എഡിറ്റർ : എസ്. സുധീഷ്
അഡോണിസിന്റെ കവിതകൾ
ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ
കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന
.ചിത്ര രഥമായിതീർന്നെങ്കിൽ
എന്ന് സ്വയം മോഹിച്ചു പോവുന്നു;
മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്
ഞാൻ ആദ്യമായി ഭ്രാന്തിനെ ഓർമ്മിക്കുന്നു
അപ്പോൾ ഞാൻ,
എന്റെ ശരീരത്തോട് സംസാരിക്കുകയായിരുന്നു;
എന്റെ ശരീരം
ചുവന്ന നിറത്തിൽ ഞാൻ എഴുതിപ്പിടിപ്പിച്ച
ഒരു ആശയമായിരുന്നു
ചുവപ്പു, സൂര്യന്റെ ഹൃദയ ഹാരിയായ
സിംഹാസനമാകുന്നു
എല്ലാ നിറങ്ങളും ചുവപ്പു പരവതാനികളിൽ
സ്തോത്രങ്ങളുരുവിടുന്നു
രാത്രി മറ്റൊരു മെഴുതിരിപ്പടർപ്പാണ്
ഓരോ ശിഖയിലും, ബാഹ്യാകാശങ്ങളിലേക്കു
സന്ദേശത്തിന്റെ നീട്ടിപ്പിടിച്ച ഒരു കരം
അത് കാറ്റിന്റെ ഉടലിടങ്ങളിൽ പ്രതിധ്വനിക്കുന്നു;
എന്നെ കണ്ടു മുട്ടുമ്പോൾ
മൂടൽ മഞ്ഞിന്റെ ഉടു പുടവയ്ക്കായി
സൂര്യൻ ശാഠ്യം പിടിക്കുന്നു;
പ്രകാശം എന്റെമേൽ ശകാരം
വർഷിച്ചു കൊണ്ടിരിക്കുകയാണോ?
ഹാ! എന്റെ പൊയ്‌പ്പോയ കാലങ്ങൾ-
അവ നിദ്രകളിൽ, കാൽനടയ്ക്കു
പോവുകയും
ഞാൻ അവയിൽ
ചാഞ്ഞു കിടക്കുകയും പതിവായിരുന്നു;
പ്രണയവും സ്വപ്നവും
ഒന്ന് മറ്റൊന്നിന്റെ അപരാർത്ഥമാകുന്നു
പലതവണ വായു
പുൽ നാമ്പുകളുടെ രണ്ടു പാദങ്ങളുമായി
പറന്നു നടക്കുന്നത് ഞാൻ കണ്ടു;
തെരുവ്, വായുവിൽ പണിത
പാദങ്ങളുമായി നൃത്തം ചെയ്യുന്നത് കണ്ടു;
എന്റെ ദിവസങ്ങളിൽ നിറം വീഴ്ത്തിയ
പുഷ്പങ്ങളാണ് എന്റെ ആഗ്രഹങ്ങൾ;
വളരെ വളരെ മുൻപേ
എനിക്ക് മുറിവേറ്റിരുന്നു;
മുറിവുകളിൽ നിന്നാണ്‌ഞാൻ
ഉരുവം കൊണ്ടത് എന്ന്
.വളരെമുമ്പേ ഞാൻ അറിഞ്ഞിരുന്നു;
എനിക്കുള്ളിൽ പിച്ച വച്ചു നടക്കുന്ന
കുഞ്ഞിനെ ഞാൻ ഇപ്പോഴും പിന്തുടരുന്നു;
ഒരിക്കൽ കൂടി രാത്രിയുടെ മുഖം വായിക്കുന്നതിനു
സ്വാസ്ഥ്യത്തിന്റെ ചെറിയ ഒരിടം അന്വേഷിച്ചു കൊണ്ട്.
ഇപ്പോൾ പ്രകാശ നിർമ്മിതമായ ഒരു
കോവണിപ്പടിയിൽ അവൻ നിൽക്കുന്നു;
ചന്ദ്രൻ ഒരു ഭവനമായിരുന്നെങ്കിൽ
എന്റെ കാലുകൾ അതിന്റെ വാതിൽപ്പടിയിൽ
സ്പർശിക്കാതെ പിന്തിരിയുമായിരുന്നു;
അതിനെ എടുത്തു കൊണ്ടു പോവുന്ന
പൊടിപടലങ്ങളിൽപ്പെട്ടു
ഞാൻ ഋതുക്കളുടെ
വായു പ്രമാണങ്ങളിൽ എത്തിച്ചേരുന്നു
വായുവിൽ ഒരു കരം നീട്ടിക്കൊണ്ടു,
മറു കരത്തിൽ എന്റെ തലമുടിപ്പടർപ്പിനെ
തലോടുന്നതായി സങ്കല്പിച്ചു കൊണ്ടു ഞാൻ നടക്കുന്നു;
അപൂർവ ദൂരസ്ഥമായ ആകാശ ക്ഷേത്രപ്പരപ്പിൽ
ഒരു നക്ഷത്രം മൺവിളക്കുതരിയോളം
ചെറുതായിക്കാണപ്പെടുന്നു;
ചക്രവാളത്തിൽ ചെന്നു തൊടുന്ന,
ആ തരി നാളത്തിനു മാത്രമെ
ഒരു പുതിയ വഴിത്താര നിർമ്മിക്കാനാവൂ;
ചന്ദ്രൻ,
രാത്രി യുടെ വസതിയിൽ
പ്രകാശത്തിന്റെ ഊന്നു വടിയിൽ
തെളിയുന്ന
ഒരു വൃദ്ധനാണ്;
ഞാൻ ജന്മമെടുത്ത വസതിയുടെ
പാറപ്പിളർപ്പുകൾക്കിടയിൽ
സ്വയം ഉപേക്ഷിച്ചു പോയ
എന്റെ ശരീരത്തോട്
ഞാൻ എന്ത് പറയുവാനാണ്?
