പഴം

Image Not Found

ഒന്ന്

ജ്ഞാന പഴത്തൈ പിഴിന്താൽ
വിശപ്പടക്കാമെന്നു സുന്ദരാംബാൾ പാടി
നാലാം കാലത്തിലെത്തുമ്പോൾ
മൂന്നാം കാലത്തിലെ അധ്യാപകൻ
കുഞ്ഞുശിഷ്യന്റെ പൊതിച്ചോറ്
കട്ടു തിന്നുവെന്നു കാരൂർ സാക്ഷ്യപ്പെടുത്തുന്നു.

ചോറ് കട്ടു തിന്നുന്നുവെന്നു ചൊല്ലി
ശ്രേഷ്ഠ മലയാളജ്ഞാനികൾ
വികസന വിരുദ്ധനായ
ഒരു വനവാസിയെ തല്ലിക്കൊല്ലുന്നു;

ഉച്ചക്കഞ്ഞിപ്പിച്ചക്കാശിനു
കടമെടുപ്പ് നടത്തുന്ന അധ്യാപകർ
ഭരണ കക്ഷി യൂണിയൻ
കൈവിട്ടതറിഞ്ഞു വിലപിക്കുമ്പോൾ

ക്ഷുഭിതനായ ഭരണതന്ത്ര പ്രജ്ഞാനി
ഉച്ചക്കഞ്ഞി പണം തടഞ്ഞു വച്ചു
ഉച്ചക്കഞ്ഞിപ്പുരകൾക്ക് തീവയ്ക്കാൻ
ഉത്തരവായിക്കൊണ്ട്, ക്ഷമാവിവശനായി
ഹെലികോപ്റ്റർ വരുന്നതും കാത്തു നിൽപ്പാണ് !

കുട്ടിക്കാലം മുതൽ
ഊരിപ്പിടിച്ച വാളുകൾക്കു മദ്ധ്യേ മാത്രം
നടന്നു ശീലിച്ച ഭരണ കാര്യ ജ്ഞാനിയെ
വഴി നടത്തിയെടുക്കാൻ ഇരുന്നൂറു വാൾക്കാരും
അതുക്കും മേലെ അകമ്പടി ശകടങ്ങളും
പാഞ്ഞെത്തിയിട്ടും,
ഇനിയും ഹെലികോപ്റ്റർ മാത്രം എന്തെ വരാത്തൂ ?
എന്ന ദുഃഖ ചിന്തയിൽ
സമസ്ത വികസന മലയാളികളും
കണ്ണു നീര് വാർത്തു കാലം കഴിക്കുന്നു

രണ്ടു

ജ്ഞാനപ്പഴ ഭോക്താവും ശാസ്ത്രപ്രബോധന
നിഷ്കാമ കർമിയുമായ
നിയമ സഭാ ശാസ്താവ്
ശാസനാധികാരം
മന്ത്രിപദ മോക്ഷസ്ഥലി അപ്രാപ്യമായതിന്റെ
സാന്ത്വനമെന്ന തിനേക്കാൾ എത്രയോ
പ്രൗഢമെന്നറിഞ്ഞിട്ടും
പൊതുമരാമത്തു വകുപ്പിനെ കണ്ടതായി ഭാവിക്കുന്നതേയില്ല;

മുസ്‌ലിം ലീഗ് പ്രമാണിമാരെ നിലം പരിശാക്കുവാൻ
അല്ലാഹു നിയോഗിച്ച മലക്കുകൾ
നിഷ്ക്രിയരായ സ്ഥിതിക്ക്
സമസ്ത മുതൽ മദൂദികളെ വരെ
പ്രയോജനപ്പെടുത്തിയാലെന്തു എന്നുൽക്കണ്ഠപ്പെട്ടു
ഖിന്നനായി ജീവിതം തള്ളി നീക്കുന്ന ,ശാസ്ത്രജ്ഞൻ
ലാൽ സലാമും,  അസ്സലാമുംഅലൈക്കും തമ്മിലെന്ത്
എന്നതിനെപ്പറ്റി ഗവേഷണം നടത്തുന്ന
വെള്ളാപ്പള്ളി ശ്രീധരമേനോനെ ദർശിച്ചതും
വാഴക്കുല എന്ന കാർഷിക ദ്രവ്യം മിത്തും
അതൊഴികെ എന്തുമറിമായവും
ശാസ്ത്രവുമാണെന്നു സിദ്ധാന്തിക്കുകയുണ്ടായി !

