ഒക്ടോബർ മൂന്നു രക്തമാണ് !

പ്രജ്ഞയുടെ
കാന്താര ഗ്രന്ഥികളിൽ
അഗ്നിയും ജലവും
ആകാശവും ഭൂമിയും
എരിഞ്ഞു വീഴുമ്പോൾ

വാക്കുകളുടെ ആഘാതത്തിൽ
ആയുസ്സിന്റെ അച്ചുകൂടം
നിലംപതിക്കുമ്പോൾ

ഒക്ടോബർ മൂന്നു
രക്തമാണ് !
ശ്വസന നാളങ്ങൾ
വെന്തു വീഴുന്ന
പ്രവചനമാണ് !

മുപ്പതു ലക്ഷം വിലപിടിപ്പുള്ള
ഉന്മത്തമദ്ധ്യശകടവലയത്തിൽ
ഇന്നാവോ പരമ്പരകളും
അംഗരക്ഷകരും പരിവാരങ്ങളും;

ധൂർത്തിന്റെ വാദ്യഘോഷങ്ങൾ!
ഓച്ഛാനികളുടെ ഓരിയിടലുകൾ!
ഓച്ചന്മാരുടെ ഓക്കാന
സങ്കീർത്തനങ്ങൾ !

ഉദ്ഘാടനനിത്യ തൊഴിലഭ്യാസത്തിന്റെ
അശ്ലീല ഭീമാഡംബരങ്ങളിൽ
വികസന സുരതോത്സവത്തിന്റെ
ഗരീബി രക്ഷാ ദുർഗ്ഗങ്ങൾ
പിളർന്നു മറിയുമ്പോൾ

ഇരുട്ടിന്റെ
സ്തബ്ധ ഗർഭങ്ങളിൽ നിന്ന്
ജപ്തി നോട്ടീസു
കൊണ്ട് വരിഞ്ഞുകെട്ടിയ
ഒരു കുടുംബത്തിന്റെ
ചോരത്തലച്ചോറും അസ്ഥികളും
ഇടിവാൾ വെട്ടേറ്റ
തെങ്ങിൻ പൂങ്കുല പോലെ
ചിന്നി ത്തെറിച്ചു വീഴുന്നു.

ഒക്‌ടോബർ മൂന്നിന്റെ ഓർമ്മ

ക്ഷുബ്ധവും സൗമ്യവും
രൗദ്രവും ഭയാനകവുമായ
കാരുണ്യത്തിലേക്കു
ചായുന്ന ഹൃദയമാണ്

ധനകാര്യം ശത്രുവിന്റെ ആയുധമാണെന്നും
വായ്‌പയ്‌ക്കായി കുഞ്ഞുങ്ങളെ
വായ്ക്കരണ്ടികളിൽ
മുറിച്ചു വയ്ക്കരുതെന്നും
ദാനധർമ്മത്തിന്റെ ഉരുൾപൊട്ടലിൽ
ആത്മഹത്യകളുടെ തുറു കണ്ണുകളുമായി
അടിമത്തത്തിന്റെ പാതാളം
ഉടലിടങ്ങളിൽ ഇടിഞ്ഞിറങ്ങുകയാണെന്നും —-

എഴുത്താണി മുനമ്പിൽ
ചതയുന്ന രക്ത ധമനികളുടെ
മരണപത്രത്തിൽ —-
ഒരു വെറും അദ്ധ്യാപകൻ മാത്രമായ
അയാൾ
എഴുതിപിടിപ്പിച്ചിരുന്നു.

മേയോവിലും

ലണ്ടനിലും നോർവെയിലും
ഫിൻലണ്ടിലും ഇറാനിലും
വികസന രതി മൂർച്ഛയുടെ
മതപാഠശാലകൾക്കും
മായക്കാഴ്ചകൾക്കും മദ്ധ്യേ,

ഇരട്ടച്ചങ്കുകളും മസാലബോണ്ടുകളും
പുഴുങ്ങിവച്ച
അത്താഴമേശകൾക്കു താഴെ
ദൈവത്തിന്റെ സ്വന്തം നായകൾ
ഉച്ചിഷ്ട ഭോജ്യങ്ങളിൽ
കുഴഞ്ഞുവീണു മരിക്കുന്നു

മരിച്ചനിലയിൽ കാണപ്പെടുന്നവരുടെ
എണ്ണങ്ങൾക്കിടയിൽ മറഞ്ഞു കിടന്ന
ആറുവയസ്സുകാരന്റെമൃതശരീരം
മുഖ്യദുഷ്കരനെ മുഖം കാണിക്കാൻ
പുഴ തുഴഞ്ഞു ഒഴുകിഎത്തുന്നു !

