
എഡിറ്റർ : എസ്. സുധീഷ്
പാഠം – 2
2000 നവംബർ ഡിസംബർ ലക്കം
കവർ : പോൾ ഗോഗിന്റെ പെയിൻ്റിംഗ് 90 പുറങ്ങൾ

‘എഴുത്തുകാരോട്, കലാപ്രവർത്തകരോട്, ബുദ്ധിജീവികളോട് ‘ – എന്ന പേരിൽ, ഉള്ളടക്ക പേജ് കഴിഞ്ഞ് രണ്ട് പേജിലുള്ള കുറിപ്പോടുകൂടിയാണ് തുടക്കം:
അമേരിക്കൻ ചാരസംഘടന പത്തുകോടി രൂപ ചെലവഴിച്ച് കമ്യൂണിസ്റ്റ് വിരുദ്ധവിമോചനവിശുദ്ധ സമരം സംഘടിപ്പിച്ചതിൻ്റെ തുടർച്ചയാണ് ഇന്നത്തെ സാമ്പത്തിക അധിനിവേശം എന്നു ചൂണ്ടിക്കാട്ടുന്നു.അമേരിക്കൻ ചാരസംഘടനയുടെ പണം അറിഞ്ഞും അറിയാതെയും ഇന്ത്യൻ ബുദ്ധിജീവിയുടെ സ്വകാര്യ ജീവിതത്തിലേക്കു കയറിവരുന്നു.അയാൾ സാമ്പത്തികചങ്ങലയുടെ ബന്ധനത്തിലിരുന്നുകൊണ്ട്, സാമ്പത്തികഅധിനിവേശമൊഴികെ മറ്റെല്ലാറ്റിനെയും കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്യുന്നു.അധിനിവേശം സമ്പൂർണ്ണമായിക്കൊണ്ടിരിക്കുന്നു…
“ലോകബാങ്കിന്റെ രൂപത്തിൽ, വർഗ്ഗീയ-വംശീയ സംഘങ്ങളുടെ രൂപത്തിൽ, വിഘടനയുദ്ധപ്രസ്ഥാനങ്ങളുടെ രൂപത്തിൽ, മത-ജാതിസ്ഥാപനങ്ങളുടെ രൂപത്തിൽ, സർക്കാരേതര സന്നദ്ധ സംഘങ്ങളുടെ രൂപത്തിൽ, മനുഷ്യാവകാശ സംഘടനകളുടെ രൂപത്തിൽ, വിഷമദ്യ വില്പന സ്ഥാപനത്തിൻ്റെ രൂപത്തിൽ, കള്ളനോട്ടു-കള്ളപ്പണ സംഘങ്ങളുടെ രൂപത്തിൽ, ആൾദൈവ സാമ്രാജ്യ ങ്ങളുടെ രൂപത്തിൽ, അധോലോക സാമ്രാജ്യങ്ങളുടെ രൂപത്തിൽ, മാധ്യമസാമ്രാജ്യങ്ങളുടെ രൂപത്തിൽ,അധിനിവേശത്തിൻ്റെ ഏജൻസികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നാല്പതു വർഷത്തിനു മുമ്പുള്ള പത്തു കോടി സഹസ്രകോടികളായി മാറിയിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ പ്രതിസന്ധി അധിനിവേശത്തിൻ്റേതാണ്. അധിനിവേശത്തിൻ്റെ സാമ്പത്തികക്കിടങ്ങുകളിൽ നിന്നു പിടിച്ചുകയറാനുള്ള ബുദ്ധിശേഷി ഇന്ത്യൻ ബുദ്ധിജീവിക്കുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു….. പാരതന്ത്ര്യത്തെ ആരും ജീവിതത്തിലേക്കു സ്വാഗതം ചെയ്യുന്നില്ല. അതു കൊണ്ട് സ്വയമാഗ്രഹിക്കാതെ ജീവിതത്തെ വളഞ്ഞുവച്ച സാമ്പത്തിക പാരതന്ത്ര്യത്തിൻ്റെ ചങ്ങലകളെ നിഷേധിച്ചേ മതിയാവൂ…”
അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ നമുക്കൊരു നാവുണ്ടെന്ന് തെളിയിക്കണമെന്നും അതൊഴിച്ച് മറ്റെല്ലാറ്റിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന ജനത അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു എന്നു പ്രഖ്യാപിക്കുക എന്നും പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുന്നു. പത്രാധിപസമിതിയുടെ പേരിലാണ് കുറിപ്പ്.
ശീമത്തമ്പുരാൻ്റെ ദേഹണ്ഡക്കാർ – എസ്.സുധീഷിൻ്റെ ലേഖനം തുടർന്നു കാണാം:
“പാഠം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ പാഠത്തിന്റെ വരവറിയിച്ചുകൊണ്ട് ഭയപൂർണ്ണമായ ആക്രോശങ്ങൾ പുറപ്പെടുവിച്ച മെഴ്സിനറി-ബുദ്ധിജീവിസംഘം പാഠം ആദ്യലക്കം പുറത്തിറങ്ങിയതോടെ സംഭ്രാന്തമായ ജീവൻരക്ഷാപ്രവർത്തനങ്ങൾ നടത്തി ക്കൊണ്ടിരിക്കുകയാണ്.” ഇങ്ങനെയാണ് ആരംഭിക്കുന്നത്.പാഠം പുറത്തിറങ്ങുന്ന വാർത്ത കേട്ട് പ്രകോപിതനായി കമ്യൂണിസ്റ്റ് വിരുദ്ധപ്രസംഗം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് എം. വി.ദേവൻ വയലാർ അവാർഡ് കൊണ്ട് എറിഞ്ഞു വീഴ്ത്തപ്പെട്ടത്.അങ്ങനെ അദ്ദേഹത്തിന് മാനസാന്തരമുണ്ടായി, താൻ കമ്യൂണിസ്റ്റ് വിരുദ്ധനല്ല വേണ്ടിവന്നാൽ കമ്മ്യൂണിസ്റ്റുകാരൻ ആവാൻ പോലും മടിക്കാത്ത പാമരനാം പാട്ടുകാരൻ മാത്രമാണെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. അവാർഡിനു വേണ്ടി മാനസാന്തരപ്പെടുന്നതിന് ഒരാഴ്ച മുമ്പ് വീരേന്ദ്രകുമാരന്റെ അധീനതയിലുള്ള മാതൃഭൂമി വാരികയിൽ ദേവനും അനന്തരതലമുറക്കാരനും പാഠത്തിന്റെ പത്രാധിപർ എം. എൻ. വിജയന് എതിരെ നടത്തിയ ശകാരവർഷ പ്രവർത്തനം ഇവിടെ ഓർമിക്കുന്നു. ഒരു ശരാശരി ചിത്രകാരനായ എം.വി.ദേവനും വിശ്വചിത്രകാരൻ ആകാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹവും തമ്മിലുള്ള വൈരുദ്ധ്യം പിന്നീട് ചൂണ്ടിക്കാണിക്കുന്നു എം. ഗോവിന്ദൻ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവിയെ കൊണ്ട് മലയാളത്തിന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല എന്ന് തുടർന്ന് കൂട്ടിച്ചേർക്കുന്നു. ലേഖനത്തിലെ തുടർന്നുള്ള ഭാഗങ്ങളിൽ നിന്നും:
“എൻകൗണ്ടർ എന്ന അഭിജാത കലാസാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്ന സ്റ്റീഫൻ സ്പെൻഡർക്ക് കമ്മ്യൂണിസ്റ്റു ഭരണക്രമങ്ങളെ കുറിച്ച് വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു.പക്ഷെ സി.ഐ.എ.യുടെ ചോര പുരണ്ട പണമാണ് എൻകൗണ്ടറിന് പ്രവർത്തിപ്പിക്കുന്നതെന്ന് ബോധ്യമായ നിമിഷത്തിൽ സ്പെൻഡർ എൻകൗണ്ടറിന്റെ പത്രാധിപസ്ഥാനം രാജിവച്ചു. ഫാസിസ്റ്റ് ചാര സംഘടനയുടെ ഉപകരണമായി തീരാൻ വിസമ്മതിച്ച കവിയും ചിന്തകനുമായ സ്പെൻഡർ ഫാസിസത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെയുള്ള വിമർശനം ഉപേക്ഷിച്ചില്ല. ഒരിക്കൽ കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു എന്നതുകൊണ്ട് സ്വയം വഞ്ചനയ്ക്കു പരിധികൾ നിശ്ചയിക്കാൻ കഴിയുമായിരുന്നു.”
‘’റസലും ഓർവലും ഹോവാർഡ് ഫാസ്റ്റും സ്പെൻഡറും പാസും മിലൻ കുന്ദേരയുമെല്ലാമടങ്ങുന്ന ബുദ്ധിജീവി സമൂഹം വിവിധ വീക്ഷണതലങ്ങളിൽ നിന്നുകൊണ്ട് കമ്മ്യൂണിസത്തിന്റെ തത്വത്തെയും പ്രയോഗത്തെയും ആക്രമിക്കുകയുണ്ടായി. ഈ വിമർശനത്തിൽ ആത്മനിഷ്ഠതയുടെ വലിയ ദ്വാരങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ അതിൽ വസ്തുനിഷ്ഠതയുടെ മുള്ളുകൾ ഉണ്ടായിരുന്നു എന്നത് വിസ്മരിച്ചുകൂടാ. വിമർശനങ്ങളെ ബുദ്ധിപൂർവ്വം നേരിടുവാനും പ്രയോജനപ്പെടുത്തുവാനും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തയ്യാറായില്ല. വിമർശനമല്ല, നിശബ്ദതയാണ് ബുദ്ധിജീവികളിൽ നിന്ന് പല കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ആവശ്യപ്പെട്ടത്.ഇതുമൂലം ബുദ്ധിജീവികളുടെ അസംതൃപ്തിയെയും രോഷത്തെയും മുതലെടുത്തുകൊണ്ട് കമ്മ്യൂണിസത്തിനെതിരെ ഒരു സാംസ്കാരിക അക്രമവ്യൂഹം നിർമ്മിക്കുവാൻ ഫാസിസ്റ്റ് ചാരസംഘടനയ്ക്ക് കഴിഞ്ഞു. ബുദ്ധിജീവികൾ പലരും അവർ അറിയാതെയും ചിലർ സ്വയം അറിഞ്ഞും ഫാസിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിന്റെ തടവുകാരും ഉപകരണങ്ങളുമായി മാറി. അവരുടെ വിമർശനത്തിൻ്റെ അയഥാർത്ഥതയിൽ നിന്ന് അവർക്ക് ലഭിച്ച ശിക്ഷയാണ് ഇത്. “
“കമ്മ്യൂണിസ്റ്റ് ഭരണ സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഏത് ശബ്ദത്തെയും ഫാസിസ്റ്റുകൾ അവർക്ക് അനുകൂലമായി ഉപയോഗിക്കുന്നത് കൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണസ്ഥാപനങ്ങളെ വിമർശനത്തിന്റെ അസൗകര്യഅവസ്ഥയിൽ നിന്ന് സംരക്ഷിച്ചു നിർത്തണമെന്ന് അർത്ഥമില്ല. ഫാസിസ്റ്റുകൾ കമ്മ്യൂണിസ്റ്റ് സ്ഥാപനത്തെ ആക്രമിക്കുന്നു എന്നുള്ളതുകൊണ്ട് സ്ഥാപനത്തിൻ്റെ പൊള്ളത്തരങ്ങൾക്കെതിരെ വിമർശനം പാടില്ല എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല. വിമർശകൻ ഫാസിസത്തിന്റെ ഉപകരണമായി തീരുന്നതിൽ നിന്ന് അവനവനെത്തന്നെ ജാഗ്രതയോടെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് വേണം വിമർശനം നടത്തേണ്ടത് എന്നാണ് ഇതിന്റെ അർത്ഥം. പാസ്റ്റർനാക്കും സോൾഷെനിറ്റ്സിനും തർക്കോവ്സ്കിയും യെവ്തുഷെങ്കോയും നടത്തിയ വിമർശനങ്ങളിൽ പിഴവുകളുണ്ടായിരുന്നു എന്നും ആ പിഴവുകൾ വലിയ ദുരന്തങ്ങൾക്കുള്ള വാതിലുകൾ ആയിരുന്നു എന്നും ഇന്ന് യെവ്തുഷെങ്കോ സമ്മതിക്കുന്നുണ്ട്. ഈ വസ്തുത അംഗീകരിക്കുമ്പോൾ തന്നെ പാസ്റ്റർനാക്കു മുതൽ യെവ്തുഷെങ്കോ വരെ ഉള്ള ബുദ്ധിജീവികൾ ഒരു വലിയ ചരിത്രവിപത്തിനെ സ്വന്തം രാജ്യത്തിലേക്ക് വിളിച്ചുവരുത്തുന്നതിന് കാരണക്കാരായി തീർന്നത് എന്തുകൊണ്ട് എന്ന് കമ്മ്യൂണിസ്റ്റ് ഭരണ സ്ഥാപനങ്ങളും ചിന്തിക്കേണ്ടതുണ്ട്. തന്നെത്തന്നെ വസ്തുനിഷ്ഠമായി നോക്കി കാണുക എന്ന ക്ലേശകരമായ അഭ്യാസമാണ് സ്വയം വിമർശനം. സ്വയം വിമർശനത്തിന് കമ്മ്യൂണിസ്റ്റ് ഭരണസ്ഥാപനവും അതിൻ്റെ വിമർശകരും ഒരുപോലെ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല എങ്കിൽ ഫാസിസത്തിന്റെ ഇരുണ്ട ശക്തികൾ അവസരം മുതലെടുക്കും എന്നാണ് തകർന്നുവീണ കമ്മ്യൂണിസ്റ്റ് നാഗരികതയുടെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നത്.കമ്മ്യൂണിസത്തിന്റെ വിമർശകൻ കമ്മ്യൂണിസ്റ്റ് മാനവികനാഗരികതയെയും ജനാധിപത്യക്രിയയെയും സംരക്ഷിക്കുവാൻ വേണ്ടിയാണ്, ഫാസിസത്തിന് വാതിൽ തുറന്നു കൊടുക്കുവാൻ വേണ്ടിയല്ല വിമർശന പ്രവർത്തനം നടത്തേണ്ടന്നത് എന്നാണ് റസലും യെവ്തുഷെങ്കോയും അവരുടെ പരാജയങ്ങളിലൂടെ വിളിച്ചു പറയുന്നത്.”