അപ്പോൾ മേനോൻ അസലാമും സലാം
എന്ന് ചിത്ത ശാസ്ത്ര രഞ്ജനെ
അഭിവാദ്യം ചെയ്തു കൊണ്ട് ചോദിച്ചതെന്തെന്നാൽ:
പുലരിയിൽ പ്രാതലിനു മുൻപും പിൻപും
ഇത: പര്യന്ത ഭോജനങ്ങൾക്കു മുന്നാലെയും പിന്നാലെയും
താങ്കൾ ഉച്ചഭാഷിണികളിലൂടെ ദിക്കുകൾ എട്ടുംപൊട്ടെ
അല്ലാഹുവിനെ അഡ്രസ് ചെയ്യുമ്പോൾ
ഉപയോഗിക്കുന്ന ഭാഷശാസ്ത്രമോ മിത്തോ എന്നറിയാതെ
ശ്രാവ്യകലാ സ്നേഹികൾ വലിയ തോതിൽ
ഇതികർത്തവ്യതാമൂഢരായിത്തീരുന്നു!

അന്തർജ്ജനക്കുട്ടിയയെ അറബി പഠിപ്പിച്ച വിഖ്യാത
മതനിരപേക്ഷ പണ്ഡിതർ
അല്ലാഹുവിനെ മലയാളം പഠിപ്പിച്ചു,
നാൽക്കവലകളിലെഉച്ചഭാഷണ സംബോധന
മലയാളത്തിലാക്കുവാൻ എന്തെ ഇനിയും അമാന്തിക്കുന്നു ?
മലയാളം ഇപ്പോഴും ശ്രേഷ്ഠ ഭാഷ തന്നെയല്ലേ ?

മൂന്ന്

ചില നേരംകളിൽ ചില മനിതൻ
വിമൂഢ മൗനത്തിൽ
ദിന രാത്രികൾ തള്ളിനീക്കുന്നതെന്തു ?

ചോദ്യങ്ങളേതിനും ഉത്തരം
പയറഞ്ഞാഴി തന്നെയെന്നും
ഉത്തരം മുട്ടുമ്പോൾ
കൊഞ്ഞനം കുത്തുന്നതിനു പകരം
ഈ പട്ടിയെക്കുറിച്ചു നിനക്ക്
ഒരുചുക്കും അറിയില്ല എന്ന് പറഞ്ഞു
പാർട്ടിയും പട്ടിയും തമ്മിലുള്ള വ്യത്യയം
ചോർത്തിക്കളഞ്ഞ.
നാക്കു പിഴയാളിയായ
യാതൊരു അടിസ്ഥാന സാമ്പത്തിക വാദിക്കും
ജ്ഞാനസമ്പദ് വ്യവസ്ഥയിൽനിന്ന്
ഒരു തേങ്ങയും ലഭിക്കുകയില്ല;

ജ്ഞാനത്തിൽനിന്നു കോടികൾ വിരിയിക്കുന്ന
കമ്പനി ഉടമ്പടികൾക്കുമകലെ,അദ്വൈതത്തിൽ,
അവൻ പട്ടിണികിടന്നു മരിക്കും !

നമുക്ക് ഈ വിശാല ഭാരതത്തിൽ
ഭരണം സാധ്യമാവുന്ന ഏതുകോണിലും
വർഗ്ഗങ്ങൾക്കു പൊടുന്നനെ
വംശ നാശം സംഭവിക്കുകയും

മനുഷ്യരാകെ വികസന വാദികൾ
വികസന വിരുദ്ധർ എന്നിങ്ങനെ
രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുന്നു.
ചോദ്യം എന്ന വിധ്വംസക വൃത്തിയിലേർപ്പെടുന്നവൻ
പാർട്ടിക്ക് പുറത്തു!
വിമർശനം എന്ന അസംബന്ധ ഭാഷാ ക്രീഡയൊഴികെ
മറ്റെന്തുമാവാം!