കടം തിന്നു വീർത്ത മൃഷ്ടാന്ന
നൃത്തങ്ങളുടെ പെരുമ്പറകൾ,
ഖജനാവിന്റെ അവസാനത്തെ
കുഴിഞ്ഞരമ്പുകളും പിഴുതെടുക്കുന്ന

ഉച്ചസ്തവങ്ങളിൽ:

ഒന്നാം റാങ്കുകൾ അപ്പടി
ഓച്ഛാനികളുടെ
പെൺപിറന്നോത്തികൾക്കു!

ഫിന്നിഷ് കാലിത്തൊഴുത്തുകളിൽ നിന്ന്
ഉക്രൈൻ സർവ്വകലാ ശാലകകളിൽ നിന്ന്
ആഭിചാരങ്ങളുടെ വെടിമുഴങ്ങുന്നു.

പുനർനിയമന പുഷ്കലനായ വൈസ് ചാൻസലർ
നാൽപതു ലക്ഷവും പലിശയും കുടുങ്ങിക്കിടക്കുന്ന
ഉയിർത്തെഴുന്നേൽപിൻറെ ആസനത്തിൽ
ആൽമരങ്ങൾ നട്ടുപിടിപ്പിക്കുന്നു.

ഒരു പിതൃത്വത്തിനു എൺപതു ലക്ഷം
വിലപേശി വിൽക്കുമ്പോൾ
കമ്മീഷനെവിടെ എന്ന് കപ്പിത്താൻ?

അർബുദ രോഗ ചികിത്സക്കായി
ചെലവഴിച്ചു എന്ന് പറയുമ്പോൾ
മുത്തച്ഛന്റെ കണ്ണുകളിൽ
രക്തം പൊടിയുന്നു.

പ്രിയ സഖാവേ,
ഹൃദയത്തെ ഞെരിക്കുന്ന
സങ്കടങ്ങളുടെ മുഖത്ത് നോക്കി
ഒന്ന് ചോദിക്കുന്നു:

നിങ്ങളുടെ പുത്രന്മാർ ഇനിയും
അതി ദ്രുത വിപ്ലവ ക്രീഡയാൽ
ദരിദ്രജന ലക്ഷങ്ങളെ രക്ഷിക്കുമോ?

വയർലെസ്സും സുഡാനിയും തസ്കരപുത്രനും
പരിശുദ്ധാത്മാക്കളാണെന്നു
തസ്കര രക്ഷകനായ ഇരട്ടക്കുഴലാളൻ
വിദേശ രാഷ്ട്രത്തലവനെഴുതുന്നു
അംബേദ്കറുടെ
അസ്ഥിത്തറ കുലുങ്ങുന്നു,

ഒക്ടോബർ മൂന്നു
പട്ടിണിയുടെ വാരിയെല്ലുകളുടയുന്ന
മൃത്യുവിന്റെ
ഹതാശമായ രക്തമാണ്

കഴുത്തറ്റം നിലവിളിക്കുന്ന കബന്ധങ്ങളെ
കടിച്ചു കുടയുന്നു ഉരുട്ടുവണ്ടിയുടെ

രാഷ്ട്രീയ കാര്യദർശിയായി
സ്ഥാനക്കയറ്റം കിട്ടിയ
വാത്സ്യായനശശി ബിംബം,

സ്പേസ് പാർക്ക്
ഉത്തരവുകളിൽനിന്നു
കള്ളക്കടത്തു
കൈയൊപ്പുകളുടെ
ബീജരക്തം തുടച്ചു കളയുന്നു.

