
എഡിറ്റർ : എസ്. സുധീഷ്
ദൈവവും തത്വചിന്താ സാഹിത്യവും

പണ്ടൊരിക്കൽ ഇറ്റാലിയൻ ചലച്ചിത്ര സംവിധയകനായ മൈക്കേൽ അന്റോണിയോനിയോട്, ഇറ്റാലിയൻ ഉൾപ്പടെ വിദേശഭാഷാചിത്രങ്ങളിൽ ഇടംപിടിച്ച ഒരു ഇന്ത്യൻ അഭിനയ കലാകാരനായ കബീർ ബേദിയെ നിങ്ങൾക്ക് എന്തുകൊണ്ട് നിങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ച് കൂടാ എന്ന് ചോദിച്ചപ്പോൾ അന്റോണിയോനി പറഞ്ഞതിങ്ങനെ: എല്ലാം കൊള്ളാം; പക്ഷെ അയാളുടെ താടി കാരണം അയാളുടെ മുഖം കാണാൻ കഴിയുന്നില്ല; ആനന്ദ് എന്ന തത്വചിന്തകനായ എഴുത്തുകാരന്റെ പേജുകൾ മറിക്കുമ്പോൾ വായനക്കാരൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അന്റോണിയോനി സൂചിപ്പിച്ചതു തന്നെയാണ്. ആനന്ദന്റെ ബാലിശവും സ്ഥൂലവുമായ മഹത് തത്വചിന്തയുടെ വയ്പ് താടി കൊണ്ട് അയാളുടെ സാഹിത്യം എന്തെന്നു കാണുവാൻ കഴിയുന്നില്ല.
ഇന്നു രാഷ്ട്രീയ രംഗത്ത് (പി.ആർ.) പബ്ലിക്‌റിലേഷൻസ് സ്ഥാപനങ്ങൾ പ്രത്യക്ഷത്തിൽ, മാധ്യമ ഭീമന്മാരുടെ ഒന്നാം കാലം പിടിച്ചെടുത്തു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന ഹിരണ്യ കശിപുവിന്റെ മുഖചിത്രം കാണപ്പെടുന്ന സ്ഥല രാശികളിലെല്ലാം അടിച്ചുറപ്പിക്കുന്നു. ഹിരണ്യായ നമ: എന്ന മന്ത്രത്തെ വെട്ടി വീഴ്ത്താൻ മറ്റൊരു പി.ആർ. സ്ഥാപനം തൂണ് പിളർന്നു ഒരു നരസിംഹത്തെ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും റഷ്യയിൽ നിന്ന് മുപ്പതു ദിവസം എണ്ണ വാങ്ങിക്കുടിക്കാൻ മോദിക്കനുമതികൊടുത്ത നരസിംഹം തന്നെയാണ് കശിപുവിന് ആത്മ മോന്തായ: പരസ്യപ്രകമ്പനങ്ങൾക്കും വട്ടച്ചെലവിനും വേണ്ടി പണം കടം വാങ്ങാൻ പുതിയ തുറമുഖങ്ങൾ ലഭ്യമാക്കുന്നത്; ആറുലക്ഷം കോടി ആഴമുള്ള കടക്കെണിയുടെ പാതാളത്തിൽ കിടന്നുകൊണ്ട് കശിപു, കൊടിമുടിപ്പാറയിലിടിച്ചുകയറി ഭൂഗർഭ മഹാ തുരങ്കം ഉദ്‌ഘാടിക്കുമ്പോൾ പരിസ്ഥിതിയുടെ തൂണ് പിളർന്നു നരസിംഗം പുറത്തേക്കു ചാടിയാൽ ആ ചാട്ടത്തിന്റെ ഉദ്‌ഘാടനവും ഹിരണ്യ കശിപുവിന്റെ മോന്ത ഒട്ടിച്ച തുടർഭരണ മാധ്യമപ്പരസ്യമായി പ്രകീർത്തിപ്പിക്കപ്പെടും എന്നതാണ് കീഴ്‌വഴക്കം. ഹിരണ്യ മയനാമജപഘോഷവും ബഹുവർണ്ണപ്പരസ്യചിത്രങ്ങളും അന്ന് അസ്ഥിരീകരിക്കപ്പെട്ടാലും ഇന്ന് വേദിയിൽ കാണാതെ പോയ മരുമകൻ കസേരയുടെ പേരിൽ അന്ന് അമ്മായി അപ്പന് നിത്യ ദുഖിതനായിക്കഴിയേണ്ടിവരില്ല.
എന്തായാലും ആനന്ദ് തന്റെ തത്വചിന്താ പ്രൗഢങ്ങളായ കൃതികൾ (ഇതൊന്നും സാധുവായ ആ മനുഷ്യൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. തന്റെ പ്രജ്ഞാശേഷിക്കു തടുത്തു നിർത്താനാവാത്ത നിത്യസാധാരണങ്ങളായ ചിന്തകൾകൊണ്ട് ക്ലേശിക്കുന്ന ചെറുകഥകൾ, കൂറ്റൻ തത്വചിന്താഗ്രന്ഥ വാരിധികൾ ആണെന്ന് പി.ആർ. സ്ഥാപനങ്ങളൊന്നുമില്ലാത്ത കാലത്തു ഫോർഡ് ഫൌണ്ടേഷൻ വക്താവായ എം.ഗോവിന്ദൻ പ്രഖ്യാപിച്ചപ്പോൾ അത് വിശ്വസിക്കുവാൻ ഗ്രന്ഥകാരനും നിർബ്ബന്ധിതനായി.) അറിഞ്ഞു കൊണ്ട് ആ മനുഷ്യൻ ഒരു പാപവും ചെയ്തിട്ടില്ല; ഇതൊക്കെ നിസർഗ പീഡിത സാന്ദ്രമായി സംഭവിക്കുന്ന ഗഹനങ്ങളായ സ്ഖലിതങ്ങൾ മാത്രം. അദ്ദേഹത്തിനും മുൻപ് അസ്തിത്വ ദുഖത്തിന്റെ എണ്ണത്തോണിയിൽ കിടന്നു ഒരു ഇതിഹാസം രചിച്ചു കൊണ്ട് അസ്തിത്വ ദുഃഖമെന്നാൽ ആണിന്ദ്രിയശൗര്യം (phallocracy) എന്ന് സ്ഥാപിച്ച ഋഷിതുല്യനായ എഴുത്തുകാരൻ തന്റെ ഗ്രന്ഥരചനയ്ക്കായി അനുഭവിച്ച ദേഹണ്ഡത്തിന്റെ, പതിന്മടങ്ങു അതിന്റെ പി.ആർ വർക്കിനായി നീക്കി വച്ചു എന്നത്രെ അഭിജ്ഞ മതം. പക്ഷെ നമ്മുടെ ഗ്രന്ഥകാരൻ അത്തരക്കാരൻ അല്ല. അദ്ദേഹം പ്രസ്താവിക്കുന്നത് നോക്കുക;
”ദൈവം വിഹരിക്കുന്നത് ഭാവനയുടെയും കവിതയുടെയും കലയുടെയും മിത്തിന്റെയും മണ്ഡലത്തിലാണ്. അതിനാൽ ഒരേ വ്യക്തി തന്നെ യുക്തിയിൽക്കൂടി ദൈവവിശ്വാസി അല്ലാതിരിക്കുമ്പോഴും കലയിലും മിത്തിലും ഒരു പ്രതീകമെന്ന നിലയിൽ അവൻ ദൈവസങ്കല്പത്തെ ഉപയോഗിക്കുന്നത് കാണാം. ഭാവനയെ മുഴുവൻ മാറ്റി നിർത്തി യുക്തിയിലൂടെ മാത്രം മനുഷ്യന് വ്യവഹരിക്കാനാവില്ലല്ലോ. മറിച്ചും അസാധ്യമാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുരിതങ്ങൾക്ക് കാരണവും ഈ രണ്ട് സിദ്ധികൾക്കിടയിൽ പ്രത്യക്ഷപ്പെടുന്ന വൈരുദ്ധ്യമാണ്. യുക്തി ഭാവനയെ തുടച്ചു നീക്കാൻ ശ്രമിക്കുന്നത്: ഭാവന അതിന്റെ ആലങ്കാരികസ്വഭാവത്തെ വിസ്മരിച്ച്, സൈദ്ധാന്തിക വേഷമണിയുവാനും അധികാരം പ്രയോഗിക്കാനും തുനിയുന്നത്” (page no.25)
ആനന്ദിന്റെ വിചിന്തനങ്ങളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു.
