സമാധാനം തകർക്കുന്ന വിദ്യാദ്യാസവും ദേശീയ വിദ്യാഭ്യാസ നയത്തിലെ ദേശീയതയും

Image Not Found

നമ്മൾ ചർച്ചചെയ്യുന്നത് മുതലാളിത്തത്തിനകത്തെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. മുതലാളിത്തം ഒരു മാറ്റത്തിനും വിധേയമാകാത്ത രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയല്ല. അത് നിരന്തരം മാറുന്നുണ്ട്. സ്വാഭാവികമായും വിദ്യാഭ്യാസവും മാറ്റത്തിന് വിധേയമാക്കപ്പെടും. ദേശീയ വിദ്യാഭ്യാസ നയം-2020, രാഷ്‌ട്രീയ-സാമ്പത്തിക രംഗത്തുണ്ടായ അത്തരമൊരു മാറ്റത്തിൻ്റെ പ്രതികരണമാണ്. നിയോ-ലിബറലിസമാണ് ആ മാറ്റം. കമ്പോളത്താൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രവും പൗരനുമാണ് നവ-ലിബറലിസത്തിൻ്റെ മുഖമുദ്ര.

അസാധാരണമായ ചലനശേഷിയുള്ള അന്താരാഷ്ട്ര മൂലധനമാണ് നിയോ-ലിബറലിസത്തിൻ്റെ പ്രത്യേകത. എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനും ഇറങ്ങിപ്പോരാനുമുള്ള മിടുക്കുണ്ടതിന്. നിർമിതബുദ്ധിയും വിവരസാങ്കേതിക വിദ്യയുമുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളിൽ വിഹരിച്ചുകൊണ്ടാണ് ആധുനിക മൂലധനം ഈ ചലനാത്മകത ആർജിക്കുന്നത്. നവ-ലിബറലിസം മൂലധനത്തെ കൂടുതൽ ചലനാത്മകമാക്കിയിരിക്കുന്നതിനൊപ്പം തന്നെ വ്യക്തിയുടെ നാടുവിടലിനെ സ്വാഭാവികമാക്കിയിട്ടുമുണ്ട്. മാറുന്ന പൗരത്വ നിയമങ്ങളും രജിസ്ട്രറുമൊക്കെ വ്യക്തിയുടെ സ്ഥാനചലനത്തെ സൂക്ഷ്മം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ്.

ചലനാത്മകമായ അന്താരാഷ്ട്ര മൂലധനത്തിന് വേണ്ടത് ഗുണമേന്മയുള്ളതും സംഘടിതമല്ലാത്തതും വിലപേശി മേടിക്കാൻ സാധിക്കുന്നത്ര അളവുള്ള അദ്ധ്വാനശക്തിയുമാണ്. അത് കിട്ടുന്നിടത്തേക്കായിരിക്കും നവ-ലിബറല്‍കാല മൂലധനത്തിൻ്റെ സഞ്ചാരം. ഗുണമേന്മകൊണ്ടുദ്ദേശിക്കുന്നത് നൈപുണികളർജിച്ച തൊഴിൽ ശക്തിയാണ്. മൂലധനം ആഗ്രഹിക്കുന്ന നൈപുണികൾ. ഈ നൈപുണികളെ ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കലാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളിൽ ഒന്ന്. മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി, ചെറുപ്രായം തൊട്ട് തൊഴിലിൽ ആഭിമുഖ്യം ജനിപ്പിക്കും വിധം പടിപടിയായ വിദ്യാഭ്യാസ പരിഷ്കരണമാണ് നയത്തിൻ്റെ ഉന്നം. ഈ വിദ്യാഭ്യാസം രണ്ടുവിധത്തില്‍ മൂലധനത്തെ സഹായിക്കും. ഒന്ന്, നൈപുണി നേടിയവരുടെ ആധിക്യം മൂലധനത്തിൻ്റെ വിലപേശൽശക്തി വർധിപ്പിക്കും. രണ്ട്, തങ്ങളുടെ ഉത്പന്നങ്ങൾക്കുള്ള മികച്ചൊരു വിപണിയായി വിദ്യാഭ്യാസ മേഖല മാറും. ഇവിടെ നമുക്ക് കമ്പോളത്താൽ നിയന്ത്രിക്കപ്പെടുന്ന വിദ്യാഭ്യാസവും അതിനായി നിർമിക്കപ്പെടുന്ന പൗരനേയും കാണാം. കമ്പോളത്താല്‍ നിയന്ത്രിക്കപ്പെടുകയും സ്വയം കമ്പോളമായി മാറുകയുംചെയ്യുന്ന വിദ്യാഭ്യാസ മേഖലെയാണ് നിയോ-ലിബറലിസം വിജ്ഞാന സമ്പദ്‌വ്യവസ്ഥയെന്ന് വിളിക്കുന്നത്.

