പ്രളയങ്ങളുടെ റിപ്പബ്ലിക്ക് : അതിരുകൾ കടന്ന് ഒഴുകുന്ന കണ്ണീരും രാഷ്ട്രീയത്തിന്റെ മൗനവും

“ഹിമാലയത്തിന്റെ മുകളിലും പശ്ചിമഘട്ടത്തിന്റെ മലഞ്ചരിവുകളിലും, സിന്ധുവിന്റെ തീരത്തും ഗംഗയുടെ തീരങ്ങളിലും, അതിരുകളെ മറികടന്ന് ഒഴുകുന്ന പ്രളയജലങ്ങൾ — ജനങ്ങളുടെ ജീവിതവും ഭരണങ്ങളുടെ അനാസ്ഥയും ചേർന്നൊരു ദുരന്തകഥ”’

ഒരു കുഞ്ഞ് തന്റെ വീട്ടുമുറ്റത്ത് ചെറു കളിപ്പാവയെ പിടിച്ച് ഓടിയെത്തി. മഴ പെയ്യുകയായിരുന്നു. വെള്ളം കാൽമുട്ടോളം കയറിപ്പോയിരുന്നു. ആ കുഞ്ഞ് കരഞ്ഞു പറഞ്ഞു: “അമ്മേ, വീടിനു അകത്ത് നദി വന്നു”.
അമ്മക്ക് മറുപടി പറയാനായില്ല. അവളുടെ കണ്ണുകളിൽ ജലവും കണ്ണീരും കലർന്നിരുന്നു.

ഇത് ഒരു വീട്ടിന്റെ കഥ മാത്രം അല്ല. ഹിമാലയത്തിൽ നിന്ന് പശ്ചിമഘട്ടം വരെ, കാബൂളിൽ നിന്ന് ചെന്നൈ വരെയുള്ള നമ്മുടെ നാട്ടിൻ പുറങ്ങളിലെ കഥയാണ്.
ഒരു രാഷ്ട്രത്തിന്റെ മാപ്പുകൾ, അതിരുകൾ, സൈന്യത്തിന്റെ ഭീഷണികൾ, രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ — എല്ലാം മറികടന്ന് ഒഴുകിയെത്തുന്ന ജലത്തിന്റെ റിപ്പബ്ലിക്ക്.

“നദികൾക്കു അതിരുകളില്ല…
മഴയ്ക്കു മതങ്ങളില്ല…
എന്നാൽ നമ്മുടെ കണ്ണീരിനു മാത്രമേ രാജ്യങ്ങൾ ഉണ്ടാകുന്നുള്ളു.”

വർഷങ്ങളായി ആവർത്തിച്ചു വരുന്ന വെള്ളപ്പൊക്കങ്ങൾ, മണ്ണിടിച്ചിലുകൾ, കാറ്റിനും മിന്നലിനും കീഴടങ്ങിയ ജീവിതങ്ങൾ… ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്ത് ജനിച്ച ഒരേ ദുഃഖത്തിന്റെ പാടുകൾ, ഇപ്പോൾ ഇന്ത്യയിലും, പാകിസ്ഥാനിലും, നേപ്പാളിലും, ബംഗ്ലാദേശിലും, അഫ്ഗാനിസ്ഥാനിലും, ശ്രീലങ്കയിലും ഒരേ പോലെ പടരുകയാണ്. അതിരുകൾ കൊണ്ട് വിഭജിച്ച രാഷ്ട്രങ്ങൾക്കു മീതെ, ഒരേ പോലെ ദുരന്തത്തിന്റെ വെള്ളപ്പടുകൂറ്റൻ തിരമാലകൾ പൊങ്ങി വരുന്നു.

പക്ഷേ, ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും എന്താണ് ചെയ്യുന്നത്?

സ്വാതന്ത്ര്യദിനങ്ങളിൽ പരസ്പരം വെല്ലുവിളികൾ ഉയർത്തി ദേശാഭിമാനത്തിന്റെ വിളംബരങ്ങൾ… “നാം അവരുടെ മണ്ണിൽ പതാക ഉയർത്തും, അവർ നമ്മുടെ അതിർത്തി കടക്കാൻ പോലും കഴിയില്ല” എന്ന രാഷ്ട്രീയ ശബ്‌ദങ്ങൾ…
ഇതിനിടെ, കുഴിച്ചൊരുക്കിയ പുഴുതോപ്പുകളായി മാറിയ നഗരങ്ങളും, കഴുത്തുവരെ വെള്ളത്തിൽ മുങ്ങിയ ഗ്രാമങ്ങളും, വീടുകൾ നഷ്ടപ്പെട്ടവരുടെ കരച്ചിലും, ദുരന്താശ്വാസ ക്യാമ്പുകളിൽ ജനങ്ങളുടെ വിലാപങ്ങളും ആരും കേൾക്കുന്നില്ല.