ഇത്രയും ബാലിശമായ ഒരു നിരീക്ഷണം ആനന്ദിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ് ഭാവനയെയും ദൈവത്തെയും യുക്തിയെയും മിത്തിനെയും കുറിച്ചുള്ള പരിഹാസ്യവും ഉപരിപ്ലവവുമായ ചില ”തീരുമാനങ്ങളാണ്” ആനന്ദ് ഇവിടെ രേഖപ്പെടുത്തുന്നത്. യുക്തി, ഭാവന ദൈവം മിത്ത് എന്നിങ്ങനെയുള്ള സങ്കല്പങ്ങളെ അതിലളിതവൽക്കരിച്ചു അവയ്ക്കുമേൽ തോന്നുംപടി അർത്ഥനിർമ്മാണം നടത്തുക എന്നത് പ്രജ്ഞാ മാന്ദ്യത്തിൽ നിന്നുണ്ടാവുന്ന അത്യാഹിതമാണ്.
മഹാഭാരതത്തിൽ നിന്ന് അടർത്തിയെടുത്ത കുരുക്ഷേത്രയുദ്ധ സന്ദർഭത്തെ ഭഗവദ്ഗീതയിൽ പ്രക്ഷിപ്തമാക്കുമ്പോൾ രംഗപ്രവേശം ചെയ്യുന്ന ശ്രീകൃഷ്ണൻ നടത്തുന്ന ഒരു കുറ്റ സമ്മതമുണ്ട്; ‘ഞാനിപ്പറയുന്നതൊന്നും എന്റേതല്ല; എന്റെ പൂർവികർ നിർമ്മിച്ച ജ്ഞാനത്തിന്റെ അകിടിൽനിന്നു പാല് മോന്തുന്ന പശുക്കിടാവ് മാത്രമാണ് ഞാൻ”. വിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ ഉണ്ടാവുന്നതിനു മുൻപ് വിഷ്ണുവിന് മുൻപ് ഭാരതത്തിൽ ഉജ്ജ്വലമായ ജ്ഞാന നിർമ്മിതി നടന്നിരുന്നു എന്നാണ് ഗീത പറയുന്നത്; ജ്ഞാന ദരിദ്രമായ തന്റെ ഹിംസാ ന്യായ പാഠത്തിന്റെ പുരയ്ക്കു അതിനേക്കാൾ പ്രൗഢമായ ഒരു പടിപ്പുര പണിയാൻ പൗരാണിക ജ്ഞാന സമ്പത്തിന്റെ പച്ചപ്പടർപ്പിൽ അവിടെയുമിവിടെയുമൊക്കെ കടിക്കുന്നു എന്നതിൽ കവിഞ്ഞു തന്റേതു എന്ന് പറയാവുന്ന ഒരു ജ്ഞാന മൊഴിയും ഭഗവദ് ഗീതയിലില്ല എന്നാണ് ഭഗവാൻ ഏറ്റു പറയുന്നത്; അഹിംസാ സിദ്ധാന്ത കാലത്തിനുശേഷം ബ്രാഹ്മണ മതം ഹിന്ദു മത രൂപത്തിൽ പുനഃസ്ഥാപിക്കപ്പെടുമ്പോൾ ഹിംസ ന്യായീകരിക്കുന്നതിനു ഒരു ജ്ഞാനാധിപത്യ മകുടം തുന്നുകയാണ് ശ്രീകൃഷ്ണൻ; ഈ ജ്ഞാനാധിപത്യ പ്രഭാഷണം നിരസിക്കപ്പെടുമ്പോഴാണ് കൃഷ്ണൻ തൻറെ ഫാസിസിസ്റ് വിശ്വരൂപം പ്രദർശിപ്പിക്കുകയും അത് കണ്ടു ബോധക്ഷയം സംഭവിച്ച അർജുനൻ ഞാൻ കൊല്ലാൻ തയ്യാറാണ് എന്ന് സമ്മതിക്കുകയും ചെയ്യുന്നതു; ഇവിടെ ആനന്ദും, പൂർവികമായ അധീശ ജ്ഞാനമണ്ഡലം, ദൈവം-ഭാവന-യുക്തി എന്നിവയ്ക്ക് ചമച്ചുകൊടുത്ത അമ്മിഞ്ഞ മോന്തുന്ന ശിശുവിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മഹാജ്ഞാനം എന്ന നിലയിൽ ആഘോഷിക്കപ്പെടുന്ന ആനന്ദ ചിന്ത ബാലിശമാണ്; ഗീതയിലെ പൈക്കിടാവ് ഒരു ദയനീയ രൂപകമായി മാറുകയാണ്.
ഒരാൾ ആദ്യം ശ്രമിക്കേണ്ടത് അയാളെത്തന്നെ അറിയാനാണ്. തനിക്കു ഒന്നുമറിഞ്ഞുകൂടാ എന്ന തിരിച്ചറിവിൽ നിന്നാണ് അറിവിനു വേണ്ടിയുള്ള പ്രയത്നം ആരംഭിക്കുന്നത്; കേട്ടറിഞ്ഞതൊന്നും അറിവായിരുന്നില്ലെന്നും അതിനു വിപരീതമായി പലതും കേൾക്കാനിരിക്കുന്നതെ ഉള്ളുവെന്നും കേട്ടതിന്റെയൊക്കെയും മൂല്യനിർണയം എന്ന ക്ലേശകരമായ പ്രവർത്തനമാണ് അറിവ് എന്നുമുള്ള സരള ബോധമാണ് എഴുത്തുകാരന് വേണ്ടത്; ഫ്യൂഡൽ-ഫാസിസിസ്റ് അധികാരവ്യവസ്ഥ നിർമിച്ചു കൊടുത്ത ജ്ഞാനത്തിന്റെ മുലപ്പാൽ കുടിക്കുന്ന ശിശുവാണു ആനന്ദ്. അസ്തിത്വ ദുഃഖ വ്യാജ ദാർശനികാഭ്യാസത്തിൻറെ വിശ്വരൂപം വാപിളർക്കുന്നതു കണ്ടു ബോധക്ഷയം സംഭവിച്ച ആരാധകർക്ക് ഈ പൈക്കിടാവിനെ തോളത്തേന്തി നടക്കുന്നതിനു ഒരു സങ്കോചവുമുണ്ടാകേണ്ടതില്ല;
ദൈവം ഭാവനയുടെയും കലയുടെയും കവിതയുടെയും മിത്തിന്റെയും മണ്ഡലത്തിൽ വിഹരിക്കുന്ന ഒരു പ്രതിഭാസമാണ്…. ദൈവത്തിന്റെ വക്താവ് എന്ന നിലയിൽ ഒരു പുരോഹിതസ്ഥാനത്തു നിന്നുകൊണ്ടാണ് ആനന്ദ് ദൈവത്തെ ഇങ്ങനെ മഹത്വവൽക്കരിക്കുന്നതു. ആയതിനാൽ യുക്തികൊണ്ടുകാലം കഴിക്കുന്ന നാസ്തികനും ദൈവത്തെ ഒരു പ്രതീകമായി ഉൾക്കൊള്ളാൻ ശ്രമിക്കണം; തുടർന്ന് യുക്തിയും ഭാവനയും തമ്മിൽ കലഹിക്കുന്നതാണ് ദുരന്തങ്ങൾക്ക് കാരണം എന്നൊരു സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നു. യുക്തി, ഭാവനയെ തുടച്ചു നീക്കുവാൻ ശ്രമിക്കുന്നതായി അദ്ദേഹം കാണുന്നു. ഭാവനയാകട്ടെ അതിന്റെ ആലങ്കാരിക സ്വഭാവത്തെ വിസ്മരിച്ചു സൈദ്ധാന്തിക വേഷമണിയാനും അധികാര പ്രയോഗത്തിനും തുനിയുന്നു.