സമാധാനം അഥവാ വിധേയത്വം

മുതലാളിത്തം, പൗരൻമാർ തമ്മിൽ തമ്മിലും പൗരനും ഭരണാധികാരികൾക്കുമിടയിലും സമാധാന അന്തരീക്ഷം പുലർന്നു കാണണമെന്ന് ആഗ്രഹിക്കുന്നു. ഇല്ലാത്തവൻമാരുടെ പെരുക്കത്തിനിടയിലും ഇല്ലാത്തവര്‍ക്കിടയിൽ അസന്തുഷ്ടിയും നിന്ദാഭാരവും വളരുമ്പോഴും ഉള്ളവൻ സ്വസ്ഥമായും സമാധാനം പുലരണമെന്ന് ആഗ്രഹിക്കും. ദേശീയ വിദ്യാഭ്യാസ നയവും ഈ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. സമഗ്രവും ബഹുവിഷയാധിഷ്ടിതവുമായ വിദ്യാഭ്യാസത്തിലേക്ക് (Towards a more holistic and Multidisciplinary Education) എന്ന അദ്ധ്യായത്തില്‍ ഈ കാഴ്ചപ്പാടുകള്‍ വ്യക്തതയോടെ അവതരിപ്പിക്കുന്നതു കാണാം. വിദ്യാഭ്യാസത്തില്‍ സമാധാവും അഹിംസയും ഉള്‍പ്പെടുത്തുമെന്ന വാദം ആ അദ്ധ്യായത്തില്‍ വായിക്കാം.

മുതലാളിത്തം സ്വാഭാവികമായിത്തന്നെ സാമ്പത്തിക അസമത്വം നിലനിർത്തുന്നുണ്ട്. (രാജ്യത്തെ സമ്പത്തിന്‍റെ 40 ശതമാനവും ഒരു ശതമാനം വരുന്ന അതി സമ്പന്നരുടെ നിയന്ത്രണത്തിലാണ്. കീഴ്ത്തട്ടിലുള്ള 50 ശതമാനം ജനങ്ങള്‍ക്കായുള്ളത് ആകെ സമ്പത്തിന്‍റെ 3 ശതമാനം മാത്രമാണ്.) അതിനൊപ്പംതന്നെ പലയിനം അസമത്വങ്ങളും നിലനിർത്തിപ്പോരുന്നുണ്ട്. അതിൽ സാർവത്രിക സ്വഭാവമുള്ളയൊന്നാണ് പുരുഷാധിപത്യം. ഭാരതത്തെ സംബന്ധിച്ചിടത്തോളം സവിശേഷമാണ് ജാതി. ഇതിനെല്ലാം പുറമെ മതവും ഭാഷയും വംശവുമെല്ലാം നവ-ലിബറല്‍ കാലത്ത് മനുഷ്യനെ ശ്രേണീകരിക്കാൻ പ്രയോജനപ്പെടുത്തിപ്പോരുന്നുമുണ്ട്. മേൽപ്പറഞ്ഞ ഘടകങ്ങൾ നാഗരികതയിലും മധ്യകാലത്തുമൊക്കെ അധികാരവും സമ്പത്തും ആർജ്ജിക്കാനുള്ള സാമൂഹ്യ മൂലധനമായിരുന്നെങ്കിൽ ഇന്നിവ മൂലധന കേന്ദ്രീകരണം സൃഷ്ടിക്കുന്ന വല്ലായ്മകളിൽ നിന്നും പൗരൻ്റെ ശ്രദ്ധതിരിക്കാനുള്ള മാർഗങ്ങളാണ്.