ആകാശത്തു മിന്നുകയും മായുകയും
രാത്രി വഴികളിൽ
പാദമുദ്രകൾ അവശേഷിപ്പിക്കുകയും ചെയ്യുന്ന
നക്ഷത്രങ്ങൾക്കു മാത്രമേ
എന്റെ ശൈശവകഥ പറയാൻ കഴിയുകയുള്ളൂ
എന്റെ ശൈശവം ഇനിയും
പ്രകാശത്തിന്റെ ഒരു കൈത്തലത്തിൽ
പിറവി കൊള്ളുകയാണ്;
എനിക്ക് നാമകരണം ചെയ്യുന്ന
ആ പ്രകാശ ഹസ്തത്തിന്റെ
നാമം എനിക്കജ്ഞാതമാണ്;
നദിയിൽ നിന്ന് അവൻ
ഒരു നിലക്കണ്ണാടിയുണ്ടാക്കി;
അവന്റെ സങ്കടത്തെപ്പറ്റി അതിനോട് ചോദിച്ചു;
അവന്റെ സങ്കടങ്ങളിൽ
നിന്ന് അവൻ മഴ പെയ്യിക്കുകയും
കാർമേഘങ്ങളായി സ്വയം പരിഭാഷപ്പെടുകയും ചെയ്തു
നിങ്ങളുട ശൈശവം ഒരു ഗ്രാമമാണ്;
എത്ര അകലങ്ങളിലേക്ക് പോയാലും
അതിന്റെ അതിരുകൾ മുറിയുന്നില്ല;
അവന്റെ ദിനരാത്രങ്ങൾ തടാകങ്ങളാണ്
ഓർമ്മകൾ അതിലൊഴുകുന്ന ഗാത്രങ്ങളാണ്
ഭൂത കാലത്തിന്റെ പർവത നിരകളിൽ നിന്ന്
താഴേക്കു ഇറങ്ങിവരുന്നനിങ്ങൾക്കു
വീണ്ടും മുകളിലേക്ക്
എങ്ങനെ കയറിച്ചെല്ലാനാവും?
എന്ത് കൊണ്ട്?
എന്റെ വശ്യത വറ്റിയ ഇന്ദജാലം കൊണ്ടോ
നിദ്രാണമായ മന്ത്രോച്ചാരണങ്ങൾ കൊണ്ടോ
എനിക്ക് തുറക്കാനാവാത്ത
ഒരുവാതിൽ ആണ് കാലം;
സൂക്ഷ്മവും രഹസ്യാത്മകവുമായ
ഗർഭാശയം പോലെയുള്ള
ഒരു ഗ്രാമത്തിൽ ഞാൻ ജനിച്ചു;
ഒരിക്കലും ഞാൻ
അതിനെ വിട്ടെറിഞ്ഞു പോയില്ല
തീരങ്ങളെ അല്ല
സമുദ്രത്തെയാണ് ഞാൻ സ്നേഹിക്കുന്നത്
രണ്ടു:
മുറിപ്പാടു
കാറ്റിനു താഴെ ഉറങ്ങുന്ന ഇലകൾ
മുറിപ്പാടിന്റെ നൗകയാണ്;
ഒന്നിന് മീതെ ഒന്നായി വീണുടയുന്ന യുഗങ്ങൾ
മുറിപ്പാടിന്റെ ധൂർത്ത യശസ്സാണ്!
കൺപീലികൾ വെട്ടിത്തുറക്കുന്ന മരങ്ങൾ
മുറിപ്പാടിന്റെ തടാകമാണ്!
പാലങ്ങളിൽ മുറിവിന്റെ പാടുകൾ കണ്ടെത്താം
ശവ മാടങ്ങൾക്ക് ദൈർഘ്യം വർദ്ധിക്കുകയും
സഹനം അനന്തമാവുകയും
ചെയ്യുന്നിടങ്ങളിൽ
മൃത്യുവിന്റേയും പ്രണയത്തിന്റെയും
തീരങ്ങൾക്കു മദ്ധ്യേ
മുറിവ് ഒരു അടയാളമാകുന്നു;
മുറിവ്
തടസ്സത്തിന്റെ കുരിശടയാളം കൂടി ആകുന്നു
2
മണി മുഴക്കങ്ങളുടെ ശബ്ദബഹുലതയിൽ
കണ്ഠനാളമടഞ്ഞ ഭാഷയ്ക്കു .
ഞാൻ മുറിവിന്റെ ഉച്ചാരണം വാഗ്ദാനം ചെയ്യുന്നു;
നീരു വറ്റിച്ചുരുണ്ടു
പൊടി പടലങ്ങളായി
ഇടിഞ്ഞിറങ്ങുന്ന ലോകത്തിനു,
കാണാമറയത്തു നിന്ന് പാഞ്ഞു വരുന്ന കല്ലിനു,
ഞരങ്ങിവലിയുന്ന ഹിമചക്ര വണ്ടിയിൽ
കടത്തു ചെയ്യപ്പെടുന്ന കാലത്തിനു
ഞാൻ മുറിവിൽ നിന്ന്
ഒരു തീ നാളം കത്തിച്ചു വയ്ക്കുന്നു.
