എഡിറ്റർ : എസ്. സുധീഷ്
കോവിഡ് കവിതകൾ
അവൻ വരുന്നു
എസ്.സുധിഷ്
കൈകളിൽ
രോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്ന
ആന്റിജൻ കരണ്ടികൾ;
വ്യാജ രോഗ നിർമ്മിതിയുടെ
കമാൻഡോകൾ
വൈറസുകളുടെ യക്ഷിക്കഥകൾ;
രോഗഭയ വ്യാപനങ്ങളുടെ
തുടൽ പൊട്ടിയ പേപ്പട്ടികൾ
മിണ്ടരുത്; മിണ്ടിപ്പോവരുത്
പകർച്ചവ്യാധി നിയമങ്ങളുടെ
പല്ലുകൾ വാ പിളർന്നു വരുന്നു
ശ്മാശാന ഭയാനകതയിൽ നിന്ന്
മോഷ്ടിച്ചെടുത്തമരണ ങ്ങളിൽ, നീ
കോറോണയുടെ വ്യാജമുദ്രകൾ പതിക്കുന്നു;
ആഗോള ശവപ്പെട്ടിക്കച്ചവടക്കാരൻ
ഭൂമിയിൽ പകർച്ചവ്യാധിയുടെ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു
നിന്നോട്,
നിന്നോട്,
നിന്നോട്,
ജനങ്ങളുടെ അലംഭാവം കൊണ്ട് എന്ത് സംഭവിച്ചുവെന്നാണ്
നീ പറയുന്നത്?
ലോകാരോഗ്യ സംഘടന തള്ളിപ്പറഞ്ഞ
ആന്റിജൻ ജ്യോതിഷ ച്ചുരികകൊണ്ട്
ദിനം പ്രതി ആയിരങ്ങളുടെ
തല കൊയ്തെടുക്കാൻ
നിനക്ക് ആര് അധികാരം തന്നു?
ഏതു ശാസ്ത്രം? ഏതു ശാസ്ത്രജ്ഞൻ?
ട്രംപിന്റെ ഭക്ഷ്യഔഷധ വിഴുപ്പു ഭാണ്ഡം കൊണ്ട്
ജനങ്ങളുടെ തല തല്ലിപ്പിളർക്കാൻ
നിനക്ക് ആര് അധികാരം തന്നു?
നീയാര്?ജനങ്ങളുടെ ഏട്ടു മാഷോ?
കണ്ണുരുട്ടൽ
ജനങ്ങളോട് വേണ്ട
സഹോദരാ,മനുഷ്യന്റെ ജീവൻ കൊണ്ട് കളിക്കരുത്
അധികാര ഗർവ്വത്തിൽ അടി തെറ്റി, മൂക്ക് കുത്തിയ നീ
ആത്മപ്രശംസയുടെ വാരിക്കുഴികൾക്കു താഴെ
നിന്റെ വീഴ്ചകളുടെ ആഴക്കിണറുകൾ കാണുന്നില്ല
മേയോക്ലിനിക്കിൽ നിന്ന്
അവൻ വരുന്നു
പാർട്ടി സമ്മേളനത്തിൽ ഒരു അധമൻ —
സഖാവെ ,എന്തായിരുന്നു അസുഖം?
മേയോ -ദുബായി സഞ്ചാര സൗഖ്യങ്ങൾക്കു
എന്ത് തുക ചെലവായി?
ആരോഗ്യസൂചികയിൽ അഗ്രിമാനായ
അവിടുന്ന്
സാമ്രാജ്യത്വ പരിചരണത്തിന്
ഉടൽകീഴ്പ്പെടുത്തിയതെന്തിന് ?
മിണ്ടരുത്, മിണ്ടിപ്പോവരുത്
ഇരിയടാ അവിടെ –
ദൈവം ഗർജ്ജിക്കുന്നു;
മിണ്ടരുത്, മിണ്ടിപ്പോവരുത്
ഇത് കേന്ദ്രീകൃതജനാധിപത്യമാണ്!
ഉച്ചഭക്ഷണത്തിനുമുമ്പ് നിന്റെ
വിഭാഗീയതയുടെ കഴുത്തൊടിഞ്ഞു
വീഴുന്നതായിരിക്കും
2
ശ്മാശാന ഭയാനകതയിൽ നിന്ന്
മോഷ്ടിച്ചെടുത്ത അവയവങ്ങൾ
ഇരുട്ടിൽ തുഴഞ്ഞുപോവുന്നു;
മരണസാക്ഷ്യ പത്രങ്ങളിൽ നീ
കോറോണയുടെ വ്യാജമുദ്രകൾ പതിക്കുന്നു;
കോവിഡ് കണക്കുകളുടെ
ദിവ്യ ഗർഭം ധരിച്ച
കബന്ധങ്ങളുമായി
അസ്തപ്രജ്ഞനായ മാലാഖ
കൊക്കും ചിറകുമുരുമ്മിക്കളിക്കുന്നു
ഭയം ജീവന്റെ പച്ചയായ
ഉടലുകളെരിയുന്ന ശ്‌മശാനമാണ്.