“ഗൂഢവും നിയമവിരുദ്ധവും പരോക്ഷവുമായ വഴികളിലൂടെ, വിവിധ തരം മുഖം മൂടികൾക്കു പിന്നിലുടെ അമേരിക്കൻ പണം വിവിധ ഫണ്ടിംഗ് ഏജൻസികൾ വഴിയായി ഇന്ത്യയിലേ ക്കു പ്രവഹിക്കുന്നു. ശതകോടിക്കണക്കിന് ഡോളർ, ആത്മീയ സ്ഥാപനങ്ങളുടെയും, സാംസ്ക്കാരികസംഘ ങ്ങളുടെയും, പരിസ്ഥിതി-ജീവകാരുണ്യ സംഘങ്ങളുടെയും, വംശീയ-രാഷ്ട്രീയ-വിഘടന ഗ്രൂപ്പുകളുടെയും, മനുഷ്യാവകാശ- സന്മാർഗ്ഗ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് ഒഴുകിവരുന്നുണ്ട്. പകരം ഇന്ത്യയുടെ സമ്പദ്ഘടനയെ വഞ്ചിക്കുന്ന, ആയുധ വ്യാപാരത്തിൻ്റെയും, മയക്കുമരുന്നു വ്യാപാരത്തിൻ്റെയും, കള്ളക്കടത്തു വ്യാപാരത്തിന്റെറെയും, കള്ളനോട്ടുവ്യാ പാരത്തിന്റെയും, ലൈംഗികവ്യാപാര ത്തിന്റെയും ഒരു കറുത്ത സമാന്തര സമ്പദ്ഘടന ഇന്ത്യയിൽ രൂപപ്പെടു ത്താൻ അമേരിക്കൻ ചാരസംഘടന ശ്രമിക്കുന്നു.”
“ബാബ്റിമസ്ജിദിനു മേൽ നടന്ന ആക്രമണത്തിൻ്റെ സന്ദർഭത്തിൽ ഇന്ത്യൻ ഭരണകൂടത്തിൻ്റെ നാലു തൂണുകളും, പ്രാകൃതവർഗ്ഗീയതയുടെ തല്ലേറ്റുതകരുന്നതു നാം കണ്ടു.ബാബ്റി മസ്ജിദ് തകർക്കാൻ മുന്നിട്ടിറങ്ങിയ സന്യാസി സംഘത്തിൻ്റെ തലവൻ അമേരിക്കൻ പ്രസിഡൻ്റിന് എഴുതിയ പ്രാർത്ഥനാസന്ദേശത്തിൻ്റെ പകർപ്പ് വർഷങ്ങൾക്കുമുൻപ് ഫ്രണ്ട്ലൈൻ വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അമേരിക്കൻ രാഷ്ട്രത്തലവൻ ഞങ്ങളുടെ ശ്രീകൃഷ് ണഭഗവാനാണ്, ഞങ്ങൾക്ക് ധനസമൃദ്ധിയുടെ വരം തരുന്ന ആളാണ് എന്നാണ് സന്യാസിവര്യൻ പ്രാർത്ഥനാപത്രത്തിൽ പ്രസ്താവിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തെ ഭൂരിപക്ഷമതഭ്രാന്തിന്റെയും, ന്യൂനപക്ഷ മതഭ്രാ ന്തിന്റെയും ഭക്തിമാർഗ്ഗത്തിലൂടെ അസ്ഥിരീകരിക്കുവാൻ, അമേരിക്കൻ സാമ്രാജ്യത്വം പണമൊഴുക്കുന്നു
എന്നതിനുള്ള വ്യക്തമായ തെളിവ് എന്ന നിലയിൽ ഈ കത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. മലയാളത്തിൻ്റെ അത്ഭുതരോമാഞ്ചമായ കമലാസുരയ്യ മുഹമ്മദിൽ ശ്രീകൃഷ്ണ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് എത്രയോ മുമ്പാണ് സന്യാസിവര്യൻ, അമേരിക്കൻ പ്രസിഡൻ്റിൽ ശ്രീകൃഷ്ണസാന്നിദ്ധ്യം ദർശിച്ചത്. കുചേലൻ്റെ കുടിലിനെ നിമിഷാർദ്ധം കൊണ്ട് സമ്പദ് സമൃദ്ധിയുടെ പടുകൂറ്റൻ കൊട്ടാരമാക്കി പരിവർത്തിപ്പിക്കാൻ കഴിവുള്ള അത്ഭുതസിദ്ധിയെ ആണ് നാം ശ്രീകൃഷ്ണൻ എന്നു വിളിക്കുന്നത്. സർപ്പക്കാവിൻ്റെ പ്രാകൃതഭക്തി ശീലമുള്ള ദരിദ്രഗ്രാമത്തെ നിമിഷാർദ്ധം കൊണ്ട് സമൃദ്ധിയുടെ അമൃതാനന്ദനഗരമാക്കി പരിവർത്തിപ്പിക്കാൻ ശേഷിയുള്ള ഭഗവാൻ ഇപ്പോഴും ചരിത്രത്തിലുണ്ട്. മോണിക്കയുടെ നാഥനായ ബിൽക്ലിൻ്റണിൽ ആ ഭഗവാൻ്റെ സാന്നിദ്ധ്യമുണ്ടെന്നു കർസേവകനായ സന്യാസിവര്യൻ പറയുന്നു. ബിൻലാദനിൽ ആ ഭഗവാൻ്റെ ഓടക്കുഴൽ സംഗീതമുണ്ടെന്ന് പർദ്ദയിട്ട് സുറുമയെഴുതിയ കണ്ണുകളുമായി നില്ക്കുന്ന ലോകസേവകയായ കവയിത്രി കാണുന്നു.”
“കുമാരനാശാന്റെ കവിതയുടെ ബൗദ്ധ രാഷ്ട്രീയ പരിസരത്തെ ചർച്ച ചെയ്തുകൊണ്ടുള്ള ഒരു ലേഖനം കായിക്കരയിലെ ആശാൻ സ്മാരക സമിതി ഇൻ്റർനെറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ലേഖനം പുറത്തുവന്ന് കുറെനാൾ കഴിയുമ്പോൾ അമേരിക്കയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്ത ഒരു ബുദ്ധമതസംഘടന കായിക്കരയിൽ ഒരു ബൗദ്ധക്ഷേത്രം പണികഴിപ്പിക്കുകയും, ആശാനെ ബൗദ്ധവല്ക്കരിക്കുകയും ചെയ്യുകയാണെങ്കിൽ ഒന്നേകാൽ കോടിരൂപ ധനസഹായം നല്കാൻ കഴിയുമെന്നറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ സ്മാരകസമിതിക്ക് നല്കുകയുണ്ടായി. മതപരിവർത്തനം വിമോചന മാർഗ്ഗമല്ല എന്ന് ഉറച്ചുവിശ്വസിച്ചിരുന്നതു കൊണ്ട് എല്ലാ മതപരിവർത്തനവാദങ്ങളെയും ആശാൻ എതിർത്തിരുന്നു. അതുകൊണ്ട് മരിച്ചുപോയ കവിയെ അദ്ദേഹത്തിൻ്റെ അനുവാദം കൂടാതെ ബുദ്ധമതത്തിലേക്ക് പരിവർത്തിപ്പിച്ച് പണം ഉണ്ടാക്കുന്നത് ശരിയല്ല എന്ന് സ്മാരക സമിതി തീരുമാനിച്ചു. അപ്പോഴാണ് ജീവിച്ചിരിക്കുന്ന മദ്ധ്യവയസ്ക്കനായ ഒരു കവി ബുദ്ധമതത്തിലേക്കു പറയത്തക്ക കാരണങ്ങളൊന്നുമില്ലാതെ പരിവർത്തനം ചെയ്യാൻ തീരുമാനിച്ചതായി അറിഞ്ഞത്. ഏതാണ്ട് ഇതേ സമയത്തു തന്നെ മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റ് ഇസ്ലാമിൽ നിന്നുപരിവർത്തനം ചെയ്ത് ഹിന്ദുകർസേവകനായിത്തീരാൻ തീരുമാനമെടുത്തു. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ കവിയെ വൻതുകമുടക്കി മതപരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ നടക്കുമ്പോഴാണ് മലയാളത്തിലെ അരുമബുദ്ധിജീവികളിൽ ചിലർ മതപരിവർത്തനത്തിനു തയ്യാറായത് എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. മതപരിവർത്തനത്തിനു അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ട്, എങ്കിലും, ഏതു മതപരിവർത്തനത്തിന്റെയും പിന്നിൽ സ്വകാര്യതാബദ്ധമായ ഭൗതികപ്രേരണകൾ കാര്യമായി പ്രവർത്തിക്കുന്നുണ്ട്. മത പരിവർത്തനപ്രചാരണത്തിനായി ഇന്ത്യയിൽ കോടികൾ ചെലവഴിക്കപ്പെടുന്നു. സാമ്പത്തിക പ്രലോഭനത്തിൻ്റെ വാക്കും പ്രയോഗവും തന്നെയാണ് മതപരിവർത്തനപദ്ധതിയുടെ ഊർജ്ജരഹസ്യം.”
“മതമോ, മതപരിവർത്തനമോ സമൂഹത്തിൻ്റെ ഒരു പ്രശ്നത്തിനും പരിഹാരമാവുന്നില്ല എന്ന വസ്തുത ഉൾക്കൊള്ളാനാവാത്ത തരത്തിൽ മലയാളത്തിലെ എഴുത്തുകാർക്ക് ബുദ്ധിശോഷണം സംഭവിച്ചിട്ടില്ല. എല്ലാമതങ്ങളും ചീത്തയാണ് എന്നുതെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഒരു മതം മറ്റൊരു മതത്തേക്കാൾ മെച്ചമാ ണെന്നു കരുതാൻ വേണ്ടുന്ന മൗഢ്യം മലയാളത്തിലെ ഒരു ബുദ്ധിജീവിക്കുമില്ല. ബോസ്നിയയിൽ, കൊലച്ചോരയുടെ ചൂടാറാത്ത പുരുഷശവശരീരങ്ങൾക്കുമുകളിൽ കിടത്തി മുസ്ലീംസ്ത്രീ ബലാൽസംഗം ചെയ്ത ക്രിസ്ത്യൻ വീരഭടന്മാരും, നാടകം കളിച്ചു പോയ പാപത്തിന് പ്രവാസിമലയാളിയുടെ കഴുത്തു മുറിക്കണമെന്നു വാദിക്കുന്ന താലിബാൻ ഗോപകന്യകമാരും, ശ്രീലങ്കൻ തമിഴൻ്റെ മാംസത്തിനു പച്ചക്കരിമ്പിൻ്റെ രുചിയുണ്ടെന്നു പ്രഖ്യാപിച്ച ബൗദ്ധസിംഹങ്ങളും, കമ്യൂണിസ്റ്റുകാരന്റെയും, ദളിതന്റെയും ചോരകൊണ്ടു ചുണ്ടുനനയ്ക്കുന്ന രണവീരസംഘപരിവാരവും, ഹൃദയ ശൂന്യതയുടെ കൊടിമുടിത്തുമ്പിൽ സ്വന്തം പതാക പാറിക്കാൻ ജീവന്മരണ സമരത്തിലേർപ്പെട്ടിരിക്കുന്ന കാലത്ത് മലയാളി-ബുദ്ധിജീവികൾ നടത്തിയ പരിവർത്തന മരംകയറ്റമത്സരം, നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ഭീകരാനുഭവമാണ്. സാഹിത്യകാരന്മാർ സാഹസികന്മാരും ഭയങ്ക രന്മാരുമാണെന്നു പറഞ്ഞ ചങ്ങമ്പുഴയ്ക്ക്, ആധുനിക സാഹിത്യകാരൻ്റെ ഭയങ്കരത്വത്തിന്റെ അഗാധത സങ്കല്പ്പിക്കാൻ കഴിയുമായിരുന്നില്ല. ആത്മവഞ്ചനയുടെ പാതാളം എന്നൊരു നിർവ്വചനം ആധുനികോത്തര ബുദ്ധിജീവികൾക്കവകാശപ്പെട്ടതാണ് എന്ന് മതപരി വർത്തനത്തിൻ്റെ പുതുനന്മയിൽ അധിവസിക്കുന്ന ഭയങ്കരന്മാരും ഭയങ്കരികളും നമ്മെ ഓർമ്മിപ്പിക്കുന്നു.”