സ്വയം വിമർശനത്തിന് നാം
ന്യായീകരണത്തൊഴിലുറപ്പു പദ്ധതി
എന്ന് പുനർ നാമകരണം ചെയ്തിരിക്കുന്നു
സംഭവിച്ചതെല്ലാം നല്ലതിന്
സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന്
പ്രവാചകർ ഇരുവർ മാത്രമല്ല
ഭഗവാൻ ശ്രീകൃഷ്ണനും
പറഞ്ഞു വച്ചിട്ടുണ്ട്.

ചില നേരങ്ങളിൽ ചിലർ മൗനികളാകുന്നത്
നിസ്സഹായത നിമിത്തമാവുന്നു
വായ പിളർന്നു ശബ്ദം പുറത്തേക്കുവീണാൽ
ഈ.ഡി. പോലും സഹിക്കില്ല!

മൗനത്തിൽ സംഭൃതമായിരിക്കുന്ന
മോഷണ ദ്രവ്യത്തെ
ഉടലോടെ പിഴുതെടുത്തു
ഇരുമ്പഴികൾക്കുള്ളിലാക്കും !

സിബി ഐ യുടെ മുപ്പത്തഞ്ചു
വെട്ടേറ്റു വേട്ടയാടപ്പെടുന്ന
തിരുശരീരം മൂന്നാം നാൾ
പുനർജ്ജനിച്ചാലും ഇനി
ഈ കഷ്ടതകൾ മറന്നു മനസ്സറിഞ്ഞു
അർമ്മാദിക്കുക ദുഷ്കരമാണ്;

സദസ്യരെ !

സഖാക്കളെ എന്ന സംബോധന
നിഷ്ക്കരുണം റദ്ദു ചെയ്തു കൊണ്ട്
സീതാരാമൻ തടിയൂരി
യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു!

നാല്

ഉമ്മൻ ചാണ്ടിയിൽ നിന്നും
ചാണ്ടി ഉമ്മനിലേക്കും
ചാണ്ടി ഉമ്മനിൽ നിന്നും
വീണ്ടും ഉമ്മൻചാണ്ടിയിലേക്കും
ഈ ഭൂഗോള മണ്ഡലം തിരിയുകയും
അതിവേഗം ബഹുദൂരം സഞ്ചരിച്ച ശേഷം
കെ റെയ്‌ലിനെക്കാൾ വേഗത്തിൽ

ജനസമ്പർക്ക പരിക്രമണ
ബദ്ധമാവുകയും ചെയ്യുന്നതാകയാൽ –
കാല-സ്ഥലങ്ങളെ
നിശ്ചലമാക്കുന്ന യാഥാസ്ഥികതയാണ് ഈ പാർട്ടി
എന്ന ജ്ഞാനം ഗ്രഹിച്ചു
സംജ്ഞാനാമ നിശ്ചലതയിൽ
ഭയഗ്രസ്തനായിക്കൊണ്ട് നാലപ്പാടൻ
അനന്തമജ്ഞാതമവർണ്ണനീയം എന്ന് പാടി!