3
എന്റെ ഉടു വസ്ത്രങ്ങൾക്കുള്ളിൽ ചരിത്രം
എരിഞ്ഞു കത്തുമ്പോൾ
എന്റെ പുസ്തകങ്ങൾക്കുള്ളിൽ
നീല നഖങ്ങൾ വളർന്നു കയറുമ്പോൾ
ഞാൻ ദിനരാത്രങ്ങളോട് വിളിച്ചു ചോദിക്കുന്നു:
എന്റെ കന്യാഭൂസ്ഥലികളിലേക്കും,
എന്റെ പുസ്തകത്തിനുള്ളിലേക്കും
എന്റെ കന്യാ ഭൂസ്ഥലികളിലേക്കും
എന്റെ പുസ്തകത്തിനുള്ളിലേക്കും
നിന്നെ പൊന്തിച്ചെറിയുന്ന നീ ആരാണ്?
പൊടിപടലങ്ങൾകൊണ്ട് നിർമ്മിതമായ
എന്റെ ഒരുജോഡി കണ്ണുകളിലേക്കു
ഞാൻ തുറിച്ചു നോക്കുന്നു
മുറിപ്പാടായി ജന്മം കൊണ്ട
നിങ്ങളുടെ ചരിത്രം
വളരുന്നതിനൊടൊപ്പം
വളരുന്ന മുറിപ്പാടാണ് ഞാൻ
എന്ന് ആരോ പറയുന്നുണ്ട്
വിരഹിയായ
മാടപ്പിറാവേ , നിന്റെ മുറിവിനു
ഞാൻ മേഘമെന്നു പേരിട്ടു!
ഞാൻ നിനക്ക് പുസ്തകമെന്നും,
എഴുത്തു തൂവാലയെന്നും പേരിട്ടു
ഇവിടെ,
ഭാരിച്ച ഗ്രന്ഥങ്ങളുടെദ്വീപിൽ
പ്രാചീനമായ ദ്വീപ സമൂഹങ്ങളുടെ കടലിൽ
ഞാൻ സംസാരിച്ചു തുടങ്ങുകയാണ് !
ഓ !വിരഹിയായ മാടപ്പിറാവിന്റെ മുറിപ്പാടെ
ഇവിടെ ഞാൻ കാറ്റിനെ യും
ഒറ്റത്തലപ്പൻ വൃക്ഷങ്ങളെയും
വാഗർത്ഥങ്ങൾ പഠിപ്പിക്കുകയാണ്!
4
ഈ കരയിൽ, എനിക്ക്,
സ്വപ്നങ്ങളുടെയും നിലക്കണ്ണാടികളുടെയും
ഒരു തുറമുഖമുണ്ടായിരുന്നെങ്കിൽ,
എനിക്ക് ഒരു സമുദ്രയാനമുണ്ടായിരുന്നെങ്കിൽ,
വിലാപങ്ങളും കുഞ്ഞുങ്ങളും തീരത്തടിയുന്ന
ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നെങ്കിൽ
മുറിപ്പാടിനു വേണ്ടി മാത്രമായി
ഞാൻ എല്ലാം രേഖപ്പെടുത്തിവയ്ക്കുമായിരുന്നു
വൃക്ഷങ്ങളെയും കല്ലിനെയും,
ആകാശം പോലെ സ്വച്ഛന്ദമായ ജലത്തെയും
തുളച്ചു കയറുന്ന,
കടിഞ്ഞാണുകൾ പൊട്ടിയ
അധിനിവേശത്തിന്റെ കുന്തമുന പോലെ ഒരു ഗാനം.
5
മഴ , ഞങ്ങളുടെ മരുഭൂമിയിൽ വന്നിറങ്ങുന്നു
ഓ! സ്വപ്നങ്ങളും കാത്തിരിപ്പുകളും കൊണ്ട്
മിഴിവാർന്ന ലോകമേ
മുറിവിന്റെ ചാട്ടവാർ പോലെ
എന്റെ കൺപുരികങ്ങളിൽ വന്നു പതിക്കുന്ന
ലോകമേ
അടുത്തേക്ക് വരരുത് !
മുറിവ് എന്റെ ആസന്ന സ്ഥലിയാണ്
എന്നെ പരീക്ഷിക്കരുത്
മുറിപ്പാടു കൂടുതൽ ചിത്തഹാരിയാണ്;
മുറിവ്,
മോക്ഷലോഭനത്തിലേക്കു സഞ്ചരിക്കുന്ന
ഒരു യാനത്തേയും അവശേഷിപ്പിക്കാതെ
ഓർമ്മയ്ക്ക് പിന്നിൽ
ഒരു ദ്വീപിനെയും അടർത്തിമാറ്റാതെ
ഒടുവിലത്തെ ദേശരാജ്യങ്ങൾക്കുമേൽ
നിന്റെ കണ്ണുകൾ പൊലിപ്പിച്ച
ഇന്ദ്രജാലത്തെയും മറികടന്നു
പോയിരിക്കുന്നു!
മൂന്നു
പുതിയ നോഹ
ഞങ്ങൾ പേടകത്തിൽ യാത്ര ചെയ്യുന്നു
ദൈവത്തിന്റെ വാക്കുറപ്പുകളാണ് ഞങ്ങളുടെ തുഴകൾ
ഞങ്ങൾ ജീവിക്കുന്നു;
ഞങ്ങളൊഴികെ,
സമസ്ത മനുഷ്യവംശവും മരണപ്പെടുന്നു
നമ്മുടെ ജീവനുകൾ
ആകാശത്തു ഉരുണ്ടു മറിയുന്ന
മരിച്ചവരുടെ ശരീരങ്ങളെ കെട്ടിവരിയുന്ന
കപ്പൽക്കയറുകളിൽ ബന്ധിച്ചുകൊണ്ടും,
എന്നാൽ
ഞങ്ങൾക്കും ആകാശത്തിനും
മദ്ധ്യേതുറക്കുന്ന
രഹസ്യ പ്രാർത്ഥനാ
ജാലകത്തിൽ
അവശേഷിപ്പിച്ചു കൊണ്ടും ചോദിക്കുന്നു:
ദൈവമേ
നീ എന്തിനു
മറ്റുള്ള മനുഷ്യാവലിയിൽ നിന്നും ജീവജാല
സർവ്വനാശത്തിൽ നിന്നും
ഞങ്ങളെ മാത്രം രക്ഷിച്ചു?