ജീവൻ നഷ്ടപ്പെട്ടവർ നിലവിളികൾ

കൈബർ പഖ്തുൻഖ്വയിൽ (പാകിസ്ഥാൻ) അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മാത്രം രണ്ടുനൂറിലധികം പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. “എന്റെ രണ്ടു മക്കളെയും ഞങ്ങൾ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ പോലും കഴിഞ്ഞില്ല… വെള്ളം ഒരുമിച്ചുവന്നു, മതിൽ പൊട്ടിത്തെറിച്ചു,” എന്ന് കരഞ്ഞുകൊണ്ട് പറയുന്ന സല്മാ ബീബിയുടെ വാക്കുകൾ (പേരുകൾ യഥാർത്ഥമല്ല) ലോകത്തിന്റെ മനസ്സാക്ഷിയെ – ഞെട്ടിക്കുമായിരുന്നു, പക്ഷേ മാധ്യമങ്ങളിൽ അത് ചില വരികളിൽ മാത്രം ഒതുങ്ങി

ഇന്ത്യയിൽ, – കാശ്മീരിലെ കിഷ്ത്വാറിൽ, രക്ഷാപ്രവർത്തകർക്ക് മൃതദേഹങ്ങൾ എണ്ണാൻ കഴിയാതെ പോകുന്നു. “മകന്റെ കൈ മാത്രം കിട്ടി… ശരീരം ഒഴുകിപ്പോയി,” എന്ന് പറഞ്ഞ സൈനാബ്, ദുരന്തത്തിന്റെ അമാനുഷിക ഭാരം ജനങ്ങളുടെ നെഞ്ചിലേക്കു ഇട്ടു തന്നു.

കേരളത്തിലെ വയനാട്ടിൽ, -കഴിഞ്ഞ വർഷം പോലെ തന്നെ, മഴക്കെട്ടിനിടയിൽ വീടുകൾ അടർന്നുപോയി. ഒരുമിച്ചിരുന്ന കുടുംബങ്ങളെ ഭൂമി വിഴുങ്ങി. “ഞങ്ങളുടെ വീട് നദിയായിരുന്നു, ഇന്ന് നദി വീട് കൊണ്ടുപോയിരിക്കുന്നു,” എന്ന് ഒരുപാട് പേർ നെഞ്ചു പൊട്ടിപറഞ്ഞുതീർക്കുന്നുണ്ട്.

ചെന്നൈയിൽ മഴ നിറഞ്ഞപ്പോൾ, നഗരം തന്നെ ജലാശയമായി മാറി. കാർ പാർക്കുകൾ, മെട്രോ റെയിൽ ടണലുകൾ, ആശുപത്രികൾ—എല്ലാം വെള്ളത്തിനടിയിലായി. ഒരു മെഡിക്കൽ വിദ്യാർത്ഥി പറഞ്ഞത്: “ഓപ്പറേഷൻ തീയേറ്ററിൽ വരെ വെള്ളം കയറി. രോഗികളെ കൈവശം കൊണ്ടുപോകേണ്ടി വന്നു. അതൊരു നഗരം അല്ല, അത് ഒരു മുങ്ങുന്ന നൗക ആയിരുന്നു.”

ഹിമാലയം: തകർന്ന മലകളും നഷ്ടപ്പെട്ട ഗ്രാമങ്ങളും

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്… കഴിഞ്ഞ ദശാബ്ദം മുഴുവൻ മലകൾ പൊട്ടിത്തെറിക്കുന്നതുപോലെ മണ്ണിടിച്ചിലുകൾ. “ഇവിടുത്തെ നദികൾക്ക് ഇനി കരയില്ല, മലകൾക്ക് ഇനി നെഞ്ചില്ല,” എന്ന് കവിയായ വിനോദ് കുമാർ പറഞ്ഞപ്പോൾ, അത് വെറും രൂപകമല്ലായിരുന്നു.
“ഹിമാലയം ഭൂമിയിലെ ഏറ്റവും യുവനായ മലനിരയാണ്. അതിനെ മുറിച്ചുകീറി ദേശീയപാതകൾ, ടൂറിസം ഹൈവേകൾ, അനധികൃത റിസോർട്ടുകൾ—all recipe for disaster.”
— ജിയോളജിസ്റ്റ് ഡോ. ശോഭ ഗുപ്ത
ഹിമാലയത്തെ “ലോകത്തിന്റെ മേൽക്കൂര” എന്ന് വിശേഷിപ്പിച്ചിരുന്നവർ ഇന്നത് “ലോകത്തിന്റെ തുറന്ന മുറിവ്” എന്നാണ് പറയുന്നത്.
ഉത്തരാഖണ്ഡ്, ഹിമാചൽ, കാശ്മീർ, നേപ്പാൾ എല്ലായിടത്തും മലകൾ പൊട്ടുന്നു, നദികൾ മാറുന്നു, ജീവൻ വിഴുങ്ങുന്നു.
ഗംഗാ വാലിയിലെ NH-707, ചാർധാം ഹൈവേ പദ്ധതി, അനന്തമായി പെരുകുന്ന ഹൈഡ്രോ ഇലക്ട്രിക് ഡാമുകൾ. പരിസ്ഥിതി വിദഗ്ധർ വീണ്ടും വീണ്ടും പറഞ്ഞിരുന്നു: “ഹിമാലയം ചെറുപ്പമാണ്, അത് ഭാരം സഹിക്കില്ല”.
പക്ഷേ മന്ത്രിമാർ പറഞ്ഞു: “ദേശത്തിന്റെ സുരക്ഷയ്ക്കായി റോഡ് വേണം, മതത്തിനായി യാത്ര വേണം, വികസനത്തിനായി ഡാം വേണം”.
ഫലം: മണ്ണിടിച്ചിലുകൾ, പ്രളയങ്ങൾ, ശ്മശാനങ്ങളായ ഗ്രാമങ്ങൾ

