എഡിറ്റർ : എസ്. സുധീഷ്
ഉന്മാദിനിയുടെ പ്രണയ ഗീതം
സിൽവിയ പ്ലാത്ത്
കണ്ണു ഞാനടയ്ക്കുമ്പോൾ
ഞെട്ടറ്റു പതിക്കുന്നു
മൃത്യു ഗർത്തത്തിൽ
വിശ്വം!
കൺപോള തുറക്കുമ്പോൾ
വിശ്വത്തിൻ പുനർജ്ജന്മം! –
ഉണ്മ യെങ്കിലോ, നീയെൻ
ശിരസ്സിൻ വിഭാവമോ?
നക്ഷത്രയുഗ്മങ്ങൾതൻ
നൃത്തലാസ്യങ്ങൾ വർണ്ണ-
നീലവും ചുവപ്പുമായ്
ചോടുവച്ചദൃശ്യമായ്.
അന്ധകാരത്തിൻ-സ്വേച്ഛാ
വാഴ്ച തന്നതിർത്തികൾ
നെഞ്ചകം ഞെരിച്ചു കൊ
ണ്ട മറികുതിക്കുന്നു
കണ്ണു ഞാനടയ്ക്കുമ്പോൾ
ഞെട്ടറ്റുപതിക്കുന്നു
മൃത്യു ഗർത്തത്തിൽ വിശ്വം!
(കൺതുറക്കുമ്പോൾ കണ്ട
ലോകമെൻ വിഭാവമോ)
നിന്റെഉന്മത്ത സ്പർശ,
മെൻ ഗാത്ര, മഴകായ് നിൻ
ശയ്യയിൽ വീണെന്നതും
നെഞ്ചുടച്ചീടും ചാന്ദ്ര
മന്മഥ ഗീതങ്ങളാൽ
ചഞ്ചലം ഭ്രമാതുര
മാകുമെന്നുയിരിൽ നിൻ
ചുംബനമടർന്നതും
സ്വപ്നമായിരുന്നെന്നോ ?
(കൺതുറക്കുമ്പോൾ കണ്ട
ലോകമെൻ വിഭാവമോ ?)
ദ്യോവിൽ നിന്നിതു ദൈവം
കീഴ്മേലായ് മറിയുന്നു,
നരകത്തീനാളങ്ങൾ
കെട്ടു പോവുന്നു, ദൈവ
ദൂത സംഘവും സാത്താൻ
കൂട്ടവും പുറം വാതിൽ
തിരയുന്നേതോ ദിക്കിൽ
മായുന്നു മറയുന്നു
കണ്ണ് ഞാനടയ്ക്കുമ്പോൾ
ഞെട്ടറ്റു പതിക്കുന്നു
മൃത്യു ഗർത്തത്തിൽ
വിശ്വം !
നീ പറഞ്ഞതേ വഴി
മടങ്ങി വരുമെന്ന
മോഹമാകുലം കാലം
കൊഴിഞ്ഞു
വാർദ്ധക്യത്തിൻ
ജ്ഞാന മവ്യക്തം
നിന്റെ
പേരു ഞാൻ മറക്കുന്നു
(കൺതുറക്കുമ്പോൾ കണ്ട
ലോകമെൻ വിഭാവമോ)
നിനക്ക് പകരം ഞാൻ
പ്രണയിച്ചെങ്കിൽ മാന
ത്തിടിമുഴക്കങ്ങൾ വീഴ്ത്തും
പക്ഷികൾ -അതൊന്നിനെ
വാസന്തകാലം മാത്രമെങ്കിലും
ശബ്ദോന്മാദ
മിരമ്പിത്തിരിച്ചെത്തും
ജീവിതപക്ഷിക്കൂട്ടം
കണ്ണു ഞാനടയ്ക്കുമ്പോൾ
ഞെട്ടറ്റു പതിക്കുന്നു
മൃത്യു ഗർത്തത്തിൽ
വിശ്വം!
കൺപോള തുറക്കുമ്പോൾ
വിശ്വത്തിൻ പുനർജ്ജന്മം! –
ഉണ്മ യെങ്കിലോ, നീയെൻ
ശിരസ്സിൻ വിഭാവമോ?
