടു തൊങ്ങലുകളുടെ പ്രൗഢിയെ
അതിശയിക്കുന്ന പ്രപഞ്ച സ്പന്ദനമാണ് .
ഉപകരണ സാമഗ്രികൾ
കരങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്
എന്നാൽ
നിർമിതിയുടെ കരങ്ങൾ
ബീജ സംയോഗത്താൽ
സംഭവിക്കുന്നതാകുന്നു.
ഓരോകണ്ണിൽ നിന്നടരുന്ന
കണ്ണീർത്തുള്ളിയും
മ്ര്യുത്യുഞ്ജയനായ ശിശു ആണെന്ന്
ഓരോകർഷകനും അറിയുന്നു ;
അമ്മമാരുടെ പ്രകാശ ഗർഭമായ മനസ്സ്
ശിശുവിനെ മാറോടു പിടിച്ചു ചേർത്തു
അതിനെ
ചിദാനന്ദത്തിലേക്ക് ആശ്ലേഷിച്ചെടുക്കുന്നു
ആടിന്റെ കരച്ചിലും, നായയുടെ കുരയും,
പോത്തിന്റെ അമർച്ചയും,
സിംഹത്തിന്റെ അലർച്ചയും
സ്വർഗ പദങ്ങളിൽ ശബ്‌ദസ്ഫോടനം
സൃഷ്ടിക്കുന്നു
അധികാര ദണ്ഡിന്റെ പ്രഹരമേറ്റ ശിശു
മൃത്യുവിന്റെ ദേശപ്പരപ്പുകളിൽ
പ്രതികാരം
എഴുതിപ്പിടിപ്പിക്കുന്നു .
വായുവിൽ പറന്നു മാറുന്ന
യാചകരുടെ ഉടുതുതുണികൾ
സ്വർഗ്ഗരാജ്യഭിത്തികളെ വലിച്ചു കീറുന്നു .
വാത നീരു പിടിച്ച
തോക്കുകളും വാളുകളും ധരിച്ച
സൈനികർ,
വേനൽ സൂര്യനെതിരെ
വെടിയുതിർക്കുന്നു.
ദരിദ്രന്റെ വറ ചട്ടിയിലെ നാണയച്ചില്ലി
ആഫ്രിക്കൻ കരകളിലെ സ്വർണ
നിക്ഷേപങ്ങളെക്കാൾ
മഹിമയാർന്നതാണ്
പണിയാളന്റെ കൈകളിൽ നിന്ന് പിഴിഞ്ഞെടുത്ത
നാണ്യം കൊണ്ട്
ലുബ്ധനായ ധനവാൻ
ഭൂമിയിൽ ക്രയവിക്രയങ്ങൾ നടത്തുന്നു
അതുമല്ല, ധനവാൻ അത്യുന്നതങ്ങളിൽ നിന്ന്
സംരക്ഷിക്കപ്പെടുന്നുവെങ്കിൽ
അവൻ
രാജ്യത്തെയാകെ കച്ചവടം ചെയ്യുന്നു
ശിശുവിന്മേലുള്ള വിശ്വാസത്തെ
പരിഹസിക്കുന്നവർ
വാർധക്യത്തിലും മരണത്തിലും
പരിഹസിക്കപ്പെടും
ശിശുവിൽ സംശയങ്ങൾ അഭ്യസിപ്പിക്കുന്നവർ
അഴുകിയ ശവക്കല്ലറയിൽ നിന്ന്
ഒരിക്കലും
പുറത്തു കടക്കുകയില്ല;
ശിശുവിന്റെ മൗലികത്വത്തെ
ആദരിക്കുന്നവൻ
നരകത്തേയും മരണത്തെയും
അതിജീവിക്കും
കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും
വൃദ്ധന്റെ യുക്തി ചിന്തകളും
ഋതുദൂരങ്ങളിൽ വിളയുന്ന ഫലങ്ങളാണ്
കുതന്ത്ര ശാലിയായ ചോദ്യകർത്താവിനു
ഒന്നിനും
ഉത്തരം നൽകാനാവില്ല
സംശയത്തിന്റെ വാക്കുകൾകൊണ്ട്
ഉത്തരംനിർമ്മിക്കുന്നവൻ
അറിവിന്റെ തീനാളം
ഊതിക്കെടുത്തുന്നു
എക്കാലത്തെയും