“ബോറിസ്പാസ്റ്റർ നാക്കു മുതൽ താർക്കോവ്സ്ക്കി വരെയുള്ള കലാകാരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു മുറിവുപറ്റുമ്പോൾ മലയാളത്തിലെ മെഴ്സിനറി പ്രതിഷേധിച്ചു നിലവിളിച്ചിട്ടുണ്ട്. പക്ഷേ അന്തോണിയോ ഗ്രാംഷി എന്ന എഴുത്തുകാരനെക്കുറിച്ച് മെഴിസിനറിക്ക് ഒന്നുമറി യില്ല. പാബ്ളോനെരൂദയും, ബഞ്ചമിൻ മൊളയ്സും, സരോവീവയും വധിക്കപ്പെട്ടപ്പോൾ, വിശാലഹ്യൂമനിസത്തിൻ്റെ അമേരിക്കൻ വെടിയുണ്ടയേറ്റാണ് അവർ മരിച്ചത് എന്നതുകൊണ്ട്, ആവിഷ്ക്കാരസ്വാതന്ത്ര്യത്തിൻ്റെ ഒരു പ്രശ്നവും ആ കൊലപാതകങ്ങളിൽ അന്തർഭവിച്ചിട്ടുള്ളതായി മെഴ്സിനറികൾക്കു കണ്ടെത്താനായില്ല. നാടകം കളിച്ചതിൻ്റെ പേരിൽ കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളികളുടെ ജീവൻ രക്ഷിക്കാൻ ഒരു ഹ്യൂമനിസ്റ്റ് മെഴ്സിനറിയും നാവുപൊന്തിച്ചു കണ്ടില്ല. സഫ്ദർഹശ്മി എന്ന നാടക കലാകാരനെ നടുറോഡിലിട്ട് പട്ടിയെ വെട്ടിക്കൊല്ലുന്നതുപോലെ വെട്ടിക്കൊന്നപ്പോൾ ഒരു മെഴ്സിനറി ഹ്യൂമനിസ്റ്റിൻ്റെയും ഹൃദയം നിലവിളിച്ചില്ല. അപ്പോൾ അയാൾ, ആ മെഴ്സിനറി, പരുപരുത്ത നാവുകൊണ്ട് ശീമത്തമ്പുരാൻ്റെ പാദചർമ്മത്തിനുമേൽ ദാസ്യവേലചെയ്യുകയായിരുന്നു. താർക്കോവ്സ്കിയുടെയും യെവ്തുഷെങ്കോയുടെയും സങ്കടങ്ങൾക്ക് അറുതി അന്വേഷിച്ചു കൊണ്ട് ശീമത്തമ്പുരാൻ്റെ സുഖഞരമ്പുകളിൽ ധാന്വന്തരക്കുഴമ്പ് അമർത്തിത്തിരുമ്മുകയാ യിരുന്നു.”
‘’കമ്യൂണിസത്തിൻ്റെ വൻകര കടലെടുത്തുപോയി എന്നതുവസ്തുതയാണ്. നമ്മുടെ നിലനില്പിന്റെ കൊച്ചുതുരുത്തും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കിലും നിശ്ചയദാർഢ്യത്തിന്റെ ശിരസ്സും, പ്രത്യാശയുടെ പ്രവചനവും അടിയറവയ്ക്കുവാൻ കമ്യൂണിസ്റ്റുകാർ തയ്യാറല്ല. വഞ്ചിക്കപ്പെട്ട ഒരു ഭാവുകത്വമാണ് നാം എന്നാണ് പുരോഗമനകലാകാരൻ ലോകത്തോട് വിളിച്ചു പറയുന്നത് “
‘’ആക്രമണശക്തിയുള്ള കൂറ്റൻ അച്ചടിയന്ത്രങ്ങളും, ഇലക്ട്രോണിക് മാധ്യമസങ്കേതവും, അധിനിവേശത്തിൻ്റെ ഉപകരണങ്ങളാണ്. അതെ, മാദ്ധ്യമയന്ത്രം നിങ്ങളുടേതാണ്. എന്നാൽ ചരിത്രത്തിൻ്റെ ചുവരുകളും ചൂണ്ടുപലകകളും ഞങ്ങളുടേതാണ്. അവിടെ, മുറിച്ചെടുത്ത പെരുവിരലിൻ്റെ രക്തം കൊണ്ടു ഞങ്ങൾ എഴുതുന്ന മനുഷ്യകഥയാണ് കാലത്തിൻ്റെ കല.”
‘ജയലഴികൾ കടന്ന് ഒരു മരണവാറണ്ട് ‘(എസ്.അജയകുമാർ) എന്ന ലേഖനം, മനുഷ്യാവകാശത്തിൻ്റെ ഗീതങ്ങൾ നീട്ടിപ്പാടുന്ന അമേരിക്കൻ തടവറയിൽ പതിനെട്ടു വർഷമായി മരണം കാത്ത് കഴിയുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയും കറുത്തവർഗ്ഗക്കാരുടെ വിമോചക പ്രവാചകനുമായ മുമിയ അബൂജ മാലിനെപ്പറ്റിയുള്ളതാണ്. ബ്ലാക്ക് പാന്തർ പാർട്ടിയുടെ വക്താവും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായ മുമിയയെ അതു കൊണ്ട് തന്നെ ജയിലിലാകുകയും 1981 മുതൽ വിചാരണ കാത്ത് ജയിലിൽ കിടക്കുകയും ചെയ്യുന്നു. ജയിലിൽ വച്ച് വധിക്കാൻ പല തവണ ശ്രമിക്കുന്നു. 1995-ലെ മരണവാറണ്ടിനെതിരെ വെളുത്തവരും കറുത്തവരും ഒന്നിച്ച് അണിനിരന്നപ്പോൾ അമേരിക്കൻ ഭരണകൂടത്തിന് അടിയറവ് പറയേണ്ടി വന്നു.
വി.വി.ഷാജുവിൻ്റെ ‘അനുഭവം ‘ എന്ന നിലയിലുള്ള കുറിപ്പ് അതിനെ തുടർന്നുണ്ട്. എറിത്രയിൽ നിന്നുമുള്ള കത്ത് എന്ന നിലയിൽ എഴുതിയിരിക്കുന്നു.:
“മൂക്കൊലിപ്പുപിടിച്ച വാക്കുകൾകൊണ്ട് അനുനാസികം ചീറ്റിത്തെറിപ്പിക്കുന്ന ഇന്ത്യൻ കവികൾക്ക് എറിത്രിയ പീഠഭൂമികളും ചെങ്കടലും പനിച്ചുതുള്ളുന്ന വരണ്ട രാജ്യമാണ്. ഞങ്ങൾ, ഏറിത്രിയക്കാർക്ക് വാക്കുകൾ, ചരിത്രം കിളച്ചു മറിക്കാനുള്ള പിക്കാസാണ്. വാക്കിൻ്റെ വക്കുകളിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് പ്രൗഢവിമർശകർ കണ്ടെത്തി പറഞ്ഞുതരേണ്ടതില്ല ഞങ്ങൾക്ക്.”
ഇങ്ങനെ തുടങ്ങി
“ഞങ്ങൾ എറിത്രിയ ക്കാർക്ക് പ്രണയം പല്ലിന്റെയും നഖത്തിൻ്റെയും അനുഭവമാണ്. അഹംബോധമില്ലാത്ത ഹിംസ. ജയം കൊതിക്കാത്ത യുദ്ധം” ഇങ്ങനെ അവസാനിക്കുന്നു.
‘’ഇൻക്വിസിഷൻ്റെ ആധുനിക മുഖം”- ഡോ.ജെ.ജെ.പള്ളത്തിനെതിരെയുള്ള ഈശോസഭാധികാരികളുടെ നടപടി ‘(കെ.ജെ.തങ്കച്ചൻ ) എന്ന ലേഖനത്തിൽ നിന്നും:
“സോവിയറ്റു യൂനിയനിലും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂട ങ്ങളുടെ തകർച്ച അമേരിക്കൻ ശാക്തികച്ചേരിയുടെ ഏകപക്ഷീയമായ ആധിപത്യത്തിലേക്കും, ആഗോള വത്കരണത്തിലേക്കും നയിച്ചു. വത്തിക്കാൻ അമേരിക്കൻ കൂട്ടുകെട്ട്, ലാറ്റിൻ അമേരി ക്കയിലടക്കമുള്ള മൂന്നാം ലോകരാജ്യ ങ്ങളിൽ ഒന്നിച്ചപ്പോൾ, സഭയ്ക്കുള്ളിലെ വിമോച നാശയങ്ങളെയും പോരാട്ടങ്ങളെയും തച്ചുതകർക്കുന്നതിൽ വിജയം കണ്ടു. കർദ്ദിനാൾ റാറ്റ്സിംഗറുടെ നേതൃത്വത്തിൽ റോമൻ കൂരിയ നടത്തിയ നടപടികൾ മതപീഡനത്തിൻ്റെ ആധുനിക മുഖം കാണിച്ചു തരുന്നു.”
‘ഇതു ജനാധിപത്യമല്ല’ (രാഘവൻപയ്യനാട്):
ഇന്ത്യയിൽ ഭരണകൂടത്തെ സൃഷ്ടിക്കാനുള്ള ജനാധിപത്യത്തിന്റേതാണെങ്കിലും ഭരണ നിർവഹണത്തിൻ്റെ പാത ഇന്നും കൊളോണിയലിസത്തിൻ്റേതു തന്നെയാണ്. അതുകൊണ്ടാണ് ആഫീസുകളുടെ ഇടനാഴികൾ ഇരുണ്ടതായിത്തീരുന്നത്. അതു വിശാലവും സുതാര്യവും സ്വതന്ത്രവും ജനപക്ഷത്ത് നില്കുന്നതുമായിത്തീരുമ്പോൾ മാത്രമേ ജനാധിപത്യത്തിന്റെ മാധുര്യം ജനങ്ങളിലെത്തുകയുള്ളു. “
‘സാഹിത്യത്തിലെ ജനാധിപത്യവൽക്കരണവും വരേണ്യതാല്പര്യങ്ങളും ‘ (പി.വി.പ്രകാശ് ബാബു ):
“മലയാള സാഹിത്യചരിത്രത്തിൽ പുരോഗമനസാഹിത്യത്തോടുണ്ടായ എതിർപ്പിൻ്റെ മാറിയ മുഖമാണ് ഇന്ന് ദളിത് സാഹിത്യത്തിനും പെണ്ണെഴുത്തിനുമെതിരെ പ്രത്യ ക്ഷപ്പെടുന്നത്. പുരോഗമനസാഹിത്യത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവരുടെ പവിത്ര സംഘം ഇന്ന് പെണ്ണെഴു ത്തിനും ദളിതസാഹിത്യത്തിനുമെതിരെ വാളോങ്ങുന്നു. ശുദ്ധസാഹിത്യത്തെക്കുറിച്ചുള്ള വായ്ത്താരികൾ വീണ്ടും സാഹിത്യചർച്ചകളിൽ മുഴങ്ങുന്നു.”
“കൃതികളുടെ സാഹിത്യമൂല്യമോ ചരിത്രപരമായ പ്രസക്തിയോ അല്ല പ്രസാധകതന്ത്രങ്ങളാണ് യഥാർത്ഥത്തിൽ പുസ്തകങ്ങൾ ശ്രദ്ധേയമാ വുന്നതിൻ്റെ പിന്നിലെ ഘടകം. മറ്റെല്ലാ വിമോചനാശയങ്ങളെയും പോലെ ദളിത്-സ്ത്രീചിന്തകളെയും കമ്പോളം മനോഹരമായ ഒരുപഭോഗവസ്തുവാക്കി മാറ്റുന്നുണ്ട്. “
പുര കത്തുമ്പോൾ മുറുക്കാൻ ചെല്ലമെടുക്കുന്നവർ ( ഷൂബ കെ.എസ്.) – ഇതിൽ രണ്ടു തരം കർമ്മസിദ്ധാന്തത്തെക്കുറിച്ചു പറഞ്ഞു കൊണ്ട് മാരാരുടെ നിരൂപണത്തിലെ വൈരുധ്യങ്ങൾ വിവരിക്കുന്നു. മാരാരുടെ പാഞ്ചാലി വസ്ത്രാക്ഷേപരംഗനിരൂപണം വ്യവസ്ഥാനുകൂലമായ കർമ്മത്തെ ന്യായീകരിക്കുന്നു.ലീലാനിരൂപണം മറിച്ചാണ്. വ്യവസ്ഥാനിഷേധം അതിലുണ്ട്. ധർമ്മപുത്രരുടെ കർണ്ണവിദ്വേഷത്തിൻ്റെ വിപര്യം ചിരി ഉണ്ടാക്കുമെന്നു മാരാര് പറയുന്നു.പക്ഷെ ധർമ്മപുത്രരുടെ തിരിച്ചറിവ് വ്യക്തിപരമായതല്ല. യഥാർത്ഥ അവകാശികളെ പുറത്താക്കുന്ന ധർമ്മവ്യവസ്ഥയുടെ ഇരയാണ് താൻ എന്ന കണ്ടെത്തൽ ആണ് മഹാഭാരതത്തിൽ ഉള്ളതെന്നും അതിൽ മന്ദഹാസമല്ല, ഉഗ്രവ്യസനത്തിൻ്റെ തീച്ചൂളയിൽ നിന്നുമുള്ള ചിരിയാണുള്ളത് എന്നും വിശദീകരിക്കുന്നു. അകത്തുള്ള ആൾക്ക് പ്രസവവേദന മുറുകുകയും ഇല്ലത്തിന് തീപിടിക്കുകയും ഉണ്ണി കിണറ്റിൽ വീഴുകയും ഒരുമിച്ചുണ്ടാകുമ്പോൾ ‘’ ആട്ടെ ചെല്ലമിങ്ങോെട്ടെടുക്കു” എന്നു പറഞ്ഞ നമ്പൂതിരിയിൽ മന്ദഹാസം മാരാര് കാണുന്നുണ്ട്. അത്തരം രാഗദ്വേഷങ്ങളകന്ന കർമ്മവും ചിരിയും തത്വചിന്തയും സാഹിത്യ നിരൂപണവും വിമർശിക്കപ്പെടുന്നു, ലേഖനത്തിൽ.