നേപ്പാളിൽ, 2015ലെ ഭൂകമ്പം തന്നെ മതിയെന്നപോലെ, ഇപ്പോൾ മഴകൊണ്ട് തകർന്നുപോകുന്ന ഗ്രാമങ്ങൾ. കുട്ടികൾ സ്കൂളിലേക്ക് പോകാൻ പാലങ്ങളില്ലാതെ കുടുങ്ങുന്നു.
“മലയിടിഞ്ഞ് ഒഴുകുന്ന ഓരോ നദിയും നമ്മളോട് പറയുന്നു ‘എന്നെ തടഞ്ഞു കൊണ്ടുപോകരുത്, എന്നെ ചെത്തിക്കൊണ്ടുപോകരുത്’. പക്ഷേ നമ്മുടെ വികസനപദ്ധതികൾ deaf and blind ആണ്” പ്രകൃതി ശാസ്ത്രജ്ഞൻ ഡോ. അനിൽ ജോഷി യുടെവാക്കുകളിൽ നിരാശയുണ്ട്
കാഠ്മണ്ഡു താഴ്വര — ഭൂകമ്പത്തിന്റെ മുറിവുകൾ ഇപ്പോഴും പുതുതായി നിലനിൽക്കുമ്പോൾ, മഴകൾ അതിനെ വീണ്ടും ചീന്തിക്കൊണ്ടിരിക്കുന്നു.
നേപ്പാളിലെ ചെറുനദികൾ, ഒരിക്കൽ ജീവൽഗാനങ്ങളായിരുന്നു. ഇന്ന് അവ ശവവാഹിനികളാണ്.
“ഞങ്ങളുടെ വീടിന്റെ മതിൽ ഭൂകമ്പത്തിൽ പൊട്ടി. ഇപ്പോൾ മഴയെത്തി മതിൽ മുഴുവൻ ഒഴുക്കിക്കൊണ്ടുപോയി. കുട്ടികൾക്കൊപ്പം റോഡിലാണ് ഞങ്ങൾ” — നേപ്പാളിലെ ഭക്തപുരിലെ സീതാദേവി

പശ്ചിമഘട്ടം: Kerala, Karnataka, Goa

വയനാട്, ഇടുക്കി, കോഴിക്കോട്—ഒരു രാത്രിയിൽ ഗ്രാമങ്ങൾ ഇല്ലാതാകുന്നു. “ഇത് പ്രകൃതിദുരന്തമല്ല, ഇത് മനുഷ്യരുണ്ടാക്കിയ കൊലപാതകമാണ്,” എന്ന് വയനാട് സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ രഘു പറയുന്നു.
വയനാട്ടിലെ കാട്ടുവഴികൾ ഇപ്പോൾ ദേശീയപാതകളായി മാറുന്നു. NH 766, NH 966A—ഈ പാതകളുടെ വിപുലീകരണം കൊണ്ടുണ്ടാകുന്ന കട്ടിലുറപ്പിച്ച ഭിത്തികളും മണ്ണിടിച്ചിലുകളും, മഴയിൽ കരഞ്ഞിറങ്ങുന്ന ദ്രവമായ ഭൂമിയും, അവിടെ ജീവിക്കുന്ന ആദിവാസി സമൂഹങ്ങൾക്ക് മരണവാര്ത്തകൾ കൊണ്ടുവരുന്നു.

ഒരു രാത്രി മുഴുവൻ പെയ്ത മഴ. മണ്ണ് പൊട്ടി വീണു. വീടുകൾ, വിളകൾ, സ്വപ്നങ്ങൾ — എല്ലാം മൂടിക്കെട്ടി.
ഇടുക്കി, മലബാർ, ബെലഗാവി, കൊടഗു — എല്ലായിടത്തും ഭൂമി വിളിച്ചുപറയുന്നു: “എന്റെ നെഞ്ച് ഇനിയും പൊട്ടിക്കരുത്”.

ഒരു കുടിയാന്റെ ശബ്ദം:

“ഞങ്ങൾ ചെറുപ്പം മുതൽ മലയിൽ ജീവിച്ചു. ഞങ്ങൾ മലയുടെ കുട്ടികൾ. പക്ഷേ ഇപ്പോൾ മല നമ്മളെ പുറത്താക്കുന്നു. വീടുകൾ എല്ലാം പോയി. പോകാൻ സ്ഥലം ഇല്ല” വയനാട് സ്വദേശിയായ മറിയം.

ബംഗ്ലാദേശ്: വെള്ളത്തിന്റെ രാജ്യം
ഗംഗയും ബ്രഹ്മപുത്രയും മെഘനയും ചേർന്ന് രൂപപ്പെടുത്തിയ ഡെൽറ്റ. ഭൂമിയിലെ ഏറ്റവും സമൃദ്ധമായ മണ്ണ്.
പക്ഷേ, ഇന്ന് ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിൽ ഒന്നും.

സില്ഹറ്റ്, സുനാമ്ഗഞ്ച്, ധാക്ക — എല്ലായിടത്തും പ്രളയത്തിന്റെ കഥ.