യുക്തി, ഭാവന, ദൈവം, മിത്ത് എന്നിങ്ങനെയുള്ള നാലു തസ്തികകളെയും ഒറ്റശ്വാസത്തിൽ നിർവചിച്ചു കളഞ്ഞു എന്നതാണ് ആനന്ദ് ഇവിടെ നടത്തുന്ന അനാശാസ്യമായ അക്രമം. യുക്തിയും ഭാവനയും അവിടെ നിൽക്കട്ടെ. വളരെയധികം തർക്ക വിതർക്കങ്ങൾക്കു കാരണമായതും പലമത സംഹാര ശക്തികളും അവരുടെ മാത്രം അട്ടിപ്പേറായി കൊണ്ടു നടക്കുന്നതും, സർവലോക യുദ്ധവെറിയന്മാരും യുദ്ധ സംഹാരത്തിനാധാരമായി മുറുകെപ്പിടിക്കുന്നതുമായ അധി ഭൗതികവും അതീതഭൗതികം എന്ന് വിശേഷിപ്പിക്കുന്നതുമായ സങ്കൽപനമാണ് ദൈവം. (ആനന്ദിന്റെ വീക്ഷണത്തിൽ ഭാവനയുടെയും കവിതയുടെയും മിത്തിന്റെയും ലോകത്തിൽ വിഹരിക്കുന്ന പട്ടു പാവാടക്കുട്ടിയാണ് ദൈവം!) അധി ഭൗതികം എന്നു പറഞ്ഞതു ഭൗതിക പദാർത്ഥലോകവുമായി പ്രതികരിക്കുന്ന പഞ്ചേന്ദ്രിയാനുഭവ സംശ്ലേഷണത്തിന്റെ കേന്ദ്രമായ പ്രജ്ഞയിൽ നിന്ന് മനുഷ്യൻ നിർമ്മിച്ചെടുത്ത വ്യവഹാരമാണ് ദൈവം എന്ത് കൊണ്ടാണ്. സ്ഥലം കാലം കുലം വംശം ഗോത്രം വംശം രാഷ്ട്രവ്യവഹാരം എന്നിങ്ങനെയുള്ള ഭൗതിക പരിസരങ്ങൾക്കനുസരിച്ചു ദൈവത്തിന്റെ നിർമിതികളിലും വകഭേദങ്ങളും രുചി ഭേദങ്ങളുമുണ്ട്; എന്നാൽപ്പോലും എല്ലാ ദൈവശാസ്ത്രങ്ങളും ഒരേസ്വരത്തിൽപറയുന്നതു അവരുടെ ദൈവം മനുഷ്യന്റെ വിധി നിർണ്ണയിക്കാൻ പ്രാപ്തിയുള്ള അതീത മാനവനായ (നീഷേയുടെ overman എന്ന ഫാസിസിസ്റ് കല്പന ഓർക്കുക) അധികാര ശക്തിയാണ് എന്ന് തന്നെയാണ്. ഭഗവദ് ഗീതയിൽ പ്രത്യക്ഷപ്പെടുന്ന ദൈവാവതാരം മനുഷ്യനായ അര്ജുനനോട് പറയുന്നത് കൊല്ലുക എന്നതു നിന്റെ കുല ധർമമാണ് അതുകൊണ്ടു നീ കൊല്ല് എന്നാണ്. മുൻപ് സൂചിപ്പിച്ചതു പോലെ, കൊല്ലാൻ വിമനസ്സായ അർജുനനെ ദൈവാവതാരം വിശ്വരൂപം കാണിച്ചു വിരട്ടി ആയുധം കൈയിലെടുപ്പിച്ചുവെന്നാണ് ഭഗവദ്ഗീത പറയുന്നത് (അത് കൊണ്ടാവും അഹിംസാവാദിയായ മഹാത്മജിക്ക് ഗീത അത്രയ്ക്കങ്ങു ബോധിച്ചു പോയത്).
ഇപ്പോൾ പാശ്ചാത്യ തത്വശാസ്ത്രകാരന്മാർ തലങ്ങും വിലങ്ങും പ്രയോഗിക്കുന്ന ഒരു സംജ്ഞയുണ്ട്. വെർച്ച്വൽ റിയാലിറ്റി എന്നതാണ് അത്. ടെലിവിഷൻ സ്ക്രീനിൽ നമ്മൾ കാണുന്നത് ട്രംപിന്റെ ഭൗതിക ശരീരത്തെയല്ല അയാളുടെ പ്രതിച്ഛായ ആണ്; ലോകം പിന്തുടരുന്നത് പ്രതി ബിംബനത്തെയാണ് അതുകൊണ്ടു ലോകത്തെ സംബന്ധിച്ചിടത്തോളം യാഥാർഥ്യം എന്നത് സാങ്കേതിക വിദ്യ എന്ന നിർമ്മാതാവ് സൃഷ്ടിച്ചു തരുന്ന പ്രതിബിംബനമാണ്; വെർച്ച്വൽ റിയാലിറ്റിആണ് അത്. അത് ഭൗതികത്തിന്റെ ഗണിതാവിഷ്കാരമാണ്; അതാണ് സത്യം; യാഥാർഥ്യം എന്നാൽ, ഭൗതികമായ പദാർത്ഥ നിഷ്ഠമായ വസ്തുലോകമല്ല അതിന്മേൽ നിർമിക്കുന്ന ഗണിതയാഥാർഥ്യമാണ്;
പൗരാണിക ആശയ വാദവും ഭൗതിക യാഥാർഥ്യത്തെ ആശയത്തിന് കീഴ്പ്പെടുത്തുന്നു. പൗരാണിക ആശയ വാദവും ആധുനിക ആശയവാദവും ഒന്നുപോലെ ഭൗതിക പദാർത്ഥലോകമല്ല യാഥാർത്ഥ്യം എന്ന് പറയുന്നു; അവ തമ്മിലുള്ള വൈരുധ്യം ഒന്നുമാത്രം. പൗരാണിക ആശയവാദത്തിൽ ആശയം/യാഥാർഥ്യം/സത്യം ഭൗതികത്തിനുമുന്നാലെ സ്ഥിതി ചെയ്യുന്നു; ആശയം ആദിയിൽ ഭൗതികത്തിനു മുൻപുതന്നെ ഉണ്ടായിരിക്കുന്നു അതിന്റെ അനുകരണമാണ്, മായ; അത് അയഥാർത്ഥമായ ഭൗതിക പദാർത്ഥ-വസ്തുലോകം ആണ്. എന്നാൽ ആധുനിക ആശയവാദത്തിൽ ഭൗതിക പദാർത്ഥം ആദിയിൽ ഉണ്ടായിരിക്കുന്നു; അതിൽ നിന്നുൽപ്പന്നമാവുന്ന ആശയാത്മക പ്രതിബിംബനമാണ്, ഗണിത ലീലയാണ് യാഥാർഥ്യം/സത്യം, വെർച്ച്വൽ റിയാലിറ്റി.
പൗരാണിക ആശയവാദത്തിൽ സ്രഷ്ടാവായ ദൈവം ഭൗതികലോകം എന്ന മായ സൃഷ്ടിക്കുന്നത് ആശയത്തിൽ നിന്നാണ്. ഈ ആശയം എന്നത് തൂണിലും തുരുമ്പിലുമെല്ലാമുണ്ട്; പക്ഷെ ദൈവം ഭൗതികത്തിൽ നിന്ന് മായയെ അല്ലാതെ ഭൗതികത്തിനാധാരമായ ആശയത്തിന്റെ യാഥാർഥ്യത്തിന്റെശുദ്ധ സത്യ പ്രതിബിംബനം നടത്തുന്നില്ല.
