എഡിറ്റർ : എസ്. സുധീഷ്
ഉക്രൈൻ ഏതു കാലമാണ്?
ഭാഗം: ഒന്ന്
എന്റെ കുട്ടികൾ,
മരണത്തിന്റെ
കുഴൽ വിളികൾക്കും
നിഴൽ മഴകൾക്കും
വിശപ്പിന്റെ മേൽക്കൂര
കടിച്ചു തുപ്പുന്ന
സ്ഫോടനങ്ങൾക്കുമിടയിൽ
അദൃശ്യ ഭൂഗർഭ റയിലുകളിൽ
ഒരു മടങ്ങിയെത്തലിന്റെ
കുതിരകൾ
കുതിച്ചെത്തുന്നതും കാത്തു
കണ്ണു ചിമ്മാതിരിക്കുകയാണ്
അഭയത്തിന്റെ
അതിർത്തി മുനമ്പുകളിൽ
ഹൃദയത്തിന്റെ വിളക്കുകൾ
പ്രകാശിക്കുന്നതും
കാത്തിരിപ്പാണ്.
നടന്നു കാൽകുഴഞ്ഞും
ഓടിത്തളർന്നും
മണ്ണിലുരുണ്ടു നീന്തിയും
നിദ്രയുടെയും
നിദ്രാലോപത്തിന്റെയും
വിഹ്വലതകളിൽ
വലിച്ചു കെട്ടിയ
രാത്രികാല നൂൽപ്പാലങ്ങളിൽ
കാലുകളുയർന്നും താഴ്ന്നും…
കൈവിട്ടുപോയ കല്ലുകൾ
തിരിച്ചെത്തലിന്റെ
കൈമുദ്രകൾക്കു
മെഴുതിരി കത്തിക്കുകയാണു.
ജീവന്റെ ഇന്ധനം ഊതിയുലച്ചുകൊണ്ടു
ധീരതയുടെ
അവസാനത്തെ തുള്ളി രക്തവും
തിളച്ചിറങ്ങുകയാണ്
വരിഷ്‌ഠ നരേന്ദ്ര മോദിജി
ജീവൻ രക്ഷാ വിദ്യക്ക് വേണ്ടി
എന്തിനിവർ
അന്യദേശങ്ങളെ പ്രാപിച്ചു
എന്ന് ചിന്തിച്ചു
അന്തപ്പെടുകയാണ്.
എന്തെന്നാൽ,
സഹോദരാ, ദാമോദരാ,
നമ്മുടെ ജീവൻ രക്ഷാ വിപണിയിൽ
ജ്ഞാനപരിചരണച്ചരക്കിനു
തീ പിടിച്ച വിലയാണ്
ഗോധ്രയിലെ ജ്ഞാനശാലകളിൽ
അവ വിൽക്കപ്പെടുന്നുമില്ല
ഉക്രൈൻ ഏതുകാലമാണ് ?
ഭാഗം രണ്ടു
എണ്പതുകൾക്കു മദ്ധ്യേ
രണ്ടാം ലോകത്തിന്റെ വിളക്കുകൾ
കരിന്തിരി കത്തിയ ശേഷം
കഴിഞ്ഞ നാല്പത്തിനാല്
വർഷങ്ങളായി
നാം നിരന്തരമായി തോറ്റു
കൊണ്ടിരിക്കുകയാണ്.
