
എഡിറ്റർ : എസ്. സുധീഷ്
കക്കയക്കാറ്റ് പറഞ്ഞകന്നത്

അയാളെത്തിരക്കി ഞങ്ങൾ കല്ലുപാറയിൽക്കയറിനോക്കി.
അവിടെയെങ്ങും ഒരു അവശേഷിപ്പും ഇല്ല,
പിന്നെ നേരെ ഒരക്കുഴിയിലും പരിസരത്തും നോക്കി,
ഇല്ലേയില്ല.
തിരികെ വരുമ്പോൾ കറുത്ത ഡാമിൻ്റെ ഓരത്തായൊരു
തുരുമ്പിച്ചൊരു വീടിൻ്റെ കോലായിൽ
അസ്ഥികൂടത്തൂണുകൾ കണ്ടു
അതിൻ്റെ തുറിച്ച ജനാലകളിലൂടെ കാലത്തിൻ്റെ മർമ്മരം കേട്ടു
ഒപ്പം അലർച്ചകളും
അധികാരത്തിന്റെയും അന്ധതയുടേയും അട്ടഹാസങ്ങൾ
കേട്ടു
കേട്ടുകൊണ്ടേയിരുന്നു
അവ, ഡാമിലൂടെ പാറിപ്പറന്ന്
ദൂരെ മാമരങ്ങളുടെ ചില്ലകളിലൂടെ
തേഞ്ഞു മാഞ്ഞ്, തേഞ്ഞു മാഞ്ഞ്
ശൂന്യതയ്ക്കൊപ്പം എങ്ങോട്ടോ പോയലിഞ്ഞു.
ആ നിലവിളികൾ,
വാപൊത്തിയ മട്ടിലെ ‘അമറലുകൾ’
അപ്പോഴേക്കും ഒരു നീല ജീപ്പ്,
എങ്ങോട്ടേക്കോ ആകാശത്തിലൂടെപ്പാഞ്ഞു പോയി.
അവിടെ – ഒരു കിളിപോലും ചിലച്ചിരുന്നില്ല.
കാറ്റും.
എല്ലാം മരവിച്ചിരുന്നു,
ഉരുക്കുപോലെ മൗനവും.
കാലവും, ഘടികാരവും.