ഇത് ഇങ്ങനെ വിവരിക്കാം:
1 പൗരാണിക ആശയവാദം
ദൈവം —— പ്രാകൃത-നാഗരിക സാമൂഹ്യമനഃശ്ശാസ്ത്ര രൂപകം,
ദൈവം —— സ്രഷ്ടാവ്, സംഹാരകൻ, ഭയ സ്രോതസ്സ്
ദൈവം —— സർവാധികാര ബല കേന്ദ്രം
ദൈവം —— ആശയം, സത്യം
ദൈവം —— ആദിമം
ഭൗതികം —— ആശയാനന്തര മായ, അസത്യം
ഭൗതികം —— ആശയത്തിൻറെ അയഥാർത്ഥമായ ഉല്പന്നം
2 ആധുനിക ആശയ വാദം
സാങ്കേതികവിദ്യ —— ആധുനിക ഗണിത യാഥാർത്ഥ്യത്തിന്റെ ഉത്പാദകൻ
സ്രഷ്ടാവ്, സംഹാരകൻ, ഭയസ്രോതസ്സു
സാങ്കേതിക വിദ്യ —— ഗണിത യാഥാർഥ്യത്തിന്റെ, വെർച്ച്വൽ റിയാലിറ്റിയുടെ, സത്യത്തിൻറെ, നിർമ്മാതാവ്
സാങ്കേതികവിദ്യ —— ഭൗതികപ്രത്യുൽപ്പന്ന സങ്കേതം
സാങ്കേതികവിദ്യ —— ഭൗതികത്തിന്റെ ആദ്യനന്തരങ്ങളിൽ നിന്ന് ആശയ പ്രതി ബിംബനങ്ങൾ നിർമിക്കുന്നു
സാങ്കേതിക വിദ്യ —— ഭൗതികം ആദിമം എന്നും, ആശയപ്രതിബിംബനങ്ങൾ അതിന്റെ ആഖ്യാനങ്ങൾ ആണ് എന്നും സമ്മതിക്കുന്നു
സാങ്കേതിക വിദ്യ —— ദൃശ്യവും ശ്രാവ്യവുമായ പ്രതിബിംബങ്ങൾ, ഭൗതികത്തിനു അതീത മായി അവയുടെ ഭാഷയും ആശയമണ്ഡലവും നിർമ്മിക്കുന്നു; ഭൗതിക നിരപേക്ഷമായ ഈ ആശയമണ്ഡലമാണു യാഥാർത്ഥ്യം
ഇത് ഭൗതികേതരമായിരിക്കുകയും ഭൗതികത്തെ ഇതിനു വിധേയമാക്കുകയും ചെയ്യുന്നു; ഇതിനെ ഗണിത യാഥാർത്ഥ്യം/വെർച്ച്വൽ റിയാലിറ്റി എന്നു പറയുന്നുലോകം ഈ ഗണിതത്തെയാണ് യാഥാർത്ഥ്യമായിക്കാണുന്നതു അതാണ് സത്യം
(സാംഖ്യം വസ്തുക്കളെ അക്കങ്ങളായി എണ്ണുമ്പോൾ സംഭവിക്കുന്നത് ഡിജിറ്റിലൈസഷൻ തന്നെയാണ്. ഗണിതത്തിന്റെ തുടക്കം അക്കങ്ങളും ജ്യാമിതീയഘടനകളുംബീജ ഗണിത ചിഹ്നങ്ങളുമായിരുന്നു. ഖരവും വാതകവും ദ്രവവുമായ പദാര്ഥത്തിൽ നിന്ന് വസ്തുരൂപങ്ങൾ നിർമിക്കുന്നതിനുള്ള അളവുകളായിരുന്നു ഗണിതങ്ങൾ്;ഭൗതികത്തിൽ നിന്ന് നിർദ്ധാരണം ചെയ്തെടുത്ത ഗണിതത്തിൽ നിന്ന് അളവുകളും അളവുകളുടെ ബൃഹദ് രൂപങ്ങളായ സ്ഥലകാലങ്ങളുമുണ്ടായി; പ്രകൃതിയെ ഇങ്ങനെ വസ്തു രൂപങ്ങളാക്കി അനുഭവിക്കുമ്പോൾ അവയുടെ ഭൗതിക ഗുണങ്ങളും രാസഗുണങ്ങളും മനുഷ്യന് അനുഭവവേദ്യങ്ങളായി. അളവും ഗുണവും എന്നിങ്ങനെയുള്ള രണ്ടു ഘടകങ്ങൾ ചരിത്രത്തിൽ രൂപം കൊണ്ടു; പ്രപഞ്ച നിർ വചനത്തിനാവശ്യമായിവരുന്നസ്ഥലം എന്നത് പിന്നീട് അളവിന്റെയും, കാലം എന്നത് പിന്നീട് ഗുണത്തിന്റെയും മാനങ്ങളായിത്തീരുന്നു; അവപരസ്പര പൂരകങ്ങളായിത്തീരുന്നു; അതിന്റെ രണ്ടിന്റെയും പരസ്പരാപേക്ഷികത എന്നതാണ് ഇന്നിത് വരെ മനുഷ്യൻ രൂപപ്പെടുത്തിയ പ്രപഞ്ച ദർശന പരിപ്രേക്ഷ്യങ്ങൾക്കടിസ്ഥാനം; സ്ഥിതീയം, സ്റ്റാറ്റിക്, സ്ഥലപരം – ഗതീയം ഡയനാമിക് കാലപരം എന്നതാണ് പദാർത്ഥത്തിൽ നിന്ന് വസ്തുരൂപത്തെ വേർതിരിക്കുന്ന സങ്കേതങ്ങൾ)
ഭൗതികത്തിന്റെ അളവിനെയും ഗുണത്തെയും സംബന്ധിച്ച ഗണിതങ്ങൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള പ്രതി പ്രവർത്തനത്തിന്റെ ഉത്പന്നങ്ങളാണ്; ഭൗതികത്തിൽ നിന്ന്മനുഷ്യൻ നിർമ്മിച്ചവസ്തുക്കളിന്മേലുള്ള അധികാരവും അവകാശവും ആരുടേത്. അത് മനുഷ്യന്റേതല്ല മനുഷ്യാതീത ഫാസിസിസ്റ് ബലാധികാര കേന്ദ്രമായ ദൈവത്തിന്റേതു, അല്ലെകിൽ സാങ്കേതികവിദ്യാധികാര കേന്ദ്രമായ കോര്പറേറ്റുകളുടേതു എന്ന നില പിന്നീട് ഉണ്ടായിവന്നു.
ഒരു വസ്തുവിന്റെ ഭൗതിക ഗുണമെന്തു രാസഗുണമെന്തു എന്നതിന്റെ തിരിച്ചറിവ് കാലക്രമേണ മനുഷ്യ ദേഹത്തിന്റെ ഗുണം എന്ത് എന്നാണ് നിർണയിക്കുന്ന അവസ്ഥയിൽ മനുഷ്യനെ കൊണ്ടെത്തിക്കുന്നു.
ഗണിത നിർമ്മിതികൾക്കു മേലുള്ള അധികാരം വസ്തുവിന്റെ എന്നപോലെ മനുഷ്യന്റ ഗുണത്തെയും നിർണയിക്കുന്ന തായി നാം പിന്നീട് കാണുന്നു; സചേതനം അചേതനം ഗുണാത്മകം നിർഗുണം എന്നിങ്ങനെയുള്ള ഗുണഗണിതങ്ങളിലൂടെയാണ് മനുഷ്യർ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഗുണ ബോധം രൂപപ്പെടുന്നത്.
ആണ് പെണ്ണ് എന്നത് മനുഷ്യന്റെ ഭിന്നഗുണ രൂപങ്ങളാണ് എന്നും അവയെ വേർതിരിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന മുഖ്യ ഘടകം ലൈംഗിക ഗുണം ആണെന്നും, പ്രത്യുല്പാദനത്തിന്റെ ദേഹമായ പെണ്ണിന് ആണിനേക്കാൾ ഗുണം കൂടും എന്നും, എന്ന് മനുഷ്യകുലം സങ്കല്പിച്ചിരുന്നു. ദൈവമോ, (സെമിറ്റിക് മിത്ത്) പ്രകൃതി ശക്തികളോ (മഹാഭാരതം), അല്ല ആണിന്റെ ദേഹഗുണം തന്നെയാണ് പെണ്ണിന്മേൽ ഗർഭത്തിനാധാരമായി ഇടപെടുന്നതു ഇടപെടുന്നതു എന്ന് പിന്നീട് തിരിച്ചറിയുമ്പോൾ തന്നെ അതിമാനാവസങ്കല്പത്തിൽ ചെറിയ ഒരു താളപ്പിഴ സംഭവിക്കുന്നുണ്ട്.. പിന്നീട് ബയോളജിക്കൽ അല്ലാത്ത പ്രത്യുത്പാദനേതരമായ ഉത്പാദനത്തിന് അല്ലെങ്കിൽ ഗണിതാത്മകമായ വസ്തുനിർമിതിക്കു വ്യാപനമുണ്ടായപ്പോൾ പ്രത്യുത്പാദനേതരമായ ഉത്പാദനം ആൺ പെൺ ബന്ധത്തിനുമേൽ ആധിപത്യം സ്ഥാപിച്ചു; ഖരം ദ്രവം വായു എന്നീ പദാർത്ഥങ്ങളിൽ നിന്ന് മനുഷ്യൻ ഉത്പാദിപ്പിച്ച വസ്തു രൂപമാണ് സമ്പത്തു (property); പെണ്ണിന്റെ ഗുണമൂല്യവും ആണിന്റെ ഗുണമൂല്യവും നിർണയിക്കുന്നത് സമ്പത്തു ആണ് എന്ന നില വന്നു.