ടെലിവിഷനിലെ മനുഷ്യരൂപങ്ങൾ (ജി. പി. രാമചന്ദ്രൻ):
“പ്രധാനമായും മനുഷ്യൻ എന്ന മൗലിക പ്രതിഭാസമാണ് ടെലിവിഷനിൽനിന്ന് നിഷ്ക്കാസിതമാവുന്നത്. ചായം തേച്ച മുഖകാന്തികളും കപടഗൗരവം നിറച്ച കൃത്രിമഭാഷണങ്ങളും തരാതരം പോലെ ഉടുപ്പൂരിയും അണിഞ്ഞും പ്രലോഭിപ്പിക്കുന്ന ശരീരങ്ങളും ആയി മാറിമറിയുന്ന വ്യാജപ്രതീതികളെയാണ് ടെലിവിഷനിലെ മനുഷ്യരൂപങ്ങളായി നാം പരിചയപ്പെടുന്നത്. “
ജനകീയാസൂത്രണം പാഠവും പ്രയോഗവും ( എ.പി. അഹമ്മദ്):
“മൂന്നുവർഷം മുമ്പ് ജനകീയാസൂത്രണം കേരളത്തിനു പരിചയപ്പെടുത്തിക്കൊണ്ടു ഡോ:തോമസ് ഐസക്ക് പ്രഖ്യാപിച്ചത് കോൺട്രാക്ട് രാജ് അവസാനിച്ചിരിക്കുന്നു എന്നാണ്. എന്നാൽ ഇന്ന് ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും കോൺട്രാക്ടർമാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. പണ്ടത്തെപ്പോലെ ഉദ്യോഗസ്ഥന്മാർക്കു മുഴുക്കെകൊടുത്തിരുന്ന കൈക്കൂലിക്കു പകരം ഒരു ജനപ്രതിനിധിക്ക് വിഹിതം കൊടുത്തു കഴിഞ്ഞാൽ കോൺട്രാക്ടർക്ക് എളുപ്പമായി. കടലാസ്സു പണികൾക്ക് പഴയ നൂലാമാലകളുമില്ല. ഗുണഭോക്തൃസമിതിയും കൺവീന റുമൊക്കെ പിന്നീട് കോൺട്രാക്ടറുടെ താല്പര്യപ്രകാരം രൂപം കൊള്ളും. കോൺട്രാക്ടർമാർക്കു വേണ്ടി രൂപം കൊള്ളുന്ന പ്രോജക്ടുകൾ തന്നെ പല പഞ്ചായത്തുകളിലുമുണ്ട്. ഗൾഫിൽ നിന്നു തിരിച്ചുവന്ന പുത്തൻ പണക്കാർ സുരക്ഷിതമായ ഒരു ജീവിതമാർഗമായി കോൺട്രാ ക്ടർമാരാവുന്ന കാഴ്ച്ച മലപ്പുറം ജില്ലയിൽ ഇന്ന് വ്യാപകമാണ്. കരാറു കാരുടെ പുതിയൊരു വർഗം പിറ ക്കുന്നു!”
‘’വാക്കുകളെപ്പോലെ വിമർശനത്തിലും പിശുക്കുകാണിക്കുന്ന എഴുത്തുകാരനാണ് എം.ടി.അദ്ദേഹത്തെപ്പോലും പ്രകോപിതനാക്കാൻ ജനകീയാസൂത്രണത്തിന് കഴിഞ്ഞിരിക്കുന്നു! ഫെബ്രുവരി 10 മുതൽ ഈ വർഷത്തെ തുഞ്ചൻ ഉത്സവം തിരൂരിൽ നടന്നു. ഉത്സവത്തിൻ്റെ ഉദ്ഘാടനത്തിലും സമാപനത്തിലും മലപ്പുറം ജില്ലാ പഞ്ചായത്തിനെ കാച്ചിക്കുറുക്കിയ പൊള്ളുന്ന ഭാഷയിൽ എം.ടി. വിമർശിച്ചു. ഫെബ്രുവരി 19,20 തിയ്യതികളിൽ മലപ്പുറത്ത് ജില്ലാപഞ്ചായത്ത് ഒരുക്കുന്ന കലാസാഹിത്യ ക്യാമ്പിന് രണ്ടു ലക്ഷം രൂപ നീക്കിവെച്ചതിനെയാണ് എം.ടി. പരിഹസി ച്ചത്. “രണ്ടു ദിവസം കൊണ്ടു രണ്ടു ലക്ഷം രൂപ ചെലവഴിച്ചു തീർക്കാനുള്ള സൂത്രം എനിക്ക് പിടികിട്ടി യിട്ടില്ല”. അദ്ദേഹം പറഞ്ഞു. ആഴ്ചകൾ നീളുന്ന തുഞ്ചൻ ഉത്സവങ്ങൾക്ക് ആയിരങ്ങൾ മാത്രമാണ് ചെല വെന്നും എം.ടി. സൂചിപ്പിച്ചു. പ്രതീക്ഷിച്ചതു പോലെ അഴിമതിയുടെ സർവകാല സാംസ്കാരികരേഖയായി ജില്ലാപഞ്ചായത്തിൻ്റെ സാഹിത്യ ക്യാമ്പ് സമാപിച്ചു. പങ്കെടുത്തവർക്കും ക്ലാസ്സെടുത്തവർക്കും സംഘടിപ്പി ക്കാൻ സഹായിച്ചവർക്കും പറയാനുള്ളത് ഞെട്ടിപ്പി ക്കുന്ന അഴിമതിക്കഥകൾ മാത്രം!”
“മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിൽ എത്രയോ കാലമായി അരങ്ങേറുന്ന ഒരു കാളപൂട്ട് മത്സരമുണ്ട്. ജില്ലയിലെ ഏറെ ജനപ്രിയമായ ഒരു കാർഷികോത്സമാണത്. ഒരു പൈസ പോലും ചെലവില്ലാതെ പതിറ്റാണ്ടുകളായി നടക്കുന്നതാണ്. കഴിഞ്ഞ വർഷം മുതൻ ജില്ലാപഞ്ചായത്തിൻ്റെ പ്രോജക്ടുകളിൽ ഈ കാളപൂട്ടും ഇടംനേടി. ഒന്നര
ലക്ഷം രൂപ കാളപൂട്ടു പാടത്ത് എങ്ങനെയാണ് കലക്കിയതെന്ന് പരിശോധിക്കാൻ എന്തുണ്ട് സംവിധാനം? മഞ്ചേരിയിൽ ഒരു ദേശീയ ചരിത്ര സാഹിത്യ സെമിനാർ നടത്തി ചരിത്രം കുറിക്കാനും മലപ്പുറം ജില്ലാ പഞ്ചായത്തിനു കഴിഞ്ഞു. ദേശീയ തലത്തിലെ ഒരു ചരിത്രകാരനോ സാഹിത്യകാരനോ പങ്കെടുക്കാത്ത, ജനപങ്കാളിത്തം ഒട്ടുമില്ലാതെ പോയ 10,000 രൂപ പോലും ചിലവാക്കാൻ കഴിയാത്ത ഈ പ്രോജക്ടിനു ചിലവ് 2.25 ലക്ഷം. ജില്ലാപഞ്ചായ ത്തിൻ്റെ പ്രമുഖ മെമ്പർമാരെല്ലാം കോൺട്രാക്ടർ മാരുടെ കൂറുകച്ചവടക്കാരാണെന്നത് അങ്ങാടിപ്പാ ട്ടാണ്. ആസൂത്രണ ഉദ്യോഗസ്ഥന്മാർക്കു പോലും ജില്ലാ പഞ്ചായത്തിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. തിരുവനന്തപുരത്ത് നേരിട്ടാണത്രെ ജില്ലയുടെ ഇടപാടുകൾ!”
‘’ചുരുക്കത്തിൽ യു.ഡി. എഫ് അധികാരത്തിൽ വന്നാൽ പോലും ജനകീയാസൂത്രണം പിൻവലിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഏറ്റവും താഴെ തട്ടിലെ ജനങ്ങളുടെ സമ്മർദ്ദം മൂലമാവില്ല അത്. രാഷ്ട്രീയ പ്രവർത്തകരും കോൺട്രാക്ടർ മാരും പഞ്ചായത്ത് അംഗങ്ങളു മായ ഇടത്തട്ടുകാരുടെ സമ്മർദ്ദം ജനകീയാസൂത്രണത്തെ ഇമ്മട്ടിൽ തന്നെ നിലനിർത്തും.”
ജാതി-മത വർഗ്ഗീയതയും ഇടതുരാഷ്ട്രീയവും (രാഷ്ട്രീയ ലേഖകൻ):
“പാർലമെൻ്ററി അധികാരം സർവ്വധനാൽ പ്രധാനം ആണ് എന്നൊരു വീക്ഷണം മാർസ്സിസം ലെനിനിസത്തിനില്ല. അതുകൊണ്ട് പാർലമെൻ്ററി അധികാരം പിടിച്ചെടു ക്കുന്നതിനുവേണ്ടി മാർക്സി സം-ലെനിനിസം തന്നെ ഉപേക്ഷിക്കണമെന്നു വാദിക്കുന്ന അടവുനയവാദികളുടെ അധികാരവികാരത്തോടു യോജിക്കുവാൻ മാർക്സിസ്റ്റുകൾക്കു ബുദ്ധിമുട്ടുണ്ട്.
വളരെ ദുർബ്ബലമായ ഇന്ത്യൻ ഭരണകൂടത്തിൻ്റെ അത്ര പ്രധാനമല്ലാത്ത അവയവമാണ് കേരളഗവൺമെൻ്റ്. ഇന്ത്യൻ ഭരണകൂടത്തിൽ പിടിമുറുക്കിയിരിക്കുന്ന ശക്തികൾക്ക്- അത് സാമ്രാജ്യത്വമായാലും, അധോലോകമായാലും-വളരെയേറെ കീഴടങ്ങിക്കൊണ്ടു മാത്രമെ ഭരണം മുന്നോട്ടുകൊണ്ടു പോവാൻ കഴിയുകയുള്ളൂ എന്ന അവസ്ഥ ഇന്നുണ്ട്. ഈ സാഹചര്യ ത്തിൽ സാമ്രാജ്യത്വ അധിനിവേശ ത്തിൻ്റെ എല്ലാവിധ ഏജൻസികൾക്കുമെതിരെ അതിശക്തമായ ജനകീയസമരങ്ങൾ സംഘടിപ്പിക്കു ന്നതിനാണ് പാർട്ടി മുൻതൂക്കം നല്കേണ്ടത്. അധിനിവേശത്തിനു കീഴടങ്ങിക്കഴിഞ്ഞിരിക്കുന്ന ഭരണ കൂടത്തിൻ്റെ ഒരു അവയവത്തിൽ കഴിഞ്ഞുകൂടുന്നതിനുവേണ്ടി മത-വർഗ്ഗീയ ജാതിവർഗ്ഗീയശക്തികളുമായി കൂട്ടുകൂടാമെന്നു പറയുന്നതിൽ തത്വത്തിന്റെ ബലം മാത്രമല്ല അടവുപരമായ ബുദ്ധിയുമില്ല. അടവുപരമായ വിഡ്ഢിത്തമാണ്. “
“പാർട്ടിക്ക് അതിന്റെ ചരിത്രത്തെയും വ്യക്തിത്വത്തെ യും കഴുകിക്കളയാൻ ചിലമാർഗ്ഗങ്ങളുണ്ട്. ആ മാർഗ്ഗങ്ങളെ നാം അടവുനയമെന്നു വിളിക്കുന്നു. ജനങ്ങൾക്കെതിരെ അടവുകളും തന്ത്രങ്ങളും പ്രയോഗിച്ചപ്പോളൊക്കെ ജനങ്ങൾ പാർട്ടിക്കു തിരിച്ചടി നല്കിയിട്ടുണ്ട്. അടവുകൾ ഞങ്ങളോടു വേണ്ട എന്നാണ് ജനങ്ങൾ പറയുന്നത്. കൊല്ലം, കണിച്ചുകുളങ്ങര, ചങ്ങനാശ്ശേരി, കൂത്തുപറമ്പു സമരങ്ങൾ യാദൃച്ഛികങ്ങളായിരുന്നുവെങ്കിലും അവ ജാതിമതശക്തികൾക്കെതിരെയുള്ള സമരങ്ങളായിരുന്നു. കണ്ണൂരും കോഴിക്കോടും ജാതി-മത ശക്തികളുമായുള്ള ഏറ്റുമുട്ടലിന്റെ പ്രദേശങ്ങളാണ്. ഈ സമരങ്ങളും തെരഞ്ഞെടുപ്പു ഏറ്റുമുട്ടലുകളും ജനങ്ങൾ അംഗീകരിക്കുന്നു എന്നാണ് ഫലം തെളിയിക്കുന്നത്. ഒറ്റപ്പെട്ട ചില അപവാദങ്ങൾ ചൂണ്ടിക്കാട്ടി ജനമനസ്സിൻ്റെ രാഷ്ട്രീയപ്രബുദ്ധതയെ തള്ളിക്കളയുകയല്ല അതിനെ ഉൾക്കൊള്ളുവാനുള്ള വിവേകം പ്രദർശിപ്പിക്കുയാണു വേണ്ടത്. പാർട്ടി നേതൃത്വത്തിൽ എവിടെയെങ്കിലും ജാതി-മത പ്രേമത്തിന്റെ മാലിന്യം പുരണ്ടിട്ടുണ്ടെങ്കിൽ അതു കഴുകിക്കളഞ്ഞിട്ട് ജനമനസ്സിന്റെ രാഷ്ട്രീ യപ്രബുദ്ധതയെ അംഗീകരിക്കാൻ പാർട്ടി തയ്യാറാവണം. ജനങ്ങളുടെ മുന്നാലെ നടക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾക്കൊപ്പമെങ്കിലും നടക്കാൻ പാർട്ടിക്കു കഴിയണം. ജനങ്ങളെ ജാതി-മത ചന്തകളിലേയ്ക്കു മടക്കിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന സംഘങ്ങളോടൊപ്പം കൂടുമ്പോൾ, ജനങ്ങളെ പിന്നോട്ടു നടക്കാൻ പ്രേരിപ്പിക്കുകയാണ് പാർട്ടി ചെയ്യുന്നത്. ജനങ്ങൾ അത് ഇഷ്ടപ്പെടുന്നില്ല.”