അസമത്വത്തെ ഉറപ്പിക്കുന്ന തൊഴില്‍ വിദ്യാഭ്യാസം

അസമത്വത്തെ സമാധാനത്തോടെ കൊണ്ടുനടക്കലാണ് ഭരണകൂടങ്ങളുടെ ജോലി. അസമത്വം തീക്ഷ്ണമാവുമ്പോൾ ഭരണകൂടത്തിന് ഉത്തരവാദിത്വവും വർധിക്കുന്നു. എങ്ങനെയെങ്കിലും ജീവിച്ചുപോയാമതി എന്ന് വിചാരിക്കുന്നവരെ അസമത്വത്തെ സഹിക്കൂ. അങ്ങനെ തോന്നിപ്പിക്കാൻ ഭയപ്പെടുത്തൽ നല്ലൊരു മാർഗമാണ്. ജാതിയും പോലീസിങ്ങും സൈന്യവും സ്വകാര്യ സായുധ ഗ്രൂപ്പുകളും പൗരനെ ഭയപ്പെടുത്താനായി ഉപയോഗപ്പെടുത്താറുണ്ട്. അസമത്വത്തിന് വിധേയമാവാനുള്ള പരിശീലനത്തിനായി വിദ്യാഭ്യാസവും പ്രയോജനപ്പെടുത്താറുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തെ തൊഴിൽ പരിശീലനമാക്കുന്നതിലൂടെ ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റപ്പെടും. തൊഴിൽ പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ധൈഷണിക വളർച്ചയിലുള്ള ഊന്നൽ കുറക്കും. ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ മാറ്റം ദൃശ്യമാണ്. ഉദാഹരണത്തിന് ഒന്നാം ക്ലാസിനേയും രണ്ടാം ക്ലാസിനേയും (ആറും ഏഴും വയസുള്ള കുട്ടികളുടെ വിദ്യാഭ്യാസം) അംഗൻവാടിയുടെ തുടർച്ചയായാണ് ദേശീയ വിദ്യാഭ്യാസ നയം കാണുന്നത്. ആ കാലത്ത് പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. കളിയിലൂടെയായിരിക്കും പഠനം.

കളിയിലൂടെ പഠനമെന്ന ആശയം കേരളത്തിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം അപരിചിതത്വമുള്ള ഒരു കാഴ്ചപ്പാടല്ല. ഡിപിഇപി കാലം മുതൽ കേൾക്കുന്നതാണ്. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും (മൂന്ന്,നാല്, അഞ്ച് ക്ലാസുകൾ) കളിയിലൂടെ പഠനം തുടരുമെന്നുതന്നെയാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. ലഘുവായ ചില പാഠപുസ്തകങ്ങൾ ഉണ്ടാവുമെന്നു മാത്രം, എന്നാലോ വിഷയാധിഷ്ഠിത പഠനം ഉണ്ടാവില്ല പോലും! ആറാം ക്ലാസു മുതൽ വിഷയാധിഷ്ഠിത പഠനമാരംഭിക്കുമെന്നാണ്. എന്താണിതിൻ്റെയൊക്കെയർഥം? വിജ്ഞാനം ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും പുറത്തുപോവുമെന്നാണ്. വിജ്ഞാനമൊഴിഞ്ഞു പോവുന്നിടത്തേക്കാണ് തൊഴിൽ പരിശീലനം നുഴഞ്ഞുകയറുന്നത്.