ജയിക്കുന്നവർക്കൊപ്പം നിൽക്കുക
സച്ചിദാനന്ദവും
തോൽക്കുന്നവർക്കും
മരിക്കുന്നവർക്കുമൊപ്പം നിൽക്കുക
അപായകരവുമാണ്,
ആയതിനാൽ ഇന്ത്യ എവിടെ എന്ന്
എന്ന് നമുക്ക് നിശ്ചയമില്ലായിരുന്നു
അമേരിക്കൻ പാൽപ്പൊടിയും
ഗോതമ്പിന്റെ
ഉച്ചിഷ്ടങ്ങളും
തിന്നു വളർന്ന പട്ടികളാണ് നാം
എന്നതുകൊണ്ട്
നാം നരഭോജികളെയും കഴുകന്മാരെയും
പിന്തുണയ്ക്കണമെന്നും
അവർക്കുവേണ്ടി കൊത്തിവയ്ക്കപ്പെടുന്ന
നുണകളിൽ
നക്കണമെന്നും
മാധ്യമങ്ങൾ ഉദ്‌ബോധനം നടത്തി
കൊണ്ടിരിയ്ക്കുകയാണ്
എന്നാൽ
എത്രയോ നാളുകളായി
നാം തോറ്റു കൊണ്ടിരിക്കുകയാണ്
എങ്കിലും ഇപ്പോൾ നാം
ഇന്ത്യയുടെ സ്ഥാനം കണ്ടെത്താൻ
തുടങ്ങുകയാണ്
അന്ന് സദ്ദാമിന്റെ തല
അറവുകാരൻ
തെരുവിലുരുട്ടിക്കളിക്കുമ്പോൾ
നിങ്ങൾ ന്യായസ്ഥന്മാർ ശബ്ദിക്കാത്തതെന്ത് ?
നജീബിന്റെ കഴുത്തു മുറിച്ച ഉടൽ ..
കാബൂളിന്റെ തെരുവുകളിൽ
കിടന്നുരുളുമ്പോൾ
പാൽപ്പൊടിയും ഗോതമ്പും
തിന്നു കൊഴുത്ത പട്ടികൾ
ഒന്നു കുരയ്ക്കാൻ മടിച്ചതെന്ത് ?
വംശീയ സംഹാര സുരതത്തിലേക്കു
ഭൂഖണ്ഡങ്ങൾ എരിഞ്ഞു വീഴുമ്പോൾ
കുരിശും ഖുർ ആനും കുന്തമെറിഞ്ഞു
പരസ്പരം നെഞ്ചു കീറുമ്പോൾ
ആഭ്യന്തര ഭീകര നരമേധത്തിൽ
ഇസ്‌ലാമിക രാഷ്ട്രങ്ങൾ
പൊട്ടിത്തെറിക്കുമ്പോൾ
ആയുധവില്പനയുടെ
ലാഭക്കുതിപ്പുകൾക്ക്
സ്മൃതി ഗീതമെഴുതിയവർ-
അവരുടെ പാൽപ്പൊടിയും
ഉച്ചിഷ്ടവും തിന്നു കൊഴുത്ത പട്ടികൾ
അതാ സെലിൻസ്കിക്കുവേണ്ടി
ബിയറും ബോംബും വിഴുങ്ങുന്നു!
സാരോ വിവയുടെ കത്തുന്ന കണ്ണുകളും
നെരൂദയുടെ അസ്ഥി ഖണ്ഡങ്ങളും
കൊത്തിയെടുത്തുകൊണ്ടു
കഴുകൻ
മേഘ ദൂരങ്ങളിൽ
നെഞ്ചു വിരിച്ചു
നൃത്തമാടുമ്പോൾ,
ലോകം നിശ്ശബ്ദമായിരുന്നു,
ന്യായസ്ഥനല്ലെങ്കിലും
ചെറുത്തു നിൽപ്പിന്റെ
അത്യുന്നതങ്ങളിൽ നിന്ന് വലവീശിപ്പിടിച്ച
സദ്ദാം ഹീറോ ആൺ ഡാ എന്ന് പറയാൻ
ഇവിടെ ഒരു പട്ടിയുമില്ലായിരുന്നു
എന്നാൽ ഗോതമ്പും പാൽക്കോവയും
തിന്നു കൊഴുത്ത
വാരിയെല്ലിൽ നിന്ന്
സെലിൻസ്കി ഹീറോ ആൺഡാ
എന്നൊരു മാർജ്ജാരശബ്ദം !
ഉക്രൈൻ ഏതുകാലമാണ് ?