സംസ്കാരത്തിൻ്റെ രാഷ്ട്രീയം – എം എൻ വിജയൻ
(കത്തുകൾക്കുള്ള മറുപടി)
ജി.സുധീർ ബാബു വേങ്ങോട്, രവീന്ദ്രദാസ് അയിരൂർ, എസ്.സജീവ് കരിങ്ങന്നൂർ എന്നിവരുടെ കത്തിനുള്ള എം.എൻ.വിജയൻ്റെ മറുപടിയാണ് ഈ ലേഖനം.
ജി.സുധീർ ബാബു വേങ്ങോട് രണ്ട് ചോദ്യം ചോദിക്കുന്നു:
1. കലാകാരൻ അല്ലെങ്കിൽ സാംസ്കാരിക പ്രവർത്തകൻ രാഷ്ട്രീയകക്ഷികളുമായി സഹകരിക്കണമെന്ന് പറയുന്നത് ഏത് അർത്ഥത്തിലാണ്?
- എം എൻ വിജയൻ: പാർട്ടിയും സാംസ്കാരിക പ്രവർത്തകനും തമ്മിൽ വിമർശനാത്മകമായ ബന്ധമാണ് ഉള്ളത്. കാലം മറന്നു പോകുന്നതിനെ സാഹിത്യം ഓർമ്മയിൽ കൊണ്ടുവരുന്നത് പോലെ ദൈനംദിന പ്രവർത്തനത്തിന്റെ ചുഴികളിൽപ്പെട്ട കൈവിട്ടു പോകുന്ന ലക്ഷ്യങ്ങളെ വിമർശനത്തിലൂടെ ഓർമിപ്പിക്കുവാൻ പുരോഗമന കലാപ്രസ്ഥാനങ്ങൾക്ക് കഴിയും. പ്രവർത്തനത്തിന്റെ വളർച്ചയ്ക്ക് യോജിപ്പ് ആവശ്യമാണ് എന്നപോലെ ആശയലോകത്തിൻ്റെ വളർച്ചയ്ക്ക് വിയോജിപ്പും ആവശ്യമാണ് ഈ ധർമ്മം നിർവഹിക്കുക എന്നത് പുരോഗമനപ്രസ്ഥാനത്തിൻ്റെ ബാധ്യതയാണ്
2. പരിസ്ഥിതി രാഷ്ട്രീയം ആദിവാസി രാഷ്ട്രീയം എന്നിങ്ങനെ കക്ഷിബന്ധാധിഷ്ഠിതം അല്ലാത്ത ശുദ്ധരാഷ്ട്രീയത്തിന്റെ തലങ്ങളിൽ പ്രവർത്തിക്കുന്നത് അല്ലേ കലാകാരനെ സംബന്ധിച്ചിടത്തോളം കൂടുതൽ അഭികാമ്യം ആയിട്ടുള്ളത്?
- എം.എൻ.വിജയൻ: മറ്റു മനുഷ്യർ ഉപയോഗിക്കപ്പെടാൻ ഉള്ളതാണ് എന്ന മുതലാളിത്ത സിദ്ധാന്തത്തിന്റെ പ്രയോഗപരമായ അനുബന്ധം എന്ന നിലയ്ക്കാണ് ആദിവാസിയും പ്രകൃതിയും ഭൂമിയും ചൂഷണം ചെയ്യപ്പെടുന്നത്. കഴിയുന്നത് ചെയ്യുകയും ( Each According to his capasity) ആവശ്യമുള്ളത് എടുക്കുകയും ചെയ്യുക (Each According to his need) എന്ന യഥാർത്ഥ ജനകീയ സിദ്ധാന്തത്തിന്റെ വിപരീതമാണ് ഇത് .യന്ത്രങ്ങൾ, അധികാരം, സമ്പത്ത് എന്നിവയുടെ നാഗരിക കേന്ദ്രീകരണം എന്നത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് ഈ നാഗരികകേന്ദ്രീകരണമാണ് പരിസ്ഥിതി ചൂഷണത്തിനും ആദിവാസി ചൂഷണത്തിനും കാരണമായിത്തീരുന്നത്. അതുകൊണ്ട് മുതലാളിത്തവിരുദ്ധ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്ന് വേർതിരിഞ്ഞ് നിൽക്കുന്ന ഒരു ശുദ്ധരാഷ്ട്രീയപ്രവർത്തനം കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ ആവില്ല. നഗരകേന്ദ്രീകൃതമായ ചൂഷണം പ്രകൃതിയിലേക്ക് മടങ്ങിപ്പോവുക എന്ന ആത്മാർത്ഥതയില്ലാത്തതും അയഥാർത്ഥവുമായ പോംവഴി പഴയ മുതലാളിത്തത്തിന്റെ കാലത്തും പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. ഈ പരാജയം പുതിയ മുതലാളിത്തത്തിന്റെ കാലത്തും ആവർത്തിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ കൂട്ടായ്മയും പ്രകൃതിയും സഹകരിക്കുന്ന ഒരു പുതിയ സമുദായക്രമത്തിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല ഉത്പാദനത്തിന്റെ ജനകീയശക്തി പ്രവർത്തിക്കാത്തത് കൊണ്ടാണ് ജനവിരുദ്ധമായ പരിസ്ഥിതി പ്രതിസന്ധി രൂപപ്പെടുന്നത്. വ്യാപാരാധിഷ്ഠിത വ്യവസായമുതലാളിത്തത്തിന് മനുഷ്യസമൂഹത്തെയും പ്രകൃതിയെയും തമ്മിൽ ഐക്യപ്പെടുത്തുന്ന ജനകീയ ഇച്ഛാശക്തിയെക്കുറിച്ച് പരിഗണന ഇല്ലാതെ വരികയും മനുഷ്യൻ പ്രകൃതിയിൽനിന്ന് വിഘടിച്ചു മാറുന്ന ഒരു സാഹചര്യം ഉണ്ടാവുകയും പ്രകൃതിയുടെ ചൂഷണം മനുഷ്യസമുദായത്തിന് ആവശ്യമാണെന്ന തരത്തിൽ വ്യവസായം മുന്നോട്ടുപോവുകയും ചെയ്യുമ്പോഴാണ് പരിസ്ഥിതി പ്രതിസന്ധി ഉണ്ടാവുകയും അത് മനുഷ്യസമൂഹത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നത്. ലാഭാധിഷ്ഠിത വ്യാവസായിക മുതലാളിത്തമാണ് പരിസ്ഥിതി പ്രതിസന്ധിക്ക് കാരണമെന്നുള്ളതുകൊണ്ട് മുതലാളിത്ത വിരുദ്ധരാഷ്ട്രീയ സമരത്തിന് അന്യമായ ഏത് ശുദ്ധസമരവും സമരത്തെ വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്. ഈ ശുദ്ധസമരം അതിൽ ഏർപ്പെടുന്ന സമ്പന്നവർഗ്ഗത്തിന് ഒരു ആത്മീയ അനുഭൂതി എന്ന നിലയിൽ സുഖം നൽകുന്നു. അത് പരിസ്ഥിതിയെ, പ്രകൃതിയെ രക്ഷിക്കാനുള്ള യഥാർത്ഥ സമരത്തിൽ നിന്നുള്ള രക്ഷതേടലായിത്തീരുന്നു.
റോയിസ്റ്റുകളുടെ മാർക്സിസ്റ്റ് വിമർശനത്തെയും വിഷമദ്യത്തിനെതിരായ സംഗീത സദസ്സിനെയും എതിർത്തു കൊണ്ടുള്ളവയാണ് മറ്റ് മറുപടികൾ.
ഭൂമി = സ്ത്രീ, സ്ത്രീ = ഭൂമി – (ഡോ. മിനി പ്രസാദ്):
“സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തിനിടയിലൂടെ പ്രകൃതിയും മനുഷ്യനുമായൊരു കണ്ണി അറ്റുപോയി. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ആർദ്രമായ ഈയൊരു അന്യവത്ക്കരണത്തിൽ നിന്നും അവനെ പ്രകൃതിയുമായുള്ള ഗാഢപാരസ്പര്യത്തിലെത്തി ക്കുകയാണ് ഇന്നാവശ്യം. ഇതാണ് ഇക്കോഫെമിനിസത്തിന്റെ ലക്ഷ്യം. പുരുഷനിൽ നിന്നുള്ള മോചനമായിരുന്നു ലിബറൽ ഫെമിനിസം ലക്ഷ്യമാക്കിയിരുന്നതെങ്കിൽ ഇക്കോഫെമിനിസം സഹവർത്തിത്വമാണ് ആഹ്വാനം ചെയ്യുന്നത്. “
ഡി.പി.ഇ.പി.യുടെ രാഷ്ട്രീയം – വൈ.എ. സലാം
(പാഠം ഒന്നാം ലക്കത്തിലെ വി.പി.വാസുദേവൻ്റെ ജനകീയസൂത്രണസംബന്ധിയായ ലേഖനത്തിനുള്ള മറുപടി)
‘’ഡി.പി.ഇ.പി.യുടെ ജനവിരുദ്ധത അതിൻ്റെ സാമ്രാജ്യത്വ താല്പര്യമാണെന്നുള്ള മുഖ്യപ്രശ്നത്തെ ഒഴിവാക്കിനിറുത്തിക്കൊണ്ട് പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെ പ്രശ്നങ്ങളാണ് ഡി.പി.ഇ.പിയുടെ ന്യൂനതയ്ക്കു കാരണമെന്നുള്ള സ്വാഗതാർഹമല്ല. പാഠ്യപദ്ധതി പരിഷ്കരണം തന്നെ ലോകബാങ്കിൻ്റെ വിദ്യാഭ്യാസവിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്കനുസൃതമായിരുന്നുയെന്നുള്ള യാഥാർത്ഥ്യം പരിശോധിക്കുവാൻ വി.പി.വാസുദേവൻ തയ്യാറാകുന്നില്ല. അതോടൊപ്പം പുതിയ പാഠ്യപദ്ധതി എന്ന പുതിയ ലേബലും വീണ്ടുമതിനെ പരിഷ്കരി ക്കണമെന്ന വാസുദേവൻ്റെ വാദവും പുത്തൻ ലോകക്രമത്തിനനുസൃത മാണെന്നു പറയാതിരിക്കുവാൻ നിർവ്വാഹമില്ല. ഡി.പി.ഇ.പി.യുടെ സാമ്രാജ്യത്വ താല്പര്യങ്ങളെ അവഗണിച്ചു കൊണ്ടുള്ള ചർച്ച പുരോഗമന ശക്തികളെ സംബന്ധിച്ച് ശുഭോ ദർക്കമായ സംഗതിയല്ല.’’