ആദികാലത്തു പ്രകൃതി ശക്തികളിൽ നിന്നും വന്യതയിൽ നിന്നും മനുഷ്യന് നേരിടേണ്ടിവന്ന അത്യാഹിതങ്ങളും ഭയവുമാണ് തങ്ങളുടെ ഇച്ഛയ്ക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു ബലകേന്ദ്രം ജീവിതത്തിൽ ഇടപെട്ടുകൊടിരിക്കുന്നുവെന്ന ബോധ്യത്തിൽ നിന്ന് ദൈവം എന്ന ഗണിതത്തിനു രൂപം കൊടുത്തത്. ദൈവം ഭാവനയല്ല മനുഷ്യജീവിതത്തിലെ അധികാരബന്ധങ്ങളിൽ നിരന്തരമായി ഇടപെട്ടു കൊണ്ടിരിരിക്കുന്ന ഒരു ഗണിത യാഥാർഥ്യവും (വെർച്ച്വൽ റീയാലിറ്റി) അമൂർത്തമായ അധികാര ശക്തിയുമാണ്; ഭാവനയുടെ കളത്തിൽ അല്ല അധികാര ബന്ധങ്ങളുടെ കളത്തിൽ ആണ് ദൈവം എന്ന ഗണിതയാഥാർഥ്യത്തിന്റെ പ്രയുക്തത-അപ്ലിക്കേഷൻ; മനുഷ്യ ബാഹ്യമായി പലതുമുണ്ടെങ്കിലും മനുഷ്യനുമേൽ പ്രവർത്തിക്കുന്ന ഒരു അധികാരകേന്ദ്രം അല്ലെങ്കിൽ ഇച്ഛ എന്ന ഗണിതത്തെ സാംഖ്യം വൈശേഷികം ന്യായം ഉൾപ്പടെയുള്ള പൗരാണിക തത്വ ചിന്തകൾ പലതും തള്ളിക്കളഞ്ഞു; പക്ഷെ മനുഷ്യകുലത്തിന്റെ യാദൃച്ഛികവും അനിവാര്യവുമായ അനുഭവങ്ങൾ പലതും, മനുഷ്യന് അധീനമല്ലാത്ത,പരാധീനമായ പല പ്രകൃതങ്ങളും ജീവിതത്തിനുണ്ടെന്ന രൂഢമൂലമായ ബോധ്യത്തെ ആവർത്തിച്ചു സ്ഥാപിച്ചു കൊണ്ടിരുന്നു
ഭൗതിക പദാർത്ഥലോകവുമായി പ്രതിപ്രവർത്തിച്ച മനുഷ്യൻ ഭൗതിക പദാർത്ഥങ്ങളുടെ രാസഗുണങ്ങളും ഭൗതിക ഗുണങ്ങളും മനസ്സിലാക്കിയാണ് അതിന്റെ ഉപയുക്തതയെ വൈവിധ്യവൽക്കരിച്ചു പലതരം നിർമിതികൾ ഉണ്ടാക്കിയത്. അത് പോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള പ്രതിപ്രവത്തനത്തിൽ നിന്ന് മനുഷ്യന്റെ ജന്തുശാസ്ത്രപരമായ ഗുണങ്ങൾക്കൊപ്പം തന്നെ അതിന്റെ പിന്തുടർച്ചയായ വൈകാരിക ഗുണങ്ങളും കണ്ടെത്തി; ഭാരത സൗന്ദര്യ ശാസ്ത്രത്തിലെ നവരസങ്ങളെല്ലാം തന്നെ മനുഷ്യന്റെ ഭൗതിക ദേഹത്തെ (ബോഡി) രൂപപ്പെടുത്തുന്ന ഐന്ദ്രിയാനുഭവങ്ങളുടെ തുടർച്ചയായ മനഃശാസ്ത്ര പരമായ അനുഭവ ഘടനകളാണ്. ഈ അനുഭവഘടനകളുടെ പ്രതിപ്രവത്തനത്തിൽ നിന്നാണ് മനുഷ്യന്റെ consciousness-ഉം അതിന്റെ തന്നെ ഉൽപ്പന്നമായ ബുദ്ധിയും രൂപപ്പെടുന്നത്.
മനുഷ്യന്റെ അനുഭവ ഘടനകളിൽ അടിസ്ഥാനപരമായുള്ളതു ഭയവും കരുണയുമാണ് എന്ന് അരിസ്റ്റോട്ടിൽ പറയുമ്പോൾ മനുഷ്യൻ എന്ന വൈകാരിക-നൈതിക (ethical body) ദേഹത്തെ രൂപപ്പെടുത്തുന്നത് ഭയവും കരുണയുമാണ് എന്ന് വരുന്നു. ഭയവും കരുണവും നിങ്ങളെ ബാധിക്കുന്നു എന്ന് പറയുമ്പോൾ ഒരു അധികാര ശക്തി, ദൈവമോ ഭരണകൂടമോ, നിങ്ങൾക്ക് മുകളിൽ ഉണ്ട് എന്നർത്ഥം; അവയിൽ നിന്നുലഭിക്കുന്ന കരുണയാണ്, അവയോടുള്ള ഭയമാണ്, ഭയത്തിന്റെയും കരുണയുടെയും സംശ്ലേഷണമായ അധികാരസ്ഥാപനമാണ് നിങ്ങളെ നില നിർത്തുന്നത്; ഭയത്തിന്റെയും കരുണത്തിന്റെയും സംശ്ലേഷണമാണ്, ദൈവവും, ഭരണ കൂടവും അതിന്റെ താഴെത്തട്ടിൽ വരുന്ന മുതലാളിയും ഉടമയും ജന്മിയും; അധികാരഘടന ഭരണകൂടത്തിന്റെ പ്രോപഗണ്ട, മാധ്യമം ഉൾപ്പടെ നാലു തൂണുകളായും അവയ്ക്കുമീതെ എന്ന് സാമാന്യമായി വിശ്വസിക്കപ്പെടുന്ന ദൈവമായും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു, പരസ്പര പൂരകങ്ങളും വിപരീതങ്ങളും എന്ന് പറയാവുന്ന ഗുണാധാരങ്ങളായ ഭയ-കരുണങ്ങളുടെ സംശ്ലേഷണമായ ദൈവം എന്ന കല്പിത ഗണിതം, മനുഷ്യ ജീവിതത്തിൽ സാമാന്യമായി ഇടപെടുന്നു. ഭയത്തിനും കരുണത്തിനും ദൈവ നിരപേക്ഷമായ ഭൗതികവ്യവഹാര തലം ഉണ്ട് എങ്കിലും സാർവലൗകിക തലത്തിൽ ഈ രണ്ടു ഗുണങ്ങളും ദൈവത്തെ കേന്ദ്രീകരിച്ചു പടർന്നു പന്തലിച്ചിരിക്കുന്നു; അതായതു ദൈവത്തിൽ ഭയവും കരുണയും രാഷ്ട്രീയ പ്രയോഗങ്ങളായിത്തീരുന്നു. അധികാരത്തെ എക്കാലവും സ്വാധീനിക്കുന്ന വിശ്വാസ രാഷ്ടീയത്തിന്റെ അടിസ്ഥാനമായ ഗണിതാനുഭവങ്ങളും ഗുണങ്ങളുമാണ് ഭയവും കരുണവും; സൂക്ഷ്മതലത്തിൽ ഇവരണ്ടും എല്ലാ മനുഷ്യ ജീവികളിലുമുണ്ട്; ഇവയുടെ ബീജത്തിൽനിന്നുൽപന്നമാവുന്ന സാർ വ ലൗകികമാമായ ബൃഹദാഖ്യായികയാണ് ദൈവം; ഒന്നുക്കൂടിവ്യക്തമായിപ്പറഞ്ഞാൽ മനുഷ്യകുലത്തെ എന്നും കാൽക്കീഴിലമർത്തുന്ന ഫാസിസിസ്റ് ബലാധിഷ്ഠിതമായ അധികാര കേന്ദ്രം എന്ന് പറയാവുന്ന ദൈവം നിർമിക്കപ്പെട്ടിരി ക്കുന്നത് ഭയം കരുണം എന്നീ രണ്ടു അനുഭവ ഘടനകളിലാണ്. ഇവയെ രണ്ടിനെയും മറ്റു വികാര രസങ്ങളിൽ നിന്ന് വേർപെ ടുത്തി അനുഭവ ഘടനകൾ എന്ന് വിശേഷിപ്പിക്കുന്നത് മനുഷ്യന്റെ പ്രായോഗിക ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും നിരന്തരമായി ഇടപെടുന്ന ദൈവം എന്ന കല്പിത യാഥാർഥ്യത്തിന്റെ അടിത്തറ ഇവരണ്ടുമാണ് എന്നതിനാലാണ്; ദൈവം എന്നത് ഭാവനയുടെ ലോകത്തു വിഹരിക്കുന്ന അലങ്കാര വസ്തുവാണ് എന്ന് പറയുന്ന ആനന്ദ് ഭാവന കൊണ്ട് ഉദ്ദേശിക്കുന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത മോഹചിന്തയുടെ ലോകം എന്നാവാം; ഇതൊക്കെ ഒരു പ്രീ പ്രൈമറി പാഠപുസ്തകത്തിൽ എഴുതിവയ്ക്കാവുന്ന വിശേഷങ്ങൾ മാത്രമാണ് എന്നതിരിച്ചറിവ് നൽകാൻ വാർധക്യത്തിന് കഴിയാതെ പോവുന്നത് ദൈവംഎന്ന ഗണിത യാഥാർഥ്യത്തിന്റെയും, അതിനെ ഉപജീവിക്കുന്ന അധികാരവ്യവസ്ഥയുടെയും സേവകൻ എന്ന നിലയിൽ നിന്ന് ആനന്ദിന് മോചനമില്ലാത്തതു കൊണ്ടാണ്.