വിശക്കുന്നവന്റെ വയറും ഉടുതുണിയും
കടിച്ചെടുത്തു പണയപ്പെടുത്തിക്കൊണ്ടു
വികസന ഭ്രമണപഥങ്ങളിൽ
കൊമ്പുകുത്തിക്കളിക്കുന്ന
നരഭോജികളുടെ
വികട വൈഭവങ്ങൾക്കു മീതെ

ബിൽക്കിസ് ബാനുവിന്റെ
ജീവിക്കുന്ന മരണാതിവർത്തനം
നടന്നു കയറുന്നു ;

ചോരയൊഴുകുന്ന
ചോദ്യക്കടലാസ്സിനുള്ളിൽ നിന്ന്

വെറുമൊരധ്യാപകൻ മാത്രമായ
ജോസെഫിന്റെ വെട്ടേറ്റ കരം
നിവർന്നു വരുന്നു

മൃത്യു
ഒരു മധ്യാഹ്നത്തിന്റെ
ഉച്ചസ്ഥായിയിൽ കത്തിനിൽക്കുകയും
വീണ്ടും ഒക്ടോബർ മൂന്നിന്റെ
രക്തം സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു

ഒക്ടോബർ മൂന്നു:
പതിനഞ്ചു വർഷങ്ങൾക്ക് മുൻപ്
നിങ്ങൾ
അഹങ്കാരഭാഷണത്തിന്റെ
അറവു കത്തികൊണ്ട്
പ്രാണൻ
മുറിച്ചു വീഴ്ത്തിയ
കവിയുടെ മധ്യാഹ്നമാണ്;

ഒരു വിഷദ്രാവകം കൊണ്ടോ
ചതി പ്രയോഗം കൊണ്ടോ
വെറും ഒരു അദ്ധ്യാപകൻ മാത്രമായ

ഒരു സോക്രട്ടിസും മരിക്കുന്നില്ല;
കഴുകിത്തുടച്ചാൽ വിരലറ്റുപോകുന്ന
ചോര ക്കറകളിൽ നിന്ന്
അടർന്നു വീഴുന്നത്
വികസനത്തിന്റെ കടിയേറ്റു
നിലവിളിക്കുന്ന പാർപ്പിടങ്ങളാണ്;

അധികാര കാമാന്ധകാര വിവശമായ
ദ്രുത മാനക മസ്തിഷ്ക
മന്ത്ര സമുച്ചയത്തിൽ നിന്ന്
തീ തുപ്പുന്ന കണ്ണുകളുമായി പറന്നിറങ്ങിയ
വേഷപ്രച്ഛന്നനായ ഒരു പേപ്പട്ടി,

ജനനിബിഡമായ കുടിയിടങ്ങളും
വറചട്ടിയിൽ നിന്ന് എരിതീയിലേക്കു
വലിച്ചെറിയപ്പെട്ട ആമാശയങ്ങളും
തിന്നു തുടങ്ങുന്നു.

ജീവിതം കടലെടുത്തു പോയവർ
ഞങ്ങൾ കോരന്മാർ,

കാൽച്ചുവടുകളിൽ നിന്ന്
കരകൾ കവർന്നെടുക്കപ്പെട്ടവർ

ഞങ്ങൾ കോരന്മാർ,

എന്നും കുമ്പിളിൽ
കഞ്ഞിക്കു കൈനീട്ടിനിന്നവർ
ഞങ്ങൾ കോരന്മാർ,

കളപ്പുരകളുടെ കഴുക്കോലും
അടിത്തട്ടും കുഴിച്ചു
നീ വെളിപ്പെടുത്തിയ
വായ്പയുടെ പാതാളങ്ങളിൽ

നിന്റെ ആഡംബര വിഭ്രാന്തിയുടെ
ഉച്ചിഷ്ടങ്ങൾക്കു കൈനീട്ടുവാൻ
കഴുത്തിൽ വായ്പ നമ്പർ
പതിപ്പിച്ച ബെൽറ്റുകളുമായി
ചോരക്കുഞ്ഞുങ്ങൾ
നീന്തി വരുമെന്നോ?