പ്രൊപഗാന്‍റയെ വിഴുങ്ങാനുള്ള പരിശീലനം – അറിവുനിര്‍മാണം

മറ്റൊരു പ്രശ്നം കളിയിലൂടെയുള്ള പഠനം വിജ്ഞാനത്തിൻ്റെ പ്രസരണം തടയുന്നതിനൊപ്പം പുതിയൊരു സങ്കൽപ്പംകൂടി അവതരിപ്പിക്കുന്നു. അറിവുനിർമാണമാണത് (Knowledge Construction). ഓരോരുത്തരും അവരവരുടെ ജീവിതചുറ്റുപാടിനനുസരിച്ച് അറിവ് നിർമിക്കും. ജീവിതചുറ്റുപാടുകൾ മാറുന്നതനുസരിച്ച് നിർമിക്കപ്പെടുന്ന അറിവും മാറും. വ്യക്തിയുടെ ലിംഗം, ജാതി, മതം, ഭാഷ, സംസ്കാരം, സാമ്പത്തിക സ്ഥിതി, ജീവിക്കുന്ന ഇടം (നഗരം അല്ലെങ്കിൽ ഗ്രാമം), പഠിക്കുന്ന സ്ഥാപനം എല്ലാം നിർമിക്കപ്പെടുന്ന അറിവിനെ സ്വാധീനിക്കും. അറിവും സത്യവും ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. അവനവൻ തന്നെയായിരിക്കും ഒരുവനെ സംബന്ധിച്ചിടത്തോളം ആധികാരികത. ഓരോരുത്തരും സത്യമറിയാൻ വ്യക്തിയുടെ ഉള്ളിലേക്കു നോക്കുന്ന അവസ്ഥയുണ്ടാകും. മനസിനും തോന്നലുകൾക്കും യാഥാർഥ്യത്തേക്കാൾ പ്രാധാന്യം ലഭിക്കും. ഈ തോന്നലുകൾക്ക് ആധാരമാവുന്നത് യാഥാർഥ്യമാണെന്ന ധാരണ അന്യം നിൽക്കും.

ഇത്തരമൊരു സന്ദർഭത്തിലെ അറിവുനിർമാണ പ്രക്രിയയിൽ വ്യക്തിയെ ഏറ്റവുമധികം സ്വാധീനിക്കുക മേലെ പരാമര്‍ശിക്കപ്പെടാതെപോയ ഒരു ഘടകമാണ്. കമ്പോളമാണത്. കമ്പോളം സൃഷ്ടിക്കുന്ന മായിക ലോകവും അതിൻ്റെ പ്രചാരണങ്ങളും വ്യക്തിയെ നയിക്കും. നിയോലിബറൽ കമ്പോളത്തെ നിലനിർത്താൻ പോന്നതാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്ന ബോധന സമ്പ്രദായമെന്ന് ചുരുക്കം. എന്തുപഠിക്കണം എന്ന തീരുമാനത്തിൽ പോലും കമ്പോളം നിർണായകമാവുന്നത് അതുകൊണ്ടാണ്. വിൽപ്പനക്ക് സാധ്യതയുള്ള തൊഴിൽ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമാവുന്നതിൽ നിയോ-ലിബറലിസത്തിൻ്റെ പ്രചാരണവേലകളുടെ സ്വാധീനമുണ്ട്. എന്നാൽ എല്ലാ മനുഷ്യർക്കും നിയോ-ലിബറലിസം സൃഷ്ടിക്കുന്ന മായാലോകത്ത് അഭിരമിക്കാൻ ശേഷിയുണ്ടാവില്ല. എല്ലാം വിൽപനക്കുവെക്കുകയും അതിരുകളില്ലാതെ ആഗ്രഹിക്കാൻ പഠിപ്പിക്കുന്ന നിയോ-ലിബറലിസം മനുഷ്യരിൽ സൃഷ്ടിക്കുന്നത് ഒരു ഖിന്നതയാണ്. എനിക്കത് കിട്ടിയില്ലല്ലോ എന്ന തോന്നൽ. ഈ ഖിന്നത നിയോ-ലിബറലിസത്തോടുള്ള എതിർപ്പായി മാറാതിരിക്കാനുള്ള കരുതലും സ്വീകരിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ പ്രചാരണത്തിലൂടെയാണത് സാധ്യമാക്കുന്നത്.

ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രചാരണ വേലക്ക് തുല്യം നിർമിച്ചെടുക്കപ്പെടുന്നതാണ് രാഷ്ട്രീയ പ്രചാരണവും. നിയോലിബറലിസം സൃഷ്ടിച്ച അസന്തുഷ്ടികളെ ഭാരതീയ രാഷ്ട്രീയം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടാണ്. ഒക്കുന്നിടത്തെല്ലാം മനുഷ്യൻ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. വഴിയിലും വരിയിലുമൊക്കെ കാണാമിത്. നിയോ-ലിബറലിസത്തിനെതിരാവേണ്ട മനുഷ്യരെ പരസ്പരം അകറ്റുന്നതിൽ ‘അറിവിൻ്റെ നിർമാണ’ത്തിന് സാധിച്ചിരിക്കുന്നു എന്നർഥം. ഇത് പുതിയ ബോധനസമ്പ്രദായത്തിലൂടെ മാത്രം ഉണ്ടായിവന്ന മനോഭാവമല്ല. കാലങ്ങളായി സത്യമറിയാൻ ഉള്ളിലേക്കു നോക്കുന്ന മനഷ്യരെ അവരറിയാതെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം സ്വാധീനിച്ചതിൻ്റെ സൂചനയാണ്. ഇതേ മനോഭാവം തന്നെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഉത്പന്നങ്ങളാവുന്ന പുതുതലമുറയിലും കാണാനാവുക. അങ്ങനെയൊരു ബോധന സമീപനമാണ് ദേശീയ വിദ്യാഭ്യാസ നയം സ്വീകരിച്ചിരിക്കുന്നത്.

തൊഴിൽപഠനത്തിന് ഊന്നലുള്ള ഔപചാരിക വിദ്യാഭ്യാസം അവതരിപ്പിക്കുകയും വിജ്ഞാനത്തിൻ്റെ പ്രക്ഷേപണത്തെ അപ്രധാനമാക്കുകയുംചെയ്യുന്നതിലൂടേയും അറിവ് നിർമാണത്തിലൂന്നിയ ബോധന സമ്പ്രദായം അവതരിപ്പിക്കുന്നതിലൂടേയും നിയോലിബറൽ കമ്പോളത്തിനാവശ്യമായ വേലക്കാരനേയും ഉപഭോക്താവിനേയും ഉത്പാദിപ്പിക്കാനും ചിന്തയെ സമ്പുഷ്ടമാക്കാൻ ആവശ്യത്തിന് വിജ്ഞാനശേഖരമില്ലാത്തതിനാൽ കമ്പോളത്തോടും ഭരണാധികാരികളോടും വിധേയമനോഭാവം പ്രകടിപ്പിക്കാനും മാത്രം ആർജവമുള്ള, പ്രചാരണങ്ങൾക്ക് എളുപ്പം അടിപ്പെടുത്താനാകുന്ന പുതിയൊരിനം പൗരനെ – നിയോലിബറൽ പൗരനെ – സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസമാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. അസമത്വം എതിർക്കപ്പെടാതിരിക്കുകയുംചെയ്യും. എന്നാൽ ഇത് മാത്രം മതിയാവില്ല എന്ന തിരിച്ചറിവാകാം ഹിന്ദു ദേശീയതയും വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കാനും ദേശീയ വിദ്യാഭ്യാസ നയം ശ്രമിക്കുന്നുണ്ട്.