ഉഗ്ര മൃത്യൂകാരിയായ വിഷം
സീസറിന്റെ
കിരീട പത്രക്കൊടിയിൽ നിന്ന്
ഉല്പന്നമായതാണ് ,
യുദ്ധക്കവചത്തിലെ ഇരുമ്പു പട്ടകൾ പോലെ
ദൃഢതയാർന്ന മനുഷ്യരാശിയുടെ
രൂപച്ഛിദ്രം അസാദ്ധ്യമാണ്
ഉഴവുകാരന്റെ മഴുവിൽ
സ്വപ്‌നവും രത്‌നവും
ജ്വലിക്കുമ്പോൾ
കവി അഹന്ത വെടിഞ്ഞു
എളിമയുടെ സംഗീതത്തിന്
തല കുനിക്കുന്നു
ഒരു സമസ്യ
അല്ലെങ്കിൽ
ഒരു പുൽച്ചാടിയുടെ കരച്ചിൽ
സംശയങ്ങൾക്ക് ഉചിതമായ ഉത്തരമാകുന്നു
ഇഞ്ചുകൾ മാത്രംനീളുന്ന കുഞ്ഞുറുമ്പിൻ നിരകളും
മൈലുകളോളം പറന്നു പരക്കുന്ന ഗരുഡൻ ചിറകുകളും
മുടന്തൻ തത്വ ചിന്തയെ പരിഹസിക്കുന്നു
കണ്ണുകൾ കൊണ്ട് അറിയുന്നതിനെ
സംശയിക്കുന്നവൻ
നിങ്ങൾക്ക് പ്രിയംകരമായതൊന്നിനെയും
വിശ്വാസത്തിലെടുക്കുകയില്ല
സൂര്യന്റെയും ചന്ദ്രന്റെയും അസ്തിത്വം
സംശയിക്കപ്പെട്ടു എന്നാൽ
അവ പൊടുന്നനെ അപ്രത്യക്ഷമാകും
ഒരു തീക്ഷ്ണവികാരവായ്‌പിൽ
നിങ്ങൾ
സ്വയമർപ്പണം ചെയ്യുമ്പോൾ
നിങ്ങൾക്ക് നന്മ ചെയ്യാനാവും
പക്ഷെ ആസക്തി
സ്വാർത്ഥമാവുമ്പോൾ
നന്മ നിങ്ങൾക്കന്യമാവുന്നു
ഭരണകൂടത്തിൽ നിന്ന് നിയമാനുമതി ലഭിച്ച
ചൂതാട്ടക്കാരനും അഭിസാരിണിയും
രാഷ്ട്ര ഭാവി നിർണ്ണയിക്കുന്നു
തെരുവുകളിൽ നിന്ന്
തെരുവകളിലേക്കു പടർന്നിറങ്ങുന്ന
വേശ്യാ വിലാപങ്ങൾ
പൗരാണിക ഇംഗ്ലണ്ടിന്റെ
മൃത ശരീരത്ത പുതപ്പിക്കുന്ന
ശവക്കച്ചയാവുന്നു
വിജയികളുടെ ഉന്മാദ ഘോഷങ്ങളും
പരാജിതരുടെ ശാപ വിലാപങ്ങളും
ഇംഗ്ലണ്ടിന്റെ ശവ വണ്ടിക്കു ചുറ്റും
നൃത്തം ചവിട്ടുന്നു .
ഓരോ രാവും പകലും
കുറേപ്പേർ ദുരിതഗർഭങ്ങളിൽ
പിറന്നു വീഴുന്നു;
ചിലർ സുഖ സമ്പുഷ്ടമായ
സദാനന്ദത്തിലേക്കും
ചിലർ അനന്തമായ അന്ധകാരത്തിലേക്കും
പിറന്നു വീഴുന്നു
സ്വന്തം കണ്ണുകളിലൂടെ
കാണാൻ കഴിയാതെ വരുമ്പോൾ
ഒരു രാത്രിയിൽ ജനിച്ചു
ഒരു രാത്രിയിൽ മരിക്കുന്ന
പെരും നുണയുടെ
വിശ്വാസ വഴിയിലേക്ക്
നാം ആട്ടിത്തെളിക്കപ്പെടുന്നു
ആത്മാവ്
പ്രകാശ വലയങ്ങളിൽഉറങ്ങുമ്പോൾ
ദൈവം
അമൂർത്താനുഭവമായി
പ്രത്യക്ഷമാവുന്നു
എന്നാൽ
പകലുകളുടെ രാജ്യത്തിൽ
ഇരുട്ടിൽ അധിവസിക്കുന്ന
ഏഴകളുടെ ആത്മാവിനു
ദൈവം
മനുഷ്യന്റെ മൂർത്ത രൂപത്തിൽ
പ്രത്യക്ഷമാവുന്നു