എവിടെയാണ് നീ ഇപ്പോൾ
ഞങ്ങളെ,
ഞങ്ങളുടെ ആദ്യഭവനമായ
നിന്റെ രാജ്യത്തു
വിതയ്ക്കാൻ കൊണ്ടു പോവുന്നത് ?
മരണത്തിന്റെ ഇലകളിലേക്കു,
ജീവന്റെ കാറ്റിനുള്ളിലേക്കു?
ഞങ്ങളുടെ രക്തധമനികളിൽ
സൂര്യന്റെ ഭയം ഒഴുകുന്നു
ഞങ്ങൾക്ക് പ്രകാശം ഭയ പീഡിതമായ
നൈരാശ്യമാണ്
വരാനിരിക്കുന്ന നാളെകൾ
ഞങ്ങൾക്കു വ്യഥിത നൈരാശ്യങ്ങളാണ്;
ഞങ്ങൾ ഭൂമിയിലെ സൃഷ്ടിയുടെ വിത്തുമുളകളും
അവയുടെ പരമ്പരകളും അല്ലായിരുന്നെങ്കിൽ
ഞങ്ങൾ സരളമായ
കളിമൺ കനലുകൾ മാത്രമായിരുന്നെങ്കിൽ
അതുമല്ലെങ്കിൽ അവയ്ക്കിടയിൽ
മറ്റേതെങ്കിലുമായിരുന്നെങ്കിൽ,
ഇങ്ങനെ ഇരു വട്ടം
ലോകത്തെയും അതിന്റെ നാഥനെയും
അതിന്റെ നരകത്തെയും
കാണേണ്ടി വരില്ലായിരുന്നു!
2
കാലത്തിനു,
ഒരു പുതിയ തുടക്കം സംഭവിച്ചുവെങ്കിൽ
ജീവിതത്തിന്റെ മുഖം
പ്രളയത്തിൽ മുങ്ങിത്താഴ്ന്നുവെങ്കിൽ
ഭൂമി കൂമ്പി ചുരുണ്ടു പോയെങ്കിൽ
ദൈവം
എന്റെ അരികിലേക്ക് പാഞ്ഞു വന്നു
നോഹ, ജീവപ്രപഞ്ചത്തെ രക്ഷിക്കൂ എന്ന് എന്നോട്
അപേക്ഷിച്ചിരുന്നുവെങ്കിൽ
അവന്റെ ആവലാതികൾ
എന്റെ ജീവിതത്തെ ബാധിക്കാതെ വണ്ണം
പകലിനെയും
മരിച്ചവരുടെ കണ്ണുകളിൽ നിന്ന് ഉരുളൻ കല്ലുകളെയും
നീക്കം ചെയ്തുകൊണ്ട്, ഞാൻ,
എന്റെ കമാനത്തിനുമേൽ യാത്ര തുടരും;
ഞാൻ അവരുടെ അസ്തിത്വത്തിന്റെ ആഴങ്ങളെ
പ്രളയത്തിലേക്കു തുറന്നു വിട്ടു കൊണ്ട്,
നാം വിജന ശൂന്യതയിൽ നിന്ന്
മടങ്ങിയെത്തിയിരിക്കുന്നുവെന്നും
നാം ഗുഹകളിൽ നിന്ന്
ഉയിരെടുത്തു വന്നിരിക്കുന്നുവെന്നും
കാലങ്ങളുടെ ആകാശത്തെ
നാം മാറ്റി മറിച്ചിരിക്കുന്നുവെന്നും
ഭയബോധങ്ങൾക്കു വഴങ്ങാതെ
നമ്മുടെ യാനങ്ങൾ
സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും
ദൈവത്തിന്റെ വാക്കുകൾക്കു നാം
ചെവി കൊടുക്കുന്നില്ല എന്നും
അവരുടെ രക്ത ധമനികളോടു മന്ത്രിച്ചു കൊണ്ടിരിക്കും!
നമ്മുടെ മുഖാമുഖം മരണത്തോടാണ്
നമ്മുടെ തീരങ്ങൾ സുപരിചിതവും
സന്തുഷ്ടികരമായ നൈരാശ്യവുമാണ്!
ഇരുമ്പു പോലെ തണുത്തുറഞ്ഞ
ഹിമ ജലത്തിനുമീതെ
അതിന്റെ അന്ത്യം വരെയും,
പിന്തിരിയാതെ,
ആ ദൈവത്തിനും
അവന്റെ വാക്കുകൾക്കും ചെവികൊടുക്കാതെ
വ്യത്യസ്തനായ ഒരു നാഥനെ ആഗ്രഹിച്ചു കൊണ്ട്
ഞങ്ങൾ തുഴഞ്ഞു പൊയ്ക്കൊണ്ടിരിക്കും
അഡോണിസ് കവിതകൾ
1
ജാലം
മഞ്ഞ നിറമാർന്ന താഴികക്കുടത്തിനു താഴെ
ശിഥില വേദ
ഗ്രന്ഥങ്ങൾക്കിടയിൽ
കുത്തിമലർത്തപ്പെട്ട ഒരു നഗരം
പറന്നു പോവുന്നത് ഞാൻ കാണുന്നു.