ദൈവം എന്ന ഗണിതയാഥാർഥ്യത്തിന്റെ, വെർച്ച്വൽ റീയാലിറ്റിയുടെ അടിത്തറ, രക്ഷയെക്കുറിച്ചുള്ള ഭയവും ആശങ്കയുമാണ്; മനുഷ്യാതീത ബലകേന്ദ്രമായ ദൈവത്തിനു മനുഷ്യനെ തകർക്കാൻ കഴിയും എന്ന് ജനങ്ങൾ സാമാന്യമായി ധരിച്ചിരിക്കുന്നു. കാലാകാലങ്ങളിൽ അതാതു അധികാരസ്ഥാപനങ്ങളുടെ ധർമ്മ രക്ഷയ്ക്കായി അവൻ വരുമെന്നും അവൻ തന്ന ഭിക്ഷയാണ് മനുഷ്യജീവിതം എന്നുംസാമാന്യമായി ഭക്തന്മാർ കരുതുന്നു; ഭൂമിയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന അധികാര സ്ഥാപനങ്ങൾക്കെല്ലാം അവന്റെ സമ്മതി ഉണ്ട് എന്നതിനാൽ ജനങ്ങളും അവരുടെ സമ്മതി അതാതു കാലത്തെ അധികാര സ്ഥാപനങ്ങൾക്ക് നൽകുന്നു; ഈ സമ്മതിയെ ദൈവാനുഗ്രഹം എന്ന് വിളിക്കുന്നു; അതുകൊണ്ടു ഭൂമിയിലെ അധികാരസ്ഥാപനങ്ങൾക്കു സമ്മതി നൽകുന്നവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടുന്നു; ഭൂമിയിലെ അധികാര സ്ഥാപനങ്ങൾക്കുള്ളിലെ വൈരുധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ ഓരോ വിഭാഗവും അവരുടെ അധികാര രക്ഷയ്ക്കനുരൂപമായ ഭിന്ന ദൈവരൂപങ്ങളെ സൃഷ്ടിക്കുന്നു.
കരുണ ബലവാൻ ബലഹീനനോട് കാട്ടുന്ന ഔദാര്യമാണ്. യജമാനൻ അടിമയോട് കാട്ടുന്നമനോനിഷ്ഠയാണ് അത്. യാചകന്, അടിമയ്ക്കു പ്രജയ്ക്കു അധികാരസ്ഥാനിയായ ദൈവത്തോടോ പ്രഭുവിനോടോ കരുണ തോന്നാത്തത് കരുണയെ നിയന്ത്രിക്കുന്നത് അധികാര ബന്ധങ്ങൾ ആണ് എന്നത് കൊണ്ടാണ്; അടിമയ്ക്കു ദൈവത്തോട് ഭയം ഉണ്ടാവുകയും ദൈവത്തിനു അടിമയോട് കരുണ കാട്ടുവാൻ കഴിയുകയും ചെയ്യുന്നു എന്ന് പറയുന്നിടത്തു ഭയവും കരുണവും അധികാര ബന്ധത്തെ നിർണയിക്കുന്ന സാമൂഹ്യാനുഭവ ഘടനകളായിത്തീരുന്നു; ദൈവ ഭയം, ദൈവ കരുണ എന്നിവ കീഴടക്കിയവനെയും കീഴടക്കപ്പെട്ടവനെയും നിയന്ത്രിക്കുന്ന ആവശ്യത്തിന്റെ നിയമങ്ങളാണ്; ദൈവത്തെ മനുഷ്യൻ ഭയക്കുന്നു എന്നതും ദൈവംമനുഷ്യനോട് കരുണകാട്ടുന്നുവെന്നുമുള്ളതു ദൈവം എന്ന ഗണിത യാഥാർഥ്യവുമായി ഭൗതികമായും മാനസികമായും പ്രതി പ്രവർത്തിക്കുന്നവരുടെ നിത്യജീവിതത്തെ വലിയ ഒരളവിൽ സ്വാധീനിക്കുന്നുണ്ടു. അതിന്റെ അർഥം ദൈവം മനുഷ്യന്റെ ജീവിതത്തിൽ നിരന്തരമായി ഇടപെടുന്ന ഗണിത യാഥാർഥ്യമാണ് എന്നതാണ്. ദൈവം അധികാരത്തിന്റെ ഭൗതിക സ്ഥാപനത്തെ സംരക്ഷിക്കുന്ന ഗണിതാ ധികാര സ്ഥാപനമാണ് എന്നാണ്; സോദരനെ കൊല്ലാൻ വാളെടുക്കാൻ മടിക്കുന്ന പോരാളി, ഭഗവാൻ കല്പിക്കുമ്പോൾ വാളെടുക്കുന്നു; കാരണം ഭഗവാൻ മനുഷ്യാതീതമായ അധികാര ശക്തി എന്ന നിലയിൽ മനുഷ്യ സമൂഹത്തിനുമേൽ ആധിപത്യം സ്ഥാപിക്കുകയും ജനസമ്മതിക്കുള്ള ഗണിത സങ്കേതമായിത്തീരുകയും ചെയ്തിരിക്കുന്നു; ദൈവ വിശ്വാസത്തിന്റെ പേരിൽ ഒരു മതസ്ഥാപനം തകർക്കപ്പെടുകയോ ഭീകര പ്രവർത്തകർ ഒരു കൂട്ടമാളുകളെ കൊല്ലുകയോ ചെയ്യുമ്പോൾ അത് ദൈവം എന്ന ഗണിതയാഥാർഥ്യത്തെ മുൻ നിറുത്തി ഭൗതിക ജീവിതത്തിൽ സംഭവിക്കുന്ന അധികാരപ്പോരാട്ടങ്ങളാണ് എന്ന് വരുന്നു; ലോകമെങ്ങും കൂട്ടക്കൊലകൾ നടക്കുന്നത് ദൈവം എന്ന വെർച്ച്വൽ യാഥാർഥ്യത്തിന്റെ ഇടപെടൽ ഉണ്ടാവുമ്പോളാണ്; ആറ്റുകാൽ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകൾ തിരുവനന്തപുരത്തേക്ക് പോകുന്നത് ഒരു ഭൗതിക യാഥാർഥ്യമാണ്. ഭഗവതി എന്ന ഗണിതാധികാര ശക്തി ഭൗതിക ഗതാഗതത്തെ വഴിതിരിച്ചു വിടുന്നു.. ദൈവം ഭാവനയുടെ ലോകത്തു വിഹരിക്കുന്ന അലങ്കാര രൂപകമാണ് അതിന്റെ സ്ഥലം സ്ഥലം കവിതയും കലയുമാണ് എന്നൊക്കെ പറയുന്ന ആനന്ദ് അമിതാധികാരത്തിന്റെയും ഫാസിസിസ്റ് ബല പ്രയോഗത്തിന്റെയും ഗണിത യാഥാർഥ്യം എന്ന നിലയിൽ മനുഷ്യ ഭൗതികത്തിൽ കളം നിറഞ്ഞാടുന്ന ബലതന്ത്രസങ്കേതമാണ് ദൈവം എന്ന യാഥാർഥ്യത്തെക്കാണാതെ പോവുന്നത് മനഃപൂർവമാണ് എന്ന് പറയാതെ വയ്യ.