ആത്മഹത്യയുടെ പിടയ്ക്കുന്ന
കണ്ണുകളിൽ നിലവിളിക്കുന്നത് കോറോണയല്ല ;
കുറ്റമില്ലാത്ത രക്തമാണ്
മുറുകിയമുഖങ്ങളും മുഖം മൂടികളും കൊണ്ട്
വരിഞ്ഞുമുറുക്കിയ പ്രാണന്റെ
അവസാന നിശ്ശബ്ദതയിൽ തുടിക്കുന്നത്
കൊറോണയല്ല, നീ കടിച്ചു കുടയുന്ന
സ്വയം മരണങ്ങളുടെ
പ്രഹേളികകളാണ്;
ഭയം ഫാസിസത്തിന്റെ ആയുധമാണ്;
രോഗവ്യാപനം
ആഗോള ഫാസിസിസത്തിന്റെ യുക്തിയും
ചൂഷണത്തിന്റെ പ്രച്ഛന്നവുമാണ്;
രോഗം
പ്രതിഷേധത്തിന്റെ നാവുപിഴുതെടുക്കുകയും
മുദ്രാവാക്യങ്ങളുടെ കൈത്തലങ്ങൾ
കടിച്ചു തിന്നുകയും ചെയ്തിരിക്കുന്നു.
കൂട്ടം കൂടലിന്റെ പാപത്തിനു മീതെ ആണവ
സ്ഫോടനമുണ്ടാവുമെന്നു പ്രവചനമുണ്ടായിരിക്കുന്നു
3
പള്ളിക്കൂടത്തിന്റെ മേൽക്കൂര
കാറ്റിലിരമ്പുന്നതും
ഒരു മേഘത്തിന്റെ
വിഛിന്ന പ്രകാശമായ്
മഴക്കുടകളായ്
കൈത്തണ്ടുകളിൽ
ഉലയുന്നതും അവൾ കണ്ടു;
അവിചാരിതമായി പൊട്ടിപ്പടർന്ന
ഒരു രോഗത്തിന്റെ ഇരുട്ടിൽ
പുസ്തകത്താളുകൾക്കിടയിൽനിന്നു
മയിൽപ്പീലികളും പച്ചമരങ്ങളും
അപഹരിക്കപ്പെടുമ്പോൾ
നെഞ്ചു കീറി, ചോര വാർന്നു
വീടണഞ്ഞു കതകിൽ മുട്ടി
അവൾ വിളിച്ചു
അമ്മേ! കതക്‌തുറക്കു:
നീ മുഖം മൂടി ധരിച്ചിട്ടുണ്ടോ?
ഇല്ല
അമ്മേ കതകു തുറക്ക്!
അമ്മ മിണ്ടുന്നില്ല
കതകുകൾ അടഞ്ഞു കിടക്കുന്നു
എന്നതാണ് ശരി.
4
മഹിഷാരൂഢനായ ഒരാകാരം
കൈകളിൽ മുറുകെപ്പിടിച്ച
മരണക്കയറുമായി
ഉറപ്പാണ് ഭരണം
ഉറപ്പാണ് മരണം
എന്നാക്രോശിക്കുന്നു
തൈക്കാട് ശ്‌മശാനത്തിലെ
വെർച്യുവൽ ക്യൂവിൽ
അർദ്ധജാഗരത്തിൽ നിന്ന്
ഞെട്ടിയുണർന്ന
ശവശരീരങ്ങൾ
പോത്തിൻകുളമ്പടികളുടെ
ചവിട്ടേറ്റ്
മുഖം മൂടികൾ വലിച്ചു കീറി
ഞങ്ങൾക്കുമരണമില്ല എന്ന
വിളിച്ചു പറയുന്നു
ഭയരോഗ വ്യാപാരത്തിന്റെ
കാലപുരിയല്ല
എന്റെ നാട്
ഞങ്ങൾ ഭയപ്പെടാൻ ഒരുക്കമല്ല
ഭയത്തിന്റെ ഗ്യാസ്‌ചേമ്പറുകളും
വായും മൂക്കും
വരിഞ്ഞുമുറുക്കിയ
തടവറകളും കൊണ്ട്
നിങ്ങൾക്കു ഞങ്ങളെ
തകർക്കാനാവില്ല
ആയതിനാൽ ഈ മൃത്യു നാടകം
സൂത്രധാരനായ നിന്റെ
അഹങ്കാരങ്ങളുടെ ശ്‌മശാനമാണ്
ജനലക്ഷങ്ങളെ സംസ്കരിക്കാൻ
വീട്ടുമുറ്റങ്ങളിൽ
വൈദ്യുത ശ്‌മശാനങ്ങളും
ശവപ്പെട്ടികളും കൊണ്ട്
ശവദാഹ സ്വയം പര്യാപ്തത