UNICEF: “ബംഗ്ലാദേശിലെ കുട്ടികളിൽ മൂന്നിൽ ഒരാൾ പ്രളയത്തിന്റെ ഭീഷണിയിൽ ജീവിക്കുന്നു”.
“ഞങ്ങളുടെ വീട് അഞ്ചുതവണ മാറി. ഓരോ പ്രളയത്തിലും ഒരു കര കാണണം. നമ്മൾ കുടിയാന്മാരാണ് നമ്മുടെ സ്വന്തം നാട്ടിൽ” — ബംഗ്ലാദേശ് സ്വദേശി അലി ഹുസൈൻ.
“Bangladesh is drowning not because it is weak, but because the world has been cruel to rivers,” എന്ന് അന്താരാഷ്ട്ര ജലവിദഗ്ധൻ ജോൺ വെയിൽ അഭിപ്രായപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ഓരോ വർഷവും ഒരു പുതിയ മാപ്പ് വരയ്ക്കേണ്ടി വരുന്ന രാജ്യമാണ്. ബ്രഹ്മപുത്ര, ഗംഗ, മേഘ്നാ—all rivers that ignore political borders.
കുട്ടികൾ സ്കൂൾ പോകുന്നത് ബോട്ടുകളിൽ. “ഞങ്ങൾക്കു ക്ലാസ്‌റൂം ഇല്ല, പക്ഷേ വെള്ളത്തിന്മീതെ ഒഴുകുന്ന ഒരു പുസ്തകം മാത്രമുണ്ട്,” എന്ന് പതിനൊന്ന് വയസ്സുകാരനായ അഹമ്മദ് പറഞ്ഞു.

അഫ്ഗാൻ ക്ലൗഡ് ബ്ലാസ്റ്റ്

2025-ൽ, അഫ്ഗാനിസ്ഥാനിലെ കുന്നുകളിൽ ഉണ്ടായ ‘ക്ലൗഡ് ബ്ലാസ്റ്റ്’ ഒരു ദുരന്തസൂചനയായി മാറി. മേഘങ്ങൾ തന്നെ പൊട്ടിത്തെറിച്ച് താഴേക്ക് ഒഴുകിയപ്പോൾ, ഗ്രാമങ്ങൾ ഇല്ലാതായി. “ആകാശം പൊട്ടിപ്പോയി,” എന്ന് രക്ഷപ്പെട്ട ഒരാൾ പറഞ്ഞപ്പോൾ, അത് കവിതയല്ല, ജീവന്റെ സത്യമായിരുന്നു.ബഗ്ലാൻ പ്രവിശ്യ Afghan Cloud Burst.
ഒരുചില മണിക്കൂറുകൾക്കകം നൂറുകണക്കിന് വീടുകൾ ഒഴുകിപ്പോയി. 300ലധികം പേർ മരിച്ചു.
യുദ്ധത്തിന്റെ മുറിവുകളിൽ ജീവിച്ചിരുന്ന ജനങ്ങളെ പ്രകൃതി വീണ്ടും അടിച്ചുതെറിപ്പിച്ചു.

ഒരു അഫ്ഗാൻ അമ്മയുടെ വാക്കുകൾ: “ഞങ്ങൾ യുദ്ധത്തിൽ ഭർത്താക്കളെ നഷ്ടപ്പെട്ടു. ഇനി പ്രളയം കുട്ടികളെ എടുത്തു. നമ്മൾക്ക് മുന്നോട്ട് പോകാൻ പോലും കഴിയുന്നില്ല”.

പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വാ എല്ലാം വെള്ളത്തിൽ മുങ്ങി.
ലോകബാങ്ക് റിപ്പോർട്ട്: “33 മില്യൺ ആളുകൾ ബാധിച്ചു, 1700ലധികം മരണം”.
ജനങ്ങൾ പറയുന്നു: “ആണവായുധമല്ല, വെള്ളമാണ് നമ്മെ കൊല്ലുന്നത്”.

പാകിസ്ഥാൻ സൈനിക മേധാവിയുടെ അമേരിക്കയിലെ പ്രസ്താവന: “നാം ആണവായുധം ഉപയോഗിക്കും”.
പക്ഷേ സാധാരണക്കാരുടെ വേദന പറയുന്നു: “നമ്മുടെ കൈകളിൽ ഭക്ഷണവും വീടുമില്ല, നിങ്ങൾക്ക് ബോംബാണ് വേണ്ടത്?”

രാഷ്ട്രീയത്തിന്റെ മറുവശം

ഇന്ത്യയിലും പാകിസ്ഥാനിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. പതാകകൾ, പരേഡുകൾ, സൈനിക മികവ്. “അവരെ തീർത്തും തകർക്കും,” എന്ന് നേതാക്കളുടെ പ്രസംഗങ്ങൾ.
പക്ഷേ ജനങ്ങളുടെ ജീവിതം?
ക്യാമ്പുകളിൽ കിടക്കുന്ന അമ്മമാരും, കുടുങ്ങിയ കുട്ടികളും, നഷ്ടപ്പെട്ട കൃഷിയിടങ്ങളും, ഒഴുകിപ്പോയ പശുക്കളും.
“രാഷ്ട്രീയം എപ്പോഴും അതിരുകൾ മാത്രം കാണും. ദുരന്തം അതിരുകളില്ലാതെ വരും. അതാണ് നമ്മൾക്കുള്ള വലിയ സത്യം,” എന്ന് പാകിസ്ഥാനിലെ ഒരു സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു.
Atal Bihari Vajpayee ഒരിക്കൽ Samjhauta Express ഓടിച്ചു.
ഇന്ന് വേണം മറ്റൊരു സമാധാന യാത്ര Flood Express, അതിരുകൾ മറികടന്ന് ജനങ്ങളുടെ കണ്ണീർ പങ്കിടുന്നൊരു കരാർ.