ഹിന്ദു ദേശീയത വിദ്യാഭ്യാസത്തില്‍

ഹിന്ദു ദേശീയതയും ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്ന ഘടനയും പ്രാഥമിക വിദ്യാഭ്യാസത്തിനകത്തേക്ക് കടത്തിക്കൊണ്ടുവരുന്ന പദ്ധതിയെന്ന നിലയിലാണ് പിഎംശ്രീ കേരളത്തില്‍ എതിര്‍ക്കപ്പെട്ടത്. കാലങ്ങളായി നിയോ-ലിബറല്‍ വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ വിളനിലമായ കേരളം അതിനൊത്ത ഒരു പ്രത്യയശാസ്ത്രവും സ്വീകരിച്ചിരിക്കുന്നു എന്നു വിളംബരംചെയ്യുന്ന ഏര്‍പ്പാടായിരുന്നു പിഎംശ്രീയില്‍ ഒപ്പിട്ടത്. 90കളുടെ തുടക്കം മുതലെതന്നെ മത്സരം ഗുണമേന്മ വര്‍ധിപ്പിക്കുമെന്നും തിരഞ്ഞടുപ്പ് സ്വാതന്ത്ര്യമാണെന്നുമുള്ള മുദ്രാവാക്യത്തിന്‍റെ പിന്‍ബലത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. നവലിബറലിസം മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വാസ്തവത്തില്‍ കൂടുതല്‍ പ്രാകൃതമായ ഒരു ചിന്താപ്രക്രിയയെ പ്രചോദിപ്പിക്കാനുദ്ദേശിച്ചുള്ളതായിരുന്നു.

വിദ്യാഭ്യാസം തിരഞ്ഞെടുക്കുകയെന്നാല്‍ ഗുണമേന്മയുള്ളത് തിരഞ്ഞെടുക്കുകയെന്നാണ്. പലതരം വിദ്യാഭ്യാസമുണ്ടെന്നര്‍ഥം. സാമൂഹ്യനന്മയെപ്രതി വിദ്യാഭ്യാസത്തിന്‍റ ലക്ഷ്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുന്ന ഏര്‍പ്പാടാണ് നിയോലിബറലിസം മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. കുട്ടിയും രക്ഷിതാവും അവരുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിക്കും വ്യക്തിഗതലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നു. വ്യക്തിയിലൂന്നി നില്‍ക്കുകയും വ്യക്തിയുടെ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയുംചെയ്യുന്ന മനോനിലയാണ് ഇതുവഴി വികസിപ്പിക്കപ്പെടുന്നത്. ആദിമമായ, വിദ്യാഭ്യാസത്തിലൂടെ ഇല്ലാതാക്കപ്പെടേണ്ട ‘ഗുണ’മാണ് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിലൂടെ പകരപ്പെടുന്നത്. ഇങ്ങനെ പവവിധം ആദിമ വികാരങ്ങളെ പ്രോത്സാപ്പിക്കുന്ന സമീപനമാണ് ദേശീയ വിദ്യാഭ്യാസ നയവും സ്വീകരിച്ചിരിക്കുന്നത്.

ആധുനിക രാഷ്ട്രങ്ങള്‍ നിലവില്‍ വന്നത് ദേശീയതയില്‍ ചുവടിപ്പിച്ചാണെന്ന് നമ്മുക്കറിയാം. ഭാഷയിലോ മതത്തിലോ സംസ്കാരത്തിലോ വംശീയതയിലോ ഊന്നിയാണ് ദേശീയതയെന്ന ആശയം വികസിപ്പിക്കപ്പെടാറ്. സ്വാതന്ത്രത്തിനു മുന്നേതന്നെ പലതരം ദേശീയതാ സങ്കല്‍പ്പങ്ങള്‍ ഇന്ത്യയിലും പല പ്രസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ നെഹ്രുവിയന്‍ എന്നുവിളിക്കപ്പെട്ടുപോന്ന ആശയധാരയായിരുന്നു സ്വാതന്ത്രാനന്തര ഇന്ത്യന്‍ ദേശീയതയിലും രാഷ്ട്രീയത്തിലും പ്രകടമായ മൂല്യം. സോവിയറ്റ് യൂണിയന്‍റ സാനിധ്യവും രണ്ടാം ലോക മഹായുദ്ധവും ലോക മുതലാളിത്തത്തെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്ക് തിരിയാന്‍ നിര്‍ബന്ധിച്ച കാലമായിരുന്നത്. സ്വതന്ത്ര ഇന്ത്യയും സമാനമായ രാഷ്ട്രീയ-സാമ്പത്തിക നയം തന്നെ സ്വീകരിച്ചു. ഈ നയമാണ് ദേശീയതയിലും രാഷ്ട്രീയത്തിലും പ്രതിഫലിച്ചത്. എല്ലാവരേയും ഉള്‍കൊള്ളുന്നതായിരുന്നു അത്. സുവര്‍ണ ഹിന്ദു ഭൂതകാലമെന്ന ബ്രിട്ടീഷ് കൊളോണിയല്‍ നിര്‍മിതിയെ ഉള്‍കൊള്ളുന്നതെങ്കിലും പ്രകീര്‍ത്തിക്കുന്ന സമീപനം അക്കാലത്തുണ്ടായിരുന്നില്ല.