ഭാഗം മൂന്നു
പുത്തൻ ഏകലോക ക്രമത്തിൽ
ചോദ്യങ്ങളുടെ പ്രജനനം
നിലച്ചിരിക്കുന്നു,
ഒരു കൃത്രിമ ബീജസങ്കലനത്തിൽ
നിന്ന് ചോദ്യത്തിന്റെ ജ്യാമിതീയ രൂപങ്ങളും
ഉത്തരങ്ങളുടെ വർഷപാതങ്ങളും
വിപണിയിൽ
കാളകളുടെയും കരടികളുടെയും
പിടുക്കുകൾ
പിഴുതു വീഴുന്നതും കാത്തിരിക്കുന്നവന്റെ
ചൂതാട്ട മാണ് ഈ ധന്യ ജീവിതം
എന്ന് വിധിക്കപ്പെട്ടിരിക്കുന്നു,
തലച്ചോറിന്റെ വന്ധ്യ സിരാഗർഭങ്ങളിൽ
കൃത്രിമ ജ്ഞാന ബുദ്ധിയുടെ റെസിപ്പികൾ;
ജ്ഞാനസമ്പത്തിന്റെ അങ്കഗണിതങ്ങൾ
പ്രകൃതിയുടെ കൃഷ്ണമണികളിൽ
സുഷിരങ്ങൾ വീഴ്ത്തുകയും
അന്ധത
ജ്ഞാനമായി സംഭവിക്കുകയും ചെയ്തിരിക്കുന്നു,
വിലക്കപ്പെട്ട
ജ്ഞാനപ്പഴത്തിൽനിന്ന്
രുചിയും സ്പർശവും ഗന്ധവും
വീണ്ടെടുത്തുകൊണ്ടു,
തോൽവികളിൽ നിന്ന്
ഒരു മടക്കയാത്രയ്ക്ക്
ഉക്രൈൻ സാക്ഷ്യമാവുമോ
എന്ന പരീക്ഷണത്തിലാണ് പുടിൻ.
പുടിൻ
ന്യായസ്ഥനോ,
വേതാളമോ, കിനാവള്ളിയോ
പിശാചോ, ആയിക്കൊള്ളട്ടെ
റഷ്യ
കെടാത്ത തീയും,
ചാകാത്ത പുഴുക്കളും നുരയുന്ന
അന്ധകാരമായിക്കൊള്ളട്ടെ –
നരഭോജികൾ
ബോധ സിരാകൂടങ്ങൾക്കു
തീയിട്ടുകൊണ്ടു
തലയോടുകളുടെ പാവക്കൂത്തുനടത്തുമ്പോൾ
പുടിൻ
തോൽവികൾക്കെതിരെ നിവർന്നു നിന്ന് കൊണ്ട്
ഇനി ഒരു വീണ്ടെടുപ്പ് സാധ്യമാവുമോ
എന്ന ചോദ്യം ഉന്നയിക്കുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് തല വലിച്ചോടിയ
ചെന്നായ
സെലെൻസ്കിയുടെ അടുക്കളയിൽ
മനുഷ്യ മാംസം
പച്ചയ്ക്കു തിന്നുന്നതിന്റെ പാഠത്താളുകൾ
കടിച്ചു പറിക്കുകയാണ്
റഷ്യൻ പട്ടാളത്തിന് മുന്നിൽ
സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന
പൊതു ജനങ്ങളെ
ചാവേർ ആക്കി നിർത്തിയിട്ടു
സെലിൻസ്കിയും നാറ്റോ പട്ടാളവും
അവർക്കു പിന്നിൽ
ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണു
വഴിവക്കുകളിൽ
ഇന്ത്യൻ വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി
അവരുടെ ജീവിതത്തെ ഉപരോധിക്കുകയാണ്
ഇന്ത്യയും പാകിസ്ഥാനും ഉടപ്പിറപ്പുകളാണ്
ഇന്ത്യയും അഫ്ഘാനും
ഇന്ത്യയും ശ്രീലങ്കയും ഉടപ്പിറപ്പുകളാണ്
ഒരിക്കൽ ഭാഗം പിരിഞ്ഞു പോയെങ്കിലും
സോദരർ തമ്മിൽ യുദ്ധമില്ല
റഷ്യയും ഉക്രൈനും ഉടപ്പിറപ്പുകളാണ്
സോദരർ തമ്മിൽ യുദ്ധമില്ല;
വംശീയ ശത്രയുടെ വിഷയവുമായി
അവർക്കിടയിൽ നുഴഞ്ഞു കയറിയ
ബാഹ്യ ശക്തികൾക്കെതിരെയാണ് യുദ്ധം
ഒരുമയുടെ സ്വപ്നം,
തിരിച്ചെത്തലിന്റെ സംഗീതം
ഒരു കൊടിമരമായി
നെഞ്ചിൽ വേരുകൾ ഇറക്കുകയാണ്
ഉക്രൈൻ ഏതുകാലമാണ് ?