ശാസ്ത്രജ്ഞരുടെ കരച്ചിൽ

കേരളത്തിൽ, 2011-ലെ ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട്… അവഗണിച്ചു.
ഉത്തരാഖണ്ഡിൽ, 1976-ലെ മിഷ്ര കമ്മിറ്റിയുടെ ശുപാർശകൾ… നടപ്പിലാക്കിയില്ല.
ഹിമാചലിൽ, “അതിനുമീതെ കെട്ടിടങ്ങൾ പണിയരുത്” എന്ന് മുന്നറിയിപ്പ്… അവഗണിച്ചു.

“ദുരന്തങ്ങൾ വരുന്നത് പ്രകൃതിയുടെ ക്രൂരത കൊണ്ടല്ല, രാഷ്ട്രീയത്തിന്റെ അന്ധത കൊണ്ടാണ്,”
പരിസ്ഥിതി പ്രവർത്തക, സുധേഷ് നായർ

ഒരു റിപ്പബ്ലിക്കിന്റെ കഥ

ഒന്നുപോലെ കരയുന്ന ജനങ്ങൾ.
ഒന്നുപോലെ ഒഴുകുന്ന നദികൾ.
പക്ഷേ, വ്യത്യസ്ത പതാകകൾ. വ്യത്യസ്ത രാഷ്ട്രഗാനങ്ങൾ.

“ എല്ലാവരുംഒന്നുപോലെ മുങ്ങുമ്പോൾ, നമ്മൾക്കൊക്കെ ഒരേ വെള്ളമാണ് ഭീതിവിതച്ചത്…
പിന്നെ എന്തിനാണ് നമ്മൾ ഇപ്പോഴും ‘ശത്രുരാജ്യം’ എന്ന് വിളിക്കുന്നത്?”
വയനാട്ടിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടൊരു മുതിർന്ന സ്ത്രീ

ജലത്തിന്റെ ജാതകം

ജലം നമ്മെ പഠിപ്പിക്കുന്നു:

മതത്തിന് അതിരില്ല

രാഷ്ട്രത്തിന് അതിരില്ല

മരണത്തിന് അതിരില്ല

ഒരു അമ്മ, വയനാട്ടിൽ, പാകിസ്ഥാനിൽ, ബംഗ്ലാദേശിൽ, നേപ്പാളിൽ, അഫ്ഗാനിൽ — എല്ലാവരും ഒരേ ചോദ്യം ചോദിക്കുന്നു:
“എന്റെ കുഞ്ഞ് എവിടെയാണ്? എന്റെ വീട് എവിടെയാണ്?”

ഈ ചോദ്യം കേൾക്കുന്നവർ രാഷ്ട്രീയ നേതാക്കളല്ല. കേൾക്കുന്നത് മലകളും നദികളും.
പക്ഷേ അവർക്ക് ഉത്തരം നൽകാനാവില്ല.

“വെള്ളപ്പൊക്കങ്ങൾ വെറും പ്രകൃതിദുരന്തമല്ല; അതൊരു രാഷ്ട്രീയവും സാമൂഹികവുമായ മറവിയാണ്, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാൻ എല്ലാം ചേർന്നൊരു റിപ്പബ്ലിക്ക്‌ ഓഫ്‌ ദുരന്തങ്ങൾ”
പ്രളയങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരേയൊരു പാഠം
അതിരുകൾക്കപ്പുറം ഒരു സംയുക്ത റിപ്പബ്ലിക്ക് ഉണ്ടെന്ന്.
അതിന്റെ പേര്: പ്രളയങ്ങളുടെ റിപ്പബ്ലിക്ക്.
വെള്ളത്തിന്മീതെ ഒഴുകുന്ന കണ്ണീർ, മതം നോക്കില്ല, ഭാഷ നോക്കില്ല, പതാക നോക്കില്ല.

അതിനാൽ, രാഷ്ട്രീയക്കാരെക്കാൾ, നമ്മൾ ജനങ്ങൾ തന്നെയാണ് പരസ്പരം കൈ പിടിക്കേണ്ടത്.
അങ്ങനെയെങ്കിൽ മാത്രമേ, അടുത്ത തലമുറയ്ക്ക് നമ്മൾ സുരക്ഷിതമായൊരു കര നൽകാൻ കഴിയൂ.

Part-2

മാലദ്വീപ്: മുങ്ങിമാറുന്ന ഒരു രാഷ്ട്രത്തിന്റെ മനുഷ്യാവകാശവിളി

തൂവെള്ള മണൽപ്പുറ്റുകളിൽ സൂര്യപ്രകാശം വീണു തിളങ്ങുന്ന സൗന്ദര്യം, നീലയും പച്ചയും കലർന്ന കടൽവെള്ളത്തിന്റെ തെളിച്ചം, പവിഴപ്പുറ്റുകളുടെ സ്വപ്നാത്മക കാഴ്ച, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സമുദ്രസൗന്ദര്യം — ഇതാണ് മാലദ്വീപിന്റെ പ്രഥമ പ്രതിഛായ. പക്ഷേ, ഈ സൗന്ദര്യത്തിന്റെയും വിനോദത്തിന്റെയും പിന്നിൽ മറഞ്ഞുകിടക്കുന്നത് ലോകത്തിന്റെ ഏറ്റവും ഭീകരമായ കാലാവസ്ഥാ മുന്നറിയിപ്പാണ്. മാലദ്വീപ് മുങ്ങുന്നു. അത് ഒരു പ്രകൃതി ദുരന്തമല്ല, മറിച്ച് മനുഷ്യരുടെ രാഷ്ട്രീയ–സാമ്പത്തിക അനാസ്ഥ കൊണ്ടുണ്ടായ ദുരന്തമാണ്.