“ജനകീയാസൂത്രണത്തിന്റെ സാംസ്ക്കാരിക വശം ഉൾക്കൊണ്ട് പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും പാഠശാലകളെ ഉല്പാദകേന്ദ്രങ്ങളാക്കിത്തീർക്കണമെന്നും വാസുദേവൻ വാദിക്കുന്നത് വസ്തുനിഷ്ഠയാഥാർ ത്ഥ്യങ്ങൾക്കു നിരക്കുന്നതല്ല. മുൻപറഞ്ഞതുപോലെ വിദ്യാഭ്യാസത്തെ സർക്കാറിൻ്റെ സാമൂഹ്യസേവന മേഖലകളിൽ നിന്ന് സ്വതന്ത്രമാക്കുകയെന്ന സാമൂഹ്യവിരുദ്ധനിലപാട് ജനകീയാസൂത്രണത്തിൻ്റെ പദ്ധതിപുസ്തകങ്ങളിൽ ലഭ്യമാണ്. അതായത് പ്രൈമറി വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് ജനകീയ കമ്മറ്റികൾക്കോ പഞ്ചായത്തിന്റെ മുൻകൈയിലുള്ള സമിതികൾക്കോ ആകാമെന്നാണ് ജനകീയാസൂത്രണാശയം പറയുന്നത്. “
“വിദ്യാഭ്യാസത്തെ ഉല്പാദനവുമായി ബന്ധിപ്പിക്കണ മെന്നുള്ള നിലപാട് കമ്പോളാധിഷ്ഠിതമാണ്. അതായത് പ്രാദേശികതലത്തിൽ ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ള അന്താരാഷ്ട്ര തൊഴിൽ വിഭജനം നിർണയിക്കുന്ന യോഗ്യതയുള്ള തൊഴിലാളിയാണ് ആഗോളവത്കരണത്തിനാവശ്യം. ഇതിനായി ആഗോളവത്കരണത്തിൻ്റെ മുഖ്യ മുദ്രാവാക്യം തന്നെ പ്രാദേശികത്വത്തിൽ ഇടപെടുക എന്നതായിരിക്കുന്നു. ഇത് വിപണി താല്പര്യങ്ങളുമായും തൊഴിൽ വിഭജനവു മായും അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച എൻ.സി.ആർ.ടി.സി.യുടെ സമീപന രേഖ സൂചിപ്പിക്കുന്നതു പോലെ, ശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം, കൊമേഴ്സ് തുടങ്ങിയ മാനവികവിഷയങ്ങളെ ഒഴിവാക്കി സാങ്കേതിക വൈദഗ്ദ്യം പ്രദാനം ചെയ്യുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂർണമായും നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നു.
ശാസ്ത്രീയ അന്വേഷണബുദ്ധിക്കും, യുക്തിചിന്തയ്ക്കും ബദലായി പുതിയ കമ്പോളാധിഷ്ഠിത ലോകത്തിന് അനുപൂരകമായി ഓരോ വ്യക്തിയും മാറണമെന്ന് സാമ്രാജ്യത്വ ശക്തികൾ ആഗ്രഹിക്കുന്നു. ഡി.പി.ഇ.പി. പ്ലസ്ടു തലം വരെ വ്യാപിക്കണമെന്ന് പറയുന്നതിലെ രാഷ്ട്രീയമിതാണ്.
തൊഴിലധിഷ്ഠിത-സ്വാശ്രയ വിദ്യാഭ്യാസ പദ്ധതികളും വിദ്യാഭ്യാസ മേഖലയുടെ കച്ചവട-സ്വകാര്യവത്കരണവും നമ്മുടെ വിദ്യാഭ്യാസ മേഖലയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. സ്വദേശത്തോ വിദേശത്തോ ഉപയോഗിക്കാവുന്ന തരത്തിൽ മാൻ പവറിനെ സൃഷ്ടിക്കുന്ന സ്വാശ്രയവിദ്യാഭ്യാസവും കേവലം തൊഴിൽ പരിശീലനമെന്ന കാഴ്ചപ്പാടുള്ള സാങ്കേതിക വിദ്യാഭ്യാസവും ഇന്നത്തെ ഉപഭോഗ -വിപണിതാല്പര്യങ്ങൾക്കനുയോജ്യമായിത്തീരുന്ന ടൂറിസം കോഴ്സുപോലുള്ളവിദ്യാഭ്യാസവും കമ്പോളാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കുകയെന്ന സാമ്രാജ്യത്വതാല്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വത്തിൽ വിദ്യാഭ്യാസം വികസിക്കണമെന്ന കാഴ്ചപ്പാടാണ് ഈ ലേഖകനുള്ളത്. വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യ വത്കരണം വളർന്നു വികസിക്കുന്നത്, സമൂഹത്തിൻ്റെ ജനാധിപത്യകേന്ദ്രീകൃതമായ വളർച്ചയിലൂടെയുള്ള ഉയർന്ന തലങ്ങളിലാണ്. എന്നാൽ കേരളത്തിലെ പുരോഗമന-ജനാധിപത്യശക്തികൾ സമരം ചെയ്ത് നേടിയെടുത്ത പല വീക്ഷണങ്ങളും പുത്തൻ വിദ്യാഭ്യാസ പദ്ധതികളിൽ അട്ടിമറിക്കപ്പെടുന്നതിനെ ചെറുത്തു തോല്പിക്കേണ്ടതാവശ്യമാണ്. “
കവിയുടെ വാഗ്ദാനം
(ഡോ.എൻ.രാജൻ)
കണ്ണാടിവാതിൽ – പറവൂർ ജോസുകുട്ടി എഴുതി നേർ വര ബുക്സ്, കൊല്ലം പ്രസിദ്ധീകരിച്ച കവിതാപുസ്തകത്തെ വായിക്കുന്നു.
തീവ്രവാദികളെ മാർക്സിസ്റ്റല്ലാതാക്കിയതാര്?
( പുരോഗമന കലാസാഹിത്യ പ്രസ്ഥാനം – ചർച്ചാ പ്രബന്ധത്തിൻ്റെ രണ്ടാം ഭാഗം)
പ്രധാന ആശയങ്ങൾ:
1. സർവദേശീയതലത്തിൽ രൂപപ്പെട്ട ആധുനികത പ്രതിവിപ്ലവകരമല്ലായിരുന്നു. എന്നാൽ മലയാളത്തിലെ ആധുനികത ഒരു കാല്പനിക പതിവിപ്ലവം ആയിരുന്നു
2. “അർത്ഥപരമായ പിഴവുകൾ ഒരുപാട് ആരോപിക്കാമെങ്കിലും ഇടതുപക്ഷ തീവ്രവാദി പ്രസ്ഥാനത്തിൻ്റെ തുടക്കത്തിലെ ആത്മാർത്ഥതയും ത്യാഗസന്നദ്ധതയും ചോദ്യം ചെയ്യാനാവാത്ത തരത്തിൽ സ്വാർത്ഥതാൽപര്യമുക്തമാണ്. സ്വയം ശിഥിലീകരണത്തെ ഒരു ചരിത്രദൗത്യം പോലെ നിറവേറ്റുകയും ഡോഗ്മയിൽ തലതല്ലി ചിതറുകയും ചെയ്ത ഈ പ്രസ്ഥാനം ഹൃദയഭേദകമായ ഒരു ഇടതുപക്ഷ ദുരന്തം നാടകമായിരുന്നു.”
3.’’ജനകീയ സാംസ്കാരിക വേദി പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിലെ തന്നെ ഒരു തീവ്രവാദ വ്യതിയാനം ആയിരുന്നെങ്കിൽ അതിൻ്റെ മുഖ്യശത്രു ഇടതുപക്ഷ മുഖ്യധാരാരാഷ്ട്രീയമായിരുന്നു. യാഥാസ്ഥിതിക ബുദ്ധിജീവികളുടെ ഇടതുപക്ഷവിരുദ്ധ ജന്തുവാസനയ്ക്ക് വിപ്ലവാഭിമുഖ്യത്തിന്റെ പ്രച്ഛന്ന വേഷത്തിനുള്ളിൽ ഇരുന്നുകൊണ്ട് പ്രവർത്തിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തു എന്നത് ജനകീയ സാംസ്കാരിക വേദി ചെയ്ത ചരിത്രപരമായ അപരാധം ആണ്. ഇടതുപക്ഷവിരുദ്ധബുദ്ധിജീവി പല സാമ്പത്തിക പ്രലോഭനങ്ങൾക്കും വഴിപ്പെട്ടുകൊണ്ടാണ് വിമോചനസമരകാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവർത്തനം നടത്തിയത്. വിമോചന സമരകാലത്തെ തുറന്ന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ശുദ്ധസാംസ്കാരിക ജീവിതത്തിലേക്കും തുടർന്ന് ദന്തഗോപുരത്തിലേക്ക് കയറി പോയ ഈ അധമ ജീവി ആധുനികതയുടെ കാലത്ത് പ്രചരിപ്പിച്ച രാഷ്ട്രീയ മൂല്യങ്ങൾ നവോത്ഥാനവിരുദ്ധവും പുരോഗമനവിരുദ്ധവും അതുകൊണ്ടുതന്നെ വിമോചന സമരരാഷ്ട്രീയമൂല്യത്തിന്റെ പിന്തുടർച്ചയുമായിരുന്നു. തീവ്രവാദി പ്രസ്ഥാനത്തിൻ്റെ കാല്പനികബലിത്തറയിൽ ഇരുന്നു കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തെ ആക്രമിക്കുന്നതിന്റെ സുഖം അനുഭവിച്ചു പോന്നിരുന്ന ഈ പ്രതിലോമപക്ഷ ബുദ്ധിജീവി ഒരു ഘട്ടമായപ്പോഴേക്കും തീവ്രവാദിവിപ്ലവത്തിന്റെ പൊളിയുന്ന കൂടാരത്തിൽ നിന്ന് പുറത്തേക്ക് ചാടി. അലങ്കാരബുദ്ധിജീവികളെ ഉപജീവിച്ചു കൊണ്ടും ജനകീയ സാംസ്കാരിക വേദിയുമായി ബന്ധപ്പെട്ട എഴുത്തുകാരെ പ്രതിലോമസാഹിത്യ അധികാരസ്ഥാപനം അലങ്കാരവർഗ്ഗ ബുദ്ധിജീവികളും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിച്ചു കൊണ്ടും അലങ്കാര ബുദ്ധിജീവികളുടെ വിടവാങ്ങൽ ജനകീയ സംസ്കാരിക വേദിക്ക് തിരിച്ചടിയായിത്തീർന്നു. ഇടതുതീവ്രവാദ സാഹിത്യത്തെ അഭിജാത വൽക്കരിക്കാൻ എം.ഗോവിന്ദൻ്റ നേതൃത്വത്തിലുള്ള പ്രതിലോമ പക്ഷ ബുദ്ധിജീവി സംഘം ഉദാരമായ പരിശ്രമങ്ങൾ നടത്തി. തീവ്രവാദ സാഹിത്യത്തിൽ അഗാധമായ കമിറ്റ്മെന്റ് ഉണ്ടായിരുന്നു എന്ന് അതിന്റെ എഴുത്തുകാർ തുറന്നു പ്രഖ്യാപിക്കുമ്പോഴും കമ്മിറ്റ്മെൻ്റ് വിരുദ്ധ പ്രത്യയശാസ്ത്രത്തിന് വേണ്ടി അടരാടിക്കൊണ്ടിരുന്ന ഗോവിന്ദസ്ഥാപനം അതിനെ ബുദ്ധിപൂർവ്വം ആശ്ലേഷിക്കുകയാണ് ചെയ്തത്. കമ്മിറ്റ്മെൻറ് ഒരു കുറ്റമല്ല എന്ന് ഞാൻ എനിക്കുവേണ്ടി എഴുതുന്നു എന്ന് ആദർശത്തെ ഉയർത്തിപ്പിടിച്ച ഗോവിന്ദപ്രസ്ഥാനം അതിനെ ബുദ്ധിപൂർവ്വം ആശ്ലേഷിക്കുകയാണ് ചെയ്തത് “. ഇടതു രാഷ്ട്രീയത്തെ എതിർക്കുക എന്ന സമാന ലക്ഷ്യമാണ് പ്രതിബദ്ധത അവകാശപ്പെടുന്ന തീവ്രവാദ രാഷ്ട്രീയക്കാരെയും അതില്ലാത്ത ഗോവിന്ദ പ്രസ്ഥാനത്തെയും ഒരുമിപ്പിച്ചത്.
4. നിങ്ങളെ കമ്മ്യൂണിസ്റ്റുകാരല്ലാതാക്കിത്തീർക്കാൻ വിമോചന സമര ബുദ്ധിശാലയിൽ നിന്നും രൂപപ്പെടുന്ന വിശുദ്ധദർശന ദു:ഖം ഇക്കാലത്ത് ഉണ്ടാകുന്നു. കമ്യൂണിസ്റ്റല്ലാതായി തീർന്നു എന്ന സാക്ഷ്യം പറയാൻ കമ്മൂണിസ്റ്റുകാർ തയ്യാറാകാതെ വന്നപ്പോൾ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരല്ലായിരുന്നവരെ കമ്മ്യൂണിസ്റ്റ് വേഷം കെട്ടിച്ചിട്ട് അവർ കമ്യൂണിസ്റ്റുകാരല്ലാതാകാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.
5. തൊണ്ണൂറുകളിൽ നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എഴുതിയ തീവ്രവാദി നാടകകൃത്ത് ആ ദൗത്യമാണ് നിർവ്വഹിച്ചത്.വിമോചന സമരബുദ്ധിശാലയുടെ നയതന്ത്രവിജയം സ്ഥിരീകരിച്ചുകൊടുത്തു.