സിൽക്ക് പാളികൾ കൊണ്ട്
നിർമ്മിച്ച ചുമരുകളും.
കൊലചെയ്യപ്പെട്ട ഒരു നക്ഷത്രവും
ഒരുപച്ച നിറമാർന്ന യാനത്തിൽ നീന്തുന്നത്
ഞാൻ കാണുന്നു.
കണ്ണീരുകൊണ്ടു നിർമിച്ച
ഒരു പ്രതിമാശില്പം
കളിമണ്ണു കൊണ്ടു തീർത്ത
കൈകാലുകളുമായി
ഒരു രാജാവിന്റെ പാദങ്ങളിൽ
നമസ്കരിക്കുന്നു .
2
പതനം
ഈ മിണ്ടാപ്രാണിലോകങ്ങളിൽ
പ്ളേഗിനും
തീപ്പടർപ്പുകൾക്കുമിടയിൽ
എന്റെ ഭാഷയുമൊത്തു
ഞാൻ ജീവിക്കുന്നു .
.ജീവിതത്തിന്റെ
ആദിമ ജീവാനന്ദത്തിലും
അതിന്റെ അപകർഷത്തിലും,
ശപിക്കപ്പെട്ട വൃക്ഷത്തിന്റെയും .
വിലക്കപ്പെട്ട കനിയുടെയും
നാഥനായി,
ഒരു ആപ്പിൾ തോട്ടത്തിലും
ആകാശത്തിലും
ഹവ്വയുമൊത്തു
ഞാൻ ജീവിക്കുന്നു
മേഘങ്ങൾക്കും
തീപ്പൊരികൾക്കുമിടയിൽ
വളരുന്ന ഒരു ജീവശിലയിൽ
പതനവും
രഹസ്യങ്ങളുമറിയുന്ന,
ഒരു ഗ്രന്ഥത്തിൽ
ഞാൻ ജീവിക്കുന്നു.
3
ന്യൂ യോർക്ക്
നാലു കാലുകളിൽ
നരവംശഹത്യക്കഭിമുഖമായി
കുതിക്കുന്ന നഗരമെന്ന്
അതിനെ വിളിക്കുക
ന്യൂയോർക്,
ഒരു മഹതിയാകുന്നു.
ചരിത്ര പാഠ വിധി പ്രകാരം
ഒരു കൈയിൽ സ്വാതന്ത്ര്യമെന്ന
കീറക്കൊടി ഉയർത്തിപ്പിടിച്ചു കൊണ്ടും
മറുകൈപ്പിടിയിൽ
ഭൂമിയുടെ കഴുത്തു ഞെരിച്ചു കൊണ്ടും
ന്യൂയോർക് ഒരു മഹതിയായി
പ്രതിബിംബിക്കുന്നു
4
ഉപരോധത്തിന്റെ പുസ്തകം
ഒരു പുസ്തകത്തിലെഒരു താള്
അതിന്റെ ഉള്ളിൽ നിന്ന്
ബോംബുകൾ
അവയുടെ പ്രതിച്ഛായകൾ നിർമ്മിക്കുന്നു;
പ്രവചനങ്ങളും പൊടിമൂടിയ പഴഞ്ചൊല്ലുകളും
അവയുടെ പ്രതിച്ഛായകൾ നിർമ്മിക്കുന്നു;
നിലയങ്കികൾ അവയുടെ പ്രതിഛായകൾ നിർമ്മിക്കുന്നു.
അക്ഷരമാല കൊണ്ട് മെനഞ്ഞ ഒരു പരവതാനി
ഓർമ്മയുടെ സൂചിമുനമ്പുകളിൽ നിന്ന് വഴുതി
അതിന്റെഇഴകൾ ഒന്നൊന്നായി അഴിച്ചു
നഗരമുഖത്തിൽ അടർന്നു വീഴുന്നു.
നഗരത്തിന്റെ വായു പടലങ്ങളിൽനിന്ന്
ഒരു കൊലയാളി
നഗരത്തിന്റെ മുറിവിനുള്ളിലേക്കു നീന്തിയിറങ്ങുന്നു
മുറിവ് ഒരു ഗർത്തമാണ്, ഒരുപതനമാണ്
നമുക്ക് ചുറ്റുമുള്ള എല്ലാറ്റിന്റെയും–
മുറിവ് ഒരു പതനമാണ്
നഗരത്തിന്റെ പേരിനെ വിറകൊള്ളിക്കുകയും
നഗരനാമത്തെ മസ്തിഷ്ക രക്ത സ്രാവത്തിൽ
ഒഴുക്കിക്കളയുകയും ചെയ്യുന്ന മുറിവ്!
വീടുകകൾ അവയുടെചുമരുകകളെ
പിൻ വെടിഞ്ഞു പോയിരിക്കുന്നു
ഞാൻ ഇനി മേലിൽ
ഞാനല്ലാതായിമാറിയിരിക്കുന്നു
ബധിരനും മൂകനുമായി ജീവിച്ചു
കൊള്ളാമെന്ന വ്യവസ്ഥ
നിങ്ങൾക്ക് സ്വീകാര്യമാവുന്ന ഒരു കാലം
വന്നെത്തി എന്നിരിക്കും;
അമർത്തിവച്ച അവ്യക്ത ശബ്ദങ്ങൾ
ഉച്ചരിക്കാൻ അനുമതിലഭിക്കുന്ന കാലം
വന്നെന്നിരിക്കും;
മരണം
ജീവിതം
ഉയിർത്തെഴുന്നേൽപ്പ്
സമാധാനം
നിങ്ങളെ അനുഗ്രഹിക്കട്ടെ!