കടലിന്റെ അരികിൽ ജീവിക്കുന്ന ജനങ്ങളുടെ കണ്ണീർ

“കടൽ ഞങ്ങളുടെ സുഹൃത്തും ശത്രുവും ആയി മാറി,” എന്ന് മാലെയ്ക്ക് അടുത്തുള്ള ഒരു മത്സ്യത്തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കൽ ജീവന്റെ ഉറവിടമായിരുന്ന കടൽ, ഇപ്പോൾ വീടുകളെയും സ്കൂളുകളെയും കുടിവെള്ള കിണറുകളെയും വിഴുങ്ങുകയാണ്. തീരത്തെ മണൽ പൊളിഞ്ഞു വീട് നിലംപൊത്തുമ്പോൾ, സ്ത്രീകൾ കരഞ്ഞുകൊണ്ട് കുട്ടികളെ കൈകളിൽ കെട്ടിപ്പിടിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് ഓടുന്നു. മഴക്കാലത്ത് തിരമാലകൾ നേരിട്ട് വീടിന്റെ നടുമുറ്റത്തേക്ക് കടന്നുവരുന്നു. പല ദ്വീപുകളിലും കുടിവെള്ള കിണറുകൾ ഉപ്പു കലർന്ന വെള്ളത്തിൽ മലിനമായിരിക്കുന്നു.

ഒരു അമ്മയുടെ വാക്കുകൾ: “ഞങ്ങൾക്കു കുടിക്കാൻ വെള്ളമില്ല. ദിവസവും സർക്കാർ ബോട്ടുകൾ കൊണ്ടുവരുന്ന കുടിവെള്ളത്തിനായി മണിക്കൂറുകളോളം കാത്തിരിക്കണം. കുട്ടികൾക്കു വെള്ളക്കെട്ടിൽ നടക്കാനാണ് സ്കൂളിൽ പോകേണ്ടി വരുന്നത്. ചിലപ്പോൾ ക്ലാസുകൾ തന്നെ റദ്ദാക്കപ്പെടുന്നു. കടൽ, ഒരിക്കൽ നമ്മുടെ രക്ഷിതാവായിരുന്നു; ഇന്ന് അത് നമ്മുടെ കുട്ടികളുടെ ഭാവിയെ വിഴുങ്ങുകയാണ്.”

ഈ അനുഭവങ്ങൾ വെറും വികാരങ്ങളല്ല; മനുഷ്യാവകാശങ്ങളുടെ നേരിട്ടുള്ള ലംഘനങ്ങളാണ്. സുരക്ഷിത കുടിവെള്ളത്തിനുള്ള അവകാശം, ആരോഗ്യമുള്ള ജീവിതത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, താമസത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം — ഇതെല്ലാം ദിനംപ്രതി നഷ്ടപ്പെടുന്നു.

ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകൾ

ശാസ്ത്രജ്ഞർ വർഷങ്ങളായി മുന്നറിയിപ്പ് മുഴക്കുന്നു: മാലദ്വീപ് ഭൂമിയിലെ ഏറ്റവും താഴ്ന്ന ഉയരമുള്ള രാഷ്ട്രമാകുന്നു. ശരാശരി നിലപ്പാട് കടൽനിരപ്പിൽ നിന്ന് 1.5 മീറ്ററിനും താഴെ. ഗ്ലോബൽ വാർമിങ്ങ് തുടരുകയാണെങ്കിൽ, 2100-ഓടെ കടൽനിരപ്പ് 1 മീറ്ററോ അതിലധികമോ ഉയരും. അതായത്, മാലദ്വീപിന്റെ വലിയൊരു ഭാഗം താമസയോഗ്യമല്ലാത്ത പ്രദേശമാകും.

IPCC (Intergovernmental Panel on Climate Change) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു: സമുദ്രത്തിന്റെ താപനില ഉയരുന്നത് പവിഴപ്പുറ്റുകൾക്ക് മരണശിക്ഷയാണ്. പവിഴപ്പുറ്റുകൾ ഇല്ലാതായാൽ, മാലദ്വീപിന്റെ പ്രകൃതി പ്രതിരോധം തകരും. സമുദ്രതിരകൾ നേരിട്ട് ദ്വീപുകളിലേക്ക് അടിക്കും. മത്സ്യബന്ധനവും വിനോദസഞ്ചാരവും — രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ രണ്ട് തൂണുകൾ — നിലംപൊത്തും.

കാലാവസ്ഥാ ശാസ്ത്രജ്ഞയായ ഡോ. നസീറ ഹസൻ അഭിപ്രായപ്പെടുന്നു: “മാലദ്വീപ് ലോകത്തെ മുന്നറിയിപ്പാക്കുകയാണ്. ഇന്ന് ഇവിടെയാണെങ്കിൽ നാളെ ലോകത്തിന്റെ എല്ലാ തീരങ്ങളിലും ഇത് ആവർത്തിക്കും. മാലദ്വീപിന്റെ മുങ്ങൽ മനുഷ്യരാശിയുടെ വീഴ്ചയാണ്.”