6.ആരാണ് ദളിതനെ കമ്യൂണിസ്റ്റല്ലാതാക്കിത്തീർത്തത് എന്ന വസ്തുത അന്വേഷിക്കുന്ന തീവ്രവാദി നാടകകൃത്ത് കുറ്റാരോപണത്തിൻ്റെ വിരലുകൾ ചൂണ്ടുന്നത് ഇടതുപക്ഷ മുഖ്യധാരാ രാഷ്ട്രീയത്തിനു നേരെയാണ്. ദളിതന്റെയും, ആദിവാസിയുടെയും, സ്ത്രീയുടെയും, പരിസ്ഥിതിയുടെയും പ്രശ്നങ്ങളിൽ നിന്നു വിട്ടുമാറി, മധ്യവർഗ്ഗത്തിന്റെ സുരക്ഷിതമായ മേൽക്കൂരയ്ക്കു താഴെയിരുന്ന് വിപ്ലവകാര്യങ്ങളെപ്പറ്റി പരിചിന്തനം നടത്തുന്ന ഇടതുപക്ഷ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകർ, ദുരിതം നിറഞ്ഞ ജീവിതമേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ മടിക്കുന്നു എന്ന വിമർശനം ഭാഗികമായെങ്കിലും ശരിയാണ്; സുഖലോലുപമായ നഗരജീവിതത്തിൻ്റെ പ്രകൃതം ഇടതുപക്ഷമുഖ്യധാരാരാഷ്ട്രീയത്തെ വല്ലാതെ പ്രലോഭിപ്പിച്ചിരിക്കുന്നു എന്നതും ശരിയാണ്. എന്നാൽ അതുകൊണ്ട് മാലയ്ക്ക് കമ്യൂണിസ്റ്റല്ലാതായിത്തീരാൻ കഴിയുകയില്ല. മാലയെ, ദളിതനെ, കമ്യൂണിസ്റ്റല്ലാ താക്കിത്തീർക്കാൻ ഇന്നു ശ്രമിച്ചു കൊണ്ടിരിക്കുന്നത് മതമിഷനറികളും അവരുടെ തന്നെ കമ്പോളപാഠഭേദമായ സാംസ്കാരിക മെഴ്സിനറി കളുമാണ്. ആദിവാസികളുടെയും, ദളിതരുടെയും മേഖലകളിൽ പ്രവർത്തിക്കുന്ന നോൺ ഗവണ്മെൻ്റൽ ഓർഗനൈസേഷൻസ് എന്നുവിളിക്കപ്പെടുന്ന മെഴ്സിനറി സംഘങ്ങൾ വിദേശങ്ങിൽനിന്നു കൈപ്പറ്റുന്ന പണത്തിൻ്റെ ഔദ്യോഗികകണക്ക് നമ്മെ ഞെട്ടിപ്പിക്കുന്നു.ബീഹാറിലെയും, ആന്ധ്രാപ്രദേശിലെയും കമ്യൂണിസ്റ്റ് തീവ്രവാദിപ്രസ്ഥാനങ്ങൾക്കുള്ളിലേയ്ക്കു തന്നെയും മെഴ്സിനറികൾ നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ട്. പരിസ്ഥിതി-സ്ത്രീ പ്രശ്നങ്ങൾ ഏറ്റെടുത്തു പോരാട്ടം നടത്തുന്ന സാംസ്കാരിക പ്രവർത്തകരുടെ ഇടയിലും മെഴ്സിനറികൾ അവരുടെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. “
7.കലാ സാഹിത്യ രംഗത്തെ മൂല്യനിർണ്ണയത്തിന് കലാകാരന്റെ അധികാരപദവി എല്ലാ കാലത്തും നിർണ്ണായകമാകുന്നുണ്ട്. ഇതിഹാസകാരന്മാർ വേടന്മാരും മുക്കുവന്മാരുമായിരുന്നു എന്ന മിത്തിനുള്ളിൽ കലയുടെ കീഴാളവർഗ്ഗ ആധികാരികത പ്രകടമാണ് .അതു മറച്ചുവയ്ക്കാൻ അധീശ വർഗ്ഗ സ്ഥാപനങ്ങൾക്ക് പൂർണ്ണമായും കഴിയുന്നില്ല. അന്ധനും പാണ്ഡുരോഗിയും ഷണ്ഡനും അടങ്ങുന്ന ഭരണസമുദായത്തിന് പുറത്തു നിൽക്കുന്ന ജനസമുദായത്തിൽ നിക്ഷിപ്തമാണ് പരിവർത്തനത്തിൻ്റെ ഇച്ഛ എന്നു ഇതിഹാസങ്ങളിലും കാണാം.”അധികാര വ്യവസ്ഥയുടെ പ്രജ്ഞാപരവും ബൗദ്ധികവും രാഷ്ട്രീയ ഭാവനാപരവുമായ ഊഷരതയെ ആണ് ദശരഥ ചക്രവർത്തിയുടെയും ധൃതരാഷ്ട്ര-പാണ്ഡു സഹോദരന്മാരുടെയും ഷണ്ഡത്വം നിർദ്ദേശിക്കുന്നത്. ഭരണാധികാരികളുടെ മഹാ ദുഃഖങ്ങളെ ആവിഷ്കരിക്കുമ്പോൾ തന്നെ അധീശവർഗ്ഗഭരണത്തിന്റെ വന്ധ്യമനസിനെ അധിക്ഷേപിക്കുന്നുമുണ്ട്.”
8. “എ.ഡി. ഏഴാം നൂറ്റാണ്ടിൽ ആരംഭിക്കുന്ന ഹൈന്ദവവൽക്കരണ പ്രസ്ഥാനത്തോടെയാണ് ആണ് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അപമാനവീകരണം ആദ്ധ്യാത്മികവല്ക്കരണം എന്ന പേരിൽ അക്കാലത്ത് സംഭവിക്കുന്നത്. വൈദികചാതുർവർണ്യവ്യവസ്ഥയുടെ വേലിക്കെട്ടുകൾ പൊളിച്ചുകൊണ്ടാണ് വേടനും മുക്കുവനും പ്രാചീന കാലത്ത് കലാരചനയുടെ രംഗത്ത് കീഴാളവർഗ്ഗ ആധികാരികത സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ പ്രാചീനകാലത്തിൻ്റെ ഇതിഹാസകാരന്മാരും, ഇതിഹാസവും മിത്തുകളായിരിക്കുമ്പോൾതന്നെ അവയിൽ മനുഷ്യൻ്റെ അപാരമായ സാന്നിദ്ധ്യമുണ്ട്. എന്നാൽ ഹൈന്ദവവല്ക്കരണ കാലമാവുമ്പോഴേക്ക് മിത്തുകളിൽനിന്ന് മനുഷ്യൻ ഒട്ടുമിക്കവാറും അപ്രത്യക്ഷമാവുന്നു. കലയും കലാകാരന്മാരും സമ്പൂർണ്ണമായും വൈദികവല്ക്കരിച്ചുപ്പെടുന്നു. വേദാഭ്യാസം നടത്തുന്ന ശൂദ്രമുനിയുടെ കഴുത്തറുക്കുന്ന ഒരു നീതിവ്യവസ്ഥയിൽ വേടനും മുക്കുവനും കലാകാരനായി തീരാൻ അവകാശം ലഭിക്കുന്നില്ല.
9. ഹൈന്ദവവത്കരണത്തെ സൈനികമായി എതിർത്തു നിന്ന കേരളത്തിൽ ഉണ്ടായ ബ്രാഹ്മണമത പുനരുദ്ധാരണമാണ് എഴുത്തച്ഛൻ്റെ കാലത്ത് കാണുന്നത്. ഇതിഹാസങ്ങളുടെ അപമാനവീകരണത്തിന് ശൂദ്രപക്ഷത്തുനിന്നു തന്നെ ആളെ കണ്ടെത്തി എന്നതാണ് എഴുത്തച്ഛൻ്റെ ചക്കാല നായർ മിത്ത്. പക്ഷെ അതിനെ തീക്ഷ്ണപരിഹാസത്താൽ കരിക്കേച്ചർ ആക്കുന്ന നമ്പ്യാരും ഉണ്ടാകുന്നുണ്ട്. പിന്നീട് സാഹിത്യാധികാരസ്ഥാപനം പൂർണ്ണമായും രാഷ്ട്രീയാധികാരസ്ഥാപനത്തിന്റെ വർണ്ണനിയമങ്ങൾക്കു വഴിപ്പെടുകയും, ദളിതന് പാട്ടുപാ ടാനുള്ള അവകാശം നഷ്ടപ്പെടുകയും ചെയ്തു. ആയിരത്തിഎണ്ണൂറ്റി തൊണ്ണൂറിൽ പോത്തേരി കുഞ്ഞമ്പു ‘സരസ്വതീ വിജയം’ എഴുതിക്കൊണ്ട് വിദ്യാദേവിയായ സരസ്വതിയെ വേൾക്കുന്ന ദളിതൻ്റെ അവകാശം സ്ഥാപിച്ചെടുക്കുമ്പോൾ, കാലഘട്ടത്തിൻ്റെ വിദ്യാഭ്യാസ-സാഹിത്യാധികാരസ്ഥാപനത്തിൽ നിന്നു പുറത്താക്കപ്പെട്ട ദളിതൻ അവൻ്റെ കലാരചനാവകാശം മടക്കിചോദിക്കുകയാണു ചെയ്യുന്നത്. കുഞ്ഞമ്പുവിൻ്റെ ദളിതൻ പാട്ടുപാടാനുള്ള അവകാശം സ്ഥാപിക്കുമ്പോൾ, ദളിതനായ വാല്മീകിക്കും, വ്യാസനുമുണ്ടായിരുന്ന കലാ രചനയുടെ അവകാശം പുന:സ്ഥാപിക്കുകയാണു ചെയ്യുന്നത്. മുലൂർ കവി രാമായണം എഴുതുമ്പോൾ വർണ്ണനിയമ കലാധികാരത്തെ ചോദ്യം ചെയ്യുന്നു. രാജരാജവർമ്മയുടെ രക്ഷാധികാര വാത്സല്യവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പട്ടും വളയും ഭാരതീയ ആധ്യാത്മിക ഭാവുകത്വത്തിന്റെ ഉപരിപ്ലവതലവും ഉണ്ടായിരുന്നു എങ്കിൽ കൂടി ആശാനെ എവിടെയിരുത്തണം എന്ന കാര്യത്തിൽ അധികാര സ്ഥാപനത്തിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ലോല മാനസനായ ഇടപ്പള്ളിയുടെ കവിതയെക്കാൾ ഒട്ടും മോശമല്ലാത്ത കെടാമംഗലം പപ്പുക്കുട്ടിയുടെ കവിതയെക്കുറിച്ച് ബാലകൃഷ്ണപിള്ള എഴുതിയത് അപരാധമാണ് എന്ന് കരുതുന്നവർ ഇന്നുമുണ്ട്. നവോത്ഥാന പ്രസ്ഥാനം1930 കളിൽ എത്തുമ്പോൾ മതനിരപേക്ഷമായ ഇടതുപക്ഷ രാഷ്ട്രീയവൽക്കരത്തിന് വിധേയമാകുന്നു.
സാഹിത്യ മൂല്യനിർണയ അധികാരം എഴുത്തുകാരുടെ കൈകളിലെ എത്തിച്ചേരുകയും രക്ഷാധികാരികളുടെ സഹായമില്ലാതെ പുസ്തകം എഴുതിയും അച്ചടിച്ചും വിറ്റും ജീവിക്കുന്ന എഴുത്തുകാർ സാഹിത്യ രംഗത്ത് നിർണായക ശക്തികളായി തീരുകയും ചെയ്യുന്നത് ഇക്കാലത്താണ്. കുമാരനാശാനും മുലൂരിനും കാലത്തിന്റെ സാഹിത്യരക്ഷാധികാരി ശക്തിയെ സമ്പൂർണ്ണമായി നിഷേധിക്കുവാൻ കഴിഞ്ഞിരുന്നില്ല.
10. എന്നാൽ മാധ്യമ സ്ഥാപനങ്ങൾ മൂല്യനിർണ്ണയം ഏറ്റെടുക്കുന്ന പുതിയ കാലത്ത് പുരോഗമന പ്രസ്ഥാനം ചണ്ഡാല സാഹിത്യ പ്രസ്ഥാനമായി കണക്കാക്കാൻ തുടങ്ങുന്നു. സാഹിത്യ രംഗത്തെ പറയനായി ദളിതനായി പ്രവർത്തിക്കുന്ന എം എൻ വിജയനും സി.വി.ശ്രീരാമനും മറ്റും മാധ്യമ സ്ഥാപനത്തിന് അനഭിമതമായി മാറുന്നു.ഇ എം എസിൻ്റെ ലോഹ രൂപം പതിപ്പിച്ച കേശവൻ്റെ വിലാപങ്ങൾ എന്ന കൃതിയെക്കാൾ വളരെയേറെ മികച്ചു നിൽക്കുന്ന ‘ഖനിജം’’ (പി.വി.കെ. പനയാൽ )മാധ്യമ സ്ഥാപനത്തിൻ്റെ പരിലാളനയിൽ നിന്നും രക്ഷപ്രാപിച്ചു നിൽക്കുന്നത് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റേതായ സ്വതന്ത്ര മേഖല രൂപപ്പെടുന്നു എന്നതിൻ്റെ സൂചനയാണ്.പാങ്ങിൽ ഭാസ്കരൻ്റെ ഭാഷ ഗ്രമത്തിൻ്റെ സ്പന്ദിക്കുന്ന ശരീരവും മനസ്സുമാണ്. അത് ഒ.വി.വിജയൻ്റെ രുപകങ്ങളുടെ ആർഭാടത്തേക്കാൾ മെച്ചമാണ്.