വിവിധ സാമൂഹ്യ-സാമ്പത്തിക ശ്രേണികളുടെ നിലനില്‍പ്പിനെ ആഘോഷിക്കുന്നില്ലെങ്കിലും അംഗീകരിക്കുന്നതായിരുന്നതായിരുന്നു ആ ദേശീയത. മതേതരത്വവും സോഷ്യലിസവും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളെ സ്വാധീനിക്കുന്ന തത്വങ്ങളായി നിലകൊണ്ടു. എന്നാല്‍ എണ്‍പതുകളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സാമ്പത്തിക മണ്ഡലത്തിലേക്ക് അരിച്ചിറങ്ങിയ നവ-ലിബറല്‍ നയങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തിലും ദേശീയതാ സങ്കല്‍പ്പത്തിലും മാറ്റംകൊണ്ടുവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ദുര്‍ബലമായി തുടങ്ങിയ സോഷ്യലിസ്റ്റ് ചേരിയും ഈ മാറ്റത്തിന് പ്രചോദനമായിട്ടുണ്ട്. ലിബറല്‍ ദേശീയതവാദ നിലപാടും നിയോ-ലിബറല്‍ സാമ്പത്തിക നയങ്ങളുമായി തുടര്‍ന്ന കോണ്‍ഗ്രസിന്‍റെ അടിത്തറയിളകുകയും പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ശക്തിപ്രാപിക്കുകയുംചെയ്തു.

മറുവശത്ത്, നവ-ലിബറല്‍ സാംസ്കാരിക അധിനിവേശത്തോട് എതിര്‍പ്പുള്ളവരും ഇന്ത്യന്‍ സംസ്കാര (ഉദാഹരണത്തിന് ജാതിയെ അടിസ്ഥാനപ്പെടുത്തിയ സാമൂഹ്യശ്രേണി) ത്തിന്‍റെ വക്താക്കളുടേയും രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ബിജെപി അധികാരത്തിലേറി. നവ-ലിബറല്‍ സാമ്പത്തിക നയങ്ങളുടേയും ഹിന്ദു ദേശീയതയുടേയും ലയനമായിരുന്നു ഇതിന്‍റെ ഫലം. നവ-ലിബറലസം സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥകളെ മറച്ചുവെക്കാനുള്ള തത്വചിന്താ പദ്ധതിയായി ഹിന്ദു ദേശിയത മാറുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്. ആദിമായ ഹിന്ദു സുവര്‍ണയുഗം എന്ന ഭാവനയാണ് ഹിന്ദു ദേശീയതയുടെ അടിസ്ഥാനം.