ഈന്തപ്പനയുടെ വീഞ്ഞിൽനിന്നു
മരുഭൂമിയുടെ ശാന്തത്തിലേക്കു
വിശക്കുന്ന സ്വന്തം കുടലുകളെ
കള്ളക്കടത്തു ചെയ്യുകയും
കലാപ കാരികളുടെ മൃതശരീരങ്ങളിൽ
ഉറങ്ങുകയും ചെയ്യുന്ന
ഒരു സൂര്യോദയത്തിൽ നിന്ന്
തെരുവുകളിൽ നിന്ന്
സൈനിക കവാഹനങ്ങളിൽ നിന്ന്
സേനാനികളിൽ നിന്ന് ,
കാലാൾപ്പടകളിൽ നിന്ന്
ആൺ -പെൺ നിഴലുകളിൽ നിന്ന്,
ഏക ദൈവ വിശ്വാസികളുടെയും
കാഫിറുകളുടെയും
പ്രാർത്ഥനകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന
ബോംബുകളിൽ നിന്ന്
ഇരുമ്പിനെ ദ്രവമായൊഴുക്കുകയും
മാംസത്തിൽനിന്നു
രക്തമൊഴുക്കുകയും ചെയ്യുന്ന
ഇരുമ്പിൽ നിന്ന്
തൊഴിലിന്റെ കരങ്ങളെയും ,പുൽപ്പരപ്പുകളെയും
ഗോതമ്പു മണികളെയും സ്വപ്നം കാണുന്ന
പാടങ്ങളിൽ നിന്ന്
നമ്മുടെ ശരീരങ്ങൾക്ക് ചുമരിടുകയും
ഇരുട്ടിന്റെ കൂമ്പാരമുയർത്തുകയും ചെയ്യുന്ന
ദുർഗ്ഗങ്ങളിൽ നിന്ന്
നമ്മുടെ ജീവിതത്തിനു വഴി തെളിക്കുകയും
ജീവിതത്തെ ഉച്ചരിക്കുകയും ചെയ്യുന്ന,
മരണപ്പെട്ടവരുടെ ധീര ചരിതങ്ങളിൽ നിന്ന്
അറവും കശാപ്പും കഴുത്തറുപ്പന്മാരുമായ
വർത്തമാനങ്ങളിൽ നിന്ന്
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് , ഇരുട്ടിലേക്ക്
ഞാൻ ശ്വസിക്കുന്നു
ഞാൻ എന്റെ ഉടലിനെ സ്പർശിക്കുന്നു!
എന്നെത്തന്നെയും തെരയുന്നുന്നു
നിന്നെയും അവനെയും മറ്റുള്ളവരെയും
തെരഞ്ഞു കൊണ്ടിരിക്കുന്നു!
എന്റെ മുഖത്തിനും
ഭാഷയുടെ രക്തസ്രാവത്തിനുമിടയിൽ
ഞാൻ എന്റെ മരണത്തെ
തൂക്കി നിർത്തിയിരിക്കുന്നു
നീ കാണും,
അവന്റെ പേര് പറയും
അവന്റെ മുഖം ചേർത്ത് പിടിച്ചെന്ന് പറയും
നിന്റെ കരം അവന്റെ നേർക്ക് നീട്ടിയെന്ന്
അല്ലെങ്കിൽ മന്ദ ഹസിച്ചെന്ന്
അല്ലെങ്കിൽ ഞാനൊരിക്കൽ
സന്തുഷ്ടനായിരുന്നുവെന്നു
അല്ലെങ്കിൽ ഞാനൊരിക്കൽ
ദുഃഖിതനായിരുന്നുവെന്നു
നീ കാണും
അവിടെ ഒരു രാജ്യം
ഇല്ലാതായിരിക്കുന്നു.
നരഹത്യ, നഗരത്തിന്റെ ആകാരം
മാറ്റി മറിച്ചിരിക്കുന്നു
ഈ ശില ഒരു കുഞ്ഞിന്റെ ശിരസ്സാണ്;
ഈ പുക, മനുഷ്യന്റെ കരിഞ്ഞ
ശ്വസന ഗ്രന്ഥികളിൽ നിന്ന്
പുറന്തള്ളപ്പെടുന്ന ഗന്ധമാണ്;
ഓരോ വസ്തുവും രാജ്യം നഷ്ടപ്പെട്ടവരുടെ രക്തം വിരിഞ്ഞു മറിയുന്ന ഒരു
സങ്കടങ്ങൾ മന്ത്രിക്കുന്നു.
രക്തം വിരിഞ്ഞു മറിയുന്ന ഒരു
ഒരു കടൽ
ഇരുട്ടിലേക്ക്, കശാപ്പിന്റെ ക്ഷുബ്ധ
ജല മൂർച്ഛകളിലേക്കു;
യാത്രയ്ക്ക് തയ്യാറായിനിൽക്കുന്ന
രക്ത ധമനികളെയല്ലാതെ മറ്റെന്തിനെയാണ്
ഈ പ്രഭാതത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത്?
അവളോടൊപ്പമിരിക്കുക
അവളെ സമാശ്വസിപ്പിക്കേണ്ടതില്ല;
മരണത്തെ ആശ്ലേഷത്തിലമർത്തിക്കൊണ്ട്
അവളിരിക്കുന്നു;
കീറിപ്പറിഞ്ഞ കടലാസ്സു തുണ്ടുകൾ പോലുള്ള
അവളുടെ ദിവസങ്ങളെ മറികടക്കുന്നു.