രാഹുൽ ബ്രഹ്മചര്യ ദീക്ഷ കൈക്കൊണ്ടാൽ,
പ്രിയങ്കയുടെ കുട്ടികൾ
രാഷ്ട്രീയവിരക്തിയിൽ മുക്തി പ്രാപിച്ചാൽ,
ഒരു സംഘടിതപ്രതിപക്ഷം പോലും
നിശ്ശൂന്യതയിൽ നിപതിക്കുമോ എന്ന് ഭയന്ന്
മാംകൂട്ടത്തിലിരിക്കുന്ന മറ്റൊരു
രാഹുലനും വർക്കിയുംസങ്കടപ്പെടുന്നു!
എന്തിനയെ സ്വരാജ്യം ?
എന്ന് ഭഗവാൻ ഖാർഗെയോട് ചോദിക്കുന്നു

യൂത്ത് കോൺഗ്രെസ്സിനുള്ളിലെ കാള പ്പോരുകൾക്കും
മുരളീധര രമേശന്മാരുടെ പോർവിളികൾക്കും
പകരം വയ്ക്കാൻ പോന്ന ഒരു കലാരൂപവും
ഇന്നിതുവരെ മലയാണ്മ കണ്ടെത്തിയിട്ടില്ല എന്നിരിക്കെ

ഒരു ശിവൻകുട്ടിയുടെ നാഗനൃത്തം ഒന്നു കൊണ്ടുമാത്രം
ജനം സംപ്രീതരാവുമോ ?

അതെ സമയം
ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന
ഇടതുപക്ഷ കക്ഷിയുടെ ആചാര്യൻ
മണിപ്രവാള കൃതികൾക്ക് പേരു കേട്ട
കിം ഉൽ സങ്ങിനെവായിക്കുകയാകുന്നു;
പൊടുന്നനെ ഏഷ്യാറ്റിക് സമൂഹത്തിന്റെ
ഭാവികാലത്തെക്കുറിച്ചു മാർക്സ് എഴുതിയ ഖണ്ഡം
ആചാര്യന്റെ ബുദ്ധിയിൽ ചെന്നലച്ചു:

ആത്മഹത്യചെയ്യുന്നതിനു ക്ലിഫ് ഹൗസ് തൊഴുത്തിലിലെ
ഗോ മൂത്രമോ രാഹുലിന്റെ വാലോ മതിയാവും

എന്നാൽ രാജകുല പിന്തുടർച്ചയ്ക്കു
എക്സലോജിക്കോ പ്രസാദിയോവോ എന്നല്ല
കർത്താവിന്റെ കണക്കു പുസ്തകത്തിലെ
മൃദുകൃതിക സംഗതി അഥവാ സോഫ്റ്റ്‌വെയർ
തന്നെയും വേണമെന്നില്ല;

മകനെയും മകളെയും പിന്തള്ളിക്കൊണ്ടു
മരുമകസ്ഥാനിയും എന്നാൽ അനന്തരവനുമായ
മാർത്താണ്ഡൻ ദേശങ്ങൾ വെട്ടിപ്പിടിച്ചതും
മരുമക്കത്തായം സുസ്ഥാപനം ചെയ്തതുമായ
നിയമാവലി പ്രകാരം തന്നെയാണ് നാം സഞ്ചരിക്കുന്നത്;

ആയതിനാൽ ഏകീകൃത സിവിൽ കോഡ്
എന്നതിനേക്കാളേറെ ഏകീകൃത ക്രിമിനൽ കോഡ്
തന്നെയും ധർമടം മാർത്താണ്ഡനു പഥ്യമല്ല!

ലോക സമസ്ത വികസിനോ ഭവന്തു
എന്ന അശരീരിയുടെ ആരവം ശ്രവിച്ചു
പ്പോൾ ആകാശം കുടുങ്ങുന്നു!

പുതു വേദം ശ്രവിക്കുന്ന ചണ്ഡാലന്റെ കാതിൽ
ഒഴിക്കാനുള്ള ഈയവും
വേദം ഉച്ചരിക്കുന്ന ചണ്ഡാലന്റെ
നാവു അരിയുന്നതിനുള്ള ഖഡ്ഗവും
തയാർ ചെയ്യുന്ന തിരക്കിൽ

സനാതനികൾ ആവേശചിത്തരാവുകയും
എന്നാൽ നിയമ സഭാശാസ്താവ് മാത്രം
ക്ലേശ പീഡിതനായി ഭവിക്കുകയും ചെയ്യുന്നു!

Leave a Reply

Your email address will not be published. Required fields are marked *