കാലന്റെ
കണക്കു പുസ്തകത്തിലെ
അങ്ക ഗണിതങ്ങളെ
അസ്ഥിരീകരിച്ചു കൊണ്ട്
ജന നിബിഡമായ
ഏകാന്തതയിൽ
രോഗം
സ്ഥിരീകരിച്ചവരുടെ
അചഞ്ചലമായ
വിശ്വാസം :
നരഭോജികളുട
നിത്യ നായകാ
ജീവിതനിന്റെ ലാഭക്കൊതയുടെ
രക്തപങ്കിലമായ
ദുരാഗ്രഹങ്ങളെ
അതിജീവിക്കുന്ന
ബലിഷ്ഠ
മേഘ സാന്ത്വനങ്ങളാണ്;
ത്രസിക്കുന്ന നാഡീവ്യൂഹങ്ങളിൽ
കത്തുന്ന
നിലാവിന്റെ
പ്രണയ ലിഖിതങ്ങളാണ്
മാലിന്യ സമ്പുഷ്ടമായ
ടെസ്റ്റ് കിറ്റുകളുടെ
സൈന്യത്തെ ഇറക്കിവിട്ടു
എന്നെ ഭേദ്യം ചെയ്യാൻ
ഒരു രാസായുധ വൈറസ്സിനെയും
ഒളിവിൽകൊണ്ടു നടക്കുന്ന
സദ്ദാമിന്റെ വാരിയെല്ല്
എന്റെ കൈവശമില്ല
മുഖം മൂടി കച്ചവടക്കാരാ,
ജീവനത്തിന്റെയും
ഉപജീവനത്തിന്റെയും
അതിജീവനത്തിന്റെയും
ജീനുകളിൽ
മൃത്യു ഭീതിവ്യാപാരത്തിന്റെ
മുറിവുകൾ അടയാളം
ചെയ്യുമ്പോൾ
ലാഭക്കൊതിയുടെ
മസ്തിഷ്ക
രക്തസ്രവത്തിൽ നിന്ന്
നരജീവിത ദുരിതത്തിനു
കുടില തന്ത്രങ്ങൾ തുന്നുമ്പോൾ
വാക്കും നാക്കും മൂക്കും
നിരോധിക്കപ്പെടുമെന്നും
കൈനീട്ടിയാൽ തൊടുന്ന അകലം
ചരിത്രത്തിൽ നിന്നും
അപ്രത്യക്ഷമാവുമെന്നും,ലോക്ക് ഡൗണുകൾ ഇനിയും
ആവർത്തിക്കപ്പെടുമെന്നും
ജനങ്ങളെ ഒന്നൊന്നായും
കൂട്ടം കൂട്ടമായും
ശ്വാസം മുട്ടിച്ചു കൊല്ലുമെന്നും
നിന്റെ കൈപ്പിടിയിലെ
മരണക്കയർ
ഉയർത്തിക്കാട്ടി
ഇത്
ഉറപ്പായും
നിന്റെ ഭരണമാണെന്നു
പോത്തിന്റെ കുളമ്പടികളും
തിരുടൻ കൊമ്പുകളും
അമറിപ്പറയുമ്പോൾ—
മഹിഷാരൂഢനായ ഈ മുഖംമൂടി
ആരാണെന്നു
പേരക്കിടാങ്ങൾ
വെളിച്ചത്തോട് ചോദിക്കുമ്പോൾ
മുഖരഹിതമായ ഈ ഉരു
ഭയാനകമായ അസ്തമയമാണ്
എന്ന് ഉത്തരം ലഭിക്കുന്നു
അവൻ പള്ളിക്കൂടങ്ങളുടെ
കുഞ്ഞിക്കാലുകളും
ഭൂമിയുടെ ഹൃദയവും
മുദ്രവയ്ക്കുന്നു
വിജിഗീഷുവായ മൃത്യൂകാരകന്റെ
അത്താഴമേശയിൽ
ശ്വാസ കോശധമനികളുടെ
നിശ്ചല സ്വപ്നാടനങ്ങൾ
ശിശുക്കൾ
ഭയ കൗടില്യ ലോഭങ്ങളുടെ
ടെസ്റ്റ് കിറ്റുകളും
പട്ടിണിക്കിറ്റുകളും
വലിച്ചെറിഞ്ഞുകൊണ്ടു
രുചികളുടെയും ഗന്ധങ്ങളുടെയും
സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന
മുഷ്ടികൾ ചുരുട്ടി
രാജാവ് വന്ധ്യനും നഗ്നനും
അതിനാൽ
ഏകാധിപതിയുമാണെന്നു
വിളിച്ചു പറയുന്നു.