മനുഷ്യന്റെ ഭൗതിക പദാർത്ഥലോകം പ്രകൃതി നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. എന്നാൽ മനുഷ്യൻ പദാർത്ഥ പ്രകൃതിയിൽ നിന്ന് സൃഷ്ടിക്കുന്ന കൃതികൾ പലതും പ്രകൃതിനിയമങ്ങൾ മനുഷ്യന് മേൽ സ്ഥാപിക്കുന്ന പരിമിതികളെ ഭേദിക്കുന്നു. പ്രകൃതിനിയമമനുസരിച്ചു ഭൂഗുരുത്വ നിയമ വിധി പ്രകാരം പക്ഷിയെപ്പോലെ മനുഷ്യന് ആകാശ സഞ്ചാരം അസാധ്യമാണ്; എന്നാൽ മനുഷ്യൻ അവന്റെ ഗണിതയുക്തി എന്ന ഭാവനാവിശേഷം കൊണ്ട് വിമാനം എന്ന കൃതി നിർമിക്കുകയും അങ്ങനെ പ്രകൃതി നിയമത്തെ ലംഘിക്കുകയും ചെയ്യുന്നു; വിമാനം, പ്രകൃതിപദാർത്ഥത്തിൽ നിന്ന് നിർമിച്ച കൃതി അവൻറെ ആവശ്യത്തിന്റെ ഭാഗമായിത്തീരുകയും കാലാന്തരത്തിൽ ആ കൃതി മനുഷ്യന്റെ ആവശ്യത്തിന്റെ നിയമങ്ങളെ അനുസരിക്കുകയും ചെയ്യുന്നു; പദാർത്ഥലോകത്തു നിന്ന് മനുഷ്യൻ അവൻറെ ആവശ്യത്തിന്റെ കൃതികൾ നിർമിക്കുമ്പോൾ പ്രകൃതിനിയമങ്ങളെ അവൻ സാമാന്യമായി അനുസരിക്കുകയും എന്നാൽ പലപ്പോഴും പ്രകൃതിനിയമ പരിധിക്കുമപ്പുറത്തേക്കു പോകുന്ന കൃതികളെ രൂപപ്പെടുത്തുകയും ചെയ്യുന്നു; പ്രകൃതി നിയമങ്ങളും ആവശ്യവും തമ്മിലുള്ള വൈരുധ്യത്തിന്റെ അനുരഞ്ജനമാണ് ആവശ്യത്തിന്റെ നിയമങ്ങൾ; ഇങ്ങനെ ആവശ്യത്തിന്റെ നിയമങ്ങൾ രൂപപ്പെടുമ്പോൾ അതിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അധികാര ബന്ധങ്ങൾ പോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അധികാര ബന്ധങ്ങളും പ്രസക്തമായിത്തീരുന്നു. ഈ ഒരു സാഹചചര്യത്തിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അധികാര ബന്ധത്തെ നിർണയിക്കുന്ന പ്രകൃതിനിയമാതീതമായ ആവശ്യം എന്നനിലയിൽ മനുഷ്യൻ നിർമ്മിച്ചെടുത്ത ആവശ്യത്തിന്റെ കൃതിയാണ് ദൈവം .പ്രകൃതിയിൽ നിന്ന് ഏതു തരം ആവശ്യത്തിന്റെ കൃതി നിർമിക്കുന്നതിനും ഗണിതത്തിന്റേതായ യുക്തി ആവശ്യമായിവരുന്നു. അങ്ങനെ നിർമിക്കുന്ന കൃതി ഗണിത യാഥാർഥ്യം എന്ന നിലയിൽ മനുഷ്യന്റെ ആവശ്യ താൽ പര്യങ്ങൾക്കു പ്രയോജനപ്പെടുകയും ചെയ്യുന്നു. ദൈവം അധികാരവ്യവസ്ഥാനിർണയം എന്ന മനുഷ്യ സമൂഹത്തിന്റെ ആവശ്യത്തെ നിർവഹിക്കുന്ന സ്ഥാനവും ഗണിതയാഥാർഥ്യവുമാണ്. അത് അധികാരസ്ഥാപനങ്ങൾക്കനുകൂലമായ ഒരു ബലതന്ത്ര കൃതി എന്ന നിലയിൽ മനുഷ്യജീവിതത്തിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു; ഒരു അഹിംസാവാദിയെന്ന നിലയിൽ പ്രഖ്യാതനായ ഗാന്ധിജി ബ്രിട്ടീഷ്കാർക്കെതിരെ സമരം നടത്തുമ്പോൾ വിഷ്ണുവിന്റെ അവതാരമായ രാമനെയും ഹിംസാവാദിയായ കൃഷ്ണന്റെ വേദപുസ്തകത്തെയും, അതിന്റെ കൂട്ടത്തിൽ ഈശ്വര അള്ളാവിനെയും ചേർത്ത് പിടിക്കുമ്പോൾ രാഷ്ട്രീയാധികാരയുദ്ധത്തിൽ ദൈവം ആവശ്യത്തിന്റെ കൃതി എന്ന നിലയിൽ പ്രയോഗിക്കപ്പെടുന്നത് കാണാം. ഗോഡ്സെയും ഗാന്ധിജിയും തമ്മിൽ ഏറ്റുമുട്ടുന്നിടത്തു ഗോഡ്സെയുടെ വെടിയുണ്ടയെ നിയന്ത്രിക്കുന്നതും ദൈവം എന്ന കൃതി തന്നെയാണ്; (അതല്ല 1942 ൽ, ഇന്ത്യയിലേക്ക് ജപ്പാൻപ്രവേശിച്ചു അധികാരം പിടിച്ചെടുക്കുമെന്ന നിഗമനത്തിൽ, അന്നുവരെ ഒരു മൃദു സ്വാതന്ത്ര്യവാദിയായിരുന്ന ഗാന്ധി ഒരു രാഷ്ട്രീയ കരണം മറിഞ്ഞു ക്വിട് ഇന്ത്യ എന്ന തീവ്ര അക്രമാസക്ത പ്രക്ഷോഭത്തിന് നേതൃത്വംകൊടുത്ത് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ചു എന്നും ,ആപദ് ഘട്ടത്തിൽ കോൺഗ്രസ്സും ലീഗും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളുമെല്ലാം ബ്രിട്ടീഷുകാരുമായി അനുരഞ്ജനത്തിനു തയ്യാറായി നിൽക്കുമ്പോൾ ഗാന്ധിജിയുടെ അവസരവാദപരമായ രാഷ്ട്രീയ പ്രയോഗത്തിനു പകവീട്ടാൻ ബ്രിട്ടീഷ് സൈനികസേവനം നടത്തിയിരുന്ന ഗോപാൽഗോഡ്സേയുടെ സഹോദരനെഉപയോഗിച്ചു ബ്രിട്ടീഷുകാർതന്നെയാണു ഗാന്ധിജിയുടെ ജീവൻ കവർന്നത് എന്നുമൊരു സിദ്ധാന്തമുണ്ട്) ഗീവർഗീസ് പുണ്യാളനും യഹോവയും കുരിശും അല്ലാഹുവും രാഷ്ട്രീയാധികാരത്തെ നിർണയിക്കുന്ന കൃതികൾ എന്ന നിലയിൽ തന്നെയാണ് കുരുതിക്കളങ്ങളുടെ മദ്ധ്യത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്; ഏതു ഭീകരപ്രവർത്തനത്തിനുമുള്ള ധർമ്മസാക്ഷി എന്ന നിലയിലും കർമ്മസാക്ഷി എന്നനിലയിലും മനുഷ്യ കുലത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദൈവം മനുഷ്യന്റെ അധികാര ബന്ധങ്ങളിൽ ഇടപെടുകയും അധികാര ബന്ധങ്ങളെ നിർണയിക്കുകയും ചെയ്യുന്ന ബൃഹത്തായകൃതിയുടെ ഭിന്നരൂപങ്ങൾ എന്ന നിലയിൽ ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