11. ഒരു കഥാകൃത്ത്,ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ആജ്ഞാനുസരണം രചിക്കുന്നതാണ് പുരോഗമന സാഹിത്യം എന്നു പറയുകയുണ്ടായി. അയാൾക്ക് കോലത്തുനാട്ടിലെ ഉദയവർമ്മൻ്റെ ആജ്ഞ അനുസരിച്ച് എഴുതുന്ന കവിത സാഹിത്യമാണ്. സ്വന്തം ദാസ്യത്തെ ആവർത്തിച്ചു പരാമർശിക്കുന്ന എഴുത്തച്ഛൻ അയാൾക്ക് കാവ്യ പിതാവ് ആണ്. കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ കൊച്ചുമകൻ്റെ ആജ്ഞാനുസരണം കവിതയും കഥയും ലേഖനവുമെഴുതാത്ത ഒരു സ്വതന്ത്ര സാഹിത്യകാരനും ഇന്നു ജീവിച്ചിരിപ്പില്ല.
മന്ദബുദ്ധികൾ ഇ എം എസിനെ കണ്ടെത്തുന്നു (നന്ദ ബി.)
എം.മുകൻ്റെയും അരുന്ധതീ റോയിയുടെയും ഇ.എം.എസ് പരാമർശനോവലുകളെ വിമർശിക്കുന്ന ലേഖനമാണിത്.
1.മാർക്സിസ്റ്റു പാർട്ടിയുടെ രാഷ്ട്രീയമായ അസ്തിത്വത്തെ അയുക്തികമായി ഉദാത്തീകരിച്ചുകൊണ്ടുള്ള ഒരു കലാരചന തീർച്ചയായും കാലം ഒരെഴുത്തുകാരനിൽനിന്നും ആവശ്യപ്പെടുന്നില്ല. പാർട്ടി ഒരു യന്ത്രമല്ലെന്നും, പാർട്ടിക്ക് ഒരു ഹൃദയമുണ്ടെന്നും, ഹൃദയമുണ്ടാവണമെന്നും പറയുവാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആ അവകാശം ജനങ്ങൾ ഉപയോഗിക്കുമ്പോൾ അത് പാർട്ടിയെ സംബന്ധിച്ച ഗൗരവപൂർണ്ണവും സത്യസന്ധവുമായ വിമർശനമായിത്തീരുന്നു. മാർക്സിസ്റ്റ് പാർട്ടിയുമായി കലഹിച്ചു പിരിഞ്ഞ എം. സുകുമാരൻ, പാർട്ടിയുടെ ഹൃദയത്തിനു രോഗം ബാധിച്ചിരിക്കുന്നുവെന്ന ബോധത്തിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളിൽ സത്യസന്ധയുടെ സ്പർശമുണ്ട്. അതുകൊണ്ട് ആ വിമർശനങ്ങൾക്ക് കാൽപ്പനികമായ ആത്മനിഷ്ഠതയുടെ ബലഹീനതകൾ ഉണ്ട് എന്നിരിക്കലും, സുകുമാരൻ്റെ കൃതികൾക്ക് കലാപരമായ സാധുത ഉണ്ടാകുന്നു.
2. “രാഷ്ട്രീയത്തെ ബാലവല്ക്കരിക്കുക, ഉപരിപ്ലവവക്കരിക്കുക, വികലീകരിക്കുക എന്നിങ്ങനെയുള്ള വിദ്യകളെല്ലാം കേശവൻ്റെ വിലാപങ്ങളിലുണ്ട്…
…പുസ്തകപ്പുറത്തെ ചെമ്പുരൂപം, പുസ്തകത്തിൻ്റെ ചെമ്പു പുറത്തു കൊണ്ടു വരുന്നതിനുള്ള താക്കോൽ ആയിത്തീരുന്നു. ഇ. എം.എസിനെയും മാർക്സിസ്റ്റു പാർട്ടിയേയും കുറിച്ച് പുസ്തകമെഴുതുന്നയാൾക്ക്, പാർട്ടിയെയും ഇ.എം.എസ്സിനെയും മനസ്സിലാക്കാനുള്ള ബാദ്ധ്യതയുണ്ട്. മലയാളത്തിലെ സാധാരണ മനുഷ്യൻ്റെ രാഷ്ട്രീയമനസ്സാണ് പാർട്ടി. കാല്പനികമല്ലാത്ത, ഒരു ജനസമൂദായത്തിൻ്റെ സാധാരണക്കാരനായ പ്രതിപുരുഷനെ വളരെ കാല്പനികവും ബാലിശവും കൃത്രിമവുമായ കണ്ണുകൾ കൊണ്ട് ജീവിതത്തെ കാണുന്ന ഒരു എഴുത്തുകാരന് അറിയാൻ കഴിയുകയില്ല. സാധാരണ മനുഷ്യനല്ലാതായിത്തീരാൻ വളരെയേറെ സാഹസപ്പെടുന്ന ഒരു വിചിത്ര ജീവിയാണ്, ഈ കഥാപാത്രം. ബുദ്ധിജീവി വംശത്തിന് അതിൻ്റെതായ ചില കൃത്രിമ ശീലങ്ങളും അഭിനയപദ്ധതികളുമുണ്ട്. തന്നെത്തന്നെ ഒരു വിചിത്രചമത്കാരമാക്കിത്തീർക്കാൻ ശ്രമിക്കുന്ന അത്തരത്തിലുള്ള ഒരു ബുദ്ധിജീവിക്ക് അസാധാരണത്വങ്ങളില്ലാത്ത ഒരു സാധാരണ മനുഷ്യൻ എങ്ങനെയാണ് ജീവിതം അനുഭവിക്കുന്നത് എന്ന് അറിയുവാൻ കഴിയുകയില്ല. ഇ.എം.എസ്സ് ഒരു വിശേഷാൽ ബുദ്ധിയല്ലായിരുന്നു. ഒരു സാധാരണ മനുഷ്യൻ്റെ ചമൽക്കാരരഹിതമായ ജീവിതമായിരുന്നു അദ്ദേഹം. “
3.’’ഇ. എം.എസ്സും പാർട്ടിയും മലയാളിക്ക് എന്താണെന്ന്, പാർട്ടിയ്ക്കുണ്ടാവുന്ന വീഴ്ചകൾ മലയാളിയെ എങ്ങനെ ബാധിക്കുന്നുവെന്ന് അരുന്ധതിക്ക് മനസ്സിലാ വില്ല. അമ്മുവിന് അവളുടെ ജനനേന്ദ്രിയത്തിന് അപ്പുറം ഒരു ലോകമുള്ളതായി അറിയില്ല. അവളുടെ ജനനേന്ദ്രിയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് ലോകം ഉണ്ടായിരിക്കുന്നത് എന്ന് അവൾ കരുതുന്നു. വെളുത്ത എന്ന ദളിതൻ്റെ ചരിത്ര ധർമ്മം അവളുടെ ജനനേന്ദ്രിയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കുക എന്നതാണ്. നോവലിൻ്റെ അന്ത്യഖണ്ഡങ്ങളിൽ പൂർവ്വസ്മൃതിയുടെ രൂപത്തിൽ വെളുത്ത അമ്മുവിന്റെ ആഗ്രഹങ്ങൾ വളരെ വിശദമായി തന്നെ പരിഹരിച്ചു കൊടുക്കുന്നു. വെളുത്ത എന്ന വിശിഷ്ട മൃഗത്തിൻ്റെ ശരീരത്തിന്റെ ഭാഷ അരുന്ധതിക്കു മനസ്സിലാവുന്നു. എന്നാൽ വൃദ്ധ നായ ഇ.എം.എസ്സിൻ്റെ രാഷ്ട്രീയത്തിൻ്റെ ഭാഷ അരുന്ധതിക്ക് തീരെ മനസ്സിലാവുന്നില്ല. ഇതു ഭാവുകത്വത്തിന്റെ പ്രശ്നമാണ്. സ്ത്രീ എന്നു വച്ചാൽ ജനനേന്ദ്രിയം എന്നാണ് അതിന്റെ അർത്ഥം എന്നത് ഭീകരമായ ഒരു സ്ത്രീ വിരുദധകാഴ്ചപ്പാടാണ്. അവളുടെ ശരീരത്തിൻ്റെ ഓരോ അണുവും ലൈംഗിക മാണ് എന്നും, ലൈംഗികാവയവങ്ങളുടെ സംഘാതമാണ് അവൾ എന്നും കാണുന്നത് വളരെ വികൃതമായ സ്ത്രീവ്യാഖ്യാനമാണ്. അരുന്ധതിയുടെ മുഖ്യകഥാപാത്രമായ അമ്മുവിൻ്റെ ബോധവും അപബോധവും ഒരുപോലെ ഈ സ്ത്രീ വിരുദ്ധവും അപമാനവികവുമായ ആശയത്തെ പ്രചരിപ്പിക്കുന്നു. വളരെ വിശദമായ ഒരു രതിക്രീഡയാണ് സ്ത്രീ അവ ളുടെ ജീവിതത്തിൽ സാക്ഷാൽക്കരിക്കേണ്ടുന്ന മുഖ്യകാര്യമെന്നും, സ്ത്രീ ലൈംഗികമായി അസംതൃപ്തമാണെന്നുമൊക്കെ അരുന്ധതി സൂചിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് അസംതൃപ്തി ഉണ്ട് എന്നു തുറന്നു പറഞ്ഞാൽ ലോകം ഞെട്ടി വിറയ്ക്കുമെന്ന് കരുതിയ എഴുത്തുകാരികളുണ്ട്. ലൈംഗികമായ അസംതൃപ്തി സ്ത്രീയുടേതായാലും പുരുഷൻ്റേതാ യാലും ഒരു വാർത്തയല്ല. അത് വളരെ പഴയ കാര്യമാണ്. ലൈംഗിക കൂട്ടായ്മയുടെ (promiscinity) ജീവിതാവസ്ഥയെ നിഷേധിച്ച കാലം മുതൽ, ലൈംഗികമായ ഐഡന്റിറ്റിയും, ലൈംഗികമായ ഇൻ്റഗ്രിറ്റിയും രൂപപ്പെടുത്തി, അതിലൂടെ വ്യക്തി കല്പനക്ക് അടിത്തറയിട്ടകാലം മുതൽ, ലൈംഗികമായ അസംതൃപ്തി സ്ത്രീയും പുരുഷനും ഒരുപോലെ അനു ഭവിക്കുന്നു. മറ്റു പല അസംതൃപ്തികളുടെ കൂട്ടത്തിൽ അപ്രധാനമല്ലാത്ത ഒന്നാണ് ലൈംഗിക അസംതൃപ്തി എങ്കിലും, അതു മാത്രമാണ് മനുഷ്യൻ്റെ ഏക അസംതൃപ്തി എന്നു കരുതുന്നതു ശരിയല്ല. അസംതൃപ്തി മനുഷ്യസഹജമാണ്. അസംതൃപ്തിയുടെതായ ഒരു ഖണ്ഡം, ഇനിയും പൂരിപ്പിക്കേണ്ടതായ ശൂന്യതയുടെ ഖണ്ഡം ജീവിതത്തിലുണ്ട്, എന്നു തോന്നുന്നതുകൊണ്ടാണ് മനുഷ്യൻ ചരിത്രത്തിൽ നിലനില്ക്കുന്നതും മുന്നേറുന്നതും. പരിപൂർണ്ണമായ സംതൃപ്തി എന്നത് മരണമാണ്. “
പത്ത് കവിതകൾ രണ്ടാം ലക്കത്തിൽ ഉണ്ട്.
തുണിയുടെ ചുവന്ന അർത്ഥങ്ങൾ (എലിസാ മിറിയം ബെൻ),പകൽ (ധനിക് ലാൽ വി.), സാമൂഹ്യപാഠം (വിമൽപ്രസാദ്), തിരുത്തൽ മാർഗ്ഗം (ധീരപാലൻ ചാളിപ്പാട്ട്), ഒറ്റച്ചിറകി (പി. ഹരികുമാർ), തപ്പുക്കുടുക്കയിലെന്തുണ്ട്? (കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ), നോക്കുകുത്തി (നിക്സൺ പി.ഗോപാൽ ), ദേശാടനം (രോഷ്നി സ്വപ്ന), തൃക്കാക്കര മുതൽ കൊച്ചി വരെ (എം.എം. സചീന്ദ്രൻ), ആത്മപുരാണം (വാക്കനാട് രാജീവൻ) എന്നിവയാണ് അവ
”ഒരു മരണം
പൊട്ടി വിടരും മുമ്പ്
എൻ്റെ കവിത
കൺമിഴിച്ചുണരും
നീരൊഴുക്കിൽ പെട്ട്
നട്ടം തിരിയുകകയാണ്
വിരൽത്തുമ്പിലെ
സൂര്യന്മാർ
എനിക്ക്
മണൽക്കതിരുകൾ
ഊറി നിവരാത്ത
വെളിച്ചം കാണണം
ഒരു കാറ്റ്
ഒരു വിറ
ഒരു ചിത
നിമിഷത്തിൻ്റെ നശ്വരതയേക്കാൾ
ഓർമ്മയുടെ അനശ്വരത മാത്രം
മാറാപ്പിൽ
ഓരോ വാക്കും
മഞ്ഞിൽ പടരുകയാണ്.
തീക്ഷ്ണമായ കനൽചൂടിനാൽ
കത്തിയെരിയുകയാണ്
ദ്വന്ദ്വങ്ങളാണ് എല്ലാം
കളഞ്ഞു പോയ ഉണ്ണികൾ
തിരിച്ചു വന്നിട്ടേ
ചിത കത്തിക്കാവു
അത്ര മാത്രം.” (ദേശാടനം, റോഷ്നി സ്വപ്ന)