അവളുടെ ശരീര ഭൂപടത്തിലെ
അവസാന ചിത്രങ്ങളെയും കാത്തു രക്ഷിച്ചു കൊണ്ട്,
തീപ്പടർപ്പുകളുടെ മഹാസമുദ്രത്തിൽ
മണൽത്തിട്ടകളിൽ
അവൾ ഉയരുകയും തിരിയുകയും ചെയ്യുന്നു
അവളുടെ ശരീരങ്ങളിൽ
വാ വിട്ട മനുഷ്യ വിലാപങ്ങളുടെ
കണ്ഠങ്ങൾ
വിത്തിനു പിന്നാലെവിത്തുകൾ
നമ്മുടെ ഭൂമിയിലേക്ക് വിതറുകയാണ്;
ചരിത്ര ഗാഥകൾ കൊണ്ട്
നാം പാടങ്ങളെ തീറ്റുകയാണ്;
ഈ രക്തസ്രോതസ്സുകളുടെ രഹസ്യങ്ങളെ
കാത്തു സൂക്ഷിക്കുകയാണ്;
ഒരു സുഗന്ധത്തെപ്പറ്റി
ഞാൻ ഋതുക്കളോടു സംസാരിക്കുന്നു
ആകാശത്തു മിന്നിയ ഒരു മേഘ ജ്വാലയെപ്പറ്റിയും
ഗോപുര ചത്വരം: ( ഒരു സ്മാരക ലിഖിതം; ബോംബുവീണു തകർന്ന
പാലങ്ങളോട്
അതിന്റെ രഹസ്യങ്ങൾ മന്ത്രിക്കുന്നു)
ഗോപുര ചത്വരം (ഒരു ഓർമ്മ ;തീ നാളങ്ങൾക്കും
പുകപടലങ്ങൾക്കുമിടയിൽ
അതിന്റെ ആകാരം അന്വേഷിക്കുന്നു)
ഗോപുരചത്വരം (ഒരു തുറന്ന മരുഭൂമി കാറ്റുകളാൽ
തെരഞ്ഞെടുക്കപ്പെട്ടതും ഛർദ്ദിക്കപ്പെട്ടതും)
ഗോപുര ചത്വരം (അത് ഐന്ദ്ര ജാലികമായ കാഴ്ച;
മൃത ദേഹങ്ങൾ/ കൈകാലുകൾ ചലിക്കുന്നു
ഒരു ഇടനാഴിയിൽ, അവയുടെ പ്രേതങ്ങൾ
മറ്റൊന്നിൽ/അവയുടെ നിശ്വാസങ്ങൾ കേൾക്കുന്നു)
ഗോപുര ചത്വരം (പടിഞ്ഞാറും കിഴക്കും
തൂക്കു മരങ്ങൾ തയ്യാർ ചെയ്തിരിക്കുന്നു
രക്ത സാക്ഷികൾ, ആജ്‌ഞാപനങ്ങൾ)
ഗോപുര ചത്വരം (ഒരു സാർത്ഥവാഹക കൂട്ടം:
മൈലാഞ്ചി, അറബിക്ക ലേപനം , കസ്തൂരി
ഉത്സവത്തിനു ഉയിരുണർത്തുന്ന സുഗന്ധ വ്യഞ്ജനങ്ങൾ)
ഗോപുര ചത്വരം (സ്ഥലനാമത്തിന്റെ പേരിൽ
സമയ നരകങ്ങളിൽ ജീവിതം തുടരാം )
ശവ ശരീരങ്ങളോ വിനാശമോ?
ബെയ്‌റൂട്ടിന്റെ മുഖം ഇതാണോ?
ഇപ്പോൾകേട്ടതു –
മണിമുഴക്കമോ മോങ്ങലോ?
ഒരു ചങ്ങാതി?
താങ്കൾ? സ്വാഗതം
താങ്കളുടെ യാത്ര കഴിഞ്ഞോ?
താങ്കൾ മടങ്ങി വന്നുവോ?എന്തുണ്ട് പുതിയവാർത്ത?
ഒരു അയൽക്കാരൻ കൊല്ലപ്പെട്ടുവെന്നോ?
…………………………………………………………
ഒരു ഊഹക്കളി
വിപണിയിൽ
നിങ്ങളുടെ കരുക്കൾ ഓട്ടത്തിലാണ്
ഓ !ഒരു ആകസ്മിക കൂട്ടിമുട്ടൽ/
………………………………………………………….
അന്ധകാരത്തിന്റെ അടരുകൾ;
വാക്കുകൾ കൂടുതൽ കൂടുതൽ വാക്കുകളിലേക്ക് വലിച്ചിഴക്കുന്നു .
5
ദിവസങ്ങൾ
1
ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ട
നിർജ്ജന്യത
ആണെന്നു പറയുക,
ഈലോകം കളിമണ്ണും
മനുഷ്യർ മാനവരാശിയുടെ
കൗശലവു മാണെന്നു പറയുക
2
അഭിശപ്തം
വൃത്തിശൂന്യവും അനന്തവുമായ
ചലനം:
നാലുകാലുകളിൽ ഇഴയുന്ന ശിശു;
3
എത്ര വിചിത്രം ,
ഈ ആവിപറക്കുന്ന ഉടുപ്പ് ;
എത്രവിചിത്രം
കുന്തമുനകളുടെ മേൽക്കൂരയിൽ
നിവർത്തപ്പെട്ട ആകാശം
4
പൊടിപടലങ്ങൾ
ഉടലിൽ ചാഞ്ഞു വീഴുന്നു;
ചരിത്രം:
രക്തത്തിന്റെ തടാകത്തിലെ
കുമിളകൾ
5
ഇല്ലാതായത് ഞാനല്ല
ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹമാണ്
6
എല്ലായിടവും
പൂർണ്ണമായിചുറ്റിത്തിരിയാൻ
ഞാൻ ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്നു
7
ആനന്ദം ഒരു വൃദ്ധനായി ജനിച്ചു വീഴുന്നു
ഒരു ശിശുവായി മരണപ്പെടുന്നു
8
ആട്ടിൻകുട്ടിയെയും ചെന്നായെയും
ഒരേ ദിവസത്തിന്റെ
ഉത്സവാഘോഷത്തിനായ് കൊല്ലുന്ന
കാടുകളെ! നിങ്ങൾക്കു ഹാ! കഷ്ടം
9
ലോകം ഒരു മൺപാത്രമാണ്
വാക്കുകൾ
അതിന്റെ പൊടിഞ്ഞുപോയ
അടിത്തട്ടാണ്
10
നിദ്രാരാഹിത്യത്തിന്റെ
ഒരു മണിക്കൂർ
ഭൂമിയെ ഭരിക്കുന്നു.