ഇന്ത്യക്കാരെ സ്വദേശികളും വിദേശികളുമായ ഭരണാധികാരികൾക്ക് അടിമയാക്കുന്നതിന് ഉപയുക്തമായ ഏറ്റവും ഫലപ്രദമായ ഉപകരണമായിരുന്നു ബ്രാഹ്മണ്യം എന്ന് കൊസാമ്പി നിരീക്ഷിക്കുന്നു. സമാനമായ വിധത്തില്‍ നവ-ലിബറല്‍ നയങ്ങള്‍ക്ക് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തേയും വിധേയരാക്കാന്‍ സഹായിക്കുന്ന സാമൂഹ്യ അവബോധമയി ഇന്ന് ഹിന്ദു ദേശീയത മാറിയിരിക്കുന്നു. അതിനെ വരും തലമുറയിലും ഉറപ്പിക്കാനുള്ള പദ്ധതിയുടെ തുടര്‍ച്ചയാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന സമഗ്രവും ബഹുവിഷയാധിഷ്ടിതവുമായ (Holistic and Multidisciplinary) വിദ്യാഭ്യാസ കാഴ്ചപ്പാട്.

വിജ്ഞാനത്തെ ഇന്ത്യനൈസ് ചെയ്യുന്നതാണ് സമഗ്ര വിദ്യാഭ്യാസത്തിന്‍റെ സമീപനം. ‘എല്ലാം ഇവിടുണ്ടായിരുന്നു’ എന്ന ആശയമാണ് ഇതുവഴി ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്. ഇന്ത്യക്ക് സമഗ്രവും ബഹുവിഷയാധിഷ്ടിതവുമായ പഠനത്തിന്‍റ നീളന്‍ പാരമ്പര്യമുണ്ടെന്നും ഇന്ന് ലിബറല്‍ ആര്‍ട്ട് എന്നുവിളിക്കപ്പെടുന്ന ബഹുവിഷയ പഠനം ഇന്ത്യയിലാണ് ഉദയംചെയ്തതെന്നുമെന്ന ദേശീയതയിലൂന്നിയ അവകാശവാദം ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നു. അത് തിരിച്ചുകൊണ്ടുവരണമെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടത് കൃത്യമായും ഈ വിദ്യാഭ്യാസമാണെന്നും നയം വാദിക്കുന്നു. ആദിമ ചിന്തയും തൊഴിലധിഷ്ടിത വിദ്യാഭ്യാസവും ചേര്‍ന്ന സങ്കലനമാണ് സമഗ്രവും ബഹുവിഷയാധിഷ്ടിതവുമായ വിദ്യാഭ്യാസം മുന്നോട്ടുവെക്കുന്നത്.

ദേശീയ നവലിബറല്‍ വിദ്യാഭ്യാസം

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത് നവ-ലിബറല്‍ സാമ്പത്തിക നയത്തിന് യോജിച്ച വിദ്യാഭ്യാസമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് യോജിച്ച വിദ്യാഭ്യാസം എന്നു പറയുന്നതിലൂടെ ദേശീയ വിദ്യാഭ്യാസം പ്രഖ്യാപിക്കുന്നത് ഈ വസ്തുതയാണ്. നന്നായി തൊഴിലെടുക്കുകയും സമൂഹത്തേയും രാഷ്ട്രത്തേയും സംബന്ധിച്ച ആദിമ ധാരണകള്‍കൊണ്ടു നടക്കുകയുംചെയ്യുന്ന മനുഷ്യരെയാണ് ദേശീയ വിദ്യാഭ്യാസം സൃഷ്ടിക്കുക.

വിദ്യാര്‍ഥിയെ സാമൂഹ്യവല്‍ക്കരിക്കുന്നതിന് പകരം തൊഴില്‍വല്‍ക്കരിക്കുകയും ദേശീയവല്‍ക്കരിക്കുകയുംചെയ്യുന്ന വിദ്യാഭ്യാസം ദൂരവ്യാപകമായ പ്രത്യഘാതങ്ങളാണുണ്ടാക്കുക. അടിയന്തരമായ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളെപ്രതി വിദ്യാഭ്യാസത്തില്‍തൊണ്ടുവരുന്ന മാറ്റങ്ങള്‍ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെ എവിടെകൊണ്ടെത്തിക്കുമെന്ന് കണ്ടുതന്നെയറിയണം.

Leave a Reply

Your email address will not be published. Required fields are marked *