-ഭാഗം നാല്
ഇപ്പോൾ കാർ കീവിൽ നിന്ന്
എന്റെ കുട്ടികൾ
അംഗവിച്ഛേദം സംഭവിച്ച
നഗരപ്രാന്തങ്ങൾക്കുമപ്പുറം
സുരക്ഷയുടെ ഇടങ്ങൾ തേടി
കരളുറച്ചു കാലുറച്ചു
നടന്നു നീങ്ങുകയാണ്.
നിങ്ങളെ പുറന്തള്ളിയ
തീവണ്ടികളുടെ ഉപരോധങ്ങളെ
മുറിച്ചുകൊണ്ട്,
ചിത്ത ചാഞ്ചല്യത്തിന്റെ
ഉത്ക്കണ്ഠകളെ പൊട്ടിച്ചുകൊണ്ടു,
ഇരുളുകയും തെളിയുകയും ചെയ്യുന്ന
ആകാശവും
ഒഴുകുകയും മറിയുകയും ചെയ്യുന്ന
സൂര്യനും
നിശ്ചലമാവുന്നില്ല എന്ന്
പറഞ്ഞുറപ്പിച്ചു കൊണ്ട്,
മൃത്യൂവിന്റെ
ഭയ ശാസനങ്ങൾക്കുംഅക്കരെ
പ്രത്യാശയുടെ ജലവും നിലാവും
കണ്ടെത്തും വരെ
ജനാരണ്യങ്ങളുടെ
ഇട നെഞ്ചിൽ തുടിക്കുന്ന പ്രാണൻ
ഒരു പോരാട്ടവും പ്രതിരോധവുമായി
നിങ്ങളോടൊപ്പമുണ്ടാവും.
അപായത്തിന്റെ സൈറണുകൾ
സഞ്ചാരത്തിന്റെ കാലുകളെ
കടിച്ചു കുടയുമ്പോൾ
ഭാവിചിന്തയുടെ കണ്ണുകൾ
ഇരുട്ടിൽ ഇളകി വീഴുമ്പോൾ
ഇര പിടുത്തക്കാരുടെ മദ്ധ്യത്തു
ജീവനും ജീവിതവും
വലിച്ചിഴച്ചു കൊണ്ട്
ഇനിയും എത്രനാൾ എന്ന്—
അമ്മെ,
ഇനി എത്രനാൾ എന്ന്
വരും തലമുറചോദിക്കുന്നു;
ജനിച്ചു വീണതിൽപ്പിന്നെ
മുലപ്പാലിനൊപ്പം
ആത്മഹത്യയുടെ വിഷ പാത്രവും
ഋണബാധ്യതയുടെ ജപ്തി പത്രവും
കുഞ്ഞു കൈവിരലുകളിൽ
പിടിപ്പിച്ചു കൊണ്ട്
എഴുത്തിനിരുത്തുക.
ജനിപ്പിച്ചവർ എന്ന
കുറ്റവാളികളുടെ തലമുറ:
കാത്തിരിപ്പിന്റെ കാതുകൾ
തീ ബോംബുകൾ
വീണു പുകയുമ്പോഴും
എരിഞ്ഞു വീഴാൻ
വിസമ്മതിക്കുന്നവർ,
ഇനിയും അവശേഷിക്കുന്നത്
എന്തിനെന്നു ചോദിച്ചു
ഉത്തരത്തിന്റെ
ആലില കണ്ണുകളിലേക്കു
നോക്കുമ്പോൾ,
പാതിവെന്ത ആൽമരക്കൊമ്പിൽ
ചുടലപ്പറമ്പിന്റെ
സ്വപ്നാത്മകതയിൽ
ബുദ്ധൻ തൂങ്ങി നിൽക്കുന്നു.