രക്തം ഞരമ്പുകളിലുറയുന്നു.
വേദന കാലത്തിന്റെ ഗന്ധമാണ്
11
ഇവിടെ ഇതാ വിഷാദം
മറ്റുള്ളവരിൽ നിന്നൊഴിഞ്ഞു
അതിന്റെ
പ്രകൃതങ്ങൾ
ക്കനുരൂപമായ മുഖമൊന്നു
കാണാനാവാതെ
ഏകാന്തമായിരിരിക്കുന്നു
12
മരണമേ
എന്റെ നാവിനെക്കാളും
നീ എനിക്ക് വിശ്വസ്തമാവുന്നു
എന്റെഉടലിനേക്കാളും
നീ എനിക്ക് ദയാശാലിയാവുന്നു
പറയൂ,
ഞാൻ ആരുടേതാണ്?
എങ്ങനെ ഞാൻ
ഭിന്ന മാർഗ്ഗങ്ങളുടെ ആകാരമായ്
എന്നെ മാറ്റിത്തീർക്കും?
ഇത് ബീജരക്തമില്ലാത്ത ഒരു ചിത്തസ്രവമാണ്
അംഗവൈരൂപ്യം സംഭവിച്ച ഒരു പ്രകൃതിയാണ്
13
ഒരു വെട്ടുക്കിളിയുടെ മുഖത്തോടെ
ഉയർന്നെത്തുന്ന ഉദയത്തിനും
ഒരു ചീവിടിന്റെകണ്ണുകളോടെ
താണു പതിക്കുന്ന അസ്തമയത്തിനും മദ്ധ്യേ
അവരുടെ സങ്കടം കടലാസ്സിൽ
ഓടിപ്പരക്കുകയാണ്
എന്റെതു നീർച്ചോലകൾക്കൊപ്പം
പ്രവഹിക്കുകയാണ്
14
ഈ പൊടിപടലങ്ങളുടെ ഇടയൻ ആരാണ്?
പുൽനാമ്പുകൾ കണ്ണിമകളിൽ കലർത്തുന്നരാണ്?
ഞാൻ സന്ദേഹിച്ചു
ഞാൻ സംശയിച്ചു
അതെന്തെന്നാൽ
ആശയസന്ദിഗ്ധതയുടെ പരമപദമാണ് ഞാൻ
എന്ന് എനിക്ക് മുന്നറിവ് ലഭിച്ചിരുന്നു
15
ഒരു പുഞ്ചിരിയോടെ
ഞാൻ ചാരത്തോടു ചോദിക്കുന്നു
താങ്കൾക്കു താഴെ പുകയുന്ന തീ ഉണ്ടെന്നു
താങ്കൾ ശരിക്കും കരുതുന്നുണ്ടോ?
വൃദ്ധ സുഹൃത്തേ,
എന്ത് ജ്ഞാനമാണ് ഇനിയും താങ്കൾക്ക്
വഴികാട്ടുന്നതു?
16
ധന്യ മണിയിലേക്കുള്ള
ദീർഘമായ മടക്കയാത്രയെ നിഷേധിക്കാൻ
ഉമിച്ചാഴിനു എന്താണാവകാശം?
17
വേനൽ അതിന്റെ പാന പാത്രങ്ങളെ ഉടച്ചു;
ശിശിരത്തിന്റെ ഘടികാരം നിശ്ചലമായി;
ഹേമന്തത്തിന്റെ വണ്ടിയിൽ നിന്ന്
വസന്തത്തിന്റെ തീപ്പൊരികൾ ഉയരുന്നു
18
ഒരുകുമിളിനെപ്പോലെ വളരുകയും
പായലിനെപ്പോലെ
അടർന്നു വീഴുകയും ചെയ്യുന്ന മനുഷ്യൻ
എന്നെ അമ്പരപ്പിക്കുന്നില്ല.
അറവുകാരനിൽ നിന്ന്
പാഠങ്ങൾ അഭ്യസിക്കുന്ന ഇര
എന്നെ അമ്പരപ്പിക്കുന്നില്ല
19
ഞാൻ സൂര്യനെയോ ചന്ദ്രനെയോ
വിശ്വാസത്തിലെടുക്കുന്നില്ല .
നക്ഷത്രങ്ങൾ തലയണകളോ സ്വപ്നങ്ങളോ അല്ല
മരങ്ങൾ
ഭയവിവശമാവുമ്പോൾ
കല്ല് പുകയുമ്പോൾ
തളർച്ച അതിന്റെ ചിറകുകൾ
ഭൂമിക്കുമേൽ ഉരുമ്മുമ്പോൾ
ഞാൻ ചാരത്തെ
വിശ്വാസത്തിലെടുക്കുന്നു
20
മരിച്ചവർ ജീവിക്കുന്നവരെ
പരിപാലിക്കുന്നു വെന്നും
ലോകം മരണത്തിന്റെ ഉദ്യാനമാണെന്നും
പറയുന്നു