സാമ്പത്തികവും വിനോദസഞ്ചാരവും: സൗന്ദര്യത്തിന്റെയും ദുരന്തത്തിന്റെയും ദ്വന്ദ്വം

മാലദ്വീപ് ലോകത്ത് “ലക്സറി ഡെസ്റ്റിനേഷൻ” ആയി വിപണനം ചെയ്യപ്പെടുന്നു. കോടികൾ ചെലവഴിച്ച് വന്ന സഞ്ചാരികൾക്ക് കടലിന്റെ മായാവി കാഴ്ചകൾ അനുഭവിക്കാനാവുന്നു. പക്ഷേ, വിനോദസഞ്ചാര റിസോർട്ടുകളുടെ മറവിൽ ജനങ്ങളുടെ ദുരന്തം പലപ്പോഴും ലോകമാധ്യമങ്ങൾക്കു കാണാൻ കഴിയുന്നില്ല.

ഒരു സാമൂഹ്യപ്രവർത്തകയുടെ വാക്കുകൾ: “കടലിനരികിൽ കളിക്കുന്ന വിനോദസഞ്ചാരികൾക്ക് തിരമാലകളുടെ ഭംഗിയാണ് കാണുന്നത്. ഞങ്ങൾക്കു കാണുന്നത് വീടുകൾ പൊളിഞ്ഞു പോകുന്ന വേദനയാണ്. നമ്മുടെ കുട്ടികൾക്കു നീന്താൻ പഠിക്കുന്നതിനുമുമ്പ് അഭയാർത്ഥികളാകേണ്ടി വരും.”

ഇവിടെ വലിയൊരു നൈതിക ചോദ്യമുയരുന്നു: വിനോദസഞ്ചാരികൾക്ക് മാലദ്വീപ് “സ്വർഗ്ഗം” ആയപ്പോൾ, ജനങ്ങൾക്ക് അത് “നരകം” ആകുന്നതെന്തുകൊണ്ട്? അന്താരാഷ്ട്ര മാധ്യമങ്ങൾ മാലദ്വീപിന്റെ സൗന്ദര്യം ആഘോഷിക്കുമ്പോൾ, ജനങ്ങളുടെ നിലവിളി അവഗണിക്കപ്പെടുന്നു.

മനുഷ്യാവകാശത്തിന്റെ കണ്ണാടി

യുണൈറ്റഡ് നാഷൻസ് മനുഷ്യാവകാശ കൗൺസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്: കാലാവസ്ഥാ വ്യതിയാനം മനുഷ്യാവകാശങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയാണ്. മാലദ്വീപ് അതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ്.

ജീവിക്കാൻ ഉള്ള അവകാശം — കടലിന്റെ ആക്രമണത്തിൽ നിന്ന് സുരക്ഷിതമായി ജീവിക്കാനാകാതെ പോകുമ്പോൾ അത് നഷ്ടപ്പെടുന്നു.
വാസസ്ഥലത്തിനുള്ള അവകാശം — വീടുകൾ പൊളിഞ്ഞു പോകുമ്പോൾ, കുടിയൊഴിപ്പിക്കപ്പെടുമ്പോൾ അത് നഷ്ടപ്പെടുന്നു.
ആരോഗ്യത്തിനുള്ള അവകാശം — ഉപ്പുകടന്ന വെള്ളം രോഗങ്ങൾ പരത്തുമ്പോൾ അത് നഷ്ടപ്പെടുന്നു.
വിദ്യാഭ്യാസത്തിനുള്ള അവകാശം — വെള്ളക്കെട്ടിൽ സ്കൂളുകൾ അടച്ചിടുമ്പോൾ അത് നഷ്ടപ്പെടുന്നു.
സംസ്കാരത്തിനുള്ള അവകാശം — തലമുറകൾ കടലിനോടൊപ്പം പടുത്തുയർത്തിയ സംസ്കാരം മുങ്ങിപ്പോകുമ്പോൾ അത് നഷ്ടപ്പെടുന്നു.

ഇത് വെറും പ്രകൃതി പ്രശ്നമല്ല; ഒരു ജനതയുടെ മാനവിക അവകാശങ്ങളുടെ സമഗ്രമായ ലംഘനമാണ്.

അന്താരാഷ്ട്ര രാഷ്ട്രീയവും ഉത്തരവാദിത്വത്തിന്റെ അഭാവവും

മാലദ്വീപ് ലോകത്തിലെ കാർബൺ പുറപ്പെടുവിത്തലിൽ ഏറ്റവും ചെറിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത് ഇവരാണ്. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ എണ്ണ, കല്ലുകൊയ്‌ത്ത്, വ്യവസായങ്ങൾ തുടങ്ങി കാർബൺ പുറപ്പെടുവിച്ച് സാമ്പത്തിക വളർച്ച നേടി. ഇന്ന് അതിന്റെ വില മാലദ്വീപിലെ മത്സ്യത്തൊഴിലാളികളും കുട്ടികളും അടയ്ക്കുകയാണ്.