പിതാവേ, ഈ പാന പാത്രം
എന്നിൽ നിന്നെടുക്കേണമേ
എന്ന അപേക്ഷയുടെ
അന്നനാളത്തിൽ
മഹിഷാരൂഢനായ
ഭരണ നായകൻ
പിണ്ണാക്കും മൈദമാവും
തള്ളിക്കയറ്റുന്നു
പട്ടിണിക്കിറ്റുകളുടെ
വിതരണക്കാരനായ പരമാത്മാവേ
അങ്ങയുടെ ഭരണം
വീണ്ടും വരേണമേ എന്ന ശബ്ദവും
താളവാദ്യങ്ങളും മുറുകുന്നു.
ഉക്രൈൻ ഏതു കാലമാണ് ?
ഭാഗം: അഞ്ചു
പാഠം പ്രതിദിനകുറിപ്പുകൾ
2022 മാർച്ച് 4
ഓർമ്മകൾക്ക് അറിവ് ലഭിക്കുന്ന
കാലം തൊട്ടു
സോവിയറ്റ് ഐക്യരാജ്യം
ഇന്ത്യയുടെ സുരക്ഷയായിരുന്നു
വിമൂഢമായ ഒരു നിദ്രയുടെ
സ്ഫടികപേടകത്തിൽ നിന്ന്
രണ്ടാം ലോക നിഴൽക്കണ്ണാടിയും
രക്ഷയുടെ മായാമൃഗവും
ഉടഞ്ഞു വീഴുകയായിരുന്നു
ഭരിക്കുകയും ഭരിക്കപ്പെടുകയും
ചെയ്യുന്നവർ തമ്മിൽ
അത്യന്ത ശത്രുതകളുണ്ട്;
അധികാരത്തിന്റെ ശരീരഭാഷയെ
തിരുത്താൻ
ചൂഷിതപക്ഷ ശാസ്ത്രകാരന്റെ
അർത്ഥ സാമഗ്രികൾ
മതിയാവാതെ പോവുന്നു
അധികാരം,
ചൂഷക ഭാഷയിലേക്കു
ലിംഗ പരിണാമപ്പെടുന്നവന്റെ
ക്രൗര്യമാവുന്നു ;
കാർ കീവിൽ എന്റെ കുട്ടികൾ
തെരുവുകളിൽ
അധികാരത്തെ നേരിടുന്നു.
ഉടഞ്ഞ സ്ഫ്ടികച്ചില്ലുകളിൽ
പുതഞ്ഞു കിടക്കുന്ന
സൗഹൃദത്തിന്റെ
ഓർമ്മകളും
മുറിച്ചെറിയപ്പെട്ട വാഗ്ദത്തത്തിന്റെ
കൈകാലുകളും
അവരുടെ സഹനത്തെ പിന്തുടരുന്നു
അധികാരത്തിലെത്താനുള്ള
യുദ്ധത്തിൽ
സോദരർ സോദരരെ വെട്ടിവീഴ്ത്തുന്ന
കമ്മ്യൂണിസ്റ്റ് കാഴ്ചകളാണ്,
ഭരണം ,ഭരണം ,ഭരണം
എന്ന ആക്രോശമാണ്
കമ്മ്യൂണിസ്റ്റ് ഐക്യ രാജ്യത്തെ
ചിതറിച്ചു കളഞ്ഞത്;
കാർകീവിൽ എന്റെ കുട്ടികൾ
ആ തകർച്ചയുടെ മുറിവുകൾക്കു
മുകളിലൂടെ
നടന്നുകയറുകയാണ്
ഭാഗം : ആറ്
ഭരിക്കുന്നവർ ഒരു വർഗ്ഗമാണ് എന്നും
അധികാരം അവരുടെ ദൈവമാണ് എന്നും
പാൽപ്പൊടിയും മൈദയും നിറച്ച
കിറ്റുകൾക്കു മുന്നിൽ
വിശന്നു വാപിളർന്നു നിൽക്കുന്നവർ
ശത്രു വർഗമാണ് എന്നും
മറ്റെല്ലാ വർഗ്ഗ വൈരുധ്യങ്ങളും
അതിന്റെ
ജനിതക പരിണാമങ്ങളാണ്
എന്നും തെളിയിക്കപ്പെട്ടിരിക്കുന്നു.
മതവും ജാതിയും വംശവും
കൊടിയും കൊടിയുടെ നിറവും
മാറി മറിയുമ്പോഴും,
ഭരണം, ഭരണം തുടർ ഭരണം
എന്ന് സദാ മന്ത്രിച്ചുകൊണ്ടു,
സോദരരെ
വെട്ടിവീഴ്ത്തുന്നവരും
അവരുടെ അകമ്പടിക്കാരും
ഭരണവർഗ്ഗമായി അധികാരപ്പെടുന്നു.