ദൈവം എന്നതിന് അധികാരം എന്നതിനപ്പുറം അർത്ഥമില്ല. ആനന്ദ് വിചാരിക്കുന്നത് പോലെ ഭാവനയുടെ ലോകത്തും, കവിതയുടെ ലോകത്തും മിത്തിന്റെ ലോകത്തും എവിടെഎങ്കിലും വച്ച് എങ്കിലും ആനന്ദിന് അധികാരവിഹീനനായ ദൈവത്തെ കണ്ടതായി ഓർമ്മയുണ്ടോ? ഫലത്തിൽ ദൈവം അധികാരത്തിനു വേണ്ടി മനുഷ്യൻ നിർമിച്ച ബൗദ്ധികമായ ഉപാധിയാണ്. ദൈവമൊരു ഭൗതികപദാർത്ഥ വസ്തുവല്ല. അതെ സമയം ദൈവം അധികാരാർജ്ജനത്തിനുള്ള ഉപാധിയാണ്. അധികാരസ്ഥാനീയന്റെ നിലനിൽപിന് ആധാരമായ അടയാളങ്ങൾകാണിച്ചു കൊടുക്കുക എന്നതാണ് ദൈവ വിഗ്രഹത്തിന്റെ മുഖ്യപ്രവർത്തനം; ഒരു പാടുകാലം ശബരിമലയിൽ അയ്യപ്പഭഗവാൻ ദിവ്യജ്യോതി എന്ന അടയാളം കത്തിച്ചു കാണിക്കുമായിരുന്നു. ഒടുവിലിൽ അത് വൈദ്യുത ജീവനക്കാർ കത്തിക്കുന്ന വിശ്വാസ ജ്യോതി തട്ടിപ്പാണെന്നു തെളിഞ്ഞിട്ടും അടയാള സഹിതം പകർപ്പ് നഷ്ടപ്പെട്ട അയ്യപ്പനെ ജനം പൂർവാധികം ഭക്തിയോടെ വഴിപാടു നടത്തി മഹാധനികനാക്കി. പക്ഷെ അയ്യപ്പ ദൈവം മറ്റേതു ദൈവത്തെയും പോലെ അധികാരാർജ്ജനത്തിനും ധനാർജ്ജനത്തിനും ഉള്ള ഉപാധിമാത്രമാണ്. അയ്യപ്പന്റെ വിലാസത്തിൽ വന്നുചേരുന്ന ശതകോടികളെങ്ങനെ വിനിയോഗിക്കണമെന്ന് കൽപ്പിക്കാൻ, ഒരു ഉപാധി മാത്രമായ (എ.ഐ പോലുമല്ലാത്ത) അയ്യപ്പന് കഴിയുകയില്ല; സമാഹരിച്ച കോടികൾ എങ്ങനെ മുക്കണമെന്നും കക്കണമെന്നും വീതം വയ്ക്കണമെന്നും തീരുമാനിക്കുന്നത് മനുഷ്യ നിർമ്മിതമായ അധികാര സമിതികളാണ്. പ്രജാപതിയായ കശിപു ആണ്. യഥാർത്ഥത്തിൽ കശിപു, ദൈവത്തേക്കാൾ വലിയവൻ ഞാൻ, കാരണഭൂതൻ ഞാൻ, എന്ന് രാജാവിന് കാലാകാലങ്ങളിൽ ഉണ്ടാവുന്ന അപൂർവ ബോധ്യത്തിന്റെ പ്രകടനമാണ്. യുക്തിയും ഭാവനയും വിപരീതങ്ങളാണ് എന്ന മട്ടിലാണ് മട്ടിലാണ് ആനന്ദ് എഴുതിപ്പോരുന്നത്. ഇതും യുക്തിശൂന്യമായ അബദ്ധമാണ്. ഭാവന എന്നത് രണ്ടു വ്യത്യസ്ത സ്ഥലകാലങ്ങളിൽ നിൽക്കുന്ന രണ്ടു ബിംബങ്ങളെ പരസ്പരം ഒന്ന് ചേർക്കുന്ന വിദ്യയാണ്. എന്റെ കാമുകി ചുവന്ന ഒരു റോസാപുഷ്പമാണ് എന്നുകവി എഴുതുന്നിടത്തു ആനന്ദ് ഉദ്ദേശിക്കുന്ന ”ഭാവന” ഉണ്ട്. എന്ത് കൊണ്ടാണ് അതിനെ ഭാവനാവിലാസം എന്നുവിളിക്കുന്നത്? കാമുകിയുടെ സ്ഥല-കാലം മാനവികമാണ്; റോസാപ്പൂവിന്റെ സ്ഥല– കാലം സസ്യ ജീവാത്മകമാണ്. അവതമ്മിൽ വൈരുധ്യങ്ങളുണ്ട്. ആവൈരുധ്യങ്ങളെ മറികടക്കുന്നപൊതുവായ ഗുണങ്ങൾ രണ്ടു ബിംബങ്ങൾക്കുമുണ്ട്. ആരോമലാമഴക്, മൃദുത്വം, ആഭ, സാരള്യം എന്നിവയാണ് ആഗുണങ്ങൾ; ആ ഗുണങ്ങളാണ് പൂവിനേയും പെണ്ണിനേയും ഒന്നാക്കിത്തീർത്തു കൊണ്ട് അവയുടെ ഭൗതിക സ്ഥലകാലങ്ങളെ വിസ്മൃതമാക്കുന്നതു….. ആ ഗുണങ്ങളാണ് ഇരു ബിംബങ്ങളെയും ഒന്നാക്കിത്തീർക്കുന്ന യുക്തി. ആ യുക്തി ഇല്ലാത്തിടത്തു ഒരു ഭാവനയുമില്ല. യുക്തിക്കു കാരണം (reason) എന്ന് അർഥം പറയാം. പക്ഷെ യുക്തിയുടെ തന്നെ മറ്റൊരു പ്രകൃതമായ റേഷനാലിറ്റി –അപ്പ്രോപ്രിയേറ്റ് നെസ് — പ്രൊപ്രൈറ്റി ആണ് ഇവിടെ ഭാവനയ്ക്കാധാരമായുള്ളതു രണ്ടു വ്യത്യസ്ത സ്ഥലകാലങ്ങളിൽ നിൽക്കുന്ന രണ്ടു ബിംബങ്ങളുടെ സാധർമ്യമാണ് ഇവിടത്തെ യുക്തി. ഈ ഔചിത്യമാണ് sense of propriety ആണ് ഭാവനയെ സൃഷ്ടിപരമാക്കുന്നതു… ഒരേ സ്ഥല കാലങ്ങളിൽ നിൽക്കുന്നവർ തമ്മിലുള്ള വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നിടത്തും ഭാവനയുടെ സ്പർശമുണ്ട്. വിത്തനാഥന്റെ ബേബിക്ക് പാൽക്കട്ടിയും അരപ്പട്ടിണിക്കാരന്റെ കുട്ടിക്ക് കരിക്കാടിയും എന്ന് ചങ്ങമ്പുഴ പാടുന്നിടത്തു അനൗചിത്യം വിമർശനാത്മകമായ ഭാവനയെ പ്രകാശിപ്പിക്കുന്നു. ഈ അധർമ്മത്തിലെന്താണ് യുക്തി എന്നുകവി ചോദിക്കുന്നിടത്തു ന്യായ വാദ ഭാവനയുണ്ട്; യുക്തിയും അധി യുക്തികതയും മനുഷ്യജീവിതത്തിന്റെ തന്നെ ഭാഗങ്ങളാണ്; അവയിൽ നിന്ന് അനുഭവജ്ഞാനാത്മക (empirical) പരീക്ഷണങ്ങളിലൂടെ നേരിലെത്താം എന്ന് വാദിക്കുന്ന ന്യായശാസ്ത്രം പൗരാണികഭാരതത്തിന്റെജ്ഞാന സമ്പത്താണ്. ആനന്ദിനെപ്പോലെയുള്ളവർ അബദ്ധവശാൽ തത്വചിന്തകരായിത്തീർന്നശേഷമെങ്കിലും ന്യായശാസ്ത്രം ഒന്ന് മനസ്സിരുത്തി പഠിക്കാൻ ശ്രമിക്കുന്നതു നന്നായിരിക്കും.ന്യായശാസ്ത്രം കുറ്റമറ്റതാണോ എന്നതല്ല എന്തുകൊണ്ട് ന്യായ ശാസ്ത്രം-എന്നതാണ് പ്രസക്തമായചോദ്യം; മിത്തുകളെപ്പറ്റികളെപ്പറ്റി വിസ്തരിക്കുന്നില്ല. കേരളത്തിൽ ഹിരണ്യകശിപു പാറ പിളർന്നു തുരങ്കം നിർമ്മിക്കുന്നതും ലോഡ് ഷെഡിങ് ട്രപ്പീസിന്റെ അന്ത്യം ഉദ്‌ഘാടനം ചെയ്യുന്നതുമായ പത്രപ്പരസ്യങ്ങളുടെ ആകെത്തുകയെ ആധുനിക കേരളത്തിന്റെ മിത്ത് എന്ന് പറയാം. അവിടെ ദൈവം നിർബന്ധമായും വേണമെന്നില്ല. എന്നാലും പൗരാണിക മിത്തുകൾ ചരിത്രത്തിന്റെ അസംസ്കൃതാഖ്യാനങ്ങളാകയാൽ ഇന്ന് ആറ്റുകാലമ്മയും ഹിരണ്യ കശിപുവും ആധുനികകാലത്തെ അയുക്തികവൽക്കരിച്ചു വെർച്യുൽ റിയാലിറ്റിയുടെ ഒരു ഇടപെടൽ മനുഷ്യനുമേൽ നടത്തുന്നത് പോലെ പ്രകൃതി യുക്തിയെ നിഷേധിക്കുന്ന — അതിമാനവ (overman) പ്രകടനങ്ങൾ പൗരാണിക ചരിത്രത്തെ, വീര ഗാത്ര മായാ സമ്പന്നമാക്കിയിരുന്നു. അതിനെയാണ് നാം മിത്ത് എന്ന് വിവക്ഷിക്കുന്നത്; ഭാരതീയ ന്യായ ശാസ്ത്രവിധി പ്രകാരം ഒരു വിചാരണ നടത്തിയാൽ എല്ലാ മിത്തുകളുടെ അടിത്തട്ടിലും അധികാര രാഷ്ട്രീയ അവക്ഷിപ്തത്തിന്റെ രൂപത്തിൽ ചരിത്രയാഥാർഥ്യം ചുരുണ്ടു കിടക്കുന്നതുകാണാം.