അവരുടെ സ്ഥലവും കാലവും
കുടിച്ചു വറ്റിച്ച ശൂന്യ പാത്രങ്ങളിൽ
കുഞ്ഞിക്കൈകളും കുഞ്ഞിക്കാലുകളും
ചലനമറ്റു മുറിഞ്ഞു കിടക്കുന്നു.

അവരുടെ കുഞ്ഞിക്കണ്ണുകളിൽ

വിടരുന്ന നക്ഷത്രങ്ങൾ
ഇരുട്ടിൽ വഴി കുഴഞ്ഞു മറയുന്നു.

നീകുടിച്ചു വറ്റിച്ച സ്ഥലവും
കാലവും മടക്കിചോദിച്ചു കൊണ്ട്

പർവ്വതങ്ങളെ കടപുഴക്കുന്ന
കൊടുങ്കാറ്റു പോലെ

ആകാശങ്ങളെയും കടലുകളെയും
അളന്നു മുറിച്ചു കൊണ്ട്
കാലവും കരയും ഋതുക്കളും
വീണ്ടെടുക്കുമെന്നു,

ഒക്ടോബർ മൂന്നിന്റെ രക്തത്തിൽ
അവർ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.

വീണ്ടും ഞങ്ങൾ കോരന്മാർ,
ഒരേ ഒരു ചങ്കു മാത്രം
നെഞ്ചിടത്തിൽ കരുതി
വച്ചിരിക്കുന്നവർ,

ഒരേ ഒരു ഹൃദയം മാത്രം
സ്വന്തമായുള്ളവർ,

ഞങ്ങൾ കോരന്മാർ

ഹൃദയത്തിന്റെ കുമ്പിളിൽ
ഒരേ ഒരു സൂര്യൻ മാത്രം
സ്വന്തമായുള്ളവർ
ഞങ്ങൾ കോരന്മാർ;

കളപ്പുരകൾ ഇനിയും നിറയ്ക്കുമെന്നും
ഹൃദയത്തിന്റെ കുമ്പിളിൽ
തെങ്ങിൻ പൂങ്കുലകൾ
ഇനിയും വിരിയിക്കുമെന്നും

ഞങ്ങൾ കോരന്മാർ
ഒക്ടോബർ മൂന്നിന്റെ
പ്രാണഭംഗത്തിൽ
വേദനപ്പെട്ടു പറയുന്നു .

നാല്പത്തഞ്ചു ലക്ഷം മോഷ്ടിച്ചു
നീ പണിതുയർത്തിയ
ചാണകപ്പുരയുടെ
മൂർദ്ധാവിലിരുന്നുകൊണ്ട്,
ധനാധികാര പ്രമത്തതയുടെ
വായ്ത്താരിക്ക് ഓച്ഛാനികൾ

തീകൊളുത്തുമ്പോൾ

ഒരേഒരു ചങ്കു മാത്രം
സ്വന്തമായുള്ള
ഞങ്ങൾ കോരന്മാർ,

ഹൃദയത്തിന്റെ കുമ്പിളിൽ
ഭയവും കരുണയും
ശോകവും പ്രകാശവുമെരിഞ്ഞു
സ്നേഹജലമുരുകുമ്പോൾ,

ഒരേ ഒരു ഹൃദയത്തിന്റെ
തീക്ഷ്ണ സങ്കടങ്ങളേറ്റു
സഹന പരവശരായ
ഞങ്ങൾ കോരന്മാർ,

ഒരേ ഒരു ചങ്കു മാത്രം
സ്വന്തമായുള്ള
ഞങ്ങൾ കോരന്മാർ —
—നരവംശമാണെന്നും

ആയതിനാൽ നീ ഒരു വംശീയ
കൊലപാതകമാണെന്നും
നിന്നോട് പറയുന്നു.

ഒക്ടോബർ മൂന്ന്
ഞങ്ങളുടെ രക്തമാണെന്നു
ഞങ്ങൾ കോരന്മാർ
ഞങ്ങൾ കോരന്മാർ
ഞങ്ങൾ കോരന്മാർ…

Leave a Reply

Your email address will not be published. Required fields are marked *