ഭരണം, ഭരണം, ഭരണം
എന്നുമന്ത്രിച്ചുകൊണ്ടു.
മഹിഷത്തിന്റെ മുഖവും
കൊമ്പുകളുമുള്ള ഒരു ചിത്രം
വിദേശമൂലധന യാഗ പീഠത്തിൽ
പ്രതിഷ്ഠിക്കപ്പെടുന്നു !
മഹിഷത്തിന്റെ മുഖവും
കൊമ്പുകളുളമുള്ള അവന്റെ
പരസ്യ ചിത്രങ്ങൾ
ഉദ്ഘാടനങ്ങളുടെ
മല വെള്ളത്തിൽ
മലർന്നു കിടക്കുന്നു;
എല്ലാ പത്രപ്പുറങ്ങളിലും
ചുമരുകളിലും
വൃക്ഷ കാണ്ഡങ്ങളിലും
അവന്റെ ദുർമ്മുഖവും പിടലിയും
അച്ചടിച്ചു
പരസ്യപ്പെടുത്തിയിരിക്കുന്നു
തൂണിലും തുരുമ്പിലും
ഭരണം ,തുടർഭരണം എന്ന
മന്ത്രം ഉരുവിട്ടുകൊണ്ടു
അവന്റെ ദംഷ്ട്രകൾ
പുറത്തേക്കുന്തുന്നു.
തൂണുകൾ പിളർന്നു പുറത്തേക്കു
ചാടിക്കൊണ്ടു
എവിടെയും എന്റെ ചിത്രം മാത്രം
എന്ന് അർദ്ധ മഹിഷ-നര ബിംബം
തൊണ്ട പൊട്ടിച്ചലറുന്നു .
ഭാഗം : ഏഴു
കിടപ്പാടങ്ങളുടെ ഉടലും തലയും
ഉഴുതുമറിച്ചു കൊണ്ട്
തല ചായ്ക്കാൻ ഇടം തേടുന്നവരുടെ
ഉറക്കത്തകർച്ചയിൽ കുരുങ്ങിക്കിടക്കുന്ന
ഉറവിന്റെ പ്രമാണവും
കനവിന്റെ രസതന്ത്രവും
വലിച്ചു കീറിക്കൊണ്ട് ,
മരണവണ്ടിക്ക് വഴിയൊരുക്കാൻ
ജന വിന്യാസത്തിന്റെ ഭൂപടത്തെ
നെടുകെ പിളർന്നു കൊണ്ട്
കവർന്നെടുക്കപ്പെട്ട ജീവിതങ്ങളുടെ
അസ്ഥിഖണ്ഡങ്ങൾക്കും തലയോടുകൾക്കും
നാലിരട്ടി ഇനാം പ്രഖ്യാപിച്ചു കൊണ്ട്,
വിദേശ മൂലധനത്തിന്റെ
അതിവേഗ സുരതക്രീഡയ്ക്കായി
പിൻവാതിൽ തഴുതിളക്കി
പിറന്ന മണ്ണിടം മോഷ്‌ടിച്ചു കൊടുക്കുന്ന
മഹിഷത്തിന്റെ കൊമ്പുകളോടും
കുളമ്പടികളോടും അകമ്പടികളോടും :
നിങ്ങൾക്കു പാർക്കാൻ ഇടം മതിയാഞ്ഞു
നഗര തീർത്ഥത്തിൽ പണിതുയർത്തുന്ന
ഗോപുരത്തിന്റെ നിലകൾ ഒൻപതും
തീ പിടിച്ചു മരിക്കുമെന്നതിന്റെ
മുന്നറിയിപ്പാകുന്നു ഉക്രൈൻ.
കാലത്തിൽ വീണുടഞ്ഞുപോയ
സമസ്ഥിതിയുടെ ധ്വനിസാന്ദ്രമായ
ദുരിതങ്ങളിൽ നിന്ന്
ഇനിയും ഒരു പക്ഷി പറന്നുയരും
എന്നതിന്റെ സൂചനയാണ് ഉക്രൈൻ .