COP സമ്മേളനങ്ങൾ വർഷംതോറും നടക്കുന്നുണ്ട്. “നെറ്റ് സീറോ,” “ഗ്രീൻ ഫണ്ടുകൾ,” “ക്ലൈമറ്റ് അഡാപ്റ്റേഷൻ” — വലിയ വാക്കുകൾ മുഴങ്ങുന്നു. പക്ഷേ, മാലദ്വീപിലെ ജനങ്ങൾക്ക് ലഭിക്കുന്നത് ശൂന്യമായ വാഗ്ദാനങ്ങളാണ്. നഷ്ടപരിഹാരം എന്ന ആശയം ചർച്ചയാവുന്നു, പക്ഷേ ഒരു രാഷ്ട്രത്തിന്റെ സംസ്കാരത്തിനും നിലത്തിനും ജീവിതത്തിനും വിലയിടാൻ കഴിയുമോ?

ഒരു മാലദ്വീപ് നേതാവിന്റെ പ്രസംഗം ലോകത്തെ കുലുക്കിയിരുന്നു: “ഞങ്ങൾ നമ്മുടെ രാജ്യത്തിന്റെ ജനങ്ങളെ രക്ഷിക്കാനായി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അഭ്യർത്ഥിക്കേണ്ടിവരുന്നു. ഭൂപടത്തിൽ നിന്നും ഇല്ലാതാകാൻ പോകുന്ന ഒരു രാഷ്ട്രത്തിന്റെ വേദന ലോകം മനസ്സിലാക്കുന്നുണ്ടോ?”

തീരദേശ സമൂഹങ്ങളുടെ ഗ്ലോബൽ പ്രതിബിംബം

മാലദ്വീപിന്റെ കഥ ഒറ്റപ്പെട്ട ഒന്നല്ല. ബംഗ്ലാദേശിന്റെ തീരങ്ങൾ, പസഫിക്കിലെ ടുവാലു, കിരിബാത്തി, ഇന്ത്യയിലെ സുന്ദർബൻസ്, കേരളത്തിലെ ചെറുതീരങ്ങൾ — എല്ലാം ഒരേ അപകടത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ തന്നെ ചെറു തീരദേശ ഗ്രാമങ്ങൾ കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെടുന്നത് വെറും വീടുകളല്ല, അവരുടെ സമ്പൂർണ്ണ ജീവിതമാണ്.

അതുകൊണ്ട്, മാലദ്വീപിന്റെ മുങ്ങൽ ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്. “ഇന്ന് മാലദ്വീപ്, നാളെ നമ്മൾ” — ഇതാണ് തീരദേശ ജനങ്ങൾ പറയുന്ന വാചകം.

മനുഷ്യാവകാശവും നൈതിക ഉത്തരവാദിത്വവും

കാലാവസ്ഥാ നീതി മനുഷ്യാവകാശത്തിന്റെ ഭാഗമായി കാണാതെ പോകുന്നിടത്തോളം, മാലദ്വീപിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ല. സമ്പന്ന രാഷ്ട്രങ്ങൾക്ക് വലിയൊരു നൈതിക ബാധ്യതയുണ്ട്. അവർ മാലദ്വീപിനും മറ്റു തീരദേശ സമൂഹങ്ങൾക്കും വേണ്ടിയുള്ള ക്ലൈമറ്റ് ഫണ്ടുകളും റീലൊക്കേഷൻ പ്രോഗ്രാമുകളും ഉടൻ തന്നെ നടപ്പിലാക്കണം.

ലോകത്തിന്റെ നിയമവ്യവസ്ഥയും മാറേണ്ടതുണ്ട്. “ക്ലൈമറ്റ് റഫ്യൂജീസ്” എന്ന വിഭാഗത്തെ അന്താരാഷ്ട്ര അഭയാർത്ഥി നിയമങ്ങളിൽ അംഗീകരിക്കാതെ പോകുന്നിടത്തോളം, മാലദ്വീപുകാരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഒരു രാഷ്ട്രം തന്നെ നഷ്ടപ്പെടുമ്പോൾ, അത് അന്താരാഷ്ട്ര നിയമത്തിന് തന്നെ വെല്ലുവിളിയാണ്.

നിഗമനം: കടലിന്റെ മുന്നറിയിപ്പ്

മാലദ്വീപ് മുങ്ങുന്നത് പ്രകൃതിദുരന്തം കൊണ്ടല്ല, ലോകത്തിന്റെ രാഷ്ട്രീയ അനാസ്ഥ കൊണ്ടാണ്. കടൽ ദിനംപ്രതി മണൽപ്പുറ്റുകളെ വിഴുങ്ങുമ്പോൾ, ലോക നേതാക്കൾ എണ്ണക്കമ്പനികളുടെ ലോബിയിലും രാഷ്ട്രീയ ഗണിതങ്ങളിലും കുടുങ്ങി ഇരിക്കുന്നു.

ഒരു കുട്ടിയുടെ ചോദ്യം എല്ലാം മറികടക്കുന്നു: “എന്റെ ഭാവി എവിടെ?”

അതിന് ലോകത്തിന് ഇന്നുവരെ ഉത്തരം നൽകിയിട്ടില്ല.

മാലദ്വീപിന്റെ മണൽപ്പുറ്റുകളിൽ തിരമാലകൾ ഉയരുമ്പോൾ, അത് വെറും ഒരു രാജ്യത്തിന്റെ നഷ്ടമല്ല. അത് മനുഷ്യരുടെ മനുഷ്യത്വത്തിന്റെ പരാജയമാണ്.

Leave a Reply

Your email address will not be published. Required fields are marked *