എന്തുമാവാമെന്ന
ധാർഷ്ട്യത്തിനു കീഴിൽ
അമ്പതു വർഷ ത്തോളമമർന്നു കിടന്ന ജനത
പ്രതികരണത്തിന്റെ
ആദ്യ വെടിമുഴക്കുമ്പോൾ
ബല പ്രയോഗത്തിന്റെ അസ്ഥിത്തറയിൽ
നിന്നൊഴുകുന്ന പ്രിയപ്പെട്ടവരുടെ ചോര
ഒരു തിരുത്തലും, ഭരണം, ഭരണം എന്ന
എന്ന ഉന്മാദത്തിന്റെ നിരാസവുമാണ് .
ലോകം മൂലധനവാഴ്ച്ചയുടെ
ന്യൂറോ സിഫിലിസിനു
അന്ത്യം കുറിക്കാൻ
തുടങ്ങുകയാണ് എന്ന് ,
ഊഷര ജ്ഞാനപ്പരപ്പിന്റെ അപാരതകളിൽ
ഉന്മത്തമായ വന്ധ്യതയുടെ
അകമ്പടിപ്പുരകളിൽ
വിദേശ സർവകലാശാലകളുടെ
വേണ്ടാച്ചരക്കുകൾക്കു വിത്ത് പാകാൻ
പായ വിരിക്കുന്നവർ
ഇനിയും അറിഞ്ഞെത്തിയിട്ടില്ല
വിദേശമൂലധനത്തിന്റെ
മായക്കാഴ്ചകളുടെ എല്ലുകളിൽ കടിച്ചു കൊണ്ട്
കാലഹരണപ്പെട്ട കോളാമ്പിക്കു
മുന്നിലിരിക്കുമ്പോൾ
മഹിഷം
അവന്റെ യജമാനന്റെ ശബ്ദത്തിൽ
ഡിജിറ്റൽ രാമായണം വായിക്കുന്ന
നായയായി രൂപാന്തരപ്പെടുന്നു
ഭാഗം എട്ടു
മാറണം, മാറ്റിമറിക്കക്കണം എന്ന ശബ്ദംതിരിച്ചു വരുന്നതിന്റെ സൂചനകൾ:
ഭരണമല്ല ഭരണമല്ല ഭരണമല്ല
വേണ്ടത് എന്നും
ഭരണം മാറ്റത്തിന്റെ ഇടത്താവളം
മാത്രമാണെന്നും ആവർത്തിച്ചു പറയുന്നു;
ഭരണകൂടങ്ങൾ കൊഴിയുന്ന കാലം വരെയും
വിഫലമെന്നു സംശയിക്കുന്ന
സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള
സമരം തുടരുക തന്നെ ചെയ്യും
ഭരണകൂടങ്ങൾ കൊഴിയുന്ന കാലം വരുന്നതും
ഭരണത്തലവന്മാരുടെ ചിത്രങ്ങൾ
കാറ്റുപിടിച്ചമരത്തിന്റെ ഇലകൾ പോലെ
കൊഴിയുന്നതും പറന്നു മറയുന്നതും കാണുക!
ഭരണകൂടങ്ങൾ
കാറ്റിൽ കൊഴിഞ്ഞു വീഴുമ്പോൾ
അണ്ഡമണ്ഡലങ്ങളിലും,
മേഘവർണ്ണങ്ങളിലുംഭൗമ ഗർഭങ്ങളിലും
ഉർവ്വരതയുടെ മഹാസംഗീതം പെയ്തിറങ്ങുന്നു.
സ്ഥല കാലങ്ങളെ
പുനർനിർണ്ണയിക്കുന്ന
യാന്ത്രികമോ കൃത്രിമമോ അല്ലാത്ത
ജ്ഞാന ത്തീനാളത്തിനു ചുറ്റുമിരുന്നു
നാം ഉത്പന്നങ്ങളുടെ കവിത വായിക്കുന്നു.
ഉക്രൈൻ ഏതുകാലമാണ് എന്ന് ചോദിക്കുമ്പോൾ
മനുഷ്യരാശി
സമതയുടെ കാലം വരുമോ
എന്ന സംശയം വീണ്ടെടുക്കുന്നു.
